ശവക്കുഴിയിൽ നിന്നൊരു ചൂളമടി

ശവക്കുഴിയിൽ നിന്നൊരു ചൂളമടി 1

വർഷം 1987. ഹവായിയൻ ദ്വീപുസമൂഹത്തിലെ കൗആയി തുരുത്തിലെ വിജനമായ വന്യതയിൽ മനോഹരമായ ഒരു ചൂളംവിളി മുഴങ്ങി . ദ്വീപിലെ ഇരുളടഞ്ഞ ചതുപ്പുനിലങ്ങളിലൊന്നിൽ ക്ഷമയോടെ കാത്തിരുന്ന അമേരിക്കൻ പക്ഷിനിരീക്ഷകൻ ഡഗ്ലസ് പ്രാറ്റ് തന്റെ മൈക്രോഫോണുമായി ശബ്ദംകേട്ട ദിക്ക്നോക്കി സാവധാനം നടന്നെത്തി . താളാത്മകമായ ആ ചൂളമടി റെക്കോർഡ് ചെയ്യുമ്പോഴും പ്രാറ്റ് ശ്രദ്ധിച്ചിരുന്നത് അതിനൊരു മറുപടി മറ്റൊരു ദിക്കിൽ നിന്നും കിട്ടുന്നുണ്ടോ എന്നായിരുന്നു . പക്ഷെ നിരാശയായിരുന്നു ഫലം . ദ്വീപിലെ തേൻകുരുവികളിൽ അവസാനത്തെ ആൺ കുരുവിയാണ് ഒരിക്കലും തിരിച്ചു വരാത്ത തന്റെ ഇണയ്‌ക്കായി പ്രത്യാശയോടെ ചൂളമടിക്കുന്നത് . കൗആയി ഊ എന്ന് ഹവായിയൻ ജനത വിളിക്കുന്ന തേൻകുരുവികളിൽ ഭൂമിയിൽ അവശേഷിച്ചിരുന്ന അവസാന പക്ഷിയെയാണ്‌ ഡഗ്ലസ് പ്രാറ്റ് അപ്പോൾ കണ്ടത് . താൻ റെക്കോർഡ് ചെയ്തത് ആ പക്ഷിവംശത്തിന്റെ അവസാന ശേഷിപ്പാണ് എന്ന് അദ്ദേഹം കരുതിയിരുന്നില്ല . പിന്നീട് ഭൂമിയിലാരും ആ ചൂളമടി കേട്ടില്ല . കോണൽ സർവകലാശാലയിലെ ഡിജിറ്റൽ ലൈബ്രറിയിൽ ആരുമറിയാതെ കിടന്നിരുന്ന , ഇണയെത്തേടിയുള്ള ആ അവസാന ചൂളം വിളി നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം 2009 ൽ റോബർട്ട് ഡേവിസ് പൊടിതട്ടിയെടുത്ത് യൂറ്റ്യുബിൽ ലോകത്തിനായി വീണ്ടും സമർപ്പിച്ചു.

Advertisements

 ഒരു കുഴിമാടത്തിൽ പ്രണാമം അർപ്പിക്കുന്നതുപോലെ ആയിരങ്ങൾ ആ ശബ്ദരേഖയ്ക്ക് താഴെ തങ്ങളുടെ ദുഃഖം പങ്കുവെച്ചു . ഒരു എക്കോ കൂടി ചേർത്ത് മിക്സ് ചെയ്ത് അപ്‌ലോഡ് ചെയ്ത ആ ശബ്ദരേഖ നമ്മെ ഏതൊക്കെയോ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകും ! “ഭൂമിയിൽ അവശേഷിച്ച അവസാന മനുഷ്യൻ ദൈവത്തോട് നിലവിളിക്കുന്നതുപോലെ” എന്നൊക്കെ തുടങ്ങിയ കമന്റുകളാൽ ആ വീഡിയോ ലിങ്ക് നിറഞ്ഞു കവിഞ്ഞു . പക്ഷെ സത്യത്തിൽ ആ വീഡിയോയിൽ നിന്നും മൺമറഞ്ഞുപോയ പഴയ “കൗആയി ഊ” പുനഃർജനിക്കുകയായിരുന്നു ! നിലവിളിക്കുന്ന ആ ശബ്ദം ഇന്റർനെറ്റിൽ ഒരു പ്രേതം കണക്കെ അലഞ്ഞുതിരിഞ്ഞു .

പക്ഷെ ആ ആത്മാവ് അവസാനം ചെന്ന് കൂടിയത് ജേക്കബ് സ്റ്റീൻസൺ എന്ന ഡിജിറ്റൽ ആനിമേറ്ററുടെ മനസ്സിലായിരുന്നു. മൺമറഞ്ഞുപോയ തേൻകുരുവിയുടെ നിലവിളി ഒരു നഷ്ടബോധമായി കൂടെ കൂടിയതോടു കൂടി അദ്ദേഹം ഒരു കാര്യം തീരുമാനിച്ചു . ശബ്ദവും നിറവും കൂട്ടിചേർത്ത് അവനെ പുനഃസൃഷ്ടിക്കുക ! അതാണ് ഡിജിറ്റൽ എക്കോളജി എന്ന ശാസ്ത്രവിഭാഗം ഉദ്യേശിക്കുന്നതും . ശരിക്കുള്ള ശബ്ദവും, നിറവും, ആകൃതിയും എല്ലാം ചേർത്ത് കുറ്റിയറ്റുപോയ സകല ജീവജാലങ്ങൾക്കും ഒരു ഡിജിറ്റൽ പുനഃർജന്മം നല്കുക ! ലോകമെമ്പാടുമുള്ള കലാകാരൻമ്മാരെയും പക്ഷിഗവേഷകരെയും ചേർത്ത് തുടങ്ങാൻ പോകുന്ന ഒരു വമ്പൻ പ്രൊജക്റ്റാണിത് . കുട്ടികൾക്കും മുതിർന്നവർക്കും നമ്മുടെ പഴയ കാലവും പരിസ്ഥിതിയും നേരിട്ടറിയുവാനും പഠിക്കുവാനും ഇത് സഹായിച്ചേക്കാം എന്നാണ് ഗവേഷകർ കരുതുന്നത് . എന്തായാലും ശവക്കുഴിയിൽ കിടന്നുള്ള കുരുവിയുടെ ഇണയെത്തേടിയുള്ള നിലവിളി , മണ്ണിനെയും മനസിനെയും സ്നേഹിക്കുന്നവർക്ക് എന്നുമൊരു തേങ്ങൽ തന്നെയായിരിക്കും .

നമ്മുടെ പേരിനോടൊപ്പം ഓർത്തിരിക്കുവാൻ ഇന്ന് ജീവിച്ചിരുപ്പില്ലാത്ത ഒരു ജീവിയെക്കൂടി കണ്ടുപിടിച്ചാലോ ? നേരെ www.tiki-toki.com/timeline/entry/123969/Extinct-Animals എന്ന ലിങ്കിൽ ചെല്ലുക . സ്ക്രോൾ ചെയ്ത് നിങ്ങൾ ജനിച്ച വർഷം (അല്ലെങ്കിൽ തലേവർഷം ) വംശമറ്റുപോയ ജീവിയെ എളുപ്പം കണ്ടെത്താം . നാം ജനിച്ച നാൾ ഭൂമിയോട് വിടപറഞ്ഞ ജീവിയെ തിരിച്ചറിയുമ്പോൾ എന്ത് വികാരമാകും നമ്മെ ഭരിക്കുക ?

Colombian Grebe ആണ് എന്റെ തൃക്കാൽ ഭൂമിയിൽ പതിഞ്ഞ വർഷം (1977) വിടചൊല്ലിയ പക്ഷി !

ശവക്കുഴിയിൽ നിന്നൊരു ചൂളമടി 2
ചിത്രം : Kaua’i ‘O’o (1975) by H. Douglas Pratt.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ