പ്രകൃതിയെ അറിയാം , മൊബൈലിലൂടെ

പ്രകൃതിയെ അറിയാം , മൊബൈലിലൂടെ 1

ഫ്ലോറിഡയിലെ നടപ്പാതകളിൽ സ്ഥിരം കണ്ടുമുട്ടാറുള്ള ഒരു ജീവിയാണ് താഴെ ചിത്രത്തിൽ കാണുന്നത് . സ്പ്രിംഗ് പോലത്തെ വാലുമായി , നമ്മുടെ സാമിപ്യമറിയുന്ന മാത്രയിൽ ഇവറ്റകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കാണാം .ഫ്ലോറിഡയിൽ എത്രകൊല്ലം ജീവിച്ചാലും നാം എന്നും കാണുന്ന ഈ ജീവി ഏതാണെന്നു അറിയേണ്ട ഒരാവശ്യവും ഒരു സാധാരണക്കാരനില്ല . ഒരു മലയാളിയെ ഇവിടെ നേരിട്ട് സ്വാധീനിക്കുന്ന ഒരേയൊരു ജീവി ഇഗ്‌വാനയാണ് . കാരണം സകല പച്ചക്കറികളും ഇത് നശിപ്പിച്ചുകളയും . ബാക്കിയുള്ളവയെ ഒക്കെ നാം അവഗണിക്കാറാണ് പതിവ് . പക്ഷെ രാവിലെ ആറുമണിക്കൊന്നു എഴുന്നേറ്റ് നടന്നാൽ , കണ്ണും കാതും തുറന്ന് വെച്ചാൽ ഭൂമിയിലെ മറ്റേത് സ്ഥലത്തെയും പോലെത്തന്നെ ഇവിടെയും പ്രകൃതിയിലെ സ്പന്ദനങ്ങൾ നമ്മുക്ക് അനുഭവിച്ചറിയാം . വഴിവക്കിലെ കുറ്റിച്ചെടികളിൽ നിന്നും നമ്മെ മിഴിച്ചു നോക്കുന്ന ഉണ്ടക്കണ്ണുകൾ റാക്കൂണുകളുടേതാണ് (Common raccoon) . വഴിവക്കിൽ നിന്നും ചാടിയോടുന്ന വലിപ്പമേറിയ പൂച്ച ആരുടേയും വീട്ടിൽ നിന്നും ഓടിപ്പോയതല്ല , മറിച്ചു ബോബ് ക്യാറ്റ് (bobcat) എന്ന വടക്കേഅമേരിക്കൻ കാട്ടുപൂച്ചയാണ് . നീർനായയെന്ന് തെറ്റിദ്ധരിപ്പിച്ച് തടാകക്കരയിൽ കിടന്ന് ഉരുളുന്ന ജീവി മിങ്ക് ആണ് . പുൽമേട്ടിൽ മരക്കുറ്റികളെന്നു തോന്നുമാറ് അനങ്ങാതെ കുത്തിയിരുന്ന് പുല്ലുതിന്നുന്ന ജീവികൾ മങ്ങിയ നിറമുള്ള അമേരിക്കൻ ചതുപ്പ് മുയലുകളാണ് (Marsh Rabbit ) . ഇതേ നടത്തം രാത്രിയാക്കിയാൽ മറ്റൊരു ലോകമാണ് മുന്നിൽ തെളിയുക . നിലത്ത് മാളങ്ങളിൽ കൂടുകൂട്ടുന്ന മൂങ്ങയിനമായ Burrowing Owl ആണ് കുറ്റിക്കാട്ടിൽ നിന്നും നമ്മെ ആദ്യം വിളിക്കുക . വശങ്ങളിലെ ഇരുളിൽ നിന്നും നമ്മെ തുറിച്ചു നോക്കുന്ന ചുവന്ന കണ്ണുകൾ ഇവിടെയുള്ള രണ്ടുതരം കുറുക്കൻമാരിൽ ഒന്നാവാം . വിവിധ വർണ്ണങ്ങളിൽ നാല്പത്തഞ്ചോളം പാമ്പിനങ്ങൾ ഇഴഞ്ഞ് നടക്കുന്ന ഈ സംസ്ഥാനത്ത് കൊടിയ വിഷമുള്ള രണ്ടു ജാതികൾ മാത്രമെയുള്ളൂ . അല്ല , ഇതൊന്നും അറിഞ്ഞില്ലേലും നമ്മുക്കൊന്നുമില്ല . പക്ഷെ നാം ജീവിക്കുന്ന പ്രകൃതിയെ അറിയണം എന്നുള്ളവർക്കുള്ളതാണ് ഇനി താഴോട്ടുള്ള വരികൾ .

Advertisements

ജീവിതത്തിൽ ആദ്യമായി കാണുന്ന മേൽപ്പറഞ്ഞ ജീവികളെ ഞാൻ എങ്ങിനെ ജാതിയും മതവും വെച്ച് മനസിലാക്കി എന്ന് ചിന്തിച്ചേക്കാം . ക്ഷമയോടെ കയ്യിലിരിക്കുന്ന മൊബൈൽ ഒന്ന് ഉപയോഗിച്ചാൽ ഒരു മിനിറ്റു വേണ്ട നിങ്ങളുടെ മുന്നിൽ കാണുന്ന ജീവിയുടെയോ , ചെടിയുടെയോ ചരിത്രം തെളിഞ്ഞുവരാൻ ! http://www.inaturalist.org എന്ന വെബ്‌സൈറ്റ് ഒരു മൊബൈൽ ആപ്ലികേഷൻ ഉണ്ടാക്കിയിട്ടുണ്ട് , ആൻഡ്രോയിഡിലും , ഐഫോണിലും ലഭിക്കും . അതിലെ ക്യാമെറയിലൊരു ക്ലിക്ക് . അത്രേ വേണ്ടൂ . ചിത്രം വ്യക്തമല്ലെങ്കിലും പോലും ഈ ആപ്ലികേഷൻ , നിങ്ങളുടെ ലൊക്കേഷനിൽ ഉള്ള അത്തരം ജീവികളുടെ ചിത്രങ്ങൾ നിങ്ങൾക്ക് തരും . അതിൽ നിന്നും നിങ്ങൾക്ക് തീരുമാനിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇതേ ആപ്ലികേഷൻ ഉപയോഗിക്കുന്ന ആയിരക്കണക്കിന് എക്സ്പ്പേർട്ടുകൾ ചിത്രം തിരിച്ചറിഞ്ഞു ജീവിയെ നിങ്ങൾക്ക് കാണിച്ചു തരും . മാത്രമല്ലേ ഈ ആ ജീവിയെ നിങ്ങളുടെ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും മറ്റാരെങ്കിലും കണ്ടു റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതും നമ്മുക്ക് കാണാം . ഇതേ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തെക്കൻ ഫ്ലോറിഡയിൽ ചുവന്ന കുറുക്കൻമ്മാർ ഉണ്ട് എന്ന് ലോകത്തിന് മനസിലായത് തന്നെ . അതും റിപ്പോർട്ട് ചെയ്തത് മൊബൈലും തൂക്കി നടക്കുന്ന നമ്മെപ്പോലെയുള്ള സാധാരണക്കാർ !

ഇനി ജീവികളെ വിട്ട് ചെടികളിലും വൃക്ഷങ്ങളിലുമാണ് നിങ്ങള്ക്ക് താല്പര്യമെങ്കിൽ അതിനു പറ്റിയത് PictureThis എന്ന ആപ്പ്ളിക്കേഷനാണ് . മുൻപറഞ്ഞതുപോലെ , ഇലയോ , പൂവോ , കായോ എടുത്ത് ഒരു ക്ലിക്ക് ! അത്രയേ ഉള്ളൂ കാര്യം . ജീവിച്ചു മരിച്ചുകഴിയുമ്പോൾ നമ്മുടേതായ ഒരു ഒപ്പ് ( സിഗ്നേച്ചർ ) ഈ ഭൂമിയിൽ ഇട്ടിട്ടു പോകണം എന്നുള്ളവർക്ക് ഇതൊക്കെയാകാം . ഇതൊന്നും അറിഞ്ഞില്ലേലും ഒന്നുമില്ല . ഭൂമി കറങ്ങിക്കൊണ്ടേ ഇരിക്കും .

ഒരു കാര്യം കൂടി . ആദ്യം പറഞ്ഞ സ്പ്രിങ്ങുപോലെ വാലുള്ള ( ചിത്രത്തിൽ കാണുന്ന )ജീവിക്ക് ഒരു പ്രത്യേകതയുണ്ട് . Northern Curlytail Lizard എന്നാണ് പേര് . ഇവനും നമ്മെ പോലെ ഫ്ലോറിഡയിൽ ജനിച്ചവനല്ല ! തൊള്ളായിരത്തി നാല്പതുകളിൽ , ഫ്‌ളോറിഡയിലെ പാം ബീച്ചിലെ കരിമ്പുംതോട്ടങ്ങളിലെ കീടങ്ങളെയും പ്രാണികളെയും തിന്നു തീർക്കുവാൻ വേണ്ടി ബഹാമസ് ദ്വീപുകളിൽ നിന്നും കൊണ്ടുവന്ന് വിട്ടതാണ് .

Download
————-
iNaturalist

1 . https://play.google.com/store/apps/details?id=org.inaturalist.android

Advertisements

2 . https://itunes.apple.com/us/app/inaturalist/id421397028?mt=8

PictureThis

1 . https://play.google.com/store/apps/details?id=cn.danatech.xingseus&hl=en

2 . https://itunes.apple.com/us/app/picturethis-plant-identifier/id1252497129?mt=8

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ