ചൂളമടിക്കുന്ന ഗ്രാമങ്ങള്‍

ചൂളമടിക്കുന്ന ഗ്രാമങ്ങള്‍ 1

സന്ധ്യകഴിഞ്ഞ് പാടത്തുനിന്നും വീട്ടിലേയ്ക്ക് തുഴയുന്ന വള്ളങ്ങളിലുള്ളവര്‍ ഇരുട്ടത്ത് വഞ്ചികള്‍ കൂട്ടിയുരുമ്മാതിരിക്കുവാന്‍ നേരത്തെ തന്നെ ചൂളമടിച്ച് മുന്നറിയിപ്പ് കൊടുക്കുന്നത് കുട്ടനാടന്‍ വയലുകളില്‍ പതിവാണ് . പരന്നു കിടക്കുന്ന വേമ്പനാട്ടുകായലിലെ മീന്‍പിടുത്തക്കാര്‍ ചൂളമടിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതും നമ്മുക്ക് കാണാം . കാമിനിയെ തന്‍റെ സാന്നിധ്യമറിയിക്കാനും ചില ചെറു സന്ദേശങ്ങള്‍ കൈമാറാനും ചൂളമടി ഒരു ഭാഷയായി ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട് . ഇങ്ങനെ ചില ചെറുകാര്യങ്ങള്‍ക്കല്ലാതെ ഇതൊരു വികസിച്ച ഭാഷാരൂപമായി നമ്മള്‍ ഉപയോഗിക്കാറില്ല . എന്നാല്‍ മലഞ്ചെരുവുകളില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വിദൂരഗ്രാമങ്ങളിലെ സ്ഥിതി അതല്ല . സംസാരഭാഷയെക്കാള്‍ കൂടുതല്‍ ദൂരം കേള്‍ക്കുന്ന ചൂളമടി ഭാഷയാണ്‌ അവര്‍ക്ക് അഭികാമ്യം . കേവലം ഒന്നോ രണ്ടോ സന്ദേശങ്ങള്‍ കൈമാറാനല്ലാതെ ചൂളമടി പ്രധാനഭാഷയായി തന്നെ രൂപാന്തരം പ്രാപിച്ച ഗ്രാമങ്ങള്‍ ലോകമെമ്പാടുമുണ്ട് . മെക്സിക്കോയിലെ Sochiapan ഗ്രാമത്തിലുള്ളവര്‍ക്ക് ചൂളമടിച്ച് തർക്കത്തിലേർപ്പെടാൻവരെക്കഴിയും !

Advertisements

ഗ്രീക്ക് ദ്വീപായ Evia യിലെ ഒരു മലയോരഗ്രാമത്തിൽ 1969 ൽ ഒരു ചെറുവിമാനം തകർന്നു വീണതോടെയാണ് ചൂളമടി ഭാഷ ലോകശ്രദ്ധയാകർഷിക്കുന്നത് . കാണാതായ വൈമാനികരെ തിരക്കിയെത്തിയ രക്ഷാപ്രവർത്തകരുടെ കൂടെകൂടിയ ഗ്രാമവാസികളുടെ ചൂളമടി ഭാഷകേട്ട് ലോകം ഞെട്ടി . കാറ്റിന്റെ ദിശനോക്കി കിലോമീറ്ററുകൾക്കപ്പുറം നിൽക്കുന്ന ആളുകളോട് അവർ സംവദിക്കുന്നത് ഒരു ഞെട്ടലോടെ രക്ഷാപ്രവർത്തകർ കണ്ടു . ഗ്രീക്ക് ഭാഷയിൽ എന്തൊക്കെപ്പറയാമോ അതൊക്കെ (90%) അവരുടെ ചൂളമടി ഭാഷയായ sfyria യിൽ സംവദിക്കുവാൻ കഴിയും . ചൂളമടിയുടെ വികസിത രൂപം ഇപ്പോഴും ഉപയോഗിക്കുന്നവർ നമ്മുടെ നാട്ടിലുമുണ്ട് ! . മേഘാലയിലെ പന്ത്രണ്ടുഗ്രാമങ്ങളുടെ ഒരു ഗ്രൂപ്പാണ് Khadar Shnong. ചിറാപ്പുഞ്ചിക്ക് 26 കിലോമീറ്റർ കിഴക്കാണിത് . കിഴക്കൻ ഖാസി മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമങ്ങളുടെ കൂട്ടത്തിൽ Kongthong ആണ് Whistling Village Of India എന്നറിയപ്പെടുന്നത് . ഇവിടെ ഒരു കുട്ടിയെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ അവൻ്റെ / അവളുടെ പേര് ചൂളമടി രൂപത്തിൽ ‘അമ്മ മനസ്സിൽ കരുത്തും . പിച്ചിലും , റ്റ്യുണിലും മറ്റൊരാളുടെ പേരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഒരു ശബ്ദമായിരിക്കും അത് . കുട്ടിജനിക്കുമ്പോൾ ഗ്രാമവാസികൾ ചുറ്റുംകൂടി ആ പേര് ഉറക്കെ ചൂളമടിക്കും . ആ ഗ്രാമത്തിലെ എല്ലാവർക്കും ഇത്തരം ഒരു പേര് ഉണ്ടാവും . അവർ തമ്മിൽ ഈ പേരിലാവും സംസാരിക്കുക . എന്നാൽ കേവലം പേര് മാത്രമല്ല അവർ ചൂളമടിക്കുന്നത് . നിത്യജീവിതത്തിലെ ഏതാണ്ട് എല്ലാ കാര്യവും തന്നെ അവർക്കു ചൂളമടിച്ച് സംസാരിക്കുവാൻ കഴിയും .

ഏതാണ്ട് എഴുപതോളം ചൂളമടി ഭാഷകൾ ഇന്ന് ലോകമെമ്പാടും ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട് . ഇതൊരു ഒറ്റപ്പെട്ട ഭാഷയല്ല . ആശയം മനസിലാക്കാൻ ഇതിനൊരു സംസാര ഭാഷ അടിസ്ഥാനമായി ഉണ്ടാവും . എന്നാണ് ഇത്തരം ഭാഷകൾ ഉരുത്തിരിഞ്ഞത് ? ക്രിസ്‌തുവിന് മുൻപ് അഞ്ചാം നൂറ്റാണ്ടിൽ എത്യോപ്യയിലെ ചില ഗുഹാവാസികൾ ഇത്തരം വിസിലിംഗ് ഭാഷ ഉപയോഗിച്ചിരുന്നതായി Herodotus പറയുന്നുണ്ട് . “വൗവ്വാലുകൾ ചിലയ്ക്കുന്നതു പോലെ” എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത് . ഇന്നും എത്യോപ്യയിലെ Omo താഴ് വരയിൽ വിസിലിംഗ് ഭാഷകൾ നിലവിലുണ്ട് . ഒറ്റപ്പെട്ട , വിദൂര , മലയോര ഗ്രാമങ്ങളിലും , ദ്വീപുകളിലുമാണ് ഭൂരിഭാഗം ചൂളമടി ഭാഷകളും രൂപംകൊണ്ടിരിക്കുന്നത് . യുദ്ധസമയങ്ങളിൽ പല സേനകളും സന്ദേശങ്ങൾ കൈമാറാൻ ഇത്തരം ഭാഷകൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ ഇതറിയാവുന്നവരെ അതിന് നിയോഗിക്കുകയോ ചെയ്തിട്ടുണ്ട് . രണ്ടാം ലോകമഹായുദ്ധകാലത്തു ആസ്‌ത്രേലിയൻ ആർമി , പാപ്പുവ ന്യൂഗിനിയായിലെ വിസിലടിക്കാരായ Wam ഗോത്രക്കാരെ റേഡിയോ സന്ദേശങ്ങൾ കൈമാറുവാൻ നിയോഗിച്ചിരുന്നു . സൈബീരിയയിലെ Yupik വർഗ്ഗക്കാർ കടലിൽ വേട്ടയ്ക്ക് പോകുമ്പോൾ ഇപ്പോഴും ചൂളമടി ഭാഷ മാത്രമാണ് ഉപയോഗിക്കുന്നത് . താവോ മതക്കാർക്കിടയിൽ വിസിലടിച്ച് പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നതായി ചൈനീസ് രേഖകൾ പറയുന്നു . ഇന്നും ദക്ഷിണ ചൈനയിലെ Hmong , Akha ന്യൂനപക്ഷങ്ങൾക്കിടയിൽ വിസിലടി ഭാഷ നിലവിലുണ്ട് .

ഫ്രഞ്ചുകാരനായ Julien Meyer എഴുതിയ Whistled Languages: A Worldwide Inquiry on Human Whistled Speech ആണ് ചൂളമടി ഭാഷകളെപറ്റി പഠിക്കുവാൻ ഏറ്റവും നല്ല പുസ്തകം (http://alturl.com/rfowx) . ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെക്കാണുന്ന ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ് .

1. http://www.bbc.com/…/20170525-the-people-who-speak-in-whist…
2. http://www.bbc.com/…/20170731-greeces-disappearing-whistled…
3. http://timesofindia.indiatimes.com/…/articlesh…/32949299.cms
4. https://news.cnrs.fr/…/the-fascinating-art-of-whistled-spee…
5. https://thenortheasttoday.com/did-you-know-this-place-in-n…/

മെക്സിക്കോയിലെ Oaxaca യിലെ വിസിലടി ഭാഷയെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി ഈ ലിങ്കിൽ കാണാം >>>

Advertisements

ഏറ്റവും മുകളിൽ ചിത്രത്തിൽ കാണുന്നത് ഫ്രാൻസിലെ Laruns (French Béarn region) ലെ Ossau താഴ്വരയിൽ ഇന്നവശേഷിക്കുന്ന ചൂളമടിവിദഗ്ദൻ Bernard Miqueu.

കാനറി ദ്വീപുകളിലെ (Canary Islands) ചൂളമടി ഭാഷയായ Silbo Gomero യിൽ ‘Around the World, there are humans who whistle their language’ എന്ന് പറയുന്നത് ഈ ലിങ്കിൽ കേൾക്കാം >>

(Clip courtesy of Julien Meyer and Laure Dentel.)

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ