ഡാരിയൻ വിടവ്

ഡാരിയൻ വിടവ് 1

താഴെക്കാണുന്ന ബൈക്കിനൊരു പ്രത്യേകതയുണ്ട് .BMW R80G/S എന്ന മോഡൽ ആണിത് . 1980 കളിൽ ബെർലിനിൽ നിർമ്മിച്ച് ഏതാണ്ട് ഇരുപതിനായിരത്തോളം വിറ്റഴിച്ചതിൽ ഒരെണ്ണം . പക്ഷെ ഇതല്ല ഇതിന്റെ പ്രത്യേകത . ആകമാന അമേരിക്കൻ ഭൂഖണ്ഡത്തിന്റെ നെടുകെ അലാസ്‌ക്ക മുതൽ അർജന്റീന വരെ മുപ്പതിനായിരം കിലോമീറ്റർ നീളത്തിൽ കിടക്കുന്ന പാൻ അമേരിക്കൻ ഹൈവേ മുഴുവനും ആദ്യമായി പൂർണ്ണമായും ഓടിത്തീർത്ത ബൈക്കാണിത് ! അന്ന് അതിന്റെ മുതുകത്തിരുന്നത് എഡ് കുൾബെർസൺ ആയിരുന്നു . അമിഗോ (സുഹൃത്ത് ) എന്ന പേരുള്ള ഈ ബൈക്കിന്‌ മുൻപ് വേറൊന്നു പോലും അതിനു ശേഷം ഇന്നുവരെ വിരലിൽ എണ്ണാവുന്നത്ര മാത്രവും വണ്ടികളേ ഈ സാഹസിക യാത്ര പൂർണ്ണമായും ഓടിത്തീർത്തിട്ടുള്ളൂ . എന്താണ് കാരണം ? താഴേക്ക് വായിക്കൂ ….

Advertisements

ഡാരിയൻ വിടവ് 2


“ഒരാൾക്ക് മരിക്കുവാൻ ഇവിടെ നൂറിൽക്കൂടുതൽ കാരണങ്ങൾ ഉണ്ട് . ഇതെല്ലാം ഒഴിവാക്കി നിങ്ങൾ ആപ്പുറത്തെത്തിയാൽ ഞങ്ങൾ പറയും മരണശേഷം നിങ്ങൾക്ക് നരകമുണ്ടാവില്ല , കാരണം നിങ്ങളതിവിടെ അനുഭവിച്ചുകഴിഞ്ഞു “

പത്രപ്രവർത്തകനും , പര്യവേഷകനുമൊക്കെയായ ജേസൺ (Jason Motlah ) മറുപടി പറഞ്ഞില്ല . പക്ഷെ തത്വത്തിൽ ആ വാചകം ശരിതന്നെ എന്ന് അദ്ദേഹത്തിന് തോന്നി . അഫ്‌ഗാനിൽ ജോലിചെയ്തിരുന്നതിനേക്കാൾ വീർപ്പുമുട്ടലാണിവിടെ . നാലുകാലിൽ പൊന്തിച്ച് നിർത്തിയിരിക്കുന്ന ഓലപ്പുരയിലാണ് താമസം . ചുറ്റും വിഷമുള്ള പാമ്പുകളും , വിഷമയമായ തവളകളും ! ആരെങ്കിലും ഒരാൾ ഉണർന്നിരുന്നേ മതിയാവൂ . സർക്കാരിനെതിരെ പോരാടുന്ന ഗറില്ലകളോ ( FARC ) , കള്ളക്കടത്ത് നടത്തുന്ന ലാറ്റിനമേരിക്കൻ മയക്കുമരുന്ന് മാഫിയാ സംഘമോ ഈ വഴിവന്നാൽ മരണം ഉറപ്പ് . ഒരുവശത്ത് കൂറ്റൻ മലകളും , നിബിഡവനങ്ങളും . മറുവശത്ത് ചതുപ്പും കണ്ടൽക്കാടുകളും . അവിടവിടെയായുള്ള തുരുത്തുകളിൽ റെഡ് ഇന്ത്യൻ ഗോത്രങ്ങളായ ഗുണ വർഗക്കാരും എമ്പ്രകളും താമസിക്കുന്നുണ്ട് . വഴിയെന്ന് വിളിക്കാൻ പാകത്തിൽ ഒന്നും തന്നെയില്ല . അവിടവിടെയായുള്ള ഏറുമാടങ്ങളിൽ ഗറില്ലകൾ നൈറ്റ് വാച്ച് നടത്തുന്നുണ്ട് . എങ്ങിനെ ഉറങ്ങും ! … നേരം പരപരാന്നു വെളുത്തുതുടങ്ങി . ഒന്ന് മയങ്ങിത്തുടങ്ങിയപ്പോൾ തന്നെ കൂടെയുള്ള വഴികാട്ടി തട്ടി വിളിക്കാൻ തുടങ്ങി . “Huelo chilingos”

അകലെ നിന്നും ശബ്ദമുണ്ടാക്കാതെ രണ്ടു ചെറുവഞ്ചികൾ അടുത്ത് വരുന്നുണ്ട് . പിരാഗ്വ ( Piragua ) എന്ന് വിളിക്കുന്ന ചതുപ്പ് വഞ്ചികളിൽ ഏതാണ്ട് ഇരുപതോളം പേർ പ്രതിമകണക്കെ ഇരിക്കുന്നു . ഭീതി നിഴലിക്കുന്ന മുഖങ്ങൾ . ജേസനും സംഘവും അവരെ കൈവീശിക്കാണിച്ചു . വഴികാട്ടികളായ കൊളംബിയൻ യുവാക്കളോട് തങ്ങൾ പത്രപ്രവർത്തകർ ആണെന്നും , കുറച്ച് സംസാരിക്കാനുണ്ടെന്നും പറഞ്ഞപ്പോൾ അവർ വഞ്ചികൾ പതുക്കെ വശങ്ങളിലേക്ക് അടുപ്പിച്ചു . ശബ്ദമുണ്ടാക്കാതെ അവർ പതുക്കെ നിലത്തിറക്കി . അവർക്കന്യോന്യം പരിചയമുണ്ടായിരുന്നില്ല . ഒരു പൊതുലക്ഷ്യം അവരെ ഒരു തോണിയിലാക്കിയതാണ് . ഏഷ്യൻ മുഖഛായ ഉണ്ടായിരുന്ന രണ്ടുപേരുടെ അടുത്തേക്ക് ജേസൺ നീങ്ങി . ഇഗ്ളീഷ് വഴങ്ങില്ല എന്ന് കണ്ടപ്പോൾ അഫ്‌ഗാനിൽ നിന്നും പഠിച്ച മുറിഞ്ഞ ഉറുദുവിൽ അദ്ദേഹം അവരോട് ചോദിച്ചു “തും കിദർ സെ ?” ഉത്തരം ഉടൻ വന്നു . “സാബ്‌ജി , ഹം ബോൺഗ്ലാദേശ് സെ !!!”

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മോട്ടോർസൈക്കിൾ പാത എന്ന ഗിന്നസ് റെക്കോർഡിന് ഉടമയായ മഹത്തായ പാൻ അമേരിക്കൻ ഹൈവേ ആരംഭിക്കുന്നത് അങ്ങ് വടക്ക് ഉത്തരധ്രുവത്തിനരികെ അലാസ്‌കയിലെ തണുത്തുറഞ്ഞ Prudhoe ഉൾക്കടലിന്റെ തീരങ്ങളിൽ നിന്നാണ് . ഇരുപത്തിയൊന്ന് രാജ്യങ്ങളിലൂടെ കയറിയിറങ്ങി പോകുന്ന ഈ പാത , മരുഭൂമികളും , ചതുപ്പുനിലങ്ങളും , ഇടതൂർന്ന കാടുകളും , മറ്റ് വിജനഭൂവിഭാഗങ്ങളും താണ്ടി ഭൂമിയുടെ ഏറ്റവും തെക്കേഅറ്റത്തെ നഗരമായ അർജന്റീനയിലെ Ushuaia യിൽ എത്തുമ്പോൾ ദക്ഷിണധ്രുവത്തിന്റെ മണം നിങ്ങൾക്കനുഭവപ്പെടും ! മിക്കവാറും മാസങ്ങളിൽ കനത്ത മഴയും മഞ്ഞും വെള്ളപ്പൊക്കവും കാരണം ഈ ഹൈവെനെറ്റ്‌വർക്കിന്റെ മിക്ക ഭാഗങ്ങളും ഗതാഗതയോഗ്യമായിരിക്കില്ല . അതുകൊണ്ടുതന്നെ ഇങ്ങനെയൊരു യാത്ര നടത്തുമ്പോൾ മിക്ക സ്ഥലങ്ങളിലും നാം അനേകദിവസങ്ങൾ കുടുങ്ങിപ്പോയേക്കാം ! എങ്കിലും ടാറിട്ട റോഡിലൂടെ സുഖമായി ഓടിച്ച് യാത്ര പൂർത്തിയാക്കാം എന്നൊരിക്കലും കരുതരുത് . ഈ വഴിയുടെ ഒത്തനടുവിൽ നിങ്ങളെയും കാത്ത് ഒരു കെണി ഒരുങ്ങിയിരിപ്പുണ്ട് !! അവിടെ റോഡില്ല , വഴിയുമില്ല …. ചതുപ്പും , നിബിഡവനവും മാത്രം ! അതെ പ്രശസ്തമായ പാൻ അമേരിക്കൻ ഹൈവെയ്ക്ക് ഒരു വിടവുണ്ട് . നൂറ് മൈലോളം വീതിയുള്ള ഒരു വിടവ് . രണ്ടു നദികളും , രണ്ടു സംരക്ഷിതവനങ്ങളും , ഒരു കൂറ്റൻ ചതുപ്പുനിലവും ഒത്തുചേർന്ന് , യാതൊരു സർക്കാരുകളും നിയന്ത്രിക്കാനില്ലാതെ മയക്കുമരുന്ന് മാഫിയകളും , കുറ്റവാളികളും , ഒളിച്ചു താമസിക്കുന്ന ഒരു നരകം ! ഇതാണ് കുപ്രശസ്തമായ ഡാരിയൻ വിടവ് !

പനാമയിലെ യാവിസയിൽ (8°9′N 77°41′W) ഒരു ബൈക്ക് മാത്രം കടന്ന്‌പോകാൻ വലിപ്പത്തിലുള്ള ചെറിയൊരു തൂക്കുപാലത്തോടുകൂടി നാം പാൻ അമേരിക്കൻ പാതയിൽ നിന്നും ഡാരിയൻ വനമേഖലയിലേക്ക് പ്രവേശിക്കുന്നു . പനാമ സിറ്റിയിൽ നിന്നും Diablo Rojo എന്ന പേരായ അവിടുത്തെ KSRTC ബസ് പിടിച്ചാൽ നമുക്കിവിടെ എത്തിച്ചേരാം . അതിനും മുൻപേ മഴക്കാടുകൾ പാതയെ പതുക്കെപ്പതുക്കെ വിഴുങ്ങുന്നതിനാൽ വഴി സാവധാനം ചുരുങ്ങിവരുന്നതായി അനുഭവപ്പെടും . പിന്നീട് ബസ് Agua Fría എന്ന ഗ്രാമത്തിലെ പോലീസ് ചെക്ക് പോസ്റ്റിൽ എത്തും . ഇതിനപ്പുറം പോകണമെങ്കിൽ ആർക്കും പ്രത്യേക അനുവാദം കിട്ടിയിരിക്കണം . നിലവിൽ കൊളംബിയൻ മയക്കുമരുന്ന് മാഫിയാ തലവന്മാരെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന അമേരിക്കൻ പത്രപ്രവർത്തകരാണ് കൂടുതലും ഈ ബസും കയറി ഇവിടെ എത്താറ് . ചെക്ക് പോസ്റ്റിലെ കനത്ത ചോദ്യങ്ങൾക്ക് ശേഷം ബസ് വീണ്ടും മുന്നോട്ട് . ഇനിയങ്ങോട്ട് മുഴുവനും തങ്ങളുടെ മേൽനോട്ടത്തിലായിരിക്കും എന്ന് കാണിക്കാനല്ല പനാമൻ അതിർത്തി പോലീസ് ( Senafront) ഈ ചെക്കിങ് ഒക്കെ നടത്തിയത് . ഇനിയങ്ങോട്ട് അവർക്കെന്നല്ല ആർക്കും യാതൊരു കണ്ട്രോളും ഇല്ല എന്ന് പറയാനാണ് ഈ പ്രഹസനമൊക്കെ . കൊളംബിയൻ അതിർത്തിയിലേക്ക് ഇനി ഉള്ളത് ഇരുപത് മൈലാണ് . വെട്ടിയടുക്കി വെച്ചിരിക്കുന്ന വിറക് കൂട്ടങ്ങളുടെയും , കന്നുകാലികളുടെയും ഇടയിലൂടെ നിരങ്ങി ബസ് അവസാനം നാം മുൻപ് പറഞ്ഞ തൂക്കുപാലത്തിനരികെ വന്നു നില്ക്കും . ഇനിയങ്ങോട്ട് എങ്ങിനെ പോകണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ് . താഴെയുള്ള ബോട്ടുജെട്ടിയിൽ അനേകം ചെറുവഞ്ചികൾ ഉണ്ട്. പഴങ്ങളും പച്ചക്കറികളും വനത്തിനുള്ളിലേക്കും പുറത്തേക്കും കടത്തുന്നവർ . ഒന്നുകിൽ അവരുടെ കൂടെ നദിയിലൂടെ പോകാം അല്ലെങ്കിൽ തൂക്കുപാലം കയറി വനത്തിനുള്ളിലൂടെ നടന്ന് ഇഷ്ടമുള്ള പാതകളിലൂടെ മുന്നേറാം . ഇതിലെതെടുത്താലും യാത്ര സുഖകരമാവില്ല .

ഡാരിയൻ വിടവ് 3

എന്താണ് ഈ വനത്തിനുള്ളിൽ ഉള്ളത് ? രണ്ടു റെഡ്ഇന്ത്യൻ ഗോത്രസമൂഹങ്ങൾ നൂറ്റാണ്ടുകളായി ഇവിടെ അധിവസിക്കുന്നുണ്ട് . മൂന്നാമതൊരെണ്ണം ഉണ്ടായിരുന്നത് സ്പാനിഷ് ആക്രമണകാലത്ത് വേരറ്റുപോയി . അന്ന് കിട്ടിയ ഭയം ഇവരെ ഇന്നും വിട്ടുമാറിയിട്ടില്ല . മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഈ വനമേഖലയിൽ അവർ ജീവിക്കുന്നു .കയ്യിൽ അത്യാവശ്യം പണമുണ്ടെങ്കിൽ നമ്മുക്ക് പിരാഗ്വ വഞ്ചികൾ വാടകയ്ക്ക് ലഭിക്കും , അല്ലെങ്കിൽ തട്ടിക്കൂട്ടി ഉണ്ടാക്കിയ തോണിയെന്നു തോന്നിക്കുന്ന ചെറു രൂപങ്ങളിൽ നദിയിലൂടെ മുന്നേറാം . പക്ഷെ ശക്തിയുള്ള ഒഴുക്കിൽ പെട്ടാൽ അത് തകരും എന്നുറപ്പാണ് . അവസാന വഴി കാടിനുള്ളിലൂടെ നടന്നു മുന്നേറുക മാത്രമാണ് . ആദ്യമേ തന്നെ നാട്ടുകാരുടെ ചില ചെറു കൃഷിയിടങ്ങൾ അങ്ങിങ്ങായി കണ്ടുതുടങ്ങും . അവിടെയുമിവിടെയുമായി ചില ചെറുവീടുകൾ കണ്ടേക്കാം . പതുക്കെ ആ കാഴ്ച മങ്ങുമ്പോൾ ഉയരംകൂടിയ മഹോഗണി വൃക്ഷങ്ങൾ പ്രത്യക്ഷപ്പെടും . പിന്നീട് കാഴ്ച മങ്ങിത്തുടങ്ങും . നട്ടുച്ചയ്ക്കും സൂര്യപ്രകാശത്തെ കടത്തിവിടാൻ വിസമ്മതിക്കുന്ന ഇടതൂർന്ന മധ്യഅമേരിക്കൻ വനത്തിനുള്ളിലാണ് നാമിപ്പോൾ ! ആരൊക്കെയോ നടന്നു തെളിച്ചിട്ട അനേകം ഊടുവഴികൾ ഇതിനിടയിലൂടെ പാമ്പിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്നുണ്ട് . സ്വദേശിയായ ഒരു വഴികാട്ടി കൂടെയില്ലെങ്കിൽ നാമൊരിക്കലും ഇവിടെനിന്നും പുറത്തിറങ്ങില്ല . ചുവന്നുകലങ്ങിയ മലവെള്ളം വഹിച്ചുകൊണ്ട് അലറിക്കൂവി പോകുന്ന ചെറുപുഴകളും , മേലാപ്പിൽ നിന്നും നമ്മെ നോക്കി പല്ലിളിക്കുന്ന കുരങ്ങൻമ്മാരും , ശബ്ദംകേട്ടമാത്രയിൽ കാട്ടിനുള്ളിലേക്ക് മിന്നിമറയുന്ന ജാഗ്വാറുകളും , ദേഹമാസകലം കുത്തിമുറിവേൽപ്പിക്കുന്ന ഈച്ചകളും …. എല്ലാംകൂടി നമ്മെ ഭ്രാന്തിന്റെ വക്കുവരെ കൊണ്ടെത്തിക്കും .

Advertisements

നാൽപ്പതുമൈലോളം ഈ കൊടുംകാട്ടിലൂടെ നടന്നു മുന്നേറിയാൽ പൊടുന്നനെ നാം മറ്റൊരു ലോകത്ത് ചെന്നെത്തും . ഇനി മുഴുവനും ചതുപ്പാണ് . വെള്ളവും ,തുരുത്തുകളും, കണ്ടൽക്കാടുകളും മാത്രം . കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചത്തഴപ്പിനിടയിൽ നീണ്ട ജലരേഖകളുടെ മിന്നലാട്ടം ! ഇനി നമ്മുക്ക് ഒരു ചെറുവഞ്ചിയെങ്കിലും കൂടിയേ തീരൂ . ചെറുതുരുത്തുകൾക്കിടയിലൂടെ നീളുന്ന മണ്ണുപാതകൾ ഉണ്ടെങ്കിലും അതപകടമാണ് . എതിരെ ഒരു ശത്രുവന്നാൽ ഓടിമാറാനൊക്കില്ല എന്നതുതന്നെ കാരണം . ആരാണിവിടെയുള്ള ശത്രുക്കൾ ? പൊതുവെ പറഞ്ഞാൽ രണ്ടുകൂട്ടരുണ്ട് . രണ്ടും ആയുധധാരികളും അതേപോലെ അപകടകാരികളും ആണ് . മയക്കുമരുന്നും , മറ്റു കള്ളക്കടത്തു സാധനങ്ങളും കൊണ്ട് ഈ വഴി വരുന്ന ദക്ഷിണഅമേരിക്കൻ മയക്കുമരുന്ന് ലോബിയാണ് ഒരുകൂട്ടർ . പ്രത്യേകിച്ചൊരുകാരണവും ഇല്ലാതെ ആളുകളെ കൊല്ലുകയോ അല്ലെങ്കിൽ ബന്ദികളാക്കി പണം ആവശ്യപ്പെടുകയോ ചെയ്യുകയാണ് ഇവരുടെ രീതി . രണ്ടാംകൂട്ടർ യൂണിഫോമിലോക്കെയാണ് ഇതുവഴി വരാറ് . സർക്കാരിനെതിരെ പോരാടുന്ന കൊളംബിയൻ ഗറില്ലകളാണിവർ . തങ്ങളൊഴിച്ച് ഭൂമിയിലെല്ലാവരെയും സംശയത്തോടെ മാത്രം കാണുന്ന ഇവരുടെ മുന്നിൽ പെട്ടാലും വിധിക്ക് വ്യത്യാസമുണ്ടാവില്ല .

നമ്മുടെ വഞ്ചി മുന്നോട്ടുതന്നെ പോകട്ടെ . ഒരു രസത്തിന് വഞ്ചിയിൽ നിന്നും പുറത്തിറകുകയോ , കയ്യൊകാലോ വെള്ളത്തിലിട്ട് രസിക്കുകയോ ചെയ്യരുത് . ഇതുവരെ ഒരു പ്രകൃതിശാസ്ത്രജ്ഞനും ഇവിടെയുള്ള സസ്യമൃഗാദികളെക്കുറിച്ച് നേരെചൊവ്വേ പഠിച്ചിട്ടില്ല . അതിനുള്ള സാഹചര്യം പണ്ടുമുതലേ ഇവിടില്ല എന്നതാണ് കാരണം . അതിനാൽ തന്നെ നാം കാണുന്ന ജീവികളിൽ ഏതിനൊക്കെയാണ് വിഷമുള്ളത് എന്ന് ഊഹിച്ചെടുക്കാനെ തൽക്കാലം നിവൃത്തിയുള്ളൂ . തവിട്ടും പച്ചയും നിറങ്ങളിൽ വരകളുള്ള ചില തവളകൾ വശങ്ങളിലെ കണ്ടൽമരങ്ങളുടെ ശിഖരങ്ങളിരുന്ന് ചിരിച്ചുകാണിക്കുന്നത് അവഗണിച്ചേക്കുക . തൊലിയിൽ മാരകവിഷം ഒളിപ്പിച്ചുവെച്ചാണ് കക്ഷി നമ്മെ നോക്കി പല്ലിളിക്കുന്നത് . ക്‌ളൗൺ ഫ്രോഗ് എന്ന് വിളിക്കപ്പെടുന്ന ഇവ ഇനി ഇവിടെയെ അവശേഷിക്കുന്നുള്ളു . ശത്രുക്കളുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ഒരു വിധത്തിലുള്ള ശബ്ദവും ഉണ്ടാക്കരുത് . തീരങ്ങളിൽ നാല് കാലുകളിൽ ഉയർത്തിപണിതിരിക്കുന്ന ചില ചെറു വീടുകൾ അവിടെയും ഇവിടെയുമായി കാണാം . കാലാകാലങ്ങളായി ഈ ചതുപ്പിൽ പ്രകൃതിയോട് മല്ലിട്ടു ജീവിക്കുന്ന എമ്പറ ഗോത്രക്കാരുടെ വീടുകളാണവ. വെള്ളപ്പൊക്കത്തിൽ നിന്നും മുൻപറഞ്ഞ ജീവികളിൽ നിന്നുമൊക്കെ രക്ഷനേടുവാനാണ് ബ്രഹ്മപുത്രാതീരങ്ങളിലെ വീടുകൾ പോലെ ഇവർ നാലുകാലിൽ തട്ടുകളുണ്ടാക്കി അതിനുമുകളിൽ താമസിക്കുന്നത് . നമ്മുക്ക് സമയമില്ല , വീണ്ടും മുന്നോട്ട് .

അവസാനം നമ്മുടെ കൂടെയുള്ള വഴികാട്ടിയും പറഞ്ഞു ….. “Huelo chilingos” ! നാം ആദ്യം പറഞ്ഞ പത്രപ്രവർത്തകനായ ജേസണിന്റെ അടുത്ത് എത്തിക്കഴിഞ്ഞു . അദ്ദേഹം ബംഗ്ളാദേശുകാരായ ജാഫറിനോടും , അറാഫാത്തിനോടുമാണ് സംസാരിക്കുന്നത് . അവരുടെ പിറകെയെത്തിയ രണ്ടാം വള്ളത്തിൽ നിറയെ നേപ്പാളുകാരാണ് . ഈ ഡാരിയൻ വിടവിൽ ഇവരെങ്ങിനെ എത്തിപ്പെട്ടു ? സന്ദർശക വിസ ലഭിക്കുവാൻ താരതമ്യേന എളുപ്പമുള്ള ദക്ഷിണഅമേരിക്കൻ രാജ്യങ്ങളിൽ (പ്രത്യേകിച്ച് ഇക്വഡോർ ) ചില ഏജന്റുമാർ കൊണ്ടെത്തിച്ച് അവിടെനിന്നും വിവിധ ഗതാഗതമാർഗ്ഗങ്ങൾ ഉപയോഗിച്ച് , മയക്കുമരുന്ന് ഡീലർമാർക്കും മറ്റുള്ളവർക്കും കാശ് കൊടുത്ത് രാജ്യങ്ങളുടെ അതിർത്തികൾ താണ്ടി , നടന്നും വള്ളത്തിൽ കയറിയും കൊളംബിയയിൽ നിന്നും പനാമയിലെത്തി അവിടെനിന്നും മെക്സിക്കോവഴി ദുൽക്കർസൽമാൻ സഞ്ചരിച്ച റൂട്ടിലൂടെ അമേരിക്കയിലെത്താനുള്ള പുറപ്പാട് പുസ്തകത്തിലെ ചെങ്കടലാണ് ഈ ഡാരിയൻ തുരുത്ത് . ഇവരുടെ മോശയാണ് വള്ളത്തിന്റെ കടയ്ക്കലിരുന്ന് നാലുപാടും വീക്ഷിക്കുന്ന , ഷർട്ടിടാത്ത കൊളംബിയൻ ചെറുപ്പക്കാരൻ . നാം പനാമയിൽ നിന്നാണ് ഡാരിയൻ വിടവിലേക്ക് കയറിയതെങ്കിൽ ഇവർ വരുന്നത് നേരെ എതിർദിശയിൽ കൊളംബിയൻ ഭാഗത്തുനിന്നുമാണ് . ഇനിയും നാല്പതോളം മൈൽ കാട്ടിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചുവേണം അവർക്ക് ഏതെങ്കിലും പനാമൻ ഗ്രാമത്തിലെത്താൻ . ഇത്രയും പേരിൽ ഒന്നോരണ്ടോ പേരാണ് മെക്സിക്കൻ അതിർത്തിയിലെങ്കിലും ജീവനോടെ ചെന്നെത്തുക . മൂന്നാമൻ മുനീറിന് പനികാരണം വള്ളത്തിൽനിന്നിറങ്ങാൻ പോലും സാധിക്കുന്നില്ല . ഇവരെ സഹായിക്കാനൊന്നും നമ്മെ കിട്ടില്ല , വേണേൽ ഫേസ്ബുക്കിൽ സപ്പോർട്ട് മുനീർ എന്നോ വല്ല ഹാഷ്ടാഗും ഇട്ട് ഫോട്ടോ അപ്‌ലോഡ് ചെയ്യാം . നാം മുന്നോട്ട് തന്നെ .. കൊളംബിയൻ അതിർത്തിയിലേക്ക് .

വീണ്ടും ചതുപ്പിലൂടെ നീങ്ങിയാൽ സാമാന്യം വലിയൊരു മരക്കുരിശ് ഒരിടത്ത് ചാരിവെച്ചിരിക്കുന്നത്. കാണാം . കൂടെയുള്ള പനാമൻ കത്തോലിക്കർ ഒന്ന് കുരിശുവരച്ച് വീണ്ടും മുന്നോട്ട് . നില്ല് ! ഇതാരാണിവിടെകൊണ്ട് വെച്ചത് എന്നുംകൂടെ പറഞ്ഞിട്ടുപോകാം . ലോകപ്രശസ്ത സുവിശേഷകൻ ആർതർ ഓവൻ ബ്ലെസിറ്റ് ആണ് 1979 ൽ ഈ കുരിശ് ഇവിടെ സ്ഥാപിച്ചിട്ട് പോയത് . ഭൂമിയിലെ സകലരാജ്യങ്ങളിലെയും ഇതുപോലുള്ള വഴികളിലൂടെ അറ്റത്ത് ചക്രം പിടിപ്പിച്ച ഒരു കൂറ്റൻ കുരിശും ചുമന്നുകൊണ്ട് കാൽനടയായി സഞ്ചരിച്ച് ലോകറിക്കാർഡിട്ട ആളാണ് കക്ഷി . അതായത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തീർത്ഥാടനം !

ഇനിയും ഏറ്റവുമടുത്ത കൊളംബിയൻ ഗ്രാമത്തിലേക്ക് അറുപത് മൈലുകൾ താണ്ടണം . വഴിയിൽ മനുഷ്യന്റെ തലയോട്ടികളും , ജീർണ്ണിച്ച ശരീരങ്ങളും കണ്ണിൽപെട്ടെക്കാം . ഇതൊക്കെ ഏതെങ്കിലും വിശ്വാസികൾ കണ്ടെത്തിയാൽ ആദ്യം കാണുന്ന ഒരു കുഴിയിൽ എടുത്തിട്ട് പ്രാർത്ഥിച്ച് , മണ്ണിട്ട് മൂടി N . N (No Name) എന്ന് പോറിയ ഒരു കല്ലുമെടുത്ത് വെക്കും . നിയമങ്ങളില്ലാതിരുന്ന പ്രാകൃതഭൂമിയുടെ പ്രതിച്ഛായ കണക്കെ ഈ നൂറ്റാണ്ടിലും നിലനിൽക്കുന്ന ഡാരിയൻ ഗ്യാപ്പിൽ നിന്നും പുറത്തുവരുന്നതും നരകത്തിൽ നിന്ന് രക്ഷപെടുന്നതും ഒരുപോലെതന്നെയെന്ന് ഇതുവഴി പോയ സകലരും സമ്മതിക്കും . മയക്കുമരുന്ന് മാഫിയകൾ നിയന്ത്രിക്കുന്ന കൊളംബിയൻ അതിർത്തിഗ്രാമങ്ങൾ താണ്ടി രക്ഷപെടണണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കും !

പാൻ അമേരിക്കൻ പാതയുടെ കണ്ണിലെ കരടായ ഡാരിയൻ ഗ്യാപ്പിലൂടെ എന്തുകൊണ്ടൊരു പാത നിർമ്മിച്ചുകൂടാ ? ഇപ്പോൾ അവിടെ അധിവസിക്കുന്ന രണ്ടു പുരാതന റെഡ് ഇന്ത്യൻ ഗോത്രങ്ങളുടെ എതിർപ്പാണ് ഒരു കാരണം . ഇക്കാര്യത്തിൽ അവരെ പിന്തുണച്ചുകൊണ്ട് രംഗത്തുവരുന്ന ലാറ്റിനമേരിക്കൻ ഡ്രഗ് കാർട്ടെൽ മറ്റൊരു വശത്ത് . ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന റിബലുകളെ മുഴുവനും കൊന്ന് തീർത്താലേ ഒരു പാലം പണിപോലും തുടങ്ങാനാവൂ . ഗ്യാപ്പിലെ സങ്കീർണ്ണമായ പരിസ്ഥിതിക്ക് കോട്ടം വരാതെ കനോപ്പി വോക്ക് -വേ പോലെ തൂണുകളിൽ ഉയർത്തി പാലംപോലെ പണിയാവുന്ന റോഡുകൾ ആണ് ഇപ്പോഴത്തെ ഐഡിയ . ഫ്ലോറിഡയിലെ എവർ ഗ്ലെഡ് ചതുപ്പിൽ ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട് . ഇതിനൊക്കെ വരുന്ന ഭീമമായ ചിലവ് ആര് വഹിക്കും എന്നത് അടുത്ത പ്രശ്‌നം .

ഈ പ്രദേശത്ത് ആദ്യമെത്തിയ സ്പാനിഷുകാർ (1501) ഈ ചതുപ്പിൽ അക്ഷരാർത്ഥത്തിൽ കിടന്ന് പൂണ്ടുവിളയാടി . അനേകം നായ്ക്കളെ റെഡ്ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് അഴിച്ചുവിട്ടുകൊണ്ട് ഈ വനമേഖലയിൽ അവർ ആദ്യരക്തം വീഴ്ത്തി . എന്നാൽ പടർന്നു പിടിച്ച സാംക്രമിക രോഗങ്ങൾ അവരെ അവിടെനിന്നകറ്റിയതോടുകൂടി പലായനം ചെയ്തവരുടെയും കടൽക്കൊള്ളക്കാരുടെയും ഒളിസങ്കേതമായി മാറി ഇവിടം . പിന്നീട് സ്കോട്ട്ലൻഡുകാരുടെ ഡാരിയൻ കോളനി നിർമ്മാണവും വൻദുരന്തത്തിൽ കലാശിച്ചു . പിന്നീടങ്ങോട്ട് അനേകം ആക്രമണങ്ങൾ , പിൻവാങ്ങലുകൾ ….. ഡാരിയൻ അക്ഷരാർത്ഥത്തിൽ ഒരു ശവപ്പറമ്പായി മാറി . ഇതുവഴി രേഖപ്പെടുത്തിയിട്ടുള്ള വിജയകരമായ ആദ്യ ജീപ്പുയാത്ര 1960 ൽ ഒരു ലാൻഡ് റോവറിൽ ആയിരുന്നു . മണിക്കൂറിൽ 220 ഗജം വെച്ച് 136 ദിവസങ്ങൾക്കൊണ്ടാണ് അവർ ഈ വിടവ് താണ്ടിയത് ! ബ്രിട്ടീഷ് സൈക്ലിസ്റ്റായ ഇയാൻ ഹിബെൽ ആണ് ഗ്യാപ്പ് പൂർണ്ണമായും സൈക്കിളിൽ സഞ്ചരിച്ച് ക്രോസ്സ് ചെയ്ത ആദ്യമനുഷ്യൻ (1973). എഡ് കൽബെർസൻ ആണ് അലാസ്‌കയിൽ നിന്നും ബൈക്കോടിച്ച് ഗ്യാപ്പിലൂടെ അർജന്റീനയിലെത്തി പാൻ അമേരിക്കൻ പാത പൂർണമായും മറികടന്ന ആദ്യവ്യക്തി . ഇവരൊക്കെ അപ്പുറം കടന്നവരെങ്കിൽ അതിന്നുകഴിയാതെ ഗ്യാപ്പിൽ ജീവിതം ഹോമിച്ചവരാണ് ഏറെയും ഉള്ളത് . എന്തായാലും ഡാരിയൻ ഇന്നും പാൻ അമേരിക്കൻ ഹൈവേയുടെ ഗ്യാപ്പായി തന്നെ തുടരുന്നു .

NB : പലപ്പോഴായി നടന്ന സംഭവങ്ങൾ വായനാസുഖത്തിന്‌ ഒരു യാത്രക്കിടയിലെന്നപോലെ അവതരിപ്പിച്ചതാണ് . മുകളിൽ മലയാളത്തിൽ എഴുതിപ്പിടിപ്പിച്ചത് നെറ്റിൽ പലയിടത്തായും , ഇതുവഴി യാത്രചെയ്ത അനേകം പേരുടെ ബുക്കുകളിലായും ചിതറിക്കിടപ്പുണ്ട് . The World’s Most Dangerous Places by Robert Young Pelton (ആമസോണിൽ ലഭ്യമാണ് ) ആണ് പ്രധാനമായും ആശ്രയിച്ചത് . Huelo chilingos എന്ന വാക്കിന്റെ അർഥം “കുടിയേറ്റക്കാർ അടുത്തെത്തി ” എന്നാണ്.

Related Post :  darien-scheme

 

 

 

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ