വോയേജർ – നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി !

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 1

ഇത് ഒരു സഞ്ചാര കഥയാണ് . കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി തുടർന്നുകൊണ്ടേ ഇരിക്കുന്ന ഒരു യാത്ര ! അതും മണിക്കൂറിൽ 61,000 കിലോമീറ്റർ വേഗതയിൽ ! എങ്ങോട്ടാണ് എന്ന് ചോദിക്കരുത് . അറിയില്ല , പക്ഷെ ഈ യാത്രക്കിടയിൽ ഈ സഞ്ചാരി കണ്ട കാഴ്ചകളും ഇനി കാണാൻ പോകുന്ന കാഴ്ചകളും അവർണ്ണനീയമാണ് ! ഈ യാത്രികന്റെ പേരാണ് വോയേജർ ! ഒരു ബഹിരാകാശ പേടകം .സത്യത്തിൽ ഇത് ഒരു യാത്രികൻ അല്ല , ഇരട്ടകളായ രണ്ടു യാത്രക്കാർ ആണ് . വോയേജർ ഒന്നും , വോയേജർ രണ്ടും . സമാന്തരമായി ആണ് സഞ്ചാരം തുടങ്ങിയതെങ്കിലും ഇപ്പോൾ ഇവർ രണ്ടു വഴിക്കാണ് . ഒരാൾ വടക്കോട്ടും മറ്റെയാൾ തെക്കോട്ടും ! ശരിക്കും പറഞ്ഞാൽ ഈ പേരുകളും ഇവരുടെ യാത്രയും ജനിച്ചപ്പോൾ മുതൽ നാം കേൾക്കുന്നതാണ് . ഏറെക്കുറെ പല കാര്യങ്ങളും നമ്മുക്ക് അറിയാം . ഇവർ എടുത്ത ഫോട്ടോകളും മറ്റും നാം പല തവണ കണ്ടിട്ടുണ്ട് . ഈ പേടകങ്ങളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ശബ്ദങ്ങളും , മനുഷ്യ ചരിത്രവും മറ്റും ആലേഖനം ചെയ്തിട്ടുണ്ടെന്നും നമ്മൾ കേട്ടിട്ടുള്ളതാണ് . ഇവർ ഇപ്പോൾ സൌരയൂഥത്തിന്റെ പരിധി വിട്ടുകൊണ്ടിരിക്കുകയാനിന്നും അല്ലെങ്കിൽ പരിധി വിട്ടു പുറത്തു ചാടി എന്നും നാം അടുത്ത കാലത്ത് കേൾക്കുകയുണ്ടായി . അതൊന്നും വീണ്ടും വിസ്തരിക്കാൻ അല്ല ഇവിടെ മുതിരുന്നത് . നാം കേട്ടിട്ടില്ലാത്ത ചില കാര്യങ്ങൾ സവിസ്തരം പ്രതിപാദിക്കാൻ ഒരു ചെറിയ ശ്രമം . ഈ ബഹിരാകാശ പേടകങ്ങൾ എങ്ങിനെ യാത്ര തുടങ്ങി എന്നും 1977 ലെ ടെക്നോളോജി വെച്ച് ഇത്രയും നാൾ ഈ പേടകങ്ങൾ എങ്ങിനെ ഓടി എന്നും ഇത്രയും വേഗത എങ്ങിനെ കൈവരിച്ചു എന്നും സയൻസിന്റെ അടിസ്ഥാനം മാത്രം കൈമുതലായുള്ള ആളുകള്‍ക്ക് മനസ്സിൽ ആകും വിധം ശാസ്ത്രീയ തത്വങ്ങൾ വളരെ ലളിതമായി വിവരിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത് . അതിനാൽ സങ്കീർണ്ണമായ പല കാര്യങ്ങളും വിട്ടുകളയുകയും ചില “ഭീകര ” കണക്കുകൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ പറ്റി “കൂടുതൽ ഗഹനമായി ” അറിവുള്ളവർ ഇത് വായിക്കുമ്പോൾ കുറച്ചു താഴേക്കിറങ്ങി ചിന്തിക്കണമെന്ന് അപേക്ഷിക്കുന്നു . ഒറ്റയടിക്ക് തിന്ന് ” ദഹനക്കേട് ” ഉണ്ടാകാതിരിക്കുവാൻ പല ഭാഗങ്ങൾ ആയി ആണ് ഇത് പോസ്റ്റ്‌ ചെയ്യുന്നത് . എന്നാൽ ആരംഭിക്കട്ടെ ….

Advertisements

ആശയത്തിന്‍റെ തുടക്കം

പാതാളം എന്ന് നാം പടുകൂറ്റൻ ഗര്ത്തങ്ങളെ പറ്റി പറയാറുണ്ട്‌. എന്നാൽ ഭൂമിയിലെ ഒരു ഗർത്തവും അനന്തമല്ല . പക്ഷെ പാതാളം എന്ന് ശരിക്കും വിശേഷിപ്പിക്കാവുന്ന ചില സ്ഥലങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട് . സൌരയൂഥത്തിലെ ഭീമനായ വ്യാഴം ആണ് അതിലൊന്ന് . ശനിയാണ് രണ്ടാമന്‍ . വ്യാഴം ഒരു വാതക പിണ്ഡം ആണ് . വ്യാഴ ഗ്രഹത്തിന് ഒരു കരയോ നിലമോ ഇല്ല ! ഒരു പേടകതിനും അവിടെ പോയി ഇറങ്ങാൻ പറ്റില്ല . ഒന്ന് വലം വെച്ച് നമിച്ചു പോരുകയെ നിവൃത്തിയുള്ളൂ . ഇദ്ദേഹത്തിനെ സ്ഥിരമായി വലം വെക്കുന്ന കുറച്ചു ഉപഗ്രഹ പ്രജകൾ ഉണ്ട് . അതിൽ വലിയ നാല് ഗ്രഹങ്ങളെ ഗലീലിയോ ആണ് കണ്ടെത്തിയത്. 1614 ൽ വിഖ്യാതനായ കെപ്ലർ അവയ്ക്ക് പേരും നല്കി . Io, Europa, Ganymede, Callisto എന്നിങ്ങനെ . വ്യാഴത്തിനും , ശനിക്കും അപ്പുറമുള്ള ലോകം നമ്മുക്ക് ഒരു വിസ്മയമായിരുന്നു ! കാലം കടന്നപ്പോൾ അതിനുമപ്പുറം മറ്റു ചില ഭീമൻ ഗ്രഹങ്ങളേയും മനുഷ്യൻ കണ്ടുപിടിച്ചെങ്കിലും അവയെ കുറിച്ചുള്ള അറിവുകൾ വളരെ പരിമിതമായിരുന്നു . ശനിയുടെ ചില ഉപഗ്രഹങ്ങളിൽ ജലമുണ്ടെന്നും ഇല്ലെന്നും അനുമാനങ്ങൾ ഉണ്ടായി . ശനിക്കു മാത്രമല്ല വളയങ്ങൾ ഉള്ളതെന്നും കണ്ടു പിടിക്കപ്പെട്ടു . അവിടെയൊക്കെ നമ്മെപ്പോലെ ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം മനുഷ്യനെ അലട്ടിതുടങ്ങി . ഉണ്ടെങ്കിൽ അവർ എങ്ങിനെ ഇരിക്കും ? നമ്മെക്കാൾ ബുദ്ധി കാണുമോ ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ലോക ജനത ചോദിച്ചുകൊണ്ടിരുന്ന ഒരു നാൾ ആണ് നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ എത്തിയത് . ആവേശം മൂത്ത ചില ശാസ്ത്രഞ്ജർ അതിനും അപ്പുറത്തേക്ക് ചിന്തിച്ചു തുടങ്ങി .മനുഷ്യന് പോകാൻ പറ്റില്ല , പക്ഷെ ഒരു നിരീക്ഷണ പേടകം എങ്കിലും അയക്കണം എന്നായി ചിലർ . വ്യാഴം ശനി യൂറാനസ് നെപ്ട്യൂണ്‍ തുടങ്ങിയ ഭീമൻ ഗ്രഹങ്ങളെയാണ് ആണ് അവർ ” നോട്ടമിട്ടത് ” പക്ഷെ അവിടം വരെ എത്താനുള്ള ഇന്ധനം ആയിരുന്നു മുഖ്യ തടസം . അത്രയും ഇന്ധനം വഹിച്ചുകൊണ്ട് ഒരു റോക്കറ്റിനെയും പേടകതെയും ഭൂമിയിൽ നിന്നും ഉയർത്താനുള്ള ചിലവും സാങ്കേതിക വിദ്യയും ഒരു പ്രശ്നം തന്നെ ആയിരുന്നു . തന്നെയുമല്ല അന്നുള്ള വിദ്യകൾ ഉപയോഗിച്ച് ഇത്രയും ദൂരം താണ്ടാൻ എടുക്കുന്ന നീണ്ട വർഷങ്ങളും ഒരു കീറാമുട്ടി ആയി . അതുമാത്രമല്ല ഭീമൻമ്മാർ എല്ലാം സൌരയൂത്തിനു പുറത്തേക്കുള്ള വഴിയിൽ ആയതിനാൽ സൂര്യന്റെ എതിർ ദിശയിൽ വേണം പേടകങ്ങൾക്ക് സഞ്ചരിക്കുവാൻ . എല്ലാം തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന സൂര്യന്റെ ആകർഷണത്തിന് എതിരായി യുദ്ധം ചെയ്തു വേണം ഈ കർത്തവ്യം നിർവ്വഹിക്കുവാൻ . അപ്പോഴാണ്‌ ചെറുപ്പകാരനായ Michael Minovitch ഒരു ആശയം മുന്നോട്ട് വെച്ചത് (1961).

പുതിയ പോസ്റ്റുകളുടെ അപ്‌ഡേറ്റ്സ് ലഭിക്കുവാൻ
ഫേസ്ബുക്ക് പേജ് പിന്തുടരൂ ….

Grand Tour

ആശയം ചുരുക്കത്തിൽ ഇതാണ് . തോട്ടത്തിലെ ഒരു അടയ്ക്കാ മരത്തിൽ എങ്ങിനെയും കഷ്ടപ്പെട്ട് കയറുക . പിന്നെ ആ അടയ്ക്കാ മരത്തിൽ നിന്നും ആടി ആടി ഊർജ്ജം ഉൾക്കൊണ്ട് അടുത്ത മരത്തിലേക്ക് ചാടുക. അവിടുത്തെ കായ് പറിച്ച് അടുത്തതിലേക്ക് …. അങ്ങിനെ ആവശ്യമുള്ള എല്ലാ മരവും കയറിക്കഴിയുംപോൾ തോട്ടത്തിന്റെ അതിർത്തി എത്തിയിട്ടുണ്ടാവും ! “gravity assist” എന്ന് പറയുന്ന ഈ ടെക്നിക്ക് ഇങ്ങനെയാണ് . ഇന്ധനം ചിലവാക്കി തന്നെ ഭൂമിയിൽ നിന്നും ചൊവ്വാ ഗ്രഹം വരെ എത്തുക . പിന്നെ ചൊവ്വയുടെ ആകർഷണത്തിൽ പെട്ട് അതിനു ചുറ്റും ഒരു കറക്കം . അപ്പോൾ പേടകത്തിന്റെ വേഗത സ്വാഭാവികമായും വർധിചിരിക്കും. അത്യാവശ്യം വേഗത കൈവന്നാൽ ചൊവ്വയുടെ പരിധിയിൽ നിന്നും തെന്നി പുറത്തു ചാടുക . അവിടെ നിന്നും അതിലും ആകർഷണ ബലമുള്ള ശനിയുടെ അടുത്തേക്ക് . അവിടെയും ഗുരുത്വാകർഷണത്തിന് അടിമപ്പെട്ട് അതിനെയും ഒന്ന് രണ്ടു തവണ വലം വെച്ച് ഫോട്ടോകളെടുത്തു , ആവശ്യത്തിനു വേഗത കൈവന്നാൽ തെന്നി മാറി അതിവേഗത്തിൽ അടുത്ത ആളുടെ പക്കലേക്ക് …. അങ്ങിനെ അങ്ങിനെ …. അതായത് വേഗത കൂട്ടലും കുറയ്ക്കലും ദിശാ മാറ്റവും എല്ലാം ഗ്രഹത്തിന്റെ ” ചിലവിൽ ” നടക്കും ! ഈ രീതിയിൽ പോയാൽ ഏതാണ്ട് ഇരുപത് വർഷങ്ങൾ ആണ് നമ്മുക്ക് ലാഭിക്കാൻ കഴിയുക . നാം വെറുതെ ഒരു കല്ല്‌ എടുത്തു എറിഞ്ഞാൽ എത്ര ദൂരം പോകും ? എന്നാൽ കല്ല്‌ ഒരു നൂലിൽ കെട്ടി നൂലിന്റെ മറ്റേ അറ്റത് പിടിച്ചു രണ്ടു വട്ടം കറക്കി ഒന്ന് വിട്ടു നോക്കൂ !!! ഏതാണ്ട് അതെ പണി തന്നെയാണ് ഇതും ! ഈ ഒരു വിദ്യ 1974 ൽ മാരിനർ 10 എന്ന പേടകത്തെ ശുക്രന് ചുറ്റും ഇട്ടു കറക്കി ബുധഗ്രഹത്തിന്‍റെ അടുക്കല്‍ എത്തിക്കാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു .

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 2

പക്ഷെ ഇങ്ങനെ ഒരു ഗ്രഹത്തിൽ നിന്നും തെന്നി മാറി അടുത്തതിലേക്ക് ശരിയായി പോകണമെങ്കിൽ ഈ ഗ്രഹങ്ങൾ എല്ലാം ഒരു പ്രത്യേക രീതിയിൽ അണിനിരന്നാൽ മാത്രമേ സാധിക്കൂ . പക്ഷെ ഭാഗ്യത്തിന് ഭീമന്‍ വാതക പിണ്ഡങ്ങളായ വ്യാഴവും ശനിയും യൂറാനസുമൊക്കെ ഈ ട്രിക്ക് കാണിക്കത്തക്ക വിധം പ്രത്യേക രീതിയില്‍ വരുന്ന കുറച്ചു നാളുകൾ ഉടനെ ഉണ്ടാകും എന്നത് ഗവേഷകരുടെ ഉത്സാഹം വർദ്ധിപ്പിച്ചു . 1977 -78 കാലങ്ങളിൽ ആണ് ഈ അപൂർവ്വ അവസരം കൈവരിക ! ഇതാകട്ടെ ഇരുന്നൂറ് വർഷങ്ങൾക്കിടയിൽ ഒരു തവണയാണ് സംഭവിക്കുക . അങ്ങിനെ സൗരയൂഥത്തിലെ ഭീമൻമ്മാരെ സന്ദർശിക്കുന്ന Grand Tour എന്ന പദ്ധതിക്ക് തുടക്കമായി .

രണ്ടു പേടകങ്ങള്‍ … രണ്ടു വഴികള്‍

ആദ്യം നാല് വാഹനങ്ങള്‍ എന്നായിരുന്നു തീരുമാനം എങ്കിലും അതി ഭീമമായ ചിലവ് കുറയ്ക്കുവാന്‍ അവസാനം രണ്ടു പേടകങ്ങള്‍ ഗ്രാന്‍ഡ്‌ ടൂറിനായി തയ്യാറാക്കാന്‍ തീരുമാനിച്ചു . രണ്ടു വഴികളില്‍ കൂടി രണ്ടു വാഹങ്ങളെ ഈ ദൗത്യത്തിനായി വിടാന്‍ പല കാരണങ്ങള്‍ ഉണ്ട് . പ്രധാനമായും 1977 ലെ “പ്രത്യേക സാഹചര്യം ” കഴിയുന്നത്ര മുതലാക്കണം . ഇതില്‍ ഏതെങ്കിലും ഒന്നിന്‍റെ വിക്ഷേപണം പരാജയപ്പെട്ടാല്‍ മറ്റേ വാഹനത്തെ റൂട്ട് മാറ്റി ഉപയോഗപ്പെടുത്തുകയും ആവാം . അങ്ങിനെ വോയേജര്‍ ഒന്നും വോയേജര്‍ രണ്ടും ഗ്രാന്‍ഡ്‌ ടൂറിനായി നിര്‍മ്മിച്ചു . ശനി ഗ്രഹവും വ്യാഴവും ആയിരുന്നു വോയേജര്‍ രണ്ടിന്‍റെ ലക്ഷ്യം . ( ഈ രണ്ടു ഗ്രഹങ്ങളേയും ഗ്യാസ് ജയന്റ്സ് ( വാതക ഭീമന്മ്മാര്‍ ) എന്നാണ് വിളിക്കുന്നത്‌ ). വോയേജര്‍ ഒന്ന് ആകട്ടെ വ്യാഴവും ശനിയും പിന്നെ ശനിയുടെ ഏറ്റവും വലിയ ഉപഗ്രമായ ടൈറ്റനും സന്ദര്‍ശിക്കും . ശരിക്കും വോയേജര്‍ രണ്ട് , വോയേജര്‍ ഒന്നിന്‍റെ ബാക്ക് അപ് ആയിരുന്നു . ശനിയും വ്യാഴവും സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ വോയേജര്‍ രണ്ടിനു പോകാന്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത് . ഒന്ന് , വോയേജര്‍ ഒന്ന് പരാജയപ്പെട്ടാല്‍ ടൈറ്റന്‍ സന്ദര്‍ശിക്കുവാനായി പോകുക . അന്തരീക്ഷവും പിന്നെ ജലവും ഉണ്ടെന്ന് സംശയിക്കപ്പെടുന്ന ടൈറ്റന്‍ തന്നെയായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം . വോയേജര്‍ ഒന്നിന് ടൈറ്റന്‍ വരെ എത്താന്‍ കഴിഞ്ഞാല്‍ വോയേജര്‍ രണ്ടു നേരെ യൂറാനസും നെപ്ട്യൂണും സന്ദര്‍ശിക്കുവാന്‍ യാത്രയാകും .

നിര്‍മ്മാണം

അടുത്ത വെല്ലുവിളി വോയേജര്‍ പേടകങ്ങളുടെ നിര്‍മ്മാണം ആയിരുന്നു . ഇത്രയം കാലം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി തന്നെ ആയിരുന്നു പ്രധാന കടമ്പ . പ്ലൂട്ടോണിയം 238 ഐസോട്ടോപ്പിനാല്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനറേറ്റര്‍ ആണ് ഇതിനായി തയ്യാറാക്കിയത് . 87.7 വര്‍ഷങ്ങള്‍ കൊണ്ട് പ്ലൂട്ടോണിയം 238 ന്‍റെ പകുതി ഭാഗവും വിഘടിച്ച് യുറേനിയം 234 ആയി മാറും . മറ്റ് ഐസോട്ടോപ്പുകളെ അപേക്ഷിച്ച് മാരകമായ വികിരണങ്ങള്‍ പ്ലൂട്ടോണിയം 238 പുറപ്പെടുവിക്കില്ല എന്നതാണ് ഇതിനെ ഇക്കാര്യത്തിന് ഉപയോഗിക്കാന്‍ പര്യാപ്തമാക്കിയത് . ഇത് വിഘടിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന താപം ഉപയോഗിച്ചാണ് വോയെജറില്‍ വൈദ്യുതി നിര്‍മ്മിക്കുന്നത് ( By using Seebeck effect) . ചലിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്യാത്ത ഈ ജനറേറ്റര്‍ 470W വൈദ്യുതി വോയെജറില്‍ നിര്‍മ്മിക്കും . കാലം കഴിയും തോറും പ്ലൂട്ടോണിയം വിഘടിച്ച് ഇല്ലാതാകുന്നതിനോടൊപ്പം വൈദ്യുതിയുടെ ശക്തിയും കുറയും . ഇപ്പോഴത്തെ കണക്കനുസരിച്ച് വോയേജര്‍ വാഹനങ്ങളിലെ വൈദ്യുതി 2025 ഓടെ പൂര്‍ണ്ണമായും നിലയ്ക്കും ! ഇത് കൂടാതെ വാര്‍ത്താവിനിമയത്തിനായി 3.7 മീറ്റര്‍ വ്യാസമുള്ള ഒരു ഡിഷ്‌ ആന്റീനയും ഇരു വാഹനങ്ങളിലും സ്ഥാപിച്ചിട്ടുണ്ട് . പേടകത്തെ ശരിയായ ദിശയില്‍ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള ജൈറോസ്കൊപ്പുകളും , ആന്റീന എപ്പോഴും ഭൂമിക്ക് നേരെ നിവര്‍ത്തി പിടിക്കുവാനുള്ള റെഫറന്‍സ് ഉപകരണങ്ങളും ഇവയില്‍ സജ്ജമാണ് . ഭൂമിയുമായി നേരിട്ടുള്ള ആശയ വിനിമയം സാധ്യമല്ലാത്ത ചില സമയങ്ങളിലെ ഡേറ്റ സൂക്ഷിച്ചു വെക്കാന്‍ 64 കിലോ ബൈറ്റ് സംഭരണ ശേഷിയുള്ള ( വര്‍ഷം 1977 ആണെന്ന് ഓര്‍ക്കുക ) ഒരു റെക്കോര്‍ഡറും ഇരു വാഹനങ്ങളിലും ഉണ്ട് . ഇതിനെല്ലാം പുറമേ പതിനൊന്നോളം നിരീക്ഷണ -പരീക്ഷണ ഉപകരണങ്ങളും ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ട് . ഒരു കിലോമീറ്റര്‍ അകലെ നിന്നും ന്യൂസ് പേപ്പറിലെ അക്ഷരങ്ങള്‍ വ്യക്തമായി വായിക്കാന്‍ തക്ക ശേഷിയുള്ള നാരോ ആംഗിള്‍ ക്യാമെറയും പിന്നെ ഒരു വൈഡ് ആംഗിള്‍ ക്യാമെറയും വോയെജറില്‍ സദാ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട് . വാഹനത്തെ ശരിയായ പാതയില്‍ നിര്‍ത്തുവാനും പാതയില്‍ നിന്നും പുറത്തു ചാടിക്കുവാനും ഉള്ള ത്രസ്ടറുകള്‍ ഇരു വാഹങ്ങളിലും ഉണ്ട് .

Advertisements
വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 3

സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഓരോ കോപ്പര്‍ ഗ്രാമഫോണ്‍ ഡിസ്ക്കുകള്‍ ഇരു വാഹനങ്ങളിലും പ്രത്യേകം വെച്ചിട്ടുണ്ട് . ഇതില്‍ 116 ഫോട്ടോകളും പിന്നെ കുറെ ഓഡിയോകളും ആണ് ഉള്ളത് . എന്നെങ്കിലും ഒരിക്കല്‍ ഒരു അന്യഗ്രഹ വാസി ഏതെങ്കിലും ഒരു വോയേജര്‍ വാഹനം കണ്ടാല്‍ നമ്മുടെ ഭൂമിയെപ്പറ്റിയും മനുഷ്യ വര്‍ഗ്ഗത്തെ പറ്റിയും ഒരു ഏകദേശ രൂപം അവര്‍ക്ക് ഈ ഡിസ്കില്‍ നിന്നും ലഭിക്കും . പക്ഷെ ഈ ഡിസ്ക് പ്ലേ ചെയ്തു കാര്യങ്ങള്‍ മനസ്സില്‍ ആക്കണമെങ്കില്‍ അവര്‍ നമ്മെക്കാളും ടെക്നോളജിയില്‍ വളരെയധികം മുന്‍പില്‍ ആയിരിക്കണം എന്ന് മാത്രം ! എന്നാല്‍ ഇതൊരു അപകടമായി കരുതുന്ന ശാസ്ത്രഞ്ജരും ഉണ്ട് . അറിയാത്തവര്‍ക്ക് വെറുതെ ഇങ്ങോട്ടുള്ള വഴി കാണിച്ചു കൊടുക്കണോ എന്നാണ് അവരുടെ ചോദ്യം !

ഇത്രയൊക്കെ സജ്ജമാക്കി വന്നപ്പോള്‍ വോയെജറുകള്‍ക്ക് ഓരോന്നിനും ഭാരം 721.9 kg ആയിരുന്നു . അങ്ങിനെ ഇവയെ വിക്ഷേപിക്കാനുള്ള തീരുമാനം എടുത്തു . പതിനഞ്ചു നില കെട്ടിടത്തിന്‍റെ ഉയരമുള്ള Titan-Centaur റോക്കറ്റ് ആയിരുന്നു ആ ദൗത്യം ഏറ്റെടുത്തത് .

പക്ഷെ നാം വിചാരിക്കും പോലെ വോയേജര്‍ ഒന്ന് അല്ല ആദ്യം തൊടുത്തു വിട്ടത് മറിച്ച് , വോയേജര്‍ രണ്ട് ആണ് !

ആദ്യം വിക്ഷേപിച്ച പേടകത്തിനല്ലേ വോയേജര്‍ ഒന്ന് എന്ന് പേര് നല്‍കേണ്ടത് എന്ന് നാം സംശയിച്ചേക്കാം . 1977 ഓഗസ്റ്റ് ഇരുപതിനാണ് കേപ് കാനവറില്‍ നിന്നും വോയേജര്‍ രണ്ടു വിക്ഷേപിക്കുന്നത് . പതിനാറ് ദിവസങ്ങള്‍ കഴിഞ്ഞാണ് അതേ സ്ഥലത്ത് നിന്നും വോയേജര്‍ ഒന്ന് വിക്ഷേപിക്കുന്നത് . രണ്ടു വാഹനങ്ങളും രണ്ടു പാതകള്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് മുന്‍പ് പറഞ്ഞിരുന്നുവല്ലോ . ഇരുവരും ശനിയും വ്യാഴവും സന്ദര്‍ശിക്കുകയും ചെയ്യും . പക്ഷെ വോയേജര്‍ രണ്ടിന്‍റെ പാത വോയേജര്‍ ഒന്നിന്‍റെ പാതയെക്കാള്‍ ദൈഘ്യം കൂടിയത് ആയിരുന്നു . യൂറാനസും നെപ്ട്യൂണും കൂടി സന്ദര്‍ശിക്കെണ്ടതുള്ളത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തത് . ഇരു ഗ്രഹങ്ങളുടെയും അരികില്‍ വോയേജര്‍ ഒന്നാണ് ( രണ്ടാമത് വിക്ഷേപിച്ചത് ആണെങ്കിലും പാത ചെറുതാകയാല്‍ ) ആദ്യം എത്തുക എന്ന് നാസയ്ക്ക് അറിയാമായിരുന്നു . അതുകൊണ്ടാണ് ആദ്യം എത്തുന്ന പേടകത്തിന്‌ വോയേജര്‍ ഒന്ന് എന്ന് നാമകരണം ചെയ്തത് . ഭൌമോപരിതലത്തില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ആണ് നാം ബഹിരാകാശം എന്ന് വിളിക്കുന്ന അനന്ത വിശാലമായ “ശൂന്യത ” ആരംഭിക്കുന്നത് . നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയുന്ന വസ്തുക്കള്‍ ഇല്ലാത്ത സ്ഥലത്തെ ആണല്ലോ പൊതുവേ ശൂന്യത എന്ന് പറയാറ് . വീണ്ടും ഉയരത്തിലേക്ക് മൂന്നൂറ്റി അറുപത് കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ International Space Station ദ്രിശ്യമാകും ! അറുന്നൂറു കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ അനന്ത വിശാലതയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ഹബിള്‍സ് ടെലിസ്കോപ്പ് നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും . വീണ്ടും ഉയരത്തില്‍ ഇരുപതിനായിരം കിലോമീറ്ററുകള്‍ അകലെ , നമ്മുടെ കയ്യില്‍ ഇരിക്കുന്ന മൊബൈലിലെ ഗൂഗിള്‍ മാപ്പിന് ദിശ പറഞ്ഞു കൊടുക്കുന്ന GPS ഉപഗ്രഹങ്ങള്‍ കറങ്ങി നടക്കുന്ന ” പ്രദേശം” കാണാം. പിന്നെയും ഉയരത്തില്‍ മുപ്പത്താറായിരം കിലോമീറ്ററുകള്‍ക്ക് മീതെ നമ്മുടെ ഇന്‍സാറ്റ് പോലുള്ള ഭൂസ്ഥിര- വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ പാറിക്കളിക്കുന്നത് കാണാം ! ഇപ്പറഞ്ഞ പലതും ശൂന്യാകാശത്ത് എത്തുന്നതിനു വളരെ മുന്‍പാണ് രണ്ടു വോയേജര്‍ പേടകങ്ങളും ഈകണ്ട കിലോമീറ്ററുകള്‍ ഒക്കെ താണ്ടി തങ്ങളുടെ പ്രയാണം ആരംഭിച്ചത് . ഇരു പേടകങ്ങളും ഒരുമിച്ചാണ് ച്ഹിന്ന ഗ്രഹങ്ങളുടെ വിഹാര കേന്ദ്രമായ asteroid belt ല്‍ പ്രവേശിച്ചത്‌ (Dec 10, 1977). കൃത്യം ഒന്‍പതു ദിവസങ്ങള്‍ കഴിഞ്ഞ് വോയേജര്‍ ഒന്ന് വോയേജര്‍ രണ്ടിനെ കടന്ന് മുന്നിലെത്തി ശരിക്കും വോയേജര്‍ ഒന്നാമന്‍ ആയി ! അടുത്ത വര്ഷം 1978 സെപ്തംബര്‍ എട്ടിന് വോയേജര്‍ ഒന്ന് പരുക്കുകള്‍ ഒന്നും കൂടാതെ ആസ്റ്ററോയിഡ് ബെല്‍റ്റ്‌ കടന്ന് പുറത്ത് ചാടി . ഒക്ടോബര്‍ 21 നു രണ്ടാം പേടകവും പിറകെ എത്തി . ഇതേ സമയം 1972 ല്‍ വിക്ഷേപിച്ച പയനിയര്‍ 10 എന്ന പേടകം ശനി ഗ്രഹതിന്‍റെ പാതക്കരികെ ഉണ്ടായിരുന്നു !

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 4

കത്തുന്ന നരകം!

രണ്ടു വോയെജറുകളും പിന്നീട് ഗ്രഹങ്ങളുടെ രാജാവായ വ്യാഴത്തെ വലം വെക്കുവാന്‍ ആരംഭിച്ചു .1979 ല്‍ വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയുടെ ചിത്രങ്ങള്‍ വോയെജെറുകളുടെ ക്യാമെറാ കണ്ണുകള്‍ ഒപ്പിയെടുത്തു .

പടുകൂറ്റന്‍ അഗ്നിപര്‍വ്വതങ്ങളാല്‍ തിളച്ചു മറിഞ്ഞ് പ്രക്ഷുബ്ധമായ കത്തുന്ന ഒരു നരക ലോകമാണ് ഇയോ ! ഭൂമിക്ക് വെളിയില്‍ ഒരു സജീവ അഗ്ന്നിപര്‍വ്വതം കണ്ടെത്തുന്നത് അന്ന് ആദ്യമായിരുന്നു!

അഞ്ഞൂറ് കിലോമീറ്ററുകള്‍ ഉയരത്തില്‍ വരെ സള്‍ഫര്‍ പൊടിപടലങ്ങള്‍ ചീറ്റിയെറിയുന്ന ഭീമാകാരങ്ങളായ അഗ്നിപർവ്വതങ്ങളുടെ ദൃശ്യങ്ങൾ ഇരു സഹോദര വാഹനങ്ങളും മാറി മാറി എടുത്തു . പെലെ എന്നാണ് ഈ ഭീമന്‍ വോൾക്കാനോ ഇപ്പോള്‍ അറിയപ്പെടുന്നത് . പെലെയുടെ പൊടി വീഴുന്ന ഭാഗത്തിനു ഫ്രാന്‍സിന്‍റെ അത്രയും വലിപ്പം ഉണ്ടായിരുന്നു ! വോയേജര്‍ ഒന്ന് 1979 മാര്‍ച്ച് അഞ്ചാം തീയതി ഇയോയുടെ 20,600 km അടുക്കല്‍ വരെ എത്തിയിരുന്നു . ( ഇയോ , നമ്മുടെ ചന്ദ്രനേക്കാള്‍ അല്‍പ്പം കൂടി വലുതാണ്‌ ).

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 5

67 ഉപഗ്രഹങ്ങളുടെ അകമ്പടിയോടെ സൂര്യനെ ചുറ്റുന്ന ഭീമാകാരനായ വ്യാഴംഗ്രഹവും അവന്‍റെ പ്രജകളും വോയേജര്‍ പേടകങ്ങള്‍ക്ക് അവര്‍ണ്ണനീയമായ ദ്രിശ്യങ്ങളുടെ ചാകര തന്നെ ആയിരുന്നു . വ്യാഴത്തിന്‍റെ മൂന്നാമത്തെ ഉപഗ്രഹമായ അമാല്‍തിയായുടെ അടുത്ത് എത്തിയപ്പോള്‍ വ്യാഴത്തെ സംബന്ധിച്ച രസകരമായ പല കാര്യങ്ങളുടെയും ചുരുള്‍ നിവര്‍ന്നു ! പ്രത്യേകിച്ച് ഒരു ആകൃതിയും ഇല്ലാത്ത ഒരു ചുവന്ന ഉപഗ്രഹമാണ്‌ Amalthea.

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 6

എപ്പോഴും പൊട്ടി തെറിച്ചുകൊണ്ടിരിക്കുന്ന ഉപരിതലം . ഇതുമൂലം കനത്ത പൊടിയാണ് അമാല്‍തിയായുടെ ഉപരിതലത്തില്‍ നിന്നും ആകാശത്തിലേക്ക് ഉയരുന്നത് . പക്ഷെ പാവം അമാല്‍തിയായ്ക്ക് ഈ ഉയരുന്ന പൊടിപടലങ്ങളെ പോലും പിടിച്ചു നിര്‍ത്താനുള്ള ഗുരുത്വാകര്‍ഷണം ഇല്ല . ഇത് പോരാഞ്ഞിട്ട് ചേട്ടന്‍ വ്യാഴത്തിന്‍റെ വക ഒടുക്കത്തെ വലിയും ! (Tidal Force) . എന്തിനധികം പറയുന്നു, പറക്കുന്ന പൊടി മുഴുവനും അമാല്‍തിയായുടെ ആകാശം വിട്ട് വീണ്ടും മുകളിലേക്ക് പോകുകയാണ് ! എന്നിട്ടോ ചെന്ന്ഭീമന്‍ വ്യാഴത്തിന് ചുറ്റും കിടന്ന് കറക്കവും ! വോയേജര്‍ ഒന്നിന്‍റെ ക്യാമെറ കണ്ണുകള്‍ അപ്പോഴാണ്‌ ആ കാര്യം ശ്രദ്ധിച്ചത് . ഈ പൊടി മുഴുവനും ചേര്‍ന്ന് വ്യാഴ ഗ്രഹത്തിന് ചുറ്റും ഒരു വളയം തീര്‍ത്തിരിക്കുന്നു !

അതെ , ശനിക്ക്‌ മാത്രമല്ല വ്യാഴത്തിന് ചുറ്റും റിംഗുകള്‍ ഉണ്ടെന്ന് അപ്പോഴാണ് നാം മനസ്സില്‍ ആക്കുന്നത് ! പല അടുക്കുകള്‍ ഉള്ള , വ്യാഴത്തിന്‍റെ ഈ റിംഗുകള്‍ എല്ലാം തന്നെ, തന്നെ ചുറ്റി വലം വെക്കുന്ന പാവം ഉപഗ്രഹങ്ങളുടെ പൊടി മുഴുവനും ഊറ്റിക്കുടിച്ച് ഉണ്ടാക്കിയെടുത്തതാണ് ! ഉപഗ്രഹങ്ങളുടെ പ്രതലം കൂടുതല്‍ കട്ടിയാകുന്നതോടെ ഈ പൊടി പറക്കല്‍ കുറയും എന്നാണ് കരുതപ്പെടുന്നത് .

അടുത്തതായി വോയെജറുകളുടെ കണ്ണില്‍ പെട്ടത് നയന മനോഹരമായ ഒരു കാഴ്ച്ച ആയിരുന്നു ! ചന്ദ്രനേക്കാള്‍ ഒരല്‍പം ചെറുതായ , ഒരു സുന്ദരന്‍ ഉപഗ്രഹം ! യൂറോപ്പ ! അഗ്നി പര്‍വ്വതങ്ങളും , ഉല്‍ക്കകളും ഉഴുതു മറിച്ചിട്ട , കുന്നും കുഴിയുമുള്ള മറ്റു ഗ്രഹങ്ങളുടെ ഉപരിതലങ്ങളെക്കാള്‍ മിനുസമേറിയതും സുന്ദരവും ആയിരുന്നു യൂറോപ്പായുടെ മുഖം . ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത് നമ്മുക്ക് ആകാംക്ഷ ഉണ്ടാക്കുന്ന ഒരു കാര്യമാണ് . എന്താണെന്നോ ഇത്ര മിനുസമായി യൂറോപ്പായുടെ ഉപരിതലത്തില്‍ കിടക്കുന്നത് കല്ലും മണ്ണും അല്ല , മറിച്ച് ജലവും ഐസും ആണ് ! ഭൂമിക്ക് പുറമേ എവിടെ ജലം കണ്ടാലും അതൊരു മഹാത്ഭുതമാണ് . കാരണം ജലമാണ് ജീവന്റെ ഈറ്റില്ലം ! മനുഷ്യ കുലത്തെയാകെ മോഹിപ്പിച്ച് , യൂറോപ്പായുടെ കുറേ സുന്ദരന്‍ ഫോട്ടോകള്‍ എടുത്തിട്ടാണ് വോയേജര്‍ സഹോദരന്മ്മാര്‍ അടുത്ത ലക്ഷ്യത്തിലേക്ക് യാത്രയായത് .

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 7

സൌരയൂഥത്തിലെ ഏറ്റവും വലുതും ഭാരം കൂടിയതുമായ ഉപഗ്രഹം ഗണിമീഡ് ആയിരുന്നു അടുത്തത് . ശാന്തനായ ഗണിമീഡിന്‍റെ അനേകം ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ച വോയേജര്‍ വാഹനങ്ങള്‍ ഇതിനോടകം സൌരയൂഥത്തിലെ രാക്ഷസനായ വ്യാഴത്തെ നന്നായി തന്നെ പഠിച്ചിരുന്നു .

വ്യാഴവും അതിന്‍റെ ചുറ്റുമുള്ള ഉപഗ്രഹങ്ങളും തീര്‍ക്കുന്ന ബഹിരാകാശ ആവാസവ്യവസ്ഥ ഭാവിയില്‍ മനുഷ്യന് ഒരു താല്‍ക്കാലിക താവളം ഇവിടെ തീര്‍ക്കാന്‍ ഉതകുന്നതാണെന്ന് നാസ കരുതുന്നു . ഈ ഭാഗത്ത്‌ എവിടെയങ്കിലും ഒരു ബെയ്സ് സ്റേഷന്‍ ഭാവിയില്‍ നിര്‍മ്മിക്കണമെന്നും ഗ്രാവിറ്റിയുടെ സഹായത്താല്‍ പേടകങ്ങളെ കറക്കി വിടുന്ന ജോലി ആ നിലയത്തില്‍ നിന്നുകൊണ്ട് നിയന്ത്രിക്കാം എന്നും ആണ് കണക്കു കൂട്ടുന്നത്‌ .

ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വ്യാഴത്തിന്‍റെ ഒരു പ്രജയും സൌരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹവും ആയ Callisto ആണ് ! റോക്കറ്റുകള്‍ക്ക് വേണ്ടുന്ന ഇന്ധനത്തിന്റെ ലഭ്യത , അഗ്നിപര്‍വ്വതങ്ങളുടെ സാധ്യത കുറവ് , കുറഞ്ഞ റേഡിയെഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ് 2040 ശേഷം മനുഷ്യരെ തന്നെ കലിസ്ടോയിലേക്ക് പറഞ്ഞു വിടാന്‍ നാസയെ പ്രേരിപ്പിക്കുന്നത് . !

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 8

വ്യാഴത്തെ ചുറ്റി കറങ്ങുമ്പോള്‍ വോയേജര്‍ പേടകങ്ങളുടെ കണ്ണില്‍ പെട്ട പ്രധാന വസ്തു വ്യാഴന്റെ തിരുമുഖത്തെ ഒരു സിന്ദൂര പൊട്ട് ആണ് . ഭൂമിയുടെ നാല് ഇരട്ടി വലിപ്പമുള്ള ആ ചുവന്ന പാട് പതിനേഴാം നൂറ്റാണ്ടു മുതലാണ്‌ മനുഷ്യന്റെ ശ്രദ്ധയില്‍ പെട്ടത് . ഈ ചുവന്ന പാടിന്റെ കുറച്ചു നല്ല ഫോട്ടോകള്‍ ഭൂമിയില്‍ എത്തിയപ്പോള്‍ നമ്മുക്ക് ഒരു കാര്യം മനസ്സില്‍ ആയി , അത് ഒരു അനങ്ങുന്ന ജീവനുള്ള പൊട്ടാണ് എന്ന് ! മണിക്കൂറില്‍ നാനൂറു മൈല്‍ വേഗതയില്‍ ചുറ്റികറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പടുകൂറ്റന്‍ ചുഴലിക്കാറ്റായിരുന്നു അത് . ഇത്തരം ഒരു കാറ്റ് മുന്നൂറു നാനൂറു കൊല്ലങ്ങളോളം വീശിക്കൊണ്ടിരിക്കും എന്നതാണ് വ്യാഴത്തിലെ മറ്റൊരത്ഭുതം ! വ്യാഴന്റെ അന്തരീക്ഷത്തിലെ മുക്കാല്‍ഭാഗവും ഹൈഡ്രജന്‍ ആണ് ബാക്കി ഹീലിയവും .

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 9

1979 ഏപ്രില്‍ മാസത്തില്‍ വോയേജര്‍ ഒന്ന് വ്യാഴത്തെ ചുറ്റിപറ്റിയുള്ള തന്‍റെ കളികള്‍ എല്ലാം അവസാനിപ്പിച്ചു . അതേ വര്‍ഷം ആഗസ്റ്റില്‍ വോയേജര്‍ രണ്ടും വ്യാഴത്തോട്‌ വിട പറഞ്ഞു . ഇതേ സമയം പയനിയര്‍ പത്ത് എന്ന പേടകം യൂറാനസ് കഴിഞ്ഞും മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയായിരുന്നു ! വ്യാഴത്തോട്‌ വിട പറഞ്ഞ് അസാമാന്യ വേഗത കൈവരിച്ച വോയേജര്‍ ഒന്ന് പേടകം 1980 ആഗസ്റ്റില്‍ ശനിയുടെ സാമ്രാജ്യത്തിലേക്ക് പ്രവേശിച്ചു . അവിടെയാണ് ജലവും അന്തരീക്ഷവും ഒക്കെയുള്ള സൌരയൂഥത്തിലെ രണ്ടാം ഭൂമിയെന്ന് വിശേഷിപ്പിക്കുന്ന , മനോഹരമായ ടൈറ്റന്‍ എന്ന ഉപഗ്രഹം സ്ഥിതി ചെയ്യുന്നത് !

അന്യഗ്രഹജീവികൾക്കായി ഒരു സംഗീതവിരുന്ന് !

ഉക്രേനിയൻ സ്പേസ് ഏജൻസിയുടെ കീഴിൽ ക്രിമിയയിൽ ഉള്ള സെന്റർ ഫോർ ഡീപ് സ്പേസ് കമ്യൂണിക്കേഷൻ ആണ് ഇതിനായി മുൻകൈ എടുത്തത് 

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 10

അങ്ങിനെ 1980 ആഗസ്റ്റില്‍ വോയേജര്‍ ഒന്നിന്‍റെ ശനി ഗ്രഹത്തിലെ ടൂര്‍ ആരംഭിച്ചു . ഇതേ സമയം യൂറാനസിന്റെ ഭ്രമണപഥത്തില്‍ എത്തിയിരുന്ന പയനിയര്‍ പത്ത് എന്ന പേടകമായിരുന്നു പ്രപഞ്ചത്തില്‍ ഏറ്റവും അകലെയുണ്ടായിരുന്നു മനുഷ്യ നിര്‍മ്മിത വസ്തു ! വോയേജര്‍ ഒന്നിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്ന ടൈറ്റന്‍ തന്നെ ആയിരുന്നു ആദ്യ ഉന്നം . 6,490 km അടുത്ത് വരെ ചെന്നാണ് വോയേജര്‍ ടൈറ്റനെ നിരീക്ഷിച്ചത് . വോയേജര്‍ രണ്ട് അതേ സമയം മറ്റു ഉപഗ്രഹങ്ങളില്‍ നിരീക്ഷണം നടത്തുകയായിരുന്നു . മറ്റു പല ഉപഗ്രഹങ്ങളിലും അന്തരീക്ഷം നാമ മാത്രമായി ആണ് ഉണ്ടായിരുന്നതെങ്കില്‍ ടൈറ്റന്‍ പക്ഷെ വളരെ വ്യത്യസ്തനായിരുന്നു. സൌരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹമായ ടൈറ്റന് അത്യാവശ്യം കട്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നു . പ്രകാശത്തിന്റെ തരംഗ സ്വഭാവം കണ്ടെത്തിയ ക്രിസ്റ്റ്യന്‍ ഹൈജന്‍സ്‌ തന്നെയാണ് 1655 ല്‍ ടൈറ്റനെ ലോകത്തിനു പരിചയപ്പെടുത്തിയത് . വോയേജര്‍ ഒന്ന് പേടകം വ്യാഴത്തിന്‍റെ ഉപഗ്രഹമായ ഗണിമീഡിന്‍റെ അരികില്‍ എത്തുന്നത്‌ വരെയും ഏറ്റവും വലിയ ഉപഗ്രഹം എന്ന പദവി അലങ്കരിച്ചിരുന്നത് ടൈറ്റന്‍ ആയിരുന്നു . കട്ടിയുള്ള അന്തരീക്ഷം ഈ ഉപഗ്രഹത്തിന്‍റെ ഉള്ളിലെ ക്ലിയര്‍ ഫോട്ടോകള്‍ എടുക്കുന്നതിനും മറ്റു പഠനങ്ങള്‍ക്കും അസാധ്യമാക്കി തീര്‍ത്തു . ജലവും ഐസും പാറകളും നിറഞ്ഞതാണ്‌ ടൈറ്റന്റെ ഉപരിതലം . ഭൂമിയെക്കാള്‍ സാന്ദ്രത കൂടിയ ടൈറ്റന്റെ അന്തരീക്ഷത്തില്‍ ധാരാളം നൈട്രജന്‍ ഉണ്ട് .

മറ്റൊരു പ്രത്യേകത ഈ ഉപഗ്രഹത്തിന്‍റെ ഉപരിതലം കറങ്ങുന്നതിനേക്കാള്‍ വേഗതയില്‍ ആണ് അന്തരീക്ഷം കറങ്ങുന്നത് എന്നതാണ് . ശുക്രനാണ് ഈ പ്രത്യേകതയുള്ള മറ്റൊരു ഗ്രഹം .

ശനിയുടെ മറ്റൊരു ഉപഗ്രഹമായ Tethys നെ അടുത്ത് ചെന്ന് പഠിച്ചത് വോയേജര്‍ രണ്ട് ആണ് . പൂര്‍ണ്ണമായും ഐസ് കൊണ്ട് മൂടിയ ഈ ഉപഗ്രഹം ആണ് വോയേജര്‍ സഹോദര്ന്മ്മാര്‍ക്ക് ഫോട്ടോ എടുക്കാന്‍ പാകത്തില്‍ ഏറ്റവും കൂടുതല്‍ തവണ പല പോസുകളില്‍ നിന്നു കൊടുത്തത് . വെറും 396 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള , ശനിയുടെ ഉപഗ്രഹമായ Mimas ആയിരുന്നു മറ്റൊരു കൌതുകകരമായ കാഴ്ച്ച . ശൂന്യാകാശത്ത് നാം കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും മറ്റു വസ്തുക്കളിലും വെച്ച് , ഗോളാകൃതിയില്‍ ഉള്ള ഏറ്റവും ചെറിയ വസ്തു ആണ് മിമാസ് ! 130 കിലോമീറ്റര്‍ വീതിയുള്ള Herschel എന്ന പടുകൂറ്റന്‍ കുഴി മിമാസിന്‍റെ മുഖം ആകെ വികൃതമാക്കിയിരിക്കുകയാണ് ! ശനിക്ക്‌ ചുറ്റുമുള്ള വളയങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ ഐസ് പൊടികള്‍ സപ്ലൈ ചെയ്യുന്ന എന്‍സിലേഡസ് എന്ന തണുത്ത കുഞ്ഞന്‍ ഉപഗ്രഹമായിരുന്നു വോയെജറിന്റെ അടുത്ത ഇര . എന്‍സിലേഡസിന്‍റെ ഉപരിതലത്തില്‍ നിന്നും പാറിപ്പറന്നു ഉയരുന്ന ഐസ് തരികള്‍ ശനി , അയല്‍ക്കാരനായ വ്യാഴം ചെയ്യുന്നത് പോലെ തന്നെ വലിച്ചെടുക്കുകയും അത് പിന്നീട് ശനിക്ക്‌ ചുറ്റുമുള്ള അനേകം റിംഗ് കളില്‍ ഒന്നായി മാറുകയും ചെയ്യുന്നു.

മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌താൽ പോസ്റ്റുകൾ ഓഫ്‌ലൈനിലും വായിക്കാം !

ഇരുമ്പും നിക്കലും കൂടിയ അകകാമ്പ് , അതിന് പുറമേ മെറ്റാലിക് ഹൈഡ്രജന്‍ ( കനത്ത സമ്മര്‍ദത്തില്‍ മാത്രം ഉണ്ടാകുന്ന ഒരു അവസ്ഥ ), പിന്നെ ദ്രാവക രൂപത്തില്‍ ഉള്ള ഹൈഡ്രജനും ഹീലിയവും , ഏറ്റവും പുറമേ അനേകായിരം കിലോമീറ്ററുകള്‍ ഘനത്തില്‍ വാതക ആവരണം ! …. അവിടെ ആയിരം മൈലുകള്‍ വേഗതയില്‍ വീശിയടിക്കുന്ന അനേകം ചുഴലിക്കാറ്റുകള്‍ ! .. ഭീതിജനകമായ ഈ ലോകമാണ് വോയെജറുകള്‍ കണ്ട ശനി ! അറുപത്തി രണ്ട് ഉപഗ്രഹങ്ങളുടെ അകമ്പടിയോടെ ( ഇതില്‍ അന്‍പത്തി മൂന്ന് എന്നതിന് മാത്രമേ പേര് നല്‍കിയിട്ടുള്ളൂ ) സൂര്യനെ ചുറ്റുന്ന ഈ വാതക ഭീമന് ചുറ്റും പേരിടാത്ത നൂറുകണക്കിന് കുഞ്ഞ് ചന്ദ്രന്മ്മാരും (moonlets) കിടന്ന് വട്ടം തിരിയുന്നുണ്ട്‌ . വോയേജര്‍ കണ്ടു പിടിച്ച വിചിത്രമായ ഒരു കാര്യം ഉള്ളത് ശനിയുടെ ഉത്തര ധ്രുവത്തില്‍ ആണ് . അവിടെ ഹെക്സഗണ്‍ ( ആറു വശങ്ങള്‍ ഉള്ള ഒരു ജാമ്യതീയ നിര്‍മ്മിതി ) ആകൃതിയില്‍ ഉള്ള ഒരു അടയാളം ആണ് . അത് ഐസ് മൂടിയ ധ്രുവം തന്നെ ആണോ അതോ ആതേ ആകൃതിയില്‍ കിടന്ന് വട്ടം ചുറ്റുന്ന ഒരു പടുകൂറ്റന്‍ മേഘം ആണോ എന്ന കാര്യത്തില്‍ ഇന്ന് വരെയും തീര്‍പ്പ് ആയിട്ടില്ല . ഞെട്ടിപ്പിക്കുന്ന വസ്തുത , ഇതിന്‍റെ ആറു വശങ്ങളില്‍ ഒന്നിന് മാത്രം ഭൂമിയുടെ വ്യാസത്തെക്കാള്‍ ദൈര്‍ഘ്യം ഉണ്ടെന്നുള്ളതാണ് !!! ഇതേ സമയം ശനിയുടെ ദക്ഷിണ ധ്രുവത്തില്‍ വോയേജര്‍ കണ്ടെത് , മണിക്കൂറില്‍ 550 km വേഗതയില്‍ ആഞ്ഞടിക്കുന്ന , ഭൂമിയുടെ അത്രയം തന്നെ വലിപ്പം വരുന്ന ഒരു കൂറ്റന്‍ ചുഴലിക്കാറ്റിനെ ആണ് ! ശനിയുടെ ഉപരിതലത്തില്‍ നിന്നും ബഹിരാകാശത്തില്‍ 120,700 കിലോ മീറ്റര്‍ ദൂരത്തേക്ക് നീണ്ടു നിവര്‍ന്നു കാണപ്പെടുന്ന വളയങ്ങള്‍ ആണ് വോയേജര്‍ കണ്ട മറ്റൊരു വിസ്മയ കാഴ്ച്ച ! പല അടുക്കുകള്‍ ആയുള്ള ഈ വളയത്തിന്റെ ഉത്ഭവം പക്ഷെ ശാസ്ത്രഞ്ഞരെ കുഴപ്പിക്കുന്നതാണ് . റിങ്ങിന്റെ ചെറിയൊരു ഭാഗം ഉപഗ്രഹമായ എന്‍സിലേഡസിന്‍റെ ഉപരിതലത്തില്‍ നിന്നും പാറിപ്പറന്നു ഉയരുന്ന ഐസ് തരികള്‍ ആണെങ്കിലും ഭൂരി ഭാഗം വരുന്ന ബാക്കിയുടെ കഥ വേറെ ആണ് . പണ്ടെങ്ങോ ശനിയെ ചുറ്റികറങ്ങിയിരുന്ന ഒരു ഉപഗ്രഹം അത്ജാതമായ കാരണങ്ങളാല്‍ പൊട്ടി തെറിക്കുകയും അവയില്‍ നിന്നും ഉണ്ടായ പാറകളും പൊടികളും കൊണ്ടാണ് ഈ വളയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നും ആണ് ഒരു അനുമാനം . ഇതിനിടക്ക്‌ ശനിക്ക്‌ ചുറ്റും കറങ്ങി നടന്നു മുക്കും മൂലയും ഫോട്ടോകളെടുത്ത വോയേജര്‍ ഒന്നിന്‍റെ ക്യാമെറാ കണ്ണുകളില്‍ അന്ന് വരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലായിരുന്ന രണ്ടു മൂന്നു ഉപഗ്രഹങ്ങള്‍ കൂടി പതിഞ്ഞു ! പണ്ടോറയും , പ്രോമിത്യൂസും ! പിന്നെ അറ്റ്‌ ലസും . ഇതില്‍ പ്രൊമിത്യൂസ് , ശനിയുടെ വളയങ്ങളില്‍ കൂടി സഞ്ചരിച്ച് അവിടെയുള്ള പൊടിയും മറ്റും കുറേശെ “മോഷ്ടിക്കുന്ന ” വിരുതനാണ് ! ശനിയുടെ വേറെ രണ്ടു ഉപഗ്രഹങ്ങളായ ജാനുസിന്റെയും എപിമെത്യൂസിന്റെയും കഥ ഇതിലും വിചിത്രമാണ് . കാരണം മറ്റൊന്നുമല്ല , രണ്ടു പേരും ശനിയെ ചുറ്റാന്‍ ഉപയോഗിക്കുന്നത് ഒരേ ഭ്രമണപഥമാണ് !! തല്‍ക്കാലം ശനിയുടെ “അപഹാരം ‘ ഇവിടെ നില്‍ക്കട്ടെ .

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 11

1980 ഡിസംബര്‍ പതിനാലിന് വോയേജര്‍ ഒന്നിന്‍റെ ജീവിതത്തിന്‍റെ ഒന്നാം ഘട്ടം അവസാനിച്ചതായി നാസ അറിയിച്ചു . സത്യത്തില്‍ വോയേജര്‍ ഒന്ന് ശനിയുടെ ചുറ്റും കിടന്ന് കറങ്ങുമ്പോള്‍ , വോയേജര്‍ രണ്ട് അപ്പോഴും വ്യാഴത്തെ പഠിക്കുകയായിരുന്നു . ഇത്രയും നാള്‍ ഏകദേശം സമാന്തര വഴികളില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വോയേജര്‍ ബ്രതെഴ്സ് പിരിയാന്‍ നേരമായി . വോയേജര്‍ രണ്ട് വ്യാഴത്തിന് ശേഷം ശനിയുടെ അടുക്കല്‍ എത്തുകയും അതിന് ശേഷം യൂറാനസും നെപ്ട്യൂ ണും സന്ദര്‍ശിക്കുകയും ചെയ്യും . ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വോയേജര്‍ ഒന്നിനെ ശനിക്ക്‌ ചുറ്റും ഇട്ടു കറക്കി അസാമാന്യ വേഗത കൈവരിപ്പിച്ച് അനന്ത വിശാലമായ പ്രപഞ്ചത്തിന്റെ അന്തരാളങ്ങളിലേക്ക് ” എറിഞ്ഞു ‘ കൊടുക്കുവാന്‍ നാസ തീരുമാനിച്ചു . പ്ലൂട്ടോയുടെ ഭ്രമണപഥത്തിനപ്പുറതെക്കുള്ള ആ യാത്രയില്‍ സൌരയൂഥത്തി ന്‍റെ അതിര്‍ത്തികള്‍ വരെയും വോയേജര്‍ ഒന്ന് സഞ്ചരിക്കുമെന്നും അങ്ങിനെ എങ്കില്‍ ഇതുവരെ ഒരു മനുഷ്യ നിര്‍മ്മിത പേടകങ്ങളും കടന്നു ചെല്ലാത്ത ആ മേഖലയിലെ കുറച്ചു വിവരങ്ങള്‍ കൂടി വോയേജര്‍ ഒന്നിന് നല്‍കാനാവും എന്നും നാസ കണക്കു കൂട്ടി . (തല്‍ക്കാലം വോയേജര്‍ രണ്ടിന്‍റെ കഥ നാം ഇവിടെ അവസാനിപ്പിക്കുന്നു . അതും കൂടെ പറഞ്ഞാല്‍ ഒരു നാല് എപ്പിസോഡുകള്‍ കൂടി വേണ്ടി വരും എന്നതിനാലാണ് . സമയം പോലെ പിന്നീട് ഒരിക്കല്‍ അത് വിശദമായി തന്നെ എഴുതാം )

Deep Space Network

വോയെജറുകളും പയനിയര്‍ പേടകങ്ങളും തുടങ്ങി ഇനി വിക്ഷേപിക്കാന്‍ പോകുന്ന ബഹിരാകാശ പേടകങ്ങളും ഭൂമിയിലേയ്ക്ക് അയക്കുന്ന സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ വേണ്ടി ഭൂലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാസ ഒരുക്കിയിരിക്കുന്ന താവളങ്ങള്‍ ആണ് Deep Space Network. അനേകം ആന്റീനകളുടെയും വിവധ വാര്‍ത്താവിനിമയ ഉപകരങ്ങളുടെയും സഹായത്തോടു കൂടെയാണ് ഈ ശൃംഗല ഒരുക്കിയിരിക്കുന്നത് . അമേരിക്കയിലെ കാലിഫോര്‍ണിയയിലും , സ്പെയിനിലെ Madrid ലും ആസ്ത്രേല്യയിലെ Canberra യിലും ആണ് ഈ നെറ്റ് വര്‍ക്കിന്റെ ഇപ്പോഴത്തെ താവളങ്ങള്‍ . വോയേജര്‍ രണ്ട് നെപ്ട്യൂനില്‍ എത്തുകയും വോയേജര്‍ ഒന്ന് അനന്ത വിശാലതയിലേക്ക്‌ ഊളിയിടുകയും ചെയ്തതോടെ ശക്തിയേറിയ ആന്റീനകള്‍ സ്ഥാപിച്ച് ഈ നിലയങ്ങളുടെ സ്വീകരണ ശേഷി പതിന്മ്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുകയുണ്ടായി . ചന്ദ്രയാനും മംഗള്‍യാനും ബഹിരാകാശത്ത് എത്തിയതോടെ നമ്മുടെ ഭാരതവും ഒരു Deep Space Network ആരംഭിച്ചു . ബംഗ്ലൂരില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ മാത്രം അകലെയുള്ള Byalalu എന്ന ഗ്രാമത്തില്‍ ആണി ഇത് സ്ഥിതി ചെയ്യുന്നത്

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 12

Deep into the Space !

ശനിയുടെ ഭ്രമണപഥത്തില്‍ നിന്നും ചുഴറ്റിയെറിയപ്പെട്ട വോയേജര്‍ ഒന്ന് മണിക്കൂറില്‍ 61,000 കിലോമീറ്റര്‍ വേഗതയില്‍ ആണ് സൌരയൂഥത്തിന്‍റെ അതിര്‍ത്തി ലക്ഷ്യമാക്കി പാഞ്ഞത് . കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇല്ലാത്തതിനാലും വൈദ്യതി ലാഭിക്കാനുമായി വോയെജറിന്റെ ക്യാമറകള്‍ കണ്ണടച്ചു ! ഇതേ സമയം നെപ്ട്യൂണ്‍ ഗ്രഹത്തില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട വോയേജര്‍ രണ്ട് മറ്റൊരു ദിശയില്‍ പുറത്തേക്കുള്ള തന്‍റെ പ്രയാണം ആരംഭിച്ചിരുന്നു . എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് അനന്തതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന വോയേജര്‍ ഒന്നിനെ 1990 ഫെബ്രുവരി പതിനാലിന് നാസ വീണ്ടും ഒരിക്കല്‍ കൂടി വിളിച്ചുണര്‍ത്തി ! ബാറ്ററികള്‍ തീരും മുന്‍പ് , എല്ലാം അവസാനിക്കും മുന്‍പ് ഒന്ന് തിരിഞ്ഞു നോക്കാനുള്ള അഭ്യര്‍ഥന ആയിരുന്നു അത് . വോയേജര്‍ ഒന്ന് എന്ന മനുഷ്യ രാശിയുടെ അഭിമാനമായ ആ പേടകം ആ അവസാന ഉത്തരവ് അക്ഷരം പ്രതി അനുസരിച്ചു . തന്‍റെ ക്യാമെറ കണ്ണുകള്‍ മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് താന്‍ ജനിച്ച ഭൂമിയെന്ന ചെറു ഗ്രഹത്തിലേക്ക്‌ തിരിച്ച് വെച്ചു . അനന്തതയിലേക്ക് മറയും മുന്‍പേ ഒരു അവസാന തിരിഞ്ഞു നോട്ടം ! തന്‍റെ ഉള്ള ഊര്‍ജ്ജം ഉപയോഗിച്ച് അറുപതോളം ഫ്രെയ്മുകള്‍ ആണ് വോയേജര്‍ എടുത്ത് ഭൂമിയിലേക്ക്‌ അയച്ചത് . ആ സമയം മാതൃഗ്രഹത്തില്‍ നിന്നും ആറു ബില്ല്യന്‍ കിലോമീറ്ററുകള്‍ അകലെയായിരുന്നു പേടകം ! ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ നാല്‍പ്പതു ഇരട്ടി !! വോയേജര്‍ എടുത്ത ആ അവസാന ചിത്രത്തില്‍ തിളങ്ങുന്ന ഒരു ചെറിയ നീല കുത്ത് (Pale Blue Dot) മാത്രമായിരുന്നു ഭൂമി ! ഇനിയൊരു ഗ്രഹമോ മറ്റു വലിയ പ്രാധാന്യമുള്ള വസ്തുക്കളോ വോയെജറിന്റെ അരികില്‍ എത്താന്‍ സാധ്യത ഇല്ലാത്തതിനാല്‍ വോയേജര്‍ തന്‍റെ ക്യാമറകളെ എന്നന്നേക്കുമായി ഓഫ്‌ ചെയ്തു . പക്ഷെ അപ്പോഴും വാര്‍ത്താവിനിമയ ഉപകരണങ്ങളും മറ്റു സംവേദന ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമം ആയിരുന്നു . അങ്ങിനെ ഇരിക്കെ 1998 ഫെബ്രുവരി പതിനേഴിന് തന്നെക്കാള്‍ മുന്നേ മറ്റൊരു ദിശയില്‍ പുറത്തേക്ക് സഞ്ചരിച്ചിരുന്ന പയനിയര്‍ പത്ത് എന്ന പേടകത്തെ പിറകിലാക്കി ഭൂമിയില്‍ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യ നിര്‍മ്മിത വസ്തു എന്ന ബഹുമതി വോയേജര്‍ ഒന്ന് സ്വന്തമാക്കി ! ഭീമാകാരനായ ശനിയില്‍ നിന്നും കൈവരിച്ച അതുല്യ വേഗതയാണ് ഈ നേട്ടത്തിന് വോയേജര്‍ ഒന്നിനെ സഹായിച്ചത് .

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 13

സത്യത്തില്‍ ആകെ അഞ്ച് ബഹിരാകാശ പേടകങ്ങള്‍ സൌരയൂഥത്തിനു പുറത്തേക്ക് “പിടിവിട്ട് ” പായുന്നുണ്ട്‌ . വോയേജര്‍ ഒന്ന് , വോയേജര്‍ രണ്ട് , പയനിയര്‍ പത്ത് , പയനിയര്‍ പതിനൊന്ന് , New Horizons എന്നിവയാണവ ! 1995 ല്‍ പയനിയര്‍ പതിനൊന്നും ആയുള്ള ബന്ധവും 2003 ജനുവരി അവസാനത്തോടെ പയനിയര്‍ പത്തും ആയുള്ള ബന്ധവും അറ്റുപോയി കഴിഞ്ഞു . രണ്ടു വോയേജര്‍ പേടകങ്ങളും 2025 വരെ ഭൂമിയുമായി കോണ്ടാക്റ്റ് ചെയ്യും എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത് . അപ്പോഴേക്കും പ്ലൂട്ടോണിയം ഏതാണ്ട് മുഴുവനും തന്നെ ഡീകേ ചെയ്യപ്പെടും.

സൂര്യപ്രകാശം മാത്രമല്ല നമ്മുടെ സൂര്യന്‍റെ അടുക്കല്‍ നിന്നും പുറത്തേക്ക് വമിക്കുന്നത്‌ . ചാര്‍ജ്ജുള്ള ധാരാളം ചെറു കണങ്ങളും സൂര്യപ്രതലത്തില്‍ നിന്നും നാനാ ഭാഗങ്ങളിലേക്കും ചിതറി തെറിക്കുന്നുണ്ട് . ഇതില്‍ ഇലക്ട്രോണും പ്രോട്ടോണും ആല്‍ഫാ കണങ്ങളും ഒക്കെയുണ്ട് . ഇങ്ങനെ സൂര്യനില്‍ നിന്നും നാനാ ഭാഗങ്ങളിലേക്കും ചിതറുന്ന ഈ കണങ്ങളുടെ സമാഹാരത്തെ ആണ് സൗരക്കാറ്റ് അഥവാ സോളാര്‍ വിന്‍ഡ് എന്ന് വിളിക്കുന്നത്‌ . ഇതിന് പരമാവധി 750 km/s വേഗത വരെ ഉണ്ടാവാം . ഇവ സൂര്യനില്‍ നിന്നും അകന്ന് ഇവിടം വരെ പോകും ? ആരെങ്കിലും ഇവയെ തടയുന്നത് വരെ പോകും ! ആരാണ് ഇവരെ തടയാന്‍ ഉള്ളത് ? ആരെങ്കിലും ഇവര്‍ക്ക് എതിരെ വരണം . അങ്ങിനെ ആരെങ്കിലും വരണമെന്നുണ്ടെങ്കില്‍ അത് മറ്റു നക്ഷത്രങ്ങളില്‍ നിന്നും ആവണം വരേണ്ടത് . പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളില്‍ നിന്നും മറ്റും വരുന്ന ബാഹ്യ കണങ്ങളും സൂര്യനില്‍ നിന്നും വരുന്ന സോളാര്‍ വിന്‍ഡും തമ്മില്‍ ഏറ്റു മുട്ടുന്ന സ്ഥലം എവിടെ ആയിരിക്കും ? അത് പ്ലൂട്ടോ കിടന്ന് കറങ്ങുന്ന സ്ഥലത്തിനും അപ്പുറത്ത് എവിടെയോ ആണ് . ഈ സ്ഥലം എങ്ങിനെ തിരിച്ചറിയാം ? കുതിച്ചു പായുന്ന നദിയെ ഒരു ഡാം കൊണ്ട് തടഞ്ഞാല്‍ എന്ത് സംഭവിക്കും ? നദിയിലെ ജലം അതിനെ തടയുന്നത് എവിടെയാണോ അവിടെ അടിഞ്ഞു കൂടും, ഒഴുക്ക് കുറയും . അവിടെ നദിയിലെ ജലത്തിന്‍റെ അളവ് ക്രമാതീതമായി വര്‍ധിക്കും . അങ്ങിനെ ഒരു തടാകം രൂപപ്പെടും . ശരിയല്ലേ ! അപ്പോള്‍ സൂര്യനില്‍ നിന്നും വരുന്ന സൌര കണങ്ങളെ പുറത്തു നിന്നും വരുന്ന കണങ്ങള്‍ തടഞ്ഞാല്‍ എന്ത് സംഭവിക്കും ? അവിടെ സൌരകണങ്ങളുടെ വേഗത കുറയും , അവയുടെ എണ്ണം ( സാന്ദ്രത ) വര്‍ധിക്കും . ഇത്രയും പിടികിട്ടി എന്ന് കരുതുന്നു .

പുറത്തു നിന്നും വരുന്ന കോസ്മിക് കണങ്ങളുടെ എണ്ണം തീരെ കുറവുള്ള , എന്നാല്‍ സൂര്യനില്‍ നിന്നും വരുന്ന കണങ്ങളുടെ എണ്ണം ധാരാളം ഉള്ള സ്ഥലത്തെ ആണ് heliosphere എന്ന് വിളിക്കുന്നത്‌ . നമ്മുടെ സൌരയൂഥം ഈ heliosphere നു അകത്താണ് . ഇനി ഈ heliosphere എവിടം കൊണ്ട് അവസാനിക്കും എന്നാണ് അറിയേണ്ടത് . നമ്മുടെ വോയേജര്‍ ഒന്ന് എന്ന പേടകം heliosphere നു ഉള്ളിലൂടെ സഞ്ചരിക്കുകയായിരുന്നു . വോയെജറില്‍ ഉള്ള മാപിനികളില്‍ നിന്നും സോളാര്‍ വിന്‍ഡ് കണികകളുടെ വേഗതയും സാന്ദ്രതയും നമ്മുക്ക് അറിയാന്‍ സാധിക്കും . അങ്ങിനെ ഇരിക്കെ 2010 ല്‍ സോളാര്‍ വിന്‍ഡിന്‍റെ വേഗത വളരെയധികം കുറഞ്ഞു വരുന്നതായി വോയേജര്‍ തിരിച്ചറിഞ്ഞു . മാത്രമല്ല അവയുടെ അളവ് കൂടിയും വരുന്നു . എന്താണ് അര്‍ഥം ? പുറത്തു നിന്നും വരുന്ന കണികകള്‍ സൌര കണികകളുമായി ഇടിച്ച് അവയുടെ വേഗത കുറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു !! അതായത് നമ്മുടെ സൂര്യന്‍റെ സാമ്രാജ്യത്തിനും മേല്‍ക്കൊയ്മ്മയ്ക്കും അറുതി ആയിരിക്കുന്നു ! എന്ന് വെച്ചാല്‍ heliosphere അവസാനിക്കാറായി എന്ന് ചുരുക്കം . ഈ അവസാന അതിരിനെ Heliosheath എന്നാണ് പറയുക . അങ്ങിനെ 2004 ജനുവരിയില്‍ നമ്മുടെ സ്വന്തം സൗരക്കാറ്റിന്റെ വേഗത തീരെ കുറഞ്ഞു ! Termination shock എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്‌ . Heliosphere പൂര്‍ണ്ണമായും അവസാനിച്ച ആ സ്ഥലത്തെ ആണ് Heliopause എന്ന് പറയുന്നത് . അതായത് സൂര്യ സാമ്രാജ്യത്തിന്റെ അതിര് ! അതേ വര്ഷം ഡിസംബറില്‍ വോയേജര്‍ ഒന്ന് Termination shock കടന്നതായി നാസ അറിയിച്ചു .അപ്പോള്‍ വോയേജര്‍ ഒന്ന് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ 94 ഇരട്ടി അകലെ ആയിരുന്നു ! 2012 ല്‍ Heliopause അവസാനിക്കാറായാതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി . അങ്ങിനെ അവസാനം 2012 ആഗസ്റ്റ്‌ 25 നു സൂര്യ സാമ്രാജ്യത്തിന്‍റെ അതിരായ Heliopause കടന്ന് വോയേജര്‍ ഒന്ന് ഇന്റര്‍ സ്റെല്ലാര്‍ സ്പേസില്‍ പ്രവേശിച്ചു ! interstellar space ല്‍ കടക്കുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവാണ് വോയേജര്‍ ഒന്ന് . സൂര്യന്‍റെ Heliosphere പോലെ മറ്റുള്ള നക്ഷത്രങ്ങളുടെ സ്വാധീന മേഖലകള്‍ക്കിടയിലെ സ്ഥലത്തെ ആണ് interstellar space എന്ന് വിളിക്കുന്നത്‌ . 2012 ഡിസംബറില്‍ വോയേജര്‍ ഒന്ന് വീണ്ടും സൌരകണങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം . അതോടെ വോയേജര്‍ ഒന്ന് ശരിക്കും interstellar space ല്‍ തന്നെയാണെന്ന് ഉറപ്പായി . പക്ഷെ വോയേജര്‍ രണ്ടു ഇപ്പോഴും Heliosheath ല്‍ ആണ് ഉള്ളത് .

വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യസൃഷ്ടി ! 14

ഇപ്പോഴും റേഡിയോ തരംഗങ്ങള്‍ വഴി ഭൂമിയിലേക്ക്‌ സന്ദേശങ്ങള്‍ അയക്കുന്ന വോയെജറിനു പക്ഷെ അത് ഭൂമിയില്‍ എത്തിക്കാന്‍ പതിനേഴ്‌ മണിക്കൂറുകളില്‍ കൂടുതല്‍ സമയം എടുക്കും . കാരണം 1800 കോടി കിലോമീറ്റര്‍ അകലെയാണ് പേടകം ഇപ്പോള്‍ ഉള്ളത് !

2025 ഓടെ പ്ലൂട്ടോണിയം പൂര്‍ണ്ണമായും തീരുന്നതോടെ പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ണ്ണമായും നിലയ്ക്കുകയും ഭൂമിയുമായുള്ള ബന്ധം എന്നന്നേക്കും ആയി ഇല്ലാതാവുകയും ചെയ്യും .

മറ്റു ഉല്‍ക്കാ ശിലകളുമായി കൂട്ടിയിടിച്ചു തകര്‍ന്നില്ലെങ്കില്‍ 40,000 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വോയേജര്‍ മറ്റൊരു നക്ഷത്രത്തിന് മുന്നില്‍ എത്തും ! ഒരു അതിഥിയെപ്പോലെ ! അന്ന് നമ്മുടെ ഭൂമി ഉണ്ടാവുമോ ????

©Written By : Julius Manuel. || Facebook | Twitter | Instagram | Telegram

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ