Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
YouTube Content Provider
* Blogger * Translator * Traveler

കിംഗ് ഓഫ് ദി ജംഗിൾ

by Julius Manuel
227 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

Title: Stories of the Gorilla Country Narrated for Young People

Author: Paul Du Chaillu

Source : Project Gutenberg

Translation : Julius Manuel

കുടിലുകൾ നിറഞ്ഞ മ്ബോഷാ ഗ്രാമം . ചുറ്റും വാഴത്തോട്ടങ്ങൾ , അതിന് ചുറ്റും നിബിഡവനം . ഞാനിപ്പോൾ ആഫ്രിക്കയിൽ ഭൂമധ്യരേഖയ്ക്കടുത്തെവിടെയോ ആണ് .ഒരു ചെറിയ കുടിലിനരികിലേക്ക് ഞാൻ നടന്നടുത്തു . ആ ഇരുണ്ട മുറിക്കുള്ളിൽ ഒരു വൃദ്ധനെ അവർ കെട്ടിയിട്ടുണ്ട് . എന്നെ കണ്ടപ്പോൾ ആയാൾ തലയുയർത്തി നോക്കി . എനിക്കയാളെ രക്ഷിക്കണമെന്നുണ്ടായിരുന്നു . ഒന്നും മിണ്ടാതെ നേരെ ഗോത്രത്തലവൻ ഡയാക്കോയുടെ അടുത്തേക്ക് ഞാൻ ചെന്നു . അയാൾ എന്റെസുഹൃത്താണ് . ഒരു പക്ഷെ ഞാൻ പറയുന്നത് ആയാൾ ചെവികൊണ്ടേക്കാം . പക്ഷെ കേൾക്കുന്നതിന് പകരം പുറംതിരിഞ്ഞു നിൽക്കുകയാണ് ആയാൾ ചെയ്തത് . ആ വൃദ്ധൻ ദുർമന്ത്രവാദിയാണത്രെ ! അവരുടെ വിശ്വാസമനുസരിച്ച് കാട്ടിൽ മൃഗങ്ങളുടെ ആക്രമണത്തിലല്ലാതെ മരണപ്പെടുന്നവരെയൊക്കെ ആരോ വധിക്കുന്നതാണ് . ഈയടുത്തു നടന്ന സകലമരണങ്ങളും ഈ വൃദ്ധൻ മന്ത്രവാദം ചെയ്ത് ദുഷ്ടാരൂപിയായ ജോക്കാവുനെ കൊണ്ട് ചെയ്യിച്ചതാണ് . ഈയാളെ കൊന്നാൽ ജോക്കാവു ഞങ്ങളെ വിട്ടുപൊയ്ക്കോളും . ഇതുകേട്ട എനിക്ക് ഒട്ടനവധി ചോദ്യങ്ങൾ അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു . പക്ഷെ ഞാൻ എവിടാണ് നിൽക്കുന്നത് എന്ന ബോധം എന്നെ അതിൽനിന്നകറ്റി .

ആളുകൾ സാവധാനം എത്തിത്തുടങ്ങി . വൃദ്ധന്റെ വിധി നടപ്പിലാക്കാറായി . ചിലർ ചുറ്റുമുള്ള മരങ്ങളിൽ കയറിയിരുന്നു പ്രേതപിശാചുക്കളെ ഓടിക്കാനുള്ള മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങി . അയാളെ ആരൊക്കെയോ അവിടേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു . വിചിത്രഭാഷയിലുള്ള ആക്രോശങ്ങൾ ഉച്ചസ്ഥായിലായി . കുന്തംകൊണ്ട് കുത്തിയും കത്തികൊണ്ട് പൂളിയും ചുറ്റും നിന്നവർ അയാളെ മുറിവേൽപ്പിച്ചു . ആ വയോധികന് ഒന്ന് മിണ്ടാൻ പോലും ആവുന്നില്ല . ചിലർ മുറിവിലേക്ക് മുളകുപൊടി വിതറി. വേദന സഹിക്കാനാവാതെ ആയാൾ അവിടെ നിന്നും കുതറിയോടി . അടുത്തുള്ള നദിയായിരുന്നു ലക്ഷ്യം . ആയുധമേന്തിയ ആ കാട്ടാളക്കൂട്ടം അട്ടഹസിച്ചുകൊണ്ട് പിന്നാലെ പാഞ്ഞു . അധികം താമസിയാതെ പോയവരൊക്കെ തിരികെയെത്തി . ആ വയോധികന്റെ ചോരപുരളാത്ത ഒരാൾ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല . അവർ അയാളുടെ തലയോട് തകർത്ത് തലച്ചോർ നദിയിലൊഴുക്കി . ചടങ്ങ് ആപ്പോഴാണത്രെ പൂർത്തിയാവുന്നത് !

1860 കളിലെ ലണ്ടൻ റോയൽ സൊസൈറ്റിയുടെ മീറ്റിംഗ് ആണ് രംഗം . വിഖ്യാതനായ ആഫ്രിക്കൻ പര്യവേഷകൻ പോൾ ഡു ഷെയു (Paul du Chaillu – ഫ്രഞ്ച് ഉച്ചാരണം ) തന്റെ യാത്രകഴിഞ്ഞു തിരികെയെത്തിയിരിക്കുന്നു . ആകാംക്ഷമുറ്റിയ ആ മുഖങ്ങൾ കണ്ട് ഷെയു തന്റെ കൂറ്റൻ പെട്ടി തുറന്നു . അതിനുള്ളിലെ സാധനം കണ്ട് പെണ്ണുങ്ങൾ ഹാൾ വിട്ട് പുറത്തേക്കോടി . മനുഷ്യന്റെ മുഖമുള്ള കറുത്ത രോമാവൃതമായ ഒരു ജീവി ! ഷെയു അതിനെ വെടിവെച്ചുകൊന്ന് ഡ്രസ്സ് ചെയ്തുകൊണ്ട് വന്നിരിക്കുകയാണ് ! “ഇത്തരം പത്തിരുപതെണ്ണം കൂടി എന്റെ പക്കൽ ഉണ്ട്. നിങ്ങൾ കഥകളിൽ വായിച്ചിട്ടുള്ള മനുഷ്യരൂപമുള്ള ജീവികൾ യാഥാർഥ്യമാണ് . ഇതുപോലുള്ള അനേകം ജീവികൾ ആഫ്രിക്കയിലെ വനങ്ങളിൽ കഴിയുന്നുണ്ട് ! ” ഹാളിൽ ആളുകൾ ഒച്ചവെച്ചു തുടങ്ങി . ” തീർന്നില്ല !”ഷെയു അലറി . ഉടൻ മറ്റൊരു പെട്ടി തുറന്നു . കുറെ കുട്ടികളുടെ അസ്ഥികൂടങ്ങൾ ! ” ഇത് നിങ്ങൾ വിചാരിക്കുന്നതുപോലെ കുട്ടികൾ അല്ല , പ്രായം തികഞ്ഞ മനുഷ്യരാണ് . നിങ്ങൾ ഗ്രീക്ക് പുരാണങ്ങളിൽ വായിച്ചിട്ടുള്ള അതേ പിഗ്മികൾ ! ” അന്ന് വരെ വെറും മിത്ത് എന്ന് പലരും കരുതിയിരുന്ന രണ്ട് പ്രഹേളികകളാണ് ഷെയു പുറംലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തത് . പിറകെ ചാൾസ് ഡാർവിന്റെ പുസ്തകം കൂടി ഇറങ്ങിയതോട്കൂടി ശാസ്ത്രലോകം ഒരു വൻ വിപ്ലവത്തിന് തന്നെ സാക്ഷിയാവുകയായിരുന്നു .

തന്റെ ആഫ്രിക്കൻ പര്യടനമെല്ലാം പുസ്തകങ്ങളാക്കി പോൾ ഡു ഷെയു മനുഷ്യമനസുകൾ കീഴക്കിയിരുന്ന കാലം . കുറെയൊക്കെ പർവ്വതീകരിച്ച് എഴുതിയിരുന്ന ആ കുറിപ്പുകളിലെ ഭീമാകാരങ്ങളായ ഗൊറില്ലകളെ ആറാം വയസുമുതൽ മനസ്സിലിട്ട് താലോലിച്ചിരുന്ന അമേരിക്കൻ വൈമാനികനായിരുന്ന മെരിയൻ സി കൂപ്പർ അതെല്ലാം കാച്ചിക്കുറുക്കി തന്റെ ഭാവനകളും ചേർത്ത് ലോകപ്രശസ്തമായ ഒരു ഭീമൻ ഗറില്ലയ്‌ക്ക്‌ ജന്മമേകി . കിംഗ് കോങ്ങ് !!! കുഞ്ഞുമനസുകളിലെ ഭീമൻ ഹീറോ , കിംഗ് ഓഫ് ദി ജംഗിൾ ആയ കോംഗ്, സത്യത്തിൽപോൾ ഡു ഷെയുവിന്റെ പർവ്വതീകരിച്ച ആഫ്രിക്കൻ വിവരണത്തിൽ നിന്നുണ്ടായ സാങ്കൽപ്പിക കഥാപാത്രമാണ് . എങ്കിലും ഇന്ന് നാം കാണുന്ന പല ആഫ്രിക്കൻ അത്ഭുതങ്ങളും പുറംലോകത്തിന് കാട്ടിത്തന്ന ഡു ഷെയുവിനെ ആർക്കും വിസ്മരിക്കാനാവില്ല .

യാത്രയാരംഭിക്കുന്നു 

വർഷം 1850 . ഫിലാഡെൽഫിയിലെ അക്കാഡമി ഓഫ് നാച്ചുറൽ സയൻസ് നിർദ്ദേശിച്ചതിൻപ്രകാരമാണ് ഞാൻ  മൂന്ന് കൊടിമരങ്ങൾ പേറുന്ന ഈ ചെറുകപ്പലിൽ ആഫ്രിക്കൻ പര്യടനത്തിനായി യാത്ര തിരിച്ചത് . വൻകരയുടെ പടിഞ്ഞാറൻ ഭാഗത്ത് ഏകദേശം ഭൂമധ്യരേഖക്ക് അടുത്തായി ആണ് ഞങ്ങൾ കപ്പൽ അടുപ്പിച്ചത് .  തീരത്തുനിന്നും നോക്കിയാൽ നോക്കെത്താദൂരത്തോളം പച്ചത്തഴപ്പ് തന്നെ . എന്നാൽ ഞങ്ങളുടെ കപ്പൽ കരയിലേക്കടുക്കുംതോറും ആ വനത്തിന് ജീവൻവെച്ചതായി തോന്നി . മരങ്ങളുടെ ചെറിയ അനക്കംപോലും തീരത്ത് ഓരോ മനുഷ്യരായി പരിണമിച്ചു . പലരും ചെറുതോണികളിലായി  ഞങ്ങളുടെ അടുത്തേയ്ക്ക് മെല്ലെ തുഴഞ്ഞടുത്തു . ആക്രമണമല്ല , കച്ചവടമാണ് അവരുടെ ലക്ഷ്യം . സത്യം പറയാമല്ലോ എനിക്കാരെയും വേർതിരിച്ചു കാണാൻ സാധിക്കുന്നില്ല . എല്ലാവരും ഒരുപോലിരിക്കുന്നു . ഇവരുടെ വസ്ത്രധാരണം കണ്ടാൽ നിങ്ങൾക്ക് ചിരിവരും . ദേഹത്ത് എന്തൊക്കെയോ ഉണ്ട് അത്രതന്നെ !  ഞങ്ങളൊക്കെ പൊട്ടൻമ്മാർ ആണെന്നാണ് ഇവരുടെ വിചാരം എന്ന് തോന്നുന്നു . അത്രയ്ക്ക് ശബ്ദമുയർത്തിയാണ് വിചിത്രഭാഷയിൽ ഇവർ സംസാരിക്കുന്നത് . അവരുടെ കയ്യിൽ ഉള്ളത് തന്നിട്ട് ഉടുപ്പുകളും മറ്റും വാങ്ങിക്കാനാണ് ഇവർ ഇത്ര തിരക്ക് കൂട്ടുന്നത് . ഒരാളുടെ കയ്യിൽ ഒരു കോഴിയുണ്ട് , മറ്റൊരാൾക്ക് രണ്ടു മുട്ടകൾ , മൂന്നാമന്റെ കയ്യിൽ ഒരു വാഴക്കുല …. അങ്ങനെ പല വസ്തുക്കൾ .  ബെനിറ്റോ നദിയിൽ നിന്നും അധികം ദൂരെയല്ലാതെയാണ് കപ്പൽ  ഇപ്പോൾ നങ്കൂരമിട്ടിരിക്കുന്നത് . തീരത്ത് ചുറ്റും കൂടിയിരിക്കുന്നവരെ കണ്ടാൽ നമ്മെ ഇപ്പോൾ കൊല്ലും എന്ന് തോന്നിപ്പോകും . ഇവരുടെ മുഖഭാവങ്ങളും വികാരങ്ങളും ഞാൻ കുറേക്കൂടി വിശദമായി പഠിക്കേണ്ടിയിരിക്കുന്നു .

കാടിനകത്തുള്ള ഗ്രാമത്തിലേക്കാണ് അവർ ഞങ്ങളെ നയിച്ചത് . കൊടും വനം തന്നെ . ചെടികളിൽ മുട്ടിയുരുമ്മി കീറിപ്പറിയാതെ നിങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല . പക്ഷെ ഞങ്ങൾ വെള്ളക്കാരുടെ തൊലിമാത്രമേ മുറിഞ്ഞുള്ളൂ . ഇവരൊക്കെ ആ നിബിഡവനത്തിനുള്ളിൽ കാടറിയാതെ , അതിൽ ലയിച്ച് , ശരീരമില്ലാത്ത ആത്മാക്കളെപ്പോലെയാണ് സഞ്ചരിക്കുന്നത് എന്ന് തോന്നുന്നു . അവർ അൻപത് പേർ  ഉണ്ടാക്കുന്ന ശബ്ദം ഞാനൊറ്റക്ക് ഉണ്ടാക്കി എന്നതാണ് രസം !  കൂറ്റൻ മരങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്താണ് അവരുടെ ഗ്രാമം . പുറമെ നിന്നും നോക്കിയാൽ അകത്ത് ഇത്തരമൊരു ജനവാസകേന്ദ്രം ഉള്ളതായി ആർക്കും മനസിലാവില്ല . ഇതിന്റെ മറുവശം അനന്തവിശാലമായി കിടക്കുന്ന ഒരു പുൽമേടാണ് . അങ്ങിനെ  ജീവിതത്തിലെ ആദ്യ ആഫ്രിക്കൻ ഗ്രാമത്തിലേക്ക് ഞാൻ കാലെടുത്തുവെച്ചു .  ഉയരമുള്ള മരവീടുകൾ . ഒറ്റ ജനാലപോലുമില്ല . കുനിഞ്ഞു അകത്തുകയറിയാൽ ഇരുട്ടുകാരണം കുറച്ചുനേരത്തേക്ക് ഒന്നും കാണില്ല . കണ്ണുകൾക്ക് കാര്യം മനസിലായി വരാൻ സമയമെടുക്കും . ഉയരത്തിനനുസരിച്ചുള്ള വീതിയും നീളവും ഉള്ള ഒരു ചെറു കുടിൽ . ഒറ്റ കസേരപോലുമില്ല ഒന്നിരിക്കുവാൻ . അത്തരമൊരു കുടിൽ  അവർ എനിക്കായി അന്തിയുറങ്ങാൻ സമ്മാനിച്ചു . ചുരക്കകൊണ്ട് നിർമ്മിച്ച പാത്രങ്ങളിൽ കലങ്ങിയ വെള്ളം കുടിക്കാനായി ഒരു മൂലയിൽ വെച്ചിരുന്നത് അനുഗ്രഹമായി തോന്നി . മറ്റൊരു മൂലയിൽ വളഞ്ഞ ഒന്ന് രണ്ടു കുന്തങ്ങളും , കിടക്കാനായി പലകപോലെ എന്തോ ഒന്നും ! ഇരുളിന്റെ മറവിൽ എത്തിയേക്കാവുന്ന പാമ്പ് , പഴുതാര തുടങ്ങിയ ഉരഗമിത്രങ്ങളെ ഓർത്ത് ഞാനൊന്ന് ഞെട്ടി .

രാജാവിന്റെ മകൻ എന്നെ കാണാൻ എത്തി . അപ്പൻ രാജാവ് ഉടൻ എത്തും എന്നദ്ദേഹം അറിയിച്ചു . അവർ എന്നെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി . കൊട്ടാരമെന്ന് വെച്ചാൽ ഞാൻ മുൻപ് പറഞ്ഞ കുടിലിന്റെ ഇരട്ടിവലിപ്പമുള്ള ഒരെണ്ണം അത്രതന്നെ ! നല്ല ഉയരമുള്ള ഒത്ത ഒരു നീഗ്രോ , അതായിരുന്നു രാജാവ് . ദേഹമാസകലമുള്ള ചിത്രപ്പണികൾ കാരണം കണ്ണേത് , മൂക്കേത് എന്നൊക്കെ തിരിച്ചറിയാൻ ഒരല്പസമയം എടുത്തു എന്നത് നേര് .  ഒരു കസേര സ്വന്തമായി ഉള്ള ആളായിരുന്നു അദ്ദേഹം . അനേകം ഭാര്യമാരോടൊത്ത് കഴിയുന്ന രാജാവ് എന്നെ അടിമുടിയൊന്ന് നോക്കി . കുറച്ചു നേരത്തേക്ക് ഒന്നും ഉരിയാടിയില്ല . പിന്നെ ഒരു ചിരിയായിരുന്നു . എന്നെ കണ്ടാൽ ഒരു കോമാളിയെപ്പോലുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത് ! ഓർക്കുക , ഞാൻ അവരെക്കുറിച്ച് ചിന്തിച്ചതുപോലെ തന്നെ അവർ എന്നെക്കുറിച്ചും വിചാരിച്ചു . പരിഹാസം വെള്ളക്കാരന്റെ മാത്രം കുത്തകയല്ല .

കൂടെയുള്ളവർ കപ്പലിലേക്ക് തിരികെപ്പോയി . ഞാൻ ഗ്രാമത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു . വൈകുന്നേരത്തോടെ ആ ഗ്രാമവീഥികളിലൂടെ ഒന്ന്  ചുറ്റാനും ഞാൻ ആഗ്രഹിച്ചു . ഒരു കുടയെടുത്തത് നന്നായി . അല്ലെങ്കിൽ ഞാൻ ആവിയായിപ്പോയേനെ . അത്രക്കുണ്ട് ആഫ്രിക്കൻ സൂര്യന്റെ ശൗര്യം . ഗ്രാമത്തിന്റെ ഒത്തനടുക്ക് ഒരു ഭീമാകാരനായ രൂപം ഉണ്ടാക്കിവെച്ചിട്ടുണ്ട് . കുട്ടികൾ കണ്ടാൽ പേടിച്ചു നിലവിളിക്കും , അത്രയ്ക്ക് വൃത്തികെട്ടൊരു ശില്പമായിരുന്നു അത് . ഇവരുടെ ആരാധനാമൂർത്തിയാവാം . നേരം സന്ധ്യയാവുന്നു . അപ്പുറത്തെ വനത്തിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ ഉയരുന്നുണ്ട് .  വഴികൾ വിജനമായി . സൂര്യൻ അസ്തമിച്ചതോടെ   കനത്ത അന്ധകാരം വ്യാപിച്ചു .  പക്ഷെ അത് അധികനേരം നീണ്ടുനിന്നില്ല . അകലെയുള്ള കുടിലുകളിൽ നിന്നും ചെറു തീപ്പന്തങ്ങൾ പ്രകാശിച്ചു തുടങ്ങി . പതുക്കെ പതുക്കെ അവയ്‌ക്കൊക്കെ ജീവൻ വെച്ച് തുടങ്ങി . ഗ്രാമം വീണ്ടും സജീവമായി തുടങ്ങി . ആളുകൾ സാവധാനം മുൻപ് പറഞ്ഞ ആ ഭീകര ശിൽപ്പത്തിനടുത്തേക്കാണ് വരുന്നത് . തീപ്പന്തങ്ങളുടെ പ്രഭയിൽ ആ ഗ്രാമമാകെ ചുവന്നു തുടുത്തു . ഞാനൊരു പ്രത്യേക ലോകത്ത് കുടുങ്ങിയതായി തോന്നി . ആണുങ്ങളുടെ കയ്യിൽ കുന്തങ്ങളും മറ്റ് ആയുധങ്ങളും ഉണ്ട് . എല്ലാവരും  അവരുടെ ആരാധനാമൂർത്തിയുടെ ചുറ്റും വൃത്താകൃതിയിൽ അണിനിരന്നു . കൂറ്റൻ ചെണ്ടകൾ ആർത്തുവിളിച്ചു തുടങ്ങി . ആലോ  ഹോയ് ….. ആലോ ഹോയ് ………  വന്യമായ ആഫ്രിക്കൻ താളം ! ആണുങ്ങളും പെണ്ണുങ്ങളും ആബോധാവസ്ഥയിലെന്നതുപോലെ  ഉറഞ്ഞു തുള്ളുകയാണ് . ഇതൊരു വേട്ടയ്ക്കുള്ള പടപ്പുറപ്പാടാണ് . ദേവനോട് അനുവാദം ചോദിക്കുന്ന ചടങ്ങാണിത് . അരമണിക്കൂറോളം ആ ആഫ്രിക്കൻ മായാലോകത്ത് ഞാൻ തരിച്ചു നിന്നു . പതുക്കെ പതുക്കെ ആ താളം നിലച്ചു . ആണുങ്ങൾ കാടിന്റെ ഭീകരത്തിലേയ്ക്ക് ഊളിയിട്ടു . പെണ്ണുങ്ങൾ വീടുകളിലേക്ക് മടങ്ങി . എല്ലാം വീണ്ടും ശാന്തമായി . അങ്ങിനെ എന്റെ ആദ്യ ആഫ്രിക്കൻ ദിനം കഴിഞ്ഞു .

വനത്തിലെ ആദ്യദിനം 

ഞങ്ങളിപ്പോൾ എവിടാണ് ? ആഫ്രിക്കയിൽ , ഭൂമധ്യരേഖക്കടുത്ത് . എന്താണിവിടെ പ്രത്യകത ? നട്ടുച്ചക്ക് സൂര്യൻ നിങ്ങൾക്ക് സൂക്ഷം മുകളിൽ വരും . രാത്രിയും പകലും ഏതാണ്ട് ഒരേ ദൈർഘ്യമാണ് . ആറുമണിയോടെ സൂര്യൻ ഉദിക്കും , ആറുമണിയോടെ അസ്തമിക്കുകയും ചെയ്യും . പ്രഭാതം പൊടുന്നനെ പൊട്ടിവിടരും  , അതുപോലെ നിമിഷം കൊണ്ട് കൂരിരുട്ടാവുകയും ചെയ്യും .  ആകെ രണ്ട് കാലങ്ങളെ ഞാൻ കണ്ടുള്ളൂ . മഴക്കാലവും വേനൽക്കാലവും . മഴയെന്നു വെച്ചാൽ നിങ്ങൾക്ക് ഊഹിക്കാൻപോലുമാവില്ല . അത്രയ്ക്ക് കനത്ത വീഴ്ചയാണ് . ആകാശ മുഴുവനും ഇടിയും മിന്നലും തന്നെ ! നിങ്ങളുടെ രോമം മാത്രമല്ല , മുടിയും എഴുന്നേറ്റ് നിൽക്കും , അത്രയ്ക്കുണ്ട് ആ കോലാഹലം . ഞങ്ങളിപ്പോൾ പടുകൂറ്റൻ മരങ്ങൾ നിറഞ്ഞ ഒരു കാട്ടിനുള്ളിലാണ് . ഒരു ഒലാക്കോ (കൂടാരം)  ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും . ഗ്രാമത്തിൽ നിന്നും കൊണ്ടുവന്ന ഉണക്ക മരങ്ങളും മറ്റും കൊണ്ടാണ് നിർമ്മാണം . കനത്ത കാറ്റ് വീശിയാൽ പിന്നെ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല . കൂറ്റൻ  മരങ്ങൾ മുകളിലേക്ക് വീണ് പ്രകൃതി തന്നെ ഒരു സെമിത്തേരി നിങ്ങൾക്കായി പണിതു തരും . ചെറിയൊരു അരുവിയുടെ തീരത്താണ് കുടിൽ നിർമ്മാണം . ആണുങ്ങൾ കോടാലിയുമെടുത്തത് പണി തുടങ്ങിയപ്പോൾ പെണ്ണുങ്ങൾ ഭക്ഷണം തയാറാക്കാനായി തുടങ്ങി . അത്താഴം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കാറ്റടിച്ചു തുടങ്ങി. മരപ്പൊത്തുകളിൽ കയറിയിറങ്ങിയ കാറ്റ് ചൂളമടിച്ച് തന്റെ സാന്നിധ്യം അറിയിച്ചു . ഞങ്ങളുടെ കൂടെയുള്ള നായകൾ കൂടാരങ്ങളിലേക്ക് വലിയുന്നതുകണ്ടപ്പോഴേ ഊഹിച്ചു , ചെറുതല്ലാത്ത കാറ്റും മഴയും വരുന്നുണ്ട് . ആകാശം രണ്ടായി പിളർന്ന മാതിരി ഒരു വെള്ളിടിവെട്ടി . അതിലൂടെ പിടിവിട്ട് താഴേക്കു കൂപ്പുകുത്തിയ മഴ മണിക്കൂറുകളോളം നീണ്ടു നിന്നു . കൂടാരങ്ങൾ പണിതില്ലായിരുന്നുവെങ്കിൽ ഞങ്ങളീമഴയിൽ ഒലിച്ചില്ലാതായേനെ . പതുക്കെ പതുക്കെ മഴ തോർന്നു തുടങ്ങി . പ്രകൃതി ശൗര്യംപൂണ്ടപ്പോൾ അകത്തു ചുരുണ്ടുകൂടിയ ഞങ്ങൾ ആണുങ്ങൾ പതുക്കെ വീമ്പുപറച്ചിലിനായി പുറത്തിറങ്ങി . നാലോ അഞ്ചോ സ്ഥലങ്ങളിൽ തീകൂട്ടി ഞങ്ങൾ അതിനു ചുറ്റും കൂടിയിരുന്നു . നാളത്തെ വേട്ടയിൽ ഏതു മൃഗത്തെ പിടിക്കണം എന്നതായിരുന്നു ചർച്ച . മാൻ , പോത്ത് , ആന അങ്ങിനെ പോയി ഓരോരുത്തരുടെയും ആഗ്രഹങ്ങൾ . എനിക്കിഷ്ടം കാട്ടുപന്നിയെ ആയിരുന്നു . കിട്ടിയാൽ സാമാന്യം നല്ലതോതിൽ ഇറച്ചികിട്ടും എന്നതായിരുന്നു കാരണം . പതുക്കെ പതുക്കെ ഓരോരുത്തരായി കൂടാരങ്ങളിലേക്ക് മടങ്ങി . എല്ലാവർക്കും നല്ല ക്ഷീണമുണ്ടായിരുന്നു . അങ്ങിനെ ഞങ്ങൾ മൂന്നാലുപേർ മാത്രം അവശേഷിച്ചു . തീ കെടാതെ നോക്കുവാനും , മൃഗങ്ങളുടെ ആക്രമണം തടയുവാനും ആരെങ്കിലും ഉണർന്നിരുന്നേ മതിയാവൂ . സാവധാനാനം  ഞങ്ങളുടെ സംസാരവും നിലച്ചു . ഞാനൊരു മരത്തിൽ ചാരിയിരുന്നു . തോക്ക് അരികിൽ തന്നെയുണ്ട് . രാത്രിയിൽ കാട് സജീവമാണ് . പല മൃഗങ്ങളും വേട്ടയാടാൻ ഇറങ്ങുന്ന സമയം . അകലെ നിന്നും കൂവലുകളും , അലർച്ചകളും കേൾക്കുന്നുണ്ട് . മഴവെള്ളം ഇപ്പോഴും ഒഴുകിത്തീർന്നിട്ടില്ല . പതുക്കെ എന്റെ കണ്ണുകളും അടഞ്ഞു തുടങ്ങി . പക്ഷെ എന്തോ അപകടം എന്റെ തലച്ചോർ മണത്തറിഞ്ഞു . ഞാനുണർന്നു . ചെവി വട്ടം പിടിച്ചു . കനത്ത നിശബ്ദത ! ഗ്രാമവാസികളിൽ നിന്നും കിട്ടിയ അറിവ് വെച്ച് അതപകടമാണ് . വലിയൊരു മാംസഭോജിയുടെ സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞു . കൂട്ടരിൽ ഒരാൾ തോക്കെടുത്തു ഉന്നം വെയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു . ഠേ !!

ആളുകൾ ഞെട്ടിയുണർന്നു . പുലി ! പുലി ! എഴുന്നേറ്റവരെല്ലാം തലങ്ങും വിലങ്ങും വെടിവെച്ചു . എന്തോ ഒന്ന് മരത്തലപ്പിൽ  നിന്നും ചാടി ഇരുളിൽ മറയുന്നത് ഞാൻ കണ്ടു . രാത്രിയിൽ ഒരു നേരത്തെ ഭക്ഷണത്തിനായി അവനെത്തിയതാണ് . ഭാഗ്യത്തെ കൊണ്ട് രക്ഷപെട്ടു . ഒന്ന് മനുഷ്യനെ രുചിച്ചാൽ ഇവറ്റകൾ വീണ്ടും വീണ്ടും നമ്മുടെ പിറകെ കൂടും . എത്രയോ കാപ്പിരികളെ പുലികൾ ഭക്ഷണമാക്കിയിരിക്കുന്നു ! ഒരു ഗ്രാമത്തിൽ നിന്നും ആരെയെങ്കിലും പുലി പിടിച്ചാൽ അവർ ആ ഗ്രാമം എന്നന്നേയ്ക്കുമായി ഉപേക്ഷിക്കും . മനുഷ്യരക്തം കുടിച്ച പുലി അവിടെ വീണ്ടു വീണ്ടും വരുമെന്നവർക്കറിയാം . ശരി ഇനി ഉറങ്ങട്ടെ . നാളെ ആഫ്രിക്കൻ കോബ്രയുമായും  , നിയറെയുമായും  (കാട്ടുപോത്ത്)  ഏറ്റുമുട്ടാനുള്ളതാണ് .

വനം . ഓരോ  സമയത്തും ഓരോ മുഖമാണവൾക്ക് . കാടിന്റെ ദിവസം ആരംഭിക്കുന്നത് വൈകുന്നേരമാണ് . സൂര്യനെപ്പേടിച്ച്  ഇരുളിന്റെ മറവിൽ ഒളിച്ചിരുന്ന സകല ജാതി മൃഗങ്ങളും ചൂട് കുറയുന്നതോടെ സാവധാനം  പുറത്തിറങ്ങുന്നു . താഴ്ന്നപ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന ജലം ആവോളം മോന്തിയശേഷം ചില മൃഗങ്ങൾ അയവിറക്കി നടക്കുകയോ കിടക്കുകയോ ചെയ്യും . മറ്റു ചിലർ ഇരപിടിക്കാനുള്ള ശ്രമത്തിലായിരിക്കും . സന്ധ്യയോടെ മേൽക്കാട് ഉറക്കത്തിലേക്ക് വഴുതിവീഴുകയും അടിക്കാട് സജീവമാവുകയും ചെയ്യും . വനത്തിലെ സകലജാതി മൃഗങ്ങളും ഉണർന്നിരിക്കുന്ന സമയം വെളുപ്പിനെ ആണ് . ഏവരും ശബ്ദമുണ്ടാക്കി അവരവരുടെസാന്നിധ്യം അറിയിക്കും . ഓരോ ജാതിയും ഉറക്കമുണരുന്നത് ഓരോ സമയങ്ങളിലാണ് . ഏറ്റവും ഉയരത്തിൽ ജീവിക്കുന്നവ ആദ്യം ഉണർന്ന് കോട്ടുവായിട്ട് കൂവാൻ തുടങ്ങും .  ആഫ്രിക്കൻ ഭീമൻ അണ്ണാനുകൾ   മുതൽ പല ജാതി കുരങ്ങുകൾ , പിന്നെ താഴേക്ക് വിവിധയിനം പക്ഷികൾ അങ്ങിനെ ക്രമത്തിൽ അവർ ശബ്ദമുണ്ടാക്കും . രാത്രി ഭക്ഷണത്തിന്റെ നിറവിൽ വിശ്രമിക്കാൻ  തയ്യാറെടുക്കുന്ന മാംസഭോജികളുടെ അലർച്ചയോടെ ആ ശബ്ദഘോഷങ്ങൾക്ക് വിരാമമാകും . ഇതിനിടയ്ക്ക് എന്നെപ്പോലൊരു മനുഷ്യന് ഉറങ്ങാനാവുമോ ? കാടിന്റെ പശ്ചാത്തലസംഗീതത്തിൽ മുഴുകിയിരിക്കുവാൻ എനിക്ക് സമയമില്ല . ഞങ്ങൾ അതിവേഗം യാത്രയ്ക്ക് തയ്യാറായി .

പാമ്പും, കാട്ടുപോത്തും

ആദ്യം തന്നെ ഞങ്ങൾ എതിരിട്ടത്‌ മധ്യാഫ്രിക്കൻ വനങ്ങളിലെ ഏറ്റവും കൊള്ളരുതാത്തവനെ തന്നെയാണ് . മുന്തിയ ഇനം വിഷമുള്ള അതികായനായ ഗ്രീൻ മംബ ! പ്രകൃതിയുടെ നിറമാണ് ഈ പാമ്പിന് . അതിനാൽ നമ്മുടെ കണ്ണിൽ ഇവറ്റകൾ പെടില്ല . ഒരു കാരണവശാലും ഇവൻ മരം  വിട്ട് നിലത്തിറങ്ങില്ല . എവിടെയെങ്കിലും വള്ളിപോലെ കിടക്കും . വല്ല  പക്ഷികളോ , കുരങ്ങൻമ്മാരോ അടുത്തെത്തിയാൽ ചെറിയൊരു ദംശനം . പണി നമ്മുക്കിട്ടാണ് കിട്ടുന്നതെങ്കിൽ ശ്വാസതടസം ഉണ്ടാവും എന്നാണ് കാപ്പിരികൾ പറയുന്നത് പിന്നെ ബോധം  നശിക്കും . ഇവനെ പിടിക്കാൻ ഈ കാട്ടിൽ പരുന്തുകൾ മാത്രമേയുള്ളൂ (Snake Eagles ).  എന്നെകണ്ടമാത്രയിൽ അവൻ തല പൊന്തിച്ച്  നാക്ക്  നീട്ടി ഹിസ്  ശബ്ദം പുറപ്പെടുവിച്ചു . ഞാൻ രണ്ടു ചുവടു പിറകിലേക്ക് മാറി തോക്കെടുത്ത് ഉന്നം വെച്ച്  നിറയൊഴിച്ചു . എട്ടടിയോളം നീളമുണ്ടായിരുന്നു അവന് ! . ഞാനതിനെ സസൂക്ഷ്മം കീറിമുറിച്ച് പഠിച്ചു . അവന്റെ വയറ്റിൽ ഒരു ഭീമൻ പക്ഷിയും ഉണ്ടായിരുന്നു . തല വെട്ടിമാറ്റി അതിന്റെ വിഷപ്പല്ലുകൾ പരിശോധിച്ചു . ആവശ്യംപോലെ ഇവറ്റകൾക്ക് ഇത് പുറത്തേക്ക് തള്ളുകയും പിൻവലിക്കുകയും ആവാം . തള്ളുമ്പോൾ അകത്തുള്ള വിഷസഞ്ചിയിൽ മർദം ചെല്ലുകയും വിഷം ഇതിലേയ്ക്ക് ഇരച്ചെത്തുകയും ചെയ്യും . പഠനം കഴിഞ്ഞു പാമ്പിനെ ഞാൻ കാപ്പിരികൾക്ക് കൈമാറി . അവർക്കന്നത്തെ പ്രധാനഭക്ഷണം അതായിരുന്നു. തീയിലിട്ട് ചുട്ടെടുത്താണ് ഗ്രീൻ മംബ റോസ്റ്റ് ഉണ്ടാക്കുന്നത് . മിച്ചം വന്നവ വെച്ച് സൂപ്പും ഉണ്ടാക്കി .  കാപ്പിരികൾ പാമ്പിനെ കഴിക്കുന്നത് ഞാനാദ്യം കാണുകയായിരുന്നു .

വൈകുന്നേരത്തോടെ എനിക്കൊരു  ഭീമൻ മലയണ്ണാനെ വെടിവെച്ചിടാൻ സാധിച്ചു . ശ്രദ്ധയോടെ അതിനെ വെടിപ്പാക്കി തീയിലിട്ട് ചുട്ടുകഴിച്ചു . നേരം ഇരുണ്ട് തുടങ്ങി . കാട് പതുക്കെ നിശബ്ദമായി . ഒരു മരക്കഷ്ണത്തിൽ തലചായ്ച്ച് ഞാനുറങ്ങാൻ ശ്രമിച്ചു . തൊട്ടടുത്ത് തീയെരിയുന്നുണ്ട് .  എന്തൊക്കെയോ ശബ്ദങ്ങൾ . ഒരു വിറകുകൂടി ഞാൻ തീയിലേക്കിട്ടു . അതെ കിടപ്പിൽ തന്നെ ഞാൻ എരിതീയിലേയ്ക്ക് നോക്കി . മനസ്സിൽ എന്തൊക്കെയോ വിചാരങ്ങൾ . ആ വിറകിൽ നിന്ന് എന്തോ ഒന്ന് ഇറങ്ങിവരുന്നു . സാമാന്യം വലിപ്പമുള്ള ഒരു തേളാണ് . മറ്റൊരു കമ്പുകൊണ്ട് ഞാനതിനെ ഞെക്കിപ്പിടിച്ചു . അവൻ അതിന്റെ  വാലറ്റം കൊണ്ട് ആ കമ്പിൽ ക്ഷതമേല്പിക്കുന്നതു കണ്ട് ഞാനോർത്തു , ഇവൻ എന്നെ കുത്തിയിരുന്നെങ്കിലോ ! ഈ രംഗം കണ്ട ആൻഡെക്കെ (നമ്മുടെ രാജാവിന്റെ മകൻ ) എന്നോട് പറഞ്ഞു . “ഈ തേൾ ഇവിടെ സാധാരണമാണ് . ഉണക്കവിറകുകളുടെ ദ്വാരങ്ങളിലാണ് പാർപ്പ് . കുത്തിയാൽ ദേഹമാസകലം വിയർക്കും , നല്ല വേദനയുമെടുക്കും . അതിനാൽ വിറകുകൾ നിലത്ത് തല്ലി ഇവറ്റകളെ ഓടിച്ചിട്ടേ എടുക്കാവൂ . ” ഒരു ദീർഘനിശ്വാസത്തോടെ ഞാൻ മുകളിലേക്ക് നോക്കി . ആകാശം കാണ്മാനില്ല . കൂറ്റൻ വൃക്ഷത്തലപ്പുകൾ പടർന്നു കിടക്കുന്നു . അവിടെ ഇരുന്നുകൊണ്ട് ഒരു പുലി എന്നെ നോക്കുന്നുണ്ടോ ? അതോ കുരങ്ങാണോ ? അല്ലെങ്കിൽ മംബ? രസകരമായ ഭീതിയുടെ ആവരണം എടുത്തണിഞ്ഞുകൊണ്ടു ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു .

രാത്രിയിലെപ്പോഴോ എനിക്ക് ബോധം വന്നു . തീയെല്ലാം അണഞ്ഞിരിക്കുന്നു . എന്തോ എന്നെ കടിച്ചിട്ടുണ്ട് . ദേഹമാസകലം വിയർക്കുന്നു . എന്തൊക്കെയോ ദേഹത്തൂടെ ഓടിനടക്കുന്നു . എനിക്ക് ശ്വസിക്കാനാവുന്നില്ല ! ഞാൻ ഞെട്ടിയെഴുന്നേറ്റു . ഇല്ല ഒന്നുമില്ല . സ്വപ്നമാണ് . ഞാൻ ചുറ്റും നോക്കി . എല്ലാവരും ഉറക്കമാണ് . ഒന്നോ രണ്ടോ തീക്കുണ്ഡങ്ങൾ എരിയുന്നുണ്ട് . കാടിങ്ങനെയാണ് . മുൻപ് പറഞ്ഞ ഭീതിയുടെ മേലാപ്പ് നമ്മുടെ മനസിനെ പിടിച്ചു കുലുക്കും.  കാട്ടിൽ   നമ്മുക്ക് ഇങ്ങനെ പലതും തോന്നും . വഴിതെറ്റും . വിഭ്രാന്തി ഉണ്ടാവും . പരിചയമില്ലാത്ത ഏതു പരിസ്ഥിതിയിൽ ചെന്നാലും ഇതൊക്കെയുണ്ടാവും . മനസിനെ ശാന്തമാക്കുക . വേറൊന്നും ചെയ്യാനില്ല , അല്ലാതെ കാപ്പിരികൾ പറയുന്നതുപോലെ പിശാച് ബാധിക്കുന്നതല്ല . എപ്പോഴോ ഞാൻ വീണ്ടും ഉറങ്ങിപ്പോയി .

ഞങ്ങളുടെ ക്യാംപിന് വളരെ ദൂരത്തല്ലാതെ വലിയൊരു പുൽമേടുണ്ട് . കാട് പെട്ടന്നവസാനിച്ച് പുൽമേടിന് വഴിമാറുകയാണിവിടെ . ഓളപ്പരപ്പുപോലെ ഉയർന്നും താണും അതങ്ങിനെ വിശാലമായി കിടക്കുകയാണ് . കാറ്റടിച്ചാൽ ഒരു ഉന്മാദനർത്തകിയെപ്പോലെ പുല്ലുകൾ കിടന്നു പുളയുന്നത്  നിങ്ങൾ കാണേണ്ടത് തന്നെ ! അതിവിശാലമായ ഈ പുൽമേടുകളിൽ അസംഖ്യം കാട്ടുപോത്തുകൾ വിഹരിക്കുന്നുണ്ട് . അതിലൊരെണ്ണം എനിക്കുള്ളതാണ് . ഞാനും ആൻഡെക്കെയും മരവും പുല്ലും അറിയാതെ സാവധാനം അവിടെയെത്തി . കാടിന്റെയും മേടിന്റെയും അതിരാണ് ഒളിച്ചിരിക്കാൻ ഉത്തമം . കാടിന്റെ നിഴലിൽ പുൽമേടിലേക്ക് വിശാലമായൊരു കാഴ്ച നമ്മുക്ക് ലഭിക്കും .ആൻഡെക്കെ അസാമാന്യ ധൈര്യമുള്ള ഒരു വേട്ടക്കാരനാണ് എന്ന് അനുഭവം എന്നെ പഠിപ്പിച്ചിട്ടുണ്ട് . ഞങ്ങൾ കാത്തിരുന്നു . അധികം വൈകാതെ അസാമാന്യവലിപ്പമുള്ള ഒരു കാട്ടുപോത്ത് കുറച്ചകലെ പ്രത്യക്ഷപ്പെട്ടു . അവൻ പരിസരം മറന്ന് തീറ്റയിലാണ് . കാറ്റ് ഞങ്ങളിലേക്കാണ് വീശുന്നത് . ഇതാണ് പറ്റിയ അവസരം . ആൻഡെക്കെ കണ്ണിറുക്കി . എന്റെ ചൂണ്ടുവിരൽ പതുക്കെ ചലിച്ചു . അവനു വെടികൊണ്ടു . പക്ഷെ ഉന്നം തെറ്റി . ആ ഭീമൻ മൃഗം വീണില്ല . അതിനു സാരമായി പരിക്ക് പറ്റിയിരിക്കുന്നു . മുക്രയിട്ടുകൊണ്ടു ചാടി ചാടി അവനൊന്നു കറങ്ങി . പൊടിപടലം  തൂണ് പോലെ മുകളിലേക്കുയർന്നു . അതിനിടയിലൂടെ അവൻ ശത്രുവിനെ കണ്ടു ! ഈ ജീവി എങ്ങിനെ പ്രതികരിക്കും എന്നെനിക്ക് അറിവില്ലായിരുന്നു . ആൻഡെക്കെ അപായ ശബ്ദം പുറപ്പെടുവിച്ചു. ഓടാൻ തിരിഞ്ഞ എന്റെ കാലുകൾ മുള്ളുകൾക്കിടയിൽ ഉടക്കി . ഞാൻ ധൈര്യം വീണ്ടെടുത്തു . ഞാനെന്തിന് ഓടണം ? രണ്ടാമതൊരു നിറതോക്ക് അരികിൽ തന്നെ ഉണ്ട് . ആൻഡെക്കെ ഓടിവരുന്നുണ്ട്   . പോത്ത് വലിയൊരു മുക്രയിട്ടുകൊണ്ട് എന്റെ നേരെ കുതിച്ചു . പുല്ലുകൾ വകഞ്ഞുമാറ്റി ഭ്രാന്തുപിടിച്ചതുപോലാണ് ഓട്ടം  .  ലക്ഷ്യം നേരത്തെ കണ്ടുറപ്പിച്ച് തലതാഴ്ത്തി കണ്ണുംപൂട്ടി രണ്ടും കല്പിച്ചുള്ള വരവാണ് . ഇപ്രാവശ്യം എന്റെ ഉന്നം തെറ്റിയില്ല . കാട് നടുങ്ങുമാറൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് എന്നിൽനിന്നധികം ദൂരെയല്ലാതെ അവൻ ചത്തുമലച്ചു . അപ്പോഴേയ്ക്കും ആൻഡെക്കെ അണച്ചുകൊണ്ട് ഓടി എന്റെയരികിൽ എത്തിയിരുന്നു .  കാര്യം ഭംഗിയായി അവസാനിച്ചുവെങ്കിലും , ഞാൻ അത്യാവശ്യം നന്നായി തന്നെ വിരണ്ടു . ഇനിമേലിൽ കുറച്ചുകൂടി കരുതൽ വേണം . ഈ നിബിഡവനത്തിനുള്ളിൽ പരിക്കുപറ്റുന്നത് അഭികാമ്യമല്ല .

നാട്ടുകാർ നിയറെ എന്ന് വിളിക്കുന്ന ആഫ്രിക്കൻ കാട്ടുകാലി ശരീരംകൊണ്ട്  നമ്മുടെ പോത്തിനേക്കാൾ വലുതാണ് . നനുത്ത ചുവന്ന രോമങ്ങളാണ് ഉള്ളതെങ്കിലും ആകമാനം ഇരുണ്ടിരിക്കും . കൊമ്പുകൾ രസമുള്ള രീതിൽ പിറകിലേക്ക് വളഞ്ഞിരിക്കും . പത്തും ഇരുപതും എണ്ണത്തിന്റെ കൂട്ടമായി ആണ് സാധാരണ സഞ്ചരിക്കാറ് . രൂപം കണ്ടാൽ കാലമാനിനും പശുവിനും ഇടയിലുള്ള ഒരു ജീവിയാണെന്നു തോന്നും . എന്തായാലും  ആൻഡെക്കെ തിരികെച്ചെന്ന് ആളുകളുമായി എത്തി . ഏവരും അത്യധികം സന്തോഷത്തിലായിരുന്നു . അതിനെ  പല ഭാഗങ്ങളാക്കി ഞങ്ങൾ ഒലാക്കോകളിലേക്കുകൊണ്ടുപോയി . പേടിച്ചെങ്കിലും അന്നൊരു നല്ല ദിവസമായിരുന്നു .

പിറ്റേ ദിവസം എന്റെ ആഗ്രഹം ഞാൻ ആൻഡെക്കെയോട് പറഞ്ഞു . ഒരു കാട്ടുപന്നിയെ പിടിക്കണം . പുൽമേടിന്റെ മറ്റൊരു ഭാഗത്താണ് കാട്ടുപന്നികൾ സാധാരണ ഇറങ്ങുക എന്നവൻ പറഞ്ഞു . ഇന്ന് രാത്രി അങ്ങോട്ട് പോകാം . അവിടേയ്ക്കു അത്യാവശ്യം നല്ല നടപ്പുണ്ടായിരുന്നു . മരങ്ങൾ തീരെ കുറവ് . ഒരാൾ പൊക്കത്തിൽ ഉയർന്നുനിൽക്കുന്ന ഉറുമ്പിൻ പുറ്റുകളാണ് അവിടെ കൂടുതലും  ഉള്ളത് . മറഞ്ഞു നില്ക്കാൻ പറ്റിയ സ്ഥലം . വലിയൊരു  പുറ്റിന് പിറകിൽ ഞാനും മറ്റൊന്നിന് പിറകിൽ ആൻഡെക്കെയും സ്ഥാനം പിടിച്ചു . നേരം ഇരുണ്ടു തുടങ്ങി . മണിക്കൂറുകൾ കടന്നു പോയി . ഇടയ്ക്കെപ്പോഴോ ദൂരെ ഒരു മാൻകൂട്ടം ഓടിപ്പോയി. വെടിവെക്കാൻ പറ്റിയ അകലമായിരുന്നില്ല  .   വീണ്ടു സമയം ഇഴഞ്ഞു നീങ്ങി . എന്തൊക്കെയോ ശബ്ദങ്ങൾ പലഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട് . പക്ഷെ അതിന്റെ ഉടമകളാരും പ്രത്യക്ഷപ്പെട്ടില്ല . ആൻഡെക്കെ പുറ്റിൽ ചാരിക്കിടന്ന് ഉറങ്ങിത്തുടങ്ങി . പെട്ടന്ന്  പിറകിൽ കാടിന്റെയുള്ളിൽ നിന്നും വലിയൊരു അലർച്ചകേട്ടു . ഞാൻ ചെവി വട്ടം പിടിച്ചു . തോക്കിൽ പിടിമുറുക്കി . അധികം താമസിയാതെ  ആഫ്രിക്കൻവന്യതയുടെ നേർഛേദം എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു . കൂറ്റൻ കാട്ടുപോത്തിന്റെ കഴുത്തിൽ പിടിമുറുക്കി തൂങ്ങിക്കിടക്കുന്ന പുലി ! പുലിയെയും ചുമന്നുകൊണ്ട് പ്രാണവേദനയോടെ പോത്ത് എങ്ങോട്ടെന്നില്ലാതെ പരക്കം പായുകയാണ് . അര മിനിറ്റിനുള്ളിൽ ആ രംഗം കണ്ണിൽ നിന്നും മറഞ്ഞു . പോത്ത് കൊല്ലപ്പെട്ടിട്ടുണ്ടാവും . വീണ്ടും നിശബ്ദത . ഞാനും പതുക്കെ ചാരിയിരുന്നു . മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി . നല്ല ക്ഷീണം .  ഇരുട്ട് എന്റെ  കണ്ണിലേക്കും അരിച്ചുകയറി .

പുലിയുമായി നേർക്കുനേർ

മ്ബിൻഗ ഗ്രാമത്തിലാണ് ഞാനിപ്പോൾ  (ഇന്നത്തെ ഇക്വറ്റോറിയൽ ഗിനിയിൽ ).  കടലിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു തുരുത്ത് . അവിടെയാണ് ഗ്രാമം സ്ഥിതിചെയ്യുന്നത് . പാറകൾ നിറഞ്ഞ തീരം . കപ്പലുകൾ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കാറുകൂടെയില്ല . തിരകൾ തല്ലി മിനുക്കിയെടുത്ത വഴുവഴുപ്പുള്ള പാറകൾ . അതിനിടയിലൂടെ കൊതുമ്പുവള്ളങ്ങളിൽ ചുറ്റിത്തിരിയുന്ന കാപ്പിരിതലകൾ.  തീരത്തുനിന്നും തെല്ലൊന്നു മാറി അടുക്കിവെച്ചിരിക്കുന്ന കുടിലുകൾ . അതിനും പിറകിൽ നട്ടുച്ചയ്ക്കും സൂര്യകിരണങ്ങളെ തടുത്തുനിർത്തുന്ന മേലാപ്പുമായി ആഫ്രിക്കൻ വന്യത .  ഈ തീരത്തു നിൽക്കുമ്പോൾ ഇതെല്ലാം ആലോചിച്ച്  ആരാണ് ആവേശഭരിതരാകാത്തത് ? പക്ഷെ കോൾമയിർകൊണ്ട് ഇറുക്കിയടച്ച കണ്ണുകൾ മെല്ലെത്തുറന്ന്  താഴേയ്ക്ക് നോക്കിയാൽ തീരത്തെ മണൽത്തരികളിൽ ഭീതിയുടെ കാൽപ്പാടുകൾ കണ്ടു നാം ഞെട്ടും . രാത്രിയുടെ അവസാനയാമങ്ങളിൽ ഈ തീരങ്ങളിലൂടെ മനുഷ്യരാരും നടക്കാറില്ല . നടന്നവരൊന്നും ഇന്ന് ജീവനോടെയില്ല . പുലികളുടെ സാമ്രാജ്യമാണീതീരം . രാത്രിയിൽ പന്തംകൊളുത്തി ഒച്ചയിടാതെ ഇതുവഴിയാർക്കും നടക്കാനാവില്ല . പോരാട്ടവീരൻമ്മാരായ ഈ ആഫ്രിക്കൻ ഗോത്രം അമ്പേ പരാജയപ്പെടുന്നിതിവിടെയാണ് . വാതിലുകളും , എന്തിനു? കുടിലുകളുടെ മേൽക്കൂരപോലും തകർത്ത് പുലികൾ ആളുകളെ  കഴുത്തിന് കടിച്ചു പിടിച്ച്, വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോകാറുണ്ട് . ഈയടുത്ത് ഞാൻ വരുന്നതിന് തൊട്ടുമുമ്പും ഇത്തരമൊരു സംഭവം നടന്നു കഴിഞ്ഞു . അകന്നകന്നു പോയ ആ മനുഷ്യന്റെ നിലവിളിക്ക് പിന്നാലെ ആളുകൾ പാഞ്ഞെങ്കിലും പുലിയുടെ വേഗതയെ മറികടക്കാനായില്ല .   ആ ജന്തു അവശേഷിപ്പിച്ച കാൽപ്പാടുകൾ മനുഷ്യനോടുള്ള വെല്ലുവിളിപോലെ തീരത്ത് ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നു . പകൽ മുഴുവനും മഴക്കാടിന്റെ കുളിർമ്മയിൽ ഏതെങ്കിലും മരക്കൊമ്പിൽ വിശ്രമിക്കുന്ന പുലികൾ വെളുപ്പിനെ രണ്ടുമണിയോടെയാണ് ഗ്രാമത്തിലേക്ക് ഇറങ്ങുന്നത് . അഞ്ചുമണിക്ക് മുൻപായി അവൻ കാര്യം സാധിച്ച്  മടങ്ങുകയും ചെയ്യും .  പനയോലകൊണ്ടുണ്ടാക്കിയ കുടിൽ തകർക്കാൻ പുലിക്ക് വലിയ കായികാധ്വാനം വേണ്ടി വരില്ല .  കാട്ടുപോത്തിനെ കൊന്ന പോൾ ഡു ഷെയു ആണ് ഞാൻ . അടുത്ത് ഒരു പുലി തന്നെയാവട്ടെ !

ഇരുളടഞ്ഞ ആഫ്രിക്കൻ വനമധ്യത്തിൽ കൗശലക്കാരനായ പുലിയെ നേരിടുന്നത് മണ്ടത്തരമാണ് .  അതുകൊണ്ടു നിലാവെളിച്ചത്തിൽ കടൽത്തീരത്ത് വെച്ച് തന്നെ അവനെ എതിരിടണം .  തീരത്ത് കൂടുതൽ കാൽപ്പാടുകൾ പതിഞ്ഞുകിടക്കുന്ന ഒരു സ്ഥലം ഞാൻ തിരഞ്ഞെടുത്തു . അവിടെ രണ്ടുപേർക്കെങ്കിലും നിൽക്കാൻ പാകത്തിൽ ഒരു കൂര പണിയണം . അതിന്റെ ബലത്തിന്റെ കാര്യത്തിൽ എനിക്ക് യാതൊരു ഒഴിവുകഴിവും ഇല്ലായിരുന്നു . മുറിവേറ്റ പോത്തിന്റെ വരവ് ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് . കുടിലുപണിയുവാൻ ഞാൻ കഠിനാധ്വാനം തന്നെ ചെയ്തു . കാകാട്ടിൽ  പോയി ,  ബലമുള്ള തടികളും പനയോലകളും വെട്ടിയെടുത്തു കൊണ്ടുവന്നു . ആറടിയോളം നീളമുണ്ടായിരുന്ന ഒത്തവണ്ണമുള്ള കമ്പുകൾ ഒരടിയോളം മണലിൽ പൂഴ്ത്തിയാണ് നാട്ടിയത് . ഇങ്ങനെ ഓരോ  വശങ്ങളിലും  അഞ്ചടി നീളത്തിൽ ഭിത്തിത്തീർത്ത ശേഷം കമ്പുകൾ കാട്ടുവള്ളികൾ കൊണ്ട് പരസ്പ്പരം കെട്ടി ബലപ്പെടുത്തി . അതുപോലെതന്നെ മേൽക്കൂരയും നല്ല രീതിയിൽ തന്നെ ബലമായി കെട്ടിയുണ്ടാക്കി . നാലുവശങ്ങളിലുള്ള ഭിത്തികളിൽ അവിടവിടെയായി തോക്കുസ്ഥാപിക്കാൻ പാകത്തിൽ  ചെറിയ തുളകൾ ഇട്ടു . അവൻ ഏതു വഴിയാണ് വരുന്നത് എന്ന് നിശ്ചയമില്ലല്ലോ . മൂർച്ചയില്ലാത്ത കോടാലിവെച്ച് പല ദിവസങ്ങൾ പണിതതാണ് ഈ “കോട്ട ”  നിർമ്മിച്ചതെങ്കിലും ഇപ്പോൾ കാണുമ്പോൾ ഒരു തൃപ്തി തോന്നുന്നു . എന്തോ വലിയ കാര്യം ചെയ്തപോലെ .  ഇനിയാണ് കാത്തിരിപ്പ് .

അങ്ങിനെ ഒരു രാത്രി കൊള്ളാവുന്ന ഒരു കാപ്പിരിയേയും കൂട്ടി ഒൻപത് മണിയോടെ ഞാൻ കോട്ടയിൽ എത്തി . അന്ന് നിലാവുള്ള രാത്രിയാണെന്ന് എനിക്കറിയാമായിരുന്നു .  ഒരു ആടിനെ കുറച്ചുവാര അകലെ കെട്ടിയിട്ട ശേഷം ഞങ്ങൾ കോട്ടയ്ക്കുള്ളിൽ കയറി പാത്തിരുന്നു . കുറ്റാകൂരിരുട്ട് . ആടാണെങ്കിൽ കരച്ചിലോട് കരച്ചിൽ . ആടിനെ തന്നെ എനിക്ക് നേരേചൊവ്വേ കാണാനാവുന്നില്ല . പക്ഷെ ഒരുമണിയോട് കൂടി ചന്ദ്രൻ പ്രത്യക്ഷപ്പെട്ടു . കരയിലെ സംഭവങ്ങൾ കാണുവാൻ കടൽ ഇടയ്ക്കിടെ കയറിയിറങ്ങി പൊയ്ക്കൊണ്ടിരുന്നു . പിറകിലെ കൂറ്റൻ വന വൃക്ഷങ്ങളുടെ നിഴലുകൾ മണൽപ്പരപ്പിൽ നീണ്ട വരകൾ തീർത്തു . കാട്ടിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ ഉയരുന്നുണ്ട് . പക്ഷെ പതുക്കെ പതുക്കെ അതും ഇല്ലാതായി . തിരകളുടെനേരിയ ശബ്ദം മാത്രമേ ഇപ്പോൾ കേൾക്കുന്നുള്ളൂ . ഓരോതവണ ആട് നിലവിളിക്കുമ്പോഴും ഞാൻ ശ്രദ്ധാലുവായി . പക്ഷെ ഒന്നും വന്നില്ല . കാപ്പിരി പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു .  വീണ്ടും സമ്പൂർണ്ണ നിശബ്ദത . രണ്ടുമണി കഴിഞ്ഞു .  ഉൾവനത്തിൽ നിന്നും മാർജാരയിനങ്ങൾ ഇരപിടിക്കുവാൻ ഇറങ്ങുന്ന സമയം . ഞാൻ കണ്ണുകൾ ദൂരെ ഇരുട്ടിലേക്ക് പായിച്ചു . കണ്ണുമിഴിച്ച് കൂടുതൽ ആഴത്തിലേക്ക് നോക്കിയിരുന്നു . ഇരുട്ടിൽ എന്തോ അനങ്ങുന്നുണ്ട്. അതോ കണ്ണിന്റെ തോന്നലാണോ ? വീണ്ടും  സൂക്ഷിച്ചു നോക്കി . അകലെ കനത്ത ഇരുട്ട് തന്നെ . പക്ഷെ ആ ഇരുളിമ സാവധാനം ഒരു ജന്തുവിനെ നിലാവെളിച്ചത്തിലേക്ക് പ്രസവിച്ചിട്ടു . അതെ ! അവനെത്തിക്കഴിഞ്ഞു !

ആടിന്റെ കരച്ചിൽ ഉച്ചസ്ഥായിയിൽ ആയി . അതോടെ പുലി ഇരപിടിക്കാനുള്ള ഉന്നതിനായി പതുക്കെ പമ്മുന്നത് ഞാൻ ശ്രദ്ധിച്ചു .  അവൻ സാവധാനം  ഏതാനും വാര അകലെ വന്ന് കാലുകൾ നീട്ടി നിലത്തിരുന്നു . ഇരുട്ടിൽ കൽക്കരി കത്തുന്നതുപോലെ അവന്റെകണ്ണുകൾ ജ്വലിച്ചു . എന്റെ ഹൃദയമിടിപ്പ് കൂടി . അവൻ എന്നെ കണ്ടുകാണുമോ ? ആടിനേക്കാൾ നല്ലത് പോൾ ഡു ഷെയു ആണെന്ന് അവന് തോന്നിയാൽ ! ഈ സ്വയം നിർമ്മിതകോട്ടയ്ക്ക്  ഇവന്റെ ചാട്ടത്തെ തടുക്കാനാവുമോ ? ആവശ്യമില്ലാത്ത കുറെ ചിന്തകൾ ആ സമയം എവിടെനിന്നോ എന്റെ തലയിൽ കയറിക്കൂടി . അടുത്ത നിമിഷം പുലി ആടിന് നേർക്ക് ചാടുകയും , ഞാൻ നിറയൊഴിക്കുകയും ഒരുമിച്ചു കഴിഞ്ഞു . കണ്ണൊന്ന് ചിമ്മിതുറന്നപ്പോൾ ആടിനെയും കൊണ്ടവൻ ഇരുട്ടിൽ മറഞ്ഞു കഴിഞ്ഞിരുന്നു .  എനിക്കവനെ കിട്ടിയില്ല . പക്ഷെ പുറത്തിറങ്ങി നോക്കുവാൻ ഞാൻ ധൈര്യപ്പെട്ടില്ല . പുലി തിരികെ വന്നെങ്കിലോ എന്ന് ഞാൻ ഭയപ്പെട്ടു . ഇനിയൊന്നും ചെയ്യാനില്ല . ഉറങ്ങുക തന്നെ . ധൈര്യക്കൂടുതൽകൊണ്ട്  കുടിലിന്റെ മധ്യത്തിൽ തന്നെ ഞാൻ കിടന്നു . കരുതിയിരുന്ന തീപ്പെട്ടികൾ കത്തിച്ച് കൊതുകിനെ ആട്ടിപ്പായിച്ചു .  നിരാശാബോധത്തോടെ ഞാൻ മയങ്ങി . നേരം പുലർന്നപ്പോൾ നേരെ പുറത്തിറങ്ങി ആടിനെ കെട്ടിയ സ്ഥലം പരിശോധിച്ചു . കുറച്ചു രക്തക്കറകൾ അല്ലാതെ ഒന്നും കണ്ടില്ല . ഞാൻ ഇനിയും കുറെയേറെ പഠിക്കേണ്ടിയിരിക്കുന്നു . ഞങ്ങൾ പതുക്കെ സാവധാനം ഗ്രാമത്തിലേക്ക് മടങ്ങി .

ഗൊറില്ലകൾ

കാട്ടിൽക്കൂടെയുള്ള ഒരു നീണ്ട യാത്രയാണ് ഇനിയുള്ളത് . നല്ല രീതിയിൽ തയ്യാറെടുത്തേ പറ്റൂ .  നരഭോജികളെ പേടിച്ച് കാപ്പിരികളിൽ പലരും എന്റെകൂടെ വരുവാൻ തയ്യാറായിരുന്നില്ല . എങ്കിലും എനിക്കാവശ്യമുള്ളത്ര ആളുകളെ കിട്ടി എന്നതാണ് അത്ഭുതം . പന്ത്രണ്ട് വേട്ടക്കാർ , അവരിൽ ചിലരുടെ ഭാര്യമാരായ ഏഴോളം സ്ത്രീകൾ , രണ്ടു രാജകുമാരന്മാർ ഇത്രയും ആളുകൾ എന്നോടൊപ്പം വരാൻ തയ്യാറായി . പ്രതിരോധത്തിനായി തൊണ്ണൂറ് പൗണ്ട് വെടിമരുന്നും , കിട്ടുന്ന ജീവികളെ സൂക്ഷിക്കാനായി പത്ത് പൗണ്ട് ആഴ്സനിക്കും ഞങ്ങൾ കരുതിയിരുന്നു . യാത്രയയപ്പ് വളരെനേരം നീണ്ടു നിന്നു . തിരികെ വരില്ല എന്നയുറപ്പിലാണ്  പലരും യാത്ര ചോദിച്ചത് . ഗ്രാമത്തിൽ നിന്നും ഏകദേശം അഞ്ചുമൈൽ അകലെ നൂണ്ടായ് എന്നൊരു അരുവി ഒഴുകുന്നുണ്ടായിരുന്നു . ഞങ്ങൾ അതിന്റെ തീരത്തുകൂടി സാവധാനം നടന്നു തുടങ്ങി . ഞാനും കുമാരന്മാരും കുറെ മുന്നിലായി ആണ് നടന്നിരുന്നത് . നദിയിൽ വലിയൊരു മത്സ്യത്തെ കണ്ടപ്പോൾ അതിനെ  വറുത്തടിക്കാം  എന്ന അതിമോഹത്തിൽ ഞാൻ വെള്ളത്തിലേക്ക് നിറയൊഴിച്ചു . പക്ഷെ അതിനു മറുപടി വന്നത് മറുകരയിൽ നിന്നായിരുന്നു . മരങ്ങൾ ചുഴറ്റിയോടിച്ച് വലിയൊരു ശബ്ദം ഞങ്ങൾ കേട്ടു . ആനകൾ ! ശബ്ദം കേട്ട് വിരണ്ടതാണ് . ഇതിനകം ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ഓടിയെത്തിയിരുന്നു . ആനകളെ വെടിവെയ്ക്കാതിരുന്നതിൽ അവർ നിരാശ പ്രകടിപ്പിച്ചു . യാത്രക്കാവശ്യമുള്ളത്രയും ഇറച്ചി കിട്ടിയേനെ എന്നവർ അടക്കം പറഞ്ഞു . ആനയിറച്ചി എങ്ങിനെയിരിക്കും എന്നോർത്തുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു . വനം കൂടുതൽ ദുർഘടമാവുകയാണ് .  ഭൂമി കൂടുതൽ ചെങ്കുത്തായി വരുന്നു . കാലുകൾക്ക് നല്ല വേദന . നഗ്നപാദങ്ങളിൽ നടക്കുന്ന കാപ്പിരികൾക്ക് ഭൂമിയിൽ നല്ല പിടുത്തം കിട്ടുന്നതിനാൽ അവരെ ഇതൊന്നും ബാധിച്ചിട്ടില്ല . എനിക്കാണെങ്കിൽ മുട്ടിന് കീഴെ പാദങ്ങളുണ്ടോ എന്ന് പോലും സംശയമായി .  പൊടുന്നനെ എനിക്ക് മുന്നേ നടന്നിരുന്നയാൾ കൈകൊണ്ട് നിൽക്കാനുള്ള ആംഗ്യം കാണിച്ചു . ഞങ്ങളെല്ലാവരും തൽക്ഷണം പാറപോലെ അനങ്ങാതെ നിന്നു . കനത്ത നിശബ്ദത .  അവനെന്താണ് കണ്ടത് ? ആനക്കൂട്ടം ? പുലി ? . അവൻ തോക്കെടുത്തു . ഞാനും അതുപോലെ തന്നെ തയ്യാറായി . അവൻ ഉച്ചത്തിൽ “ഹൊറെയ്”  എന്ന് കൂവി . അതിനുടൻ മറുപടി വന്നു . പക്ഷെ അത് വന്ന സ്ഥലമാണ് എന്നെ അതിശയിപ്പിച്ചത് . മറുവശത്തെ മലയുടെ പിറകിൽ നിന്നും , മരങ്ങളുടെ മുകളിൽ നിന്നുമാണ് മറുപടി കൂവലുകൾ മുഴങ്ങിയത് . ആരൊക്കെയോ കാട്ടിൽ മറഞ്ഞിരിപ്പുണ്ട് . ഒരു യുദ്ധം വേണ്ടി വരുമോ ? ഞാൻ ആശങ്കപ്പെട്ടു . പക്ഷെ പൊടുന്നനെ തന്നെ രംഗം ശാന്തമായി . ഇവരുടെ ഗോത്രക്കാർ തന്നെയാണ് മറുഭാഗത്തും ഉള്ളത് . ഉൾവനങ്ങളിൽ വേട്ടയ്ക്ക് പോയവർ തിരികെ വരുന്നതാണ് . കുറച്ചു ഭക്ഷണം കിട്ടിയെന്ന് മാത്രമല്ല , അക്കൂട്ടത്തിൽ നിന്നും രണ്ട് പേർ ഞങ്ങളുടെ കൂടെ വരാനും തയ്യാറായി .

ഞങ്ങൾ വീണ്ടും മുന്നോട്ട് . എത്ര രസകരമായിരുന്നു ആ യാത്ര ! കണ്ടിട്ടില്ലാത്തയിനം സസ്യങ്ങൾ , ജന്തുക്കൾ!  . കുഞ്ഞരുവികളും അതിലെ മീനുകളും . മരങ്ങളിൽ പാട്ടുപാടി എതിരേൽക്കുന്ന പക്ഷികൾ !  ദിവസം മുഴുവനും മഴ തന്നെയായിരുന്നു . കുന്നുകളും , നദികളും താണ്ടി ആ യാത്ര വൈകുന്നേരത്തോടെ ഞങ്ങൾ അവസാനിപ്പിച്ചു . നല്ലൊരു സ്ഥലം ക്യാംപിനായി തിരഞ്ഞെടുത്തു . കനലുകൾ കൂട്ടി  തീകാഞ്ഞു . വസ്ത്രങ്ങൾ ഉണക്കാനായി ഇട്ടു . ഇതിനിടയിൽ കാപ്പിരികൾ ഒരാവശ്യം ഉന്നയിച്ചു . അവർക്ക് കൂടുതൽ വസ്ത്രം വേണമത്രേ ! ഈ മഴയത്ത് ന്യായമായ ആവശ്യമാണ് . പക്ഷെ ഒരു കുഴപ്പമുണ്ട് . പറയുന്നതെല്ലാം ഞാൻ അംഗീകരിച്ചാൽ എനിക്കവരെ പേടിയാണെന്ന് അവർ കരുതിയേക്കാം . അത് പിന്നീട് കലാപത്തിന് വഴിവെച്ചേക്കാം . ഈ വിധം ആലോചനയിൽ മുഴുകി ഞാൻ തോക്കെടുത്തു ചൂണ്ടി . ” രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നിങ്ങൾ എന്റെ കൂടെ യാത്ര തിരിച്ചത് . ആജ്ഞ ധിക്കരിക്കാതെ ഞാൻ പറയുന്നത് അനുസരിക്കുക . ഇപ്പോൾ ഒന്നും തരുവാൻ സാധ്യമല്ല . വഴിയിൽ ഇനിയും യുദ്ധങ്ങൾ ഉണ്ടായേക്കാം . അപ്പോൾ ഇതൊക്കെ നമ്മുക്ക് ആവശ്യമാണ് . മാത്രവുമല്ല എന്നെ പറയുന്നിടത്ത് എത്തിച്ചാൽ ഞാൻ വേറെയും സമ്മാനങ്ങൾ നിങ്ങൾ തരുന്നതാണ് ”  അവസാനത്തെ വാചകം അവർക്ക്‌ നന്നേ ബോധിച്ചു . അങ്ങിനെ ഞങ്ങൾ യാത്ര തുടർന്നു .

വലിയൊരു ജലപാതത്തിന് മുന്നിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത് . വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാരണം നമ്മുക്ക് സംസാരിക്കാൻ സാധ്യമല്ല . അത്രയ്ക്ക് വലുതും ശക്തിമത്തായതും ആയ ഒരു നീരൊഴുക്കായിരുന്നു അത് .  ഞാനൊരു മരചുവടിൽ വിശ്രമിക്കാനായി ഇരുന്നു . വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിത്തെറിച്ചത് . ഭീമാകാരനായൊരു സർപ്പം മുകളിൽ നിന്ന് എന്നെ നോക്കുന്നു ! ഒട്ടും താമസിച്ചില്ല, തല നോക്കി തന്നെ ഞാൻ വെടിവെച്ചു . വലിയൊരു മരം വീഴുന്നതുപോലെ അവൻ പിടിവിട്ട് താഴേയ്ക്ക് വീണു . പതിമൂന്നടി നീളമുണ്ടായിരുന്ന ആ നാഗം വിഷമുള്ള ഇനമായിരുന്നു . കാപ്പിരികൾക്ക് അന്ന് കുശലായിരുന്നു . ഞാനൊന്നും കഴിച്ചില്ല . ഉച്ചയോടെ ഞങ്ങൾ യാത്ര തുടർന്നു .  അധികം താമസിയാതെ സംഘം ആരോ ഉപേക്ഷിച്ചു പോയ ഒരു കാട്ടുഗ്രാമത്തിൽ എത്തിച്ചേർന്നു . കുടിലുകളൊക്കെ തകർന്നു കിടക്കുന്നു .  അവരുടെ കരിമ്പിൻ തോട്ടം ഒരനുഗ്രഹമായി . ഞാൻ വയറുനിറയെ കടിച്ചു ചവച്ചു തിന്നു . കാപ്പിരികളും ആവശ്യത്തിന് കരിമ്പുകൾ വെട്ടിയെടുത്തു . പെട്ടന്നെല്ലാവരും നിശബ്ദരായി . ചെളിനിറഞ്ഞ ഭൂമിയിൽ ആരുടെയോ കാൽപ്പാടുകൾ ! മനുഷ്യന്റെ പോലിരിക്കുന്നു . ഒരാൾ എന്നോടായി പറഞ്ഞു …. ൻഗ്യുലാ !!!! (ഗൊറില്ലകൾ !)

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഗ്രീസിലെ കാർത്തേജിൽ നിന്നും ഹെർക്കുലീസിന്റെ തൂണുകൾക്കുമപ്പുറമുള്ള (ഇന്നത്തെ ജിബ്രാൾട്ടർ കടലിടുക്ക് ) ലോകം കീഴക്കുവാനും കാണുവാനായി പുറപ്പെട്ട  നാവികനായിരുന്ന ഹന്നോയുടെ കുറിപ്പുകളിലാണ് ആദ്യമായി ഇവരെക്കുറിച്ച് നാം  കേൾക്കുന്നത് .   ക്രിസ്തുവിനും അഞ്ഞൂറുകൊല്ലങ്ങൾക്ക് മുൻപാണ് ഹന്നോ ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറൻ തീരങ്ങളിലൂടെ കപ്പൽ നയിച്ചത് . അന്നദ്ദേഹം ഒരു ദ്വീപിൽ ഇറങ്ങുകയും അതിനുള്ളിൽ ഒരു തടാകവും അതിനുള്ളിൽ  മറ്റൊരു ദ്വീപും കണ്ടതായും വിവരിക്കുന്നു . അവിടെ  തികച്ചും പ്രാകൃതരായ ഒരുകൂട്ടം മനുഷ്യരെ കണ്ടതായി ഹന്നോ പറയുന്നുണ്ട്  . അതിരൂക്ഷമായ ചെറുത്തുനിൽപ്പിനൊടുവിൽ അക്കൂട്ടത്തിൽ നിന്നും മൂന്ന് പെൺജാതികളെ പിടികൂടാനായെങ്കിലും ആക്രമണ സ്വഭാവം കാരണം അവയെ   കൊല്ലേണ്ടി വന്നു . അവയുടെ തൊലിയുരിച്ച് അവർ തിരികെ ഗ്രീസിൽ കൊണ്ടുവന്നിരുന്നു . അവ ജൂനോ ദേവന്റെ ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരുന്നത് . എന്നാൽ മുന്നൂറ്റിയമ്പത് വർഷങ്ങൾക്ക് ശേഷം നടന്ന റോമൻ ആക്രമണത്തിൽ അത് നശിപ്പിക്കപ്പെട്ടതായി പ്ലീനി രേഖപ്പെടുത്തിയിട്ടുണ്ട് .  ഹന്നോ തന്റെ വിവരണത്തിൽ കാപ്പിരികൾ ആ പ്രാകൃതജീവികളെ വിളിച്ചിരുന്ന പേര് എഴുതിയിട്ടുണ്ട് ….. ഗൊറില്ലായ് (‘tribe of hairy women’) !  പത്തൊൻപതാം നൂറ്റാണ്ടിൽ അർമീനിയൻ മിഷനറിയായിരുന്ന തോമസ് സാവേജ് ലൈബീരിയയിൽ നിന്നും കിട്ടിയ തലയോടുകൾ വെച്ച്   ഈ ആൾക്കുരങ്ങുകളെ വിവരിച്ചപ്പോൾ ഹന്നോ ഉപയോഗിച്ച അതേ പേരുതന്നെ അവറ്റകൾക്ക് നൽകി , Troglodytes gorilla. അങ്ങിനെ ഗോറില്ല എന്ന പേര് സ്ഥിരീകരിക്കപ്പെട്ടു (1847) . പക്ഷെ ഹന്നോ കണ്ടതും വധിച്ചതും നാം ഇന്ന് കാണുന്ന ഗൊറില്ലകളെ തന്നെയാണോ എന്നത് ഇന്നും തർക്കവിഷയമാണ് .  ആദ്യമായി പക്ഷെ ഗൊറില്ലകളെ ജീവനോടെ കണ്ട യൂറോപ്യൻ നമ്മുടെ പോൾ ഡു ഷെയു തന്നെ !

ഗൊറില്ലകൾ എന്ന് കേട്ടപ്പോൾ തന്നെ ഒരു തരിപ്പ് എനിക്കനുഭവപ്പെട്ടു . ഹന്നോയുടെ വിവരണം എന്റെ മനസ്സിലുണ്ടായിരുന്നു . രോമാവൃതമായ ദേഹമുള്ള  മനുഷ്യരൂപികൾ ! ഇതിനെ ജീവനോടെ കണ്ടതായി പിന്നീടൊരു   വെള്ളക്കാരനും രേഖപ്പെടുത്തിയിട്ടില്ല . എന്റെ ഹൃദയം ആവേശംകൊണ്ട് പിടച്ചു . കാൽപ്പാടുകളിൽ നിന്നും ഒരു സംഘം ഗൊറില്ലകൾ ഈ പ്രദേശത്തുണ്ട് എന്ന് ഞാൻ കണക്കുകൂട്ടി . പെണ്ണുങ്ങൾ പേടിച്ച് പിറകിലേക്ക് മാറി  . അവരിനി മുന്നോട്ട് വരില്ല . കുറച്ചാണുങ്ങളെ അവരുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയശേഷം ഞങ്ങൾ ആയുധസജ്ജരായി . തോക്കുകളെല്ലാം തന്നെ നിറച്ചു . കത്തികളും കഠാരകളും എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ ശരീരത്തിൽ പറ്റിച്ചേർത്തു . കാപ്പിരികൾ പതിവിലും കൂടുതൽ ജാഗരൂകരായി . എന്റെ അഭിപ്രായത്തിൽ  മധ്യാഫ്രിക്കയിലെ ആൺ ഗൊറില്ലകളും, വടക്കൻ  അറ്റ്‌ലസ് മലനിരകളിലെ  സിംഹങ്ങളുമാണ് ( 1960 കളിൽ വംശനാശം സംഭവിച്ചു ) കാട്ടിലെ രാജാക്കന്മാർ . അവർ ജീവിക്കുന്നയിടങ്ങളിൽ ഇവറ്റകളെ നേരിടുന്നത് ആത്മഹത്യാപരമാണ് . ഞങ്ങളുടെ വേട്ടസംഘം രണ്ടായി പിരിഞ്ഞു  . പക്ഷെ അധികം ദൂരെയല്ലാതെ തന്നെയാണ് ഇരു സംഘങ്ങളും സഞ്ചരിക്കേണ്ടത് .  ഒന്നിന്റെ രക്ഷയ്ക്ക് മറ്റേത് ഉടൻ എത്തണം , അതായിരുന്നു ഉദ്യേശം .  പിറകിൽ പെണ്ണുങ്ങളും അവരുടെ സംരക്ഷകരും കൂട്ടംകൂടി നിൽക്കുന്ന കാഴ്ചയാണ് കണ്ടത് . അവർ അത്രയ്ക്കും വിരണ്ടിരിക്കുന്നു !

നാലിൽ കൂടുതൽ ഗൊറില്ലകൾ ആ സംഘത്തിൽ ഇല്ലായെന്ന് കാൽപ്പാടുകളിൽ നിന്നും മനസിലായി . കയ്യും കാലും നിലത്ത് പതിഞ്ഞിട്ടുണ്ട് . അത്രയ്ക്ക് വലിപ്പമില്ല എന്ന് തോന്നുന്നു . വീണ്ടും  മുന്നോട്ട് നടന്നപ്പോൾ പണ്ടെന്നോ വേട്ടക്കാർ ഉപേക്ഷിച്ചിട്ട് പോയ കുടിലുകൾ ശ്രദ്ധയിൽപെട്ടു . പെണ്ണുങ്ങളെ അവിടെയാക്കിയ ശേഷം വേട്ട സംഘം മുന്നോട്ട് നീങ്ങി . എനിക്കിതുവരെയില്ലാതിരുന്ന ഒരാവേശം അപ്പോൾ തോന്നി . കാട്ടിൽ നിന്നും ഗൊറില്ലകളുടെ അലർച്ച ഇതിന് മുൻപും കേട്ടിട്ടുണ്ട് . പക്ഷെ അവരുടെ മടയിൽ അവരെ എതിരിടുകയെന്ന് വെച്ചാൽ ! കാൽപ്പാടുകൾ പിന്തുടർന്ന് ഞങ്ങൾ ഒരു കുന്നു കയറിയിറങ്ങി . ചാഞ്ഞുകിടന്ന മരത്തിനുമുകളിലൂടെ നടന്ന് ചെറിയൊരു അരുവി  കടന്ന് മറ്റൊരു കാട്ടിലേക്ക് പ്രവേശിച്ചു . അവിടെയൊരു കൂറ്റൻ മരം ചെരിഞ്ഞുകിടക്കുന്നത് കണ്ടു . ഗൊറില്ലകൾ അവിടെ കണ്ടേക്കാം .  അതിനടുത്തായി ഒരു ഭീമൻ പാറ നിൽപ്പുണ്ടായിരുന്നു . ഞങ്ങൾ അതിനെ ചുറ്റിവളഞ്ഞെത്തിയതും  മുകളിൽ നിന്നും കാട്ടിലേക്ക് മൂന്നോ നാലോ ഗൊറില്ലകൾ എടുത്തുചാടി !  ഞാനാദ്യമായി  ആ ജീവികളെ കാണുകയായിരുന്നു . പകുതി വളർച്ചയെത്തിയ കുട്ടിഗോറില്ലകളാണ് അവ എന്ന് കാപ്പിരികൾ പറഞ്ഞു .  ഇവയെ കാട്ടുമനുഷ്യർ എന്ന് തെറ്റിദ്ധരിച്ചാൽ കുറ്റംപറയാനാവില്ല . ഓടുന്നത് കണ്ടാൽ മനുഷ്യന്റെമാതിരി തന്നെ ! അന്നാദ്യമായി ഒരു കൊലപാതകമാണ് ചെയ്യാൻ പോകുന്നതെന്ന ഒരു തോന്നൽ എനിക്കുളവായി .  അവറ്റകളുടെ മനുഷ്യരൂപം തന്നെയാവാം കാരണം . ഞാൻ വെടിവെച്ചു . പക്ഷെ  പ്രജകൾക്ക് വേണ്ടി കാട് തന്നെ അവയെല്ലാം ഏറ്റുവാങ്ങി . കുറെയേറെ ദൂരം ഞങ്ങളവയെ പിന്തുടർന്നു . അവർക്കാണ് കാട്ടിൽ പരിചയം . ഞങ്ങൾ നിരാശരായെന്ന് പ്രത്യേകം പറയേണ്ടല്ലോ .

ഇരുട്ടുന്നതിന് മുൻപ് തന്നെ ഞങ്ങൾ ക്യാമ്പിൽ എത്തിച്ചേർന്നു . പെണ്ണുങ്ങൾ ആകാംക്ഷാഭരിതരായി അവിടെ കാത്തിരിപ്പുണ്ടായിരുന്നു . ആർക്കും പരിക്കില്ലായെന്ന് കണ്ടു ഏവരും ആശ്വസിച്ചു . ഞങ്ങളുടെ ഭക്ഷണം ഏറെക്കുറെ തീർന്നിരിക്കുന്നു . വല്ലാത്തൊരു ഭീതി എന്നെ പിടികൂടി .  ഗൊറില്ലകളുടെ താവളങ്ങളിൽ മറ്റു ജീവികൾ കുറവായിരിക്കും . ഞങ്ങൾ പട്ടിണിയിലായത് തന്നെ . പക്ഷെ കൂട്ടത്തിലൊരാൾ ഒരു കുരങ്ങിനെ എങ്ങിനെയോ വെടിവെച്ചിട്ടത് തെല്ലൊരു ആശ്വാസമായി . ഒരു തേൻകൂടും അവർ ഇതിനോടകം കണ്ടെത്തിയിരുന്നു . ഈച്ചകളെ പുകച്ചു ചാടിച്ച് അവയും ഞങ്ങൾ കൈക്കലാക്കി . അന്ന് രാത്രി കഥകളുടെ കുത്തൊഴുക്കായിരുന്നു . വേട്ടയ്ക്ക് വന്നവർ ഞങ്ങളുടെ അനുഭവങ്ങൾ പെണ്ണുങ്ങളെ പെരുപ്പിച്ച് പറഞ്ഞു കേൾപ്പിച്ചു . പിന്നെ ഓരോരുത്തരും അവർ കേട്ടിട്ടുള്ള ഗൊറില്ലാകഥകളുടെ കെട്ടഴിക്കുവാൻ തുടങ്ങി . പെണ്ണുങ്ങളെ തട്ടിക്കൊണ്ട് പോകുന്ന ഗൊറില്ലകൾ , ആളുകളെ തടവുകാരായി പിടിച്ച് നഖം പിഴുതെടുക്കുന്ന ക്രൂരന്മാർ ,  മനുഷ്യരിൽ നിന്നും ആത്മാവിനെ തട്ടിയെടുക്കുന്ന ജീവികൾ ! ……  ഗൊറില്ലാ വിശേഷങ്ങൾ അങ്ങിനെ പാതിരാ വരെ നീണ്ടു .

നരഭോജികളുടെ ഗ്രാമത്തിൽ

അടുത്ത ദിവസം ഞങ്ങൾ യാത്ര തുടർന്നു . വഴിയിലുടനീളം ഗൊറില്ലകളുടെ സാന്നിധ്യം അനുഭവപ്പെട്ടെങ്കിലും ഒന്നിനെയും കണ്ടെത്തിയില്ല . ഞങ്ങളുടെ സാന്നിധ്യം അവറ്റകൾ തിരിച്ചറിഞ്ഞിരിക്കുന്നു . ഉച്ചയോടെ യാത്ര ഒരു വാഴത്തോട്ടത്തിൽ എത്തിച്ചേർന്നു . ഞങ്ങൾക്ക് സന്തോഷമായി . ഒരു ഗ്രാമം അടുത്തുണ്ട് . നല്ല ഭക്ഷണം തരപ്പെട്ടേക്കാം . ഊഹിച്ചതുപോലെ തന്നെ  അധികം താമസിയാതെ തന്നെ ഒരു ഗ്രാമത്തിൽ എത്തിച്ചേർന്നു . പക്ഷെ അത് വിജനമായിരുന്നു ! ഗൊറില്ലകളുടെ ശല്യമാവാം കാരണം . എന്തായാലും കൊടുംകാടിനേക്കാൾ വിശ്രമിക്കാൻ നല്ലത് വിജനമെങ്കിലും ഗ്രാമം തന്നെയാണ് . അവിടെ അടുത്ത ഗ്രാമത്തിൽ നിന്നും ഒന്ന് രണ്ടു പേർ  എത്തി .  അത്യാവശ്യം ഭക്ഷിക്കാനുള്ള വക അവർ ഞങ്ങൾക്ക് ഏർപ്പാടാക്കി തന്നു . ഇനിയങ്ങോട്ട് നരഭോജികളായ ഫാൻ വർഗ്ഗക്കാരുടെ കാട്ടുഗ്രാമങ്ങളാണ് . യുദ്ധത്തിൽ തടവുകാരായി പിടിക്കുന്നവരെയാണ് ഇവർ ഭക്ഷിക്കുന്നത് എന്നാണ് കേട്ടത് . ആഫ്രിക്കയിലെ ഏതൊരു ഗോത്രത്തലവനെയും പാട്ടിലാക്കാൻ ഒരു വഴിയേ ഉള്ളൂ . അവർ ഇതുവരെ കാണാത്ത എന്തെങ്കിലും സമ്മാനമായി നൽകുക . ഇത്തരം സമ്മാനപ്പൊതികൾ ഒട്ടനവധി ഞാൻ കൊണ്ടുവന്നിട്ടിട്ടുണ്ട് . എന്തായാലും ഒരു നരഭോജി ഗ്രാമം സന്ദർശിക്കണം എന്ന ആഗ്രഹത്തിൽ നിന്നും പിന്നോട്ടില്ല . കാപ്പിരികൾ ഭയചകിതരെങ്കിലും ഞങ്ങളുടെ ആയുധബലത്തിൽ അവർക്ക് വിശ്വാസമുണ്ട് . ഇത്രയും തോക്കുകളും വെടിമരുന്നുകളും അവർ ഇതുവരെ കണ്ടിട്ടില്ല . അതിനാൽ തന്നെ ശത്രുക്കൾ ഒരു ആക്രമണത്തിന് മുതിരില്ല എന്ന ഉറച്ച വിശ്വാസം എന്നെപ്പോലെ തന്നെ അവർക്കും ഉണ്ട് .

ഒരു കുന്നിന്റെ മുകളിലായിരുന്നു അവരുടെ ഗ്രാമം . എന്നെ  കണ്ട പെണ്ണുങ്ങളും കുട്ടികളും ഏതോ വിചിത്ര ജന്തുവിനെ കണ്ട് പേടിച്ചമാതിരി അകത്തേയ്ക്ക് വലിഞ്ഞു . ആയുധസജ്ജമായ ഞങ്ങളുടെ സംഘത്തിനോട് എതിരിടാൻ ആരും വന്നില്ല . വഴിയിലുടനീളം ശത്രുക്കളുടെ തലയോട്ടികളും എല്ലുകളും അവിടവിടെയായി പ്രദർശിപ്പിച്ചിരിക്കുന്നത്‌ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു . അവസാനം ആ യാത്ര ഗ്രാമത്തലവന്റെ വീടിനു മുന്നിൽ അവസാനിച്ചു . ഞങ്ങൾ ആക്രമിക്കാൻ വന്നതല്ല എന്ന കാര്യം ഇതിനോടകം അവർ മനസിലാക്കിയിരുന്നു . ഞാൻ ഇതുവരെ കണ്ടതിലും ഏറ്റവും വൃത്തികെട്ടരൂപമായിരുന്നു കുടിലിൽ നിന്നും ഇറങ്ങിവന്ന് എന്നെ സ്വീകരിച്ചത് . അദ്ദേഹത്തിന്റെ ഭാര്യ ഒരു സത്വത്തെ പോലെ തോന്നിച്ചു . വളരെ ഉച്ചത്തിലാണ് അവർ സംസാരിച്ചത് . അതിഥികളെ ഇഷ്ടമാണെന്നും . എന്റെ മുടി നല്ല ഭംഗിയുണ്ടെന്നും അയാൾ പറഞ്ഞു . എനിക്ക് താമസിക്കുവാനായി ഒരു കുടിലും അദ്ദേഹം ഏർപ്പാടാക്കി . ഞാൻ കൊടുത്ത സമ്മാനങ്ങൾ വാങ്ങിയേ ശേഷം അയാൾ പറഞ്ഞു . ശത്രുക്കളെയാണ് ഞങ്ങൾ ഭക്ഷിക്കുക . അത് ഒരു ആചാരമാണ് . നിങ്ങൾ ഭയക്കേണ്ടതില്ല !

ആനവേട്ട

എനിക്ക് തന്ന കുടിലിന്റെ ഉറപ്പും വെടിപ്പും ഞാൻ പരിശോധിച്ചു . തലയ്ക്ക് ശക്തമായൊരു പ്രഹരം  കിട്ടിയാലേ ഒരു നരഭോജിഗ്രാമത്തിൽ സ്വസ്ഥമായി ഉറങ്ങുവാൻ സാധിക്കൂ .  ഒരു വിധത്തിൽ ഞാൻ ആ രാത്രി കഴിച്ചുകൂട്ടി .  പിറ്റേദിവസം വൈകുന്നേരത്തോടെ ഒരു സ്ത്രീ ഒച്ചവെച്ചുകൊണ്ട് കാട്ടിൽ നിന്നും ഓടിയെത്തി . അവരുടെ കൃഷിയിടങ്ങളിൽ ആനയിറങ്ങിയിരിക്കുന്നു ! ഗ്രാമം ഉണർന്നു .  അകെ ഒരു ഉത്സവപ്രതീതി . അതെ!  ആണുങ്ങൾ ആനവേട്ടക്കിറങ്ങുകയാണ് . എല്ലാവർക്കും മതിയാവോളം ആനയിറച്ചി കഴിക്കാം . വൈകുന്നേരത്തോടെ അവരുടെ വേട്ട നൃത്തം ആരംഭിച്ചു . സത്യത്തിൽ ഭയാനകമായൊരു കാഴ്ച്ചതന്നെയായിരുന്നു അത് .  ദേഹം മുഴുവനും പൊടിയും ചായങ്ങളും വാരി വിതറിയ ഫാൻ വർഗ്ഗക്കാരെ കണ്ടാൽ ഭൂമിയിലെ സകല പിശാചുക്കളും പേടിച്ചോടും .  രണ്ടാൾപൊക്കത്തിൽ കത്തിജ്വലിക്കുന്ന തീക്കുണ്ഡത്തിനരികെ  വന്യമായ കാട്ടാള നൃത്തം ! പെരുമ്പറകളും ആക്രോശങ്ങളും കാടിനെ നടുക്കി . പൊടുന്നനെ ആകാശം ഭേതിക്കുമാറ് മറ്റൊരു അലർച്ച കേട്ടു .വ്യാഘ്രം എന്ന് വിളിപ്പേരുള്ള , ഏറ്റവും വലിയ വേട്ടക്കാരന്റെ വരവായിരുന്നു അത് ! അവനാണ് യുദ്ധത്തിൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നിട്ടുള്ളത് . പെണ്ണുങ്ങൾക്ക് കറിവെയ്ക്കുവാൻ ഏറ്റവും കൂടുതൽ മാംസം കൊണ്ടുവന്നതും അവനാണ് . ധീരൻ .. പോരാളി ! ഇനി അവന്റെ ഊഴമാണ്  . കയ്യിലുള്ള കുന്തം വായുവിൽ ചുഴറ്റിയെറിഞ്ഞുകൊണ്ടായായിരുന്നു അവന്റെ നൃത്തം .  ചിലപ്പോഴൊക്കെ അവനത് ആരുടെയെങ്കിലും നേർക്ക് എറിയുമോ എന്ന് ഞാൻ ശങ്കിച്ചു . വൈകാതെ തന്നെ അവൻ പിൻവാങ്ങി . ആ സ്ഥാനത്ത് അടുത്തയാൾ നൃത്തം തുടർന്നു .

അടുത്ത ദിവസം വേട്ടക്കാർക്കുള്ള പ്രത്യേക ഭക്ഷണം പെണ്ണുങ്ങൾ തയ്യാറാക്കി കൊണ്ട് വന്നു . പച്ചമരുന്നുകൾ പിഴിഞ്ഞെടുത്തുണ്ടാക്കിയ പ്രത്യേക ലേപനങ്ങൾ അവരുടെ ദേഹത്ത്പുരട്ടി . അവരെ കൂടുതൽ ആവേശഭരിതരാക്കാനുള്ള പരമ്പരാഗത അടവുകളാണിതൊക്കെ . ഉച്ചകഴിഞ്ഞതോടെ ആ വൻവേട്ടസംഘം കാട്ടിലേക്ക് നടന്നു കയറി . ഇത്രയധികം ആളുകൾ ഉണ്ടായിരുന്നിട്ടും യാതൊരു ശബ്ദവും ഉണ്ടാക്കാതെയാണ് അവർ വനത്തിനുള്ളിലൂടെ നടന്നത് . പ്രകൃതിയിൽ ഇഴുകിച്ചേർന്ന മനുഷ്യർ !  ആറു  മണിക്കൂർ നടന്ന് ഞങ്ങൾ സ്ത്രീ ആനകളെ കണ്ടു എന്ന് പറഞ്ഞ സ്ഥലത്തിനരികെയെത്തി . ആവശ്യത്തിന് ഭക്ഷണം കിട്ടിയാൽ ആനകൾ ആഴ്ചകളോളം ഒരേ സ്ഥലത്തു തന്നെ കിടന്ന് കറങ്ങും .  മഴയ്ക്ക് മുൻപ് വളരെ വേഗത്തിൽ കൂടാരങ്ങൾ പണിതെടുത്തു .  ആ രാത്രി പെരുമഴതന്നെയായിരുന്നു . രാവിലെ തന്നെ സംഘാംഗങ്ങളിൽ ചിലർ പരിസരവീക്ഷണത്തിനായി  പുറത്തേയ്ക്ക് പോയി . ഞാനും അവരുടെ കൂടെയിറങ്ങി . വനമാകെ ചവുട്ടി മെതിച്ചിട്ടിരിക്കുന്നു . വലിയൊരു ആനക്കൂട്ടം തന്നെയാണെന്ന് തോന്നുന്നു .  കാപ്പിരികൾ വള്ളികൾ ശേഖരിക്കുവാൻ തുടങ്ങി . ഇവിടുള്ള കാട്ടുവള്ളികളുടെ വലിപ്പം കണ്ടാൽ നാം ഞെട്ടും . നമ്മുടെ തുടവണ്ണംവരെയുള്ളവ ഇവിടുണ്ട് .  രണ്ടു തരം കെണികളാണ് അവർ നിർമ്മിച്ചത് . ഒന്ന് , കാട്ടുവള്ളികൾ കൂട്ടിയുണ്ടാക്കിയ ഒരു ഭീമൻ വലയാണ് . ആന ഇത് പൊട്ടിക്കാതൊന്നും ഇരിക്കില്ല , പക്ഷെ ആ സമയം കൊണ്ട് ഇവർക്ക് അതിനെ മാരകമായ മുറിവേൽപ്പിക്കാൻ സാധിക്കും .  രണ്ടാമത്തേത് കുറച്ചുകൂടി അപകടകാരിയാണ് . ഭീമൻ കാട്ടുവള്ളികൾ കൊണ്ട് വായുവിലേക്ക് വലിച്ചുയർത്തിയ ഒരു കൂറ്റൻ തടിയാണത് . കൂർത്ത മുനകൾ അടിച്ചുകയറ്റിയ ആ തടി ആനയുടെ മുതുകത്തുവീണാൽ നെട്ടെല്ലൊടിയുക മാത്രമല്ല മുനകൾ കയറി സാരമായ മുറിവും ഉണ്ടാവും . ഹനൗ എന്നാണ് അവർ ഇതിനെ വിളിക്കുന്നത് .

എല്ലാം പൂർത്തിയായ ശേഷം കെണി പ്രവൃത്തിപ്പിക്കാനുള്ള കുറച്ചു പേർ മരങ്ങൾക്കിടയിൽ മറഞ്ഞു നിന്നു . ഞങ്ങൾ ബാക്കിയുള്ളവർ കുറെ ദൂരേയ്ക്ക് പോയി എട്ടു പത്ത് സംഘങ്ങളായി പിരിഞ്ഞു . എല്ലാ സംഘങ്ങളും കാടിന്റെ  മൂന്നു ദിശകളിലേക്ക് അല്ലെങ്കിൽ കെണിയുടെ എതിർ ദിശകളിലേക്ക്  മാറി നിന്നു . ആനകൾ ഇതിനുള്ളിൽ എത്തിയാൽ മൂന്നു ദിശകളിൽ നിന്നും ഞങ്ങൾ ഒച്ചയുണ്ടാക്കി അവറ്റകളെ ഭയപ്പെടുത്തും . അപ്പോൾ അവ കെണിയുള്ള നാലാം ദിശനോക്കി ഓടും . ഇതായിരുന്നു ഫാൻ വർഗ്ഗക്കാർ നൂറ്റാണ്ടുകളായി പിന്തുടർന്ന് പോകുന്ന ആനവേട്ടയുടെ രീതി .  അങ്ങിനെ ഞങ്ങൾ ആനകൾക്കായി കാത്തിരുപ്പ് തുടങ്ങി .

ആനകളെ നേരിടുമ്പോൾ ഫാൻ വർഗ്ഗക്കാർക്ക് ചില പ്രത്യേക നിയമങ്ങളൊക്കെയുണ്ട് . വേട്ടക്കാരുടെ സുരക്ഷയെ മുൻനിർത്തിയുള്ള ചില കാര്യങ്ങളാണതൊക്കെ . ഒന്നാമത് ആനയെ പിന്നിൽ നിന്നേ നേരിടാവൂ . തടിയൻ ജന്തു തിരഞ്ഞുവരാൻ സമയമെടുക്കും എന്നതിലാണത് .  ഒച്ചവെച്ച് ആനയെ വിരട്ടുന്നവരല്ല ആദ്യം കുന്തമെറിയേണ്ടത് , പകരം വലിയ മരങ്ങളിൽ ഒളിച്ചിരിക്കുന്നവരാണ് , അല്ലെങ്കിൽ ആന കലിയിളകി നിലത്ത് നിൽക്കുന്നവരുടെ പിറകെ വന്നേക്കാം .  വയറിലും കാലുകളിലുമായി വേണം കുന്തമെറിയാൻ . ആന കൂടുതൽ ഓടാതിരിക്കുവാനും രക്തം  വാർന്ന് എളുപ്പം ക്ഷീണിക്കാനും ഇത് ആവശ്യമാണ് . എന്തായാലും അധികനേരം കാത്തിരിക്കേണ്ടിവന്നില്ല . ഉൾക്കാട്ടിൽ നിന്നും കമ്പുകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടുതുടങ്ങി . അതോടെ പെരുമ്പറകളും കൂക്കിവിളികളും കുഴലൂത്തും ആരംഭിച്ചു . ഇത്രയും ശബ്ദം ഒരുമിച്ചുകേട്ടാൽ മണ്ണിലെ വിരകൾ  വരെ വെളിയിലിറങ്ങി നെട്ടോട്ടമോടും . ആനകൾ  ഞങ്ങൾക്കിപ്പോൾ കാണാൻ പറ്റുന്ന ദൂരത്തിലല്ല ഉള്ളത് . പക്ഷെ ശബ്ദത്തിൽ നിന്നും അവറ്റകൾ ഞങ്ങൾ ഉദ്യേശിക്കുന്ന ദിക്കിലേക്കാണ് പോകുന്നത് എന്ന് മനസിലായി . അവിടെ മരങ്ങളിൽ പോരാളികളായ ഫാൻ പുരുഷന്മാർ കുന്തമെറിയാൻ തക്കംപാർത്തിരിപ്പുണ്ട് . അധികം താമസിയാതെ തന്നെ ചിന്നം വിളികളും ആളുകളുടെ അലർച്ചയും ഉയർന്നു കേട്ടു . ഒരു മൂന്നാലെണ്ണം കുടുങ്ങിയ മട്ട് കാണുന്നുണ്ട് . ഞാൻ മുന്നോട്ടോടി ചെന്നു . ഹൊ ! അവിടെക്കണ്ട കാഴ്ച്ച ! ഒരു ഭീമൻ ആഫ്രിക്കൻ ഗജകേസരി കാട്ടുവള്ളികളിൽ ചുറ്റിപിണഞ്ഞു നിൽക്കുന്നു . അവൻ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുംതോറും കുരുക്കുകൾ കൂടുതൽ മുറുകുകയാണ് . ഉയർന്ന മരക്കൊമ്പുകളിൽ നിന്നും അനേകശതം കുന്തങ്ങൾ പേമാരിപോലെ അവന്റെ ദേഹത്തേക്ക് പതിക്കുവാൻ തുടങ്ങി . ഓരോന്നും ശരീരത്തിലേക്ക് കുത്തിക്കയറുമ്പോഴും ആനയുടെ ശബ്ദം ഉച്ചസ്ഥായിലായി . നിമിഷങ്ങൾക്കുള്ളിൽ അവനൊരു കൂറ്റൻ മുള്ളൻപന്നിയെപ്പോലെ തോന്നിക്കുമാറ് ശരീരം മുഴുവനും കുന്തങ്ങളാൽ നിറഞ്ഞു . അവസാനം  രക്തം വാർന്ന് വേദനയാൽ ആ ഗജവീരൻ  നിലത്തേക്ക് ചെരിഞ്ഞു .  അവൻ മരിച്ചിരുന്നില്ല . കണ്ണിൽ നിന്നും കണ്ണുനീർ നിലത്തേക്കൊഴുകി വീഴുന്നത് ഞാൻ ശ്രദ്ധിച്ചു . ഒട്ടും താമസിച്ചില്ല , അവന്റെ ചെവിയുടെ കീഴെ വെടിയുതിർത്ത് ഞാനാ ജീവിയുടെ വേദനക്കൊരു അറുതിയുണ്ടാക്കി . കാട്ടുരാജാവിനെ കൊന്ന മനുഷ്യന്റെ ആരവം കാട്ടിൽ മുഴങ്ങി . ഞാൻ മുന്നോട്ടു നീങ്ങി . കെട്ടിവലിച്ചുയർത്തിയ തടിയുടെ താഢനമേറ്റും , വള്ളികളിൽ കുടുങ്ങിയും മൂന്നാല്‌ കരിവീരന്മാർ വേട്ടക്കാരുടെ കെണിയിൽ കുടുങ്ങിയിരുന്നു . കുന്തമേറിൽ രക്തം വാർന്ന് അവറ്റകളെല്ലാം തന്നെ ഒരു മണിക്കൂറിനകം ചത്തുമലച്ചു . അങ്ങിനെ ആനവേട്ട അവസാനിച്ചു .

വൈകുന്നേരത്തോടെ ഫാൻ വർഗ്ഗക്കാരുടെ നന്ദി സൂചകമായുള്ള വേട്ട നൃത്തം ആരംഭിച്ചു . കാടിളക്കി , പെരുമ്പറ കൊട്ടി ഓരിയിട്ട് അവർ ആഹ്ലാദം പ്രകടിപ്പിച്ചു . ആനയുടെ ഒരു ഭാഗം മുറിച്ചെടുത്ത് ചുട്ടെടുത്ത് ഉൾക്കാട്ടിലൊരിടത്തത് കൊണ്ട് വെച്ചു . നായാട്ട്ദേവനുള്ള സമ്മാനമാണത് . പിന്നീടൊരു ചെറു ഭാഗം അവർ  തീയിലിട്ട് ചുട്ടു കഴിച്ചു . വേറൊന്നും കിട്ടാനില്ലാത്തതിനാൽ ഞാനും കൂടെ കൂടി . ഇന്നുവരെ കഴിച്ചിട്ടുള്ള ഇറച്ചികളിൽ ഏറ്റവും കട്ടിയുള്ളതായിരുന്നു ആനയിറച്ചി .  തുമ്പിക്കയ്യും , കാലുകളുമാണ് വിശിഷ്ടവ്യക്തികൾക്കായി അവർ കൊടുക്കുന്നത് . എനിക്കിത് രണ്ടിൽ നിന്നും ഒരുഭാഗം കിട്ടി .  പിന്നീട്  മൂന്ന് ദിവസങ്ങൾകൊണ്ട് ആനകളെ പലഭാഗങ്ങളാക്കി വെട്ടിയെടുത്ത് കമ്പുകളിൽ തൂക്കിയിട്ട് പുകയടിപ്പിച്ച് ഉണക്കിയെടുത്തു . ഞാൻ പന്ത്രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ട് പുഴുങ്ങിയിട്ടും ആനയിറച്ചി പതം വന്നില്ല . പിറ്റേ ദിവസം വീണ്ടും അത്രയും സമയം പുഴുങ്ങിയിട്ടും അത് മൃദുവായില്ല . കഴിക്കുംതോറും കൂടുതൽ കൂടുതൽ വെറുക്കുന്ന മാംസമാണ് ആനയിറച്ചി .

ഇതിനിടയിൽ വേട്ടക്കിടെ ഫാൻ ഗോത്രക്കാരിൽ ഒരാൾ ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു . അയാളുടെ ശരീരം വള്ളികളും ഇലകളും കൊണ്ട് പൊതിഞ്ഞുകെട്ടി അടുത്തുള്ള മറ്റൊരു ഗോത്രക്കാർക്ക് കഴിക്കാനായി  അയച്ചുകൊടുത്തു .  ഫാനുകൾ സ്വന്തം ആളുകളെ ഭക്ഷണമാക്കാറില്ല ! ഇക്കൂട്ടത്തിൽ ആരെങ്കിലും മരിച്ചാൽ സംസ്ക്കരിക്കുന്നതിന് പകരം തിന്ന് തീർക്കുകയാണ് ചെയ്യുന്നത് എന്ന അറിവ് എനിക്ക് പുതുമയായിരുന്നു . എന്തായാലും ഇവിടെവെച്ച് മരിക്കാൻ ഞാൻ തയ്യാറല്ല .

വലവെച്ചുള്ള വേട്ട

നരഭോജികളുടെ ഇടയിലെ ജീവിതം തൽക്കാലം അവസാനിപ്പിച്ചുകൊണ്ട് ഞാൻ അവരോട് യാത്ര പറഞ്ഞു . തിരികെ പോരുവാൻ മറ്റൊരു വഴിയാണ്  തിരഞ്ഞെടുത്തത് . എന്റെ കൂടെയുള്ള കാപ്പിരികളുടെ കൈയിൽ ഇപ്പോൾ അനേകം ഭാണ്ഡക്കെട്ടുകൾ ഉണ്ട് . ഞാനിതുവരെ കണ്ടതും പിടിച്ചതുമായ ജീവികളുടെ തോലും മറ്റു ഭാഗങ്ങളുമാണ്  ഏറെയും ഉള്ളത് .  വഴിയിലെ സകല ഗോത്രത്തതലവന്മാർക്കും കാണിക്ക കൊടുത്തുവേണം ഓരോ സ്ഥലത്തുകൂടെയും മുന്നേറുവാൻ . കൂടുതലും നദികളുടെ ഓരം പറ്റിയാണ് ഞങ്ങൾ നടന്നിരുന്നത് .  ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ഒരു മ്ബിച്ചോ ഗോത്രഗ്രാമത്തിൽ എത്തിച്ചേർന്നു . കാട്ടിൽ പലയിടങ്ങളിലായി അനേകം മ്ബിച്ചോ ഗ്രാമങ്ങൾ ചിതറിക്കിടപ്പുണ്ട് . അവരെല്ലാവരും തന്നെ വളരെ സൗഹൃദത്തിലാണ് കഴിയുന്നതും . അതിനാൽ തന്നെ കുറച്ചുകാലം ഇവരുടെ കൂടെ കഴിയാം എന്ന് ഞാൻ തീരുമാനിച്ചു .  കൂട്ടത്തിൽ  വലവെച്ച് മൃഗങ്ങളെപ്പിടിക്കുന്ന ഇവരുടെ പ്രത്യേകതരം വേട്ട കാണുകയുമാവാം .

ഒരു പ്രത്യേകതരം മരത്തിന്റെ നാരുകൾ കൂട്ടിപ്പിണച്ചു ചേർത്താണ് ഇവർ വലകൾ നിർമ്മിക്കുന്നത് . അഞ്ചടി വീതിയും അതിന്റെ നാലോ അഞ്ചോ ഇരട്ടി നീളവും ഉള്ള വലകളാണിവ . ഇത്തരം ഒന്നോ രണ്ടോ വലകൾ ഓരോ ഗ്രാമത്തിനും സ്വന്തമായി ഉണ്ടാവും . വർഷത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യമാണ് ഇവർ ഈ വലകളുമായി വേട്ടയ്ക്ക് പോകുന്നത് . കാട്ടിൽ ഇത്തരം വേട്ടമേളകൾ നടത്തുവാൻ പ്രത്യേകം സ്ഥലങ്ങൾ വെട്ടി വെളുപ്പിച്ച് മൈതാനം പോലെ ഒരുക്കിയിട്ടുണ്ടാവും . അതിലേതെങ്കിലും ഒരു പ്രദേശമാവും ഓരോ വേട്ടയ്ക്കും തിരഞ്ഞെടുക്കുക . നേരത്തെ പറഞ്ഞുറപ്പിച്ച പ്രത്യക ദിവസം എല്ലാ മ്ബിച്ചോ ഗ്രാമക്കാരും അവരവരുടെ വലകളുമായി നിർദിഷ്ടസ്ഥലത്ത് എത്തിച്ചേരും . കൂട്ടത്തിൽ വേട്ടയ്ക്കായി പ്രത്യേകം പരിശീലിപ്പിച്ച നായ്ക്കളും ഉണ്ടാവും . വേട്ടക്കാരും നായ്ക്കളും ഒരുതരി ശബ്ദം പോലും ഉണ്ടാക്കാതെയാണ് അവിടെ എത്തിച്ചേരുന്നത് . പിന്നീട് നിശബ്ദമായി ഓരോരുത്തരും അവരവരുടെ വലകൾ  നീളത്തിൽ ലംബമായി കെട്ടി നിർത്തും . എന്നിട്ട് അത് വള്ളികൾ വെച്ച് മറ്റ് ഗ്രാമക്കാരുടെ വലകളുമായി കൂട്ടിച്ചേർക്കും . അവസാനം ഇരുവശത്തുനിന്നും വള്ളികൾ വെച്ച് അടുത്തുള്ള മരങ്ങളിലേക്ക് വലിച്ചു കെട്ടി നിർത്തിക്കഴിയുമ്പോൾ കാട്ടിൽ  ഒന്നോ രണ്ടോ മൈലുകൾ നീളത്തിൽ “റ ” ആകൃതിയിൽ ഒന്നാംതരമൊരു വലക്കെണി (അഷിൻഗ)  രൂപപ്പെടും . പിന്നീട്  വേട്ടക്കാരെല്ലാം നിശബ്ദമായി ഉൾക്കാടുകളിലേക്ക് വലിയും . വൈകുന്നേരം മൃഗങ്ങൾ മൈതാനത്ത് എത്തുന്ന സമയം ഒരു വിസിലടിയോടെ വേട്ട ആരംഭിക്കും . നായ്ക്കൾ കുരച്ചും , വേട്ടക്കാർ ഓരിയിട്ടും  ഒച്ചവെച്ച് നീളൻ വടികൾ കൊണ്ട്  കാടിനെ തല്ലിച്ചതച്ച് കൂട്ടമായി ഒരു ഭാഗത്തുനിന്നും വല വെച്ചിരിക്കുന്ന ദിക്ക് ലക്ഷ്യമാക്കി നടന്നടുക്കും .  അതോടെ പേടിച്ചരണ്ട മൃഗങ്ങൾ ശബ്ദം വരുന്നതിന് എതിർദിശയിലേക്ക് ഓടിത്തുടങ്ങും .ഞങ്ങൾ സാവധാനം കാടിളക്കിത്തുടങ്ങിയപ്പോഴേ അടിക്കാടുകൾക്ക് ജീവൻവെച്ചുതുടങ്ങി . മൃഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞു തുടങ്ങിയിട്ടുണ്ട് . ഞാൻ തോക്കെടുത്ത് തയ്യാറായി നിന്നു , കാരണം ഏതെങ്കിലും മൃഗം ലക്ഷ്യം മാറി ഞങ്ങൾക്കെതിരെ പാഞ്ഞുവന്നെക്കാം . ഞങ്ങൾ മുന്നോട്ട് അടുക്കും തോറും കാടാകെ ഇളകിമറിഞ്ഞു . അകലെ വലകൾ ഇളകിത്തുടങ്ങിയത് ഞാൻ കണ്ടു . മൃഗങ്ങൾ കുരുക്കിൽ കയറിത്തുടങ്ങി . അവസാനം മൂന്ന് വശങ്ങളിൽ നിന്നുമുള്ള വേട്ടക്കാർ കാടിളക്കി വലയുടെ സമീപം എത്തിയതോടെ വേട്ട അവസാനിച്ചു . ഒട്ടനവധി മാനുകളും , പന്നികളും ഇതൊനൊടകം വലയിൽ കുരുങ്ങിയിരുന്നു . കിട്ടിയ മൃഗങ്ങളെയെല്ലാം എല്ലാ ഗ്രാമക്കാരും തുല്യമായി വീതിച്ചെടുത്തു . എനിക്കും ഒരു മാനിനെ വീതമായി ലഭിച്ചു . വേട്ടയിൽ പങ്കെടുത്ത നായ്ക്കൾക്കും ഇറച്ചിയുടെ ഒരു വീതം അവകാശപ്പെട്ടതാണ് .

രാത്രിയോടെ ഞങ്ങൾ ഗ്രാമത്തിൽ തിരിച്ചെത്തി . കൂടുതൽ മൃഗങ്ങളെ കിട്ടിയിരുന്നതിനാൽ ഏവരും സന്തോഷത്തിലായിരുന്നെങ്കിലും വേട്ടക്കാർ നന്നേ ക്ഷീണിച്ചിരുന്നു . മുപ്പത് മൈലെങ്കിലും കാട്ടിലൂടെ ഇന്ന് നടന്നു കാണണം . ഞാൻ എന്റെ മാനിറച്ചി തോലുരിച്ച്  ശ്രദ്ധാപൂർവ്വം വൃത്തിയാക്കി .  തോൽ എനിക്ക് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ളതാണ് . ഇത്തരം തോലുകളും , മറ്റ് മൃഗങ്ങളുമാണ് എന്റെ സമ്പാദ്യം . നാട്ടിൽ ചെന്ന് ഇതൊക്കെ ധനികർക്കും , മ്യൂസിയത്തിനുമൊക്കെ  വിറ്റ് വേണം എനിക്ക് ജീവിക്കുവാൻ . ഇങ്ങനെ പലവിധ വിചാരങ്ങളുമായി അന്ന് കുടിലിലേക്ക് മടങ്ങി . മാനിനെ മുറിയുടെ ഒരു മൂലയ്ക്ക് തൂക്കിയിട്ടു . മുറിയുടെ നടുവിൽ കിട്ടിയതൊക്കെയും നിലത്ത് വിരിച്ച്  കിടന്നുറങ്ങി . രാത്രിയേറെ ചെന്ന് കാണണം , വേദനകൊണ്ട് നിലവിളിച്ചുകൊണ്ട് ഞാൻ ഞെട്ടിയുണർന്നു . എന്തോ എന്നെ കടിച്ചിരിക്കുന്നു . ദേഹമാസകലം എന്തൊക്കെയോ ഓടിനടക്കുന്നു ! ഞാൻ നിലവിളിച്ചുകൊണ്ട് കുടിലിന് വെളിയിലേക്കോടി . ഇരുട്ടത്ത് എന്താണെന്ന് മനസിലാവുന്നില്ല . ശബ്ദംകേട്ട് ആരൊക്കെയോ പന്തം തെളിച്ചുകൊണ്ട് ഓടി വന്നു . അപ്പോഴാണ് കണ്ടത്,   ദേഹമാസകലം വലിയ ഉറുമ്പുകൾ ഓടിനടക്കുന്നു . വെപ്രാളത്തോടെ ഞാൻ എല്ലാത്തിനെയും തട്ടി ദൂരെയെറിഞ്ഞു . പൊടുന്നനെ മറ്റു കുടിലുകളിൽ നിന്നും ഒച്ചയും നിലവിളി ശബ്ദങ്ങളും ഉയർന്നു . അതെ!  ഇതൊരാക്രമണമാണ് . കോടിക്കണക്കിന് വരുന്ന ബാഷിക്കോയി ഉറുമ്പുകൾ  (Dorylus gribodoi – African Driver Ant) ഒരു  കാട്ടുഗ്രാമം ആക്രമിക്കുകയാണ് ! ഞങ്ങൾ തൂക്കിയിട്ടിരിക്കുന്ന വേട്ടമൃഗങ്ങളുടെ മണമാണ് ഇവറ്റകളെ ഇങ്ങോട്ടാകർഷിച്ചതെന്ന് വ്യക്തം . മിനിറ്റുകൾക്കുള്ളിൽ സകലമാന  ഇറച്ചിയും ഇവർ തിന്നു തീർത്തു എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല .  കെടാത്ത  തീക്കുണ്ഡങ്ങളിൽ നിന്നും ചൂടുകനലുകൾ എടുക്കാനായി ആളുകൾ പരക്കം പാഞ്ഞു . ഉറുമ്പുകൾ ഇനിയും ചെല്ലാത്ത കുടിലുകൾക്ക് ചുറ്റും അവ വിതറിയാൽ പിന്നെ അവറ്റകൾ അടുക്കില്ല . അനേകശതം തീപ്പന്തങ്ങൾ ഉടനടി തെളിയിക്കപ്പെട്ടു . കുടിലിന് തീപിടിക്കാതെ ഉറുമ്പുകളെ തീകൊണ്ട് നേരിടുന്നത് ശ്രമകരമായ ജോലിതന്നെയായിരുന്നു . ഏറെ താമസിയാതെ ബാഷിക്കോയി സൈന്യം ആക്രമണം വിജയകരമായി പൂർത്തിയാക്കി ഗ്രാമത്തിൽ നിന്നും പിൻവലിഞ്ഞു . ശരിക്കും വലിയൊരു സൈന്യം നീങ്ങുന്നതുപോലെ വരിവരിയായി വളരെ വേഗത്തിൽ അവ ഇരുളിലേക്ക് മറയുന്നത് കണ്ട് ഞാൻ  അനങ്ങാതെ നിന്നു പോയി . ഗ്രാമം ശാന്തമായി . ഞാൻ കുടിലിലേക്ക് മടങ്ങി . മച്ചിൽ തൂക്കിയിട്ടിരുന്ന മാനിന്റെ സ്ഥാനത്ത് കുറച്ച് എല്ലും തൊലിയും മാത്രം ! നീണ്ടു നിവർന്നു കിടന്നുകൊണ്ട് ആ അസ്ഥിപഞ്ജരത്തെ നോക്കി ഞാൻ നെടുവീർപ്പിട്ടു . അതെ ….. ആഫ്രിക്ക ഒരു വിസ്മയമാണ് !

ചതുപ്പും ഗുഹകളും

നരഭോജികളുടെ ഇടയിലെ താമസം പൂർത്തിയാക്കി ഞങ്ങളുടെ സംഘം കടൽത്തീരം ലക്ഷ്യമാക്കി യാത്ര തിരിച്ചു.  എന്തൊക്കെത്തരം  ഭൂവിഭാഗങ്ങളാണ് ഞങ്ങൾ താണ്ടിയത് എന്ന് എഴുതിവിവരിക്കാൻ എനിക്കാവില്ല . ചിലതൊക്കെ കണ്ട് കണ്ണുമിഴിച്ച് മിനിറ്റുകളോളം അനങ്ങാതെ നിന്നിട്ടുണ്ട് . ഓരോ ചുവടും ഓരോ പുതിയ ലോകമായി എനിക്ക് തോന്നി . കാട്ടിൽ നിന്നുയരുന്ന ജല്പനങ്ങൾ ഏതൊക്കെ മൃഗങ്ങളുടേതാണ് എന്ന് ഊഹിക്കാൻ പോലും ആകുന്നില്ല . ഒരു പക്ഷെ മനുഷ്യൻ ഇതുവരെയും കാണാത്ത ഏതെങ്കിലും അപൂർവ്വ ജീവിയാകാം ഇരുളിന്റെ മറവിൽ നിന്നും എന്നെ  ഉറ്റുനോക്കുന്നത് . മേൽക്കാടുകളിൽ വിവിധയിനം കുരങ്ങുകളും അനേകതരം പറവകളും കലപിലശബ്ദമുണ്ടാക്കുന്നുണ്ട് .  തൂങ്ങിക്കിടക്കുന്നതൊക്കെയും വള്ളികളാണോ അതോ ഭീമൻ സർപ്പമാണോ എന്നൊന്നും തിരിച്ചറിയാനാവുന്നില്ല . ഒന്ന് ഞാൻ പഠിച്ചു . എനിക്കിപ്പോൾ കാടറിയാതെ കാട്ടിൽ നടക്കാനറിയാം . അങ്ങിനെ നടന്നാൽ കാട് നമ്മെ അറിഞ്ഞു പെരുമാറും . അല്ലെങ്കിൽ അതു പ്രതികരിക്കും. അത് തടുക്കുവാൻ എന്റെ കയ്യിൽ തൂങ്ങുന്ന തോക്ക് ഒരു പക്ഷെ പോരാതെ വന്നേക്കാം .

നട്ടുച്ചയ്ക്കും സൂര്യനെ തടഞ്ഞുനിർത്തുന്ന കൊടുംകാടുകൾ അവസാനിച്ചു . ഇനിയങ്ങോട്ട്  പുൽമേടുകളാണ്  നിറയെ . അകലെ വലിയൊരു കുന്ന് തലയുയർത്തി നിൽപ്പുണ്ട് . അത് കയറാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു . കുന്നിന്റെ മുകൾ ഭാഗം അതിവിശാലമായ ഒരു പ്രദേശം തന്നെയായിരുന്നു . എന്റെ രണ്ടിരട്ടി വലിപ്പമുള്ള അനേകം ഉരുളൻ കല്ലുകൾ അവിടവിടെയായി ചിതറിക്കിടപ്പുണ്ടായിരുന്നു . അതിന്റെയെല്ലാം ഒത്ത നടുക്ക് ആകാശം മുട്ടുമാറുയരത്തിൽ ഒരു കൂറ്റൻ പാറനിൽപ്പുണ്ട് . ഞാൻ പതുക്കെ അതിനെ സമീപിച്ചു . വലിയൊരു ഗുഹാകവാടമാണ് അവിടെ  കണ്ടത് . തീർച്ചയായും അത് പ്രകൃതി നിർമ്മിതമല്ല , മനുഷ്യൻ പണിതുണ്ടാക്കിയതാണ് .  നീണ്ട കാനനയാത്രക്കിടെ വിവിധ വർഗ്ഗക്കാർ രാത്രി കഴിച്ചുകൂട്ടാൻ ഉണ്ടാക്കിയതാണിത് . ഞങ്ങൾ പതുക്കെ അകത്തേക്ക് പ്രവേശിച്ചു . എന്തൊരു ഇരുട്ടായിരുന്നു അവിടെ ! കാപ്പിരികൾ പന്തങ്ങൾ പ്രകാശിപ്പിച്ചു . എന്നിട്ടും മുന്നിൽ നിൽക്കുന്ന ആളെയല്ലാതെ അതിനപ്പുറമുള്ള കാഴ്ച്ച കിട്ടുന്നുണ്ടായിരുന്നില്ല . ഞങ്ങളുടെ സാന്നിദ്ധ്യം ആ ഗുഹയുടെ സംതുലിതാവസ്ഥ തെറ്റിച്ചു എന്ന് പറയാം . അവിടുന്നും ഇവിടുന്നും അസ്വസ്ഥപൂർണ്ണമായ മുക്കലും മുരളും കേൾക്കുന്നുണ്ട് . പുലിയുടെ രോമം അവിടവിടെയായി കൊഴിഞ്ഞുവീണ് കിടക്കുന്നതു . കണ്ടു . എന്തായാലും ഇവിടെ രാത്രികഴിക്കുവാൻ ഞാനില്ല . പൊടുന്നനെ അകത്തുനിന്നും ഒരു ഹുങ്കാരം മുഴങ്ങി . പതിനായിരക്കണക്കിന് കടവാതിലുകളുടെ വരവായിരുന്നു അത് !  ഞങ്ങൾ തിരിച്ചോടി ഒരു ഭിത്തിയുടെ മറവു പറ്റി നിന്നു . എത്രയെണ്ണം ഞങ്ങളെ കടന്നുപോയി എന്ന് പറയാനാവില്ല . പക്ഷെ  നിമിഷങ്ങൾക്കുള്ളിൽ രംഗം ശാന്തമായി . ഞാനൊന്ന് നെടുവീർപ്പിട്ടു . ആകെ നിശബ്ദത . എവിടെനിന്നോ വെള്ളം വീഴുന്നതുപോലെയൊരു ശബ്ദം കേൾക്കുന്നുണ്ട് . അതോ ഒരു മനുഷ്യൻ നിലവിളിക്കുന്നതാണോ ? ഒന്നും തിരിച്ചറിയാനാവുന്നില്ല . കാപ്പിരികളുടെ മുഖഭാവം ഞാൻ ശ്രദ്ധിച്ചു . അവിടെ നിൽക്കാൻ അവർക്കു മനസില്ല . ഞങ്ങൾ പതുക്കെ ഗുഹയുടെ വെളിയിൽ വന്നു . അപ്പാഴും ആ ശബ്ദം എവിടെനിന്നോ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു . ഞാൻ മുന്നോട്ട് നടന്നു . ആ കുന്നിൻ ചെരുവിൽ അപ്പോൾ കണ്ട കാഴ്ച്ച വിവരണാതീതമായിരുന്നു . വലിയൊരു വെള്ളച്ചാട്ടത്തിന്റെ ഒത്തനടുക്കാണ് ഞങ്ങളിപ്പോൾ . അകലെ മേഘശകലങ്ങൾക്കിടെയിൽ കടലിന്റ വെള്ളിരേഖ ദൃശ്യമായി . വായുവിന് കട്ടി കുറഞ്ഞതായി എനിക്കനുഭവപ്പെട്ടു . ഞാനൊന്ന് ആഞ്ഞുവലിച്ചു . എന്തൊരു സുഖം . ഇതാണ് സ്വർഗ്ഗം .

കാഴ്ച്ചയിൽ ഒരു ചെറുനയാഗ്രാ തന്നെയായിരുന്നു അത്  . ഈ ജലപാതത്തിന്റെ ശബ്ദമാണ് ഗുഹക്കുള്ളിൽ മുഴങ്ങുന്നത്. അങ്ങിനെയെങ്കിൽ ആ ഗുഹക്ക് ഇവിടെയൊരു വാതിൽ കണ്ടേക്കാം അല്ലെങ്കിൽ മറ്റൊരു ഗുഹ തന്നെ ഉണ്ടാവാം . ഞാൻ പതുക്കെ ആ ജലപ്രപാതത്തിന്റെ ചുവടിലേയ്ക്ക് നടന്നിറങ്ങി . വില്ലുപോലെ ജലം വളഞ്ഞുവീഴുന്നതിന് പിറകിൽ ഒരു  കവാടം എന്റെശ്രദ്ധയിൽ പെട്ടു . ജലപ്രഹരമേൽക്കാതെ അതിനുള്ളിൽ കയറുക പ്രയാസം തന്നെ . പക്ഷെ എതിർവശത്തുകൂടി നടന്നാൽ നനയാതെ തന്നെ ഗുഹാപ്രവേശം നടത്താം . കുറച്ചു പ്രയാസപ്പെട്ടെങ്കിലും ഞങ്ങൾ ആ ഗുഹയിൽ കടന്നുകൂടി  . പഴയതുപോലെ തന്നെ കുറ്റാകൂരിരുട്ട് . മൂന്നാല് പന്തങ്ങൾ ഉടൻ തെളിയിക്കപ്പെട്ടു . കുറെ മുന്നോട്ടു നടന്നപ്പോൾ ഒരു ചെറുനീരൊഴുക്ക് കാണാറായി . ഞാനതിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കാപ്പിരികൾ തടഞ്ഞു . വിഷപ്പാമ്പുകൾ കണ്ടേക്കാം . നനവുള്ള പ്രദേശവും നല്ല ഇരുട്ടും !  പാമ്പുകൾ കൂട്ടം കൂടി എന്നെ ചുറ്റിവരിയുന്ന കാഴ്ച്ച ഒരു മിന്നലുപോലെ മനസ്സിൽ കണ്ടു . ഹോ ! വേണ്ട ഇറങ്ങുന്നില്ല . ഞാനൊരു വെടിയുയർത്തു . പക്ഷെ അതിനോടുള്ള ഗുഹയുടെ പ്രതികരണം ഭീകരമായിരുന്നു . ഉള്ളിൽ നിന്നും വവ്വാലുകളുടെ ഒരു വൻസൈന്യം അതിവേഗത്തിൽ ഞങ്ങളുടെ നേരെ പാഞ്ഞടുത്തു . അവർക്ക് പുറത്തേയ്ക്കുള്ള ഒരേയൊരു വഴിയിലാണ് ഞങ്ങൾ നിൽക്കുന്നത് . ദേഹത്തുവന്നിടിച്ച വവ്വാലുകളുടെ ശക്തിയാൽ ഞങ്ങൾ വീണുപോയി . ശരീരത്തുനിന്നും പലതിനെയും പറിച്ച് വലിച്ചെറിഞ്ഞു കളയേണ്ടി വന്നു . ഞങ്ങളുടെ പന്തങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് അണഞ്ഞുപോയി .  പൊടുന്നനെ എല്ലാം നിശബ്ദമായി . ഭയാനകമായൊരു അന്ധകാരം  ചുറ്റും നിറഞ്ഞു . പെട്ടന്ന് കാപ്പിരികളിലൊരാൾ നിലവിളിച്ചു . അതെന്താണ് ? ഇരുട്ടിൽ അകലെയല്ലാതെ നീരൊഴുക്കിനരുകിൽ തീപ്പന്തം പോലെ രണ്ട് കണ്ണുകൾ തിളങ്ങുന്നു ! കൂറ്റനൊരു പാമ്പ് ? അല്ലെങ്കിൽ പുലി ! എന്താണത് ? ഞാനൊന്നും നോക്കിയില്ല ആ കണ്ണുകൾ ലക്ഷ്യമാക്കി അടുത്ത വെടി  പൊട്ടിച്ചു . കാപ്പിരികൾ . പിന്തിരിഞ്ഞോടി . ഞാനും മറ്റൊന്നും ചിന്തിച്ചില്ല . എന്തോ തൊട്ടുപിറകെ അനുഗമിക്കുന്നുണ്ട് എന്ന വിചാരത്തിൽ ഞാനും പ്രാണരക്ഷാർത്ഥം പുറത്തേക്കോടി . ആരൊക്കെയോ എവിടെയൊക്കെയോ ഇടിച്ച് മറിഞ്ഞു വീണു . നിലവിളികളും ആക്രോശങ്ങളും ! അവസാനം ദേഹം മുഴുവനും ചെളിയും ചോരയുമായി ഞങ്ങൾ എങ്ങിനെയോ പുറത്തെത്തി  . ഒന്നും ഞങ്ങളെ അനുഗമിക്കുന്നില്ല  എന്നുറപ്പായി . എങ്കിലും ശ്വാസമെടുക്കുവാൻ കുറെയധികം സമയം വേണ്ടിവന്നു . ഇനി എന്റെകൂടെ ഇവർ ഏതെങ്കിലും ഗുഹയ്ക്കുള്ളിൽ . കയറുമോ എന്നെനിക്ക് സംശയമുണ്ട് . എന്തായാലും ജീവൻ രക്ഷപെട്ടു . പുറത്തെ നയനമനോഹര ദൃശ്യം കണ്ട് ഒരു മണിക്കൂറോളം ഞാൻ അവിടെ ചിലവഴിച്ചു . ഞാൻ ആഫ്രിക്കയിൽ കണ്ടതിലും വെച്ച് ഏറ്റവും മനോഹരമായ പ്രകൃതിയായിരുന്നു അവിടുണ്ടായിരുന്നത് . ഭയമെന്നെ വിട്ടകന്നു . അമ്മയുടെ മടിയിലെന്നപോലെ ഞാനാ കുന്നിൻചെരുവിൽ ചെറിയൊരുമയക്കത്തിലാണ്ടു .

സത്യത്തിൽ അന്ന്  ഞാൻ ഗുഹകളെ വേണ്ടത്ര രീതിയിൽ പഠിച്ചില്ല എന്നത് ഒരു പോരായ്മയായി ഇന്ന് തോന്നുന്നു . ജാക്ക് ബോഷറിന്റെ (Boucher de Perthes) ഒരു പുസ്തകംപോലും ഞാനന്ന് വായിച്ചിരുന്നില്ല . ഇത്തരം ഗുഹകൾക്കുള്ളിൽ മൺമറഞ്ഞുപോയ പല ജീവികളുടെയും അസ്ഥിശേഷിപ്പുകൾ കണ്ടേക്കാം . അദ്ദേഹമത് തെളിയിച്ചതാണ് . പക്ഷെ ഇനി പറഞ്ഞിട്ട് കാര്യമില്ല .  ഇനിയൊരു പക്ഷെ അടുത്തയാത്ര ഇങ്ങോട്ടെങ്കിൽ തീർച്ചയായും ഞാനീഗുഹകളൊക്കെ അരിച്ചുപെറുക്കിയിരിക്കും .

ഈ കാഴ്ചകളൊന്നും കണ്ടിവിടിരിക്കുവാൻ എനിക്ക് സമയമില്ല . എത്രയും വേഗം കടൽത്തീരത്ത് എത്തണം .  കൊടുംകാട്ടിൽ നമ്മുക്ക് പ്രത്യേകിച്ച് വഴികൾ കണ്ടുപിടിക്കേണ്ടതില്ല . ആനത്താരകളാണ് നമ്മുടെ വഴികൾ . അവ നമ്മെ ഒരു നദിയുടെ തീരത്ത് സ്വാഭാവികമായും കൊണ്ടെത്തിക്കും . നദിയുടെ ഓരംപറ്റി നടന്നാൽ അത് നമ്മെ ഏതെങ്കിലും ഗ്രാമത്തിൽ ചെന്നാക്കുകയും ചെയ്യും . അങ്ങിനെ ഞങ്ങൾ ഒരു നദിയുടെ തീരത്ത് എത്തിച്ചേർന്നു . അത് പക്ഷെ ഒരു നദിയെന്നു വിളിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല . വിശാലമായ ഒരു ചതുപ്പായിരുന്നു അത് . കൊതുകും , മലേറിയയും , വിഷജന്തുക്കളും , മുതലകളും ഇതാണ് ആഫ്രിക്കൻ ചതുപ്പ് . ഇതെങ്ങിനെ മറികടക്കും ?  ഇവിടെയാണ്  യാത്രയിലെ ഏറ്റവും അപകടകരമായ ഭാഗത്ത് ഞാനെത്തിച്ചേരുന്നത് . ചതുപ്പിലുടനീളം കവച്ച് കവച്ച് നിൽക്കുന്ന കണ്ടൽവനങ്ങളുടെ വേരുകളിലൂടെ ഒരു അഭ്യാസിയെപ്പോലെ ചാടി ചാടി വേണം ഈ ചെളിക്കുണ്ട് മറികടക്കുവാൻ . “ന ” മട്ടിൽ ചതുപ്പിൽ കാലൂന്നി നിവർന്നാണ് കണ്ടൽമരങ്ങളുടെ നിൽപ്പ് . കവച്ച് നിൽക്കുന്ന വേരുകൾ തെന്നുന്നവയും ആണ് . വേലിയേറ്റത്തിന് സമയമായി . ഇനിയും കാത്ത് നിന്നാൽ ഇപ്പോൾ ജലത്തിന് മുകളിൽ തെളിഞ്ഞുനിൽക്കുന്ന വേരുകൾ വെള്ളത്തിനടിയിലായേക്കാം . വെള്ളമിറങ്ങുന്നത് വരെ ഇവിടെ തമ്പടിക്കുന്നത് ബുദ്ധിയല്ല . ഒരു രാത്രി മുഴുവനും കൊതുകിനെ നേരിട്ടും , മുതലകളെയും വിഷസർപ്പങ്ങളെയും പേടിച്ചും ഇവിടെ കഴിഞ്ഞുകൂടുന്നത് ഓർക്കാൻ പോലും ആവുന്നില്ല . ഞാൻ ബൂട്ട് പതുക്കെ അഴിച്ചു . വേരുകളിൽ ഉറച്ചു നിൽക്കുവാൻ അതിനനുസരിച്ച് വളയുന്ന കാൽപ്പത്തികൾ തന്നെ വേണം . ഇത്തരം യാത്ര നടത്തി ശീലമുള്ള ഒരു കാപ്പിരിയെ ഞാനെന്റെ ഭാരം മുഴുവനും ഏൽപ്പിച്ചു . പതുക്കെ ഒരു വേരിലേയ്ക്ക് കാലെടുത്തു വെച്ചു . ചെളിപുരണ്ട, മിനുസമുള്ള  വേരുകൾ നമ്മെ താഴേക്ക് വലിക്കുന്നതായി തോന്നും . തൂങ്ങിക്കിടക്കുന്ന വള്ളികളിൽ പിടിച്ച് തെന്നാതെ അടുത്ത വേരിലേയ്ക്ക് ശ്രദ്ധാപൂർവ്വം ചാടണം . ഒന്ന് തെറ്റിയാൽ ചെളിക്കുണ്ടിൽ വീഴും . അനക്കം കേട്ട് നിമിഷങ്ങൾക്കുള്ളിൽ ഒരു മുതലയോ പാമ്പോ അവിടെയെത്തിയേക്കാം . ഒന്ന് രണ്ട് ചാട്ടം കഴിയുമ്പോഴേ നാം അണയ്ക്കും . ചിലർ വള്ളികളിൽ കെട്ടിപ്പിടിച്ച് നിന്ന് ശ്വാസം കഴിക്കാൻ പാടുപെടുന്നത് കാണുന്നുണ്ടായിരുന്നു .

ഒമെമ്പാ !!!!  പെട്ടന്നൊരു നിലവിളികേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി .  പാമ്പെന്നാണ് അതിന്റെ അർഥം ! വള്ളിയാണെന്ന് തെറ്റിദ്ധരിച്ച് ഒരു കാപ്പിരി കടന്ന് പിടിച്ചത് കൂറ്റനൊരു പാമ്പിനെയായിരുന്നു . തണുത്ത് , വഴുവഴുക്കുള്ള പാമ്പിനെ പിടിച്ച കാപ്പിരി പിടിവിട്ട് നേരെ ചതുപ്പിലേയ്ക്ക് വീണു . എല്ലാവരും അവനെ രക്ഷിക്കുവാൻ ചാട്ടം വേഗത്തിലാക്കി . ചെളിവെള്ളത്തിൽ മുതലയെ തിരിച്ചറിയുവാനാവില്ല . ബാക്കിയുള്ളവർ നിലവിളിച്ചും ഒച്ചവെച്ചും , കണ്ടൽകാടിളക്കിയും . പാമ്പിനെ ഭയപ്പെടുത്തി . അതിനിടെ വേറൊരു കാപ്പിരി കൂടി പിടിവിട്ട് ചതുപ്പിൽ വീണതോടു കൂടി അന്തരീക്ഷം ആകെ ശബ്ദമുഖരിതമായി . രണ്ടുപേരെയും ഓടി ചാടി ചെന്നവർ ഒരു വിധം പിടിച്ച് വീണ്ടും വേരിനു മുകളിൽ എത്തിച്ചു . ഇതിനിടെ ആകെ വിരണ്ടുപോയ പാമ്പ് ശിഖരങ്ങൾ വഴി എങ്ങോട്ടെന്നില്ലാതെ ഊളിയിട്ടെങ്കിലും അവൻ വരുന്ന ദിക്ക് ഞാൻ നിൽക്കുന്നയിടത്തേക്കായിരുന്നു . ഞാൻ അതിവേഗത്തിൽ അടുത്ത വേരിലേക്കു ചാടി മാറിയതിനാൽ പാമ്പ് ലക്‌ഷ്യം മാറി വേറെങ്ങോട്ടോ പോയി . നിലവിളിയും പരിഭ്രാന്തിയും കാരണം ഏവരും ആകെ ക്ഷീണിച്ചു . ഒന്ന് വിശ്രമിച്ചശേഷം ഞങ്ങൾ വീണ്ടും ചാട്ടം  ആരംഭിച്ചു . ഒരുമണിക്കൂറിലധികം സമയമെടുത്താണ് ആ ചതുപ്പ് ഞങ്ങൾ താണ്ടിയത് . ഇനിയും വിശ്രമിക്കാൻ സമയമില്ല എത്രയും വേഗം കടൽത്തീരത്ത് എത്തണം .

അടിമകളുടെ അക്കൽദാമ !

നടപ്പിന്റെ അവസാനം ഞങ്ങൾ ഒരു മുനമ്പിൽ എത്തിച്ചെർന്നു . കേപ് ലോപ്പസ് കടലിലേയ്ക്ക് തള്ളി നിൽക്കുന്ന ഒരു ചെറുതുരുത്താണ് . അടിമവ്യാപാരത്തിന് പ്രസിദ്ധിയാർജ്ജിച്ചിരുന്നയിടം (മധ്യആഫ്രിക്കയുടെ  പടിഞ്ഞാറേ തീരത്ത് ഗാബോൺ രാജ്യത്തിലെ തുറമുഖം ) . ഗാബോണിൽ എത്തിയ (1474) ആദ്യ യൂറോപ്യൻ -പോർട്ടുഗീസ് സഞ്ചാരിയായിരുന്ന ലോപ്പസ് ഗോൺസാൽവസിന്റെ പേരാണ് തുറമുഖത്തിനുള്ളത് . ആകെ പതിനാല് മൈൽ നീളമുള്ള ഒരു ഉൾക്കടലാണ് ഇവിടുള്ളത് . അനേകം അരുവികൾ തങ്ങളുടെ യാത്ര അവസാനിപ്പിക്കുന്നത് ഇവിടെയെത്തിയാണ് . അതിനാൽ തന്നെ വിവിധയിനം മീനുകളുടെ സമൃദ്ധി നമ്മുക്കിവിടെ കാണുവാൻ സാധിക്കും . കടൽക്കരയിൽ ആമകൾ മുട്ടയിടുവാൻ വരാറുണ്ട് . ആകെകൂടി ജീവിക്കാൻ പറ്റിയൊരിടമാണിത് . 

രാതിയാണ് ഞാനിവിടെ എത്തിച്ചേർന്നത് . അതിനാൽ രാവിലെ തന്നെ രാജാവായ ബാൻഗോയെ കാണാൻ ഞാൻ തിരക്കിട്ടിറങ്ങി . കടലിന് നേരെ എതിർവശത്ത് ഒരു കുന്നിനു മുകളിലാണ് കൊട്ടാരം . ഇതിന് രണ്ടിനുമിടയിൽ വിശാലമായ പുൽപ്പരപ്പാണ് . മാസങ്ങളായി ഇരുണ്ട കാടിന്റെ വന്യത മാത്രം കണ്ടിരുന്ന എനിക്ക് ഈ തുറന്ന പുൽമേടും അതിനുള്ളിലൂടെ  പേടമാനുകൾ തലയുയർത്തി നോക്കുന്നതുപോലെ സാവധാനം പൊങ്ങിവരുന്ന ഉദയസൂര്യനും , പുല്ലുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന കിരണങ്ങളും എന്തൊരഭൂതിയാണ് സമ്മാനിച്ചതെന്ന് പറഞ്ഞറിയിക്കുക വയ്യ . ഈ പുൽസാമ്രാജ്യത്തിനിടയിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ചെറു ഗ്രാമങ്ങൾ കാഴ്ച്ചയുടെ മറ്റൊരു വസന്തം കൂടി സമ്മാനിച്ചു . 

തൂണുകളിൽ പൊക്കിനിർത്തിയ , കാണാൻ വളരെ മോശപ്പെട്ട ഒരു രണ്ടുനില വീടായിരുന്നു കൊട്ടാരം . അതിന്റെ രണ്ടാം നിലയിലെ ഇരുണ്ടമുറിയിൽ തന്റെ നൂറുകണക്കിന് ഭാര്യമാരോടൊപ്പം വാണരുളുകയാണ് , ഈ പ്രദേശത്തെ ഏറ്റവും ശക്തനെന്ന് സ്വയം സമാധാനിക്കുന്ന ബാൻഗോ മഹാരാജാവ് .   വൃത്തിഹീനമായ ഈ തടിച്ച ശരീരത്തിനുടമയാണ് മധ്യ ആഫ്രിക്കൻ  നാടുകളിലെ  ഏറ്റവും വലിയ അടിമ വ്യാപാരി . തന്റെ ഭാര്യമാരുടെ എണ്ണത്തിലാണ് അദ്ദേഹത്തിന്റെ അഹന്ത മുഴുവനും കുടികൊള്ളുന്നത് . ഇവരൊക്കെ എങ്ങിനെ ? കൊള്ളാമോ ? എന്ന ചോദ്യത്തിന് ഉത്തരമായി കണ്ണുമിഴിച്ചു നിന്ന എന്നോട് ഇവിടെ നൂറെണ്ണമേയുള്ളൂ എന്നും, ഒരു ഇരുന്നൂറെണ്ണം പുറത്ത് ഗ്രാമങ്ങളിൽ ഉണ്ടെന്നും അദ്ദേഹം മൊഴിഞ്ഞു . എല്ലാം ഈയാൾ അടിമകളായി വിറ്റവരുടെ ഭാര്യമാരാകാം എന്ന് ഞാനൂഹിച്ചു . എത്ര മക്കളും കൊച്ചുമക്കളും ഉണ്ടാവും എന്ന് മനസ് ചോദിച്ചെങ്കിലും അത് പുറത്തേക്ക് വരാൻ ഭാഗ്യം ,നാക്കനുവദിച്ചില്ല . 

അന്ന് രാത്രി അദ്ദേഹം എനിക്കായി ഒരു ഗംഭീര വിരുന്നൊരുക്കി . പരമാവധി ഭാര്യമാരെ അതിൽ പങ്കെടുക്കുവാൻ ആയാൾ  ക്ഷണിച്ചിരുന്നു . പലരും നന്നായി നൃത്തം ചെയ്തു . ഒടുവിൽ രാജാവിന്റെ രണ്ടു പെൺമക്കളും പലവഴിയെ പൊയ്ക്കൊണ്ടിരുന്ന ഒരു സംഗീതത്തിന് അവരെക്കൊണ്ടാവും വിധം ചുവടുകൾ വെയ്ക്കാൻ ശ്രമിച്ചു  . അതൊരൊരാളെ കല്യാണം കഴിക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചെങ്കിലും ഞാൻ കേൾക്കാകാത്തമാതിരി ഇരുന്നു . 

പിറ്റേന്ന് ഞാൻ തോക്കുമായി വെളിയിലിറങ്ങി . ആദ്യംകണ്ട പക്ഷിയെ ഉന്നം വെച്ച് വെടിവെച്ചു . പക്ഷെ കൊണ്ടില്ല . അത് കണ്ട ഗ്രാമവാസികൾ അതൊരു വിശുദ്ധ പക്ഷിയാണെന്നും നിങ്ങൾ എത്ര വെടിവെച്ചാലും കൊള്ളില്ല എന്നും പറഞ്ഞു . ഞാൻ വീണ്ടും വെടിവെച്ചു . പക്ഷെ ഇപ്രാവശ്യം ആ പക്ഷി സംഭവം അറിഞ്ഞില്ലെന്ന് മാത്രമല്ല , ചുറ്റും എന്നെ കളിയാക്കിയുള്ള ആർപ്പുവിളികൾ ഉച്ചസ്ഥായിയിൽ ആകുകയും ചെയ്തു . വാശിമൂത്ത ഞാൻ അടുത്ത തവണ സമയമെടുത്തത് ശ്രദ്ധാപൂർവ്വം വെടിവെച്ചു . ഇപ്രാവശ്യം പണിയേറ്റു . “വിശുദ്ധൻ ” തലകുത്തി വീണെന്ന് മാത്രമല്ല ആർപ്പുവിളിച്ചവരുടെ നാക്കിറങ്ങി വായ ശൂന്യമാകുകയും ചെയ്തു . 

മറ്റൊരു ദിവസം ഞാൻ വലിയ ദൂരെയല്ലാത്ത ഒരു ചെറു കാട്ടിൽ പക്ഷികളെ വെടിവയ്ക്കാൻ പോയി . ഒരു ശബ്ദം കേട്ടാണ് അപ്പോൾ തിരിഞ്ഞു നോക്കിയത് . അടിമകളുടെ ഒരു ജാഥ വരുന്നു . കഴുത്തിൽ ചങ്ങലയിട്ട ആറു പേരുടെ വീതം രണ്ടു കൂട്ടം അടിമകൾ . അവർ എന്തോ ചുമന്നുകൊണ്ട് വരികയാണ് . അത് മറ്റൊരടിമയുടെ നിശ്ചലമായ ശരീരമായിരുന്നു . അധികാരിയുടെ ആജ്ഞ അനുസരിച്ച്  അവരാശരീരം ഒരു മരച്ചുവട്ടിൽ ഉപേക്ഷിച്ചു . എന്നിട്ട് നിർവികാരമായി അവർ അതേപടി തിരികെപ്പോയി . ഈ ഇരുണ്ട ഭൂഖണ്ഡത്തിൽ എവിടെയോ ജനിച്ച ഒരു പാവം മനുഷ്യൻ . സാധാരണം ബന്ധുക്കളോ , അല്ലെങ്കിൽ അച്ഛനോ അമ്മയോ ആവാം ഇദ്ദേഹത്തെ ഭക്ഷണത്തിനായോ തോക്കിനായോ ഇവർക്ക് വിറ്റത് . ചങ്ങലക്കണ്ണികൾക്കിടയിലെ ജീവിതത്തിൽ ഇവർക്കെന്തൊക്കെ രോഗം വന്നാലും ആരും തിരിഞ്ഞുനോക്കില്ല . വേദനകൾക്കിടയിലും മാസങ്ങളോളം എല്ലുമുറിയെ പണിയെടുത്ത് അവസാനം ഒരു മൃഗത്തെപ്പോലെ ചത്തു വീഴും . ഒടുക്കം ഏതെങ്കിലും ഒഴിഞ്ഞ കാട്ടിൽ ഇതുപോലൊരു മരച്ചുവട്ടിൽ നിത്യനിദ്ര . നിമിഷങ്ങൾക്കുള്ളിൽ സൂര്യനെ മറയ്ക്കുമാറ് , കാടിനെ കിടിലം കൊള്ളിച്ച് കഴുകന്മാരുടെ കൂട്ടം അവിടെയെത്തി . എവിടെയോ ജനിച്ച് ഒരർത്ഥവുമില്ലാതെ ജീവിച്ചു തീർന്ന ആ ശരീരത്തിനായി അവർ കടിപിടികൂടുന്നത് മരച്ച മനസ്സോടെ ഞാൻ നോക്കി നിന്നു . 

 

 ഏതോ വികാരത്തിനടിമയായി ഞാൻ തോക്കുമായി മുന്നോട്ടു നടന്നു . കഴുകന്മാർ വശങ്ങളിലേക്ക് മാറി നിന്നതല്ലാതെ ഒന്നും പറന്നു പോയില്ല. ചിലതൊക്കെ തൊട്ടടുത്ത ഉയരം കുറഞ്ഞ മരക്കൊമ്പുകളിലിരുന്ന് എന്നെ നിരീക്ഷിച്ചു . അവരുടെ ഭക്ഷണം ഞാനെടുക്കുന്നുണ്ടോ എന്നാവാം അവറ്റകളുടെ സംശയം . എന്തോ ഒന്ന്  കാലിനിടയിൽപെട്ടു പൊടിയുന്ന ശബ്ദം കേട്ടാണ് താഴേക്ക് നോക്കിയത് . അസഖ്യം എല്ലുകൾ അവിടവിടെയായി ചിതറിക്കിടക്കുന്നു ! അതെ ഇതാണ് ആഫ്രിക്കയുടെ അക്കൽദാമ ! ആയിരക്കണക്കിന് അടിമകളുടെ എല്ലുകൾ ഈ കാടുകളിൽ അവിടവിടെയായി ചിതറിക്കിടപ്പുണ്ട് . വർഷങ്ങളായി ശവം തള്ളുവാൻ ഉപയോഗിക്കുന്ന കാട്ടിലാണ് ഞാൻ വെടിവെക്കാൻ ഇറങ്ങിയിരിക്കുന്നത് . വർഷങ്ങൾക്ക് മുൻപ് അടിമവ്യാപാരം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് ഒന്നിന് മുകളിൽ ഒന്നായി അനേകം ശവങ്ങൾ ഇവിടെ കൊണ്ടുതള്ളിയിരുന്നു . അവയുടെ എല്ലുകളെല്ലാം  കൂനകൂടി കഴിഞ്ഞകാല ദുരന്തങ്ങളെ അനുസ്മരിപ്പിക്കുമാറ്  ഒരു സ്മാരകം പോലെ ഈ കാട്ടിൽ തലയുയർത്തി നിൽക്കുന്നു . എന്റെ മനസിൽ ഇരുട്ട് കയറി . ചുറ്റും ആരൊക്കെയോ നിലവിളിക്കുന്നത് പോലെ ഒരു തോന്നൽ . പിന്നെ അധികനേരം അവിടെ നിന്നില്ല . 

 

തുടരും …

 

🛑 You are not allowed to use this text content for YouTube Videos without permission 🛑

2 comments

നിധിന്‍ March 29, 2019 - 3:53 pm

ഒറ്റയിരുപ്പിന് വായിച്ചു.. പല സന്ദര്‍ഭങ്ങളും ശ്വാസമടക്കിപ്പിടിച്ച് വായിക്കാന്‍ തക്കവണ്ണമുള്ളതായിരുന്നു..

Julius Manuel March 29, 2019 - 4:39 pm

നന്ദി ബ്രോ

Comments are closed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More