പാതാളലോകം

പാതാളലോകം 1

ഭൂമിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സാഹസികയാത്ര ഏതാണ് ? മുകളിലേയ്ക്ക് കയറിയാല്‍ എവറസ്റ്റ് വരെ . പക്ഷെ എത്രയോ പേര്‍ കയറി ഇറങ്ങിക്കഴിഞ്ഞു അത് . വേറെ ഏതെങ്കിലും ഒരു മല കയറാം എന്ന് വെച്ചാല്‍ തന്നെ ഗൂഗിള്‍ എര്‍ത്തില്‍ നോക്കി പഠിച്ച ശേഷം എങ്ങിനെ കയറാം എന്ന് തീരുമാനിക്കാം . അതിലെന്താ ഒരു രസം ? ഇനി കടലിനടിയിലേയ്ക്ക് പോയാലോ ? മരിയാനാ കിടങ്ങാണ് അങ്ങേ അറ്റം . അതും പലര്‍ മുങ്ങി നോക്കിക്കഴിഞ്ഞു . വേറെ ഏതെങ്കിലും കുഴിയിലേക്ക് മുങ്ങാം എന്ന് ആലോചിച്ചാലും വലിയ പുതുമയൊന്നും ഇല്ല . സോണാര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ പഠിച്ച് ചെയ്യാവുന്നതേ ഉള്ളൂ . ഇപ്പോഴാണ് ലോകത്ത് ഏറ്റവും ത്രില്ലിങ്ങായ സാഹസിക യാത്ര എങ്ങോട്ടേക്ക് എന്ന ചോദ്യം ഉയരുന്നത് . ഉത്തരം ഇതാണ് ഭൂഗർഭഗുഹകള്‍ !

Advertisements
[dropshadowbox align=”none” effect=”lifted-both” width=”auto” height=”” background_color=”#ffffff” border_width=”1″ border_color=”#dddddd” ]കുറ്റാക്കൂരിരുട്ട് …….. എവിടെനിന്നോ വന്ന് എങ്ങോട്ടോ ഒഴുകുന്ന അരുവികള്‍ ….. ചെറിയ ശബ്ദം പോലും ആയിരം മടങ്ങായി അലയടിക്കുന്ന അന്തമില്ലാത്ത ചെറു ടണലുകള്‍ …… പെട്ടുപോയാല്‍ ഒരിക്കലും രക്ഷപെടില്ലാത്ത കൂറ്റന്‍ ചതുപ്പുകള്‍ …..അവസാനമില്ലാത്ത അനേകം കൈവഴികള്‍ ……… ചെറിയൊരു മണ്ണിടിച്ചിലില്‍ നമ്മള്‍ എന്നന്നേക്കുമായി കുടുങ്ങിപ്പോയേക്കാവുന്ന ഭീതി നിറഞ്ഞ അന്തരീക്ഷം ! ഒരു സാഹസികന് ഇതില്‍പ്പരം എന്തുവേണം ?[/dropshadowbox]

ഗുഹാപര്യവേഷകര്‍ക്ക് എന്നും പുതുമയാണ് . ഭൂമിയില്‍ ഇനിയും കണ്ടുപിടിക്കപെടാത്ത അനേകം ഭൂഗർഭ ഗുഹകള്‍ ഇനിയുമുണ്ട് . എല്ലാവര്‍ഷവും പുതിയ പുതിയ ഗുഹകള്‍ പ്രത്യക്ഷപ്പെടുന്നു . ഏറ്റവും ആഴമെറിയത്‌ ഏത് ? എറ്റവും നീളമേറിയത് ഏത് ? ഏറ്റവും പ്രയസമേറിയത് ഏത് ? എന്ന കാര്യത്തില്‍ ഓരോ ഗുഹകളും തമ്മില്‍ കടുത്ത മത്സരമാണ് . നിലവിലുള്ള ഗുഹകളില്‍ തന്നെ പുതിയ പുതിയ കൈവഴികള്‍ ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് ഞാന്‍ നാളെ നീ എന്ന കണക്കെയാണ് കാര്യങ്ങള്‍ . ചുരുക്കത്തില്‍ ഒരു ഗുഹായാത്രികന് എപ്പോഴും പുതുമനിറഞ്ഞ എന്തെങ്കിലും ഉണ്ടാവും .

ഭൂമിയിലെ ആഴമേറിയ മൂന്ന് ഗുഹകളിലെ കാഴ്ച്ചകളും നടന്ന ചില സംഭവങ്ങളുമാണ് ഇനി നാം കാണാൻ പോകുന്നത് .

ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ

ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. ആഴം 2,197 m. രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് ഇത് ! ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത്‌ നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് . 2001 ല് ആണ് ഓസ്ട്രിയയിലെ Lamprechtsofen ഗുഹയില്‍ നിന്നും ആഴമേറിയ ഗുഹ എന്ന പദവി ഇതിനു സ്വന്തമായത്. 1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത് . (ഗുഹകളെ കുറിച്ചുള്ള പഠനത്തിന്റെ പേരാണ് Speleology). റഷ്യന്‍ ഭാഷയില്‍ ഈ ഗുഹക്ക് Voronya Cave എന്നും പേരുണ്ട് . അര്‍ഥം എന്താണെന്ന് വെച്ചാല്‍ കാക്കകളുടെ ഗുഹ ! . ഗുഹാമുഖത്ത്‌ കൂട് കൂട്ടിയിരിക്കുന്ന ആയിരക്കണക്കിന് കാക്കകള്‍ ആണ് ഈ പേരിന് നിദാനം . ഈ ഗുഹയുടെ ചില ശാഖകള്‍ അപ്പുറത്ത് കരിങ്കടല്‍ വരെ നീളും എന്നാണ് ചിലര്‍ കരുതുന്നത് .

ഭൂമിക്കുള്ളിലെ മറ്റൊരു ലോകം !

ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ “sumps” ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന “sumps” കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത്‌ . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക്‌ കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ . ഇതൊക്കെ ആലോചിക്കുമ്പോള്‍ ഈ ഗുഹയുടെ ഏറ്റവും താഴെ വരെ ചെന്ന Gennadiy Samokhin നെ നമ്മള്‍ സമ്മതിച്ചേ തീരൂ . 56 ഗുഹാ പര്യവേഷകരുമായി ആണ് അദ്ദേഹം ഈ കൂറ്റന്‍ കുഴിയിലേക്ക് ഇറങ്ങിയത്‌ . മുകളില്‍ നിന്നും പൈപ്പ് വഴിയുള്ള ഓക്സിജനും പിന്നെ തങ്ങളുടെ കയ്യിലുള്ള സിലിണ്ടര്‍ വായുവും ഉപയോഗപ്പെടുത്തി ആണ് അവര്‍ മുന്നേറിയത് . ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെ വിസ്താരമുള്ള ചില അറകളില്‍ അവര്‍ ടെന്റുകള്‍ കെട്ടി അന്തിയുറങ്ങി . ഭക്ഷണം പാകം ചെയ്തു കഴിച്ചു . മൂന്നാം ആഴ്ച 1,775 മീറ്റര്‍ താഴ്ചയില്‍ തങ്ങള്‍ ഒരു ഘട്ടത്തില്‍ മടങ്ങി പോരേണ്ട അവസ്ഥ ഉണ്ടായതായി അവര്‍ ഓര്‍ക്കുന്നു . മുപ്പത്തിമൂന്നു അടിയോളം വെള്ളം കെട്ടി കിടക്കുന്ന ഒരു ഭൌമാന്തര തടാകം (sump) ആയിരുന്നു മാര്‍ഗ്ഗ തടസം . അവിടെ നിന്നും വേറെ ചെറു ടണലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല . ജലതിനാണെങ്കില്‍ ശരീരം മരവിപ്പിക്കുന്ന തണുപ്പും . മണിക്കൂറുകള്‍ നീണ്ട പര്യവേഷണത്തിനോടുവില്‍ ഏകദേശം നൂറു മീറ്റര്‍ നീളമുള്ള , ഒരാള്‍ക്ക്‌ കഷ്ടിച്ച് നിരങ്ങി പോകാവുന്ന ഒരു ഇടനാഴി കണ്ടു പിടിച്ചതോടെയാണ് അവര്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചത് . ആ പാസേജിനെ “Way to the Dream” എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌ . അപ്പോഴേക്കും അവര്‍ കൃബേറാ ഗുഹയില്‍ അകപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരുന്നു !! ഏറ്റവും ഒടുവില്‍ ഇനിയും പോകാന്‍ സ്ഥലമില്ല എന്ന് തോന്നിയ ഘട്ടത്തില്‍ അവര്‍ അല്‍ട്ടീമീറ്ററില്‍ ഒന്ന് നോക്കി 2,197 മീറ്റര്‍ ! . ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുകൊണ്ട് ആ സ്ഥലത്തിന് ഒരു പേരുമിട്ടു …..”Game Over” !!!!!! ഇത്രയും താഴ്ചയില്‍ എത്താന്‍ ഒരു മാസം കൊണ്ട് അവര്‍ താണ്ടിയ ദൂരം ഏകദേശം പതിനാറ് കിലോമീറ്റര്‍ ആണ് !!!

ഭൂമിക്കടിയില്‍ ജീവന്‍റെ തുടിപ്പ് !

Advertisements

കൃബേറാ ഗുഹാമുഖത്ത്‌ കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) . എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട്‌ ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജീവിക്കുന്നുണ്ട് . ചില അപൂര്‍വ്വ ഇനം എട്ടുകാലികളും ഇതില്‍ പെടും ! ബാക്കിയുള്ള മിക്ക പ്രാണികളും ലോകത്ത് ഈ ഗുഹയില്‍ മാത്രം കാണപ്പെടുന്നവയാണ്‌ . അക്കൂട്ടത്തില്‍ Plutomurus ortobalaganensis എന്ന പ്രാണി ഒരു ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് . കാരണം കക്ഷി താമസിക്കുന്നത് 1,980 മീറ്റര്‍ താഴ്ചയില്‍ ആണ് !! കരയില്‍ ഇത്രയും ആഴത്തില്‍ വേറൊരു ജീവിയോ ജീവനോ നാം കണ്ടെത്തിയിട്ടില്ല ! (deepest land animal ever found). കുറ്റാകൂരിരുട്ടത്‌ കണ്ണിന്‍റെ ആവശ്യം ഇല്ലാത്തതിനാല്‍ അതേതായാലും ഇതിനു ഇല്ല . springtails എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന ഇവക്കു അതിനാല്‍ തന്നെ ചിറകും ഇല്ല . പാറകളിലും മറ്റും ഉള്ള ഫംഗസുകള്‍ തിന്ന്‍ ആണ് പാവം ജീവിക്കുന്നത് ( they feed on fungi and decomposing organic matter).

എന്തായാലും നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന ഈ ഗുഹയുടെ കൈവഴികളില്‍ പലതിലും നമ്മെ അത്ഭുതപ്പെടുത്തുന്ന പലതും ഇനിയും ഉണ്ടാവാം . എന്തായാലും പര്യവേഷണങ്ങള്‍ തുടരുകയാണ് . നിങ്ങള്‍ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോഴും പതിനഞ്ചു പേര്‍ അടങ്ങുന്ന ഒരു കൂട്ടം റഷ്യന്‍ ഗവേഷകര്‍ 1800 മീറ്റര്‍ താഴ്ചയില്‍ ഗവേഷണം തുടരുകയാണ് ! ……………

പാതാളലോകം 2

[dropshadowbox align=”none” effect=”lifted-both” width=”auto” height=”” background_color=”#ffffff” border_width=”1″ border_color=”#dddddd” ]ഒരു ഭൂഗർഭഗുഹ രൂപപ്പെടുന്നതെങ്ങിനെ ? >>>

ഒരു മഴ പെയ്യുവാന്‍ തുടങ്ങുമ്പോള്‍ ഒരുഗുഹയും രൂപം കൊള്ളാന്‍ തുടങ്ങുന്നു. അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങുന്ന മഴവെള്ളത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലരുമ്പോള്‍ അതിന് ചെറിയ അസിടിക് നേച്ചര്‍ കൈവരുന്നു . അതുകൊണ്ടാണ് മഴവെള്ളത്തിനു PH മൂല്യം 5.6 കൈവന്നത് . ഈജലം മണ്ണിലേക്ക് ഇറങ്ങുമ്പോള്‍ അവിടെയുള്ള ജൈവഅവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡിനെ ആഗീരണംചെയ്ത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. വീണ്ടും ഇതേ അസിടിക് ജലം ലൈംസ്റ്റോണ്‍ പാറകള്‍ക്കിടയിലൂടെ (calcium carbonate) ഇറങ്ങുമ്പോള്‍ അവയുമായി പ്രതിപ്രവര്‍ത്തിച്ചു അവയെ ലയിപ്പിക്കുവാന്‍തുടങ്ങുന്നു. അങ്ങിനെ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ജലം വീണ്ടും അതിലൂടെ താഴേക്ക് ഇറങ്ങി ഒരു ജലപാതതന്നെ രൂപപ്പെടുന്നു . ഇതിലൂടെ വായൂ കടന്നുവരുകയും പ്രവര്‍ത്തനം (chemical erosion) കൂടുതല്‍ ശക്തിആര്‍ജ്ജിക്കുകയുംചെയ്യും. കാലക്രമേണ ഈ ജലപാതവലുതായി വലുതായി വരുകയും ഗുഹകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യും .[/dropshadowbox]

ഗുഹാപര്യവേഷകര്‍ക്ക് എന്നും പുതുമയാണ് . ഭൂമിയില്‍ ഇനിയും കണ്ടുപിടിക്കപെടാത്ത അനേകം ഭൂഗർഭ ഗുഹകള്‍ ഇനിയുമുണ്ട് . എല്ലാവര്‍ഷവും പുതിയ പുതിയ ഗുഹകള്‍ പ്രത്യക്ഷപ്പെടുന്നു . ഏറ്റവും ആഴമെറിയത്‌ ഏത് ? എറ്റവും നീളമേറിയത് ഏത് ? ഏറ്റവും പ്രയസമേറിയത് ഏത് ? എന്ന കാര്യത്തില്‍ ഓരോ ഗുഹകളും തമ്മില്‍ കടുത്ത മത്സരമാണ് . നിലവിലുള്ള ഗുഹകളില്‍ തന്നെ പുതിയ പുതിയ കൈവഴികള്‍ ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് ഞാന്‍ നാളെ നീ എന്ന കണക്കെയാണ് കാര്യങ്ങള്‍ . ചുരുക്കത്തില്‍ ഒരു ഗുഹായാത്രികന് എപ്പോഴും പുതുമനിറഞ്ഞ എന്തെങ്കിലും ഉണ്ടാവും . കൂടുതല്‍ പറഞ്ഞ് വിരക്തിയുണ്ടാക്കുന്നില്ല , നാം ഇപ്പോള്‍ പോകുന്നത് മറ്റൊരു ലോകത്തിലേക്കാണ് ….

ദക്ഷിണമെക്സ്സിക്കോയിലെ Chevé ഗുഹയിലേയ്ക്ക്

ഇതൊരു ഗുഹാ ശൃംഗലയാണ് . ഭൂമിക്കടിയിലെ ഗുഹകളുടെ ഒരു നെറ്റ്‌വര്‍ക്ക് ! ഇതിനു എത്രകിലോമീറ്റര്‍ നീളമുണ്ടെന്നോ , ആഴമുണ്ടെന്നോ ശരിയായ രീതിയില്‍ തിട്ടപ്പെടുത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല . നിലവില്‍ മനുഷ്യന്‍ 1,484 m അവരെ ഇറങ്ങി ചെന്നിട്ടുണ്ട് . ഗുഹാമുഖത്ത്‌ നിന്നും പത്തുകിലോമീറ്റര്‍ ദൂരം ഇരുട്ടിലൂടെയും , നിരങ്ങി മാത്രം സഞ്ചരിക്കാവുന്ന ഇടനാഴികളിലൂടെയും , കൂറ്റന്‍ തടാകങ്ങളിലൂടെയും സഞ്ചരിച്ചാണ് ഇത്രയും താഴ്ചയില്‍ എത്തിച്ചേരുന്നത് . ഒരു ഘട്ടത്തില്‍ രണ്ടു മൈല്‍ വരെ നീളമുള്ള വടങ്ങളും മറ്റും ഇതിനായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് . ഇതിനിടയില്‍ ആയിരക്കണക്കിന് ചെറു ഇടനാഴികള്‍ വേറെയുമുണ്ട് . വഴി തെറ്റിയാല്‍ എവിടെയെത്തിച്ചെരുമെന്നു പ്രവചിക്കാനാവില്ല . Bill Stone എന്ന കേവ് ഡൈവര്‍ ആണ് ഇത്രയുമൊക്കെ കണ്ടു പിടിച്ച ധീരന്‍ . ഏറ്റവും താഴെ ഒരു ഒരു കൂറ്റന്‍ തടാകമാണ് അദ്ദേഹത്തിന്‍റെ വഴി തടസ്സപ്പെടുത്തുന്നത് . അടുത്ത വര്‍ഷം അതിനെയും മറികടക്കുവനായി കൂടുതല്‍ സജ്ജീകരണങ്ങളുമായി മുപ്പതോളം സഹപ്രവര്ത്തകരോടോന്നിച്ചാണ് കക്ഷിയുടെ അടുത്ത സാഹസിക യാത്ര .

11 °C ആണ് ഗുഹയിലെ ഏറ്റവും കൂടിയ താപനില . എന്നാല്‍ ഗുഹയിലെ ചതുപ്പ് നിലങ്ങളിലും തടാകങ്ങളിലും (Sump or siphon) മരംകോച്ചുന്ന തണുപ്പാണ് . പ്രദേശവാസികളുടെ ( Cuicatecs) വിശ്വാസത്തില്‍ señor del cerro (Lord of the hill) എന്ന ഒരു പുരാതന സത്വം ഈ ഗുഹകളില്‍ ജീവിച്ചിരിപ്പുണ്ട് . ഗുഹാമുഖത്ത്‌ ഈ സത്വത്തിന് വേണ്ടി നരബലികളും മറ്റും പണ്ട് നടത്തിയിരുന്നു . അന്ന് ബലികൊടുക്കപ്പെട്ടവരുടെ അസ്ഥികളെ ചവുട്ടി വേണം ആധുനികസാഹസികര്‍ക്ക് ഗുഹയിലേക്ക് പ്രവേശിക്കുവാന്‍ ! ഇതിനിടയിലാണ് ഈ ഗുഹക്കു സമാന്തരമായി J2 എന്ന മറ്റൊരു ഗുഹ കണ്ടുപിടിക്കപ്പെട്ടത് . എന്നാല്‍ ഭൂമിക്കടിയില്‍ എവിടെയോ വെച്ച് J2, Chevé ഗുഹയുമായി സന്ധിക്കുന്നുണ്ട് എന്ന സംശയം ഇപ്പോള്‍ ഉണ്ട് . അങ്ങിനെ വന്നാല്‍ ഭൂമിക്കുള്ളിലെ മറ്റൊരു ലോകമായി മാറും ഈ മെക്സിക്കന്‍ ഗുഹകള്‍ . കൂടാതെ ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത ചരിത്രാതീതകാലത്തെ അനേകം ജീവികളുടെ ഫോസിലുകളും ഈ ഗുഹകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് . എന്തായാലും ബില്‍ സ്റൊണിന്റെ അടുത്ത പര്യവേഷണത്തില്‍ എല്ലാ രഹസ്യങ്ങളുടെ ചുരുളുകളും ആഴിയും എന്നാണ് കരുതുന്നത് .

താഴെ ചിത്രത്തില്‍ കാണുന്നത് പര്യവേഷകനായ Bart Hogan , Chevé ഗുഹാമുഖത്ത്‌ നില്‍ക്കുന്നതാണ് .

പാതാളലോകം 3

ഇതുവായിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം ഇതാ …

1. ഒരു ഭൂഗർഭഗുഹയുടെ താഴ്ച പറയുന്നത് , ഗുഹാമുഖത്ത്‌ നിന്നും താഴേയ്ക്കുള്ള വെര്‍ട്ടിക്കല്‍ ദൂരം ആണ് . ഒരാള്‍ക്ക്‌ അവിടം വരെയെത്താന്‍ അതിന്‍റെ പത്തിരട്ടി ദൂരം ഒരുപക്ഷെ സഞ്ചരിക്കേണ്ടി വരാം . A cave’s depth is measured from the entrance down, no matter how high it is above sea level.

2. ഗുഹയുടെ ആഴം അളക്കുന്നത് ഗുഹാമുഖത്ത്‌ നിന്നോ അതിനടുത്തു നിന്നോ താഴേക്ക് ഒഴുകുന്ന ജലത്തില്‍ fluorescent dye ചേര്‍ത്തിട്ടാണ് . Fluorescein ആണ് സാധാരണ ഉപയോഗിക്കുന്നത് . കൂടുതല്‍ ഈ ലിങ്കില്‍ ഉണ്ട് >>>> http://dyetracing.com/?page_id=30

2. ഗുഹകളില്‍ കെട്ടിക്കിടക്കുന്ന ജലത്തെ അല്ലെങ്കില്‍ തടാകത്തെ Sump or siphon എന്നാണ് വിളിക്കുന്നത്‌ . ഇത് ഒരുപക്ഷെ മറ്റു ഒഴുക്കുകളുമായി ബന്ധം ഉള്ളതാവാം അല്ലെങ്കില്‍ വെറുതെ കെട്ടിക്കിടക്കുന്നത് ആവാം . തീരെ ചെറിയ ചതുപ്പാണ് എങ്കില്‍ duck എന്ന് വിളിക്കും .

3. സാധാരണ ഗുഹാമുഖത്ത്‌ ഒരു അപ്പര്‍ ബെയ്സ് ക്യാമ്പ് ഉണ്ടാവും . അവിടെനിന്നും താഴേയ്ക്ക് വലിച്ചിരിക്കുന്ന വയറുകള്‍ മുഖേനയാണ് ഗുഹാ യാത്രികന് ബാഹ്യലോകവുമായി ബന്ധമുണ്ടാവുക . ഗുഹക്കകത്തു ഏതെങ്കിലും വിശാലമായ സ്ഥലത്ത് മറ്റൊരു ക്യാമ്പ് കെട്ടി അവിടെനിന്നും വയര്‍ലെസ്സ് കണക്ഷന്‍ മുഖേനയും വാര്‍ത്താവിനിമയം നടത്താറുണ്ട്‌ .

ഗുഹയ്ക്ക് അകത്തു സെറ്റ് ചെയ്യുന്ന ബെയ്സ് ക്യാമ്പിലേക്ക് ഭക്ഷണവും ചാര്‍ജ് ചെയ്ത ബാറ്ററികളും ടോര്‍ച്ചുകളും മറ്റു അവശ്യവസ്തുക്കളും ഇടയ്ക്കിടക്ക് മുകളില്‍ നിന്നും സഹായികള്‍ എത്തിച്ചുകൊണ്ടിരിക്കും . വീട്ടില്‍ നിന്നുള്ള എഴുത്തുകളും ഇ മെയിലുകളും മറ്റും ഇതിലുണ്ടാവും .

ദക്ഷിണാഫ്രിക്കയിലെ ബുഷ് മെൻ ഗുഹ 

1994 ഡിസംബര്‍ പതിനേഴ്‌ . അമ്പതിനോടടുത്ത് പ്രായമുള്ള Marie എന്ന സ്ത്രീ ക്രിസ്തുമസ് ഒരുക്കങ്ങള്‍ നടത്തുകയാണ് . ഇപ്രാവിശ്യം മകന്‍ ഡിയോണ്‍ ക്രിസ്തുമസിനു മുന്‍പേ എത്തിച്ചേരാമെന്ന് വാക്ക് തന്നിട്ടുണ്ട് . ധൃതി പിടിച്ച് വീട്ടിനുള്ളില്‍ ഓടിനടന്നിരുന്ന അവര്‍ വാതില്‍ക്കലുള്ള തുടര്‍ച്ചയായ ശബ്ദം കേട്ടാണ് നിന്നത് . പോലീസുകാരാണ് . മനസിലൊരു മിന്നായം പോയെങ്കിലും അത് പുറത്തു കാണിക്കാതെ അവർ പൊലീസുകാരെ നേരിട്ടു . “നിങ്ങൾ വേഗം മൗണ്ട് കാർമൽ വരെയൊന്നു വരണം , ഞങ്ങൾക്ക് നിങ്ങളോട് സംസാരിക്കാനുണ്ട് ” . മകന് വിപത്ത് സംഭവിച്ചിരിക്കുന്നു എന്ന് ആരും പറയാതെ തന്നെ അവർക്കു പിടികിട്ടി . ഇരുപതുകാരനായ ഡിയോൺ നാട്ടിൽ അറിയപ്പെടുന്ന ഡൈവിങ് വിദഗ്ദനാണ് . പക്ഷെ ഇപ്രാവശ്യം അവൻ മുങ്ങാൻ പോയത് ഭൂമിയിലെ തന്നെ ഏറ്റവും ആഴം കൂടിയതിലൊന്നും , ശുദ്ധജലം നിറഞ്ഞതുമായ Boesmansgat അഥവാ “Bushman’s Hole” എന്നറിയപ്പെടുന്ന കൂറ്റൻ കുഴിയിലേക്കാണ് . ഇതിന് മുന്നേ ഈ കുഴിയുടെ ആഴം കണ്ടുപിടിക്കാൻ പുറപ്പെട്ട Eben Leyden എന്ന ഡൈവർ മരിച്ച സ്ഥലമാണ് , പോകരുതെന്ന് ആയിരംവട്ടം വിലക്കിയതുമാണ് . പക്ഷെ അനിവാര്യമായത് സംഭവിച്ചു കഴിഞ്ഞു എന്ന് ആ അമ്മക്ക് മനസിലായി . അവരെയും കാത്ത് ഡിയോണിന്റെ കൂടെ മുങ്ങിയ Dietloff Giliomee എന്ന ഡൈവർ നിൽപ്പുണ്ടായിരുന്നു . “ഉദ്യേശിച്ച ആഴം വരെ ഞങ്ങൾ മുങ്ങിയതാണ് , തിരികെ മുകളിലേയ്ക്ക് വരുമ്പോഴാണ് അത് സംഭവിച്ചത് . ഡിയോൺ ഏറ്റവും പിറകിലായിരുന്നു . പിറകിൽ നിന്നും ഫ്‌ളാഷ് ലൈറ്റ് വരുന്നതായി വേറൊരു ഡൈവറാണ് കണ്ടത് . വീണ്ടും നൂറടിയോളം താഴ്ചയിൽ നിന്നായിരുന്നു ലൈറ്റ് വന്നിരുന്നത് . ഞങ്ങൾ കുറേദൂരം അതിനെ പിന്തുടർന്ന് വീണ്ടും ആഴത്തിലേക്ക് മുങ്ങിയെങ്കിലും വെളിച്ചം കൂടുതൽ താഴ്ച്ചയിലേക്കു അകന്ന് പോകുകയായിരുന്നു . ഞങ്ങൾക്ക് കൂടുതൽ മുങ്ങാൻ സാധിച്ചില്ല . മണിക്കൂർ രണ്ടു കഴിഞ്ഞു . ഡിയോൺ ഇതുവരെയും വന്നിട്ടില്ല . ‘അമ്മ ക്ഷമിക്കണം ” .

ഭൂമിയിലെ ശുദ്ധജലം നിറഞ്ഞു കിടക്കുന്ന ഗുഹകളിൽ ഏറ്റവും ആഴംകൂടിയവയിൽ ഒന്നായ , ദക്ഷിണാഫ്രിക്കയിലെ ബുഷ് മെൻ കെവിന്റെ അടിത്തട്ടിൽ ചെന്നിട്ടുള്ള ആളുകളേക്കാൾ കൂടുതൽ പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് എന്നതാണ് സത്യം . ഈ പടുകൂറ്റൻ പാതാളത്തിൽ ഏറ്റവും ആഴത്തിൽ ( 283 m ) ചെന്നെത്തിയ വ്യക്തി പോർച്ചുഗീസ് രക്തമുള്ള ദക്ഷിണാഫ്രിക്കക്കാരൻ Nuno Gomes (1996 ) ആണ് . ഈ ആഴത്തിലെ ചെളിക്കുണ്ടിൽ രണ്ടു മിനിറ്റോളം കുടുങ്ങിക്കിടന്ന് മരണവെപ്രാളത്തോടെയാണ് നുനോ അന്ന് മുകളിലെത്തിയത് . സമുദ്രനിരപ്പിൽ നിന്നും 1,500 m ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാതാളലോകത്തിലേക്ക് ചെല്ലാൻ സാധാരണ രീതിയിലുള്ള മുങ്ങൽസംവിധാനങ്ങളൊന്നും പോര . തിയറി അനുസരിച്ച് (decompression schedule) ഈ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗുഹയിൽ മൂന്നൂറു മീറ്ററോളം താഴ്‍ചയിൽ ഡൈവ് ചെയ്യണമെങ്കിൽ , കടലിൽ മുന്നൂറ്റമ്പത് മീറ്റർ ആഴത്തിൽ മുങ്ങാനെടുക്കുന്ന അതേ മുൻകരുതലുകൾ തന്നെയടുക്കണം . ( ഈ ലിങ്കിൽ ഇതിനുള്ള സൂത്രവാക്യം ഉണ്ട് >> http://www.8thelementdiving.com/scuba_math/altitude.php) .

പന്ത്രണ്ടേകാൽ മണിക്കൂറാണ് അന്നദ്ദേഹം ഈ ഗുഹയിൽ ചെലവിട്ടത് . ഇതേ ന്യൂനോ ഗോമസിന്റെ ഹെൽപ്പിങ് ടീമിലെ അംഗമായിരുന്നു ഡിയോൺ . ഡിയോൺ അപ്രക്ത്യക്ഷമായി രണ്ടാഴചയ്ക്കു ശേഷം ഡിയോണിന്റെ പിതാവ് തിയോ , ഒരു വിദൂരനിയന്ത്രിത ഉപകരണമായ sub ഉപയോഗിച്ച് ബുഷ് മാൻ കുഴിയിൽ തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ഹെൽമറ്റ് മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചത് . ഡിയോണിന്റെ അന്ത്യോപചാര പ്രാർത്ഥനകൾ ആ പടുകൂറ്റൻ പാതാളഗർത്തത്തിന്റെ കരയിൽ നിന്ന് നിർവ്വഹിച്ച മാതാപിതാക്കൾ സാഹസികനായ മകന് ചേർന്ന കുഴിമാടം തന്നെയാണ് ഇതെന്ന് ആശ്വസിച്ചു .

അങ്ങിനെ നീണ്ട പത്തു വർഷങ്ങൾ കഴിഞ്ഞു . 2004 ഒക്ടോബർ മുപ്പതിന് ഡിയോണിന്റെ മാതാപിതാക്കളെ തേടി അങ്ങ് ആസ്‌ത്രേലിയയിൽ നിന്നൊരു ഫോൺ കോൾ എത്തി . “നിങ്ങളുടെ മകന്റെ ശരീരം ഞാൻ വീണ്ടെടുത്തു തരാം ” എന്നായിരുന്നു മറുതലയ്ക്കലിൽ നിന്നുള്ള സന്ദേശം . വിളിച്ചത് മറ്റാരുമായിരുന്നില്ല നിരവധി ലോകറെക്കോർഡുകൾക്കു ഉടമയായ ലോകപ്രശസ്ത സ്‌കൂബാ ഡൈവർ David John Shaw ആയിരുന്നു . കൂട്ടുകാർ “Dave” എന്ന് വിളിക്കുന്ന ജോൺ ഷോ ഭൂമിയിലെ ഒട്ടുമിക്ക ഗുഹകളും മുങ്ങിതീർത്ത പ്രതിഭാശാലിയും നല്ലൊരു വൈമാനികനും ആയിരുന്നു . നല്ലൊരു മത വിശ്വാസിയായ ജോണിന് തൻ്റെ അതെ പ്രൊഫഷനിൽ ഉണ്ടായിരുന്ന ഡിയോണിന്റെ ശരീരം മതാചാരപ്രകാരം തന്നെ അടക്കം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു . അതിനായി അതേവർഷം ബുഷ് മെൻ കുഴിയിൽ മുങ്ങിയ അദ്ദേഹം മൃതശരീരത്തിൻ്റെ ലൊക്കേഷൻ കണ്ടെത്തുകയും ഫോട്ടോ പകർത്തുകയും ചെയ്തു . അടുത്ത മുങ്ങലിൽ എളുപ്പം കണ്ടുപിടിക്കാനായി മുകളിലേക്ക് ഒരു കയറിനാൽ ബന്ധിപ്പിക്കുകയും ചെയ്തു . അത്യാവേശത്തോടെ , പിന്നീട് രണ്ടായിരത്തി അഞ്ച് ജനുവരിയിൽ തൻ്റെ ജീവിതത്തിലെ 333 മത്തെ ഡൈവിങ്ങിനായി ഉറ്റ സുഹൃത്ത് Don Shirley യോടൊപ്പം ജോൺ ഷോ ഭൂമിയിലെ പാതാളം എന്ന് വിശേഷിക്കപ്പെടുന്ന ബുഷ് മാൻ കുഴിയിലേക്ക് വീണ്ടും ഊളിയിട്ടു (8 January 2005) . തെളിച്ചമുള്ള ക്യാമറയും , ശക്തിയേറിയ വെളിച്ചവും മറ്റ് ആധുനിക സൗകര്യങ്ങളുമായി ആണ് അവർ ആഴങ്ങളിലെക്ക് താഴ്ന്നത് . മണിക്കൂറുകൾ നീണ്ട മുങ്ങലിനൊടുവിൽ ജോൺ , 270 മീറ്റർ താഴെ പാറകൾക്കിടയിൽ ഡിയോണിന്റെ ശരീരം വീണ്ടും ലോക്കറ്റ് ചെയ്തു .

ഡിയോൺ ധരിച്ചിരുന്ന വെറ്റ് സ്യൂട്ടിനുള്ളിലെ മൃത ശരീരം അതിനാൽ തന്നെ സോപ്പ് പോലെയുള്ള adipocere എന്ന അവസ്ഥയിൽ ആയിരുന്നു . ശരീരം വയറുകൾ മുറിച്ച് സ്വന്തന്ത്രമാക്കാനുള്ള ശ്രമത്തിനിടയിൽ ഡിയോണിന്റെ തല ഉടലിൽ നിന്നും വേർപെട്ടു . ഒന്ന് പതറിയ ജോൺ ആകെ പരീക്ഷിണിതനായി . ഇതിനിടെ കുറച്ചു മാറി മുകളിലുണ്ടായിരുന്ന സഹഡൈവർ ഡോൺ ധൃതിപിടിച്ചു താഴേക്കു ഊളിയിയിട്ടെങ്കിലും മാസ്‌ക് പാറയിലിടിച്ചു തകർന്നതിനാൽ തിരികെ മുകളിലേയ്ക്കു പോകേണ്ടിവന്നു . ഉയർന്ന സമ്മർദത്തിൽ ശ്വസിക്കാൻ നന്നേ വിഷമിച്ചിരുന്ന ജോൺ പക്ഷെ ഒരു വിധത്തിൽ ഡിയോണിന്റെ ശരീരം സ്വതന്ത്രമാക്കി . പക്ഷെ adipocere അവസ്ഥയിലായിരുന്ന മൃതശരീരം വെള്ളത്തിൽക്കിടന്ന് വട്ടം കറങ്ങിയത് ജോണിനെ നന്നേ വിഷമിപ്പിച്ചു . ഇതിനിടെ മുകളിലെത്തിയ ഡോണിന്റെ ചെവി പാടെ തകർന്ന് എന്നന്നേയ്ക്കുമായി കേൾവിശക്തി നഷ്ട്ടപ്പെടുന്ന അവസ്ഥയിൽ എത്തിയിരുന്നു . ഡിയോണിന്റെ മൃതശരീരവുമായി പൊങ്ങിവരുന്ന ജോൺ ഷോയെ നോക്കി സഹപ്രവർത്തകർ മണിക്കൂറുകളോളം കാത്തിരുന്നു . പക്ഷെ ഒന്നും സംഭവിച്ചില്ല . അവസാനം ദിവസങ്ങൾക്ക് ശേഷം 2005 ജനുവരി പന്ത്രണ്ടിന് ജോൺ ഷോയുടെയും , ഡിയോണിന്റെയും മൃതശരീരങ്ങൾ ഒരുമിച്ചു പാതാളഗുഹയുടെ പരപ്പിൽ പൊന്തിവന്നു . ജോൺ പറഞ്ഞ വാക്ക് പാലിച്ചു എന്നതാണ് സത്യം ! ചിത്രത്തിൽ കാണുന്നത് ഷോയും (ഇടത് ) ഡോണും അവസാന മുങ്ങലിന് തൊട്ടുമുൻപ് .

പാതാളലോകം 4

ഗര്‍ത്തങ്ങളിലെ വിസ്മയലോകം !

നിരപ്പായ ഭൂവില്‍ പൊടുന്നനെ കാണപ്പെടുന്ന ചെറുതും വലുതുമായ കുഴികളെ ആണ് സിങ്ക് ഹോളുകള്‍ എന്ന് വിളിക്കുന്നത്‌ . ചുണ്ണാമ്പു പാറകള്‍ പോലെ എളുപ്പം ദ്രവിച്ചുതീരുന്ന ഭൌമോപരിതലം പോടുന്നനെയോ സാവധാനമോ ഇടിഞ്ഞു വീണാണ് സാധാരണ ഇത്തരം കുഴികള്‍ രൂപമെടുക്കുന്നത് . ഭൌമാന്തര ഗുഹകളുടെ മേല്‍ത്തട്ട് ഇടിഞ്ഞു വീണും ഇത്തരം ഗര്‍ത്തങ്ങള്‍ രൂപമെടുക്കാറുണ്ട് . ഇത്തരം ചില കുഴികളില്‍ ചിലപ്പോള്‍ ജലം നിറഞ്ഞ് അപകടം നിറഞ്ഞ വന്‍ ഗര്‍ത്തങ്ങള്‍ ആയി രൂപപ്പെടാറുണ്ട് . മെക്സിക്കോയിലെ Zacatón (El Zacatón sinkhole ) ആണ് ഇത്തരത്തില്‍ ജലം നിറഞ്ഞ് നില്‍ക്കുന്ന ഏറ്റവും ആഴമേറിയ സിങ്ക് ഹോള്‍ . കൊടും വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇതിനു ഏകദേശം 319 മീറ്റര്‍ ആഴം ഉണ്ട് . സാഹസിക ഡൈവിംഗ് ഇഷ്ട്ടപ്പെടുന്നവരുടെ പറുദീസയാണ് ഇത്തരം ഗര്‍ത്തങ്ങള്‍ . Zacate പുല്ലുകളാല്‍ രൂപപ്പെട്ട അനേകം ചെറു തുരുത്തുകള്‍ ഈ കുഴിയുടെ ഉപരിതലത്തില്‍ പൊന്തിക്കിടക്കുന്നുണ്ട് . കാറ്റത്ത്‌ പുല്ലിനോടോപ്പം ഇത്തരം ചെറു ദ്വീപുകളും വനാന്തരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗര്‍ത്തത്തില്‍ ഒഴുകി നടക്കും ! എന്തായാലും സാധാരണ കാണാന്‍ സാധിക്കാത്ത ഇത്തരം പ്രതിഭാസങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുന്ന സിങ്ക് ഹോളുകള്‍ക്ക് മനുഷ്യരുടെ ഇടയില്‍ ഒരു മാന്ത്രിക പരിവേഷം തന്നെ ചാര്‍ത്തിക്കിട്ടാറുണ്ട് . 1994 ല്‍ പ്രശസ്ത മുങ്ങല്‍ വിദഗ്ദനായിരുന്ന Sheck Exley , Zacatón സിങ്ക് ഹോളില്‍ 270 മീറ്റര്‍ താഴെ ജലത്തിന്‍റെ അമിത മര്‍ദത്താല്‍ കൊല്ലപ്പെട്ടിരുന്നു . എന്നാല്‍ ഒപ്പം ചാടിയ കൂട്ടുകാരന്‍ Jim Bowden, 282 മീറ്റര്‍ വരെ ചെന്ന് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു . അതിനു ശേഷം ഇവിടെയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ട് . NASA തങ്ങളുടെ ഉപകരണങ്ങളുടെ പരീക്ഷണ വേദിയായി ഈ ഗര്‍ത്തം ഇപ്പോള്‍ ഉപയോഗിച്ച് വരുന്നു .

പുരാതന മായന്മമാര്‍ ആണ് ജലമില്ലാതെ കാലിയായി കിടക്കുന്ന സിങ്ക് ഹോളുകള്‍ക്ക് ഒരു പ്രയോജനം കണ്ടു പിടിച്ചത് . മാലിന്യങ്ങളും , ബലി കൊടുത്ത മനുഷ്യരുടെയും മൃഗങ്ങളുടെയും അവശിഷ്ട്ടങ്ങളും തള്ളുവാനാണ് അവര്‍ സിങ്ക് ഹോളുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് . എന്നാല്‍ മിക്ക സിങ്ക് ഹോളുകള്‍ക്കും ഭൂഗര്‍ഭ ജലപാതകളും ആയി നേരിട്ട് ബന്ധം ഉണ്ടായിരുന്നതിനാല്‍ ഇതൊക്കെ അണ്ടര്‍ ഗ്രൌണ്ട് വാട്ടര്‍ സിസ്റ്റം മലിനപ്പെടുത്താന്‍ മാത്രമേ ഉപകരിച്ചുള്ളൂ .

എന്നാല്‍ ഇത്തരം ഗര്‍ത്തങ്ങളില്‍ ഏറ്റവും ദുരൂഹത നിറഞ്ഞത്‌ ദക്ഷിണ അമേരിക്കയില്‍ വെനിസ്വലയും മെക്സിക്കോയും ഉള്‍പ്പെടുന്ന Tepuis മല നിരകളില്‍ ആണ് ഉള്ളത് . Tepuis എന്ന വാക്കിന്‍റെ അര്‍ഥം “house of the gods” എന്നാണ് . നിരപ്പായ സമനിലങ്ങളില്‍ തികച്ചും ഒറ്റപ്പെട്ടാവും Tepuis നിലകൊള്ളുന്നത് . കുത്തനെ ഉള്ള ഭിത്തികളും നിരപ്പായ ഉപരിതലവും ഉള്ള ടേബിള്‍ ടോപ്‌ മലകള്‍ ആണ് Tepuis മലകള്‍ . മുകളിലാവട്ടെ നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നു ചെല്ലാന്‍ മടിയ്ക്കുന്ന നിബിഡ വനങ്ങളും ! ഇതുപോലൊരു Tepuis ആയ Auyantepui യില്‍ നിന്നാണ് ഭൂമിയിലെ ഏറ്റവും ഉയരമേറിയ ജലപാതമായ എയ്ഞ്ചല്‍ ഫോള്‍സ് താഴേയ്ക്ക് പതിക്കുന്നത് . ഇതിനു സമാനമായ ഒരു മലയാണ് ആര്‍തര്‍ കോനന്‍ ഡോയലിന്റെ ലോസ്റ്റ്‌ വേള്‍ഡില്‍ പ്രതിപാദിച്ചിരിക്കുന്നത് . ഇത്തരം മലകളുടെ മുകള്‍ ഭാഗം മിക്കവാറും താഴെ നിന്നും വ്യത്യസ്തമായി മറ്റൊരു ആവാസവ്യവസ്ഥയില്‍ ആയിരിക്കും നിലനില്‍ക്കുന്നത് . അങ്ങനെയുള്ള മാന്ത്രിക വനത്തില്‍ കൂറ്റന്‍ ഗര്‍ത്തങ്ങളും അതിനുള്ളില്‍ കൂരിരുട്ടു നിറഞ്ഞ കൊടും വനങ്ങളും ഉണ്ടങ്കില്‍ ആ ലോകം നമ്മുടെ ഭാവനക്കും അപ്പുറമായിരിക്കും . ദേവന്മ്മാരുടെ ഇരിപ്പിടം എന്ന് നാട്ടുകാരും , അന്യഗ്രഹ ജീവികളുടെ ലാണ്ടിംഗ് സ്റ്റേഷന്‍ എന്ന് വേറെ ചിലരും ഏറ്റവും നിഗൂഡമായ സ്ഥലം എന്ന് പര്‍വ്വതാരോഹകരും വിളിക്കുന്ന ഈ സ്ഥലമാണ് സരിസരിനാമ ഗര്‍ത്തങ്ങള്‍ (Sarisarinama sinkholes) . ഭൂമിയിലെ ഏറ്റവും വിസ്മയം നിറഞ്ഞ ഭൂവിഭാഗങ്ങളില്‍ ഒന്നായ സരിസരിനാമ എന്ന Tepuis ല്‍ ഒന്നല്ല നാല് കൂറ്റന്‍ സിങ്ക് ഹോളുകള്‍ ആണ് വനത്തിനുള്ളില്‍ മറഞ്ഞിരിക്കുന്നത് ! നാലിനും ഏറെക്കുറെ വൃത്താകൃതി ആണ് ഉള്ളത് . ( അതിനാല്‍ തന്നെ ഇത് സ്വയം ഉണ്ടായവ അല്ല എന്ന് സമര്തിക്കുന്നവരും ഉണ്ട് ) . ഏറ്റവും വലിയ ഗര്‍ത്തത്തിന് (Sima Humboldt) ഏകദേശം ആയിരത്തി ഒരുന്നൂറു അടി വീതിയും അത്രയും തന്നെ ആഴം ഉണ്ടെന്ന് കരുതപ്പെടുന്നു . ഈ ഭീമന്‍ ഗര്‍ത്തങ്ങളുടെ ആകാശ കാഴ്ച ഒരു വിസ്മയം തന്നെയാണ് . 1961 ല്‍ പൈലറ്റ്‌ Harry Gibson ആണ് ഇവയെ ആകാശത്ത് നിന്നും കണ്ട ആദ്യ മനുഷ്യന്‍ .

ഈ tepui യുടെ താഴ്വാരങ്ങളില്‍ താമസിക്കുന്ന റെഡ് ഇന്ത്യക്കാര്‍ ഈ ഗര്‍ത്തങ്ങളില്‍ മനുഷ്യമാംസം തിന്നു ജീവിക്കുന്ന ഒരു പുരാതന സത്വം ഉള്ളതായി വിശ്വസിക്കുന്നു . അത് മനുഷ്യനെ തിന്നുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദമാണ് സരിസരി !!!! എന്തായാലും ഭീതി നിറഞ്ഞ ഈ വനത്തിലേക്കും അതിലെ കൂറ്റന്‍ കുഴികളിലെക്കും ആദ്യമായി ഒരു പര്യവേഷണ സംഘം എത്തിയത് 1974 ല്‍ മാത്രമാണ് . കുഴികളിലേക്ക് വടം കെട്ടിയിറങ്ങിയ അവര്‍ക്ക് പക്ഷെ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ തടസ്സം സൃഷ്ടിച്ചു . താഴേക്കു ചെല്ലും തോറും കുഴികളുടെ വിസ്താരം കൂടി വന്നതിനാല്‍ കെട്ടിയ വടങ്ങള്‍ സപ്പോര്‍ട്ട് ഇല്ലാതെ വായുവില്‍ കിടന്നാടി . ഒരു വിധത്തില്‍ മരമുകളില്‍ ഇറങ്ങിയ അവര്‍ പ്രകാശം കിട്ടുന്നതിനും ഭാവിയില്‍ ഹെലിക്കോപ്ടര്‍ ഇറക്കുന്നതിനുമായി കുറെ മരങ്ങള്‍ പാടെ മുറിച്ചു കളഞ്ഞു . വിവരംകെട്ട ഈ പ്രവര്‍ത്തി ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി . നശിക്കപ്പെട്ട അപൂര്‍വ്വ സസ്യങ്ങളെയും ജന്തുക്കളെയുംഓര്‍ത്ത് ശാസ്ത്രലോകം പരിതപിച്ചു . രണ്ടു വര്‍ഷം കഴിഞ്ഞ് കുറേക്കൂടി സജ്ജമായി വേറൊരു സംഘം എത്തിയെങ്കിലും അവര്‍ക്കും ഗര്‍ത്തത്തിലെ പ്രതികൂലമായ പരിസ്ഥിതിയില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല . വീണ്ടും അനേകം പര്യവേഷണ സംഘങ്ങള്‍ ഇതേ വഴി എത്തിയെങ്കിലും ആര്‍ക്കും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇടം കൊടുക്കാതെ സരിസരിനാമ ഗര്‍ത്തങ്ങള്‍ ഇന്നും അജയ്യരായി നിലകൊള്ളുന്നു . ചെന്നെത്താനുള്ള പ്രയാസം തന്നെയാണ് പ്രധാന കാരണം .

പാതാളലോകം 5

ഇനി കടലിലേയ്ക്ക് പോകാം . കരയില്‍ മാത്രമല്ല സിങ്ക് ഹോളുകള്‍ ഉണ്ടാവുന്നത് . കടലിലും ഉണ്ട് ഇത്തരം അനേകം എണ്ണം . അവയെ ബ്ലൂ ഹോളുകള്‍ എന്നാണ് വിളിക്കുക . പടുകൂറ്റന്‍ കുഴികളിലെ ജലത്തിന്‍റെ കടുംനീല നിറമാണ് ഈ പേരിനു ആധാരം (only the deep blue color of the visible spectrum can penetrate such depth and return after reflection.) കടലില്‍ മുങ്ങിക്കളിക്കുന്നവരുടെ ഇഷ്ട്ട കേന്ദ്രമാണ് ഇത്തരം കടല്‍ക്കുഴികള്‍ . ഇത്തരത്തില്‍ ഏറ്റവും വലുത് ബഹാമാസിലെ Dean’s Blue Hole ആണ് . ഏറ്റവും പ്രശസ്തം ബെലിസിലെ The Great Blue Hole ഉം ആണ് . ഇത് അറ്റ്ലാന്റിക് സമുദ്രത്തിലെ Belize Barrier Reef Reserve System എന്ന World Heritage Site നു ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത് . ലോകത്തിലെ ഏറ്റവും നല്ല scuba diving സൈറ്റുകളില്‍ ഒന്നാണിത് . 125m ആണ് ഇതിന്റെ ആഴം. 2012 ല്‍ Discovery Channel ഇതിനെ The 10 Most Amazing Places on Earth ല്‍ ഒന്നാമനായി ഉള്‍പ്പെടുത്തിയിരുന്നു.. കഴിഞ്ഞ ഹിമയുഗത്തിലാണ് ഇത്തരം കടല്‍ ഗുഹകള്‍ രൂപാന്തരം പ്രാപിച്ചത്. അന്ന്, അതായത് 2.8 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടല്‍ നിരപ്പ് ഇന്നതെതില്‍ നിന്നും 120m താഴെ ആയിരുന്നു. ഏറ്റവും രസകരമായ വസ്തുത, പല Blue Holes ന്റെയും ചെറിയ പോക്കറ്റുകളില്‍ ശുദ്ധ ജലവും ട്രാപ് ആയി കിടക്കുന്നുണ്ട് എന്നുള്ളതാണ് .

Eagles Nest- The Underwater Everest !

മുപ്പതിനായിരത്തോളം ഏക്കറുകൾ പരന്നുകിടക്കുന്ന വമ്പൻ ചതുപ്പുനിലം ! വടക്കൻ ഫ്ലോറിഡക്കാവശ്യമായ ജലം മുഴുവനും പ്രദാനം ചെയ്യുന്ന പ്രകൃതിനിർമ്മിത ജലവിതരണ സംവിധാനം . വംശമറ്റുപോകാറായ , വടക്കേഅമേരിക്കയിലെ ഏറ്റവും ഉയരമുള്ള പക്ഷിയായ വൂപ്പിംഗ് ക്രെയിനിന്റെ (Grus americana) അവസാന തുരുത്ത് . Chassahowitzka National Wildlife Refuge എന്ന വനമേഖലയ്ക്ക് പറയാനൊരുപാട് പ്രത്യേകതകൾ ഉണ്ട് . രണ്ടു ദിവസങ്ങൾക്ക് മുൻപ് Davin Brannon എന്ന അൻപത്തിരണ്ടുകാരന്റെ മൃതദേഹം ഈ ചതുപ്പുവനത്തിലെ കുളങ്ങളിലൊന്നിൽ പൊങ്ങിക്കിടന്നതാണ് ജനങ്ങളുടെ ശ്രദ്ധ വീണ്ടും ആളനക്കമില്ലാതെ കിടക്കുന്ന ഈ മേഖലയിലേക്ക് തിരിച്ചത് . എങ്ങനാണ് ഈയാൾ കൊല്ലപ്പെട്ടത് എന്നന്വേഷിച്ചാൽ 1980 ന് ശേഷം ഇവിടെ മരണപ്പെടുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം എന്ന് നമ്മുക്ക് കാണാം ! ഈ പതിനൊന്നുപേരും മരിച്ചത് ഒരേയൊരു കുളത്തിൽ ! Eagles Nest എന്നറിയപ്പെടുന്ന മനുഷ്യനെ വിഴുങ്ങുന്ന ഈ കുളം താമ്പാ ഉൾക്കടലിൽ നിന്നും വടക്കോട്ടുമാറി ഏകദേശം ഒരു മണിക്കൂർ യാത്രാദൂരത്തിൽ Chassahowitzka സംരക്ഷിത വനമേഖലക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത് .

പാതാളലോകം 6
Eagles Nest

ചെമ്മണ്ണ് നിറഞ്ഞ കാനനപാതയിലൂടെ ഇളകിയാടി സഞ്ചരിച്ച് നാം ചെന്നെത്തുന്നത് താരതമ്യേന ചെറുതും ശാന്തവുമായി കിടക്കുന്ന ചെറുകുളത്തിന്റെ കരയിലേക്കാണ് . ഒരു കൈവരിയും പടവുകളും ഉള്ള ഈ കുളത്തിന് എന്താണിത്ര പ്രത്യകത എന്ന് നാം ചിന്തിക്കും . പക്ഷെ കുളത്തിനരികെ നാട്ടിയിരിക്കുന്ന മുന്നറിയിപ്പ് പലകകൾ അസ്വാഭികമായ എന്തോ ഒന്നിലേക്ക് വിരൽ ചൂണ്ടും . അണ്ടർ വാട്ടർ കേവ് ഡൈവിങ്ങിൽ അസാമാന്യപരിചയമില്ലാത്ത ഒരാളും കുളത്തിലിറങ്ങരുത് എന്നാണ് മുന്നറിയിപ്പ് . ഈ ചെറുകുളത്തിൽ എന്ത് ഗുഹ ? എന്ത് ഡൈവിങ് എന്ന് ചിന്തിക്കാൻ വരട്ടെ . അക്ഷരാർത്ഥത്തിൽ ഭൂമിയുടെ ഗർഭപാത്രത്തിലേക്കുള്ള കവാടമാണീകുളം ! താമ്പാ പോലീസിന്റെ ഭാഷയിൽ പറഞ്ഞാൽ നരകത്തിന്റെ കവാടം .

ശാന്തമായി കിടക്കുന്ന ഈ കുളത്തിന്റെ ഔദ്യോഗിക നാമം Eagles Nest എന്നാണ് . കുളത്തിലിറങ്ങി മുങ്ങാങ്കുഴിയിട്ടു അടിയിലേക്ക് പോയാൽ ഒരാൾക്ക് കഷ്ടിച്ച് ഞെങ്ങിഞെരുങ്ങി ഇറങ്ങിപ്പോകാവുന്ന ഒരു വിടവ് നമ്മുടെ കണ്ണിൽപെടും. അതിലൂടെ പ്രയാസപ്പെട്ട് കടന്ന് ചെന്നാൽ നാം മറ്റൊരു ലോകത്താണ് ചെന്നെത്തുന്നത് . ഒരു ഫുട്ട്ബോൾ മൈതാനത്തിന്റെ വിസ്താരമുള്ള ഭൂഗർഭഗുഹയാണിത് ! കാലങ്ങൾകൊണ്ട് ജലം തേച്ചുമിനുക്കിയെടുത്ത ഭിത്തികൾ ടോർച്ച് ലൈറ്റിന്റെ പ്രകാശത്തിൽ വിവിധവർണ്ണങ്ങളിൽ വെട്ടിത്തിളങ്ങും ! ഗുഹയുടെ ഇടത്തോട്ടും വലത്തോട്ടും പുറത്തേക്കിറങ്ങുവാൻ ഓരോ കിളിവാതികൾ ഉണ്ട് . ഒരു ഭൂഗർഭഗുഹാപര്യവേഷകനെ ഒരേ സമയം ത്രസിപ്പിക്കുകയും എന്നാൽ അപകടത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന രണ്ട് വാതിലുകളാണവ . ഇതിലേത് വഴി തിരഞ്ഞെടുത്താലും കിലോമീറ്ററുകൾ ദൂരത്തിൽ പല പിരിവുകളായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ഭീമൻ ഭൂഗർഭഗുഹാശൃംഖലയിലേക്കാണ് നാം ചെന്ന് കയറുക . ഇതുവരെയും പൂർണ്ണമായും മാപ്പ് ചെയ്യപ്പെടാത്ത അനേകം കൈവഴികൾ ! കുറ്റാകൂരിരുട്ട് ! കണ്ണെന്ന അവയവം പോലുമില്ലാത്ത , ജീവിതത്തിൽ വെളിച്ചം അനുഭവിച്ചിട്ടില്ലാത്ത , നാം ഇതുവരെയും കണ്ടിട്ടുപോലുമില്ലാത്ത അനേകം ചെറുജീവി വർഗ്ഗങ്ങൾ ! വീണ്ടും മുന്നോട്ട് പോയാൽ സർക്കാർവക അടുത്ത മുന്നറിയിപ്പ് കിട്ടും . ഇന്നലെ അണ്ടർവാട്ടർ ഡൈവിങ് പഠിച്ചിട്ട് ഇന്ന് വന്നിറങ്ങാൻ പറ്റിയ സ്ഥലമല്ല ഇതെന്ന് ആ ബോർഡ് ഓർമ്മിപ്പിക്കും . തക്കതായ അനുഭവസമ്പത്തും , മുൻകരുതലുകളും , ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാത്രം മുന്നോട്ടു പോകാം . മുൻപിൽ തെളിയുന്ന അനേകം കൈവഴികളിലൊന്നിൽ നിങ്ങൾ കുടുങ്ങിപ്പോയേക്കാം . കനത്തമർദ്ദം നിങ്ങളുടെ സമനില തെറ്റിച്ചേക്കാം . ചെളിനിറഞ്ഞ ചില കുഴികൾ നമ്മെ വഴിതെറ്റിച്ചേക്കാം . പല കൈവഴികളും മനുഷ്യൻ ഇതുവരെ കടന്നുചെന്നിട്ടില്ലാത്തവയാണ് . അവിടെ എന്തൊക്കെ നമ്മെ കാത്തിരിപ്പുണ്ട് എന്ന് മുൻകൂട്ടി കാണുക അസാധ്യം . ഇരുപതും അതിൽക്കൂടുതലും വർഷങ്ങൾ എക്സ്പീരിയന്സുള്ള പതിനൊന്ന് ഡൈവർമാരുടെ ആത്മാക്കളാണ് ഇവിടെ നമ്മുക്ക് കൂട്ടിനുള്ളത് .

പാതാളലോകം 7
Chassahowitzka ചതുപ്പുനിലം

പക്ഷെ ഇതൊക്കെ അവഗണിച്ച് മുന്നോട്ട് പോകുന്നത് ആതമഹത്യാപരം എന്നാണു കൗണ്ടി മേയർ പറയുന്നത് . എന്നാൽ പിന്നെ ഇങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചുകൂടെ എന്ന് നാട്ടുകാർ ചോദിക്കുന്നു . ഇതിൽക്കൂടുതൽ അപകടങ്ങൾ ഹൈവേകളിൽ നടക്കുന്നുണ്ടല്ലോ , നിങ്ങൾ അത് അടച്ചിടുമോ എന്നാണ് ഡൈവർമ്മാർ തിരിച്ച് ചോദിക്കുന്നത് .

ഇനി ഭൂഗർഭ എവറസ്റ് മല എന്ന് ഡൈവേഴ്‌സ് വിളിക്കുന്ന ഈഗിൾസ് നെസ്റ്റ് ഗുഹാശൃഖലയുടെ ആകമാന പരിസ്ഥിയൊന്നു നോക്കാം . ഇവിടെ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഏറ്റവും ആഴമേറിയ ഗുഹയ്ക്ക് ഏകദേശം മൂന്നൂറ് മീറ്ററോളം ആഴമുണ്ട് . ചെളിവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ അതിനകത്ത് കാര്യമായ ഗവേഷണം ഇതുവരെ നടത്തിയിട്ടില്ല . കുളത്തിന്റെ ഇരുവശങ്ങളിലേക്കും എത്രനീളത്തിലാണ് ഈ ഗുഹകൾ വളഞ്ഞുപിരിഞ്ഞു കിടക്കുന്നതെന്നും പൂർണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ല . എങ്കിലും കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഇടനാഴികളും , ഗുഹകളും വെച്ച് വ്യക്തമായ ഒരു മാപ്പ് ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട് . കൂരിരുട്ട് ആയതിനാൽ കണ്ണില്ലാത്ത അനേകം ജീവികൾ ഈ ഗുഹകളിൽ വിഹരിക്കുന്നുണ്ട് . സുതാര്യദേഹമുള്ള Southern cave crayfish ഇക്കൂട്ടത്തിൽ ഒരാളാണ് . ഇനിയും പേരിട്ടിട്ടില്ലാത്ത ഒന്ന് രണ്ട് അന്ധമീൻ വർഗ്ഗങ്ങളും ഈഗിൾസ് നെസ്റ്റിൽ മാന്യമായി കഴിഞ്ഞുപോരുന്നുണ്ട് . പത്തുശതമാനം പോലും പര്യവേഷണം പൂർത്തിയാകാത്ത ഈ ഗുഹകളിൽ ഇനിയുമെന്തൊക്കെയുണ്ട് എന്നാരറിഞ്ഞു ?
ഭൂമിയുടെ ഞരമ്പിലൂടെ സഞ്ചരിക്കുന്ന സുഖമാണ് ഈഗിൾനെസ്റ്റിലൂടെ ഊളിയിടുമ്പോൾ കിട്ടുന്നതെന്ന് ഡൈവർമ്മാർ പറയുന്നു . സാഹസികത ഞരമ്പിലോടുന്നവരെ തടയാൻ നിരോധനംകൊണ്ടാവില്ല . അല്ലേലും സാഹസികർതന്നാനല്ലോ ഈ ലോകം മാറ്റിമറിച്ചത് .

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ