ആർപ്പുക്കരയിലെ പ്രേതങ്ങൾ !

ആർപ്പുക്കരയിലെ പ്രേതങ്ങൾ ! 1

കോട്ടയം ജില്ലയിൽ കുറുക്കൻ കുന്ന് എന്നൊരു സ്ഥലമുണ്ട് . കേൾക്കാൻ വഴിയില്ല . ഇന്നത്തെ കോട്ടയം മെഡിക്കൽ കോളേജ് ഇരിക്കുന്ന സ്ഥലത്തിന് പണ്ട് പറഞ്ഞിരുന്ന പേരാണ് . അവിടെ നിന്നും നേരെ പടിഞ്ഞാറോട്ടു തിരിച്ചാൽ പതിനഞ്ചാം നൂറ്റാണ്ടിലെ ചുവർ ചിത്രങ്ങൾ പേറുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ എത്തും . ഇവിടുത്തെ മയിലാട്ടം പ്രശസ്തമാണ് . വീണ്ടും പടിഞ്ഞാറോട്ട് പോകാം , അവിടെ കുന്നിൻ മുകളിൽ കുന്നത്തൃക്ക ശ്രീ മഹാദേവക്ഷേത്രം ഇരിപ്പുണ്ട് . ഇനിയും പടിഞ്ഞാറോട്ടു നടന്നാൽ ചെളി ചവിട്ടും . കാരണം അപ്പർ കുട്ടനാട് തുടങ്ങുകയായി . നേരെ മുന്നിൽ മീനച്ചിലാറിന്റെ ഒരു കൈവഴിയാണ് , മീനച്ചിലാറിൽ കുടമാളൂരിലെ കല്ലേകടവിൽ തുടങ്ങി കുറച്ചു ദൂരം ആറുമായി പിണങ്ങി ഒഴുകി അവസാനം പിണക്കം മാറ്റി വീണ്ടും മീനച്ചിലാറ്റിൽ തന്നെ അവസാനിക്കുന്ന ചെറിയൊരു അരുവി . ഇതിന്റെ തീരത്താണ് ശ്രീമാൻ ഞാൻ കളിച്ചു വളർന്നത് . ചരിത്രസംഭവങ്ങൾ ഉറങ്ങിക്കിടക്കുന്ന ഏതൊരുനാട്ടിലെയും അവസ്ഥയാണ് എനിക്കും കുട്ടിക്കാലത്ത് ഉണ്ടായിരുന്നത് . മുന്നിൽ വന്നു പെടുന്ന സകല കാരണവൻമ്മാരും നമ്മെ ചരിത്രം പഠിപ്പിക്കും . അങ്ങിനെ മുൻതലമുറകളിലെ സകല ചരിത്രവും ആവാഹിച്ചെടുത്ത കുറച്ചുപേർ ( എന്റെ പിതാവ് ഉൾപ്പടെ ) എന്റെ ചുറ്റും ഉണ്ടായിരുന്നതിനാൽ കുറച്ചു കാര്യങ്ങൾ തീരെ ചെറുപ്പത്തിൽ തന്നെ പഠിക്കുവാൻ പറ്റി . പക്ഷെ നന്നേ ചെറുപ്പത്തിൽ ചെമ്പകശ്ശേരി രാജാവിന്റെ ചരിത്രത്തിൽ ആർക്കാണ് താൽപ്പര്യം ? അന്ന് എനിക്ക് താൽപ്പര്യം മറ്റൊരു വിഷയത്തിലായിരുന്നു … പ്രേതങ്ങൾ !!!

Advertisements

ഇത് പക്ഷെ സാരിച്ചുറ്റി പാട്ടുപാടി നടക്കുന്ന ഐറ്റംസ് അല്ല . മറിച്ച്, പുരാതന കാലത്തെ സാക്ഷാൽ ഡെമൻസ് ! . കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ ശരിയായ കാലഗണന ആരെങ്കിലും തിട്ടമായി കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല , പക്ഷെ അക്കൂട്ടത്തിൽ നന്നേ പഴക്കമുള്ള ഒന്നാണ് ഞാൻ മുന്നേ പറഞ്ഞ കുന്നത്തൃക്ക ശിവക്ഷേത്രം . ഈ ക്ഷേത്രം ഇരിക്കുന്ന കുന്ന് ചെമ്പകശ്ശേരി രാജാക്കൻമാരുടെ കാലത്ത് ഒരു തടവറയായിരുന്നു എന്നാണു പറച്ചിൽ . തടവറക്ക്‌ ചുറ്റും വൻകിടങ്ങുകൾ . ഈ ക്ഷേത്രത്തിന് ചുറ്റും ഇന്നുള്ള വഴികൾ സത്യത്തിൽ ആ കിടങ്ങുകളാണ് . ഈ തടവറയുടെ സംരക്ഷണത്തിനും , തടവുകാരുടെ ആരാധനാവശ്യങ്ങൾക്കുമായി ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് ചിലർ പറയുന്നുണ്ടെങ്കിലും എന്റെ അഭിപ്രായത്തിൽ ഇതിന് അതിലും നന്നേ പഴക്കമുണ്ട് . തകർന്ന് കിടന്ന ക്ഷേത്രത്തിൽ വീണ്ടും ആരാധനകൾ തുടങ്ങിയിട്ട് ഒരു മനുഷ്യായുസ് പോലും ആയിട്ടില്ല . എന്റെ ചെറുപ്പത്തിൽ സ്‌കൂൾ വിട്ട് ഈ വഴി വരുമ്പോൾ ഒറ്റയ്ക്കാണെങ്കിൽ സാധാരണ ഓടാറായിരുന്നു പതിവ് . കാരണം മറ്റൊരുന്നുമല്ല , വഴിയിൽ ചിലപ്പോൾ എന്തെങ്കിലും കണ്ടേക്കാം !

ആർപ്പുക്കരയിലെ പ്രേതങ്ങൾ ! 2
വീട്ടിലെയ്ക്കുള്ള വഴി

സന്ധ്യമയങ്ങുന്ന സമയം . കത്തിച്ചു പിടിക്കാൻ ചൂട്ടുകറ്റകൾ ഒന്നും ഉണ്ടാവില്ല നമ്മുടെ കാരണവൻമ്മാർക്ക് . പേടി മാറ്റാൻ ഉച്ചത്തിൽ വർത്തമാനം പറഞ്ഞു പോകലാണ് പതിവ് . പക്ഷെ കുന്ന് കയറുമ്പോൾ ചെറുതായൊന്ന് വിറയ്ക്കും . തകർന്നു കിടക്കുന്ന അമ്പലം , തടവ് പുള്ളികളുടെ രോദനം …. എല്ലാം മനസ്സിലൂടെ മിന്നായം പോലെ കടന്നുപോകും . അപ്പോഴതാ വഴിയുടെ അരികെ കുറച്ചു പുല്ലൊക്കെ വളർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു കാള കിടക്കുന്നു ! നല്ല വെളുപ്പ് നിറത്തിൽ ഒരു കൂറ്റൻ മൃഗം . മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ അത് പതുക്കെ എഴുന്നേറ്റു . ഈശ്വരാ ഒരാനയുടെ വലിപ്പം ! പിന്നൊന്നും നോക്കാനില്ല മുണ്ടുമടക്കി ഒരൊറ്റയോട്ടം. ഒന്ന് പിന്നോക്കം നോക്കിയാലോ … അതാ വരുന്നു ആ മൃഗം പിറകെ ! കുന്നിറങ്ങികഴിഞ്ഞാൽ പിന്നെ അതിനെ കാണില്ല . ഏതാണാമൃഗം ? മറ്റാര് ? സാക്ഷാൽ നന്ദികേശൻ തന്നെ ! ഈ പുരാണം കേട്ടിട്ടുള്ള കുഞ്ഞു ജൂലിയസ് ആ വഴി എങ്ങിനെ നടന്നു പോകും ? കണ്ണും പൂട്ടി ഓടുക അത്ര തന്നെ .

പിതാമഹൻമ്മാർ ചില കാര്യങ്ങളിൽ വളരെ ടഫ് ആയിരുന്നു . വെള്ളം പൊങ്ങികിടക്കുമ്പോൾ അസാമാന്യ ഒഴുക്കാണ് ആറ്റിൽ . രണ്ടു പേർക്ക് കഷ്ടിച്ചു ഇരിക്കാവുന്ന കൊച്ചുവള്ളത്തിൽ ഒരു തുഴയും തന്ന് ഇരുത്തിയിട്ട് വള്ളം ആറ്റിലേക്ക് ഒരൊറ്റ തള്ളാണ് . നൂല് പൊട്ടിയ പട്ടം പോലെ ആറിന്റെ നടുക്ക് ഞാനും വള്ളവും ഒരു തുഴയും ! കരയിൽ നിന്ന് വല്യപ്പൻ പറയും – ” എടാ ഇനി തന്നെ തഴഞ്ഞു പോരെ “. എന്താണ് സംഭവം ? ആള് എന്നെ വള്ളം ഊന്നാൻ പഠിപ്പിക്കുവാണ് ! വല്യപ്പൻ ഇങ്ങനെ ആണെങ്കിൽ മകൻ ഒട്ടും കുറയ്ക്കാൻ പറ്റില്ലല്ലോ . വെള്ളത്തിൽ മുങ്ങിക്കിടക്കാൻ എനിക്ക് പേടിയായിരുന്നു . ഒരു ദിവസം കടവിൽ കുളിച്ചോണ്ടിരുന്ന എന്റെ പിറകിൽ വന്ന് പപ്പാ മുടിക്കുത്തിന് പിടിച്ചു ഒരൊറ്റ മുക്കിപ്പിടി ! കാൽമിനിറ്റിനകം ജലത്തിൽ നിന്നുയർന്നുവന്ന ജൂലിയസ് പിന്നെ ജീവിതത്തിൽ ജലത്തെ പേടിച്ചിട്ടില്ല . ഇത്രയും പറഞ്ഞത് ഇനി പറയാൻ പോകുന്ന പ്രേതങ്ങൾ ജലപിശാചുക്കളാണ് ! മാംസം മാത്രം ഭക്ഷിക്കുന്ന പുരാതനസത്വങ്ങൾ !

ആർപ്പുക്കരയിലെ പ്രേതങ്ങൾ ! 3
ആർപ്പൂക്കര

കൂട്ടത്തിൽ ആർപ്പുക്കരയിലെ അന്യഗ്രഹജീവികളുടെ സാന്നിധ്യം കൂടി പറയാം . അങ്ങു ചിക്കാഗോയിലായിരുന്ന വല്യമ്മച്ചി നാട്ടിൽ തിരികെയെത്തിയ ശേഷമാണ് നാട് പുരാണങ്ങളുടെ ബാക്കിഭാഗങ്ങൾ ഞാൻ ചികഞ്ഞെടുത്ത് . ഒരു ദിവസം വൈകിട്ട് മുറ്റത്തെ പേരയുടെ മുകളിലെ കൊമ്പിൽ ടേപ്പ് റെക്കോർഡർ കൊണ്ട് വെച്ച് പാട്ട് കേട്ട് സുഖിച്ചിരിക്കുമ്പോൾ അമ്മച്ചിയിറങ്ങി വന്ന്‌ കൂടെ കൂടി . എന്നിട്ടൊരു ചരിത്രപരമായ കമന്റ് പാസാക്കി . ” എടാ പണ്ട് നിന്റെ അപ്പൂപ്പന്റെ കൂടെ രാത്രി പാടത്ത് നെല്ലിന് കാവലിരിക്കാൻ വരമ്പത്ത് ചെറിയ പെരയിൽ കിടക്കുമ്പോൾ ആകാശത്തൂടെ ഇതുപോലെ പാട്ട് ഒഴുകിപ്പോകും . ഞങ്ങൾ പല തവണ ഇറങ്ങി നോക്കിയിട്ടുണ്ട് . അങ്ങ് മുകളിൽ നിന്നാണ് വരുന്നത് പാട്ടല്ല എന്തോ ഒന്ന് വായിക്കുന്നത് പോലെയാണ് തോന്നുക . ചാച്ചൻ പറഞ്ഞത് ഗന്ധർവ്വൻമാരാണെന്നാ ! ” തലയിൽ പൂവുള്ള , കൂവുന്ന പൂവൻ പാമ്പിനെ (കരിങ്കോളി ) നേരിട്ട് കണ്ടയാളാണ് ഈ അമ്മച്ചി ! എന്തായാലും ഈ പാട്ടൊന്നു കേൾക്കാൻ കുറെ പയറ്റി നോക്കി . പക്ഷെ കേട്ടത് വേറെ ശബ്ദമാണ് സാക്ഷാൽ കാലൻകോഴിയുടെ അലർച്ച !

ആർപ്പുക്കരയിലെ പ്രേതങ്ങൾ ! 4
ആർപ്പൂക്കര


പുഴ ………. അത് മുകളിൽ നിന്നും നോക്കി രസിക്കാൻ ഒരു സുഖം തന്നെയാണ് . നീന്തിത്തുടിക്കുന്ന പരൽ മീനുകൾ , തെന്നി നടക്കുന്ന ആഫ്രിക്കൻ പായലുകളും കുളവാഴകളും , ഒഴുകി നടക്കുന്ന മരക്കൊമ്പിൽ ചിറകുവിടർത്തി ആരോ ഹാൻഡ്‌സ് അപ്പ് പറഞ്ഞ മാതിരിയിരിക്കുന്ന നീർക്കാക്കകൾ , ഇതിനിടയിലൂടെ ഞെങ്ങി ഞെരുങ്ങി പോകുന്ന താറാൻകൂട്ടങ്ങളും അവയുടെ പിറകെ കൊതുമ്പു വള്ളങ്ങളും . ചെളിയിൽ കളിച്ചു, കാലിൽ മുഴുവനും ചൊറി പിടിച്ച കുഞ്ഞിപ്പിള്ളേരെ നേരെ കടവത്തിറക്കി അരയറ്റം വെള്ളത്തിൽ ഒരു നിർത്തുണ്ട് . രണ്ടു സെക്കൻഡ് മതി പരൽമീനുകളുടെ കൂട്ടം വന്നു പൊതിയാൻ . ചൊറിയും , പഴുപ്പും , അതിനുമുകളിലെ ഉണങ്ങിയ പൊറ്റനും ഒറ്റ കൊത്തിന് അകത്താക്കിക്കളയും ! തിരിച്ചു കരയിൽ കയറുമ്പോഴേക്കും കുഞ്ഞിക്കാലുകൾ നല്ല വെളുത്തു വൃത്തിയായിരിക്കും . പ്രകൃതിയുടെ ഡ്രസിങ് ! രാത്രി പത്തു കഴിയുമ്പോഴാണ് ഞങ്ങൾ നാലുപേരുടെ വേട്ടയാടൽ ആരംഭിക്കുന്നത് . ഞാൻ , പപ്പാ , പപ്പയുടെ കളിക്കൂട്ടുകാരൻ അപ്പച്ചൻ ചേട്ടൻ , പിന്നെ ജോർജേട്ടൻ , അവസാനം എന്റെ പ്രിയ സുഹൃത്ത് അനിൽകുമാർ എന്ന അനി . തോർത്ത് മാത്രമുടുത്ത് രണ്ടു അലുമിനിയം കുടവും എടുത്തുകൊണ്ടു നേരെ ആറ്റിൽ ചാടും . “അണ്ടതപ്പൽ ” എന്ന കലാപരിപാടിയാണ് അവതരിപ്പിക്കുവാൻ പോകുന്നത് . ആറിന്റെ അരികിനോട് ചേർന്ന് ജലത്തിനടിയിലുള്ള വിടവുകളിൽ (അണ്ട ) നേരെ കൈകൊണ്ടങ്ങിടും . പരൽ , ചെമ്പല്ലി , കൊഞ്ച് തുടങ്ങിയവ ഇത്തരം പൊത്തുകളിൽ കയറിയിരുപ്പുണ്ടാവും . ആകെ നമ്മുടെ കൈയ്യ് കഷ്ടിച്ചു കയറാവുന്ന ഇത്തരം പോതുകളിൽ വിരലുകൾ കൊണ്ടിട്ട് അനക്കുമ്പോഴേ മീൻ വന്നു മുട്ടുന്നത് അനുഭവപ്പെടും . അപ്പോൾ നാം ആവേശത്തോടെ വീണ്ടും കൈ ഉള്ളിലേക്ക് കയറ്റി ആശാനേ ഉടലോടെ പിടിച്ച് കുടത്തിൽ ഇടും . കല്ലടയെന്ന മീനാണെങ്കിൽ മുള്ളു കയറി കൈമുഴുവനും നാശമാകും . ആഴക്കൂടുതലുള്ള സ്ഥലങ്ങളിൽ മുങ്ങിക്കിടന്നു ചെയ്യുന്ന ഈ അണ്ടതപ്പൽ പരിപാടിക്ക് ഒരു റിസ്ക്ക് ഉണ്ട് . നാം കയ്യ് ഉള്ളിൽ കയറ്റുമ്പോഴാവും മുകളിലെ മണ്ണ് ഇടിഞ്ഞു താഴുന്നത് , അങ്ങിനെ കൈ ലോക്കായാൽ കുടുങ്ങിയത് തന്നെ . അവിടെയാണ് വിര പോലിരിക്കുന്ന ജോർജേട്ടന്റെ റോൾ . കക്ഷി ആറ്റിലുടനീളം നീന്തിത്തുടിച്ച് അണ്ടതപ്പിക്കൊണ്ടിരിക്കുന്ന ഞങ്ങൾ എല്ലാവരുടെയും അരികെ ഊഴമിട്ട് വന്ന് കാര്യം തിരക്കി പോകും . എല്ലാവരും ഉറക്കെ വർത്തമാനം പറയാണെമെന്നാണ് ചട്ടം . വർത്തമാനം നിന്നാൽ കുഴപ്പമായി എന്നർത്ഥം . ഈ കൊഞ്ച് എന്ന സാധനം കയ്യിൽ ഇറുക്കി പിടിക്കും എന്നൊഴിച്ചാൽ ഈ പരിപാടി സേഫാണ് . ആറ്റിലെ വെള്ളത്തിനടിയിൽ വിഷപ്പാമ്പുകൾ കാണില്ല . ആകെയുള്ളത് നീർക്കോലിയാണ് . അദ്ദേഹം കടിച്ചാൽ അത്താഴം കഴിക്കാതെ കിടന്നാൽ മതിയത്രെ !

Advertisements

DOWNLOAD Mobile app for Comfortable Reading

ഇതിനിടയിലാണ് ഇരുട്ടത്ത് ആശാൻമ്മാർ പ്രേതകഥകൾ കെട്ടഴിച്ചുവിടുന്നത് . കൂരിട്ടത്ത് ഇത് പറയാനും കേൾക്കാനും ഒരു പ്രത്യേക രസമാണ് . തപ്പി തപ്പി പള്ളിയുടെ മുന്നിലെ വളവിലെത്തുമ്പോഴാണ് പപ്പയുടെ മുന്നറിയിപ്പ് . ” മതി കൂടുതൽ പോകേണ്ട , ഒരു രണ്ടു തലമുറ മുന്നേ വീട്ടിൽ പണിക്കു നിന്നിരുന്ന ഒരു പെൺകൊച്ച് ഇവിടെ മുങ്ങി ചത്തിട്ടുണ്ടെന്ന് അപ്പൻ പറഞ്ഞിട്ടുണ്ട് . എടാ വെള്ളത്തിൽ നിന്നും പൊങ്ങി വരുമ്പോ ഒരു പെണ്ണിന്റെ മുഖം കണ്ടാൽ പേടിക്കേണ്ട . ഉപദ്രവം ഇല്ല . ” ഞങ്ങള് പിള്ളേരെ പേടിപ്പിച്ച സാറ്റിസ്ഫാക്ഷൻ പിന്നീട് മുപ്പതു സെക്കൻഡ് നേരമുണ്ടാകുന്ന നിശബ്ദതയിൽ നിന്നും തിരിച്ചറിയാം . പക്ഷെ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്ന് ചുറ്റും നോക്കുമ്പോൾ ആ പെണ്ണ് അവിടെയും ഇവിടെയും മൊക്കെ നിൽക്കുന്നതായി തോന്നും . വെളുത്തു സുന്ദരിയായ ഒരു വേലക്കാരിയായി ആണ് ഞാൻ കാണുന്നതെങ്കിൽ , കാരണവൻമ്മാരുടെ പീഡനങ്ങളേറ്റു വാങ്ങി ആത്മഹത്യ ചെയ്ത ഒരു പാവം പെൺകിടാവായി ആയിരുന്നു കൂട്ടുകാരൻ അനി കണ്ടിരുന്നത് . ഇങ്ങനെ വെള്ളത്തിൽ കിടന്ന ഒരു രാത്രിയാണ് പടിഞ്ഞാറൻ പാടശേഖരങ്ങളിൽ കണ്ടുവന്നിരുന്ന ഒരു പ്രത്യേകതരം സത്വത്തിന്റെ കഥ പപ്പാ പറഞ്ഞത് . കണ്ടത്തിലെ പണിയും കഴിഞ്ഞു വള്ളത്തിലാണ് ആളുകൾ തിരികെ വീട്ടിലെത്തുന്നത് . നേരം നന്നേ ഇരുട്ടിയിരിക്കും . ചെറുതോടുകളിലൂടെ വള്ളമൂന്നി പിന്നീട് മീനച്ചിലാറ്റിൽ എത്തി വീണ്ടും പല കൈവഴികളിലൂടെ തുഴഞ്ഞാണ് വല്യപ്പൂപ്പൻമ്മാർ തിരികെ വീട്ടിലെത്തിയിരുന്നത് . ഇത്തരമൊരു കൈവഴിയിലാണ് ഇവൻ ഉണ്ടായിരുന്നത് . തോടിന് ഇരുകരകളിലുമായി കാലുറപ്പിച്ചു ഒരു തെങ്ങിന്റെ ഉയരത്തോളം വലിപ്പത്തിൽ അവനങ്ങനെ ഞെളിഞ്ഞു നിൽക്കും . അവന്റെ കാലിനിടവഴി വേണം വള്ളം തുഴഞ്ഞു പോകാൻ . നല്ല കോടമഞ്ഞിന്റെ നിറമാണ് . അവ്യക്തമായ മുഖം. ” അപ്പോൾ ഇത് മഞ്ഞിറങ്ങിയത് തന്നെ . പണി കഴിഞ്ഞു അന്തികള്ളടിച്ച കാർന്നോൻമാർക്കു ഇതല്ല ഇതിലപ്പുറവും തോന്നും ” അനി എന്നോടായി അടക്കം പറഞ്ഞു . നമ്മൾ തൊട്ടടുത്തെത്തിയാലോ .. ആ രൂപം മാഞ്ഞുപോകും ! പപ്പാ തുടർന്നു . കുറച്ചു കഴിയുമ്പോൾ വെള്ളത്തിൽ നിന്നും എന്തോ നീന്തി വള്ളത്തിനരികിലേക്ക് വരുന്നതായി തോന്നും . നമ്മൾ തുഴച്ചിലിന്റെ വേഗത കൂട്ടിയിട്ട് കാര്യമൊന്നുമില്ല , അവനും വേഗം കൂട്ടും . എന്താണ് നീന്തിയടുക്കുന്നത് എന്നൊന്നും കാണില്ല , വെള്ളം ഓളം തല്ലി വരുന്നത് മാത്രം കാണാം . വള്ളത്തിനടുത്തെത്തിയാൽ അനക്കം നില്കും . നാം ചുറ്റും നോക്കിയാലും ഒന്നും കാണില്ല . ആ സമയം വള്ളം താഴോട്ടൊന്നിരിക്കും . എന്താ കാര്യം ? അവൻ വള്ളത്തിൽ കയറിയിട്ടുണ്ട് ! വള്ളം താഴോട്ടിരുന്നപ്പോൾ ഞാനും അനിയും മുകളിലേക്ക് പൊന്തി . ” എന്നിട്ട് ?? ” അനിയാണ് ചോദിച്ചത് . അവൻ പോകില്ല , അവന് വേണ്ടത് കൊടുക്കണം . അല്ലെങ്കിൽ വള്ളം മറിക്കും . ” എന്താണവന് വേണ്ടത് ? ” ഞാനപ്പോൾ എന്തും കൊടുക്കാൻ തയ്യാറായിരുന്നു . മനസാ ഞാനിപ്പോൾ വള്ളത്തിലാണല്ലോ . ” കള്ളും പച്ചയിറച്ചിയും” . ഏതെങ്കിലും ഒന്ന് കിട്ടിയാലും മതി . “അല്ല , ഇവനെ കാണാൻ പറ്റില്ലല്ലോ , പിന്നെ ഇതെങ്ങിനെ കൊടുക്കും ? ” അനി സയന്റിഫിക്കായി ചിന്തിച്ചു . എടാ നാം വള്ളത്തിൽ നിന്ന് കള്ളും ഇറച്ചിയും വെള്ളത്തിലിട്ടാൽ മതി , അവൻ കൊണ്ടുപോയ്ക്കോളും . ആനി തൃപ്തനായി . ഇതൊക്കെ ഇപ്പോഴുമുണ്ടോ പപ്പാ ? ആ റൂട്ട് ഒഴിവാക്കാനാണ് ഞാൻ ചോദിച്ചത് . ” കാണും, പക്ഷെ ആളും തരവും സമയവും നോക്കിയേ അവൻ വരൂ .” കഥയവസാനിക്കുമ്പോൾ കുടം നിറഞ്ഞിട്ടുണ്ടാവും . നേരെ കരയ്ക്കു കയറി തോർത്തി വീട്ടിലോട്ട് . മമ്മി അപ്പോൾ തന്നെ, പിടിച്ച മീനുകളെ സംസ്‌ക്കരിച്ചു വറുത്തു ചോറിനൊപ്പം വിളമ്പും . അങ്ങിനെ ഒരു അപ്പർ കുട്ടനാടൻ ദിനം അവസാനിച്ചു .

ആർപ്പുക്കരയിലെ പ്രേതങ്ങൾ ! 5
ആർപ്പൂക്കര

മഴക്കാലം തുടങ്ങുമ്പോഴാണ് കൂടുതൽ രസം . കലക്കവെള്ളത്തിലെ കൂരിപിടുത്തമാണ് വർഷാവർഷം അരങ്ങേറുന്ന പ്രധാന മൺസൂൺ പരിപാടി . തോട് നിറയുന്നതിന് മുന്നേ വട്ടവല വെച്ച് കൂരിയെയും പരൽ മീനുകളെയും പിടിക്കും . ആറു നിറഞ്ഞു കവിഞ്ഞാൽ പിന്നെ അത് നടക്കില്ല . മഞ്ഞക്കൂരികളുടെ കൂട്ടങ്ങൾ വെള്ളം തിളച്ചു മറിയും പോലെ അവിടെയും ഇവിടെയുമായി പ്രത്യക്ഷപ്പെടും . മണിക്കൂറുകളോളം ഒരേ സ്ഥലത്തു തന്നെ അവ കിടന്ന് കളിച്ചു മറിയും . അങ്ങിനെയൊരു സംഭവം കണ്ടാൽ ഉടനെ പിള്ളേര് കൂട്ടത്തിന് വിവരം ലഭിക്കും . പിന്നെ ആ സ്ഥലത്തിനരികെയുള്ള ഏതെങ്കിലും ചെറുമരത്തിൽ ( അന്ന് കൊക്കോ മരമായിരുന്നു കൂടുതലും ) കയറിക്കൂടും . അവിടെ നിന്നും നീളമുള്ള മുപ്പല്ലി കൊണ്ട് മീനുകളെ കുത്തിപ്പിടിക്കും . അങ്ങിനെ തൊണ്ണൂറ്റി രണ്ടിലെ ഒരു മഹാപ്രളയ കാലത്താണ് ചെറുപ്പത്തിൽ , കേട്ട് മാത്രം പരിചയമുണ്ടായിരുന്ന ഒരു പുരാതന സത്വവുമായി ഡയറക്റ്റ് എൻകൗണ്ടർ ഉണ്ടായത് .

പ്രീഡിഗ്രി രണ്ടാം വർഷം . കാലവർഷം എത്തിക്കഴിഞ്ഞു . പുറത്ത് പെരുമഴ ! തറയിൽക്കൂടി തണുപ്പ് അരിച്ചുകയറുന്നു . രാത്രിയായി തുടങ്ങുന്നു . പപ്പാ ചേതക്ക് സ്‌കൂട്ടറിൽ എത്തിക്കഴിഞ്ഞു . രണ്ടു കാറ്റടിച്ചപ്പോഴേ കറന്റു പോയി . ജനലൊക്കെ അടച്ചിടെടാ പാമ്പുകയറും . വല്യമ്മച്ചി അകത്തു നിന്നും ഒച്ചയിട്ടു . എടാ കിഴക്ക് ഉരുള് പൊട്ടിയിട്ടുണ്ട് . വെള്ളം നല്ല വരവാണ് , നീ പോയി വള്ളം നല്ലപോലെ കെട്ടിയിട് . അതും പറഞ്ഞു പപ്പ അകത്തേക്ക് പോയി . വീടിനു പിറകിലെ തോട്ടിലെ വെള്ളത്തിന്റെ നിറം കണ്ടപ്പോഴേ പിടികിട്ടി . നാളെ നേരം പുലരുമ്പോൾ കളി മാറും . അതാ ജോർജേട്ടനും , അപ്പച്ചൻ ചേട്ടനും എത്തിക്കഴിഞ്ഞു . രാത്രിയിൽ തോടിനു കുറുകെ വട്ടവല വെക്കണം . പരലും , കൂരിയും കിട്ടും . തോർത്തുടുത്തു കുടവും എടുത്ത് നേരെ തോട്ടിലേക്ക് . കുറ്റാക്കൂരിരുട്ടാണ് , എന്നും ഇറങ്ങുന്ന കടവിൽ വെളിച്ചത്തിന്റെ ആവശ്യമില്ലല്ലോ . അവിടുന്നും ഇവിടുന്നും ഒക്കെ കൂവലുകൾ കേൾക്കാം . ആരൊക്കെയോ വലയുമായി ഇറങ്ങിയിട്ടുണ്ട് . അരയറ്റം വെള്ളത്തിൽ ഇറങ്ങിനിന്ന് ഒഴുക്കിനെതിരായി ആണ് വലവെയ്ക്കുന്നത് . കയ്യിലെ രണ്ടു വിരൽ വലയിലേക്ക് ഇറക്കിയിടും . മീൻ വന്നു തട്ടിയാൽ അറിയാനാണ് . നല്ല തട്ട് കിട്ടുമ്പോൾ തന്നെ മറ്റേ തലയ്ക്കൽ കോർത്തിരിക്കുന്ന കയറിൽ പിടിച്ച് വല പൊക്കും . ചിലപ്പോൾ ഒന്നോ രണ്ടോ എണ്ണം , അല്ലെങ്കിൽ പരൽക്കൂട്ടമോ , കൂരിക്കൂട്ടമോ കയറും . കലക്കവെള്ളത്തിൽ കണ്ണുംകെടയും കാണാൻവയ്യാതെ വന്നു കയറുന്നതാണ് . ആവശ്യത്തിന് കിട്ടിയാൽ നേരെ അടുക്കളയിലേയ്ക്ക് . മമ്മി ഇതെല്ലാം വറുത്ത് കൊണ്ടുവരുന്ന സമയം വരെ വിളക്കും വെട്ടത്തിൽ ചീട്ടുകളി . അപ്പച്ചന് ചേട്ടന് ടെൻഷനാണ് . ഇപ്രാവശ്യം നെൽക്കൃഷിയിറക്കിയിട്ടുണ്ട് . വെള്ളം വരവ് കണ്ടിട്ട് . പാടത്തെ മട പൊട്ടും. നെല്ലെല്ലാം വെള്ളത്തിൽ കിടന്ന് ചീയും . ടെൻഷൻ ഒഴിവാക്കാനാണ് ചീട്ടുകളി . കൂട്ടത്തിൽ ജോർജേട്ടൻ കൊണ്ടുവന്ന കുറച്ചു കള്ളും ഉണ്ട് . ചെറുപ്പത്തിൽ എനിക്കൊരു ശീലമുണ്ടായിരുന്നു . പെരുത്ത മഴയത്ത് കറണ്ട് പോകുകയും , വെള്ളം പൊങ്ങുകയും ചെയ്യുമ്പോൾ മാത്രം വരുന്ന ഒരു പൂതി . ചെറിയ കസേരകളെല്ലാം വൃത്താകൃതിയിൽ കൂട്ടിയിടും . എന്നിട്ടു പുതപ്പു തുണികൾ കൊണ്ട് മുകളും വശങ്ങളും മൂടും . വീടിനകത്തൊരു ടെൻറ്റ് ! രാത്രിയുറക്കം പിന്നെ അതിനകത്താണ് . പിന്നെ മുതിർന്നപ്പോൾ കാട് കയറുമ്പോഴായിരുന്നു ഈ രോഗം കൂടുതലായി കണ്ടിരുന്നത് .

നേരം വെളുത്തപ്പോഴാണ് ഉരുൾ പൊട്ടലിന്റെ പരിണിതഫലങ്ങൾ ശരിക്കും കണ്ടത് . വീടിന്റെ ഒന്നാം പടി വരെ വെള്ളം ഉണ്ട് . മുറ്റത്തു തോട്ടിലെപ്പോലെതന്നെ നല്ലയൊഴുക്ക് . പപ്പയുടെ ഓർക്കിഡ് ചട്ടികളൊക്കെ മറിച്ച് ചിലതൊക്കെ ഒഴുക്കിയെടുതുകൊണ്ട് പോയിട്ടുമുണ്ട് . ആഞ്ഞിലിയിലും , പൂവരശിലും , മഹോഗണിയിലും ഒക്കെ ചകിരിയിലും തൊണ്ടിലുമൊക്കെ ഫിറ്റ് ചെയ്ത് വെച്ചിരുന്ന ഓർക്കിഡുകളൊക്കെ ഒടിഞ്ഞു വെള്ളത്തിൽ ഒഴുകിപ്പോയി . കനത്ത മഴയിൽ ഇനി ഇതൊക്കെ മുങ്ങി തപ്പിയെടുക്കണം . ഒഴുകി വരുന്ന കമ്പിലും , തടിയിലുമൊക്കെ ഇഴജന്തുക്കൾ പ്രാണരക്ഷാർത്ഥം പറ്റിപ്പിടിച്ചിരിപ്പുണ്ടാവാം . സൂക്ഷിക്കണം . ഒഴുക്കത്ത് എങ്ങോട്ട് പോകണമെന്നറിയാതെ നീർക്കോലികൾ തല വെളിയിൽക്കാണിച്ച് അങ്ങോട്ടും ഇങ്ങോട്ടും തുഴയുന്നുണ്ട് . പനീർ ചാമ്പയിൽ സ്ഥിരമായി കാണുന്ന രണ്ടു നത്തുകളും നനഞ്ഞു കുതിർന്ന് അവിടെത്തന്നെ ഇരിപ്പുണ്ട് . ഒതളങ്ങാ മരത്തിലെ പൊത്തിൽ കൂടുകൂട്ടിയിരുന്ന പച്ചോലക്കുടുക്ക , പിള്ളേരുമായി തണുത്ത് വിറച്ചിരിക്കുന്നു . കൊക്കോ മരത്തിൽ ചാരമുണ്ടികൾ സ്ഥാനം പിടിച്ചിട്ടുണ്ട് . “പള്ളീടപ്പുറത്തു കൂരിയിളകിയിട്ടുണ്ട് ” ആരോ വിളിച്ചു പറയുന്ന ശബ്ദം കേട്ടു . ഇനി പകല് മുഴുവനും കൂരിപ്പിടുത്തം . പപ്പയുടെ ചേതക്ക് സ്‌കൂട്ടർ , വള്ളത്തിൽ കയറ്റി അപ്പച്ചൻ ചേട്ടന്റെ വീടുവരെ എത്തിച്ചു . ഞങ്ങളെ സംബന്ധിച്ചടുത്തോളം അപ്പർ കുട്ടനാടിന്റെ അതിർത്തിയാണ് അപ്പച്ചൻ ചേട്ടന്റെ വീട് . വെള്ളം പൊങ്ങിയാൽ അവിടം വരെ ബസ് വരും .

ആർപ്പുക്കരയിലെ പ്രേതങ്ങൾ ! 6
ആർപ്പൂക്കര

ഇതിനിടെ കൂട്ടുകാരൻ അനിയുടെ വീടിനകത്തുവരെ വെള്ളം കയറിയിരുന്നു . വെള്ളം പൊങ്ങിയാൽ പിന്നെ ആർപ്പൂക്കര ഗുരുത്വകര്ഷണം കൂടുതലുള്ള പ്രദേശമാണ് . അത്രയ്ക്ക് ബുദ്ധിമുട്ടാണ് വെള്ളത്തിൽക്കൂടി കാല് ഏന്തിക്കുത്തിയുള്ള നടത്തം . കുറച്ചു നേരം നടന്നാൽ കാൽ കഴയ്ക്കും . വള്ളം കൊണ്ട് ആരോ പോയതിനാൽ നീന്തിയും പതച്ചും അനിയുടെ വീട്ടിലെത്തി . അനിയും പെങ്ങൾ അനിതയും മാത്രമേയുള്ളു അപ്പോൾ അവിടെ . അവളെ നനയാതെ ബസ് സ്റ്റോപ്പ് വരെ എത്തിക്കണം . പിന്നെ മെഡിക്കൽ കോളേജിനടുത്തുള്ള അമ്മവീട്ടിലേക്ക് പൊയ്ക്കോളും . പിന്നെ ഒന്നും ആലോചിച്ചില്ല , ഒടിഞ്ഞ വാഴപിണ്ടികളെല്ലാം വെട്ടി അതിനകത്തൂടെ ഇരുവശവും കമ്പ് കുത്തിക്കയറ്റി ഒന്നാംതരമൊരു ചങ്ങാടമുണ്ടാക്കി അവളെ അതിലുരുത്തി ബസ് സ്റ്റോപ്പ് വരെ വലിച്ചു . വെള്ളപ്പൊക്കം വന്നാൽ രാത്രീയും പകലുമൊക്കെ ഇതുപോലെ രസമുള്ള പണികൾ ഉണ്ടാവും . ഇനി രാത്രിയായി തുടങ്ങി . പപ്പ വരുമ്പോൾ എട്ടൊമ്പത് മണിയാകും . വള്ളവും കൊണ്ട് അപ്പച്ചൻ ചേട്ടന്റെ വീട് വരെ തുഴയണം . വണ്ടി അവിടെ വെച്ചിട്ട് പപ്പ സാധനങ്ങളുമായി വരുന്നത് വരെ വള്ളത്തിൽ ഇരിപ്പാണ് . ഇറങ്ങാൻ നേരം വല്യമ്മച്ചി ഒരു ഉപേദശം . ” എടാ ശനിയാഴ്ചയാ , അവന്റെ കയ്യിൽ ഇറച്ചി കാണും . തിരികെ വരുമ്പോൾ തോട്ടിൽ കൂടെ തുഴയേണ്ട , കൊക്കോ തോട്ടത്തിൽ വെള്ളം കയറിയല്ലോ , അത് വഴി വന്നാൽ മതി ” . ങേ ! അതെന്താ ? ഞാൻ ചോദിച്ചു . “ഓ .. ആ വളവിൽ ഒരുത്തനുണ്ട് .. അവനു ഇറച്ചി ഇഷ്ടമാ , വള്ളം മറിച്ച് ഇറച്ചി കൊണ്ട് പോകും” . പിടികിട്ടി . അവിടെയൊരു പുരാതന സാധനം കുടിയിരുപ്പുണ്ടെന്ന് കേട്ടിട്ടുണ്ട് . ഈ അമ്മച്ചീടൊരു കാര്യം എന്നൊക്കെ വിചാരിച്ച് . വെള്ളമെടുത്ത് തുഴയാൻ തുടങ്ങി . വളവിൽ എത്തിയപ്പോൾ കയ്യിലെ ടോർച്ച് തെളിച്ച് ഫോർ ഡൈമെൻഷനിൽ ഒന്ന് പരാതി നോക്കി . നല്ലയിരുട്ടാണ് , പെരുത്ത മഴയും . ഒന്ന് കിടുങ്ങി . ഇനി ഇതെങ്ങാനും ശരിക്കുള്ളതാണോ ? പപ്പാ വരാൻ കുറെ സമയമെടുത്തു . രണ്ടു കയ്യിലും നിറയെ സാധനങ്ങളുണ്ട് . എല്ലാം വള്ളത്തിൽ കയറ്റി , പപ്പാ അങ്ങേ തലയ്ക്കൽ ഇരുന്ന് കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു . ഇറച്ചി ഉണ്ടോ ? ഉണ്ടെടാ , നാളെ ഞായറാഴ്ചയല്ലേ . എന്നാൽ വളവിൽക്കൂടി പോകേണ്ട എന്നാ അമ്മച്ചി പറഞ്ഞേ . ” ഓ സാരമില്ലെടാ …… അവൻ വരുമ്പോൾ നാളെ കറി വെച്ച് കൊടുക്കാമെന്ന്‌ പറയാം ” പപ്പാ തമാശിച്ചു . പോകുന്ന വഴി ചോദിച്ചു. പപ്പാ ഈ കൂവുന്ന പാമ്പൊക്കെ ഉള്ളതാണോ ? ” പാമ്പ് കൂവത്തില്ല . പക്ഷെ കൂവുന്ന മറ്റേതെങ്കിലും ജീവി പണ്ട് ഉണ്ടായിരുന്നിരിക്കാം . വേമ്പനാട്ടു കായലിൽ മുതല ഉണ്ടായിരുന്നു . നമ്മൾ ഇപ്പോൾ പോകുന്ന തോട്ടിൽ ധാരാളം നീർനായ്ക്കളും . രണ്ടും ഇപ്പോഴില്ലല്ലോ . അതുപോലെ എന്തെങ്കിലും ആവാം .

പറഞ്ഞു പറഞ്ഞു … വളവെത്തി . ആഴമില്ലായെന്നു കരുതി തുഴകുത്തി . പക്ഷെ തുഴ നിലം കൊണ്ടില്ല . പകരം ഞാൻ മുനനീം കുത്തി വെള്ളത്തിൽ വീണു . കൂട്ടത്തിൽ പപ്പയും വള്ളവും മറിഞ്ഞു . മുങ്ങിപൊങ്ങിയ ഞങ്ങൾ വള്ളം നിവർത്തു വെള്ളം തേകിയെടുത്തു . വെള്ളത്തിൽ പോയ കൂടുകൾ ഓരോന്നായി മുങ്ങിയെടുത്തു . പക്ഷെ ഒരെണ്ണം മാത്രം കിട്ടിയില്ല . ആ ഇറച്ചിയുള്ള കൂട് ! സത്യത്തിൽ പേടിയും കൗതുകവുമല്ല അപ്പോൾ തോന്നിയത് . വീട്ടിൽത്തിയാൽ അമ്മച്ചി തലതിന്നുകളയും . എങ്ങിനെയും അത് കണ്ടു പിടിച്ചേ മതിയാകൂ . പക്ഷെ നിരാശയായിരുന്നു ഫലം . നനഞ്ഞു നാറി വീട്ടിലെത്തിയപ്പോഴേ അമ്മച്ചി കാര്യം ഗ്രഹിച്ചു . ആകെ ബഹളം . ഞായറാഴ്ച്ച ഇറച്ചിയല്ലാതെ ചോറ് കഴിക്കേണ്ടി വരും എന്നുള്ളതായിരുന്നു പ്രധാന പ്രശ്‌നം . പകലത്തെ പണികളെല്ലാം കൂടെയായപ്പോൾ ഞാൻ പെട്ടെന്നുറങ്ങി . പക്ഷെ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു . ഓടി വള്ളമെടുക്കാൻ ചെന്നപ്പോഴുണ്ട് പപ്പാ വള്ളത്തേൽ ഇരിപ്പുണ്ട് . രണ്ടു പേരുടെയും ഉദ്യേശം ഒന്ന് തന്നെ . ഇന്നലത്തെ ക്രൈം സീൻ പകൽ വെളിച്ചത്തിൽ ഒന്നുകൂടി പരിശോധിക്കണം . നേരെ ചെന്ന് നോക്കിയപ്പോൾ പിടികിട്ടി . വള്ളം തോട്ടിലല്ല , കരയിൽ തന്നാണ് മറിഞ്ഞത് . ഒരു കുഴിയിലാണ് ഞാൻ തുഴ കുത്തിയത് . വെള്ളം കുറെ തെളിഞ്ഞിരുന്നു . കുറെ നേരം തപ്പി നോക്കി . ഒഴുക്ക് കുറവാണ് . സാധനം അടുത്തെവിടെയോ കാണണം . പക്ഷെ കിട്ടിയത് കൂടു മാത്രമാണ് . അവസാനം ആ പുരാതന ഇറച്ചി തീനി സത്വത്തിന്റെ അസ്ഥിത്വം അംഗീകരിച്ചുകൊണ്ട് ഞങ്ങൾ വിടവാങ്ങി . പക്ഷെ പപ്പാ പിറുപിറുത്തുകൊണ്ടിരുന്നു . നല്ല ഒഴുക്കല്ലേ , പിന്നെയെങ്ങനെ കിട്ടും . വീട്ടിൽ അമ്മച്ചിയുടെ ചോദ്യത്തിന് ഒരു അമ്പതു തവണ ഞങ്ങൾ ഇതേ ഉത്തരം പറഞ്ഞു . ” നല്ല ഒഴുക്കല്ലേ , പിന്നെയെങ്ങനെ കിട്ടും ? ”

മഴകുറഞ്ഞു . വെള്ളമിറങ്ങിത്തുടങ്ങി . ഇപ്പോൾ കൊക്കോതോട്ടത്തിൽ മുട്ടിനു താഴെ പകുതി വെള്ളമേയുള്ളൂ . ഇനിയാണ് മീൻ പിടുത്തതിന്റെ അടുത്ത ഘട്ടം . രാത്രി പത്തു മണികഴിഞ്ഞാൽ വെട്ടുകത്തിയും ടോർച്ചുമായും ഇറങ്ങും . പതുക്കെ ശബ്ദമുണ്ടാക്കാതെ വെള്ളത്തിൽക്കൂടി നടക്കും . വലിയ വരാലൊക്കെ അനങ്ങാതെ നിൽപ്പുണ്ടാവും . കുറച്ചു വെള്ളമല്ലേ ഉള്ളൂ . വെട്ടുകത്തിയെടുത്ത് നിലം ചേർത്ത് ഒറ്റവെട്ട്‌ . തല വേറെ ഉടല് വേറെ . രണ്ടോ മൂന്നോ എണ്ണം കിട്ടിയാൽ പണി നിർത്തും . വീണ്ടും രാത്രി പഴയതു പോലെ തന്നെ കറിവെയ്ക്കൽ … ചീട്ടുകളി ……… രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കരയിൽ നിന്നെല്ലാം വെള്ളമിറങ്ങി . അപ്പോഴുണ്ട് പഴയ വളവിൽ നമ്മുടെ ഇറച്ചിപ്പൊതി കിടക്കുന്നു . മീൻ സകലതും കൊത്തിപ്പറിച്ചിരിക്കുന്നു . മിച്ചം കിട്ടിയതുമായി ഞാൻ അമ്മച്ചിയുടെ അടുത്തേക്ക് ഓടി . പക്ഷെ അമ്മച്ചിയുണ്ടോ വിടുന്നു . സാധനം MPI യുടെ ഫ്രോസൺ പശുവിറച്ചിയാണ് . അവന് ഇഷ്ട്ടപ്പെട്ടു കാണത്തില്ല . അതാണത്രേ കളഞ്ഞത്!, കക്ഷി ഫ്രഷ് പോത്തിറച്ചിയെ കഴിക്കൂ . …….

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :: ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല.തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.

ആർപ്പുക്കരയിലെ വീടിനുചുറ്റുമുള്ള ചെറുതോടുകൾ വേനൽക്കാലത്ത് പൂർണ്ണമായും വറ്റും . പിന്നെ അതിൽ കരിയിലകൾ നിറയും . പറമ്പുമുഴുവനും വീണുകിടക്കുന്ന ഇലകൾ സഹജീവികളുടെ സാന്നിധ്യം നമ്മെ അറിയിക്കും . നിലത്ത് ചാടി ചാടി നടക്കുന്ന ചെമ്പോത്തും (ഉപ്പൻ ) , കൂട്ടമായി ചലപിലാ ശബ്ദമുണ്ടാക്കിക്കൊണ്ട് നിലത്തും ചെടികളിലുമായി തലങ്ങും വിലങ്ങും പരക്കം പായുന്ന കരിയിലപ്പിടച്ചികളും കൂടി നട്ടുച്ചയ്ക്കും പറമ്പ് മുഴുവനും ശബ്ദമുഖരിതമാക്കും . ആത്മഹത്യാമരമായ ഒതളത്തിന്റെ പൊത്തുകളിൽ അടയിരിക്കുന്ന പച്ചോലക്കുടുക്കയുടെ (ചിന്ന കുട്ടുറുവന്‍) മുട്ടകൾ കണ്ടെത്തി നിർവൃതിയടഞ്ഞിരുന്ന കുട്ടിക്കാലം . ദിവസേന പാഷൻഫ്രൂട്ട് ചെടിയുടെ വള്ളികൾക്കിടയിൽ കാക്കകളുടെ കണ്ണിൽപ്പെടാതെ രഹസ്യമായിരിയ്ക്കുന്ന രണ്ടു നത്തുകളോട് കുശലം പറഞ്ഞിരുന്ന നാളുകൾ . ഇതിന്റെ തണലിൽ ഒരു കസേരയുമിട്ട് മമ്മിയുണ്ടാക്കിയ കട്ടൻകാപ്പിയും മോന്തി പൊറ്റക്കാടിന്റെ നൈൽഡയറിയും , സിംഹഭൂമിയും പത്താംതവണയും വായിച്ചിരിക്കുന്ന സമയം . സുഡാനിലെ തെരുവുകളിൽ ഹിപ്പൊപ്പൊട്ടാമസ് രാത്രിസഞ്ചാരത്തിനിറങ്ങുന്ന ഭാഗം വായിക്കുമ്പോഴതാ കൺമുൻപിൽ കേരളത്തിലെ മിനി ദിനോസർ പതുക്കെ മുറ്റം വഴി നിരങ്ങി വരുന്നു . കുറഞ്ഞത് ഒരു നാലഞ്ച് ഉടുമ്പുകളെങ്കിലും ഞങ്ങളുടെ പറമ്പിൽതന്നെയുണ്ട് . വേനലിൽവീണ കരിയിലകൾക്കിടയിലൂടെ ഈ മഹാൻ ഓടിപ്പോകുന്ന ശബ്ദംകേട്ടാൽ ഒന്നോരണ്ടോ കള്ളൻമാർ പിറകുവശത്തുകൂടി വേഗത്തിൽ നടക്കുന്നതായേ തോന്നൂ . കോഴിക്കൂട്ടിൽ കയറിയുള്ള ഉടുമ്പിന്റെ ആക്രമണം പപ്പയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത് . അങ്ങിനെ ഒരുനാൾ കോഴിക്കൂട്ടിൽ കയറിയ ഒരു മൂത്ത ഉടുമ്പിനെ മമ്മി സൂത്രത്തിൽ കുരുക്കിൽ വീഴ്ത്തി . തെങ്ങോലയുടെ മടലിന്റെ അരികിൽ നിന്ന് ചീകിയെടുത്തുണ്ടാക്കിയ കുരുക്കിൽ കക്ഷി അറിയാതെ തല വെച്ചുകൊടുത്തു . കുരുക്ക് മുറുകിയതും മമ്മി ഒച്ചവെച്ച് ആളെ കൂട്ടി . പതിവുപോലെ പറമ്പിൽ പണിതുകൊണ്ടിരുന്ന ജോർജേട്ടനാണ് ആദ്യമെത്തിയത് . പുള്ളി ഉടൻതന്നെ പപ്പയെ വിളിച്ചുകൊണ്ടു വന്നു . കൂടുതൽ ആലോചിക്കാൻ മിനക്കെടാതെ പപ്പാ വീട്ടിലുള്ള എയർഗൺ എടുത്തോണ്ടുവന്നു ലവന്റെ വായിക്കകത്ത് തിരുകിക്കയറ്റി ഒരു താങ്ങ് !

പുറത്തെടുത്ത മൃതദേഹത്തിനരികെ നിന്നുകൊണ്ട് കാരണവൻമാർ ചരിത്രം വിളമ്പി . കല്ലിലിട്ടു ഇടിച്ചുവേണം ഇതിന്റെ ഇറച്ചി പാകപ്പെടുത്തിയെടുക്കുവാൻ . ഇടിക്കുംതോറും ഇറച്ചികൂടുതൽ വലിപ്പം വെയ്ക്കുമത്രേ ! ഉടുമ്പിന്റെ വാലുകൊണ്ടുള്ള അടിയാണ് ഏറ്റവും മാരകം . കള്ളൻമാർ ഇതിനെ മെരുക്കിയെടുത്ത് അരയിൽ കയറിട്ടു കെട്ടി കൂറ്റൻ മതിലുകളിൽക്കൂടി കയറ്റിവിടും . ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉടുമ്പിന്റെ അരയിൽകെട്ടിയ കയറിലൂടെ അവർ മുകളിലേക്ക് കയറും . അത്രയ്ക്ക് ഭീകരമാണ് ഉടുമ്പിന്റെ പിടുത്തം ! ഇവന്റെ കൂട്ടത്തിൽ മറ്റൊരു ജാതിയുണ്ട് , പൊന്നുടുമ്പ് . അതിന്റെ നാക്ക് ജീവനോടെ പിഴുതെടുത്ത് അപ്പടി വിഴുങ്ങിയാൽ ഒരുവിധത്തിലുള്ള വിഷപ്രയോഗങ്ങളും ഏശില്ല . വാചകമടി അങ്ങിനെ നീണ്ടുപോയെങ്കിലും പപ്പയുടെ ഉന്നം മറ്റൊന്നായിരുന്നു . നല്ല വൃത്തിയായി ഇതിന്റെ തൊലി ഉരിഞ്ഞെടുക്കണം . എന്നിട്ട് ഉണക്കി തോക്കിന്റെ കൂട്ടത്തിൽ ഭിത്തിയിൽ പതിപ്പിക്കണം . സംഭവം അങ്ങിനെ തന്നെ ചെയ്തു . പക്ഷെ അവിടവിടയെയായി പറ്റിപ്പിടിച്ചിരുന്ന മാംസഭാഗങ്ങൾ പൂർണ്ണമായും ഉങ്ങാത്തതിനാൽ ഉടുമ്പുംതോൽ അധികംതാമസിയാതെ ഉറുമ്പരിച്ചു തീർത്തു .

ഞങ്ങളുടെ പറമ്പിൽ ഉടുമ്പ് നടത്തിയ രണ്ടാമത്തെ സൂയിസൈഡ് അറ്റാക്ക് മറ്റൊരു വേനലിൽ ആയിരുന്നു . ജോർജേട്ടന്റെ കാലിനിടയിലൂടെ തിക്കിത്തിരഞ്ഞു ഓടിപ്പോയ ഉടുമ്പ് വറ്റിയ തോടിന്റെ വശത്തിലെ ചെറുമാളത്തിലേക്കു കയറുന്നതു അങ്ങേര്‌ കണ്ടു . ഉടൻതന്നെ ആ ചെറുഗുഹാമുഖത്ത് മുളക് പൊടി ചേർത്തുള്ള ഉഗ്രൻ തീക്കുണ്ഡം കൊളുത്തുകയും ചെയ്തു . പിന്നീട് മുറം കൊണ്ട് വീശി പുകമുഴുവനും ആ മാളത്തിലേക്ക് അടിച്ചു കയറ്റി . അപ്പപ്പോഴതാ അത്ഭുതം ! പറമ്പിന്റെ നാനാഭാഗത്തുനിന്നും പുക ഉയരുന്നു . ഉടുമ്പുകയറിയ മാളത്തിന്റെ വിവിധവാതിലുകൾ ! ഉടൻതന്നെ ചാടിയോടി ചെന്ന് അതെല്ലാം മണ്ണുകൊണ്ട് അടക്കുകയോ ഇടിച്ചു തകർക്കുകയോ ചെയ്തു . ഇനി ഒരേയൊരു ദ്വാരം . അവിടെയാണ് ജോർജേട്ടൻ മുളകുക്കുണ്ഡം തെളിയിച്ചിരിക്കുന്നത് . അടുത്ത സീൻ നിലവിളിച്ചുകൊണ്ട് കക്ഷി മറിഞ്ഞു വീഴുന്ന ഭാഗമായിരുന്നു . പുകകൊണ്ട് കരിഞ്ഞു, മുളകുപൊടികാരണം സഹികെട്ട ഉടുമ്പ് കണ്ണുംപ്പൂട്ടി മാളത്തിൽ നിന്നും ജോർജേട്ടന്റെ ദേഹത്തോട്ട് ചാടി വീണു . അവിടെനിന്നും ശരവേഗത്തിൽ തൊട്ടടുത്തുണ്ടായിരുന്ന ആഞ്ഞിലിയുടെ വേരിനിടയിലെ പൊത്തിലേക്കു പാഞ്ഞുകയറി . കലിപൂണ്ട ജോർജേട്ടൻ വിടുമോ . ആഞ്ഞിലിയുടെ ചുവട് പുകയ്‌ക്കാൻ പറ്റില്ലല്ലോ . അപ്പോൾ അടുത്ത ഐഡിയ ! .പറമ്പിലെ ജലസേചനത്തിനായി വെച്ചിരുന്ന മോട്ടോർ ഓണാക്കി ഹോസ് നേരെ ആ മാളത്തിലേക്ക് ഇറക്കി . പതിനഞ്ച് മിനറ്റ് എടുത്തു അവിടെനിന്നും ഉടുമ്പ് വീണ്ടും പുറത്ത് ചാടാൻ . ഇപ്രാവശ്യം അത് തീരെ അവശനായിരുന്നു . കൂടുതൽ പ്രതിരോധത്തിനു നിൽക്കാതെ അത് മനുഷ്യന്റെ കുടിലബുദ്ധിക്ക് മുൻപിൽ കീഴടങ്ങി .

ഇന്നും പറമ്പിൽ ഉടുമ്പുകളുടെ സജീവസാന്നിധ്യമുണ്ട് . ഒരെണ്ണം സ്ഥിരമായി അടുക്കളവാതിക്കലിൽ എത്തി മമ്മിയുടെ കയ്യിൽ നിന്നും ചോറുകഴിക്കും . വേട്ടക്കാരനിൽ നിന്നും പ്രകൃതിസ്‌നേഹിയായി മാറിയ പപ്പയുടെ ഭീഷണിയില്ലാത്തതിനാൽ അവ യഥേഷ്ടം വിഹരിക്കുന്നു . ബാക്കിയെല്ലായിടത്തും ഉടുമ്പ് വംശനാശഭീഷണി നേരിട്ടേക്കാം . പക്ഷെ ഇവിടെയില്ല . പപ്പയും ഞാനുമൊക്കെ “പ്രകൃതിസ്നേഹികളായ ” കഥ പിന്നെ ഒരിക്കൽ പറയാം .

തുപ്പാക്കിയും ഞാനും !

കുറച്ചധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍പ്പുക്കരയിലെ ഒരു തണുത്ത പ്രഭാതം . പപ്പാ എഴുന്നെല്‍ക്കുന്നതിനും മുന്നേ മുറ്റത്ത് കിടക്കുന്ന മനോരമ – ദേശാഭിമാനി പത്രങ്ങള്‍  കൈക്കലാക്കാനുള്ള വ്യഗ്രതയില്‍ എന്നും ആറുമണിക്ക് തന്നെ എഴുന്നെല്‍ക്കുന്നതായിരുന്നു ശീലം . ചിലപ്പോള്‍ അമര്‍ചിത്രകഥയും അല്ലെങ്കില്‍ പൈക്കോ ക്ലാസിക്കും കൂടെ തരപ്പെട്ടെക്കാം . പപ്പയുടെ കയ്യില്‍ പെട്ടാല്‍ മുഴുവനും തീര്‍ക്കാതെ തരില്ല .  പത്ത് വയസിനിളപ്പമുള്ള അനിയത്തി ഇക്കാര്യത്തില്‍ ഒരു ഭീഷണി ആയിരുന്നില്ല .   പക്ഷെ അന്ന് ഉറങ്ങിപ്പോയി .  പത്രം പോയല്ലോ എന്നോര്‍ത്ത് വെപ്രാളപ്പെട്ട് എഴുന്നേറ്റപ്പോള്‍ കേട്ടത് മമ്മിയും പപ്പയും തമ്മിലുള്ള പൊരിഞ്ഞ സംഘട്ടനമാണ് .  മുറ്റമാണ് രംഗം . നേരെ ചെന്ന് നോക്കിയപ്പോളുണ്ട് പപ്പയുടെ കയ്യില്‍ ഒരു നീളന്‍ തോക്ക് !  തലേദിവസം പപ്പാ വരുന്നതിനും മുന്നേ ഉറങ്ങിപ്പോയതിനാല്‍ പുതിയ അതിഥി വീട്ടില്‍ എത്തിയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല . ഇപ്പോഴത്തെ വഴക്കിന് കാരണവും ഇതേ തോക്കാണ് . തോക്ക് മേടിച്ചതല്ല പ്രശ്നം . ഉന്നം പരീക്ഷിക്കുവാന്‍ പപ്പാ സ്വീകരിച്ച മാര്‍ഗ്ഗങ്ങളായിരുന്നു ഹേതു . വയനാട്,  ഷിമോഗാ തുടങ്ങിയ സ്ഥലങ്ങളിലെ  കൃഷിപ്പണികള്‍  കാരണം ആള്‍ക്ക് അത്യാവശ്യം നല്ല ഉന്നം പണ്ടേ ഉണ്ടായിരുന്നു . പക്ഷെ പുതിയ തോക്കില്‍ പപ്പാ  ഉന്നം പഠിച്ചത്  മമ്മി കാത്ത് സൂക്ഷിച്ചിരുന്ന പ്രകൃതി വിഭവങ്ങളിലായിരുന്നു എന്നതായിരുന്നു കുഴപ്പം . അകത്ത് വെളുത്ത നിറവും അത്യാവശ്യം വലിപ്പവും ഉണ്ടായിരുന്ന പേരയ്ക്ക മുഴുവനും കക്ഷി വെടിവെച്ച് ചിതറിച്ചു കളഞ്ഞു . അത് കഴിഞ്ഞപ്പോള്‍  നിലത്ത് പൂക്കള്‍ കൊണ്ട് ചുവന്ന പരവതാനി വിരിച്ചിരുന്ന പനിനീര്‍ ചാമ്പയായിരുന്നു ഉന്നം . അതും കഴിഞ്ഞപ്പോള്‍ കമ്പിളി നാരങ്ങ , പിന്നെ  ആഞ്ഞിലി ചക്ക … ലിസ്റ്റ് നീണ്ട് പോയി അവസാനം കരിക്കിന്‍ കുലയിലേക്ക് നോക്കുന്നത് കണ്ടപ്പോഴാണ്   മമ്മി ഇടയില്‍ ചാടിവീണ് അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയത് .  അവസാനം ഒതളങ്ങക്ക് വെടിവെച്ചാണ് പാവം പപ്പാ ഉന്നം പഠിച്ചത് .  എല്ലാം കഴിഞ്ഞ്അദ്ദേഹം അരുള്‍ ചെയ്തു . ” എടാ അടുത്ത ഞായറാഴ്ച പടിഞ്ഞാറ് കണ്ടത്തില്‍ നമ്മുക്ക് വെടിവെക്കാന്‍ പോകാം ”

പിന്നൊന്നും പറയേണ്ടല്ലോ . ആ ആഴ്ച ഞായറാഴ്ച എത്താന്‍ പതിവിലും കൂടുതല്‍ സമയം എടുത്തു . അന്ന് വേദപാഠം  കഴിഞ്ഞ് വീട്ടിലെത്തി വലിച്ചെറിഞ്ഞ പ്രാര്‍ഥനാ പുസ്തകം ഇന്നോളം വീണ്ടുകിട്ടിയിട്ടില്ല . വൈകാതെ പപ്പയുടെ സന്തത സഹചാരി അപ്പച്ചന്‍ ചേട്ടന്‍റെ കറുത്ത മുഖം മുറ്റത്ത്‌ പ്രത്യക്ഷപ്പെട്ടു . മുത്തച്ഛന്‍ എനിക്ക് സമ്മാനമായി തന്ന കൊച്ചുവള്ളമാണ് ഞങ്ങളുടെ വാഹനം . ഞാന്‍ നടുക്കും കാരണവന്‍മ്മാര്‍ രണ്ടും ഇരുപടികളിലും .  ആദ്യം തൊള്ളായിരം എന്ന പാടശേഖരമായിരുന്നു കളിയരങ്ങ് . ചാരമുണ്ടി , കൊക്ക് തുടങ്ങിയ പക്ഷികളുടെ അനേകം കൂട്ടങ്ങളെ അപ്പച്ചന്‍ ചേട്ടന്‍ പേടിപ്പിച്ച് പറത്തിയകറ്റി . വെടിയേറ്റ് വീണു കിടക്കുന്ന പക്ഷികളെ പെറുക്കാന്‍ ചെന്ന ഞാന്‍ വിവിധയിനം തൂവലുകള്‍ ശേഖരിച്ച്  തൃപ്തിയടഞ്ഞു . വെടിയുടെ അടുത്ത ഘട്ടത്തില്‍ പക്ഷികള്‍ക്ക് നിസാരമല്ലാത്ത പരിക്കുകള്‍ എല്പ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു .  കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ട് . അന്ന് സന്ധ്യയോടെ അപ്പച്ചന്‍ ചേട്ടന്‍ ആര്‍പ്പുക്കരയിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരനായി മാറിക്കഴിഞ്ഞിരുന്നു . തുടന്നുള്ള ഞായറാഴ്ചകളില്‍ ഈ പരിപാടി തുടര്‍ന്നു . തിരികെ രാത്രിയില്‍ മടങ്ങുമ്പോള്‍ മീനച്ചിലാറിന്റെ വരമ്പത്തെ ഏതെങ്കിലും ഷാപ്പില്‍ കയറി കള്ളും കപ്പയും കഴിക്കും .  അര ഗ്ലാസായിരുന്നു എന്‍റെ ക്വാട്ട . എന്നാല്‍ ചില അവസരങ്ങളില്‍ അത് ഒരു ഗ്ലാസ് വരെ ഉയര്‍ന്നിരുന്നു . അന്ന് മാത്രം രാത്രി വഴിയില്‍ വള്ളത്തില്‍ ഇരുന്ന് ചില കവിതകള്‍ ഞാന്‍ ഉരുവിടുമായിരുന്നു .  അപ്പനൊഴിച്ച് തരുന്ന ഗ്ലാസില്‍ കള്ളുകുടിക്കുന്ന ഞാന്‍ അക്കാലത്ത് ഷാപ്പിലെ ഒരത്ഭുതം തന്നെയായിരുന്നു .

സഹജീവികളോട് തീര്‍ത്തും കരുണയില്ലാതിരുന്ന ഈ അപ്പനും മകനും പക്ഷെ വീടിന്‍റെ പറമ്പിലെ പക്ഷികളെയോ അണ്ണാനെയോ ഉപദ്രവിക്കുമായിരുന്നില്ല . ഇന്ദുചൂഡന്‍റെ കേരളത്തിലെ പക്ഷികള്‍ വായിച്ച് ആവേശംകൊണ്ട് വീട്ടുപരിസരത്തെ പക്ഷികളുടെ സര്‍വേ നടത്തിയ കുഞ്ഞു ജൂലിയസിനു അന്ന് പക്ഷെ പാടത്തെ പക്ഷികളെ കൊല്ലുന്നതില്‍ പ്രത്യേകിച്ച് തെറ്റൊന്നും തോന്നിയിരുന്നില്ല .  പക്ഷെ എണ്ണതില്‍ കുറവാണ് എന്ന കാരണത്താല്‍ നെയ്ക്കൊഴികളെയും കുളക്കൊഴികളെയും മറ്റും വെടിവെയ്പ്പ് വിനോദത്തില്‍ നിന്നും ഒഴിവാക്കാന്‍ അപ്പച്ചന്‍ ചേട്ടന്  പ്രത്യേകിച്ചാരുടെയും പുസ്തകം വായിക്കേണ്ട ആവശ്യമില്ലായിരുന്നു .  വലവീശുമ്പോള്‍ കിട്ടുന്ന കുട്ടിമത്സ്യങ്ങളെ തിരികെ ആറ്റിലേയ്ക്ക് തന്നെ പറഞ്ഞുവിടുന്ന പാരമ്പര്യശാസ്ത്രജ്ഞാനം തന്നെ അദ്ദേഹത്തിന് ധാരാളമായിരുന്നു . പക്ഷെ പഠിപ്പും വിവരവും വായനയും ഉള്ള മാനുവല്‍ ജോസഫിന് വേട്ടയാടല്‍ നിര്‍ത്താന്‍ സ്വന്തം അനുഭവം തന്നെ വേണമായിരുന്നു .

അന്നൊരിക്കല്‍ വളരെ വൈകിയാണ് ഞങ്ങള്‍ വെടിക്ക് പോയി തിരികെ എത്തിയത് .  മമ്മി പാചകം ചെയ്യുന്ന സമയം പപ്പ തോക്ക് തുടച്ച് വൃത്തിയാക്കുകയായിരുന്നു . അപ്പച്ചന്‍ ചേട്ടനും മുറിയില്‍ ഇരിപ്പുണ്ട് . ശബ്ദം കേട്ട് അപ്പുറത്തെ മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിപ്പെങ്ങള്‍ മോളൂട്ടി പതുക്കെ പപ്പയുടെ അടുക്കലേയ്ക്ക് നടന്നു വന്നു .  പപ്പാ അവളെ മടിയില്‍ കയറ്റി ഇരുത്തി കൂട്ടത്തില്‍ തോക്കില്‍ ഓയില്‍ ഇടാനും തുടങ്ങി . അവള്‍ കൊഞ്ചി പപ്പയോട് പറഞ്ഞു . ” പപ്പാ  എനിക്കും ബെടി ബെക്കണം ” അവളെ രസിപ്പിക്കാന്‍ ഒരു ഉണ്ടയില്ലാ വെടി വെക്കാന്‍ പപ്പാ തീരുമാനിച്ചു . ഉടനെ അവള്‍ എന്നെ വെടിവെക്ക് എന്നും പറഞ്ഞ് കുഴല്‍ അവളുടെ നെഞ്ചിലേക്ക് വലിച്ചടിപ്പിച്ചു . ഒരു നിമിഷം ! പപ്പാ കാഞ്ചി വലിക്കുന്നതിന് മുന്‍പുള്ള ഒരേയൊരു മില്ലീ സെക്കണ്ട് ! അപ്പച്ചന്‍ ചേട്ടന്‍ കുഴല്‍ അവളുടെ നേരെ നിന്നും തട്ടി മാറ്റിയതും പപ്പാ കാഞ്ചി വലിച്ചതും ഒരുമിച്ച് കഴിഞ്ഞു .  മുകളില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്‍റെ ഇലയില്‍ തട്ടി ലുധിയാനയില്‍ നിര്‍മ്മിച്ച പെല്ലറ്റ് ചതഞ്ഞരഞ്ഞു നിലത്തുവന്നു വീണു !

“ഇതില്‍ പെല്ലറ്റ് ഉണ്ടായിരുന്നോ ? “ ഞെട്ടിയെഴുന്നേറ്റ പപ്പാ ആരോടെന്നില്ലാതെ ചോദിച്ചു . മോളൂട്ടിയുടെ കരച്ചില്‍ കേട്ട് അടുക്കളയില്‍ നിന്നെത്തിയ മമ്മിക്ക്‌ കാര്യം ഉടന്‍തന്നെ പിടികിട്ടി . ” മനുഷ്യാ നിങ്ങള്‍ കൊന്ന പക്ഷികളുടെ ശാപമാണിത് , ദൈവാനുഗ്രഹം കൊണ്ടാണ് കൊച്ച് രക്ഷപെട്ടത് ”  മമ്മിക്ക്‌ എന്ത് ചെയ്യണം എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു . അപ്പച്ചന്‍ ചേട്ടന്‍ ഒന്നും മിണ്ടിയില്ല . തലകുനിച്ച് അരമണിക്കൂറോളം എല്ലാവരും ഇരുന്നു .  തോക്കില്‍ പെല്ലറ്റ് ഇരുന്ന വിവരം സത്യത്തില്‍ ആരും ഓര്‍ത്തിരുന്നില്ല . അന്ന് ഭിത്തിയില്‍ കയറിയ തോക്ക് ഇന്നും അതേപടി അവിടെ തന്നെ ഇരിപ്പുണ്ട് .  സ്വന്തം ശരീരം വേദനിച്ചാലേ മറ്റുള്ളവരുടെ വേദന നമ്മുക്ക് പിടികിട്ടൂ . മോളൂട്ടി എന്ന അഥീന മെര്‍ലിന്‍ മാനുവല്‍ ഇന്ന് ഒരു ഉശിരന്‍ ആണ്‍കുഞ്ഞിന്‍റെ അമ്മയാണ് . പപ്പാ അതോടെ വേട്ടയാടല്‍ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു .

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അബുദാബി എയര്‍പ്പോര്‍ട്ട് റോഡ്‌ . ജൂലിയസ് മാനുവല്‍ എന്ന യുവാവ് പാന്‍റും ഷര്‍ട്ടുമിട്ട്  ടൈയും കെട്ടി വളരെ വേഗത്തില്‍ നടക്കുകയാണ് . ഹംദാന്‍ സ്ട്രീറ്റ് ആണ് ലക്ഷ്യം .  ഹബീബ് ബാങ്ക് എന്ന പാക്കിസ്താന്‍ ധനകാര്യശ്രുംഖലയുടെ  കണ്ണികളില്‍ ഒന്നായ ഹബീബ് എക്സ്ചേഞ്ച് ആണ്  ഉന്നം . ഗള്‍ഫിലെ രണ്ട് സിഗനലുകള്‍ക്കിടയിലെ ദൂരം വിചാരിക്കുന്നതിനേക്കാള്‍ പത്ത് മടങ്ങ്‌ കൂടുതല്‍ ആണെന്ന് മനസിലാക്കിയ ദിവസമായിരുന്നു അത് .  അവസാനം ഒരു മണിക്കൂര്‍ വൈകി വിയര്‍ത്ത് കുളിച്ച് ഞാന്‍ ലക്ഷ്യസ്ഥാനത് എത്തിച്ചേര്‍ന്നു . രണ്ടാം നിലയില്‍ കുടികൊള്ളുന്ന CEO,  മുഹമ്മദ്‌ അമിന്‍ ബാവ എന്‍റെ വിയര്‍ത്ത് കുളിച്ച ശരീരം ഒന്ന് തണുപ്പിക്കുവാന്‍ ഒരു ഗ്ലാസ് വെള്ളം തന്നു . “അറിയാമല്ലോ നമ്മുടെ ഉടമസ്ഥന്‍ ഇരിക്കുന്നത് അങ്ങ് സ്വിറ്റ്സര്‍ലന്‍ഡില്‍ ആണെങ്കിലും ഇതൊരു പാകിസ്താന്‍ ബെയ്സ്ഡ്  ബാങ്കിംഗ് നെറ്റ് വര്‍ക്ക് ആണ് . ഹബീബ് ബാങ്ക് , ഹബീബ് മെട്രോപോലീട്ടന്‍  ബാങ്ക് തുടങ്ങിയവയൊക്കെ ഇതിന്‍റെ ഭാഗമാണ് .   സത്യത്തില്‍  ഇതിനകത്തോട്ട്  ഇന്ത്യക്കാര്‍ വരവ് കുറവാണ് .  നിങ്ങളുടെ കുറെ ക്രിസ്ത്യന്‍  പള്ളികളും ഇവിടുണ്ട് . അപ്പോള്‍ നിന്‍റെ ഉന്നം ഞാനീപ്പറഞ്ഞവരൊക്കെ ആയിരിക്കണം .  ബിസിനസ് കൂട്ടണം . ”  ഒരു ഫിസിക്സ്  തല  ബാങ്കിനിടയില്‍ വെച്ചാല്‍ എങ്ങിനെ ഇരിക്കും എന്നൊന്നും എനിക്കറിയില്ലായിരുന്നു . പക്ഷെ കാശിനു നല്ല ആവശ്യമുണ്ട് . ഒരു ജോലി കൂടിയേ തീരൂ .  അങ്ങിനെ ജൂലിയസ് സൂപ്പര്‍വൈസറായി, പരിശീലനം ആരഭിച്ചു . അതിനകത്ത് മനുഷ്യരെ ആരെയും ആദ്യമൊന്നും കാണാന്‍ സാധിച്ചില്ല . പക്ഷെ അവസാനം ഒരു കണ്ണൂര്‍കാരന്‍  ഡെപ്യൂട്ടി മാനേജരുടെ അരികില്‍ ഞാനെത്തിപ്പെട്ടു . Salim മല്ലിക്കന്‍ എന്ന നല്ലൊരു മനുഷ്യന്‍ .  അയാളെന്നെ സകലതും പഠിപ്പിച്ചു .   ഒരേ പ്രായം ഒരേ ചിന്ത . ഞങ്ങള്‍ ഉറ്റചങ്ങാതിമാരായി . പക്ഷെ ആ ബന്ധം അധികനാള്‍ തുടര്‍ന്നില്ല . എന്നെ ഷാര്‍ജയിലേക്ക് സ്ഥലം മാറ്റി .  റോളയിലെ ബാങ്ക് സ്ട്രീറ്റ് എനിക്ക് അമ്മവീട് പോലെയായി .  അതും അധികം നീണ്ടു നിന്നില്ല . വീണ്ടും ഒരു സ്ഥലം മാറ്റം . ഹബീബ് എക്സ്ചേഞ്ചിന്റെ  ഒരു പെട്ടിക്കട  ബ്രാഞ്ച് . ഷാര്‍ജ ഇന്ടസ്ട്രിയല്‍ ഏരിയയില്‍ J&P റൌണ്ട്എബൌട്ടില്‍ .  ഒരു ചെറിയ ശാഖ . പക്ഷെ ഒടുക്കത്തെ ബിസിനസ് . വീണ്ടും സമപ്രായക്കാരനായ മാനേജര്‍ കറാച്ചിക്കാരന്‍  ഖുറം ഖത്രി . കക്ഷിക്ക് എന്ന ക്ഷ ബോധിച്ചതിനാല്‍ പിന്നെയൊരു സ്ഥലം മാറ്റം ഉണ്ടായില്ല .  രസികനായ അയാളുടെ ബ്രാഞ്ചില്‍ ജീവിതം സുഖകരമായിരുന്നു . ബിസിനസ് കൂടിയപ്പോള്‍ കൂട്ടുകാരനും അനുജനുമായ   നെ അങ്ങോട്ടേക്ക് കൊണ്ടുവരാന്‍  ഞങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു .  പക്ഷെ ഭാഗ്യവാനായ അവന്‍ വരുന്നതിനും മുന്‍പേ അത് നടന്നു .

വര്‍ഷം 2008 , എന്നത്തേയും പോലെ ഒരു സാധാരണ ദിവസം .   വൈകുന്നേരം അഞ്ചുമണി . തിരക്ക് കുറവായതിനാല്‍ ഞങ്ങള്‍ കളിയും തമാശയും പറഞ്ഞ് നേരം കളയുന്ന സമയം  .  കാഷ്യറായ പഠാന്‍  മാജീദ് പറഞ്ഞ തമാശ കേട്ട് ചിരിച്ചു കണ്ണില്‍ക്കൂടി വെള്ളം വന്നു . മേനേജര്‍ ഖുറം മേശയില്‍ തലവെച്ച് ചിരിച്ച് മണ്ണുകപ്പി . അപ്പോഴതാ ഒരാള്‍ അകത്തേക്ക് കയറി വരുന്നു . ചിരിച്ച് വശംകെട്ട് ഇരുന്നതിനാല്‍ പലരും അയാളുടെ വരവ് ശ്രദ്ധിച്ചില്ല . മുഖം കറുത്ത തുണികൊണ്ട് മൂടിയിട്ടുണ്ട്‌ . പുറത്തെന്താ പൊടിക്കാറ്റുണ്ടോ ? എന്‍റെ ഫിസിക്സ് ബുദ്ധി നിഗമന ശാസ്ത്രത്തിന്‍റെ കെട്ടഴിച്ചു . വന്നയാള്‍ നേരെ ഖുറത്തിന്റെ മേശയിലേക്ക്‌ നീങ്ങി .   അവന്‍റെ കൈ നേരെ പോക്കറ്റിലേക്കു ഇറങ്ങി .  ഒരൊറ്റ നിമിഷം ! തോക്കെടുത്ത് ഖുറത്തിന്‍റെ പിറകിലിരുന്ന ക്യാമറക്ക്‌ നേരെ ഒരു വെടി !  ചിരിച്ചു കണ്ണ് നിറഞ്ഞിരുന്ന പലര്‍ക്കും കാര്യങ്ങള്‍ നേരെ ചൊവ്വേ കാണുവാന്‍ സാധിച്ചില്ല . ഉടന്‍തന്നെ മറ്റൊരു മുഖംമൂടി കൂടി അകത്തേക്ക് കയറി . ആകെയുണ്ടായിരുന്ന ഒരു കസ്റ്റമര്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി . അവര്‍ രണ്ടുപേരുണ്ടായിരുന്നു . പുറത്ത് വേറെയും കണ്ടേക്കാം . എല്ലാവരോടും എഴുന്നേല്‍ക്കാന്‍ അവര്‍ ആജ്ഞാപിച്ചു . പേര്‍ഷ്യന്‍ ചുവയുള്ള മുറി ഇംഗ്ലീഷ് .  ഞാനുള്‍പ്പടെയുള്ള സകലെരെയും അവര്‍ ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തി .    സത്യത്തില്‍ പാനിക് ബട്ടന്‍ മേശയുടെ അടിയില്‍ ഉണ്ടായിരുന്നു . പക്ഷെ മുന്‍പരിചയമില്ലാതിരുന്ന ഒരു സാഹചര്യത്തില്‍ അതൊന്നും ആരും അമര്‍ത്തിയില്ല .  ഞങ്ങളോട് ഭിത്തിയോട് ചേര്‍ന്ന് തറയില്‍ കുത്തിയിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു . ഞങ്ങളുടെ മുന്നിലൂടെ വേണം കാഷ്യര്‍  മാജിദ് ഖാന്‍റെ അടുക്കലേക്ക്‌ അവര്‍ക്ക് പോകുവാന്‍ . തൊട്ടടുത്തുണ്ടായിരുന്ന ശ്രീലങ്കക്കാരന്‍ അലി  പേടിച്ച് വിറച്ച് ഒച്ചയുണ്ടാക്കാന്‍ തുടങ്ങി . ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ഓരോരുത്തരും വിവിധരീതികളിലാവും പെരുമാറുക .  നമ്മള്‍ എന്തുകൊണ്ട് ആനേരം അത് ചെയ്തില്ല എന്നൊക്കെ പിന്നീട് അത്ഭുതപ്പെടാറും ഉണ്ട് . അലിയുടെ വായില്‍ കൈവെച്ച് മൂടാന്‍ ഖുറം എന്നോട് ആംഗ്യം കാണിച്ചു .  ഒച്ചകേട്ട് വന്നവര്‍ പരിഭ്രാന്തരായാല്‍ അവര്‍ വെടിവെച്ചേക്കാം . അവനെ ഞാന്‍ ഭിത്തിയോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചു . പക്ഷെ ഒരു കൈദൂരം മുന്നില്‍ ഉണ്ടായിരുന്ന പാനിക് ബട്ടന്‍ അമര്‍ത്താന്‍ അപ്പോഴും ധൈര്യം വന്നില്ല .  എല്ലാം മൂന്നു മിനിട്ട് കൊണ്ട് കഴിഞ്ഞു . മജീദിനെ തോക്കുകൊണ്ട് ഇടിച്ച് വീഴ്ത്തിയ ശേഷം കൌണ്ടറില്‍ ഉണ്ടായിരുന്ന മുഴുവന്‍ ദിര്‍ഹവും ഒരു ചാക്കിലാക്കി അവര്‍ കൊണ്ടുപോയി . അവസാനം ചുറ്റോടുചുറ്റും ഒരു റൌണ്ട് വെടികൂടി അവര്‍ നടത്തി . ക്യാമറകളും ചില്ലുകളും തവിട് പൊടിയായി . എന്‍റെ പിറകിലിരുന്ന ഷെയ്ക്ക് സായിദിന്റെ ഫോട്ടോ നിലത്ത് വീണ് ചിതറി . അവര്‍ പോയിട്ടും പലരും നിലത്ത് നിന്നും എഴുന്നെറ്റിരുന്നില്ല . ഭാഗ്യം ആര്‍ക്കും വെടി കൊണ്ടിരുന്നില്ല . പക്ഷെ പിന്നീട് പോലീസുകാരന്‍  ഭിത്തിയിലെ പാട് കാണിച്ച് തന്നപ്പോള്‍ മനസിലായി , തല ഒന്ന് വെട്ടിച്ചിരുന്നെങ്കില്‍ ഇന്നിതെഴുതുവാന്‍ ഞാനുണ്ടാവുമായിരുന്നില്ല . ബൈക്കില്‍ പോയ തസ്ക്കരവീരന്മാരെ ദുബായ് പോലീസ് ഹെലിക്കൊപ്ട്ടറില്‍   നിന്നും വെടിവെച്ചിട്ടു  പിടിച്ചു . പതിനാറും പതിനെട്ടും വയസുണ്ടായിരുന്ന ഇറാന്‍ വംശജരായ കുട്ടികള്‍ !  ഇന്നോരുപക്ഷേ ശിക്ഷ കഴിഞ്ഞ് അവര്‍  പുറത്തിറങ്ങിയിട്ടുണ്ടാവാം . ഹബീബ് പേര് മാറി ഇന്ഡക്സ് ആയി . പക്ഷെ മനസില്‍ ഇന്നും ഹബീബ് തന്നെ . ഈ പറഞ്ഞ J&P ബ്രാഞ്ച് ഇന്ന് ഉണ്ടോ എന്നറിയില്ല .

[c][y] Julius Manuel | www.juliusmanuel.com | INSTAGRAM Twitter

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ