കേണൽ എഡ്വേർഡ് ജെയിംസ് കോർബെറ്റ് (Colonel Edward James Corbett) എന്ന ജിം കോർബെറ്റ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “നാം സാധാരണ വേട്ടയ്ക്കായി ഉപയോഗിക്കുന്ന യാതൊരു രീതികളും സുന്ദർബൻ കാടുകളിൽ വിലപ്പോവില്ല. അഥവാ അത്തരം രീതികൾ പിന്തുടർന്നാണ് നാം സുന്ദർബനിലെ കടുവയെ പിന്തുടരുന്നെതെങ്കിൽ അതിനു കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും”.
അദ്ദേഹമങ്ങനെ പറയുവാൻ രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മറ്റ് വനങ്ങളിൽ നിന്നും സുന്ദർബൻ ചതുപ്പിനുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതകൾ. രണ്ട്, ഈ പ്രത്യേകതകൾ കൊണ്ട് തന്നെ സുന്ദർബൻ കാടുകളിലെ കടുവകൾക്കുണ്ടായ സ്വഭാവവ്യത്യാസങ്ങൾ. ഇത് രണ്ടും കൂടിച്ചേരുമ്പോൾ സുന്ദർബൻ ഏത് വേട്ടക്കാരനും വെല്ലുവിളിയായി മാറും.
ഗംഗയിലൂടെയും, ബ്രഹ്മപുത്രയിലൂടെയും ഭ്രാന്തുപിടിച്ചൊഴുകിവരുന്ന ജലം ബംഗാൾ ഉൾക്കടലിലെ സമുദ്രജലവുമായി കൂട്ടിയിടിക്കുന്ന സഥലമാണ് സുന്ദർബൻ. നൂറ്റാണ്ടുകളായി അനേകം ചുഴലിക്കാറ്റുകളെയും, ഭൂകമ്പങ്ങളെയും അതിജീവിച്ചാണ് സുന്ദർബനും അതിൽ വസിക്കുന്ന ജീവികളും, മനുഷ്യരും അവിടെ കഴിഞ്ഞുകൂടുന്നത്. അനേക ശതവർഷങ്ങളായി ഗംഗയും, ബ്രഹ്മപുത്രയും ഒഴുക്കിക്കൊണ്ട് വരുന്ന ചെളിയും മണ്ണും ,എക്കലും അടിഞ്ഞുകൂടിയാണ് പണ്ടെന്നോ സുന്ദർബൻ ഇന്നത്തെ രൂപത്തിൽ എത്തിച്ചേരുന്നത്. അനേകം ദ്വീപുകളും, കൈവഴികളും, നീർച്ചാലുകളും, ചതുപ്പുകളും ഉൾപ്പെടുന്ന ഈ കണ്ടൽവനത്തിൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് തന്നെ മനുഷ്യനും വന്ന് താമസമുറപ്പിച്ചിരുന്നു.
സുന്ദർബൻ കാടുകളിൽ നിന്നും വടക്ക് ഏതാണ്ട് നൂറ്റിയറുപത് കിലോമീറ്ററുകൾ മുകളിൽ വെച്ചാണ് ഗംഗയും, ബ്രഹ്മപുത്രയും കൂടിച്ചേരുന്നത്. മൺസൂൺ കാലമാകുമ്പോൾ, ആകാശവിതാനങ്ങൾ പേമാരിയായി പൊട്ടിയൊഴുകുമ്പോൾ ഈ നദികൾ നീരുവന്ന് വീർത്തതുപോലെ വലിപ്പം വെയ്ക്കും. മണ്ണും, ചെളിയും എക്കലും ഇളക്കികൊണ്ട് മദജലംപോലെ പൊട്ടിയൊഴുകുന്ന ഈ വെള്ളം സുന്ദർബനിൽ വെച്ച് കടൽജലവുമായി കൂട്ടയിടിക്കും. അതോടുകൂടി ഒഴുകുവാൻ മാർഗ്ഗമില്ലാതെ വട്ടം തിരിയുന്ന നദീജലം ഇരുവശങ്ങളിലേക്കും പല കൈവഴികളായി ഒഴുകിത്തുടങ്ങും. സുന്ദർബെനിലെ നൂറുകണക്കിന് ദ്വീപുകൾക്കിടയിലൂടെ ഈ ജലം തലങ്ങും വിലങ്ങും പായും. അങ്ങിനെ അനേകം കായലുകൾ അഥവാ ഖാൽസ് (khals) രൂപപ്പെടും. അത് പിന്നീട് അനേകം ചെറുകൈവഴികളായി പിരിയും. അവസാനം വീണ്ടും കറങ്ങിത്തിരിഞ്ഞു കടലിൽ തന്നെ അവസാനിക്കും. പുറകിൽ നദീജലത്തിന്റെ തള്ളിക്കയറ്റം. മുന്നിൽ കടലിന്റെ സമ്മർദം. ഇത് രണ്ടുകൂടെയാവുമ്പോൾ സുന്ദർബെനിലെ അരുവികൾക്ക് ഭ്രാന്ത് പിടിക്കും. അവസാനം അവർ കാണുന്ന വഴികളിലൂടെ തോന്നുംപടി ഒഴുകിത്തുടങ്ങും. അതുകൊണ്ട് തന്നെ ഇവിടെയുള്ള അനേകം ഖാലുകളിലെ ഒഴുക്കിന്റെ ദിശ പലതായിരിക്കും. ഒരു ദ്വീപിന്റെ ഒരു വശത്തുള്ള ഒഴുക്കിന്റെ നേർ വിപരീദമായിരിക്കും അതിന്റെ മറുവശത്തുണ്ടാവുക. ആദ്യമായി സുന്ദർബെനിൽ പെട്ടുപോകുന്ന ഒരാൾക്ക് ഒരു പക്ഷെ ഇതെല്ലാം കണ്ട് മതിഭ്രമം ഉണ്ടായേക്കാം.
സുന്ദർബനിലെ ചെറുതും വലുതുമായ നൂറുകണക്കിന് ഖാലുകളുടെ ഇടയിലുള്ള അനേകം ദ്വീപുകളിലാണ് തന്റെ ഇരകളോടൊപ്പം റോയൽ ബംഗാൾ കടുവകൾ ജീവിക്കുന്നത്. എങ്ങും ചതുപ്പും, വെള്ളവും, ദ്വീപുകളും മാത്രം. ഇത്തരമൊരു നരകഭൂമിയിൽ കടുവയുടെ മുന്നിൽ പെട്ടാലുള്ള അവസ്ഥ എന്താവും? കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളായി മനുഷ്യർ വിറകിനും, തടിക്കും, തേനിനുമായി സുന്ദർബനിൽ കയറിയിറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ജീവിക്കുന്നവരുടെ പ്രധാന ശത്രു കടുവ തന്നെയാണ്.
കടലിനോട് ചേർന്ന് കിടക്കുന്നതിനാൽ സുന്ദർബനിൽ വേലിയേറ്റവും, വേലിയിറക്കവും, തിരയിളക്കങ്ങളും പതിവാണ്. ഓരോ ആറുമണിക്കൂറുകളിലും ഒഴുക്കിന്റെ ദിശ മാറിക്കൊണ്ടിരിക്കും. മണിക്കൂറിൽ 30 km വേഗത്തിലാണ് വെള്ളമൊഴുകുന്നത്. ചിലപ്പോൾ പത്തടി വള്ളം വരെയും വേലിയേറ്റ സമയത്ത് ഉയർന്നേക്കാം. സുന്ദർബനിലെ ജലത്തിന് ഓരോ സ്ഥലങ്ങളിലും ഓരോ രുചിയാണുള്ളത്. കടലിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഉപ്പുരസം ഉണ്ടാവും. കുറച്ചുകൂടി ഉള്ളിലേക്ക് കയറിയാൽ ഉപ്പ് കുറയും. വീണ്ടും ഉള്ളിലേക്ക് വടക്കോട്ട് കയറിയാൽ ഉപ്പ് തീരെയില്ലാതായി ശുദ്ധജലം രുചിക്കാനാവും.
1950കളുടെ സമയത്ത് വീടുകൾ നിർമ്മിക്കാനായി ഗോൾപെട്ട (Nypa fruticans) പനകൾ മുറിക്കുവാനായിട്ടാണ് ആളുകൾ സുന്ദർബെൻ ചതുപ്പിൽ എത്തിയിരുന്നത്. പനകൾ മുറിച്ചെടുത്ത് വലിയ വള്ളങ്ങളിലാക്കി വടക്കുള്ള ഖുൽന (Khulna) പട്ടണത്തിൽ കൊണ്ടെത്തിക്കും. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലങ്ങളിലാണ് സുന്ദർബൻ സജീവമാകുന്നത്. തേൻ ശേഖരിക്കുന്നവരും, മരംവെട്ടുകാരും, മീൻപിടുത്തക്കാരും തലങ്ങും വിലങ്ങും വള്ളങ്ങളിൽ സഞ്ചരിക്കുന്നുണ്ടാവും. തോണികളിൽ ഭക്ഷണവും ആവശ്യത്തിന് ശുദ്ധജലവും കരുതിയിട്ടുണ്ടാവും. രാത്രിയിൽ തീരം വിട്ട് അരുവിയുടെ മധ്യഭാഗത്ത് വള്ളം ചെളിയിൽ നാട്ടിയ മുളങ്കമ്പിൽ കെട്ടിയിട്ടിട്ടാണ് അവർ ഉറങ്ങുക. ഒരാൾ എപ്പോഴും ഉണർന്നിരിപ്പുണ്ടാവും. രാത്രിയിൽ ഏത് നേരത്താണ് കടുവ നീന്തിയടുക്കുന്നത് എന്ന് പറയാനാവില്ല.
അക്കാലത്ത് സുന്ദർബെനിലെ ഏത് കടുവയാണ് മനുഷ്യരെ ആക്രമിക്കുന്നതെന്നോ, ഏതാണ് നരഭോജിയായ മാറിയിട്ടുള്ളതെന്നോ ആർക്കും പ്രവചിക്കുവാൻ സാധ്യമല്ലായിരുന്നു. മറ്റ് കാടുകളിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന സുന്ദർബെനിലെ ഭക്ഷണത്തിന്റെ ലഭ്യതക്കുറവ് തന്നെയാവാം കടുവകളെ എളുപ്പത്തിൽ വേട്ടയാടിപ്പിടിക്കുവാൻ സാധിക്കുന്ന മനുഷ്യരിലേക്ക് തിരിയുവാൻ പ്രേരിപ്പിക്കുന്നത്. സുന്ദർബെനിൽ ഒരുപാടുള്ള പുള്ളിമാനുകളെക്കാൾ എളുപ്പത്തിൽ വേഗത കുറഞ്ഞ മനുഷ്യരെ പിടികൂടുവാൻ സാധിക്കും എന്ന് ഒരു കടുവ മനസിലാക്കി കഴിഞ്ഞാൽ നമ്മുക്ക് ഉറപ്പിക്കാം, അവൻ പിന്നെ മനുഷ്യമാസം മാത്രമേ കഴിക്കൂ.
“ധീരനും വിശാലഹൃദയനുമായ മാന്യൻ” എന്നാണ് ജിം കോർബെറ്റ് കടുവയെ വിശേഷിപ്പിക്കുന്നത്. എന്നാൽ സുന്ദർബെനിലെ കടുവകൾ വ്യത്യസ്തമാണ് എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്. ഇന്ത്യയിലും, പാകിസ്താനിലും, ബംഗ്ലാദേശിലും വേട്ട നടത്തിയിട്ടുള്ള തഹവാർ അലിഖാനും ഇതേ അഭിപ്രായക്കാരനാണ്. സുന്ദർബെനിലെ കടുവകൾ അത്ര മാന്യൻമാരല്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. “He is a gentleman gone wrong” എന്നാണ് ഖാൻ പറയുന്നത്. സാധാരണ പരിസ്ഥിതിയിൽ കടുവ കോർബെറ്റ് പറയുന്നതുപോലെ മാന്യൻ തന്നെയാണ്. എന്നാൽ സുന്ദർബനിലെ അസാധാരണമായ പരിസ്ഥിതിയും, സാഹചര്യവും കടുവയെ മാന്യനല്ലാതാക്കുന്നു എന്നതാണ് ശരി. അങ്ങ് വടക്കുള്ള സിൽഹെട്ടിലെ തേയില തോട്ടങ്ങൾക്കിടയിലുള്ള ഒരു സ്കൂളിലെ കുട്ടികൾക്കിടയിലൂടെ ശാന്തനായി നടന്നു പോയ ഒരു കടുവയെ ഖാൻ കണ്ടിട്ടുണ്ട്. നരഭോജിയല്ലാത്ത ഒരു കടുവയ്ക്ക് മനുഷ്യനെ ഭയമാണ് എന്നതാണ് സത്യം. എന്നാൽ ഒരിക്കൽ മനുഷ്യനെ ആക്രമിക്കേണ്ട അവസരം വന്നാൽ മനുഷ്യൻ വേഗതയും, ശക്തിയും കുറഞ്ഞ ഒരു ജീവിയാണെന്ന് കടുവ തിരിച്ചറിയുന്ന നിമിഷം അവൻ നരഭോജിയാവാനുള്ള സാധ്യത വളരെക്കൂടുതലാണ്. പ്രായം, പരിക്ക് ഇതെല്ലാം ഒരു കടുവ നരഭോജിയാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം ഓർക്കുക. നരഭോജി കടുവ എന്നത് അങ്ങേയറ്റം വിരളമായ ഒരു കാര്യമാണ്.
പക്ഷെ സുന്ദർബെനിലെ കടുവകളുടെ കാര്യത്തിൽ അങ്ങിനെയല്ല അല്ലെങ്കിൽ 1950 കാലങ്ങളിൽ അങ്ങിനെ അല്ലായിരുന്നു എന്നാണ് തഹ്വാർ അലി ഖാൻ പറയുന്നത്. അദ്ദേഹം സുന്ദർബനിൽ ചെല്ലുന്ന കാലങ്ങളിൽ ഒട്ടനവധി നരഭോജികൾ അവിടെ വിലസുന്നുണ്ടായിരുന്നു. ഏതാണ്ട് ആറു മാസങ്ങൾ സുന്ദർബൻ വിജനമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ആളുകൾ ഇവിടെ വനത്തിനുള്ളിൽ കയറുന്നത്. എന്നാൽ അക്കാലത്തുപോലും വളരെ കുറച്ചു ആളുകൾ മാത്രമാണ് ഉൾവനകളിൽ പോകുവാൻ ധൈര്യപ്പെടുക. വളരെ നല്ല നീന്തൽക്കാരാണ് സുന്ദർബൻകടുവകൾ. മനുഷ്യരില്ലാത്ത ആറ് മാസങ്ങളിൽ ഈ ചതുപ്പുകളിൽ ജീവിക്കുന്ന പുള്ളിമാനുകളെയും, മറ്റ് ചെറുജീവികളെയും മാത്രം തിന്നാണ് അവർ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സുന്ദർബൻ കടുവകൾക്ക് വലിപ്പവും കുറവാണ്. അങ്ങിനെ ചുരുങ്ങിയ സ്ഥലത്ത് കിട്ടുന്ന ഭക്ഷണം മാത്രം തിന്ന് ജീവിക്കുന്ന ഇവറ്റകളുടെ മുന്നിലേക്ക് എളുപ്പത്തിൽ പിടികൂടാൻ സാധിക്കുന്ന മനുഷ്യൻ കടന്നു ചെന്നാൽ പിന്നെ എന്താവും സംഭവിക്കുക?
ചുരുക്കത്തിൽ ആവശ്യത്തിലേറെ പുള്ളിമാനുകൾ ഇവിടെയുണ്ടെങ്കിൽ കടുവകൾ മനുഷ്യരെ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കാം എന്നാണ് അക്കാലത്തെ കിഴക്കൻ പാക്കിസ്ഥാനിലെ അല്ലെങ്കിൽ ഇന്നത്തെ ബംഗ്ലാദേശിലെ വനംവകുപ്പ് അന്ന് ചിന്തിച്ചിരുന്നത്. അതുകൊണ്ട് പുള്ളിമാനുകളെ വെടിവെയ്ക്കുവാൻ അന്ന് പ്രത്യേകം ലൈസൻസ് ആവശ്യമായിരുന്നു. എന്നാൽ ഒരു നരഭോജി കടുവയെ വെടിവെയ്ക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലായിരുന്നു. മാത്രവുമല്ല നരഭോജിയെ കൊല്ലുന്നവർക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പ്രത്യേകം അവാർഡും കൊടുത്തിരുന്നു.
Script From My own video series ” Sundarbans”.