അയ്യായിരം കൊല്ലങ്ങള്‍ക്ക് മുന്നേ സുമേറിയന്‍ ജനതയില്‍ ഒരു വിഭാഗം ഇവിടെ പാര്‍പ്പ് ആരംഭിച്ചിരുന്നു . അവരുടെ പിന് തലമുറയാണ് ഇന്ന് ഇവിടെ കാണുന്ന ചതുപ്പ് അറബികള്‍ (Marsh Arabs). പുല്ലുകളും ചെളിയും കെട്ടുപിണഞ്ഞു കിടക്കുന്ന ചെറുതുരുത്തുകളില്‍ ആണ് ഇവര്‍ തങ്ങളുടെ വിചിത്ര വീടുകള്‍ പണിയുന്നത് . ഏകദേശം ഇരുപതിനായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ചതുപ്പ് നിലങ്ങളുടെ ഭൂരിഭാഗവും ദക്ഷിണ ഇറാക്കില്‍ ആണ് ഉള്ളത് . ബാക്കി ഭാഗം കുറെ ഇറാനിലും . വളരെ കുറച്ചു ഭാഗം കുവൈറ്റ് അതിര്‍ത്തിയിലും ഉണ്ട് .
ക്രിസ്തുവിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുമേരിയന്‍ ജനത എങ്ങിനെയാണോ ഈ നീര് വനങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചിരുന്നത് അതേ രീതിയില്‍ തന്നെയാണ് ഇന്നത്തെ മാര്‍ഷ് അറബികളും തങ്ങളുടെ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് അതിശയകരം . മുധിഫ് (mudhif) എന്ന് വിളിക്കുന്ന ഇത്തരം ചതുപ്പ് വീടുകള്‍ പൂര്‍ണ്ണമായും ചതുപ്പില്‍ നിന്നും ലഭ്യമാകുന്ന ഉണങ്ങിയ പുല്ലുകളും , കണ്ടല്‍ ചെടികളും ചെറു കമ്പുകളും കൊണ്ടാണ് നിര്‍മ്മിക്കുന്നത് . ഇതിനായി ആണിയും തടിയും ഉള്‍പ്പടെ മറ്റൊരു “വിദേശ’ വസ്തുക്കളും അവര്‍ ഉപയോഗിക്കാറില്ല . നമ്മുടെ മുളയോട് സാദൃശ്യമുള്ള Qasab എന്ന കൂറ്റന്‍ പുല്ലാണ് (ഇതിനു ചിലപ്പോള്‍ ഏഴര മീറ്ററോളം നീളം വെയ്ക്കും ) മുധിഫ് വീട് നിര്‍മ്മിക്കുവാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് . ചുരുങ്ങിയത് മൂന്ന് ദിവസങ്ങള്‍കൊണ്ട് ഇവര്‍ക്ക് ഇത്തരം ഒരു ചെറിയ വീട് നിര്‍മ്മിക്കുവാന്‍ സാധിക്കും . വീട് നിര്‍മ്മിക്കുന്ന ചെറു തുരുത്തുകള്‍ tuhul എന്നോ kibasha എന്നോ dibin എന്നോ ആണ് അറിയപ്പെടുന്നത് . കണ്ടാല്‍ ഉറപ്പുള്ളത് എന്ന് തോന്നിക്കുമെങ്കിലും ഇത്തരം ദ്വീപുകള്‍ ചെറിയ രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും . സ്വന്തം വീട് അയല്‍വാസിയുടെ വീടുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചുറ്റും വാരികള്‍ സ്ഥാപിച്ച് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിര്‍മ്മാണം തുടങ്ങുക . ഇവരുടെ വീടുകള്‍ മാറ്റി സ്ഥാപിക്കാനും വളരെ എളുപ്പമാണ് . ചതുപ്പിലെ ജലവിതാനം ഉയരുമ്പോള്‍ ഇവര്‍ ശ്രദ്ധാപൂര്‍വ്വം ഈ വീടുകള്‍ അഴിച്ച് മറ്റൊരിടത്ത് കൊണ്ട് സ്ഥാപിക്കും . നല്ല രീതിയില്‍ നോക്കിയാല്‍ ഇരുപത്തി അഞ്ചു വര്‍ഷം വരെയും ഇത്തരം ഒരു വീട് ഉപയോഗിക്കാനാവും . അതിഥികള്‍ക്കും ഉന്നതര്‍ക്കും വേണ്ടി നിര്‍മ്മിക്കുന്ന വീടുകളെ raba എന്നാണ് വിളിയ്ക്കുന്നത് . ചതുപ്പിലൂടെ ഇവര്‍ സഞ്ചരിക്കുന്ന വള്ളങ്ങളെ mashoof അല്ലെങ്കില്‍ tarada എന്നാണ് പറയുന്നത് . പുല്ലുകള്‍ക്കിടയിലൂടെ തുഴയാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ആദ്യം രണ്ടോ മൂന്നോ പോത്തുകളെ ആ വഴി അഴിച്ചു വിടും . പോത്തുകള്‍ നീന്തി പുല്ലുകള്‍ മാറി വഴി ക്ലിയര്‍ അയാള്‍ പിറകെ വള്ളങ്ങളും പോകും !
ചതുപ്പില്‍ രക്തം കലര്‍ന്നപ്പോള്‍ !
Maʻdān (Arabic: معدان) എന്നറിയപ്പെടുന്ന ചതുപ്പ് അറബികള്‍ ഭൂരിഭാഗവും ഷിയാ മുസ്ലീമുകള്‍ ആണ് . വളരെ കുറച്ച് Mandaeans എന്നൊരു വിഭാഗവും ഇവരുടെ ഇടയില്‍ ഉണ്ട് ( മോശയെ വ്യാജപ്രവാചകനായും മോശ ഇസ്രായേലിന് പരിചയപ്പെടുത്തിയ ദൈവത്തെ പിശാചായും കണക്കുകൂട്ടുന്ന ഒരു ജ്ഞാനവാദ മതം ) . ചില സദാം വിരുദ്ധര്‍ ചതുപ്പിലെ മുധിഫ് വീടുകളില്‍ അഭയം പ്രാപിച്ചത് മദാന് എന്ന ചതുപ്പ് നിവാസികളുടെ ആകമാന നാശത്തിനു വഴിവെച്ചു . സദാമിന്റെ പട്ടാളം പല തവണ ചതുപ്പ് ഗ്രാമങ്ങള്‍ റെയ്ഡ് ചെയ്തു . അവസാന കൈ എന്ന നിലയില്‍ ചതുപ്പിലെയ്ക്കുള്ള ജലത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും ചെയ്തതോടെ വറ്റി വരണ്ട ചതുപ്പ് നിലങ്ങളില്‍ നിന്നും അയ്യായിരം കൊല്ലത്തെ സംസ്കാരം അവസാനിപ്പിച്ചുകൊണ്ട് മദാന് അറബികള്‍ അവിടെ നിന്നും ഇറാനിലെയ്ക്ക് കൂട്ട പലായനം ചെയ്തു . എന്നാല്‍ സദാമിന്റെ പതനത്തോടെ ചിലര്‍ തിരികെ എത്തിയെങ്കിലും കലാപ ഭൂമിയായി മാറിയ ഇറാക്കില്‍ എത്രനാള്‍ അവര്‍ക്ക് പിടിച്ചു നില്ക്കാന് കഴിയും എന്ന് കണ്ടറിയണം .
അടിക്കുറിപ്പ് : Mubarak bin London (Arabic for “the blessed one from London”) എന്നറിയപ്പെടുന്ന പര്യവേഷകനായ Sir Wilfred Patrick Thesiger പറയുന്നത് മുഹമ്മദ് നബിയുടെ കുടുംബവുമായി ബന്ധമുള്ള ചില മാര്‍ഷ് അറബുകളെ അദ്ദേഹം തന്റെ യാത്രക്കിടയില്‍ കണ്ടു മുട്ടി എന്നാണ് . മെസപ്പെട്ടോമിയന്‍ ചതുപ്പ് നിലങ്ങളില്‍ നിലവിലുള്ള ഏക മത തീര്‍ഥാടന കേന്ദ്രം പ്രവാചകനായ എസ്രായുടെ ശവകുടീരം (Al-ʻUzair) എന്നറിയപ്പെടുന്ന സ്ഥലമാണ് . ഇത് 1050 മുതല്‍ ആണ് അങ്ങിനെ അറിയപ്പെടുവാന്‍ ആരംഭിച്ചത് . ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസഫസ് പറയുന്നത് എസ്രാ ജറുസലേമില്‍ വെച്ച് മരിച്ചു എന്നാണ് .
ഉറോസുകളുടെ ഒഴുകുന്ന വൈക്കോല്‍ കുടിലുകള്‍
പെറുവിന്റെയും ബോളീവിയയുടെയും ഇടയില്‍ വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന Titicaca തടാകം. ദക്ഷിണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഈ ഭീമന് തടാകത്തില്‍ അനേകം ചെറു ദ്വീപുകള്‍ ഉണ്ട് . ഇതില്‍ പലയിടത്തും പഴയ ഇങ്കകളുടെ പിന്‍ഗാമികള്‍ ഇപ്പോഴും പാര്‍ക്കുന്നുണ്ട് . എന്നാല്‍ ഇതിനിടയില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊന്നുണ്ട് . നാല്‍പ്പത്തി രണ്ടോളം ഒഴുകുന്ന ദ്വീപുകള്‍ ! അതില്‍ താമസിക്കുന്നവര്‍ ഇന്കകള് അല്ല , അവരുടെ അടിമകള്‍ ആയിരുന്ന ഉറോസ് (Uros) വര്‍ഗ്ഗക്കാരാണ് .
പ്രധാനമായും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഇവര്‍ ഒഴുകുന്ന ദ്വീപുകളില്‍ താമസം തുടങ്ങിയത് . പ്രധാന ദ്വീപില്‍ ഒരു നിരീക്ഷണമേട ഉണ്ടാവും അപായം മണത്താല്‍ ദ്വീപുകള്‍ ഉടനടി തടാകത്തിന്റെ നടുവിലേയ്ക്ക് നീങ്ങും . Totora എന്ന ചെടിയുടെ ഉണങ്ങിയ തണ്ടുകള്‍ കൊണ്ടാണ് ഇവര്‍ ചെറിയ നൗകകളും (balsas mats) ഒഴുകുന്ന ദ്വീപുകളും നിര്‍മ്മിക്കുന്നത് . വായൂ നിറഞ്ഞ തണ്ടും കനത്ത വേര് പടലവും ആണ് ഈ ചെടിക്ക് ഉള്ളത് . ഇതുമൂലം ജലത്തില്‍ ഇത് പൊങ്ങിക്കിടക്കുന്നു . പത്തു വീടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന വലിയ ദ്വീപുമുതല് ഒരു വീട് മാത്രം ഉള്ള ചെറിയ ദ്വീപുകള്‍ വരെ ഈ നാല്‍പ്പതോളം വരുന്ന ദ്വീപ് സമൂഹത്തില്‍ ഉണ്ട് . മഴക്കാലത്ത് ടോട്ടോറ ചെടി വേഗം ചീഞ്ഞു പോകുന്നതിനാല്‍ ആ സമയം കൂടുതല്‍ തണ്ടുകള്‍ ഇവര്‍ ദ്വീപിനോട് ചേര്‍ത്തുകൊണ്ടിരിക്കും . ഒരു ദ്വീപ് ഏകദേശം മുപ്പതു കൊല്ലങ്ങളോളം നില നില്ക്കും . മരിച്ചവരെ കരയില്‍ ആണ് അടക്കുന്നത് . ആഹാരം പാചകം ചെയ്യുവാന്‍ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച തറകള്‍ ദ്വീപില്‍ ഉണ്ട് . സമുദ്ര നിരപ്പില്‍ നിന്നും 3810 മീറ്റര്‍ ഉയരെയാണ് Titicaca തടാകത്തില്‍ ഈ ദ്വീപുകള്‍ ഒഴുകി നടക്കുന്നത് . ആകെ ജനസംഖ്യ ഏകദേശം രണ്ടായിരം ആയിരുന്നു . ഇപ്പോള്‍ ഭൂരിഭാഗവും കരയില്‍ പോയി താമസം ആരംഭിച്ചു . ഇപ്പോഴും ദ്വീപുകളില്‍ ജീവിക്കുന്നവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം വിനോദസഞ്ചാരികള്‍ ആണ് .
സത്യത്തില്‍ totora ഒരു കല്‍പ്പക ചെടിയാണ് . തണ്ടുകള്‍ വീടും ബോട്ടും നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ വേര് നല്ലൊരു മരുന്നാണ് ( അയോഡിന്‍ ധാരാളം ഉണ്ട് ). പനി വരുമ്പോള്‍ നെറ്റിയില്‍ വെയ്ക്കാനും വേദന വരുമ്പോള്‍ കെട്ടി വെക്കാനും തണുപ്പ് അകറ്റാനും ചെടിയുടെ വെള്ള (chullo) ആണ് ഇവര്‍ ഉപയോഗിക്കുന്നത് . ഇത് ചവച്ചു തിന്നാല്‍ അത്യാവശം “തലയ്ക്കു പിടിയ്ക്കും ” അവസാനമായി ഈ ചെടിയുടെ പൂവ് ആണ് ഇവര്‍ ചായക്ക് പകരം ഇട്ടു തിളപ്പിച്ച് കുടിക്കുന്നത് ! മീനുകളും തടാകത്തിലെ പക്ഷികളും ആണ് ഇവരുടെ മറ്റ് ഭക്ഷണങ്ങള്‍ . cormorants പക്ഷികളെ ഇവര്‍ ഇണക്കി വളര്‍ത്തും എന്തിനെന്നോ അവറ്റകള് മുങ്ങാം കുഴിയിട്ട് പിടിക്കുന്ന മീനുകളെ കിട്ടാന്‍ ! മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി ibis പക്ഷികളെ ആണ് ഇവര്‍ വളര്‍ത്തുന്നത് . എല്ലായിടത്തെയും വില്ലന്മ്മാര് ആയ എലികളെ പിടിക്കുവാന്‍ നാടന്‍ പൂച്ചകളും ഇവരുടെ കൂടെ ഉണ്ട് . ഇപ്പോള്‍ TV കാണാനും മറ്റും സോളാര്‍ പാനലുകള്‍ ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങി .