കിടപ്പു മുറി തോൽപ്പെട്ടി വനമാക്കിയപ്പോൾ !

കിടപ്പു മുറി തോൽപ്പെട്ടി വനമാക്കിയപ്പോൾ ! 1

ചെറുപ്പത്തിൽ സ്ഥിരമായി വേനലാവധിക്കാലത്ത് പൊയ്ക്കൊണ്ടിരുന്ന സ്ഥലമാണ് വയനാട്ടിൽ സുൽത്താൻ ബത്തേരിക്കടുത്തുള്ള വടക്കനാട് . അന്ന് ബത്തേരിയിൽ നിന്ന് ഒരേയൊരു സർക്കാർ വണ്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ . ചുറ്റോടു ചുറ്റും വനത്താൽ ബന്ധിതമായ ഒരു ഗ്രാമമായിരുന്നു അത് . ബന്ധുവും , അളിയനും സുഹൃത്തുമൊക്കെയായിരുന്ന സ്റ്റാൻലിയേട്ടന്റെ വീട്ടിലാണ് കിടപ്പ് . അന്നൊരു ചാരായഷാപ്പ് നടത്തിയിരുന്ന അദ്ദേഹം താമസിച്ചിരുന്നത് അധികം ദൂരെയല്ലാത്ത ഒരിടത്തായിരുന്നു . മുളംകമ്പുകൾ കൊണ്ടുണ്ടാക്കിയ മനോഹരമായ ഒരു കൊച്ചു വീട് . തൊട്ടു മുന്നിൽ ഇഞ്ചിക്കൃഷി നടത്തിവന്നിരുന്ന ചെറിയൊരു പാടം . അതിനുമപ്പുറം സർക്കാരിന്റെ തേക്കിൻകാട് , അതിനുമപ്പുറം തോൽപ്പെട്ടി റേഞ്ചിൽ പെടുന്ന വയനാടൻ കാടുകൾ . വനത്തോടുള്ള അടക്കാനാവാത്ത അഭിനിവേശം മൂലം താമശേരി ചുരം കയറുമ്പോഴേ ഹൃദയം തുടയ്ക്കാൻ തുടങ്ങും . ബസ് സുൽത്താൻ ബത്തേരിയിൽ ചെല്ലുന്നതിന് മുന്നേ ആറാം മൈൽ എന്ന സ്ഥലത്ത് ഇറങ്ങും . അവിടെനിന്നും സർക്കാർ വക കുരുമുളക് തോട്ടത്തിനിടയിലുള്ള കാനനപാതയിലൂടെ ( വന ലക്ഷ്മി എന്നാണു പേര് എന്ന് തോന്നുന്നു ) ഒരു നടപ്പാണ് . അന്ന് സ്ഥിരമായി ആനശല്യമുണ്ടായിരുന്ന ഒരു പാതയായിരുന്നു ഇത് . ഞങ്ങൾ മൂന്ന് പേരാണ് സ്ഥിരമായി ഇത്തരം യാത്രകൾ നടത്തിപോന്നിരുന്നത് , പപ്പയും ഞാനും പിന്നെ പപ്പയുടെ സുഹൃത്ത് അപ്പച്ചൻ ചേട്ടനും . കാടിനെ കുറിച്ച് കൂടുതൽ പഠിപ്പിക്കുവാനും , ആനയെക്കുറിച്ചുള്ള എന്റെ പേടി മാറ്റുവാനുമാണ് മിക്കപ്പോഴും പപ്പാ എന്നെ ഇതുപോലെ കാനന സവാരി നടത്തിച്ചിരുന്നത് . ഒരു നാൾ ഞങ്ങൾ വണ്ടിയിറങ്ങിയപ്പോൾ കുറച്ചു വൈകിയിരുന്നു . നേരം ഇരുട്ടി തുടങ്ങി . പാതയുടെ നിറം വെളുത്തതാകയാൽ അത് മാത്രം കാണാം . ഇരുവശവും നല്ലയിരുട്ട് . പത്തുമണിക്കൂർ ബസ് യാത്രകഴിഞ്ഞപ്പോൾ അപ്പച്ചൻ ചേട്ടന്റെ വയറ് ഇളകി . ഇപ്പവരാം എന്നും പറഞ്ഞു കക്ഷി അടുത്തുള്ള മരച്ചുവട്ടിലേക്കോടി . ഞാനും പപ്പയും അതേപടി വഴിൽ നിന്നു . ചുറ്റും മണം പിടിച്ച പപ്പ പതുക്കെ അപ്പച്ചൻ ചേട്ടനോടായി പറഞ്ഞു . ” എടാ നല്ല ചൂര് മണക്കുന്നുണ്ട് , നീ വേഗം ഇറങ്ങി വാ ” പപ്പയിങ്ങനെ പറഞ്ഞു കഴിഞ്ഞ ശേഷം പാതയുടെ അറ്റത്തേക്ക് വിരൽ ചൂണ്ടി . കുറച്ചകലെ എന്തോ ഒന്ന് നിൽപ്പുണ്ട് . വ്യക്തമായി കാണാൻ വയ്യ . പക്ഷെ വെളുത്ത എന്തോ ഒന്ന് അവ്യക്തമായി കാണാം . ഞങ്ങൾ കുറച്ചുകൂടി മുന്നോട്ട് കയറി നോക്കി . ഇനി സംശയിക്കേണ്ട ആന തന്നെ ! പക്ഷെ രണ്ടു കൊമ്പുകൾ മാത്രമേ കാണാൻ പറ്റുന്നുള്ളൂ എന്ന് മാത്രം . അത് അനങ്ങാതെ നിൽപ്പാണ് . ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മുൻപ് സ്ഥിരമായി ചെയ്യാറുള്ളത് പോലെ പപ്പാ വിശദീകരണം ആരംഭിച്ചു . ” ഇതൊരു തെറ്റ് കൊമ്പനാണ് , കണ്ടില്ലേ അവന്റെ ഒരു കൊമ്പ് താഴോട്ടും മറ്റേത് മുകളിലോട്ടും നിൽക്കുന്നത് ? ഇതിനാൽ മറ്റ് ആനകളോടുള്ള മത്സരത്തിൽ ഇവൻ ഇപ്പോഴും പരാജയപ്പെടും . പതുക്കെ പതുക്കെ കൂട്ടത്തിൽ നിന്ന് പുറത്താകുന്ന ഇവൻ അങ്ങിനെ ഒറ്റയാനായി തീരും . ഓടേണ്ടി വന്നാൽ നീ മുണ്ട് അഴിച്ചിട്ടേക്കണം . ഇത് മണത്തുകൊണ്ടു നിൽക്കുന്ന പതിവ് ആനയ്ക്കുണ്ട് , ഞാനിത് പണ്ടൊന്നു പരീക്ഷിച്ചതാണ് , കൂടാതെ നിന്റെ മമ്മീടെ പപ്പ അങ്ങേര് ഇതുപോലെ കാണിച്ച കാര്യം പറഞ്ഞു തന്നിട്ടില്ലേ ? ( ഫോറസ്റ്ററായി വിരമിച്ച അമ്മയായിയപ്പനോട് പപ്പക്ക് അത്ര സുഖമില്ലായിരുന്നു അന്ന് ) . നീ മരത്തിലൊന്നും കയറാൻ നിൽക്കേണ്ട , ഇവന് കുത്തിമറിച്ചിടാൻ പറ്റാത്ത മരമൊന്നും ഇവിടെയില്ല . എടാ അപ്പച്ചാ നീ കഴിഞ്ഞില്ലേ ഇതുവരെ ?” . ശരീരഭാരം കുറച്ച സന്തോഷത്തിൽ പുറത്തിറങ്ങി വന്ന അപ്പച്ചൻ ചേട്ടന് ഞങ്ങളുടെ നിൽപ്പ് കണ്ടപ്പോഴേ കാര്യം കത്തി ( ഇതാദ്യ സംഭവമൊന്നും അല്ലല്ലോ ) . എടോ ഇത് കഴിഞ്ഞ തവണ നമ്മളെ ഇട്ടോടിച്ച ആന തന്നെയല്ലേ ഇത് ? ” കൊള്ളാം തകർത്തു , എന്നിട്ടാണോ രണ്ടും കൂടി എന്നേം കൊണ്ട് ഈ വഴി വന്നത് ? ഞാൻ ചൂടായി . എടാ , സ്റ്റാൻലി പറഞ്ഞത് ഈ വഴി ഇപ്പോൾ ശല്യമൊന്നും ഇല്ലന്നാ .

Advertisements

അടുത്ത് ആനയുടെ ഊഴമായിരുന്നു . ഒരു മരം രണ്ടായി വലിച്ചു കീറിയാൽ എന്ത് ശബ്ദം ഉണ്ടാകുമോ അത്തരത്തിൽ ഒരു ചിന്നം വിളിച്ച ശേഷം ഒന്ന് ചുരുണ്ട് ചെറുതായപോലെ തോന്നിപ്പിച്ച് ഒരൊറ്റ വരവ് ! ഇരുട്ടത്ത് രണ്ടു തേറ്റകൾ വായുവിലൂടെ ഒഴുകി വരുന്നതുപോലെയാണ് എനിക്ക് തോന്നിയത് . പപ്പാ പറഞ്ഞതുപോലെ മൂന്ന് ഉടുമുണ്ടുകൾ പാതയിൽ വീണു കഴിഞ്ഞിരുന്നു . ആദ്യം അപ്പച്ചൻ ചേട്ടൻ, പിന്നെ ഞാൻ, പിറകിൽ പപ്പ ഇതായിരുന്നു ഓട്ടക്രമം . പപ്പാ മനപ്പൂർവ്വം സ്പീഡ് കുറച്ച് എന്നെ മുന്നിലാക്കിയതാണെന്ന് എനിക്ക് പിടികിട്ടി . കാലിൽ മുറിവുണ്ടായിരുന്ന ഞാൻ പിറകിലാവാൻ സാധ്യതയുണ്ട് എന്ന് തോന്നിയിട്ടുണ്ടാവാം . എന്തായാലും ആറാം മൈൽ ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ആന മത്സരത്തിൽ നിന്നും സ്വാഭാവികമായും പിൻവാങ്ങിയിരുന്നു . എന്നത്തേയും പോലെ അപ്പച്ചൻ ചേട്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഉടുതുണിയില്ലാതെ വഴിയിൽ നിന്ന മൂന്ന് ആൾരൂപങ്ങളെ അര മണിക്കൂറിനകം ജീപ്പിൽ വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ ബത്തേരിയിൽ എത്തിച്ചു . ഒരു ചെറിയ കടയിൽ നിന്നും മൂന്ന് മുണ്ടുകളും വാങ്ങിതന്ന ശേഷമാണ് അവർ പോയത് .

സ്റ്റാൻലി അളിയന്റെ ആ പഴയ മുളവീട് ഇന്നും ഓർമ്മയിലുണ്ട് . വെളുപ്പിനെ തുടങ്ങും കാട്ടുകോഴികളുടെ ആരവം . പിന്നീട് മലയണ്ണാൻ അതിനു ശേഷം ആരെക്കെയോ …….. ഇത് കേട്ടോണ്ട് ഉള്ള പ്രഭാതം ! മറക്കാനാവില്ല ഒരിക്കലും . വെളുപ്പിനെ ഇഞ്ചിത്തോട്ടത്തിൽ മാനുകളുടെ പ്രളയമാണ് . രാത്രി ആനയിറങ്ങും . ആകെയുണ്ടായിരുന്ന കരിക്കി എന്ന പട്ടിയെ ഒരാഴ്ച മുന്നേ പുലി പിടിച്ചു . ചാരായ ഷാപ്പ് അടച്ചു വരുന്ന വഴി എന്നും കാണും ആന അല്ലെങ്കിൽ കാട്ട് പോത്ത്. കാടിനുള്ളിലെ ആദിവാസി കുടികളിൽ ഇടയ്ക്കിടെ പോകും . അവിടെയുള്ള ഏറുമാടങ്ങളിൽ അന്തിയുറക്കം . മണിക്കൂറുകളോളം കാട്ടു വഴികളിലൂടെയുള്ള നടത്തം പിന്നീട് ദിവസങ്ങളായി മാറി . കൊല്ലികളിലെ വൃക്ഷത്തലപ്പുകളിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളെ കാണാനായുള്ള ക്ഷമയോടുള്ള കാത്തിരുപ്പ് . ആനയെ പേടിച്ചുള്ള ഓട്ടത്തിനിടയിൽ ഇല്ലികുണ്ടകളിൽ ചെന്ന് കയറി സ്വയം വരുത്തി വെച്ച പരിക്കുകൾ ഇന്നും ദേഹത്തുണ്ട് . ഇവിടെ നിന്നും കിട്ടിയ പ്രചോദനമാണ് പിന്നീട് കേരളത്തിലുടനീളമുള്ള കാടുകൾ കയറിയിറങ്ങി നടക്കാൻ എന്നെ പ്രേരിപ്പിച്ചത് . ഇരുപത്തിയേഴ് വയസിന് മുൻപ് ഞാൻ കയറാത്ത കാടുകൾ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പിച്ചു പറയാനാകും . ഇതിനിടയിൽ തേനിയിലും മറയൂരിലും കരിമ്പ് കൃഷി , കാന്തനെല്ലൂരിൽ ആപ്പിൾ കൃഷി …… അതിനിടയിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി സ്വയം എഴുതിക്കൂട്ടിയ ഗൈഡ് വിൽക്കാനെന്ന പേരിൽ വീട്ടിൽ നിന്നറങ്ങി കാടുകയറുന്ന ദുശീലം ……. എഴുതിയാൽ തീരില്ല ..

കല്യാണം കഴിച്ച പെണ്ണിനേയും വെറുതെ വിട്ടില്ല , ഒരു ബൈക്കുമെടുത്തു അവളെയും കൊണ്ട് ഊരു തെണ്ടിയിറങ്ങി . അത് വേറെ ചരിത്രം . പക്ഷെ ഇന്ന് ഫ്ലോറിഡയിൽ മാസങ്ങളായുള്ള ഒറ്റയാൻ ജീവിതം ( പിടിയും , രണ്ടു കൊമ്പൻമ്മാരും ഇപ്പോൾ നാട്ടിലാണ് ), പഴയ കാര്യങ്ങളൊക്കെ അയവിറക്കാൻ കാലം തന്ന അവസരമായി മാറിയിട്ടുണ്ട് . പക്ഷെ കിടക്കുമ്പോൾ ആ പഴയ വടക്കനാടൻ ആമ്പിയൻസ് കിട്ടാൻ ഒരു വഴിയുമില്ല . അങ്ങിനെ ആലോചിച്ച് കിടന്നപ്പോൾ ഒരു ആൻഡ്രോയിഡ് ആപ്ലികേഷൻ കണ്ണിൽ പെട്ടു . പേര് Atmosphere . സംഭവം കിടിലം . മുറിയിൽ കാടിന്റെ പ്രതീതി ജനിപ്പിക്കാൻ ഇതിലും നല്ലൊരെണ്ണമില്ല ! മഴ , ഇടിവെട്ട് , നദിയുടെ ഒഴുക്ക് , ജലപാതം , രാത്രിയിലെ കൂമന്റെയും , ചീവീടിന്റെയും ശബ്ദം , വെള്ളത്തുള്ളികൾ ജനൽപ്പാളികളിൽ വന്ന് വീഴുന്ന ശബ്ദം , അങ്ങിനെ നമ്മുടെ ആവശ്യത്തിനനുസരിച്ച് ഏതു ശബ്ദവും അല്ലെങ്കിൽ ശബ്ദങ്ങളും ഇതിൽ നമ്മുക്ക് നമ്മുടെ ആവശ്യത്തിനനുസരിച്ച് മിക്സ് ചെയ്ത് നിർമ്മിക്കാം . അങ്ങിനെ ഞാൻ പഴയ വടക്കനാടിനെ വീണ്ടും പുനർസൃഷ്ടിച്ചു . നേരെ സ്പീക്കറിലോട്ടു കുത്തി അങ്ങ് ഓണാക്കിയിടും . ലൈറ്റ് ഓഫാക്കി കിടന്നാൽ കൊടും കാട്ടിൽ കിടന്നുറങ്ങുന്ന ഫീലിംഗ് ! രാവിലെയാണ് പണി പറ്റുന്നത് . മഴയുടെ ഇടിയുടെയും ഒക്കെ ശബ്ദം കാരണം തലയിണകെട്ടിപ്പിടിച്ച് വീണ്ടും ഉറങ്ങിപ്പോകും ! പക്ഷെ ഒരു സുഖമുണ്ട് ……. വട്ട് , അല്ലാതെന്ത് പറയാൻ !!!!!!

Download it from Play Store

[contentcards url=”https://play.google.com/store/apps/details?id=com.peakpocketstudios.atmosphere” target=”_blank”]

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ