ഓറഞ്ചു മുതലകൾ

ഓറഞ്ചു മുതലകൾ 1

ഭൂമിയിലെ ഏറ്റവും ചെറിയ മുതലവർഗ്ഗമാണ് ആഫ്രിക്കൻ കുള്ളൻ മുതലകൾ (Osteolaemus tetraspis) . കൂടിയാൽ 1.5 m നീളവും എൺപതു കിലോഗ്രാമിൽ താഴെ ഭാരവുമേ ഇവയ്ക്കുള്ളൂ. പടിഞ്ഞാറൻ സബ് സഹാറൻ ആഫ്രിക്കയിലും , പ്രത്യേകിച്ച് കോംഗോ ബേസിനിലും ആണ് ഇവറ്റകൾ കാണപ്പെടുന്നത് . എന്നാൽ 2008 ൽ , ഇന്നും അത്രവലിയ പര്യവേഷണങ്ങളൊന്നും നടക്കാത്ത ഗാബോൺ എന്ന രാജ്യത്തിലെ മഴക്കാടുകളിൽ സ്ഥിതിചെയ്യുന്ന Abanda ഗുഹാശൃംഖലകളിൽ ചരിത്രാതീതകാലത്തെ മനുഷ്യവാസം കണ്ടെത്താൻ ചെന്ന Richard Oslisly എന്ന പുരാവസ്തുഗവേഷകൻ , ഈ മുതലവർഗ്ഗത്തിന്റെ ഒരു പ്രത്യേക കൂട്ടത്തെ ഗുഹക്കുള്ളിൽ നിന്നും കണ്ടെത്തിയത് തീർത്തും ആശ്ചര്യജനകമായി മാറി . കൃത്യമായി നീളവും ആഴവും ഇതുവരെയും രേഖപ്പെടുത്താത്ത അബാൻഡാ ഗുഹകളിൽ അന്ന് ഇരുപതോളം കുള്ളൻ മുതലകളെയാണ് അദ്ദേഹം കണ്ടെത്തിയത് .

Advertisements

ഓറഞ്ചു മുതലകൾ 2രണ്ടു വർഷങ്ങൾക്ക് ശേഷം സയൻറ്റിസ്റ്റായ Olivier Testa, ഉരഗ ഗവേഷകനായ (herpetologist) Matthew Shirley എന്നിവരൊപ്പം അബാൻഡ ഗുഹകളിൽ വീണ്ടും ചെന്ന് റിച്ചാർഡും സംഘവും ഇക്കൂട്ടത്തിൽ അഞ്ചുമുതലകളെ ജീവനോടെ പിടികൂടി . എന്നാൽ പ്രതീക്ഷിച്ചതുപോലെ തവിട്ടു നിറമായിരുന്നില്ല അവയ്ക്ക് ! മിക്കയിടങ്ങളിലും സൂര്യപ്രകാശം നേരെചൊവ്വേ കടന്നു ചെല്ലാത്ത ഈ ഗുഹകളിൽ ജീവിക്കുന്ന ആ മുതലകൾക്ക് ഓറഞ്ചുനിറമായിരുന്നു ഉണ്ടായിരുന്നത് . സൂര്യപ്രകാശത്തിൻ്റെ അഭാവത്തിൽ നിറം മാറിയതാവാം എന്ന് കരുതിയെങ്കിലും വാസ്തവം അതായിരുന്നില്ല . ഗുഹകളിലെ ചെറിയ കുളങ്ങളിലും നീർച്ചാലുകളിലുമായി ജീവിക്കുന്ന ഈ മുതലകളുടെ ആഹാരം എന്താവണം ? മറ്റൊന്നുമല്ല , ഗുഹാഭിത്തികളിൽ തൂങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് കടവാതിലുകൾ തന്നെ ! ഇവയെ ഭിത്തിവഴി കയറിപ്പിച്ചല്ല , മറിച്ച് പിടിവിട്ട് താഴേക്കു വീഴുന്ന കുഞ്ഞുങ്ങളെയും പ്രായമുള്ളവരെയും ആണ് ഇവർ ശാപ്പിടുന്നത് . കൂടാതെ ഗുഹകളിൽ തലങ്ങുംവിലങ്ങും പറക്കുന്ന ലക്ഷക്കണക്കിന് ചീവീടുകളും ഇവരുടെ ഭക്ഷണമാണ് . വവ്വാലുകളുടെ കാഷ്ടം (bat guano) നിറയെ നൈട്രജൻ സമ്പുഷ്ടമായ യൂറിയ ആണ് . ഇത് വീണു കലങ്ങി ചെളിപ്പരുവമായ ഗുഹാജലം അപ്പാടെ യൂറിയാമയമാണ് . ഈ ജലമാണ് കുള്ളൻ മുതലകളുടെ നിറംമാറ്റത്തിന് കാരണം .

പക്ഷെ ഇപ്പോൾ ഈ മുതലകൾ വീണ്ടും ഗവേഷകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് . മറ്റൊരു വർഗ്ഗമായിത്തീരാൻതക്ക ജനിതക മാറ്റങ്ങൾ ഈ ഓറഞ്ച് മുതലകൾക്കുണ്ട് എന്നാണ് ചിലർ പറയുന്നത് . വളരെ പണ്ടെന്നോ ഒരുനാൾ ഒരുകൂട്ടം കുള്ളൻ മുതലകൾ ഭക്ഷണവും മറ്റും തേടി ഗുഹകൾക്കുള്ളിൽ കയറിപ്പോയിട്ടുണ്ടാവാം. കടവാതിലുകളെയും , ചീവീടുകളെയും ഭക്ഷണമാക്കി അവർ അവിടെത്തന്നെ കൂടിയിരിക്കാം . ആദ്യമൊക്കെ പ്രജനനത്തിനായി ഇവറ്റകൾ ഗുഹവിട്ടു പുറത്തുപോകും എന്നാണ് കരുതിയിരുന്നതെങ്കിലും , ഇവർ അവിടെ കുടുങ്ങിക്കിടപ്പാണ് എന്നാണ് ഇപ്പോൾ മനസ്സിലായ വിവരം . മറ്റു കുള്ളൻ മുതലകളിൽ നിന്നും വ്യത്യസ്തമായ പരിസ്ഥിതിയും , ഭക്ഷണശൈലിയും ജീവിത രീതിയും വർഷങ്ങൾകൊണ്ട് ഇവറ്റകളെ മറ്റൊരു ഉപജാതിയാക്കും എന്നാണ് ഗവേഷകർ കരുതുന്നത് . അതായത് ഒരു ജാതിയിൽ നിന്നും ഒരു ഉപവർഗ്ഗം ഉരുത്തിയിരുന്നതെങ്ങിനെ എന്ന് പഠിക്കുവാൻ നമ്മുക്ക് കിട്ടിയ അവസരമാണ് ഈ ഓറഞ്ച് മുതലകൾ എന്നാണ് ചിലർ കരുതുന്നത് . ഏകദേശം ഇരുന്നൂറോളം ഓറഞ്ച് മുതലകൾ ഗുഹകളിൽ ഇരുട്ടിൽ കഴിയുന്നുണ്ട് എന്നാണ് അനുമാനം .

ഫോട്ടോയിൽ ആദ്യം ഗുഹയിലെ ഓറഞ്ച് മുതലയും രണ്ടാമത്തേത് സാധാരണ ആഫ്രിക്കൻ കുള്ളൻ മുതലയും . Photo By Olivier Testa (www.abanda-expedition.org)

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ