ടോക്കിയോ തീരതിനടുത്തുള്ള Miyake-jima ദ്വീപിലെ വിചിത്രമായ ഒരു കല്യാണ ഫോട്ടോ ആണ് ഇവിടെ കാണുന്നത് . ഞെട്ടേണ്ട ! ഒരു ജനത മുഴുവനും ഗ്യാസ് മാസ്ക് വെച്ച് ജീവിക്കേണ്ട അവസ്ഥയെപ്പറ്റി ആലോചിച്ചുട്ടുണ്ടോ ? ബൈക്കിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന നമ്മൾ മലയാളികൾക്ക് ഈ വിഷമം ശരിക്കും മനസ്സിലാകേണ്ടതാണ് . 55.50 km2 വിസ്തീർണ്ണം ഉള്ള ഈ ദ്വീപിലെ ജനസംഖ്യ മൂവായിരത്തിനടുത്തു വരും . Oyama അഗ്നി പർവ്വതമാണ് ദ്വീപ് നിവാസികളുടെ ജീവിതം ഇത്രയ്ക്കു കഠിനമാക്കി തീർത്തത് . വെളുപ്പിനെ വീടിനു മുൻപിൽ 15cm കനത്തിൽ ചാരം വിതറുന്നത് നമ്മുക്ക് ക്ഷമിക്കാം , പക്ഷെ വിഷമയമായ sulphur dioxide വാതകം അന്തരീക്ഷത്തിൽ കലർത്തിയാലോ ? മാസ്ക് ധരിക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ല . 1940 ലെ ലാവാ പ്രവാഹത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു . ആകയുള്ള മൂവായിരത്തില്‍ പെടുന്നതാണ് ഈ പതിനൊന്ന് എന്നോര്‍ക്കുമ്പോള്‍ ദുരന്ത വ്യാപ്തി കൂടും .
എല്ലാ രണ്ടു വർഷങ്ങൾ കൂടുമ്പോളും ഒയാമ ഇതുപോലെ കലി തുള്ളാറുണ്ട് . ചില കാലങ്ങളില്‍ 42,000 ടണ്‍ വിഷവാതകം വരെ ഈ അഗ്ന്നിപര്‍വ്വതം പുറം തള്ളിയിട്ടുണ്ട് . പക്ഷെ രണ്ടായിരാമാണ്ടിലെ ജൂലായ് മാസത്തിൽ കാര്യങ്ങൾ തീർത്തും വഷളായി . അന്തരീക്ഷം പൂർണ്ണമായും വിഷമയമായതോടെ ജപ്പാൻ ഈ ദ്വീപുകാരെ പൂർണ്ണമായും കുടിയൊഴിപ്പിച്ചു . നീണ്ട നാല് അഞ്ചു കൊല്ലങ്ങൾക്ക് ശേഷം മാത്രമാണ് ദ്വീപു നിവാസികൾക്ക് തിരിച്ചെത്താൻ കഴിഞ്ഞത് ! 2012 ലെ കണക്കനുസരിച്ച് ദ്വീപില്‍ ഇപ്പോള്‍ 2,775 പേരുണ്ട് .
പക്ഷെ മാസ്ക്ക് ധരിച്ചുള്ള തങ്ങളുടെ ജീവിതം ഒരു വരുമാന മാർഗ്ഗമാക്കാൻ ദ്വീപുകാർക്ക് സാധിച്ചു . മാസ്ക്ക് ധരിച്ചു , വ്യത്യസ്തമായ രീതിയില്‍ അവധിക്കാലം Miyake ദ്വീപിൽ ചിലവഴിക്കാൻ പതിനായിരങ്ങൾ ആണ് അവിടെ എത്തിച്ചേർന്നത്! ഇപ്പോള്‍ ഇപ്പോഴും മാസ്ക് ധരിക്കേണ്ട ആവശ്യം ഇല്ല . അന്തരീക്ഷത്തില്‍ sulphur dioxide വാതകത്തിന്റെ അളവ് കൂടുമ്പോള്‍ അലാറം അടിക്കും അപ്പോള്‍ മാസ്ക് ധരിച്ചാല്‍ മതി . ജപ്പാന്‍ മെയിന്‍ ലാന്‍ഡില്‍ നിന്നും ദിവസേന വെളുപ്പിനെ അഞ്ചു മണിക്ക് എത്തുന്ന ഒരു ഫെറി ആണ് ഈ ദ്വീപിനെ പുറം ലോകവും ആയി ബന്ധിപ്പിക്കുന്ന പ്രധാന ഘടകം . വിമാനത്താവളവും ഹെലിപ്പാടും ഒക്കെ ഉണ്ടെങ്കിലും അതൊക്കെ അഗ്നിപര്‍വ്വതത്തിന്റെ “സ്വഭാവത്തിന് ” അനുസരിച്ച് മാറിയും മറിഞ്ഞും ഇരിക്കും.
എന്തായാലും ഇപ്പോൾ കുറെക്കാലമായി അന്തരീക്ഷത്തിൽ ടോക്സിൽ ഗ്യാസിന്റെ അളവ് കുറഞ്ഞതിനാൽ ദ്വീപ് നിവാസികൾക്ക് മാസ്ക് ധരിക്കേണ്ട ആവശ്യം വരുന്നില്ല.
ജാക്ക് മോയറും ദ്വീപും
കൊറിയൻ യുദ്ധ കാലത്ത് അമേരിക്കൻ വ്യോമ സേന ഈ ദ്വീപിന്റെ ഒരു ഭാഗം ബോംബിംഗ് പരിശീലനത്തിനായി ഉപയോഗിച്ചിരുന്നു . എന്നാൽ കൂട്ടത്തിൽ ഉണ്ടായിരുന്ന പക്ഷി നിരീക്ഷനായ ജാക്ക് മൊയർക്കു (Jack Moyer) ഇതത്ര നന്നായി തോന്നിയില്ല . ദ്വീപിൽ ഉണ്ടായിരുന്ന അപൂർവ്വ ഇനം കടൽ പക്ഷി ആയ Japanese Murrelet ഈ കൂട്ട ബോംബിങ്ങിൽ നശിക്കും എന്ന് അദ്ദേഹത്തിന് മനസ്സിലായി . അവറ്റകളുടെ പ്രജനനം അവിടെയാണ് നടന്നിരുന്നത് . മാത്രവുമല്ല ഇത് ദ്വീപിന്റെ പരിസ്ഥിതിയാകെ നശിപ്പിക്കുകയും ചെയ്യും . ഇത് സവിസ്തരം പ്രതിപാദിച്ച് അദേഹം പ്രസിഡണ്ട് ട്രൂമാന് കത്തെഴുതുകയും തൽഫലമായി ബോംബിംഗ് നിർത്തിവെക്കുകയും ചെയ്തു . വീണ്ടും 1957 ല്‍ ദ്വീപില്‍ തിരികെ എത്തിയ മോയെര്‍ നീണ്ട അമ്പതു വർഷക്കാലം ദ്വീപിന്റെ ഭാഗമായി കഴിഞ്ഞു . ഇതിനിടയില്‍ ദ്വീപിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട മോയെര്‍ അവിടുത്തെ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയിരുന്നു . ദ്വീപിലെ പരിസ്ഥിതിയെ പറ്റിയും , പക്ഷി ജന്തു വര്‍ഗ്ഗങ്ങളെ പറ്റിയും അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ എഴുതി . ഇതിനിടക്ക് അനേകം പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിരുന്നു . പിന്നീട് ടോക്യോവിലെ American School in Japan (ASIJ) ല്‍ അധ്യാപകന്‍ ആയി സേവനം അനുഷ്ടിച്ചു . പിന്നെ 2000 ത്തിലെ കൂട്ട കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ടോക്യോവിലേക്ക് പോയി . ജപ്പാൻ ചരിത്രത്തിന്റെ ഭാഗമായി മാറിയ ജാക്ക് മോയർ 2004 ൽ തന്‍റെ എഴുപത്തി നാലാം വയസ്സില്‍ ടോക്യോവിലെ വസതിയിൽ അജ്ഞാതമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയാണ് ഉണ്ടായത് . ജാക്ക് മോയറോടുള്ള ബഹുമാനവും സ്നേഹവും കാരണം ദ്വീപ് നിവാസികള്‍ ഇതൊരു വെള്ളക്കാരനെയും കാണുമ്പോള്‍ പതിവായി ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു “Jack’s friend?” എന്നത് . ഇത് പിന്നീട് ആ ദ്വീപിലെ അനൌദ്യോഗിക അഭിവാദനം ആയി മാറി .
പക്ഷെ നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 2014 മാര്‍ച്ച് മാസത്തില്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു . മോയര്‍ പഠിപ്പിച്ചിരുന്ന ജപ്പാനിലെ അമേരിക്കന്‍ സ്കൂളില്‍ അന്ന് പഠിച്ചിരുന്ന മുപ്പത്തി രണ്ടു പെണ്‍കുട്ടികള്‍ , മോയര്‍ തങ്ങളെ പഠിപ്പിച്ചിരുന്ന സമയത്ത് ലൈംഗീകമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണവും ആയി രംഗത്ത് എത്തി . Miyake ദ്വീപില്‍ മോയര്‍ ധരിച്ചിരുന്ന ഗ്യാസ് മാസ്ക്കിനുള്ളിലെ മറ്റൊരു മാസ്ക്ക് അവിടെ അഴിഞ്ഞു വീഴുകയായിരുന്നു ! പിന്നീട് പത്തു പേരും കൂടി ഇതേ ആരോപണങ്ങളും ആയി രംഗത്ത് എത്തി . സ്കൂള്‍ അധികൃതര്‍ ജാക്ക് മോയറുടെ പ്രശസ്തിയെ പേടിച്ചു ഇക്കാര്യങ്ങള്‍ മൂടി വെക്കുകയായിരുന്നു എന്ന് ഇവര്‍ ആരോപിച്ചു . അവസാനം 2015 ജൂണ്‍ മാസത്തില്‍ സ്കൂള്‍ അധികൃതര്‍ തന്നെ ഇക്കാര്യം സമ്മതിച്ചു . പീഡനങ്ങള്‍ നടന്ന സമയത്തെ അധികാരികള്‍ ഇക്കാര്യം മറച്ചു വെക്കാന്‍ മോയര്‍ക്കു കൂട്ട് നിന്ന് എന്ന് അവര്‍ ഏറ്റു പറഞ്ഞതോട് കൂടി ജാക്ക് മോയര്‍ എന്ന Miyake ദ്വീപ് ഹീറോയുടെ യുഗം അവസാനിച്ചു .