അരുണാചൽപ്രദേശിലെ ഏതൊക്കെ വഴികളിലൂടെ യാത്ര ചെയ്താലും 1962 ലെ ഇൻഡോ-ചൈന യുദ്ധത്തിന്റെ ശേഷിപ്പുകൾ പലരീതികളിൽ കാണുവാൻ സാധിക്കും. ഇക്കൂട്ടത്തിൽ തവാങ്ങിലേക്കുള്ള പ്രധാനറോഡിലുള്ള യുദ്ധസ്മാരകങ്ങൾ മാത്രമാണ് പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപെടാറുള്ളൂ. ഒരിക്കൽ വെസ്റ്റ് കമാങ്ങിലെ ഭൂട്ടാൻ അതിർത്തിയോട് ചേർന്നുള്ള ഉൾനാടൻ പാതയിലൂടെ യാത്രചെയ്യുമ്പോഴാണ് വീണ്ടും ഉള്ളിലേക്ക് നീളുന്ന ചെറിയൊരു മൺപാത ശ്രദ്ധയിൽപ്പെടുന്നത്. ഒട്ടനവധി ബുദ്ധിസ്റ്റ്മൊണാസ്ട്രികളും, മലനിരകളും, ഉൾനാടൻ ഗ്രാമങ്ങളും കണ്ടുവരുന്നവേളയിലാണ് ഒരു ബോർഡ് മുന്നിൽപെട്ടത്. ഉള്ളിലേക്ക് ചെന്നാൽ ഒരു യുദ്ധസമാരകം ഉണ്ടെന്നാണ് അതിൽ എഴുതിയിരിക്കുന്നത്. ബ്രിഗേഡിയർ ഹോഷിയാർ സിങ് രാഥിയുടെ പേരിലുള്ളതാണ്. ഈ പേര് അതുവരെയും കെട്ടുകേൾവിയില്ലാതിരുന്നതിനാൽ ഒന്ന്പോയി കാണാം എന്ന്തന്നെ ഞങ്ങൾ തീരുമാനിച്ചു. അനീസിന്റെ ഗുർഖാമോഡൽ ജീപ്പിൽ മിർഷാദും, സമദും, പിന്നെ ഫസലുമുണ്ട്. വെസ്റ്റ് കമെങ് ജില്ലയിലെ ദിരംഗ് സർക്കിളിലെ ഫുഡങ് ഗ്രാമത്തിനടുത്തായിരുന്നു (Phudung Village) ഞങ്ങളപ്പോൾ ഉണ്ടായിരുന്നത്. ദിരംഗിൽ നിന്നും 26km അകലയാണത്. 17 വീടുകളിലായി 70 ആളുകൾ മാത്രമുള്ള ഒരു കൊച്ചുഗ്രാമമാണ് ഫുഡങ്. നേരിട്ട് റോഡ് മാർഗം ഇങ്ങോട്ടേയ്ക്ക് ചെല്ലാനാവില്ല. അതുകൊണ്ട് തന്നെ അടുത്തുള്ള യുദ്ധസമാരകത്തിലേക്ക് ഒരു മണ്ണ്റോഡ് കണ്ടപ്പോൾ ഞങ്ങൾക്ക് ആവേശമായി. എന്നാൽ ആ മണ്ണുപാത ഒരു താഴ്_വരയിലേക്കാണ് ഇറങ്ങുന്നത് എന്ന് കണ്ടതോടെ ഇത് എവിടെചെന്നാണ് അവസാനിക്കുക എന്നൊരു ആശങ്ക ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു.
പക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വഴി ചെന്നവസാനിച്ചത് ചെറിയൊരു സൈനികക്യാമ്പിലായിരുന്നു. കുറച്ചുപേർ അവിടെയും ഇവിടെയുമായി നിൽപ്പുണ്ട്. മറ്റുചിലർ കസേരകളിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നു. ഞങ്ങൾക്കിതെല്ലാം കണ്ട് അത്ഭുതം തോന്നിയെങ്കിലും, അവർ ഞങ്ങളെ ശ്രദ്ധിക്കുന്നതായിപോലും തോന്നിയില്ല. വഴിയരികിലെ ബോർഡ് കണ്ടു വന്നതാണെന്ന് അവർക്ക് പിടികിട്ടിയിട്ടുണ്ടാവണം. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങിയതോടെ ഒരാൾ വന്നു പരിചയപ്പെടുകയും, ക്യാമ്പിന്റെ തൊട്ടരികിൽ തന്നെയുള്ള യുദ്ധസ്മാരകത്തിലേക്ക് ഞങ്ങളെ ആനയിക്കുകയും ചെയ്തു. 62ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട 33 സൈനികരുടെ ഓർമയാണ് ഇവിടെ തളംകെട്ടി നിൽക്കുന്നത്.
അന്ന് നടന്നത് ഇതാണ്. ഇൻഡോ-ചൈന യുദ്ധത്തിൽ 62 ഇൻഫൻട്രി ബ്രിഗേഡിന്റെ കമാൻഡർ ആയിരുന്നു ബ്രിഗേഡിയർ ഹോഷിയാർ സിങ് രാഥി. ഈ ബ്രിഗേഡാണ് സെല പാസിനടുത്ത് കാവൽ ഉണ്ടായിരുന്നത്. മൂന്ന് ദിവസങ്ങളോളം ഇവർക്ക് ചൈനീസ് മുന്നേറ്റം തടയുവാൻ സാധിച്ചെങ്കിലും, അവസാനം തങ്ങളുടെ പൊസിഷൻസ് ഉപേക്ഷിക്കുവാൻതന്നെ ഇവർക്ക് മുകളിൽ നിന്നും ഉത്തരവ് ലഭിച്ചു. ഞങ്ങൾ ഇപ്പോൾ വന്ന വഴിയിലൂടെയാണ് ഹോഷിയാർ സിങ് രാഥിയും സൈനികരും തെക്കോട്ട് നീങ്ങിയത്. എന്നാൽ 1961 നവംബർ 27ന് ഇവിടെ വെച്ച് അവർ ചൈനീസ് സേനയുടെ മുന്നിൽ അകപ്പെട്ടു. കീഴടങ്ങുവാനുള്ള ആഹ്വാനം തള്ളികളഞ്ഞുകൊണ്ട് ഹോഷിയാർ സിങ് രാഥിയും സൈനികരും വീറോടെതന്നെ പൊരുതി. പക്ഷേ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന ശത്രുക്കളോട് പിടിച്ചുനിൽക്കുവാൻ അവർക്ക് സാധിച്ചില്ല. ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്താണ് അവർ മുപ്പത്തിമൂന്ന് സൈനികർ പൊരുതിവീണത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സൈനികൻ കഥ പറഞ്ഞവസാനിച്ചപ്പോഴേയ്ക്കും ഒരു തണുത്ത കാറ്റുവീശി. പരസ്പരം നോക്കിയതല്ലാതെ ഞങ്ങൾ ഒന്നും സംസാരിച്ചതേയില്ല. അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്നുകൊണ്ട് നിവർന്നു നിന്നൊരു സല്യൂട്ട് കൊടുത്തശേഷം ഞാൻ വാച്ചിലേക്ക് നോക്കി. ഇന്ന് 2022 നവംബർ 26. കൃത്യം 61 വർഷങ്ങൾക്ക് മുൻപ് അദ്ദേഹവും കൂട്ടരും ഇതേ സ്ഥലത്ത് ജീവനോടെയുണ്ടായിരുന്നു! തൊട്ടടുത്ത ദിവസമാണ് അവർ ഇവിടെ പൊരുതിവീണത്!
They fought….and now they rest.
Have any thoughts?
Share your reaction or leave a quick response — we’d love to hear what you think!