Science

സ്പെംവെയിലിന്റെ പ്രത്യേകതകൾ!

ഏതാണ്ട് 18m നീളം വരുന്ന സ്പേം വെയിൽ പല്ലുകളുള്ള ഇരപിടിയൻ ജീവികളിൽ ഏറ്റവും വലുതാണ്. അതായത് റൈറ്റ് വെയിലുകളിലെ അല്ലെങ്കിൽ നീലത്തിമിംഗിലങ്ങളിലെ ബെയ്ലീൻ പ്ലേറ്റുകൾക്ക് പകരം കൂർത്ത പല്ലുകളാണ് ഇവയ്ക്കുള്ളത്. (ബ്ലൂ വെയിൽ പല്ലിന് പകരം ബെയ്ലീൻ പ്ലേറ്റുകളുള്ള ബെയ്ലിൻ വെയിലുകളാണ്). നമ്മുടെ തലച്ചോറിന്റെ 5 ഇരട്ടിവലിപ്പുള്ള ബ്രെയിനുള്ള സ്പേം വെയിലുകൾക്ക് രണ്ട് മണിക്കൂർ വരെയും ബ്രീത്ത് ഹോൾഡ് ചെയ്ത് വെച്ച് കടലിനടിയിലേക്ക് മുങ്ങുവാൻ സാധിക്കും (ഏറ്റവും വലിയ തലച്ചോറുള്ള ജീവി സ്പേം വെയിൽ ആണ്). 70 വർഷം വരെയും ഇവയ്ക്ക് ആയുസ്സുണ്ട്. 2,250 metre ആഴം വരെയും ഇവയ്ക്ക് മുങ്ങുവാൻ സാധിക്കും. സ്പേം വെയിലുകളുടെ ഇഷ്ട ഭക്ഷണം 1000 മീറ്ററോളം ആഴങ്ങളിൽ ജീവിക്കുന്ന ജയന്റ് സ്ക്വിഡുകളാണ് (Giant squid). കൂന്തൾ വർഗ്ഗത്തിൽപ്പെടുന്ന വലിപ്പമേറിയ ജീവികളാണ് ഇവ. ഇവയെപ്പിടികൂടുവാനാണ് സ്പേം വെയിലുകൾ ഇത്ര ആഴങ്ങളിലേക്ക് ഊളിയിടുന്നത്. അവിടെ പൂർണമായും ഇരുട്ടായിരിക്കും. അതിനാൽ എക്കോ ലൊക്കേഷൻ (Echolocation) ഉപയോഗപ്പെടുത്തിയാണ് സ്പേം വെയിലുകൾ ജയന്റ് സ്കിഡുകളെ കണ്ടെത്തുന്നത്. ചില ബീപ്സ്, ക്ലിക്സ്, വിസിൽസ് (beeps, clicks and whistles) ഒക്കെയുണ്ടാക്കി അത് ഇരയുടെ ദേഹത്ത് തട്ടി തിരിച്ചുവരുന്നത് മനസിലാക്കിയാണ് ഇവ ഇരകളുടെ സ്ഥാനം കണ്ടെത്തുന്നത്.

ശേഷം കൂർത്ത പല്ലുകൾ ഉപയോഗിച്ച് അവ സ്കിഡുകളെ പിടികൂടും. നമ്മെപ്പോലെ പരന്ന പല്ലുകൾ ഇല്ലാത്തതിനാൽ സ്പേം വെയിലുകൾക്ക് ഇരയാകെ ചവച്ചരച്ച് കഴിക്കുവാൻ സാധ്യമല്ല. മാത്രവുമല്ല കീഴ്ത്താടിയിക്ക് മാത്രമാണ് പല്ലുകൾ ഉള്ളത്. മുകളിലെ മോണയിൽ താഴെയുള്ള പല്ലുകൾക്ക് കയറി ഇരിക്കാനുള്ള തുളകൾ അഥവാ സോക്കറ്റുകൾ മാത്രമാണുള്ളത്. ഇര പല്ലുകൾക്കിടയിൽ കുടുങ്ങിക്കഴിഞ്ഞാൽ സ്പേം വെയിൽ അതിവേഗതയിൽ മുകളിൽക്ക് കുതിച്ചുയരും. അപ്പോഴുണ്ടാകുന്ന മർദ്ദവ്യത്യാസം അതിജീവിക്കുവാൻ പാകത്തിലുള്ള ശരീരമാണ് സ്പേം വെയിലിന് ഉള്ളത്. എന്നാൽ അതിന്റെ വായിൽ കുടുങ്ങിക്കിടക്കുന്ന, ആഴങ്ങളിൽ മാത്രം ജീവിക്കുന്ന ജയന്റ് സ്ക്വിഡിന് ആ കഴിവില്ല. സ്പേം വെയിൽ ജലോപരിതലത്തിൽ എത്തുന്നതോടെ കുറഞ്ഞ മർദത്തിൽ വായിൽക്കിടക്കുന്ന സ്ക്വിഡ് പൊട്ടിത്തെറിക്കും. അങ്ങിനെ ജ്യൂസ് പരുവമായ സ്ക്വിഡിനെ പിന്നെ ചവയ്ക്കേണ്ട ആവശ്യമില്ല. സ്പേം വെയിൽ വായിൽ കിടക്കുന്ന സ്ക്വിഡ് ജ്യൂസ് അപ്പാടെ വിഴുങ്ങും.

എന്നാൽ സ്പേം വെയിലിന്റെ കാര്യത്തിൽ ഏറ്റവും അതിശയകരമായ കാര്യം ഇവയുടെ തലയുടെ ഉള്ളിലെ ഒരു അറയിൽ കിടക്കുന്ന ഓയിൽ രൂപത്തിലുള്ള ദ്രാവകമാണ്. സ്പെമസെറ്റി (spermaceti) എന്നാണ് ഇതിന്റെ പേര്. സ്പേം വെയിലിന് തലയുടെ ഉള്ളിൽ ഇത്രയും ഓയിൽ കെട്ടിക്കിടക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെയൊക്കെന്ന് നമുക്ക് പൂർണ്ണമായും മനസ്സിലായിട്ടില്ല. മർദവ്യത്യാസത്തെ അതിജീവിക്കുവാനും, എക്കോ ലൊക്കേഷനുവേണ്ടിയും ഒക്കെയാണ് സ്പെർമസെറ്റി ഉപയോഗിക്കുന്ന എന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞത് 2000 ലിറ്റർ സ്പെർമസെറ്റി ഒരു സ്പേം വെയിലിന്റെ തലയ്ക്കുള്ളിൽ ഉണ്ടാവും.

സ്പെർമസെറ്റി ഓയിൽ, പിന്നെ കൊഴുപ്പടങ്ങിയ ബ്ലബർ, ഇവ രണ്ടും കൂടാതെ സ്പേം വെയിൽ മാറ്റൊരു വസ്തുകൂടി നൽകുന്നുണ്ട് ആംബർഗ്രിസ് (Ambergris). സ്പേം വെയിലുകളുടെ ഇഷ്ടഭക്ഷണമായ ജയന്റ് സ്ക്വിഡുകളുടെ വായഭാഗം അല്ലെങ്കിൽ ചുണ്ടിന്റെ ഭാഗം (Beak) പെട്ടന്ന് ദഹിക്കുന്ന ഒന്നല്ല. തത്തയുടെ ചുണ്ട് പോലെ ഒന്നാണിത്. ഈ ഭാഗം സ്പേം വെയിലുകളുടെ വയറ്റിൽ കെട്ടികിടക്കാറുണ്ട്. ഇത് മറ്റ് കട്ടിയേറിയ വസ്തുക്കളും ഇതിന് ചുറ്റും കെട്ടിക്കിടക്കുവാൻ കാരണമാവുകയും ചെയ്യും. കുറേയേറെ ആയിക്കഴിയുമ്പോൾ ശർദിയുടെ കൂടെയോ അല്ലെങ്കിൽ മലവിസർജ്യത്തിന്റെ കൂടെയോ ഇത് പുറത്തേക്ക് പോകും. ചിലപ്പോൾ എണ്ണയുടെ രൂപത്തിൽ ഇത് കടലിൽ ഒഴുകിനടക്കാറുണ്ട്. ആ സമയം അസഹ്യമായ നാറ്റമാണ് ഇതിന് ഉണ്ടാവുക. ഇതിന് ശേഷം നാളുകൾ കഴിഞ്ഞിട്ടാണ് ഇത് കട്ടിയുള്ള ഖരപദാർഥമായി മാറുന്നത്. ഈ പ്രക്രിയ ചിലപ്പോൾ സ്പേം വെയിലുകളുടെ ശരീരത്തിനുള്ളിൽ വെച്ച് തന്നെയും നടക്കാറുണ്ട്. ചിലപ്പോൾ ശർദ്ധിക്കുന്ന സമയം ഖര രൂപത്തിൽ തന്നെ ഇത് പുറത്തേക്ക് വരും. ആംബർഗ്രിസ് തിമിംഗിലത്തിന്റെ ശർദ്ധിയല്ല, ശർദ്ധിയിലൂടെയാണ് ഇത് പുറത്തേക്ക് വരുന്നതെന്ന് മാത്രം. വർഷങ്ങൾ കൊണ്ടാണ് ഈ പ്രക്രിയ നടക്കുന്നത്. ഇത് സ്പേം വെയിലുകളിൽ മാത്രമേ കാണൂ. ഇതിൽ തന്നെ ഒരു ശതമാനം സ്പേം വെയിൽകളാണ് ആംബർഗ്രിസ് വസർജിക്കുക. വീണ്ടും വർഷങ്ങൾ കടലിൽ ഒഴുകി നടന്ന ശേഷമാവും ഇത് കരയിൽ അടിയുക ഇല്ലെങ്കിൽ ഏതെങ്കിലും മീൻപിടുത്തക്കാർക്ക് കിട്ടുക. പെർഫ്യൂമുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ആംബർഗ്രിസിനു കിട്ടാനില്ലാത്തതിനാൽ നല്ല വിലയും ഉണ്ട്.

Source : Script from my own video ‘Nautical Murder’

REALATED VIDEO