Red flag warning !

Red flag warning ! 1

നല്ല കാലാവസ്ഥ ! രാവിലെ ഒന്ന് നടന്നുകളയാം പബ്ളിക്സ് ഷോപ്പിംഗ് മാളിൽ നിന്നൊരു ക്യൂബൻ കോഫിയും തട്ടാം എന്നിങ്ങനെ വിചാരിച്ചാണ് നടക്കാനിറങ്ങിയത് പക്ഷെ കുറച്ചു നടന്നുകഴിഞ്ഞപ്പോൾ തന്നെ മുന്നിലൊരു തടസം നേരിട്ടു. ഒരുത്തൻ വഴിനിറഞ്ഞു നടന്നുപോകുന്നു . ഒരു മിനുട്ട് വലതുകൂടി പിന്നെ രണ്ടു മിനറ്റ് ഇടത്തുകൂടി . കാര്യമായ “മരുന്ന് ” അടിച്ചിട്ടുണ്ട് എന്ന് പിടികിട്ടി . കൈയിൽ എരിയുന്ന ഒരു സിഗരറ്റും ഉണ്ട് . വേഗതകൂട്ടി ഓവർറ്റെയ്ക്ക് ചെയ്തതും അവനൊരു വിളി . ബ്രോ … സിഗററ്റുണ്ടോ ? ക്ഷമിക്കണം ഇല്ല എന്ന് പറഞ്ഞുകൊണ്ട് സ്ഥലം വിടാൻ നോക്കിയപ്പോഴുണ്ട് അവൻ പിറകെ വരുന്നു .” നീ കള്ളം പറയുകയാണ് , സിഗരറ്റ് തരുന്നുണ്ടോ ഇല്ലയോ ? ” അവന്റെ മട്ടും ഭാവവും മാറി . അരികിൽ പാർക്ക് ചെയ്തിരുന്ന കറുത്ത കാറിൽ അവൻ മുഷ്ടിചുരുട്ടി ഇടിച്ചു . കയ്യിലെ എരിയുന്ന സിഗരറ്റ് അരികിലെ പുല്ലിലേയ്ക്ക് വലിച്ചെറിഞ്ഞു . എന്നിട്ട് കാറിനുള്ളിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ ഗ്ളാസുവഴി അകത്തേക്ക് നോക്കി . ഒരു നിമിഷം ! വെടിയുണ്ട കണക്കെ കാറിന്റെ ഡോർ തുറന്നു ! ചാരിനിന്നവൻ ചക്ക വെട്ടിയിട്ടതുപോലെ റോഡിലേക്കും വീണു . കാറിനുള്ളിൽ നിന്നും പുറത്തിറങ്ങിയത് ഒരു യൂണിഫോം ധാരിയായിരുന്നു , അണ്ടർ കവർ കോപ് ! ” ഇത് ഞാൻ നോക്കിക്കൊള്ളാം താങ്കൾ നടന്നോളൂ ” സുന്ദരനായ പോലീസ് പയ്യൻ മൊഴിഞ്ഞു . പക്ഷെ ഞാൻ ഒരു നിമിഷം നിന്നു . കാരണം അവനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനുള്ള വകുപ്പൊന്നും ഇതുവരെ ആയിട്ടില്ല . പിന്നെ എന്ത് ചെയ്യും എന്നറിയാനാണ് ഞാൻ നിന്നത് . പക്ഷെ പയ്യൻ അവനെ നിലത്തിട്ട് വിലങ്ങിട്ട് പൂട്ടി . ഇത് കണ്ടുനിന്നിരുന്ന മറ്റൊരാൾ എന്നോടായി പറഞ്ഞു .” Its Red flag warning Bro !! You should be careful when you throw a cigar ” എന്നും പറഞ്ഞുകൊണ്ട് അയാൾ നടന്നുചെന്ന് അവൻ വലിച്ചെറിഞ്ഞ സിഗരറ്റ് എടുത്ത് ചവുട്ടി കെടുത്തി .എൻ്റെ വിരൽ പതുക്കെ മൊബൈലിലെ വെതർ വാർണിങ് സെക്ഷനിലേക്ക് ഇഴഞ്ഞു . ശരിയാണ് മുന്നറിയിപ്പുണ്ട് . Fire Weather Warning!

Advertisements

ഇങ്ങനെ ദിവസവും ഓരോ വാണിങ് ഉള്ളതിനാൽ ഇതൊന്നും സാധാരണ ശ്രദ്ധിക്കാറില്ല . എങ്കിലും ഇതെന്താണ് എന്നറിയണമല്ലോ . സംഭവം ഇതാണ് എളുപ്പത്തിൽ തീ പടരാനുള്ള സാഹചര്യമാണ് ഇന്നുള്ളത് . അതുകൊണ്ട് ഫയർ / റെസ്ക്യൂ വിഭാഗങ്ങളിൽ ജോലിയെടുക്കുന്നവർക്ക് ഇന്നവധിയെടുക്കാൻ കഴിയില്ല . ഇതുപോലെ സിഗരറ്റ് വലിച്ചെറിയുന്നത് വൻദുരന്തത്തിൽ കലാശിച്ചേക്കാം . എങ്ങിനെയാണ് ഇന്ന് തീപടരാൻ സാധ്യത കൂടുതലുണ്ട് എന്നറിയുന്നത് ? മൂന്ന് കാര്യങ്ങളാണ് ഇതിലേക്ക് പരിഗണിക്കുന്നത് . ഒന്ന് അന്തരീക്ഷത്തിൽ ഈർപ്പം 25 ശതമാനത്തിൽ കുറവായിരിക്കണം . സ്ഥിരമായി 20 mph വേഗതയുള്ള കാറ്റ് . അവസാനമായി Fuel moisture index കുറവുള്ള “10 hour fuels” ന്റെ സാന്നിധ്യം .

അവസാനത്തേത് ഒന്ന് വിശദമാക്കാം . Fuel moisture index ഒരു സൂചികയാണ് . ഒരു ഇന്ധനത്തിൽ ( പുല്ല് , ഉണങ്ങിയ മരം , ശിഖരങ്ങൾ ) ഉള്ള ജലാംശത്തിന്റെ അളവാണത് . അതായത് തീർത്തും ഉണങ്ങിയ ഒരു ഇന്ധനത്തിൻ്റെ Fuel moisture index പൂജ്യം ശതമാനം ആയിരിയ്ക്കും . അതായത് ഊർജ്ജം മുഴുവനും ഇന്ധനം കത്തുവാൻ പ്രയോജനപ്പെടുത്തും . ജലമുണ്ടായിരുന്നു എങ്കിൽ അത് ബാഷ്പീകരിക്കാൻ ഊർജ്ജത്തിന്റെ ഒരുഭാഗം വിനിയോഗിച്ചേനെ . അതായത് Fuel moisture index കുറവുള്ള ഉണങ്ങിയ മരങ്ങളുടെ സാന്നിധ്യം Fire Weather Warning തരാനുള്ള കാരണങ്ങളിൽ ഒന്നാണ് . ഇർമ്മ ചുഴലി ഒടിച്ചെടുത്ത ഉണങ്ങിയ മരങ്ങളും ശിഖരങ്ങളുമാണ് ഇവിടെ Fuel moisture index കുറയാൻ കാരണം .

ഇനി എന്താണ് 10 hour fuels എന്ന് നോക്കാം . ഒരു ഇന്ധനം മാറിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സമയം കണക്കിലെടുത്ത് ഇന്ധനങ്ങളെ പലതായി തിരിച്ചിട്ടുണ്ട് . ഇതിനെ Dead fuel moisture threshold എന്ന് വിളിക്കും . പുല്ലുകൾ one-hour fuels ആണ് . അതായത് ഒരുമണിക്കൂർകൊണ്ട് പുല്ലിന് മാറിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയും . ഒരു നല്ല തണുത്ത കാറ്റടിച്ചാൽ ഉണങ്ങിയ പുല്ലിൽ തീ പിടിക്കാനുള്ള സാഹചര്യം കുറയും അത് ഈർപ്പം പെട്ടന്ന് വലിച്ചെടുക്കും . തിരിച്ചും അങ്ങിനെ തന്നെ ! ഇനി ഉണങ്ങിയ ഒരു മരമാണെങ്കിലോ . അവ “10 hour fuels” വിഭാഗത്തിലാണ് പെടുക . മിനിമം അര ദിവസമെടുക്കും മാറിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ ! അതായത് ഉണങ്ങിയ മരങ്ങളുള്ളയിടത്ത് ചെറിയൊരു മഴപെയ്താൽ തീ ഉണ്ടാകാനുള്ള സാഹചര്യം കുറവാണെങ്കിലും ഉണ്ടായാൽ നിന്ന് കത്തികളയും എന്ന് സാരം . ചുരുക്കത്തിൽ Dead fuel moisture threshold ഇന്ധനത്തിന്റെ വലിപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു . ഇപ്പോൾ ഇവിടുത്തെ പ്രശ്‌നം ഇതാണ് , ഈർപ്പം കുറവാണ് , കാറ്റുണ്ട് , നല്ലതുപോലെ ഉണങ്ങിയ മരങ്ങളുമുണ്ട് . അപ്പോൾ United States National Weather Service ഒരു Fire Weather Warning കൊടുത്തു , അത്ര തന്നെ !!!

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ