തുപ്പാക്കിയും ഞാനും !

തുപ്പാക്കിയും ഞാനും ! 1

കുറച്ചധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍പ്പുക്കരയിലെ ഒരു തണുത്ത പ്രഭാതം . പപ്പാ എഴുന്നെല്‍ക്കുന്നതിനും മുന്നേ മുറ്റത്ത് കിടക്കുന്ന മനോരമ – ദേശാഭിമാനി പത്രങ്ങള്‍ കൈക്കലാക്കാനുള്ള വ്യഗ്രതയില്‍ എന്നും ആറുമണിക്ക് തന്നെ എഴുന്നെല്‍ക്കുന്നതായിരുന്നു ശീലം . ചിലപ്പോള്‍ അമര്‍ചിത്രകഥയും അല്ലെങ്കില്‍ പൈക്കോ ക്ലാസിക്കും കൂടെ തരപ്പെട്ടെക്കാം . പപ്പയുടെ കയ്യില്‍ പെട്ടാല്‍ മുഴുവനും തീര്‍ക്കാതെ തരില്ല . പത്ത് വയസിനിളപ്പമുള്ള അനിയത്തി ഇക്കാര്യത്തില്‍ ഒരു ഭീഷണി ആയിരുന്നില്ല . പക്ഷെ അന്ന് ഉറങ്ങിപ്പോയി . പത്രം പോയല്ലോ എന്നോര്‍ത്ത് വെപ്രാളപ്പെട്ട് എഴുന്നേറ്റപ്പോള്‍ കേട്ടത് മമ്മിയും പപ്പയും തമ്മിലുള്ള പൊരിഞ്ഞ സംഘട്ടനമാണ് . മുറ്റമാണ് രംഗം . നേരെ ചെന്ന് നോക്കിയപ്പോളുണ്ട് പപ്പയുടെ കയ്യില്‍ ഒരു നീളന്‍ തോക്ക് ! തലേദിവസം പപ്പാ വരുന്നതിനും മുന്നേ ഉറങ്ങിപ്പോയതിനാല്‍ പുതിയ അതിഥി വീട്ടില്‍ എത്തിയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല . ഇപ്പോഴത്തെ വഴക്കിന് കാരണവും ഇതേ തോക്കാണ് . തോക്ക് മേടിച്ചതല്ല പ്രശ്നം . ഉന്നം പരീക്ഷിക്കുവാന്‍ പപ്പാ സ്വീകരിച്ച മാര്‍ഗ്ഗങ്ങളായിരുന്നു ഹേതു . വയനാട്, ഷിമോഗാ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിപ്പണികള്‍ കാരണം ആള്‍ക്ക് അത്യാവശ്യം നല്ല ഉന്നം പണ്ടേ ഉണ്ടായിരുന്നു . പക്ഷെ പുതിയ തോക്കില്‍ പപ്പാ ഉന്നം പഠിച്ചത് മമ്മി കാത്ത് സൂക്ഷിച്ചിരുന്ന പ്രകൃതി വിഭവങ്ങളിലായിരുന്നു എന്നതായിരുന്നു കുഴപ്പം . അകത്ത് വെളുത്ത നിറവും അത്യാവശ്യം വലിപ്പവും ഉണ്ടായിരുന്ന പേരയ്ക്ക മുഴുവനും കക്ഷി വെടിവെച്ച് ചിതറിച്ചു കളഞ്ഞു . അത് കഴിഞ്ഞപ്പോള്‍ നിലത്ത് പൂക്കള്‍ കൊണ്ട് ചുവന്ന പരവതാനി വിരിച്ചിരുന്ന പനിനീര്‍ ചാമ്പയായിരുന്നു ഉന്നം . അതും കഴിഞ്ഞപ്പോള്‍ കമ്പിളി നാരങ്ങ , പിന്നെ ആഞ്ഞിലി ചക്ക … ലിസ്റ്റ് നീണ്ട് പോയി അവസാനം കരിക്കിന്‍ കുലയിലേക്ക് നോക്കുന്നത് കണ്ടപ്പോഴാണ് മമ്മി ഇടയില്‍ ചാടിവീണ് അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയത് . അവസാനം ഒതളങ്ങക്ക് വെടിവെച്ചാണ് പാവം പപ്പാ ഉന്നം പഠിച്ചത് . എല്ലാം കഴിഞ്ഞ്അദ്ദേഹം അരുള്‍ ചെയ്തു . ” എടാ അടുത്ത ഞായറാഴ്ച പടിഞ്ഞാറ് കണ്ടത്തില്‍ നമ്മുക്ക് വെടിവെക്കാന്‍ പോകാം ”

Advertisements

പിന്നൊന്നും പറയേണ്ടല്ലോ . ആ ആഴ്ച ഞായറാഴ്ച എത്താന്‍ പതിവിലും കൂടുതല്‍ സമയം എടുത്തു . അന്ന് വേദപാഠം കഴിഞ്ഞ് വീട്ടിലെത്തി വലിച്ചെറിഞ്ഞ പ്രാര്‍ഥനാ പുസ്തകം ഇന്നോളം വീണ്ടുകിട്ടിയിട്ടില്ല . വൈകാതെ പപ്പയുടെ സന്തത സഹചാരി അപ്പച്ചന്‍ ചേട്ടന്‍റെ കറുത്ത മുഖം മുറ്റത്ത്‌ പ്രത്യക്ഷപ്പെട്ടു . മുത്തച്ഛന്‍ എനിക്ക് സമ്മാനമായി തന്ന കൊച്ചുവള്ളമാണ് ഞങ്ങളുടെ വാഹനം . ഞാന്‍ നടുക്കും കാരണവന്‍മ്മാര്‍ രണ്ടും ഇരുപടികളിലും . ആദ്യം തൊള്ളായിരം എന്ന പാടശേഖരമായിരുന്നു കളിയരങ്ങ് . ചാരമുണ്ടി , കൊക്ക് തുടങ്ങിയ പക്ഷികളുടെ അനേകം കൂട്ടങ്ങളെ അപ്പച്ചന്‍ ചേട്ടന്‍ പേടിപ്പിച്ച് പറത്തിയകറ്റി . വെടിയേറ്റ് വീണു കിടക്കുന്ന പക്ഷികളെ പെറുക്കാന്‍ ചെന്ന ഞാന്‍ വിവിധയിനം തൂവലുകള്‍ ശേഖരിച്ച് തൃപ്തിയടഞ്ഞു . വെടിയുടെ അടുത്ത ഘട്ടത്തില്‍ പക്ഷികള്‍ക്ക് നിസാരമല്ലാത്ത പരിക്കുകള്‍ എല്പ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു . കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ട് . അന്ന് സന്ധ്യയോടെ അപ്പച്ചന്‍ ചേട്ടന്‍ ആര്‍പ്പുക്കരയിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരനായി മാറിക്കഴിഞ്ഞിരുന്നു . തുടർന്നുള്ള ഞായറാഴ്ചകളില്‍ ഈ പരിപാടി തുടര്‍ന്നു . തിരികെ രാത്രിയില്‍ മടങ്ങുമ്പോള്‍ മീനച്ചിലാറിന്റെ വരമ്പത്തെ ഏതെങ്കിലും ഷാപ്പില്‍ കയറി കള്ളും കപ്പയും കഴിക്കും . അര ഗ്ലാസായിരുന്നു എന്‍റെ ക്വാട്ട . എന്നാല്‍ ചില അവസരങ്ങളില്‍ അത് ഒരു ഗ്ലാസ് വരെ ഉയര്‍ന്നിരുന്നു . അന്ന് മാത്രം രാത്രി വഴിയില്‍ വള്ളത്തില്‍ ഇരുന്ന് ചില കവിതകള്‍ ഞാന്‍ ഉരുവിടുമായിരുന്നു . അപ്പനൊഴിച്ച് തരുന്ന ഗ്ലാസില്‍ കള്ളുകുടിക്കുന്ന ഞാന്‍ അക്കാലത്ത് ഷാപ്പിലെ ഒരത്ഭുതം തന്നെയായിരുന്നു .

സഹജീവികളോട് തീര്‍ത്തും കരുണയില്ലാതിരുന്ന ഈ അപ്പനും മകനും പക്ഷെ വീടിന്‍റെ പറമ്പിലെ പക്ഷികളെയോ അണ്ണാനെയോ ഉപദ്രവിക്കുമായിരുന്നില്ല . ഇന്ദുചൂഡന്‍റെ കേരളത്തിലെ പക്ഷികള്‍ വായിച്ച് ആവേശംകൊണ്ട് വീട്ടുപരിസരത്തെ പക്ഷികളുടെ സര്‍വേ നടത്തിയ കുഞ്ഞു ജൂലിയസിനു അന്ന് പക്ഷെ പാടത്തെ പക്ഷികളെ കൊല്ലുന്നതില്‍ പ്രത്യേകിച്ച് തെറ്റൊന്നും തോന്നിയിരുന്നില്ല . പക്ഷെ എണ്ണതില്‍ കുറവാണ് എന്ന കാരണത്താല്‍ നെയ്ക്കൊഴികളെയും കുളക്കൊഴികളെയും മറ്റും വെടിവെയ്പ്പ് വിനോദത്തില്‍ നിന്നും ഒഴിവാക്കാന്‍ അപ്പച്ചന്‍ ചേട്ടന് പ്രത്യേകിച്ചാരുടെയും പുസ്തകം വായിക്കേണ്ട ആവശ്യമില്ലായിരുന്നു . വലവീശുമ്പോള്‍ കിട്ടുന്ന കുട്ടിമത്സ്യങ്ങളെ തിരികെ ആറ്റിലേയ്ക്ക് തന്നെ പറഞ്ഞുവിടുന്ന പാരമ്പര്യശാസ്ത്രജ്ഞാനം തന്നെ അദ്ദേഹത്തിന് ധാരാളമായിരുന്നു . പക്ഷെ പഠിപ്പും വിവരവും വായനയും ഉള്ള മാനുവല്‍ ജോസഫിന് വേട്ടയാടല്‍ നിര്‍ത്താന്‍ സ്വന്തം അനുഭവം തന്നെ വേണമായിരുന്നു .

അന്നൊരിക്കല്‍ വളരെ വൈകിയാണ് ഞങ്ങള്‍ വെടിക്ക് പോയി തിരികെ എത്തിയത് . മമ്മി പാചകം ചെയ്യുന്ന സമയം പപ്പ തോക്ക് തുടച്ച് വൃത്തിയാക്കുകയായിരുന്നു . അപ്പച്ചന്‍ ചേട്ടനും മുറിയില്‍ ഇരിപ്പുണ്ട് . ശബ്ദം കേട്ട് അപ്പുറത്തെ മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിപ്പെങ്ങള്‍ മോളൂട്ടി പതുക്കെ പപ്പയുടെ അടുക്കലേയ്ക്ക് നടന്നു വന്നു . പപ്പാ അവളെ മടിയില്‍ കയറ്റി ഇരുത്തി കൂട്ടത്തില്‍ തോക്കില്‍ ഓയില്‍ ഇടാനും തുടങ്ങി . അവള്‍ കൊഞ്ചി പപ്പയോട് പറഞ്ഞു . ” പപ്പാ എനിക്കും ബെടി ബെക്കണം ” അവളെ രസിപ്പിക്കാന്‍ ഒരു ഉണ്ടയില്ലാ വെടി വെക്കാന്‍ പപ്പാ തീരുമാനിച്ചു . ഉടനെ അവള്‍ എന്നെ വെടിവെക്ക് എന്നും പറഞ്ഞ് കുഴല്‍ അവളുടെ നെഞ്ചിലേക്ക് വലിച്ചടിപ്പിച്ചു . ഒരു നിമിഷം ! പപ്പാ കാഞ്ചി വലിക്കുന്നതിന് മുന്‍പുള്ള ഒരേയൊരു മില്ലീ സെക്കണ്ട് ! അപ്പച്ചന്‍ ചേട്ടന്‍ കുഴല്‍ അവളുടെ നേരെ നിന്നും തട്ടി മാറ്റിയതും പപ്പാ കാഞ്ചി വലിച്ചതും ഒരുമിച്ച് കഴിഞ്ഞു . മുകളില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്‍റെ ഇലയില്‍ തട്ടി ലുധിയാനയില്‍ നിര്‍മ്മിച്ച പെല്ലറ്റ് ചതഞ്ഞരഞ്ഞു നിലത്തുവന്നു വീണു !

“ഇതില്‍ പെല്ലറ്റ് ഉണ്ടായിരുന്നോ ? ” ഞെട്ടിയെഴുന്നേറ്റ പപ്പാ ആരോടെന്നില്ലാതെ ചോദിച്ചു . മോളൂട്ടിയുടെ കരച്ചില്‍ കേട്ട് അടുക്കളയില്‍ നിന്നെത്തിയ മമ്മിക്ക്‌ കാര്യം ഉടന്‍തന്നെ പിടികിട്ടി . ” മനുഷ്യാ നിങ്ങള്‍ കൊന്ന പക്ഷികളുടെ ശാപമാണിത് , ദൈവാനുഗ്രഹം കൊണ്ടാണ് കൊച്ച് രക്ഷപെട്ടത് ” മമ്മിക്ക്‌ എന്ത് ചെയ്യണം എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു . അപ്പച്ചന്‍ ചേട്ടന്‍ ഒന്നും മിണ്ടിയില്ല . തലകുനിച്ച് അരമണിക്കൂറോളം എല്ലാവരും ഇരുന്നു . തോക്കില്‍ പെല്ലറ്റ് ഇരുന്ന വിവരം സത്യത്തില്‍ ആരും ഓര്‍ത്തിരുന്നില്ല . അന്ന് ഭിത്തിയില്‍ കയറിയ തോക്ക് ഇന്നും അതേപടി അവിടെ തന്നെ ഇരിപ്പുണ്ട് . സ്വന്തം ശരീരം വേദനിച്ചാലേ മറ്റുള്ളവരുടെ വേദന നമ്മുക്ക് പിടികിട്ടൂ . മോളൂട്ടി എന്ന അഥീന മെര്‍ലിന്‍ മാനുവല്‍ ഇന്ന് ഒരു ഉശിരന്‍ ആണ്‍കുഞ്ഞിന്‍റെ അമ്മയാണ് . പപ്പാ അതോടെ വേട്ടയാടല്‍ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു .ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അബുദാബി എയര്‍പ്പോര്‍ട്ട് റോഡ്‌ . ജൂലിയസ് മാനുവല്‍ എന്ന യുവാവ് പാന്‍റും ഷര്‍ട്ടുമിട്ട് ടൈയും കെട്ടി വളരെ വേഗത്തില്‍ നടക്കുകയാണ് . ഹംദാന്‍ സ്ട്രീറ്റ് ആണ് ലക്ഷ്യം . ഹബീബ് ബാങ്ക് എന്ന പാക്കിസ്താന്‍ ധനകാര്യശ്രുംഖലയുടെ കണ്ണികളില്‍ ഒന്നായ ഹബീബ് എക്സ്ചേഞ്ച് ആണ് ഉന്നം . ഗള്‍ഫിലെ രണ്ട് സിഗനലുകള്‍ക്കിടയിലെ ദൂരം വിചാരിക്കുന്നതിനേക്കാള്‍ പത്ത് മടങ്ങ്‌ കൂടുതല്‍ ആണെന്ന് മനസിലാക്കിയ ദിവസമായിരുന്നു അത് . അവസാനം ഒരു മണിക്കൂര്‍ വൈകി വിയര്‍ത്ത് കുളിച്ച് ഞാന്‍ ലക്ഷ്യസ്ഥാനത് എത്തിച്ചേര്‍ന്നു . രണ്ടാം നിലയില്‍ കുടികൊള്ളുന്ന CEO, മുഹമ്മദ്‌ അമിന്‍ ബാവ എന്‍റെ വിയര്‍ത്ത് കുളിച്ച ശരീരം ഒന്ന് തണുപ്പിക്കുവാന്‍ ഒരു ഗ്ലാസ് വെള്ളം തന്നു . “അറിയാമല്ലോ നമ്മുടെ ഉടമസ്ഥന്‍ ഇരിക്കുന്നത് അങ്ങ് സ്വിറ്റ്സര്‍ലന്‍ഡില്‍ ആണെങ്കിലും ഇതൊരു പാകിസ്താന്‍ ബെയ്സ്ഡ് ബാങ്കിംഗ് നെറ്റ് വര്‍ക്ക് ആണ് . ഹബീബ് ബാങ്ക് , ഹബീബ് മെട്രോപോലീട്ടന്‍ ബാങ്ക് തുടങ്ങിയവയൊക്കെ ഇതിന്‍റെ ഭാഗമാണ് . സത്യത്തില്‍ ഇതിനകത്തോട്ട് ഇന്ത്യക്കാര്‍ വരവ് കുറവാണ് . നിങ്ങളുടെ കുറെ ക്രിസ്ത്യന്‍ പള്ളികളും ഇവിടുണ്ട് . അപ്പോള്‍ നിന്‍റെ ഉന്നം ഞാനീപ്പറഞ്ഞവരൊക്കെ ആയിരിക്കണം . ബിസിനസ് കൂട്ടണം . ” ഒരു ഫിസിക്സ് തല ബാങ്കിനിടയില്‍ വെച്ചാല്‍ എങ്ങിനെ ഇരിക്കും എന്നൊന്നും എനിക്കറിയില്ലായിരുന്നു . പക്ഷെ കാശിനു നല്ല ആവശ്യമുണ്ട് . ഒരു ജോലി കൂടിയേ തീരൂ . അങ്ങിനെ ജൂലിയസ് സൂപ്പര്‍വൈസറായി, പരിശീലനം ആരഭിച്ചു . അതിനകത്ത് മനുഷ്യരെ ആരെയും ആദ്യമൊന്നും കാണാന്‍ സാധിച്ചില്ല . പക്ഷെ അവസാനം ഒരു കണ്ണൂര്‍കാരന്‍ ഡെപ്യൂട്ടി മാനേജരുടെ അരികില്‍ ഞാനെത്തിപ്പെട്ടു . Salim Malikkan എന്ന നല്ലൊരു മനുഷ്യന്‍ . അയാളെന്നെ സകലതും പഠിപ്പിച്ചു . ഒരേ പ്രായം ഒരേ ചിന്ത . ഞങ്ങള്‍ ഉറ്റചങ്ങാതിമാരായി . പക്ഷെ ആ ബന്ധം അധികനാള്‍ തുടര്‍ന്നില്ല . എന്നെ ഷാര്‍ജയിലേക്ക് സ്ഥലം മാറ്റി . റോളയിലെ ബാങ്ക് സ്ട്രീറ്റ് എനിക്ക് അമ്മവീട് പോലെയായി . അതും അധികം നീണ്ടു നിന്നില്ല . വീണ്ടും ഒരു സ്ഥലം മാറ്റം . ഹബീബ് എക്സ്ചേഞ്ചിന്റെ ഒരു പെട്ടിക്കട ബ്രാഞ്ച് . ഷാര്‍ജ ഇന്ടസ്ട്രിയല്‍ ഏരിയയില്‍ J&P റൌണ്ട്എബൌട്ടില്‍ . ഒരു ചെറിയ ശാഖ . പക്ഷെ ഒടുക്കത്തെ ബിസിനസ് . വീണ്ടും സമപ്രായക്കാരനായ മാനേജര്‍ കറാച്ചിക്കാരന്‍ ഖുറം ഖത്രി ( www.facebook.com/KhurramKAnjaria) . കക്ഷിക്ക് എന്ന ക്ഷ ബോധിച്ചതിനാല്‍ പിന്നെയൊരു സ്ഥലം മാറ്റം ഉണ്ടായില്ല . രസികനായ അയാളുടെ ബ്രാഞ്ചില്‍ ജീവിതം സുഖകരമായിരുന്നു . ബിസിനസ് കൂടിയപ്പോള്‍ ഷാര്‍ജാ ബ്രാഞ്ചില്‍ ഉണ്ടായിരുന്ന , കൂട്ടുകാരനും അനുജനുമായ Fajaz Bin Yousuf നെ അങ്ങോട്ടേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു . പക്ഷെ ഭാഗ്യവാനായ അവന്‍ വരുന്നതിനും മുന്‍പേ അത് നടന്നു .

Advertisements

വര്‍ഷം 2008 , എന്നത്തേയും പോലെ ഒരു സാധാരണ ദിവസം . വൈകുന്നേരം അഞ്ചുമണി . തിരക്ക് കുറവായതിനാല്‍ ഞങ്ങള്‍ കളിയും തമാശയും പറഞ്ഞ് നേരം കളയുന്ന സമയം . കാഷ്യറായ പഠാന്‍ മാജീദ് പറഞ്ഞ തമാശ കേട്ട് ചിരിച്ചു കണ്ണില്‍ക്കൂടി വെള്ളം വന്നു . മേനേജര്‍ ഖുറം മേശയില്‍ തലവെച്ച് ചിരിച്ച് മണ്ണുകപ്പി . അപ്പോഴതാ ഒരാള്‍ അകത്തേക്ക് കയറി വരുന്നു . ചിരിച്ച് വശംകെട്ട് ഇരുന്നതിനാല്‍ പലരും അയാളുടെ വരവ് ശ്രദ്ധിച്ചില്ല . മുഖം കറുത്ത തുണികൊണ്ട് മൂടിയിട്ടുണ്ട്‌ . പുറത്തെന്താ പൊടിക്കാറ്റുണ്ടോ ? എന്‍റെ ഫിസിക്സ് ബുദ്ധി നിഗമന ശാസ്ത്രത്തിന്‍റെ കെട്ടഴിച്ചു . വന്നയാള്‍ നേരെ ഖുറത്തിന്റെ മേശയിലേക്ക്‌ നീങ്ങി . അവന്‍റെ കൈ നേരെ പോക്കറ്റിലേക്കു ഇറങ്ങി . ഒരൊറ്റ നിമിഷം ! തോക്കെടുത്ത് ഖുറത്തിന്‍റെ പിറകിലിരുന്ന ക്യാമറക്ക്‌ നേരെ ഒരു വെടി ! ചിരിച്ചു കണ്ണ് നിറഞ്ഞിരുന്ന പലര്‍ക്കും കാര്യങ്ങള്‍ നേരെ ചൊവ്വേ കാണുവാന്‍ സാധിച്ചില്ല . ഉടന്‍തന്നെ മറ്റൊരു മുഖംമൂടി കൂടി അകത്തേക്ക് കയറി . ആകെയുണ്ടായിരുന്ന ഒരു കസ്റ്റമര്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി . അവര്‍ രണ്ടുപേരുണ്ടായിരുന്നു . പുറത്ത് വേറെയും കണ്ടേക്കാം . എല്ലാവരോടും എഴുന്നേല്‍ക്കാന്‍ അവര്‍ ആജ്ഞാപിച്ചു . പേര്‍ഷ്യന്‍ ചുവയുള്ള മുറി ഇംഗ്ലീഷ് . ഞാനുള്‍പ്പടെയുള്ള സകലെരെയും അവര്‍ ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തി . സത്യത്തില്‍ പാനിക് ബട്ടന്‍ മേശയുടെ അടിയില്‍ ഉണ്ടായിരുന്നു . പക്ഷെ മുന്‍പരിചയമില്ലാതിരുന്ന ഒരു സാഹചര്യത്തില്‍ അതൊന്നും ആരും അമര്‍ത്തിയില്ല . ഞങ്ങളോട് ഭിത്തിയോട് ചേര്‍ന്ന് തറയില്‍ കുത്തിയിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു . ഞങ്ങളുടെ മുന്നിലൂടെ വേണം കാഷ്യര്‍ മാജിദ് ഖാന്‍റെ അടുക്കലേക്ക്‌ അവര്‍ക്ക് പോകുവാന്‍ . തൊട്ടടുത്തുണ്ടായിരുന്ന ശ്രീലങ്കക്കാരന്‍ അലി പേടിച്ച് വിറച്ച് ഒച്ചയുണ്ടാക്കാന്‍ തുടങ്ങി . ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ഓരോരുത്തരും വിവിധരീതികളിലാവും പെരുമാറുക . നമ്മള്‍ എന്തുകൊണ്ട് ആനേരം അത് ചെയ്തില്ല എന്നൊക്കെ പിന്നീട് അത്ഭുതപ്പെടാറും ഉണ്ട് . അലിയുടെ വായില്‍ കൈവെച്ച് മൂടാന്‍ ഖുറം എന്നോട് ആംഗ്യം കാണിച്ചു . ഒച്ചകേട്ട് വന്നവര്‍ പരിഭ്രാന്തരായാല്‍ അവര്‍ വെടിവെച്ചേക്കാം . അവനെ ഞാന്‍ ഭിത്തിയോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചു . പക്ഷെ ഒരു കൈദൂരം മുന്നില്‍ ഉണ്ടായിരുന്ന പാനിക് ബട്ടന്‍ അമര്‍ത്താന്‍ അപ്പോഴും ധൈര്യം വന്നില്ല . എല്ലാം മൂന്നു മിനിട്ട് കൊണ്ട് കഴിഞ്ഞു . മജീദിനെ തോക്കുകൊണ്ട് ഇടിച്ച് വീഴ്ത്തിയ ശേഷം കൌണ്ടറില്‍ ഉണ്ടായിരുന്ന മുഴുവന്‍ ദിര്‍ഹവും ഒരു ചാക്കിലാക്കി അവര്‍ കൊണ്ടുപോയി . അവസാനം ചുറ്റോടുചുറ്റും ഒരു റൌണ്ട് വെടികൂടി അവര്‍ നടത്തി . ക്യാമറകളും ചില്ലുകളും തവിട് പൊടിയായി . എന്‍റെ പിറകിലിരുന്ന ഷെയ്ക്ക് സായിദിന്റെ ഫോട്ടോ നിലത്ത് വീണ് ചിതറി . അവര്‍ പോയിട്ടും പലരും നിലത്ത് നിന്നും എഴുന്നെറ്റിരുന്നില്ല . ഭാഗ്യം ആര്‍ക്കും വെടി കൊണ്ടിരുന്നില്ല . പക്ഷെ പിന്നീട് പോലീസുകാരന്‍ ഭിത്തിയിലെ പാട് കാണിച്ച് തന്നപ്പോള്‍ മനസിലായി , തല ഒന്ന് വെട്ടിച്ചിരുന്നെങ്കില്‍ ഇന്നിതെഴുതുവാന്‍ ഞാനുണ്ടാവുമായിരുന്നില്ല . ബൈക്കില്‍ പോയ തസ്ക്കരവീരന്മാരെ ദുബായ് പോലീസ് ഹെലിക്കൊപ്ട്ടറില്‍ നിന്നും വെടിവെച്ചിട്ടു പിടിച്ചു . പതിനാറും പതിനെട്ടും വയസുണ്ടായിരുന്ന ഇറാന്‍ വംശജരായ കുട്ടികള്‍ ! ഇന്നോരുപക്ഷേ ശിക്ഷ കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയിട്ടുണ്ടാവാം . ഹബീബ് പേര് മാറി ഇന്ഡക്സ് ആയി . പക്ഷെ മനസില്‍ ഇന്നും ഹബീബ് തന്നെ . ഈ പറഞ്ഞ J&P ബ്രാഞ്ച് ഇന്ന് ഉണ്ടോ എന്നറിയില്ല .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ