ഒരു ചുഴലിക്കാലത്ത്

ഒരു ചുഴലിക്കാലത്ത് 1

Posted On 15 September 2017

Advertisements

ഒരു ഹറിക്കേൻ വരുന്നുണ്ട് . ഫ്ലോറിഡക്കാർ വർഷാവർഷം കേട്ടു പഴകിയ വാചകം . പക്ഷെ നേരെചൊവ്വേ ഒരു ചുഴലിക്കാറ്റ് കണ്ടിട്ടുള്ള മലയാളികൾ ഇവിടെ ചുരുക്കം . ഭൂരിഭാഗം മല്ലൂസും എത്തുന്നതിന് മുമ്പേയാണ് ആൻഡ്രൂ എന്ന കൊടുങ്കാറ്റ് ഇവിടെ മുഴുവനും നാശം വിതച്ചു പോയത് . പിന്നെ കത്രീന വന്നു . എങ്കിലും ജീവിതത്തിൽ നല്ലൊരു പ്രകൃതിക്ഷോഭം നേരിൽ കണ്ടിട്ടില്ല നമ്മൾ മലയാളികൾക്ക് ഇതൊക്കെ പുച്ഛമാണ് . പക്ഷെ ഇർമ എന്ന പേരുള്ള കാറ്റ് ഫ്ലോറിഡയുടെ നേരെ മധ്യഭാഗത്തുകൂടെ കടന്നു പോകും എന്നൊരു വാർത്ത കേട്ടതോടു കൂടി നമ്മൾ പതുക്കെയൊന്ന് അനങ്ങി തുടങ്ങി . ഫ്ലോറിഡയിൽ ഒരു ചുഴലി വരുന്നു എന്നറിയാൻ പത്രം വായിക്കേണ്ട , ടിവിയും കാണേണ്ട . വോൾമാർട്ട് സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ വാട്ടർ ബോട്ടിലുകൾ ഇരിക്കുന്ന സെക്ഷനിൽ കൂടിയൊന്നു വെറുതേ പാളിയാൽ മതി . അവിടെ വെള്ളക്കുപ്പികൾ തീർന്നെങ്കിൽ കരുതിക്കോ പതിനാല് ദിവസത്തിനകം ഒരു ചുഴലി ഈ വഴി വരുന്നുണ്ട് . ഇത് തലമുറകൾ കൈമാറിയ ശീലമാണ് . ആദ്യം ശുദ്ധജലം ശേഖരിച്ചു വെയ്ക്കും . പിന്നെ ബാത് ടബുകളിലെ ഔട്ട്ലെറ്റ് അടച്ചു വെച്ച് അവിടെ വെള്ളം കരുതി വെയ്ക്കും . ബക്കറ്റുകൾ , പാത്രങ്ങൾ , വലിയ ടബുകൾ ഇവയൊക്കെ നിറയെ ജലം കരുത്തും . കറണ്ട് പോകാൻ സാധ്യത ഉള്ളതിനാൽ റൊട്ടി , റസ്‌ക് , ബിസ്ക്കറ്റ് പോലുള്ള ഡ്രൈ ഫുഡുകളും , പാൽപൊടികളും , വെള്ളക്കുപ്പികളും വൻതോതിൽ മേടിച്ചു വെയ്ക്കും . ഉള്ള വാഹനങ്ങളിലൊക്കെ ഇന്ധനം നിറയെ ശേഖരിക്കും . കൂടാതെ സാധിക്കുന്നടത്തോളം പാചകവാതകവും കരുതും .

അടുത്ത പണി ജനലുകളിൽ ഹരിക്കേൻ ഷട്ടറുകൾ ഘടിപ്പിക്കുക എന്നതാണ് . അതില്ലാത്തവർ പ്ലൈവുഡുകൊണ്ട് സകല ഓട്ടകളും അടയ്ക്കും . ജനല് തകർത്ത് കാറ്റ് അകത്തുകയറിയാൽ പണിപാളും . അതായത് അവസാന രണ്ടാഴ്ച വഴിനീളെ ലക്കും ലഗാനുമില്ലാതെ വണ്ടിയോടിക്കുന്നവരെ ധാരാളം കാണാം . വെള്ളത്തിനും , ഇന്ധനത്തിനുമായുള്ള പരക്കം പാച്ചിലാണ് . വീട് സുരക്ഷിതമല്ല എന്ന് തോന്നുന്നവർ സർക്കാർ വക ഷെൽട്ടറുകളിലേക്ക് മാറുകയോ , അല്ലെങ്കിൽ വണ്ടിയെടുത്ത് കുടുംബസമേതം ഫ്ലോറിഡ വിടുകയോ ചെയ്യും . അടുത്തപടി വീട്ടുപരിസരത്തുള്ള മരങ്ങളുടെ കമ്പുകൾ വെട്ടിമാറ്റുക എന്നതാണ് . അവസാനം വീട്ടുമുറ്റത്തെ കാറ്റെടുക്കാൻ സാധ്യതയുള്ള സകല സാധനങ്ങളും എടുത്ത് ഗരാജിൽ ഇട്ട് പൂട്ടിക്കഴിഞ്ഞാൽ ഒരു ടിപ്പിക്കൽ ഫ്ലോറിഡക്കാരൻ കാറ്റിനെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു എന്ന് കരുതാം .

ഇനി ഒരു ഫ്ലാഷ് ബായ്ക്കാണ് . അനേകം മൈലുകൾ അകലെ വിശാലമായ അറ്റ്ലാൻറ്റിക് സമുദ്രമാണ് രംഗം . ജൂൺ ഒന്നുമുതൽ നവംബർ അവസാനം വരെ നീളുന്ന ചൂടുകാലം . ജലപ്പരപ്പിൽ കൊടും ചൂടാണ് . നീരാവിയും , ചൂടുവായുവും നിൽക്കക്കളിയില്ലാതെ സമുദ്രവിതാനം വിട്ടു മുകളിലേക്കുയരുകയാണ് . അവർ വിട്ടുപോയ സ്ഥലത്തേക്ക് ആക്രാന്തത്തോടെ പരിസരങ്ങളിലുള്ള വായു തള്ളിക്കയറും . പക്ഷെ അവർക്കും അതെ ഗതി തന്നെ . ചൂടുകൂടിയാൽ പിന്നെ നേരെ മുകളിലേക്ക് തന്നെ പോകുക . പക്ഷെ സത്യത്തിൽ ഇവിടെ ഒരു ഭീമൻ യന്ത്രം സ്റ്റാർട്ടാവുകയാണ് . ചൂടുവായു ഇന്ധനമായി ഉപയോഗിക്കുന്ന ഒരു പടുകൂറ്റൻ മെഷീൻ ! സമുദ്രനിരപ്പിലേയ്ക്കുള്ള കാറ്റിന്റെ തള്ളൽ ഈ യന്ത്രത്തെ കറക്കാൻ തുടങ്ങിയിരിക്കുന്നു ! അങ്ങിനെ ദിവസങ്ങൾക്കുള്ളിൽ യന്ത്രം പൂർണ്ണമായും കാര്യക്ഷമമാകുന്നു . മുകളിലേക്കുയർന്ന നീരാവിയും മേഘവും അസാമാന്യ വേഗത്തിലാണ് കറങ്ങുന്നത് . താഴെനിന്നും കൂടുതൽ ചൂടുവായു കിട്ടുന്നതോടെ മുകളിലെ തിരക്കും വിസ്തൃതിയും കൂടിവരുയും കൂടുതൽ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യും . അതോടെ താരതമ്യേന മർദവും വേഗതയും കുറഞ്ഞ ഒരു കേന്ദ്രം ഇവിടെ രൂപപ്പെടും . ചുഴലിയുടെ കണ്ണ് അഥവാ ഐ ആണിത് . അതോടെ മണിക്കൂറിൽ പത്തോ ഇരുപതോ മൈൽ വേഗതയിൽ ഈ ഭീമൻ യന്ത്രം സഞ്ചരിക്കാൻ തുടങ്ങും . പസഫിക്കിലും അറ്റ്ലാൻറ്റിക്കിലും ഹറിക്കേൻ എന്ന് പറയുന്ന ഇവന്റെ പേര് ഇന്ത്യയിൽ സൈക്ലോൺ എന്നും ചൈനയിൽ ടൈഫൂൺ എന്നുമാണ് .

ഇനിയാണ് മലയാളികളുടെ പ്രിയങ്കരനായ നാസയുടെ കടന്നു വരവ് . Tropical cyclone എന്നാണ് സകലചുഴലികളെയും ഇവന്മാർ വിളിക്കുന്ന പൊതുപേര് . ഈ ട്രോപ്പിക്കൽ സൈക്ലോണുകളെ പറ്റി പഠിക്കുവാൻ ഇവർക്ക് DC-8 എന്ന റിസേർച്ച് എയർ ക്രാഫ്റ്റ് ഉണ്ട് . ഇതും കൊണ്ട് ഇവർ ഈ ചുഴലിക്കകത്തേക്ക് പറക്കും . ഇത് കൂടാതെ Northrop Grumman Global Hawk എന്ന രണ്ടു അൺ മാൻഡ് പ്ലെയിനുകളും ഹൈ റെസലൂഷൻ ഫോട്ടോകൾ എടുക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട് . ചുഴലിക്കുള്ളിലേയ്ക്ക് dropsonde എന്ന കാലാവസ്ഥാമാപിനി ട്യൂബ് ഒരു പാരച്യൂട്ടിൽ ഇറക്കിയാണ് ഇതിന്റെ മർദവും വേഗതയുമൊക്കെ ഇവർ പഠിക്കുന്നത് . കിട്ടിയ വിവരങ്ങൾ അനുസരിച്ച് ചുഴലി ഏത് വിഭാഗത്തിൽ പെടുന്നതാണ് എന്ന് തീരുമാനിക്കും . Saffir-Simpson Hurricane scale ആണ് ഇതിനായി ഇപ്പോൾ ഉപയോഗിക്കുന്നത് . വേഗതക്കനുസരിച്ച് അഞ്ചു വിഭാഗങ്ങളിലായി ആണ് ചുഴലികളെ തിരിക്കുക . നൂറു മൈലിനു താഴെ വേഗത സ്ഥിരമായി നിലനിർത്തുന്ന ചുഴലികൾ ഒന്നാം കാറ്റഗറിയിൽ പെടും . ഇത് കൂടിക്കൂടി അവസാനം 157 മൈലിനു മുകളിൽ വേഗത നിലനിർത്തുന്ന ചുഴലികളെയാണ് അവസാനത്തെ അഞ്ചാം തരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ചുഴലികളുടെ വേഗതയും അവയുണ്ടാക്കുന്ന നാശനഷ്ടവും തമ്മിൽ ബന്ധമില്ല എന്നതാണ് രസകരം . നാശനഷ്ടത്തിനനുസരിച്ചു ഇവയെ തരംതിരിക്കാൻ ഇപ്പോൾ ഒരു പൊതു സ്കെയിൽ ഇല്ല എന്നതാണ് സത്യം . കാറ്റഗറി ഫോർ ഹരിക്കേൻ അഞ്ചിനേക്കാൾ നാശം വിതച്ചേക്കാം . എന്തായാലും രണ്ടായിരത്തി പതിനേഴ് സെപ്റ്റംബറിൽ മൂന്ന് ചുഴലികളാണ് അറ്റ്ലാൻറ്റിക്കിൽ ജൻമ്മമെടുത്തത് . “പാരമ്പര്യമനുസരിച്ച്” ഇവർ പടിഞ്ഞാറോട്ടാണ് സഞ്ചരിക്കാറ് . അങ്ങിനെ കൂട്ടിയും കുറച്ചും ഗവേഷകർ ഒരു തീരുമാനത്തിലെത്തി . കൂട്ടത്തിൽ ഇർമ എന്ന് പേരിട്ടിരിക്കുന്ന , കാറ്റഗറി അഞ്ച് വിഭാഗത്തിൽ പെടുന്ന ഒരു ചുഴലി നേരെ ഫ്ലോറിഡ ലക്ഷ്യമാക്കിയാണ് വരുന്നത് ! ( കാറ്റുകളുടെ പേരിടീൽ ചരിത്രം ഇവിടെ നിന്നും വായിക്കാം >> http://www.nhc.noaa.gov/aboutnames_history.shtml)

 കഴിഞ്ഞ പ്രാവിശ്യം മാത്യു എന്ന കാറ്റ് ഒന്ന് പറ്റിച്ചതാണ് . വരും വരും എന്ന് പറഞ്ഞിട്ട് വന്നില്ല . ഒരുങ്ങിയത് വെറുതെ ആയിപ്പോയി . പക്ഷെ ഇപ്രാവശ്യം മലയാളികൾ കാര്യമായി തന്നെയാണ് . കാരണം പിള്ളേരൊക്കെ വളർന്നു വലുതായി . ചുഴലി വരുന്ന വഴിയൊക്കെ കാണാൻ പറ്റുന്ന സൈറ്റുകളും ആപ്പുകളുമൊക്കെ ഞങ്ങൾ കിളവന്മ്മാർക്ക് അവർ പറഞ്ഞു തന്നിട്ടുണ്ട് . പക്ഷെ വിവിധ സൈറ്റുകളിൽ പല റൂട്ടുകൾ കാണിച്ചതിനാൽ ഞങ്ങൾ പാടെ കുഴങ്ങിയെന്ന് മാത്രമല്ല റൂട്ടിനെ സംബന്ധിച്ച് മല്ലു ബോയ്‌സ് തമ്മിൽ തർക്കവുമായി . ഇതൊക്കെ കിട്ടിയ വിവരങ്ങൾ അനുസരിച്ച് ഉണ്ടാക്കിയെടുത്ത മോഡലുകളാണ് എന്നും അതിൽ തന്നെ പത്തോളം വിവിധ മോഡലുകൾ ഉണ്ടെന്നും കാറ്റ് കരയിൽ കയറിയാൽ വേഗതയും ദിശയും മാറ്റുമെന്നും ആരോട് പറയാൻ ! ചുഴലി കരയിൽ കയറിയാൽ വേഗത കുറയും എന്താണ് കാരണം ? സമുദ്രനിരപ്പിലെ ചൂടുവായൂ ആണ് ഇതിന്റെ ഇന്ധനം എന്ന് പറഞ്ഞിരുന്നല്ലോ . കരയിൽ കയറിയാൽ ഈ ഇന്ധനത്തിൻ്റെ സപ്ലൈ നിൽക്കും അതാണ് വേഗതകുറയാനുള്ള കാരണം . പകരം ചുറ്റിത്തിരിയുന്ന മേഘങ്ങളൊക്കെ മഴയായി ഭൂമിയിൽ പതിക്കും . കൂടാതെ തീരങ്ങളിലെ ജലനിരപ്പ് ഉയരും , ഇത് രണ്ടും വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും . ഇതിനാൽ ക്യൂബയിൽ കയറിയപ്പോൾ ഇർമ കാറ്റഗറി നാലായി കുറയുകയും വീണ്ടും പുറംകടലിൽ എത്തിയപ്പോൾ കൂടുതൽ ഇന്ധനം സ്വീകരിച്ച് കാറ്റഗറി അഞ്ചായി മാറുകയും ചെയ്‌തു . അതിനാൽ തന്നെ അമേരിക്കയുടെ ഏറ്റവും തെക്കേയറ്റത്തെ ഫ്ലോറിഡ കീസ് എന്ന സ്ഥലത്തുനിന്നും ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചു . അനേകം ദ്വീപുകൾ നിറഞ്ഞ ഇവിടെ നിന്നും , പിന്നെ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള മറ്റു ചില തീരദേശങ്ങളിലും നിന്നും ആളുകളെ ഒഴിപ്പിച്ചത് , ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു എന്നും പറഞ്ഞു ചില മലയാള പത്രങ്ങളിൽ വന്നിരുന്നു . അല്ലേലും “തള്ളി ” കാറ്റുണ്ടാക്കാൻ നാം പണ്ടേ മിടുക്കരാണല്ലോ .

Advertisements

ഉത്തരാർദ്ധഗോളത്തിലെ ചുഴലിക്കാറ്റുകളൊക്കെ കൗണ്ടർ ക്ളോക്ക് വൈസ് ദിശയിലാണു കറങ്ങുന്നത് .(http://www.hurricanescience.org/science/science/primarycirculation/) ഇർമയും അങ്ങിനെ തന്നെ . ഭൗമോപരിതലത്തിനടുത്താണ് ഇങ്ങനെ എതിർഘടികാര ദിശയിലെ കറക്കം . ചുഴലിയുടെ കേന്ദ്രത്തിനോടടുത് കാറ്റ് ശരിക്കുള്ള ചുഴലിയുടെ സ്വഭാവം കാണിക്കും . കേന്ദ്രത്തിൽ നിന്നും അകന്നു പോകും തോറും ശക്തി കുറയുമെങ്കിലും ഏകദേശം മുന്നൂറു കിലോമീറ്റർ ചുറ്റളവിൽ അതിശക്തമായ കാറ്റ് തന്നെ പ്രതീക്ഷിക്കാവുന്നതാണ് . അതിനാൽ ഇർമ ദിശമാറി കടലിൽകൂടി പോയാൽ പോലും അണ്ടിപ്പരിപ്പ് പോലെ കടലിലേക്ക് തള്ളി നിൽക്കുന്ന ഫ്ലോറിഡയിൽ ശക്തമായ കാറ്റും മഴയും ഉറപ്പായിരുന്നു . ചുഴലി വീശുന്നതിന് മുൻപുള്ള ഇരുപത്തിനാല് മണിക്കൂർ ഫ്ലോറിഡയിൽ കൂടി വാഹനമോടിച്ചാൽ ഒരു ശവപ്പറമ്പിൽ കൂടി പോകുന്നതായി തോന്നും . തിരക്കൊഴിഞ്ഞ് വിജനമായ റോഡുകൾ ….. ആളുകൾ കാര്യങ്ങളെല്ലാം തയ്യാറാക്കി വീടുകളിൽ ചേക്കേറിക്കഴിഞ്ഞു . ഏതാനും മണിക്കൂറുകൾക്കുള്ളിൽ അടയ്ക്കാൻ പോകുന്ന ചില മാർക്കറ്റുകളിൽ മാത്രം അവസാനമണിക്കൂർ ഷോപ്പിംഗിനായി ഏതാനും പേർ ഉണ്ടാവും . അതും കഴിഞ്ഞാൽ നിശ്ചലം ! പിന്നെ ടിവിയുടെ മുന്നിൽ കുത്തിയിരുപ്പാണ് . വെതർ ചാനലുകൾ മത്സരിച്ച് കാറ്റിന്റെ വഴിയും മറ്റും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കും . പത്രം വായിക്കുന്ന ബന്ധുക്കളുണ്ടെങ്കിൽ ആരെങ്കിലുമൊക്കെ നാട്ടിൽ നിന്നും വിളിച്ചേക്കാം . ഞങ്ങൾക്കിതൊക്കെ ശീലമല്ലേ എന്ന് ഏതാനും മണിക്കൂർ മുൻപ് മാത്രം അമേരിക്കയിൽ ലാൻഡ് ചെയ്ത കാരണവൻമാർ മറുപടിയും കൊടുക്കും .
ജനലുകളിലെ ഹരികെൻ ഷട്ടറുകൾ മൂളിത്തുടങ്ങുമ്പോഴാണ് നാം ശരിക്കും കാറ്റിന്റെ വരവ് അറിയുക . ചുഴലിക്ക് മുൻപുള്ള ട്രോപ്പിക്കൽ സ്റ്റോമിന്റെ വരവാണിത് . എനിക്ക് പിറകെ വരുന്നവന്റെ ചെരുപ്പിന്റെ വള്ളിയഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ലന്നു പറയാതെ പറയുന്നതാണത് . ആകാശത്തേക്ക് നോക്കിയാൽ മേഘങ്ങളുടെ പെരുപ്പം കൂടിവരുന്നത് കാണാം . പതുക്കെ പതുക്കെ നിറം മങ്ങി കനത്ത മഴ ആരംഭിക്കും . പിന്നെ ഒരു വരവാണ് . തിരമാല കണക്കെയാണ് ആദ്യഘട്ട ആക്രമണം ആരംഭിക്കുന്നത് . ആദ്യവരവിൽ തന്നെ ഒരുമാതിരി മരങ്ങളൊക്കെ കാറ്റിനെ കുനിഞ്ഞു നമസ്ക്കരിക്കും . അവൻ നിവരാൻ തുടങ്ങുമ്പോൾ അടുത്ത തിര വന്നിരിക്കും . പിന്നീട് ഈ അലകൾക്കിടയിലെ ഗ്യാപ് കുറഞ്ഞുവരുന്നതായി കാണാം . പിന്നെ തുടർച്ചയായി ഇടവേളകളില്ലാതെ കാറ്റ് ആഞ്ഞടിക്കും . ആ സമയത്ത് വളഞ്ഞു കുനിഞ്ഞു പോകുന്ന മരങ്ങളൊക്കെ പിന്നെ നിവരുന്നത് മണിക്കൂറുകൾക്ക് ശേഷമായിരിക്കും . പിന്നെ ശബ്ദമുഖരിതമാണ് പ്രപഞ്ചമാകെ . സകലതും കിടന്ന് വിറയ്ക്കും . രാത്രിമുഴുവനും യുദ്ധഭൂമിയിലെ അവസ്ഥയാണ് . ഇടയ്ക്ക് മരങ്ങളോടിയുന്നു . ജനലുകൾ വിറയ്ക്കുന്നു . അതിനിടയിൽ കറണ്ട് വരും പിന്നെ പോകും . ചില സ്ഥലങ്ങളിൽ ആദ്യ ആക്രമണത്തിൽ തന്നെ വൈദ്യതിയും , മൊബൈൽ കണക്ഷനും വിച്ഛേദിക്കപ്പെട്ടു . ഇതിനിടയിൽ മലയാളികൾ വാട്സ് ആപ്പും സായിപ്പന്മാർ Zello എന്ന push-to-talk ആപ്പും ആശയവിനിമയത്തിന് ധാരാളം ഉപയോഗിച്ചിരുന്നു . അതിനാൽ വാട്സ്ആപ്പിൽ “എൻ്റെ പ്ളാവ് പോയെടാ , കപ്പ ഒടിഞ്ഞെടാ , മാവ് പെടെന്നെടാ ” തുടങ്ങിയ കരച്ചിലുകളും , Zello യിൽ “എൻ്റെ പപ്പിക്കുട്ടി ആകെ വിരണ്ടിരിക്കുവാണ് ….. സ്റ്റെപ് ഡാഡ് മമ്മയെ അടിച്ചു എന്നുള്ള വാചകങ്ങളുമാണ് കൂടുതലും കേട്ടിരുന്നത് .

എങ്കിലും zello ആപ്പിന് കുറേക്കൂടി മെച്ചമുണ്ടായിരുന്നു . ഫ്ലോറിഡ കീയ്സ് മുതൽ അങ്ങ് ഒർലാണ്ടോ വരെയുള്ള ആളുകൾ ഉള്ള ഹരിക്കൻ ഗ്രൂപ്പിൽ കാറ്റിനെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ ആളുകൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു . അതുകൊണ്ടു ചുഴലി ഏതുവരെ എത്തി എന്ന് ചാനലുകളെക്കാൾ നന്നായി zello റിപ്പോർട്ട് ചെയ്തു . ഇതിനിടെ മൊബൈലിൽ ടൊർണാഡോ വാണിങ് വന്നുകൊണ്ടിരിക്കും . നിങ്ങളുടെ ഏരിയയിൽ അടുത്ത ഒരുമണിക്കൂറിനുള്ളിൽ ടൊർണാഡോ അടിക്കും , പുറത്തിറങ്ങരുത് എന്നാണ് മൊബൈൽ വൃത്തികെട്ട സൈറൺ മുഴക്കി നമ്മോട് പറയുന്നത് . പക്ഷെ ഈ കലാപാരിപാടിയൊക്കെ നമ്മുടെ അടുത്തുള്ള മൊബൈൽ ടവറിന്റെ വെടി തീരുന്നതു വരെയേ ഉള്ളൂ . ഇതിനു മുന്നേ തന്നെ വൈഫൈ ബന്ധം അറ്റുപോയിരിക്കും . പിന്നീട് മൊബൈൽ നെറ്റ്‌വർക്ക് , പിന്നെ വൈദ്യുതി … ഇതോടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും വിടപറഞ്ഞ് നാമൊരു യഥാർത്ഥ മനുഷ്യനായി മാറും . മൊബൈലിൽ ഒരൊറ്റ സിനിമപോലും ഓഫ്‌ലൈനിൽ സൂക്ഷിക്കാതിരുന്ന ഞാൻ ശിലായുഗത്തിലെ മനുഷ്യന്റെ അവസ്ഥയിൽ എത്തിച്ചേർന്നു . കൂടെയുണ്ടായിരുന്ന ബോബ് സായിപ്പ് ഉണ്ടാക്കിയ റൊട്ടിയും ഉണക്കയിറച്ചിയും കഴിച്ചപ്പോൾ നിയാണ്ടർത്താലിനെ ഞാൻ സ്മരിച്ചു .
നേരം വെളുത്തിട്ടും കഥ പഴയതുപോലെ തന്നെ . ഇതിനിടെ അടുത്തുള്ള വീടിന്റെ മുകളിലേക്ക് മരവും കൂടെ പവർ ലൈനും വീണതോടു കൂടി അവരുടെ മേൽക്കൂര നിന്ന് കത്താൻ തുടങ്ങി . ശബ്ദം കേട്ടു പണിപ്പെട്ട് വാതിൽ തുറന്നു പുറത്തിറങ്ങിയപ്പഴാണ് കാറ്റിന്റെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞത് . ഒരു ചുവട് നേരെ ചൊവ്വേ വെയ്ക്കണമെങ്കിൽ പുള്ളിയോട് തന്നെ ചോദിക്കണം . എങ്കിലും പുറത്തെ ഭിത്തിയിൽ പറ്റിപ്പിടിച്ചു നിന്ന് രംഗം വീക്ഷിച്ചു . പോലീസും , ഫയർ സർവീസും മുറപോലെയെത്തി . പവർ ലൈൻ ആയതിനാൽ വെള്ളമൊഴിക്കാൻ നിന്നില്ല . മരം തള്ളിമറിച്ചിട്ടു കൂടുതൽ തീപിടുത്തം ഒഴിവാക്കി . ഈ കൊടുങ്കാറ്റിൽ പണിയെടുക്കുന്ന ഇവരെയൊക്കെ സമ്മതിച്ചേ തീരൂ . ഇതിനിടയിലാണ് ഒരു ഓഫീസർ ഭിത്തിയിൽ പറ്റിപ്പിടിച്ചിരുന്നു കാഴ്ചകാണുന്ന ടിപിക്കൽ മലയാളി എന്ന വിചിത്ര ജന്തുവിനെ കാണുന്നത് . അദ്ദേഹം സംസാരിച്ചത് ആംഗ്യഭാഷയിലായിരുന്നു എങ്കിലും ഏതു ഭാഷയും മനസിലാകുന്ന കോട്ടയം അച്ചായന് കാര്യം പിടികിട്ടി . പക്ഷെ ഒരു കാര്യത്തിൽ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളു . അങ്ങേരു തള്ളയ്ക്കാനോ അല്ലെങ്കിൽ തന്തയ്ക്കാനോ വിളിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല .

കുറച്ചു കഴിഞ്ഞപ്പോൾ മൊബൈൽ നെറ്റ് തിരികെയെത്തി . @ Kiran Kannan നോട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു . ഈ സമയം പോലീസ് വാതിലിൽ മുട്ട് തുടങ്ങിയിരുന്നു . തീയ് അണയ്ക്കാൻ കഴിയുന്നില്ല , ഒരു അരമണിക്കൂർ കൂടെ നോക്കട്ടെ അല്ലെങ്കിൽ നിങ്ങൾ വീട് വിട്ടു പോകണം എന്നായിരുന്നു സന്ദേശം . ബോബ് ചൂടായി . കാറ്റത്ത് വണ്ടിയോടിച്ചു പോകാനുള്ള മാജിക്ക് തനിക്ക് അറിയില്ലെന്നും നിങ്ങൾ കൊണ്ടുപോകുവാണെങ്കിൽ കൂടെ വരാമെന്നും കക്ഷി പറഞ്ഞൊപ്പിച്ചു . അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ഏമാൻമ്മാർക്ക് കാര്യം പിടികിട്ടി . എന്നാൽ പോയ് വരാം എന്ന് പറഞ്ഞ അവർ കാര്യക്ഷമമായി പ്രവർത്തിച്ച് ഒരു മണിക്കൂറിനകം തീയ് പൂർണ്ണമായും അണച്ചു . ബോബിനെയും എന്നെയും കൂടെകൊണ്ടുപോകുന്നതിലും നല്ലത് മെനക്കെട്ട് തീയ് അണയ്ക്കുന്നതാണ് നല്ലത് എന്ന് അവർ തീരുമാനിച്ചു കാണും . എന്തായാലും പകലുമുഴുവനും ഇർമ തകർത്താടി . ജനലിൽകൂടി കാണാവുന്ന ദൂരത്തുണ്ടായിരുന്ന സകല മരങ്ങളും ഒടിക്കുകയോ അപ് റൂട്ട് ചെയ്യുകയോ ചെയ്തിരുന്നു . പിന്നീട് പോയ മൊബൈൽ നെറ്റ് വർക്ക് /വൈഫൈ ഇത് എഴുതുമ്പോഴും തിരികെ എത്തിയിട്ടില്ല .
കാറ്റ് ശമിച്ചു എന്ന് ഉറപ്പായ സമയം , ഫ്ലോറിഡ വീണ്ടും ഉണർന്നു . എങ്ങും പച്ചമരത്തിന്റെ രൂക്ഷ ഗന്ധം . അതെ ഇത് തന്നെയാണ് ചുഴലിയുടെ മണം . ആളുകൾ യന്ത്രം പോലെ പുറത്തിറങ്ങി താന്താങ്ങളുടെ പരിസരങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റി റോഡരുകിൽ കൂട്ടിത്തുടങ്ങി . വഴികൾ വൃത്തിയാക്കുക , വളഞ്ഞു പോയ സൈൻ ബോർഡുകൾ നീക്കം ചെയ്യുക , പൊട്ടിയ ലൈനുകൾ ഫിക്സ് ചെയ്യുക , ചത്ത ട്രാഫിക് സിഗ്നലുകൾക്കു പകരം താൽക്കാലിക ബാറ്ററി പവേർഡ് സിഗ്‌നലുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രാഥമിക കാര്യങ്ങളൊക്കെ സർക്കാരും ചെയ്യാൻ തുടങ്ങി . ഒരു ദിവസത്തിനകം റോഡുകളെല്ലാം ക്ലിയർ ചെയ്ത് ഗതാഗതയോഗ്യമാക്കി . ഇവിടെ ഓടിയാത്ത ഒരുമരം പോലും ബാക്കിയില്ല എന്നതാണ് സത്യം . ഇന്നും കരണ്ടും വെള്ളവും കിട്ടാത്ത സ്ഥലങ്ങൾ ഉണ്ട് . മുപ്പതു ശതമാനം മരങ്ങൾ ഇർമ വേരോടു കൂടി പിഴുതു മാറ്റിയിട്ടുണ്ട് . ഇതെല്ലാം വൃത്തിയാക്കി ഫ്ലോറിഡ പഴയപടിയാകാൻ ഒരുമാസം എടുക്കും . പക്ഷെ അവർ അത് ചെയ്യും . എല്ലാം പഴയപടിയാക്കും . ആ ഇച്ഛാശക്തി തന്നെയാണ് ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ