ആഫ്രിക്കയിൽ ഹണ്ടിംഗ് വ്യാപകമായി നടന്നിരുന്ന, അല്ലെങ്കിൽ അനുവദനീയമായിരുന്ന കാലത്തെ വെള്ളക്കാരായ ശിക്കാരികളുടെ അവസാന പരമ്പരയിൽപ്പെട്ട ആളായിരുന്നു ‘ഫെഡറിക്ക് കോട്ട്നി സലു’ (Frederick Courteney Selous) അഥവാ ഫ്രെഡി സലു. 1851ൽ ലണ്ടനിൽ ജനിച്ച സലുവിനു നന്നേ ചെറുപ്പം മുതൽ സാഹസിക കഥകളോടും, യാത്രകളോടുമായിരുന്നു കൂടുതൽ താല്പര്യം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പലതരം പക്ഷികളുടെ മുട്ടകളും, വിവിധതരം ചിത്രശലഭങ്ങളും ശേഖരിക്കുന്നതായിരുന്നു സലുവിന്റെ പ്രധാന വിനോദം. അദ്ദേഹത്തിന് പത്ത് വയസുള്ളപ്പോൾ രാത്രിയിൽ സലുവിന്റെ ഡോർമിട്ടോറി സന്ദർശിച്ച സ്കൂൾ മാസ്റ്റർ കണ്ടത് ഷർട്ട് മാത്രം ധരിച്ച് വെറും തറയിൽ കിടന്നുറങ്ങുന്ന സലുവിനെയാണ്. എന്തിനിങ്ങനെ നിലത്തുകിടക്കുന്നു എന്ന് ചോദിച്ചപ്പോൾ ഭാവിയിൽ താൻ ആഫ്രിക്കയിൽ വേട്ടയ്ക്ക് പോകുമെന്നും, അപ്പോൾ ഇതിനേക്കാൾ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കിടക്കേണ്ടി വരുമെന്നതിനാൽ താൻ ഇപ്പോഴേ സ്വയം പരിശീലിക്കുകയാണ് എന്നാണ് സലു മറുപടി പറഞ്ഞത്. എന്നാൽ തണുപ്പത്ത് തറയിൽ കിടന്നുറങ്ങി ശീലിച്ചതിന്റെ ഗുണം അദേഹത്തിന് ശരിക്കും കിട്ടിയത് പത്തനഞ്ചാമത്തെ വയസിലാണ്.
1867 ജനുവരി പതിനഞ്ചിന് ലണ്ടനിലെ റീജന്റ്സ് പാർക്കിൽ ഐസിന് മുകളിലൂടെ സ്കേറ്റിങ് നടത്തുകയായിരുന്നു സലു. ആ വർഷത്തിലെ അതിശൈത്യത്തിൽ പാർക്കിലെ തടാകത്തിന് മുകളിൽ ഐസ് വന്നു മൂടിയിരുന്നു. അവിടെയാണ് സലു ഉൾപ്പടെയുള്ള അഞ്ഞൂറോളം ആളുകൾ ഐസ് സ്കേറ്റിംഗ് നടത്തിക്കൊണ്ടിരുന്നത്. ഇത് കാണുവാൻ ഏകദേശം രണ്ടായിരത്തോളം ആളുകളും ആ സമയം പാർക്കിൽ ഉണ്ടായിരുന്നു. വൈകുന്നേരം മൂന്നരയോടെ തടാകത്തിന്റെ ഒത്തനടുവിലെ ഐസ് പാളിയിൽ ഒരു വിള്ളൽ രൂപപ്പെടുകയും വലിയ ശബ്ദത്തോടെ ഐസ്പാളി തകർന്ന് സ്കേറ്റിംഗ് നടത്തിക്കൊണ്ടിരുന്ന നൂറുകണക്കിന് ആളുകൾ കൊടുംതണുപ്പുള്ള തടാകജലത്തിലേക്ക് വീഴുകയും ചെയ്തു. പലർക്കും നീന്താൻ അറിയാമായിരുന്നുവെങ്കിലും കട്ടികൂടിയ ശൈത്യകാല വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാലും, തണുപ്പിന്റെ ആധിക്യം കാരണവും നീന്തി രക്ഷപെടുവാൻ സാധിച്ചില്ല. കരയ്ക്ക് നിന്നിരുന്നവർ വെള്ളത്തിലേക്ക് ബോട്ടുകൾ ഇറക്കുകയും, മുങ്ങിപ്പോകാതെ പിടിച്ചു നിൽക്കുവാൻ മരക്കമ്പുകൾ ഇട്ടുകൊടുക്കുകയും ചെയ്തു. എങ്കിലും നാല്പതോളം ആളുകൾ ആ അപകടത്തിൽപ്പെട്ട് മരണമടഞ്ഞു. പൊട്ടി അടർന്നുമാറിയ ഒരു ഐസ് പാളിയിൽ പിടിച്ചു കിടന്ന് മുങ്ങിപ്പോകാതെ പിടിച്ചു നിന്ന സലു, പല ഐസ് ഷീറ്റുകളുടെ മുകളിലൂടെ നിരങ്ങിയും, ഇഴഞ്ഞും അവസാനം കരയിൽ എത്തിച്ചേർന്നു.
അങ്ങിനെ മരണത്തിൽ നിന്നും രക്ഷപെട്ട് പഠനം തുടർന്ന സലുവിനെ ഡോക്ടർ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ ഡേവിഡ് ലിവിങ്സ്റ്റൺ പോലുള്ള യാത്രികരുടെ കഥകളിൽ ആകൃഷ്ടനായ സലു, ഒരു വേട്ടക്കാരനും, സഞ്ചാരിയുമാകണമെന്ന ലക്ഷ്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. അങ്ങിനെ പത്തൊൻപതാമത്തെ വയസിൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ എത്തിച്ചേർന്നു. 1872ൽ സലു വേട്ടയ്ക്കുള്ള ലൈസൻസ് സ്വന്തമാക്കുകയും ചെയ്തു. പിന്നീട് 1890 വരെയും വേട്ടയാടുകയും, നിരന്തരം യാത്ര ചെയ്യുകയും ചെയ്തുകൊണ്ട് അദ്ദേഹം ആഫ്രിക്കയിൽ കഴിച്ചുകൂട്ടി. വേട്ടയാടുന്ന മൃഗങ്ങളെ സ്റ്റഫ് ചെയ്ത് മ്യൂസിങ്ങളിലേക്ക് കൊടുക്കുകയാണ് സലു ചെയ്തിരുന്നത്.
അക്കാലത്ത് ഒരിക്കൽപോലും വെള്ളക്കാരെ മുൻപ് കണ്ടിട്ടില്ലാത്ത ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെ ഇടയിലൂടെയാണ് സലു യാത്ര ചെയ്തത്.
താൻ കാണുന്ന മനുഷ്യജാതികളെകുറിച്ചും, മൃഗങ്ങളെയും, പക്ഷികളെയും കുറിച്ചും വിശദമായി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സലു എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇതിനിടയിൽ തെക്കേ ആഫ്രിക്കയിൽ നടന്ന പലയുദ്ധങ്ങളിലും സലു നേരിട്ട് പങ്കെടുത്തു. യുദ്ധത്തിന്റെ ഇടയിൽ കിട്ടുന്ന ഇടവേളകളിൽ പോലും ചിത്രശലഭങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുവാൻ സലു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനിടെ 1909ൽ സലു മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന തിയഡോർ റൂസ്വെൽറ്റിന്റെയും, അദ്ദേഹത്തിന്റെ മകൻ കെർമിറ്റ് റൂസ്വെൽറ്റിന്റെയും കൂടെ ആഫ്രിക്കൻ പര്യവേഷണത്തിലും പങ്കെടുത്തു. അതോടുകൂടി സലു റൂസ്വെൽറ്റിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി മാറുകയും ചെയ്തു.
തന്റെ ചെറുപ്പകാലത്ത് കള്ളത്തരങ്ങളുടെ രാജാവായിരുന്നു സലു. മറ്റുള്ളവർ വേട്ടയാടിയ മൃഗങ്ങളുടെ സ്പെസിമൻസ് മോഷ്ടിക്കുക, നിരോധിതമേഖലകളിൽ കടന്നുചെന്ന് വേട്ടയാടുക, അടിപിടികൂടുക തുടങ്ങി അക്കാലത്ത് ആഫ്രിക്കയിൽ ചെന്നെത്തുന്ന ചെറുപ്പക്കാരായ വെള്ളക്കാർ കാണിച്ചുകൂട്ടുന്ന സകല തെമ്മാടിത്തരങ്ങളും സലു ചെയ്തുകൂട്ടി. പിന്നീടെഴുതിയ ബുക്കുകളിൽ സലു ഇതെല്ലാം തുറന്ന് സമ്മതിക്കുന്നുമുണ്ട്. ആഫ്രിക്കൻ ബസാഡ് എന്ന പക്ഷിയുടെ മുട്ട മോഷ്ടിക്കുന്നതിനിടെ ഒരു ഗെയിം വാർഡനെ സലു തലക്കടിച്ച് ബോധംകെടുത്തിയത് ഇത്തരം സംഭവങ്ങളിൽ ചിലത് മാത്രമാണ്. എന്നാൽ പിന്നീട് സലു വളരെ സീരിയസായ ഒരു വേട്ടക്കാരനായി മാറുകയായിരുന്നു. ഇക്കാലങ്ങളിൽ നൂറുകണക്കിന് മൃഗങ്ങളെ വേട്ടയാടി സ്റ്റഫ് ചെയ്ത് അദ്ദേഹം ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് അയച്ചിരുന്നു. മ്യൂസിയത്തിലെ സലുസ് കളക്ഷനിൽ മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുമായി 524 സസ്തനികളാണ് ഉണ്ടായിരുന്നത്. ഇതിൽ 19 സിംഹങ്ങളും ഉൾപ്പെടും. ഇത് കൂടാതെ ചെടികളും, മറ്റ് ജീവികളുമായി ഏതാണ്ട് അയ്യായിത്തോളം സ്പെസിമെൻസ് ആണ് സലു നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക് സംഭാവനയായി കൊടുത്തത്.

എന്നാൽ വേട്ടക്കാർ നിമിത്തം ആഫ്രിക്കയിലെ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ട് എന്ന സത്യം മനസ്സിലാക്കിയതോടെ സലു ഒരു പ്രകൃതിസംരക്ഷനായി മാറുകയായിരുന്നു. ഇന്ന് ടാൻസനിയയിലെ ഏറ്റവും വലിയ നാഷണൽപാർക്ക് ആയ ന്യെരേരെ ദേശീയോദ്യാനത്തിന്റെ (Nyerere National Park) ശരിക്കുള്ള പേര് സലു ഗെയിം റിസർവ് (Selous Game Reserve) എന്നായിരുന്നു. സലുവിന്റെ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെ മാനിച്ചാണ് ആ പേര് കൊടുത്തിരുന്നത്. പിന്നീട് റിസർവ് വലുതാക്കിയപ്പോൾ പേര് മാറ്റുകയായിരുന്നു. തന്റെ ജീവിതകാലത്ത് സലു നടത്തിയിട്ടുള്ള വേട്ടകളും, യാത്രകളും, അനുഭവങ്ങളും, അറിവുകളും അദ്ദേഹം ഭാവി തലമുറയ്ക്കായി വിസ്തരിച്ച് തന്നെ എഴുതിയിട്ടുണ്ട്.
അവൻ രാത്രിയിൽ ഇരതേടി ഇറങ്ങുന്നതോടെ പുൽമേടുകളിൽ അലഞ്ഞുതരിയുന്ന മാൻ വർഗ്ഗങ്ങൾ മുതൽ, കുടിലുകളിൽ അന്തിയുറങ്ങുന്ന ആഫ്രിക്കൻ ഗോത്രവംശജരുടെ വരെയും ഉറക്കം നഷ്ടപ്പെടും. സിംബ എന്ന വാക്ക് ആഫ്രിക്ക കാണുവാൻ വരുന്ന സഞ്ചാരിയുടെയും, വെള്ളക്കാരൻ ഹണ്ടറുടെയും, നാട്ടുകാരുടെയും മനസ്സിൽ ഒരേ ഭീതിയാണ് ഉണ്ടാക്കുന്നത്. ആഫ്രിക്കയിലെ വിശാലമായ മൈതാനങ്ങളിലും, കുറ്റിക്കാടുകളിലും വെച്ച് പകൽ എപ്പോഴെങ്കിലും നാം സിംഹത്തെ കണ്ടാൽ അവൻ എങ്ങിനെയാവും പെരുമാറുക എന്ന് പ്രവചിക്കാനാവില്ല. ചിലപ്പോൾ അവൻ മുരണ്ടുകൊണ്ട് അനിഷ്ടം പ്രകടിപ്പിച്ചേക്കാം, അല്ലെങ്കിൽ ആക്രമിച്ചേക്കാം, അതുമല്ലെങ്കിൽ കൂസാക്കാതെ തിരിഞ്ഞു നടന്നേക്കാം. അതെല്ലാം അപ്പോഴത്തെ അവസ്ഥപോലിരിക്കും. എന്നാൽ രാത്രിയിൽ, പ്രത്യേകിച്ച് കാറ്റും കോളും നിറഞ്ഞ കൂരിരുട്ടിൽ ഒരു സിംഹം എതിരെവന്നാൽ ഏതവസ്ഥയിലും അവൻ ആക്രമിച്ചിരിക്കുമെന്ന് ഉറപ്പാണ്. ……