1930 കളിലെ ആഫ്രിക്ക ഒന്ന് സങ്കല്പ്പിച്ചു നോക്കൂ! തികച്ചും അപരിചിതവും, ദുരൂഹവുമായ സ്ഥലങ്ങൾ …. അതിർത്തികളില്ലാത്ത രാജ്യങ്ങൾ ….. ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത ജനവർഗ്ഗങ്ങൾ, അനന്തമായി നീളുന്ന പാതകൾ … വഴികളിൽ മാംസഭോജികളായ മൃഗങ്ങളും, പരസ്പരം പോരാടുന്ന ഗോത്രവർഗ്ഗങ്ങളും, ഫ്രഞ്ച്, ബ്രിട്ടീഷ്, ഇറ്റാലിയൻ അധിനിവേശങ്ങളും യുദ്ധങ്ങളും ….. ഒരു സഞ്ചാരിക്ക് ഒരിക്കലും സങ്കല്പിക്കാൻപോലും പറ്റാത്ത യാത്ര! പക്ഷെ കഷിമിയേഴ്സ് നൊവാക്ക് (Kazimierz Nowak) എന്ന പോളിഷ് ഫോട്ടോ ജേർണലിസ്റ്റ് ഈ കാലയളവിൽ അന്ന് ശരിക്കും ഇരുണ്ട ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയുടെ വിരിമാറിലൂടെ വടക്കേഅറ്റം മുതൽ തെക്കേഅറ്റം വരെ ഒറ്റയ്ക്ക് യാത്ര ചെയ്തു! ഒരു തവണയല്ല , രണ്ടു പ്രാവിശ്യം! ബോട്ടിലും സൈക്കിളിലും, വഞ്ചിയിലും, കുതിരപ്പുറത്തും, കാൽനടയായും നോവാക്ക് സഞ്ചരിച്ചു തീർത്തത് ഏതാണ്ട് നാൽപ്പതിനായിരം കിലോമീറ്ററുകൾ! ഇതിനിടക്ക് അദ്ദേഹം എടുത്ത ഫോട്ടോകളുടെ എണ്ണം ഏകദേശം പതിനായിരം! സൈക്കിൾ സഞ്ചാരികളുടെ കാരണവരായ നൊവാക് എന്ന അത്ഭുതത്തെ നമ്മൊക്കൊന്നു പരിചയപ്പെടാം .
1897 ൽ പോളണ്ടിലെ സ്ത്രേയ് (Stryj) എന്ന ചെറുഗ്രാമത്തിലാണ് നൊവാക്ക് ജനിച്ചത്. തന്റെ ഗ്രാമത്തിലെ കുന്നുകളും, പുഴകളും ഏറെനേരം നോക്കിനിന്ന് ആസ്വദിക്കുമായിരുന്ന കൊച്ചുനൊവാക് പതിനഞ്ചാമത്തെ വയസിൽ റോമിലേക്ക് ഒരു യാത്ര നടത്തി. തന്റെയുള്ളിൽ ഒരു സഞ്ചാരി വീർപ്പുമുട്ടി കഴിയുന്നുണ്ട് എന്ന സത്യം ആ യാത്രയിലാണ് നോവാക്കിന് മനസിലായത്. പിന്നീട് യുവാവായ നോവാക്കിന് ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടി. അതൊരു തരമാക്കിയ അദ്ദേഹം അക്കാലയളവിൽ ഒരു സൈക്കിളിൽ പോളണ്ട് മുഴുവനും സഞ്ചരിച്ചു. പിന്നീട് 1922 ൽ വിവാഹിതനായ അദ്ദേഹത്തിന് രണ്ടു കുട്ടികളും ജനിച്ചു. ജീവിതബുദ്ധിമുട്ടുകൾ കൂടിവരുന്നതിനനുസരിച്ചു നൊവാക് ഓഫീസിൽ കൂടുതൽ സമയം ജോലിനോക്കി തുടങ്ങി. മിച്ചംവെയ്ക്കുന്ന കാശുകൊണ്ട് യാത്രക്കുള്ള ചിലവുകൾ കണ്ടെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ അതുകൊണ്ടു കാര്യങ്ങൾ നടക്കില്ല എന്ന് താമസിയാതെ തന്നെ നോവാക്കിനു ബോധ്യപ്പെട്ടു. അപ്പോഴാണ് ഒരു സുഹൃത്ത് പുതിയായ ഒരു വഴി പറഞ്ഞുകൊടുത്തത്. യാത്രകൾക്കിടയിൽ ഫോട്ടോകൾ എടുക്കുക, കൂട്ടത്തിൽ അൽപ്പം വിവരണങ്ങളും. അത് പ്രമുഖപത്രങ്ങൾക്ക് അയച്ചു കൊടുക്കുക, അവർ പ്രതിഫലം നൽകും. നൊവാക് യാത്രയിലാണെകിൽ പോലും കാശ് വീട്ടിൽ എത്തിക്കൊള്ളും. ആ ഐഡിയ നോവാക്കിന് നന്നേ ബോധിച്ചു .
അങ്ങനെ ജോലി ഉപേക്ഷിച്ച അദ്ദേഹം 1925 ൽ ഒരു യൂറോപ്യൻ പര്യടനത്തിനായി ഇറങ്ങി. ഹംഗറി, ഓസ്ട്രിയ, ഇറ്റലി, ബെൽജിയം, നെതർലൻഡ്, റൊമാനിയ, ഗ്രീസ്, ടർക്കി തുടങ്ങിയ രാജ്യങ്ങൾ ആ യാത്രയിൽ നൊവാക് സന്ദർശിച്ചു. ഭൂരിഭാഗവും സൈക്കിളിൽ തന്നെയായിരുന്നു യാത്ര. പിന്നീട് ലിബിയ ആയിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. പക്ഷെ പെട്ടന്നുണ്ടായ യുദ്ധവും, മോശമായ ആരോഗ്യസ്ഥിതിയും കാരണം ആ യാത്ര മുഴുമിപ്പിക്കാതെ നൊവാക് തിരികെയെത്തി. എന്നാൽ ആഫ്രിക്കൻ സഫാരി എന്ന തീപ്പൊരി മനസ്സിൽ പടരാൻ ആ യാത്ര കാരണമായി എന്നുതന്നെ പറയാം.
പിന്നീട് ഫ്രാൻസിലേക്ക് ഒരു യാത്ര പോയെങ്കിലും ആഫ്രിക്കയായിരുന്നു മനസ് നിറയെ. അതിനായി ഇരുണ്ട ഭൂഖണ്ഡത്തെ കുറിച്ച് അന്ന് ലഭ്യമായിരുന്ന സകല രേഖകളും പുസ്തകങ്ങളും യാത്രാവിവരണങ്ങളും തേടിപിടിച്ചു വായിച്ചു. അങ്ങിനെ 1931 നവംബർ നാലിന് നൊവാക് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ നീണ്ടയാത്രയ്ക്ക് തുടക്കം കുറിച്ചു. കുറച്ചു സ്വർണ്ണം (ഏത് രാജ്യത്തും ഇതിനു വില കിട്ടുമല്ലോ), ഒരു പേന, ഒരു ക്യാമറ (35 mm Contax camera, പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ ക്യാമെറ തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയത്), സൈക്കിൾ, പിന്നെ നോവാക്കിന്റെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ ഉറച്ച മനോധൈര്യം! ഇത്രയുമായിരുന്നു അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. ആദ്യം Poznan എന്ന സ്ഥലത്തേക്ക് ബസിലും പിന്നീട് റോമിലേക്ക് ട്രെയിനിലും ആയിരുന്നു യാത്ര. ശേഷം സൈക്കിളിൽ നേപ്പിൾസിൽ എത്തിച്ചേർന്നു. പിന്നീട് ബോട്ടിൽ മെഡിറ്ററേനിയൻ കടന്ന് ട്രിപ്പോളിയിൽ എത്തി. നവംബർ ഇരുപത്തിയാറിനാണ് ട്രിപ്പോളിയിൽ നിന്നും നൊവാക്ക് തന്റെ ഏഴു വർഷം പഴക്കമുള്ള സൈക്കിളിൽ ആഫ്രിക്കൻ യാത്ര ആരംഭിച്ചത്. വെള്ളക്കാർ മുൻപ് കണ്ടിട്ടില്ലാത്ത ചെറുഗ്രാമങ്ങളും, കുന്നിൻ ചെരിവുകളും, അരുവികളും, കാടുകളും, പുൽമേടുകളും കടന്നുള്ള ആ യാത്രയിൽ അനേകം ജനവർഗ്ഗങ്ങളെയും അദ്ദേഹം കണ്ടുമുട്ടി. അവരുമായെല്ലാം സൗഹൃദം സ്ഥാപിച്ച അദ്ദേഹം രാത്രിയിൽ മരക്കൊമ്പുകളിലും, ഗോത്രവർഗ്ഗക്കാരുടെ കൂടെ അവരുടെ കുടിലുകളിലും മറ്റുമായി അന്തിയുറങ്ങി. അവരുടെ നാടോടിക്കഥകളും, അനുഭവങ്ങളും ക്ഷമയോടെ കേട്ടിരുന്ന നോവാക്കിനെ ഏവർക്കും പെട്ടന്ന് തന്നെ ഇഷ്ടമാകുകയും ചെയ്തു. താനെടുത്ത ഫോട്ടോകളും കുറിപ്പുകളും വഴിയിൽ അപൂർവ്വമായി കണ്ടുമുട്ടാറുണ്ടായിരുന്ന മിഷനറിമാരുടെ കൈകളിലാണ് അദ്ദേഹം ഏൽപ്പിച്ചിരുന്നത്. അതെല്ലാം മുറയ്ക്ക് തന്നെ പോളണ്ടിലെയും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും പത്രങ്ങളിൽ എത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
വെള്ളപട്ടാളക്കാർ നിറഞ്ഞ സൈനിക ക്യാംപുകൾ നോവാക്കിനു തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല. അവരെ ഒഴിവാക്കി മിഷനറികളുടെ കൂടെയും, ഗോത്രവർഗ്ഗക്കാരുടെ കൂടെയുമാണ് അദ്ദേഹം കൂടുതലും താമസിച്ചത്. തദ്ദേശീയരുമായുള്ള ഭാഷാവിനിമയം നടത്താൻ മിഷനറിമാർ സഹായകമായിരുന്നു എന്നതായിരുന്നു പ്രധാന കാരണം. 1932 ലെ വിശുദ്ധവാരത്തിൽ ലിബിയയിലെ മുറാദ് (Maradah) മരുപ്പച്ചയിൽ എത്തിയ അദ്ദേഹത്തെ കണ്ട് അവിടെയുണ്ടായിരുന്ന ഇറ്റാലിയൻ അധികൃതർ മൂക്കത്തു വിരൽവെച്ചു. സൈക്കിളിൽ ഒറ്റയ്ക്ക് ഒരാൾ പോളണ്ടിൽ നിന്നും അവിടെ എത്തി എന്നത് അന്നും ഇന്നും അവിശ്വസനീയം തന്നെ ആയിരുന്നു. കൊളോണിയൽ ചിന്താഗതി വെച്ച് പുലർത്താതിരുന്ന നോവാക്കിന് വെള്ളക്കാരായ മറ്റു പര്യവേഷകരിൽ നിന്നും കാര്യമായ സഹായം ലഭിച്ചില്ല. എന്നാൽ പത്രങ്ങൾ ഫോട്ടോകൾക്കും വിവരണങ്ങൾക്കുമുള്ള പ്രതിഫലം കൃത്യമായി തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചിരുന്നു. കൂടാതെ ഇറ്റാലിയൻ പട്ടാളം വഴി സൈക്കിളിന് പുതിയ ടയറുകളും, സ്പെയർ പാർട്സുകളും അവർ എത്തിച്ചു കൊടുത്തു. വഴിവക്കിലെ ഏതെങ്കിലും ഒരു നാട്ടു ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങിയശേഷം പോകുന്ന വഴിയിലെ കവലകളിൽ കൂടിയ വിലയ്ക്ക് വിറ്റാണ് അദ്ദേഹം തന്റെ ചിലവ് കാശ് കണ്ടെത്തിയിരുന്നത്. വന്യമൃഗങ്ങൾ മനുഷ്യരെ അടക്കിവാണിരുന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ കൂടെയും, പുൽമേടുകളിലൂടെയും, പരന്ന മണൽ കാടുകളിലൂടെയും നടന്നും, സൈക്കിൾ ചവുട്ടിയും അദ്ദേഹം മുന്നോട്ടു തന്നെ നീങ്ങി. മലേറിയയും മറ്റു രോഗങ്ങളും വേട്ടയാടിയെങ്കിലും “മുന്നോട്ട് !” എന്ന മന്ത്രം ഉരുവിട്ട് ആ ഏകാന്ത യാത്രികൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു. നോവാകിന്റെ ഒരു കുറിപ്പ് കൂട്ടത്തിൽ വായിക്കുന്നത് ആ മനോനില മനസിലാക്കാൻ ഉപകരിക്കും …..
“A rag of road and away in front of me. Maybe the next letter will be more interesting, maybe I can even take a picture, as lion eats for breakfast or something like that. Yes, I am entering a country where every step of my life is dying, and yet, despite the difficult days of my coming, some mighty force is propelling me towards the distant Negro countries, I have no power to resist it”
അങ്ങനെ 1934 ഏപ്രിലിൽ അദ്ദേഹം ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ടൗണിൽ (Cape Agulhas) എത്തിച്ചേർന്നു! ഇത്രയും ദൂരം മാസങ്ങളെടുത്ത് സൈക്കിളിൽ നമ്മളാണ് ഈ യാത്ര നടത്തിയതെങ്കിൽ ഇനി എന്താണ് ചെയ്യാൻ പോകുന്നത് ? അടുത്ത തുറമുഖത്ത് നിന്നും ഒരു കപ്പൽ പിടിച്ച് വിജയശ്രീലാളിതനായി തിരികെ വീട്ടിലേക്ക് പോകും. പക്ഷെ നോവാക്കുണ്ടോ വിടുന്നു !!! അദ്ദേഹം സൈക്കിൾ വീണ്ടും എതിർ ദിശയിലേക്ക് തിരിച്ചു! ഇനി ആഫ്രിക്കയുടെ തെക്കേ അറ്റത്തു നിന്നും എതിർ ദിശയിൽ വടക്കോട്ട് ! പക്ഷെ മറ്റൊരു റൂട്ടിലൂടെയാണ് എന്ന്മാത്രം ! പക്ഷെ ഈ യാത്രയിൽ നോവാക്കിന്റെ സൈക്കിൾ തകർന്നു പൊളിഞ്ഞു. പിന്നീട് ഒരു കുതിരപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര. രണ്ടു കുതിരകളെയാണ് അദ്ദേഹം പിന്നീട് ഉപയോഗിച്ചത് (Rysia and Żbika). ഒന്നിനെ സവാരിക്കും, മറ്റേതിനെ സാധനങ്ങൾ ചുമക്കുന്നതിനും ഉപയോഗിച്ചു. പിന്നീട് നദിയിലൂടെ സഞ്ചരിക്കുവാൻ കുതിരകളെ വിറ്റശേഷം ഒരു നാടൻ വഞ്ചി വാങ്ങി. എന്നാൽ ആ വഞ്ചി മലവെള്ളപാച്ചിലിൽ ഒരു പാറയിൽ തട്ടി തകർന്നു. ശേഷം അനേകം മൈലുകളോളം കാൽനടയായി സഞ്ചരിച്ച് ലിയോപോൾഡ് വില്ലിൽ (Leopoldville) എത്തി. അവിടെ നിന്നും മറ്റൊരു സൈക്കിൾ സംഘടിപ്പിച്ച്, ഫിലിമുകളും ആവശ്യസാധനങ്ങളും വാങ്ങി വീണ്ടും യാത്ര തുടർന്നു. അങ്ങനെ സഹാറാ മരുഭൂമിയും താണ്ടി 1936 നവംബറിൽ തന്റെ അഞ്ചു വർഷത്തെ നാല്പതിനായിരം കിലോമീറ്റർ യാത്ര അവസാനിപ്പിച്ചു നൊവാക് താൻ യാത്ര തുടങ്ങിയിടത്തു തന്നെ തിരികെ എത്തി !
“All five years – a long time, but when I think about the past years, I think they were only a short dream. Dream about jungle, desert, freedom … and if not for the thousands of pictures I did in Africa, I might not even believe it was just a wonderful dream!”
തിരികെയെത്തിയ അദ്ദേഹം മീറ്റിങ്ങുകളിലും, യൂണിവേഴ്സിറ്റികളിലും മറ്റും തന്റെ യാത്രകളെ പറ്റിയുള്ള ക്ളാസുകൾ എടുത്തും ഫോട്ടോകൾ പ്രദർശിപ്പിച്ചും ആണ് ശിഷ്ടകാലം കഴിച്ചുകൂട്ടിയത്. പക്ഷെ കഠിനമായ നീണ്ട യാത്രകൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയിരുന്നു. അവസാനം 1937 ഒക്ടോബർ പതിമൂന്നിന് തന്റെ എല്ലാ യാത്രകളും കാഴ്ചകളും അവസാനിപ്പിച്ച് നൊവാക് കാലത്തിന്റെ തിരശീലക്ക് പിന്നിലേക്ക് വിടവാങ്ങി. ഏറെക്കാലം അധികമാരും അറിയാതെ കിടന്നിരുന്ന ഈ അതുല്യയാത്ര പുറംലോകത്തെ അറിയിച്ചത് വുക്കാസ് വിയേഴ്സ്ബിക്കിയാണ് (Łukasz Wierzbicki). നോവാക്കിന്റെ ഫോട്ടോകളും വിവരണങ്ങളും ശേഖരിച്ച് അദ്ദേഹം പുറത്തിറക്കിയ പുസ്തകം (Bicycle and walk across the Black Sea) ജനശ്രദ്ധ പിടിച്ചുപറ്റി. ഇന്ന് ലോകം മുഴുവനുമുള്ള സൈക്കിൾ യാത്രികരുടെ സ്വപ്‍നകഥാപാത്രമാണ് കഷിമിയേഴ്സ് നൊവാക്ക്.