ഇന്ത്യയിലെ അവസാനത്തെ മൂന്ന് ചീറ്റകൾ 1947 ലാണ് കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ഇന്ത്യൻ ഉപഭൂഗണ്ഡത്തിലെ അവസാന ചീറ്റയെ 1997ൽ പാക്കിസ്ഥാനിലെ ബലോചിസ്ഥാൻ പ്രൊവിൻസിലാണ് കണ്ടത് എന്നാണ് The end of a trail: The cheetah in India എന്ന പുസ്തകത്തിന്റെ രചയിതാവായ ദിവ്യഭനുസിംഗ് പറയുന്നത്. കൂടാതെ 1918 മുതൽ 1945 വരെയുള്ള കാലങ്ങളിൽ ഏതാണ്ട് ഇരുന്നൂറോളം ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലെ ചില രാജകുടുബങ്ങൾ ഇറക്കുമതിയും ചെയ്തിരുന്നു.

ഇന്ത്യയിലെ അവസാന മൂന്ന് ചീറ്റകളെ ഇന്നത്തെ ഛത്തീസ്ഗഡിൽ 1947ൽ മഹാരാജ രാമാനുജ് പ്രതാപ് സിങ് (Maharaja Ramanuj Pratap Singh Deo ) ഒരു നൈറ്റ് ഡ്രൈവിലാണ് കണ്ടത്. അദ്ദേഹം മൂന്നിനെയും വെടിവെച്ചിട്ടു. എന്നാൽ 1958 കാലത്ത് വരെയും താൻ കാട്ടിൽ ചീറ്റകളെ കണ്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൻ അവകാശപ്പെട്ടിട്ടുണ്ട്.
ഒരുകാലത്ത് തെക്കേ ഇന്ത്യയിൽ തമിഴ്നാട്ടിലെ തിരുനെൽവേലി വരെയും ചീറ്റകൾ ഉണ്ടായിരുന്നു. തെക്കേ ഇന്ത്യയിൽ മൈസൂരിലായിരുന്നു കൂടുതലും ചീറ്റകൾ ഉണ്ടായിരുന്നത്. മൈസൂരിലെ ഡെപ്യൂട്ടി കൺസർവേറ്റർ ആയിരുന്ന C. F. M. Russell ഇന്നത്തെ ബന്ദിപ്പൂർ നാഷണൽ പാർക്കിൽ, വയനാടിനോട് തൊട്ട് ചേർന്ന് കിടക്കുന്ന ഏതോ ഒരു സ്ഥലത്ത് വെച്ച് 1882 ഓഗസ്റ്റിൽ ഒരു ചീറ്റയെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ അഞ്ച് ചീറ്റകൾ ഉണ്ടായിരുന്നുവെന്നാണ് ജേർണൽ ഓഫ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ 38 ആം വാല്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് ശേഷം മൈസൂരിലും പരിസരങ്ങളിലും ചീറ്റകളെ കണ്ടതായി ഒഫീഷ്യൽ റെക്കോർഡുകളിൽ കാണപ്പെടുന്നില്ല. എന്നാൽ ആന്ധ്രപ്രദേശിലെ ചന്ദ്രഗിരിയിൽ 1952ൽ ചീറ്റയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ചീറ്റയെ വേട്ടപ്പുലി അഥവാ Hunting Leopard എന്നാണ് അക്കാലങ്ങളിൽ വിളിച്ചിരുന്നത്.
REFERENCE | 386 JOURNAL, BOMBAY NATURAL HIST. SOCIETY, Vol. XXXViii
Have any thoughts?
Share your reaction or leave a quick response — we’d love to hear what you think!