ലിസ്റ്റിൽ ഇല്ലാത്തവരുടെ ലിസ്റ്റ്

ഫേസ്ബുക്കിൽ തങ്ങൾക്കിഷ്ടപ്പെട്ട ആളുകളുടെ പേരുകളുടെ ലിസ്റ്റ് ഉണ്ടാക്കൽ എന്ന പരിപാടി പലരും കാലാകാലങ്ങളായി ചെയ്തുപോരുന്നുണ്ട് . അങ്ങനെയുള്ള ലിസ്റ്റുകളിലും താഴെവരുന്ന കമന്റുകളിലും വരുന്ന പേരുകാരെ ആളുകൾ കണ്ണുമടച്ച് ഫോളോചെയ്യാറോ അല്ലെങ്കിൽ ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത് കൂടെചേരുകയോ ചെയ്യാറുണ്ട് . കൂടുതലും രാഷ്ട്രീയം , കല , സാഹിത്യം , വിമർശനം തുടങ്ങിയ മേഖലകളിലുള്ളവരുടെ പേരുകളാണ് സാധാരണ പലരും നിർദേശിക്കാറുള്ളത് . എന്നാൽ ചിലർ ആളുകളെ പല വിഭാഗങ്ങളിലായി തരംതിരിച്ച് ലിസ്റ്റ് ചെയ്യുന്നതും കണ്ടിട്ടുണ്ട് . പലരും പുലികളും , പെരുംപുലികളും അതിലും വലിയ ജീവികളുമാണ് എന്നും പറഞ്ഞാണ് ചിലരെ പരിചയപ്പെടുത്താറ് . ആദ്യമൊക്കെ ഇത്തരം ലിസ്റ്റുകളിലെ പലരെയും ഫോളോ ചെയ്യാൻ തുടങ്ങിയെങ്കിലും ഒരാഴ്ച പോലും നമ്മുടെ  തലയിൽ തങ്ങി നിർത്താൻ ശേഷിയുള്ള  എഴുത്തുകൾ എഴുതുന്നവരുടെ എണ്ണം തീരെ കുറവാണ് എന്ന് പിന്നീട് മനസിലായി . സത്യത്തിൽ രാഷ്ട്രീയവും , കലയും , സാഹിത്യവുമൊക്കെ എനിക്ക് പറ്റിയ പണിയല്ല അതാണ് സംഭവം . പിന്നെ ആരുടെ എഴുത്തുകളാണ് ഞാൻ മുഴുവനും വായിക്കുന്നത് എന്ന് സ്വയം ചോദിച്ചു . എനിക്കെന്താണോ അറിയേണ്ടത് അത് പോസ്റ്റ് ചെയ്യുന്നവരുടെ ഒരു ലിസ്റ്റ് എടുത്തുനോക്കി . കണ്ടത് ഒരുകൂട്ടം നിസ്വാർത്ഥരായ എഴുത്തുകാർ ! ഇതുവരെ “ഇറക്കിയ” ഒരു ലിസ്റ്റിലും പേരില്ലാത്തവർ .  തങ്ങളുടെ എഴുത്തുകൾ എങ്ങിനെ മാർക്കറ്റ് ചെയ്യണം എന്നൊന്നും ചിന്തിക്കാത്തവർ . അവർ എഴുതും , പോസ്റ്റ് ചെയ്യും താല്പര്യമുള്ളവർ കണ്ടുപിടിച്ച് ചെന്ന് വായിച്ചോണം . ഫ്രണ്ട് ലിസ്റ്റൊക്കെ തേക്കിൻകാട് മൈതാനം പോലെ വിശാലമായി കിടക്കുകയാണ് . കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ആഴവും വ്യാപ്തിയും കാരണം , അധികം പേരൊന്നും ആ വഴി പോകാറില്ല അതാണ് കാരണം . ഇത്തരം  കുറച്ചു പേരെ എൻ്റെ പരിമിതമായ സുഹൃത് വലയത്തിനുള്ളിലുള്ളവരെ ഒന്ന് പരിചയപ്പെടുത്തണം എന്ന് തോന്നി . പിന്നൊരു കാര്യം ഇവരുടെയൊക്കെ പ്രൊഫൈലിൽ ശരിയായി പരിശോധിച്ച് നിങ്ങൾക്ക് പറ്റിയ ആൾ എന്ന് തോന്നിയാൽ മാത്രം റിക്വസ്റ്റ് അയക്കുക . അല്ലെങ്കിൽ വെറുതെ ഫോളോ ചെയ്‌താൽ മതി . അനാവശ്യ കമന്റുകൾ ഇട്ട് അവരെ ശല്യപ്പെടുത്താതിരിക്കുക .  മുൻഗണനാ ക്രമം ഇല്ലാത്തതിനാൽ നമ്പറുകൾ ഇടുന്നില്ല .

Advertisements

രാജീവ് പള്ളിക്കോണം 

ചരിത്രം ഇഷ്ടമാണെകിൽ മാത്രം ഈ റൂട്ട് പിടിക്കുക . മധ്യകേരളത്തിന്റെ ചരിത്രമറിയേണ്ടവർക്ക് മറ്റൊരു റഫറൻസ് തരാൻ ഇല്ല . കോട്ടയം നാട്ടുകൂട്ടം , നദികളുടെ പുനർസംയോജനം തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ . വീട്ടിലിരുന്ന് പുസ്തകം വായിച്ച് ചരിത്രം പഠിക്കുന്ന ആൾ അല്ല , സമയവും പണവും മുടക്കി യാത്രകൾ ചെയ്ത് സ്വയം കണ്ടെത്തിയ ചരിത്രമാണ് ഇവിടെ നമ്മുക്ക് വായിക്കാൻ കിട്ടുക .

ഷിജു അലക്സ് 

ടെക്ക്നിക്കൽ റൈറ്റർ എന്ന് പറയാം . പഴയ മലയാളഭാഷയിലെ കുത്തും കോമയുമൊക്കെയാണ് വിഷയം . ക്രിസ്ത്യൻ മിഷണറി സംഘടനയായിരുന്ന ബാസൽ മിഷന്റെ  (Basel Mission) രേഖകളിലാണ് ഇപ്പോൾ പരതൽ . അമൂല്യമായ പല ചരിത്രരേഖകളും സ്കാൻ ചെയ്ത് പോസ്റ്റ് ചെയ്യുന്ന സ്വഭാവവും ഉണ്ട് .

സിജി ജി കുന്നുംപുറം  *

Advertisements

പലർക്കും ഒരു പക്ഷെ ഈ പേരിലല്ലെങ്കിൽ PSC വിജ്ഞാനലോകം എന്നപേരിലെങ്കിലും ഇദ്ദേഹത്തെ അറിയുമായിരിക്കും .  എഴുതുന്നത് പങ്കുവെക്കാനുള്ള ആഗ്രഹം കാരണം വെറും പത്തുപേരുള്ള ഗ്രൂപ്പുകളിൽ വരെ പോയി ചറപറാന്ന് പോസ്റ്റ് ഷെയർ ചെയ്യും . ജീവിതത്തിൽ പ്രചോദനമായേക്കാവുന്ന വ്യക്തികളെ കുറിച്ചുള്ള വിശദമായ വിവരണം ആവശ്യമുള്ളവർക്ക് പിന്തുടരാൻ പറ്റിയ പ്രൊഫൈൽ .

വിനോജ് അപ്പുക്കുട്ടൻ 

ശാസ്ത്രീയ വിഷയങ്ങൾ ചുരുക്കി , മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പങ്കുവെക്കുന്ന ചെറുപ്പക്കാരൻ . ജിജ്ഞാസ എന്ന ഗ്രൂപ്പിലാണ് കൂടുതൽ പോസ്റ്റുകളും ഇടാറ് .

രവീന്ദ്രൻ 

വിവിധ വിഷയങ്ങളിൽ അനേകം പോസ്റ്റുകൾ ഇടാറുണ്ട് . ഇടുന്ന പോസ്റ്റുകളുടെ ഇന്ഗ്ലീഷ് ഉറവിടം ചേർക്കാറുണ്ട് എന്നതാണ് സ്പെഷ്യാലിറ്റി .

ഋഷിദാസ്  *

“ആധുനിക യുദ്ധസാങ്കേതികവിദ്യ ” ഈ വാക്കു ഇഷ്ടമാണെങ്കിൽ പോയി ഫോളോ ചെയ്യാം . കൂടാതെ ചരിത്രം , ഉപനിഷത്തുകളുടെ സ്വതന്ത്രവിവരണം തുടങ്ങിയവ ബോണസായി ഉണ്ടാവും .

ദയാൽ കരുണാകരൻ 

കുടുംബസമേതം ഇന്ത്യമുഴുവനും ചുറ്റിക്കാണുക മാത്രമല്ല ചിത്രങ്ങളും , ലളിതമായ വിവരണങ്ങളും നമ്മുക്ക് പങ്കുവെയ്ക്കുന്ന സഞ്ചാരി .

തൗഫീക്ക്‌ സക്കരിയ 

പെരുമയുള്ള ഷെഫാണ് . എന്ന് വെച്ച് ടൈംലൈനിൽ ചെന്നാൽ പാചകക്കുറിപ്പുകൾ ഒന്നും കിട്ടില്ല . പഴയ ഹീബ്രു ഭാഷയിലും ജൂതചരിത്രത്തിലും ഇത്രക്കറിവുള്ളവർ മലയാളത്തിൽ വേറെ കാണില്ല . അതുമായി ബന്ധമുള്ള ഒരു സംശയം ഇൻബോക്സിൽ ചോദിച്ചാൽ ഒരുമടിയും കൂടാതെ പറഞ്ഞു തരും . ശരിക്കും ഇദ്ദേഹത്തെ ആവശ്യമുള്ളവർ മാത്രം റിക്വസ്റ്റ് അയച്ചാൽ മതി .

ദിനേശ് M I 

ഒരുകാലത്ത് പാമ്പുകൾ , നായ്ക്കൾ തുടങ്ങിയവയെപ്പറ്റി കുറെ നല്ല പോസ്റ്റുകൾ ഇട്ടിരുന്നു . ഇപ്പോഴും അവയെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ പറ്റിയ ആൾ തന്നെ .

ധനീഷ് ആൻ്റണി 

“ഒരു ദിവസം ഒരറിവെങ്കിലും” എന്ന സീരീസ് പോസ്റ്റുകൾ ദിവസേന ഇടുന്ന വ്യക്തി . അറിവ് ക്യാപ്സൂൾ പരുവത്തിൽ ലഭിക്കും .

 

* ഇവർ പലതുള്ളിയിലെ (www.palathully.com) എഴുത്തുകാരും കൂടെയാണ്

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ