ഗൂഗിൾ ഷീപ്പ് വ്യൂ !

ഗൂഗിൾ ഷീപ്പ് വ്യൂ ! 1

ഡെന്മാർക്കിന്റെ കീഴിലുള്ള സ്വതന്ത്ര പ്രവിശ്യയാണ് പതിനെട്ടോളം ദ്വീപുകളുടെ കൂട്ടമായ ഫാറോ ഐലൻഡ്‌സ് . അരലക്ഷം ആളുകളും ഒരുലക്ഷം ആടുകളുമാണ് ഇവിടുത്തെ അന്തേവാസികൾ . കുറച്ചുനാളുകൾക്ക് മുൻപ് ഇവിടുത്തുകാർ ഒരു കാമ്പെയ്ൻ ആരംഭിച്ചു “#wewantGoogleStreetView” എന്നായിരുന്നു ടാഗ് . അറ്റ്ലാൻക്കിൽ ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപുസമൂഹത്തിൻ്റെ കാര്യത്തിൽ ഇന്റർനെറ്റ് ഭീമന് താൽപ്പര്യമുണ്ടാകില്ല എന്ന ചിന്തയാണ് ഇത്തരം ഒരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചത് . പക്ഷെ ഗൂഗിൾ ക്യാമെറയുമായി എത്തി എന്നതാണ് രസകരം . പക്ഷെ ഉയർന്നും താണും കിടക്കുന്ന പുൽമേടുകളും , ചെങ്കുത്തായ പാറക്കൂട്ടങ്ങളും നിറഞ്ഞ ദ്വീപുകളിൽ വണ്ടിയോടിച്ച് ദൃശ്യങ്ങൾ പകർത്തുക എന്നത് തീർത്തും ദുഷ്ക്കരമായിരുന്നു . എന്നാൽ ഗൂഗിളിനുണ്ടോ ഐഡിയായ്ക്ക് പഞ്ഞം . ദ്വീപിലെ ഏത് മലയും നിഷ്പ്രയാസം ചാടിക്കയറിപ്പോകുന്ന ആടുകളെ തന്നെ അവർ തങ്ങളുടെ ക്യാമറകൾ ഏൽപ്പിച്ചു ! അങ്ങിനെ Sheep View 360 എന്ന പ്രൊജക്റ്റിന് ആരംഭമായി .

Advertisements
[contentcards url=”http://visitfaroeislands.com/sheepview360/” target=”_blank”]

തങ്ങളുടെ 360൦ ക്യാമറകൾ ആടുകളുടെ മുതുകത്ത് കെട്ടിവെച്ച് ഫാറോയിലെ പതിനെട്ട് ദ്വീപുകളിലെയും മുക്കും മൂലയും ഗൂഗിൾ പകർത്തിയെടുത്തു . പണി പക്ഷെ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല . ഒരു ലക്ഷ്യവുമില്ലാതെ ചാടിത്തിമിർത്തു നടക്കുന്ന ആടുകളുടെ മുകളിൽ ക്യാമറ വെക്കുകമാത്രമല്ല , അത് വിദൂരത്തിൽ നിന്ന് നിയന്ത്രിക്കുകയും വേണമായിരുന്നു . രണ്ടുമണിക്കൂർ ബാറ്ററിക്ക് കൂടുതൽ ശേഷിപകരാൻ രണ്ടു സോളാർ പാനലുകൾ കൂടി ഘടിപ്പിച്ചു . “ആടുകൾ ” എടുക്കുന്ന ഫോട്ടോകൾ സമയാസമയം ഫോണിലൂടെ ലാപ്പിൽ എത്തിച്ച് അപ്‌ലോഡ് ചെയ്യുകയാണ് അവർ ചെയ്തത് . എന്തായാലും ഇതുകൊണ്ട് ദ്വീപുനിവാസികൾക്ക് ചില്ലറനേട്ടമല്ല ഉണ്ടായത് . ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇരുപത് ഇരട്ടിയായി വർദ്ധിച്ചു , അങ്ങിനെ അവരുടെ വരുമാനവും !

ഫാറോ ദ്വീപുകളെക്കുറിച്ച് പറയുമ്പോൾ നമ്മുടെ പ്രത്യേകശ്രദ്ധ പതിയുന്ന ഒരു ദ്വീപുണ്ട് , പേര് Lítla Dímun. മുഴുവൻ ദ്വീപുകളിലും വെച്ച് വിജനമായ ഏക ദ്വീപാണിത് (247 acres) . കാരണം ഇവിടെകാണുന്ന ഫോട്ടോ കണ്ടാൽ നമ്മുക്ക് പിടികിട്ടും . ഒരു ബീച്ച് പോയിട്ട് കാലുകുത്താൻ ഒരു സ്ഥലമില്ലാത്ത ഐലൻഡ് . തീരമില്ലാത്ത ദ്വീപ് എന്ന് വേണെമെങ്കിൽ പറയാം . ചുറ്റും ചെങ്കുത്തായ പാറകൾ മാത്രം . മുകളിൽ ചെറിയ പുൽമേടുകൾ ഉണ്ട് . അവിടെ Faroes sheep എന്ന വിഭാഗത്തിൽ പെടുന്ന ആടുകൾ മേഞ്ഞുനടക്കുന്നു. സാധാരണ യൂറോപ്യൻ ആടുകളെ (feral sheep) നൂറ്റാണ്ടുകൾക്ക് മുൻപ് ഫാറോ ദ്വീപുകളിൽ കൊണ്ടുവിടുകയും , അവറ്റകൾ അവിടെ ഒറ്റപ്പെട്ട് കിടന്ന് പുതിയ വർഗ്ഗമായി മാറുകയും ചെയ്തതാണ് . പക്ഷെ, വേറിട്ട് കിടക്കുന്ന Lítla Dímun ദ്വീപിൽ മറ്റൊരു വർഗ്ഗമായിരുന്നു ഉരുത്തിരിഞ്ഞു വന്നത് . Lítla Dímun sheep (Dímunarseyðurin) എന്നായിരുന്നു ആ ജാതിയുടെ പേര് . എന്നാൽ 1860 കളിൽ എപ്പോഴോ ഈ വർഗ്ഗത്തിൽപ്പെട്ട അവസാനത്തെ ആടിനെയും വേട്ടക്കാർ വെടിവെച്ചു കൊന്നതോടെ ആ വർഗ്ഗം കുറ്റിയറ്റു . ഇന്നിപ്പോൾ ദ്വീപിൽ ഉള്ളത് മറ്റ് ദ്വീപുകളിൽ നിന്നും ഇവിടെ മേയ്ക്കാൻ കൊണ്ടുവിട്ട ഫാറോ ആടുകളാണ് .

വർഷത്തിൽ നല്ല കാലാവസ്ഥയിൽ ഒന്നോരണ്ടോ പ്രാവിശ്യം മാത്രമേ ഈ ദ്വീപിൽ നമ്മുക്ക് ചെന്നെത്താൻ സാധിക്കൂ . അത്തരമൊരു ദിവസമാണ് ഫാറോനിവാസികൾ ഈ ദ്വീപിലെ ആടുകളെ പിടിക്കാൻ എത്തുന്നത് . നാൽപ്പതോളം പേർ വടവും മറ്റും ഉപയോഗിച്ച് ദ്വീപിന് മുകളിൽ കയറും . എന്നിട്ട് കയറുകൾ ഉപയോഗിച്ച് ആടുകൾക്ക് ചുറ്റും ഒരു വലയം തീർത്ത് അവറ്റകളെ ഏതെങ്കിലും മൂലയ്ക്ക് എത്തിക്കും . പിന്നീട് കൂട്ടത്തിൽ ചിലർ ചെന്ന് ഓരോന്നിനെ പിടിച്ച് നാലുകാലുകളും കൂട്ടിക്കെട്ടി താഴെ വഞ്ചിയിലേക്ക് കയറു വഴി കോർത്ത് വിടും . ഇവറ്റകളെ പിന്നീട് മറ്റ് ദ്വീപുകളിൽ എത്തിച്ച് ആളുകൾക്ക് വിൽക്കും . ഇന്ന് മിക്ക ടൂറിസ്റ്റുകളും ഈ ദ്വീപിനെ ബോട്ടിൽ ചെന്ന് വലംവെച്ച് കണ്ടുപോരുകയാണ് പതിവ് . മുൻപ് പറഞ്ഞതുപോലെ നല്ല കാലാവസ്ഥയാണെങ്കിൽ മാത്രമേ അങ്ങോട്ട് വഞ്ചിയടുപ്പിക്കാൻ സാധിക്കൂ . ഈ ദ്വീപിലേക്കുള്ള ഒരു ട്രിപ്പ് ഈ ലിങ്കിൽ കാണാം.

NB : ദ്വീപിന് മുകളിൽ കാണുന്ന മേഘക്കൂട്ടത്തിന് Lenticular clouds എന്നാണ് പറയുക . ലെൻസിന്റെ ആകൃതിയുള്ളതുകൊണ്ടാണ് ആ പേര് . ഇതുപോലുള്ള മലകളുടെ മുകളിൽ രൂപപ്പെടുന്ന ഈ മേഘക്കൂട്ടം ഒരു തൊപ്പിപോലെ അനങ്ങാതെ നിൽക്കും . ഇങ്ങോട്ട് പോകണം എന്ന് താൽപ്പര്യമുള്ളവർക്ക് ഈ ലിങ്കുകൾ ക്ലിക്കാം

Website: http://www.ldimun.com/

Advertisements

E-mail: [email protected]

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ