കടലിനടിയിലെ പച്ചക്കറിത്തോട്ടം !

കടലിനടിയിലെ പച്ചക്കറിത്തോട്ടം ! 1

മൂവായിരത്തിയെണ്ണൂറ് ചത്രുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ പസഫിക്കിലെ കാലിഫോര്‍ണിയന്‍ തീരത്ത് വ്യാപിച്ചുകിടക്കുന്ന സമുദ്ര സംരക്ഷിത പ്രദേശമാണ് Channel Islands National Marine Sanctuary. തിമിംഗിലങ്ങളെ കാണാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണിത് . സമുദ്ര വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് അനേകം റിക്രിയേഷണല്‍ ആക്റ്റിവിറ്റീസും ഇവിടെ അരങ്ങേറുന്നുണ്ട് . അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന അനേകം ദ്വീപുകളില്‍ നിന്നും ആടുകള്‍ ഉള്‍പ്പടെയുള്ള വന്നുകയറിയ മൃഗങ്ങളെ അപ്പാടെ നീക്കം ചെയ്ത് ശുദ്ധികലശം ചെയ്താണ് ഈ മറൈൻ സാങ്ച്വറി രൂപപ്പെടുത്തിയെടുത്ത് . ഇതിനുള്ളിൽ തന്നെ അനേകം ഉപ-സംരക്ഷിത പ്രദേശങ്ങൾ വേറെയുമുണ്ട് . നൂറിൽപ്പരം കപ്പലുകളുടെ അവശിഷ്ടങ്ങളാണ് അത്തരത്തിൽ ഒന്ന് . ചരിത്രപ്രാധാന്യമുള്ള ഈ കപ്പൽ ഛേദങ്ങൾ നമ്മുക്ക് മുങ്ങിപ്പോയി കാണാനുള്ള അനുവാദവും ഇവിടെയുണ്ട് .

Advertisements

എന്നാൽ ഇതിൽനിന്നൊക്കെ വ്യത്യസ്തമായി , ഈ സംരക്ഷിതപ്രദേശത്തെ മറ്റൊരു വിസ്മയമാണ് “കടലിനടിയിലെ മഴക്കാടുകൾ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ” കെൽപ് വനങ്ങൾ ” (Kelp Forest). കടലിൽ ഇതൊന്നു ചെന്ന് കണ്ടാൽ നാം ശരിക്കും സൈലന്റ്റ് വാലിയിലോ , ആമസോണിലോ , കോംഗോ നദീതടത്തിലോ ആണ് എത്തിപ്പെട്ടത് എന്ന് തോന്നിപ്പോകും . അടിക്കാടും , മരങ്ങളും , മേൽക്കാടും , വന്യജീവികളും ഒക്കെയുള്ള ഒരു സമ്പൂർണ്ണ വനം ! പക്ഷെ സ്ഥിതിചെയ്യുന്നത് കടലിനടിയിലാണെന്ന് മാത്രം .

ഭൂമിയിലെ മിക്ക തീരക്കടലുകളിലും കെൽപ് വനങ്ങൾ ചെറുതായെങ്കിലും കാണപ്പെടുന്നുണ്ട് . ഈ വനങ്ങളിൽ മരമെന്ന് തോന്നുന്ന രീതിയിൽ വേരും , തടിയും ശിഖരങ്ങളുമായി നിൽക്കുന്നത് സത്യത്തിൽ ഒരു സസ്യമേയല്ല . ഒന്നിലധികം വർഗ്ഗങ്ങളിൽപെടുന്ന കടൽകളകളാണ് (seaweed ) കൂറ്റൻ വൃക്ഷങ്ങളെ അനുസ്മരിപ്പിക്കുമാറ് ഇവിടെ നിൽക്കുന്നത് . ഈ കടൽക്കളകൾ, Laminariales ഓർഡറിൽ പെടുന്ന (Protista kingdom) ബ്രൗൺ ആൽഗകളാണ് . Giant kelp (Macrocystis pyrifera) , bull kelp (Nereocystis leutkeana), Elk Kelp (Pelagophycus porra) എന്നീ മൂന്നുതരം ആൽഗകളാണ് കെൽപ് ഫോറെസ്റ്റിലെ “മരങ്ങൾ “. ഇവയുടെ വേരുകൾ സസ്യങ്ങളുടേത് പോലെ ധാതുക്കൾ വലിച്ചെടുക്കാൻ വേണ്ടിയുള്ളതല്ല , മറിച്ച് കടൽത്തട്ടിൽ പിടിച്ചുനിൽക്കാൻ വേണ്ടി മാത്രമുള്ളതാണ് . ഇത്തരം വേരുകളെ ‘holdfasts’ എന്നാണ് പറയുക (https://www.nps.gov/…/…/education/kelp-forest-background.htm) . എന്നാൽ സസ്യങ്ങളെപ്പോലെ തന്നെ സൂര്യപ്രകാശത്തെ ആശ്രയിച്ചു തന്നെയാണ് ഇവയുടെ നിലനിൽപ്പ് ( It depends on sunlight for photosynthesis) എന്നതിനാൽ ആഴകുറഞ്ഞ , തെളിഞ്ഞ ജലമുള്ള തീരക്കടലുകളിൽ ( അൻപതുമുതൽ നൂറ്റമ്പത് അടി വരെ ആഴം )മാത്രമാണ് കെൽപ് വനങ്ങൾ കണ്ടുവരുന്നത് . ഭൂമിയിൽ ഏറ്റവും കൂടുതൽ വളർച്ചാനിരക്കുള്ള ജീവവർഗ്ഗമാണ് കെൽപ് ആൽഗകൾ . അനുയോജ്യമായ പരിസ്ഥിതിയെങ്കിൽ ദിനംപ്രതി പതിനെട്ട് ഇഞ്ച് വരെ ഇവ വളരും !

(http://oceanservice.noaa.gov/facts/kelp.html). ഇങ്ങനെ മുകളിലേയ്ക്ക് ലംബമായി വളരുന്ന കെൽപ്പുകൾ കടൽപ്പരപ്പിൽ എത്തിയാൽ പിന്നെ തിരശ്ചീനമായി വളർന്ന് പരക്കും . അങ്ങിനെ കടലിനു മീതെ താഴേക്ക് അധികം സൂര്യപ്രകാശം കടത്തിവിടാത്ത ഒരു മേൽക്കാട് (canopy) ഇവ നിർമ്മിക്കും . ഇങ്ങനെ അടിക്കാടും , മേൽക്കാടും ഒക്കെ സജ്ജമായികഴിഞ്ഞാൽ പിന്നെ ഈ എക്കോസിസ്റ്റത്തിലേക്ക് കടൽജീവികളുടെ വരവായി . ആൽഗകളെ ആഹരിക്കുന്ന കുഞ്ഞൻ ജീവികളും , ഇവയെ മറയാക്കി വലിയ ജന്തുക്കളിൽ നിന്നും രക്ഷതേടിയെത്തുന്ന ഇതരജീവികളും എത്തുന്നതോടെ കെൽപ് വനം കടലിൽ വേറിട്ട് നിൽക്കുന്ന മറ്റൊരു പരിസ്ഥിതിമേഖലയായി മാറും ! കടൽപ്പരപ്പിൽ കെൽപ് വനശിഖരങ്ങളിൽ കടൽപ്പക്ഷികളും , താഴെ തിമിഗിലങ്ങളും , കടൽ നീർനായ്ക്കളും , മീനുകളും , മറ്റ് കടൽ ജീവികളും ….. ആകെക്കൂടി ഭൂമിയിൽ മറ്റൊരിടത്തും കാണാനാവാത്ത ഒരു പരിസ്ഥിതി മേഖലയാണ് കെൽപ് വനങ്ങൾ നമ്മുക്ക് മുന്നിൽ തുറന്ന് തരുന്നത് .

എന്നാൽ കെൽപ്പുകളെ ഇങ്ങനെ കടലിൽ നേരെ ചൊവ്വേ തിരശ്ചീനമായി നിർത്താനും , കടൽപ്പരപ്പിൽ പൊങ്ങിക്കിടന്ന് പടർന്നു പന്തലിക്കാനും സഹായിക്കുന്നത് pneumatocysts എന്ന വായൂ അറകളാണ് . മീൻവലകളുടെ കൂട്ടത്തിൽ നാം കെട്ടിവെയ്ക്കുന്ന റബ്ബർ ബോളുകൾ പോലെയുള്ള ഈ എയർ ബ്ളാഡറുകൾ ഇവയുടെ നിലനിൽപ്പിന് അത്യന്താപേക്ഷികമാണ് . മുൻപറഞ്ഞ കെൽപ് ഇനങ്ങളിൽ ജയ്ൻറ്റ് കെൽപ് ഏഴുവര്ഷങ്ങൾ വരെയും , ബുൾ കെൽപ് ഒരു വർഷം വരെയുമാണ് ജീവിച്ചിരിക്കുക . കാര്യങ്ങളിങ്ങനൊക്കെയാണെങ്കിലും അത്യാവശ്യം വലിയ ഒരു കൊടുങ്കാറ്റോ , ചുഴലിയോ മതി കെൽപ് വനങ്ങളുടെ വേര് പറിക്കുവാൻ . എങ്കിലും വീണ്ടും തൊട്ടടുത്തുതന്നെ മറ്റൊരു വനം ഉടൻതന്നെ കെട്ടിപ്പടുക്കുവാൻ ഇവ ശ്രമിക്കാറുണ്ട് . മീൻപിടുത്ത ബോട്ടുകളും ഇവയുടെ വേര് പിഴുതെടുക്കുന്നതിൽ കുറേപങ്കു വഹിക്കുന്നുണ്ട് . എന്നാൽ കടലിൽ തന്നെയുണ്ട് കെൽപ് വനങ്ങൾക്ക് ഒരു പ്രധാന ശത്രു !, Sea urchins എന്ന കടൽചേനകളാണവ . ഇവ കൂട്ടത്തോടെ കെൽപ്പുകളെ തിന്ന് തീർക്കാറുണ്ട് . അപ്പോൾ കടൽ നായ്ക്കൾ എന്ന Sea otters ആണ് ഇവയുടെ രക്ഷക്കെത്തുന്നത് . നായ്ക്കളെ പേടിച്ച് , ചേനകൾ പിന്നെ ആ വഴി വരില്ല .

മറ്റാരെയും പോലെ കെൽപ്പുകളും ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് . 400,000 വെറ്റ് മെട്രിക് ടൺ കെൽപ് ആണ് പൊട്ടാഷിനും , ഗൺ പൗഡറിനുമായി അക്കാലയളവിൽ കൊയ്തെടുത്തത് (A wet ton would refer to the weight of some volume of the slurry while a dry ton would be the weight of the contained solids after separation from the fluid.).പലഭാഗങ്ങളിലും ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ കെൽപ് കൃഷി നടത്തപ്പെടുന്നുണ്ട് . Algin എന്ന anionic polysaccharide വേർതിരിച്ചെടുക്കലാണ് പ്രധാന ലക്ഷ്യം . മരുന്ന് വ്യവസായത്തിലും , ഫുഡ് ഇന്ഡസ്ട്രിയിലും മറ്റ് അനേകം ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും Algin ഒരു പ്രധാന ഘടകമാണ് . ഷാമ്പുവിലും , ടൂത്ത്പേസ്റ്റിലും എന്തിനു ഐസ്‌ക്രീമിൽ വരെയും Algin ഒരു സാന്നിധ്യമാണ് (https://sanctuaries.noaa.gov/vi…/ecosystems/kelpimpacts.html).

Advertisements

ഭക്ഷ്യയോഗ്യമായ Abalone എന്ന കടൽ ഒച്ചുകളുടെ പ്രധാന ആഹാരമായ കെൽപ് , ഇതിനാൽ തന്നെ കൃഷി ചെയ്യപ്പെടുന്നുണ്ട്. കെൽപ് കുടുംബത്തിലെ മറ്റൊരംഗമായ Saccharina japonica എന്നയിനം , “കൊമ്പു ” (Kombu ) എന്ന പേരിൽ ജപ്പാൻകാർ നൂറ്റാണ്ടുകളായി കൃഷി ചെയ്യുന്നുണ്ട് . ഭക്ഷ്യയോഗ്യമായ ഇത് (പരമ്പരാഗതമായ Okinawan cuisine) , ഉണക്കി പൊടിയായും (dashi konbu) , അല്ലെങ്കിൽ പച്ചയ്ക്കും (oboro konbu ), അതുമല്ലെങ്കിൽ വിനാഗരിയിൽ മുക്കി ജാറുകളിലായും (su konbu) മാർക്കറ്റുകളിൽ ലഭ്യമാണ് . ജാപ്പനീസ് സൂപ്പ് വിഭവങ്ങളിൽ പ്രധാനിയായ dashi യിലെ പ്രധാന ചേരുവ കൊമ്പു ആണ് . ചൈനക്കാർ കൊമ്പിനെ Haidai എന്നാണ് പറയുക . കൊമ്പു , തിളച്ച വെള്ളത്തിലിട്ട് ഉണ്ടാക്കിയെടുക്കുന്ന ചായയയുടെ പേരാണ് Konbu-cha . എന്നാൽ അമേരിക്കയിൽ ഇതേ പേരിൽ ചൈനീസ് കടകളിൽ കിട്ടുന്ന പാനീയം , ജപ്പാനിൽ “kocha kinoko” എന്നറിയപ്പെടുന്ന ഒന്നാണ് . കടലിൽ നീളത്തിൽ കയറുകൾ വലിച്ചുകെട്ടി , അതിൽ പടർത്തിയാണ് ഇവർ ഇത് കൃഷി ചെയ്യുന്നത് . “കടലിലെ പച്ചക്കറികൾ ” എന്നറിയപ്പെടുന്ന സീ വീഡുകൾ (കടൽ കളകൾ ) ഇന്ന് പലഭാഗങ്ങളിലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുണ്ട് . Kelp is the best natural source of iodine available and generally a positive alternative to salt എന്നാണ് ആരോഗ്യ വിദഗ്ദർ അവകാശപ്പെടുന്നത് .

കാലിഫോർണിയയിലെ Monterey Bay അക്വേറിയത്തിലെ കെൽപ് വനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ലൈവ് വെബ് ക്യാമറയിലൂടെ ഒരു കെൽപ് ഫോറസ്ററ് നേരിട്ട് കണ്ടോളൂ
http://www.montereybayaquarium.org/…/live-w…/kelp-forest-cam

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ