“വൈ ആ ലേ ആലെ “( Waiʻaleʻale )

"വൈ ആ ലേ ആലെ "( Waiʻaleʻale ) 1

പലവിധമുള്ള അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് ഷീൽഡ് വോൾക്കാനോ . ഒരു പരിച നിലത്ത് വെച്ചാൽ എങ്ങിനെ ഇരിക്കും അതുപോലാണ് ഇതിന്റെ ആകൃതി . മറ്റ് അഗ്നിപർവ്വതങ്ങളിൽനിന്നും വിഭിന്നമായി വിസ്‌കോസിറ്റി കുറഞ്ഞ ലാവയാണ് ഇതിൽനിന്ന് പുറത്തേക്ക് വരിക . അതിനാൽ തന്നെ ആ ലാവ, അതിന്റെ കേന്ദ്രത്തിൽ നിന്നും വളരെദൂരം ഒഴുകിമാറുകയും പിന്നീട് ഉറച്ചു കട്ടിയായി മാറി അഗ്നിപർവ്വതത്തിന് ഒരു പരന്ന പരിചയുടെ ആകൃതി സമ്മാനിക്കുകയും ചെയ്യും . നിദ്രയിലാണ്ടുപോയ അത്തരമൊരു ഷീൽഡ് വോൾക്കാനോ ആണ് ഹാവായി ദ്വീപുകളിലെ “വൈ ആ ലേ ആലെ “( Waiʻaleʻale ). ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശങ്ങളിൽ ഒന്നാണിത് . അപൂർവ്വം ചില സന്ദർഭങ്ങളിലൊഴിച്ച് എപ്പോഴും മഴ ചാറിക്കൊണ്ടിരിക്കും . അതിനാൽ തന്നെ ഇതിന്റെ താഴ്‌വര Bogs എന്നറിയപ്പെടുന്ന പ്രത്യേക ഭൂവിഭാഗത്തിൽ പെടുന്നവയാണ് . നനഞ്ഞ , ഭാരം താങ്ങാൻ കഴിവില്ലാത്ത കട്ടി കുറഞ്ഞ മണ്ണ് , അല്ലെങ്കിൽ ഉണങ്ങിയ മണ്ണിനും ചതുപ്പിനും ഇടയിലുള്ള ഒരു അവസ്ഥ , അതാണ് ബോഗ് . ഇത്തരം സവിശേഷതകളേറെ ഉള്ളതിനാൽ വൈ ആ ലേ ആലെ` യും പരിസരവും ഒരു പ്രകൃതിവിസ്മയം തന്നെയാണ് .

Advertisements

മലയുടെ ചെരുവുകളിൽ പെയ്തിറങ്ങുന്ന മഴ, ഒട്ടനവധി നീർച്ചാലുകൾ വഴി താഴേയ്ക്ക് ഒഴുകിയിറങ്ങുന്ന കാഴ്ച്ച നയനസുന്ദരം തന്നെ ! അതിനാൽ “കരയുന്ന ചെരിവുകൾ ” എന്നാണ് ഈ ഭിത്തികളെ ഹവായിയൻ ജനത വിളിക്കുന്നത് ( ചിത്രം :”Wall of Tears”- വിക്കി ). ഈ ചെറുജലപാതങ്ങളൊക്കെ ചെന്ന് പതിക്കുന്നത് ഒരു കൂറ്റൻ ഗർത്തത്തിലാണ് . ബ്ലൂ ഹോൾ എന്ന ഈ താഴ്‌വര സന്ദർശകർക്കൊരു വിരുന്നാണ് . പ്രകൃതിക്ക് കോട്ടം വരാതെ നിർമ്മിച്ചിരിക്കുന്ന സർക്കാർവക ചെറു നടപ്പാതകൾ ഈ താഴ്‌വരയിലുടനീളമുണ്ട് . തടികൊണ്ടും , ആവശ്യമുള്ളടത്ത് സിമന്റകൊണ്ടും നിർമ്മിച്ചിരിക്കുന്ന ഈ പാതകൾ സന്ദർശകരുടെ കാലുകൾ നനഞ്ഞുകുതിർന്ന മണ്ണിൽ ആണ്ടുപോകാതെ സംരക്ഷിക്കും . വൈഭവമുള്ള , ഒരു യാത്രികന് മാത്രമേ ഇത് മുഴുവനും നടന്ന് കണ്ടാസ്വദിക്കാൻ സാധിക്കൂ . അല്ലാത്തവർക്ക് കോപ്റ്റർ ടൂറിസം സഹായത്തിനുണ്ട് . പഴയ ഹവായിയൻ വീരകേസരികൾ തങ്ങളുടെ വീര്യം തെളിയിക്കുവാൻ ഏടുത്തുചാടിയിരുന്ന അനേകം പടുകൂറ്റൻ ജലപാതങ്ങളാൽ സമ്പന്നമാണീതാഴ്‌വര . വിവാഹത്തിന് മുൻപുള്ള ഒരു ചടങ്ങായിരുന്നു ഈ ചാട്ടം .

ഇങ്ങനെ പൊങ്ങിയും താണും ഒരു തിരമാലകണക്കെ നമ്മെ കൊതിപ്പിച്ച് പരന്നു കിടക്കുന്ന ഈ വിശാല താഴ്‌വരയിലൊരിടത്തായിരുന്നു വിശ്വവിഖ്യാതനായ പക്ഷിനിരീക്ഷകൻ ഡേവിഡ് ബോയിട്ടന്റെ മൃതദേഹം അനാഥമായി കിടന്നിരുന്നത് . ഒരു മലകയറ്റത്തിനിടെ പിടിവിട്ട് നേരെ പ്രകൃതിയുടെ മടിത്തട്ടിലേക്ക് ! വംശമറ്റുപോയ കൗആയി ഊ തേൻകുരുവികളുടെ ശബ്ദവും ചിത്രവും അവസാനമായി രേഖപ്പെടുത്തിയ ആളുകളിലൊന്നായിരുന്നു അദ്ദേഹം !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ