World History

പറന്നു പറന്നു മടുത്തു!

ഓഷ്യാനോഗ്രാഫി എന്ന സമുദ്രവിജ്ഞാനശാസ്ത്രത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ചലഞ്ചർ പര്യവേഷണസംഘം 1873 ഒക്ടോബറിൽ അറ്റ്ലാൻറ്റിക്കിലെ ഏറ്റവും ഒറ്റപ്പെട്ടതും, വിജനവുമായ ഒരു ദ്വീപിൽ എത്തിച്ചേർന്നു. നക്_ക്ലാസ് (Nachtglas/Night glass) എന്ന് ഡച്ചുകാർ വിളിച്ചിരുന്ന ഒരു ദ്വീപായിരുന്നു അത്. ഡച്ചുകാരുൾപ്പടെ പലരും ആ ദ്വീപ് അകലെനിന്നും കണ്ടിരുന്നുവെങ്കിലും ദുർഘടമായ ഭൂപ്രകൃതികാരണം മിക്കസംഘങ്ങളും അവിടെ ഇറങ്ങിയിരുന്നില്ല. വീതികുറഞ്ഞ ബീച്ചുകളും ചെങ്കുത്തായ കുന്നുകളും, ഉള്ളിലുള്ള നിബിഡവനങ്ങളും കപ്പൽയാത്രികരെ ആ ദ്വീപിൽ നിന്നും അകറ്റിനിർത്തി. എന്നാൽ പ്രകൃതിയൊരുക്കിയ ഈ വൻമതിലിനുള്ളിൽ മനുഷ്യന് പിടിതരാതെ ഒരു ചെറുപക്ഷിവർഗ്ഗം ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയത് ചലഞ്ചർ സംഘമാണ്. ഇരുണ്ടനിറമുണ്ടായിരുന്ന, പറക്കാൻ കഴിവില്ലാത്ത അത്തരം ഒരു പക്ഷിയുടെ രൂപരേഖ അവർ തങ്ങളുടെ നോട്ടുകളിൽ കുറിച്ചിട്ടു. എന്നാൽ തൊട്ടടുത്തുള്ള ദ്വീപുകളിൽ വന്നുപോയിരുന്ന സീൽവേട്ടക്കാർക്ക് ഈ പപക്ഷികളെപ്പറ്റി നേരത്തെ തന്നെ അറിവുണ്ടായിരുന്നു. എങ്കിലും തീരംവഴി ചുറ്റിപോകുമെന്നല്ലാതെ അവരും ഈ ദ്വീപിൽ കാലുത്തിയിരുന്നില്ല. അൻപതുകൊല്ലങ്ങൾക്കു ശേഷമാണ് മറ്റൊരുകൂട്ടം ഗവേഷകർ ഇവിടെയെത്തി ഈ പക്ഷികളെ മുഖാമുഖം കണ്ടത്. എത്തിപ്പെടാനുള്ള പ്രയാസം കാരണം ആ ദ്വീപിന് അപ്പോഴൊരു പേര് വീണിരുന്നു …. ഇൻആക്സസിബിൾ ഐലൻഡ് (Inaccessible Island).

അതുവരെയും പുറംലോകത്തിന് പിടിതരാതെ ഇൻഅക്സസിബിൾ ദ്വീപിലെ ഇരുണ്ടവനങ്ങളിൽ കഴിഞ്ഞിരുന്ന പറക്കാപറവയെ നാം ഇന്ന് വിളിക്കുന്നത് ഇൻആക്സസിബിൾ ഐലൻഡ് റെയിൽ എന്നാണ്. ഇന്ന് ഭൂമിയിലെ ഏറ്റവും ചെറിയ പറക്കാപക്ഷിയാണ്‌ ഇത്. ഇവറ്റകൾ എങ്ങിനെ ഇവിടെ എത്തി? എങ്ങിനെ നിലനിന്നു? എന്തുകൊണ്ട് പറക്കുന്നില്ല? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചികഞ്ഞു നോക്കുന്നത് രസകരമാണ്. ഈ പക്ഷികൾ ഉൾപ്പെടുന്ന റാലിഡീ (Rallidae) കുടുംബത്തിൽ തന്നെയാണ് നമ്മുടെ പാടങ്ങളിൽ കതിരുകൾക്കിടയിലൂടെ ഓടിച്ചാടി നടക്കുന്ന ജലപക്ഷികളായ കുളക്കോഴി, പാട്ടക്കോഴി, നീലക്കോഴി, ചെങ്കോഴി തുടങ്ങിയവയൊക്കെ!! ഇവയെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും, പൊതുവെ ഇവർ പറക്കാൻ അത്ര പോര. നടന്ന് ഇരപിടിക്കുന്നതിലാണ് ശ്രദ്ധകൂടുതൽ. ഇരുട്ട് , ചതുപ്പ് ഇവയോടാണ് കൂടുതൽ ആഭിമുഖ്യം. അന്റാർട്ടിക്ക ഒഴികെയുള്ള സകല വൻകരകളിലും ഈ പക്ഷികളുടെ ബന്ധുക്കൾ ചിക്കിചികഞ്ഞു നടപ്പുണ്ട്.

റെയിലുകളുടെ മുൻഗാമികൾ (Aletornis nobilis) അൻപത്താറു മില്യൺ വർഷങ്ങൾക്ക് മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നതായി ഫോസിൽ റെക്കോർഡുകൾ സൂചിപ്പിക്കുന്നു. നിലത്ത് ചികഞ്ഞു നടക്കുവാനുള്ള താൽപര്യം കാരണം ഈ കുടുംബത്തിലെ എല്ലാവരുടെയും കൊക്ക് (Beak) കട്ടികൂടിയതും, അത്യാവശ്യം നീണ്ടതും ആയിരിക്കും. കൂടാതെ ആണും പെണ്ണും തമ്മിൽ പറയത്തക്ക രൂപവ്യത്യാസമൊന്നും ഉണ്ടാവുകയുമില്ല. ചിറകുകൾ ചെറുതും, കുറിയതും ആണ്. ഇവയുടെ ഫോസിലുകളെ പഴക്കം അനുസരിച്ച് അടുക്കിവെച്ചാൽ ഒരുകാര്യം മനസിലാകും, ഇവയുടെ സകല പൂർവികരും ആദ്യമൊക്കെ നീണ്ടയാത്ര നടത്തിയിരുന്നവരാണ്. ഇന്നും ദേശാന്തരഗമനം നടത്തുന്ന റെയിൽ വർഗ്ഗങ്ങളുണ്ടുതാനും (നമ്മുടെ നാട്ടിൽ അപൂർവ്വമായി വരുന്ന ചെറിയ നെല്ലിക്കോഴി, പുള്ളി നെല്ലിക്കോഴി എന്നിവ). എന്നാൽ മുൻപ് ഇവറ്റകളുടെ ശരീരഘടന ഇതിന് യോജിച്ചതായിരുന്നില്ല. അതിനാൽ തന്നെ ദൂരയാത്രകൾക്കിടയിൽ കൂട്ടം തെറ്റി പലസ്ഥലങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥ (Vagrancy) ഇവർക്കിടയിൽ ഉണ്ടായിരുന്നു. ഇതുതന്നെയാണ് ഭൂമിയിലെ വാസയോഗ്യമായ സകലവൻകരകളിലും ദ്വീപുകളിലും ഇവയുടെ കുടുംബാഗങ്ങൾ എത്തിചേരാൻ കാരണമെന്ന് അനുമാനിക്കപ്പെടുന്നു.

കൂട്ടംതെറ്റി ഒറ്റപ്പെട്ട ദ്വീപുകളിൽ എത്തിചേർന്നവയ്ക്ക് ഭക്ഷണത്തിനായി പിന്നീട് അവിടെ നിന്നും പറന്നു പോകേണ്ടി വന്നില്ല. മുൻപ് പറഞ്ഞ ഇൻഅക്സസിബിൾ ദ്വീപിലും, ഇവറ്റകളുടെ വർഗ്ഗങ്ങൾ കൂടുതലുള്ള ന്യൂസിലാൻഡ് പരിസരങ്ങളിലും ഇവർക്ക് ഭീഷണിയായി മറ്റൊരു ഇരപിടിയൻ ജീവിപോലും ഉണ്ടായിരുന്നുമില്ല. ചുരുക്കത്തിൽ ഒറ്റപ്പെട്ട ദ്വീപുകളിൽ എത്തിപ്പെട്ടവയ്ക്ക് അവിടെത്തന്നെ ശല്യമില്ലാതെ, പറക്കാതെ തന്നെ നൂറ്റാണ്ടുകളോളം കഴിഞ്ഞുകൂടാൻ സാധിച്ചു. ദ്വീപുകളിലെ പരിമിതസ്രോതസ്സുകളിൽ കഴിഞ്ഞുകൂടിയാൽ പറക്കലിനാവിശ്യമായ അധികഊർജ്ജം ലാഭിക്കുകയും ചെയ്യാമായിരുന്നു. ചരിത്രാതീതകാലത്തെ നൂറ്റമ്പതോളം റെയിൽ വർഗ്ഗങ്ങളിൽ അവസാനം കുറ്റിയറ്റുപോയവയിൽ കൂടുതലും പറക്കാൻ ശേഷിയില്ലാതിരുന്നവയായിരുന്നു! അവയൊക്കെ ജീവിച്ചിരുന്നതോ, പസിഫിക്കിലെയും അറ്റ്ലാന്റിക്കിലെയും വിജന-വിദൂര ദ്വീപുകളിലും. ചുരുക്കത്തിൽ, വൻകരകളിലെ വിശാലതയിൽ ജീവിച്ചവർ പറക്കൽ തുടരുകയും, ദ്വീപുനിവാസികൾ മടിയന്മാരായി മാറുകയും ചെയ്തു . ഒരുലക്ഷത്തി ഇരുപത്തയ്യായിരം വർഷങ്ങൾകൊണ്ടാണ് ഹവായിയൻ ദ്വീപായ ലെയ്സാനിലെ ലെയ്സാൻ റെയിലിന് (Laysan rail) പറക്കാനുള്ള കഴിവ് നഷ്ടമായത്. എങ്കിലും ഒരുമീറ്റർ വരെ ചാടുവാൻ ബാലൻസിങ്ങിനായി ഇവ ചിറകുകൾ ഉപയോഗിച്ചിരുന്നു. കാലക്രമേണ ദ്വീപിൽ മനുഷ്യരോടൊപ്പം എത്തിയ മുയലുകൾ ഇവറ്റകളുടെ വിഭവസ്രോതസുകൾ കയ്യടക്കിയതോട്കൂടി രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ഇവ നാമാവശേഷമായി. ഈ പക്ഷിയുടെ, 1923 ൽ എടുത്ത അവസാന വീഡിയോ യൂട്യൂബിൽ തിരഞ്ഞാൽ കാണുവാൻ സാധിക്കും. മൺമറിഞ്ഞുപോയ ഒരു സഹജീവിയുടെ വീഡിയോ നമ്മുക്കുണ്ടാക്കുന്ന വികാരം മറ്റൊന്നാണ്. പസഫിക്കിലെ Wake ദ്വീപിലുണ്ടായിരുന്ന മറ്റൊരു റെയിൽ വംശത്തെ, രണ്ടാം ലോകമഹായുദ്ധകാലത്ത് ദ്വീപിൽ കുടുങ്ങിപ്പോയ ജാപ്പനീസ് പട്ടാളം അപ്പാടെ തിന്നുതീർത്തുകളഞ്ഞു. നൂറ്റാണ്ടുകളോളം മറ്റ് ഭീഷണികളൊന്നുമില്ലാതെ കഴിഞ്ഞുകൂടിയിരുന്ന ഇവറ്റകൾ കുടിയേറ്റക്കാരുടെ (മനുഷ്യനും, മൃഗങ്ങളും) വരവോടെ പല ദ്വീപുകളിൽ നിന്നും പാടെ അപ്രത്യക്ഷമായി. മൗറീഷ്യസിൽ ഉണ്ടായിരുന്ന Leguatia gigantea എന്ന റെയിലിന് ഒന്നരമീറ്ററോളം ഉയരം ഉണ്ടായിരുന്നു. ഗുവാം ദ്വീപുകളിലെ റെയിലുകൾക്കു ഭീഷണിയായത് ബ്രൗൺ ട്രീ സ്നേയ്ക്ക് ദ്വീപിൽ എത്തിയതാണ്. ഇന്ന് മൃഗശാലയിൽ മാത്രമാണ് ഗുവാം റെയിലുകൾ ഉള്ളത് .

NB : ഇത് വായിക്കുമ്പോൾ ന്യായമായും ഉണ്ടാവുന്ന സംശയം, എന്തുകൊണ്ടാണ് മൗറീഷ്യസിലെ ടോഡോ പക്ഷികളെപ്പറ്റി പറയാതിരുന്നത് എന്നാവും. കാരണം ടോഡോ ഒരു റെയിൽ അല്ല, അവ നമ്മുടെ പ്രാവുകളുടെ ബന്ധുവാണ്! ഇനി ന്യൂസിലൻഡിലെ കിവി ആണ്. അവയും റെയിൽ വർഗ്ഗമല്ല.

Image : 1913 photograph of live specimen of Laysan rail by Alfred M. Bailey from Wikimedia Commons.