നമ്മുക്കും അന്വേഷിക്കാം ചരിത്രം !

നമ്മുക്കും അന്വേഷിക്കാം ചരിത്രം ! 1

Ismail Pallipram, Rajeev Pallikkonam , Thoufeek Zakriya തുടങ്ങിയവരെപ്പോലെ സമയവും പണവും വിനിയോഗിച്ച് ആത്മാർത്ഥമായി ചരിത്രമന്വേഷിച്ച് തെരുവീഥികളിലേക്കിറങ്ങുന്നവർ ഇക്കാലത്ത് വളരെക്കുറവാണ് . സാഹചര്യം, സമയം , പണം , റിസ്‌ക്കെടുക്കുവാനുള്ള വിമുഖത ഇതൊക്കെയാണ് പലരെയും താല്പര്യമുണ്ടെങ്കിൽ കൂടി ഇതിലേക്കിറങ്ങിത്തിരിക്കാൻ പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ . എന്നാൽ ഇതൊക്കെ ചിലവാക്കി ചരിത്രാന്വേഷണത്തിനായി ഇറങ്ങിതിരിച്ചവർക്ക് അഭിമുഖീകരിക്കേണ്ട ഒട്ടനവധി പ്രശ്‍നങ്ങൾ നിലവിലുണ്ട് . അതിലൊന്നാണ് പുരാവസ്തുക്കളുടെ കള്ളക്കടത്ത് . ഒരു വസ്തുവോ , സ്ഥലമോ , കെട്ടിടമോ ചരിത്രപ്രാധാന്യമുള്ളത് എന്ന് ഒരു ഗവേഷകൻ കണ്ടെത്തിയാൽ അന്ന് മുതൽ അതിന്റെ നാശവും ആരംഭിക്കും . പുരാവസ്തുക്കൾക്ക് ആഗോള വിപണിയിൽ കിട്ടിയേക്കാവുന്ന വൻവിലകളാണ് ഇത്തരം സ്ഥലങ്ങൾ കൊള്ളയടിക്കുവാൻ ആളുകളെ പ്രേരിപ്പിക്കുന്നത് . അടുത്ത പ്രശ്‌നം ഇത്തരം ചില സ്ഥലങ്ങൾ തിരിച്ചറിയുക എന്നതും അവിടെ എത്തിച്ചേരലും ആണ് . പലതും അപ്രാപ്യമായ വനങ്ങളിലും അല്ലെങ്കിൽ പട്ടണമധ്യത്തിൽ ഒരു സ്വകാര്യ ഭൂമിയിലും ആകാം . രണ്ടും ഒരു സാധാരണ അന്വേഷിയെ സംബന്ധിച്ചിടത്തോളം അസാധ്യം തന്നെ . അടുത്ത പ്രശ്‌നം ചരിത്രാന്വേഷികളുടെ ഏകോപനവും ആശയങ്ങൾ പങ്കുവെയ്ക്കലും ആണ് . ഒരേ സ്ഥലത്തെപ്പറ്റി പല ഗവേഷകർക്കും ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവാം . അതെല്ലാം ഒരു സിംഗിൾ പ്ലാറ്റ്‌ഫോമിൽ ചർച്ചചെയ്യുകയും കിട്ടിയ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്‌താൽ സമയ ലാഭവും , കിട്ടിയ ഡേറ്റകളുടെ ആധികാര്യത വർദ്ധിപ്പിക്കലും ഒരേ സമയം നടക്കും .

Advertisements

നാമിപ്പോൾ കണ്ട സകല പ്രശനങ്ങൾക്കും ഒറ്റയടിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് നാഷണൽ ജ്യോഗ്രഫിക് പ്രവർത്തകയായ ഡോക്ടർ സാറാ (Dr. Sarah Parcak). സിറ്റിസൺ ജേർണലിസത്തിനു സമാനമായി citizen explorers എന്ന ആശയമാണ് സാറാ കഴിഞ്ഞവർഷം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചത് . ആഗ്രഹമുള്ള ആർക്കും ഭൂമിയിലെവിടെയുമിരുന്നുകൊണ്ട് ചരിത്രഗവേഷകനാകാനുള്ള സുവർണ്ണാവസരം ! മനുഷ്യനപ്രാപ്യമായ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആരുമറിയാതെ കടന്നു ചെല്ലുന്ന ഒരാളുണ്ട് . ഭൂമിക്കു ചുറ്റും വലംവെയ്ക്കുന്ന കൃതിമ ഉപഗ്രഹങ്ങളുടെ ക്യാമെറാ കണ്ണുകൾ ! ഒരു സിറ്റിസൺ എക്സ്പ്ലോറർക്ക് റോ ഡേറ്റയായി സാറാ നൽകുന്നത് സാറ്റലൈറ്റുകൾ ഒപ്പിയെടുത്ത ലക്ഷക്കണക്കിന് ചിത്രങ്ങളും അവയുടെ ടൈലുകളുമാണ് . വിവരസാങ്കേതിക സങ്കേതങ്ങളുടെ യാതൊരു പരിചയവുമില്ലാത്ത ഏതൊരാളെയും പരിശീലിപ്പിച്ച് നല്ലൊരു ചരിത്രാന്വേഷിയാക്കാൻ ഇവർ രൂപകൽപ്പന ചെയ്ത www.globalxplorer.org എന്ന വെബ് സൈറ്റിന് സാധിക്കും . ഒരു പക്ഷി ഭൂമിയെ കാണുന്നതുപോലെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും . ചരിത്ര പ്രാധാന്യമുള്ള സ്ഥലമേത് , പ്രകൃതി നിർമ്മിതിയേത് , മനുഷ്യ നിർമ്മിതിയേത് , ഇനി നമ്മുക്ക് മുൻപേ ആരെങ്കിലും അവിടെ മണ്ണ് കുഴിക്കൽ തുടങ്ങിയോ , ചിത്രത്തിന്റെ കളർ വേരിയേഷനിൽ നിന്നും കുന്ന് , കുഴി , സസ്യങ്ങൾ ഇവ കണ്ടറിയൽ എന്നീകാര്യങ്ങളൊക്കെ തിരിച്ചറിയാകാൻ പാകത്തിൽ നല്ലൊരു പരിശീലന സംവിധാനം ഈ സൈറ്റ് ഒരുക്കിയിട്ടുണ്ട് . രെജിസ്റ്റർ ചെയ്യുന്ന ഏതൊരാളും ഈ പരിശീലന മുറകളിലൂടെ കടന്നു പോകേണ്ടതുണ്ട് . അത് വളരെ എളുപ്പമുള്ള കാര്യമാണ് താനും . പരിശീലനം കഴിയുന്നതുവരെയും നാം Wanderer എന്ന പദവിയിൽ ആയിരിക്കും . ഉപഗ്രഹചിത്രങ്ങളിൽ നിന്നും ചില ചോദ്യങ്ങൾ ചോദിച്ച് നാം അടുത്ത ലെവലിൽ പ്രവേശിക്കുവാൻ പ്രാപ്തനായോ എന്ന് പരിശോധിക്കും . അത് വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത ഘട്ടം Pathfinder എന്ന നിലയിൽ ആയിരിക്കും . ഇവിടെയെത്തിയാൽ ഇപ്പോൾ നടക്കുന്ന ഒരു വമ്പൻ പ്രൊജക്റ്റിൽ അംഗമാകാനുള്ള അവസരമാണ് നമ്മെ കാത്തിരിക്കുന്നത് . “Expedition Peru” എന്ന പ്രോജക്റ്റ് ഏപ്രിൽ പതിനാറിന് ഔദ്യോഗികമായി അവസാനിച്ചെങ്കിലും അന്ന് ഉപഗ്രഹചിത്രങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആളുകളുടെ അപര്യാപ്തത കാരണം പൂർണ്ണമായും അവലോകനം ചെയ്ത് കഴിഞ്ഞിട്ടില്ല . പെറുവിലെ പതിനായിരക്കണക്കിന് ഉപഗ്രഹ ചിതങ്ങളിൽ നിന്നും പതിനേഴോളം പുതിയ പിരമിഡുകളാണ് സാറയുടെ സിറ്റിസൺ ചരിത്രാന്വേഷികൾ പൊടിതട്ടിയെടുത്തത് ! ഇതുകൂടാതെ ഈജിപ്തിൽ നിന്നും ആയിരത്തോളം ശവക്കല്ലറകളും , മറ്റു സഥലങ്ങളിൽ നിന്നും മൂവായിരത്തിൽപരം പഴയകാല നിർമ്മിതികളും ഇവർ കണ്ടെത്തിക്കഴിഞ്ഞു ! കൂടുതൽ കണ്ടുപിടുത്തങ്ങളും പങ്കാളിത്തവും നമ്മുടെ പദവി ഉയർത്താൻ സഹായിക്കും . ആളുകളെ കൂടുതൽ എൻഗേജ് ചെയ്യിപ്പിക്കുവാനാണ് ഈ “പദവി ” കൊടുക്കലുകൊണ്ട് സാറാ ഉദ്യേശിക്കുന്നത് . ഭാവിയിൽ ഭൂമിയിലെ മറ്റു സ്ഥലങ്ങളിലെയും പ്രോജക്റ്റുകൾ ആരംഭിക്കുവാൻ ഇവർക്ക് പദ്ധതിയുണ്ട് .

ചരിത്രാന്വേഷികൾ എന്ന നിലയിൽ നിന്നും സ്പേസ് എക്സ്പ്ലോറേഴ്സ് എന്ന ആധുനിക ഗവേഷക കൂട്ടായ്മ്മയിലേക്കു നമ്മെപ്പോലെയുള്ള സാധാരണക്കാരെ ഉയർത്തിക്കൊണ്ട് വരിക എന്ന പ്രാഥമിക ഉദ്യേശത്തിനോടൊപ്പം ” ഭാവിയുടെ ചരിത്രത്തെ ” കണ്ടുപിടിക്കുക എന്ന ഉത്തരവാദിത്വ൦ നിറവേറ്റാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യാൻ സാറയുടെ ഈ ഉദ്യമത്തിന് കഴിയും എന്നാണ് കരുതപ്പെടുന്നത് . അമേരിക്കയിലെ പല സ്‌കൂളുകളും കുട്ടികളുടെ പ്രൊജക്റ്റിൽ ഇതും ഉൾപ്പെടുത്തുവാൻ തുടങ്ങിക്കഴിഞ്ഞു . നമ്മുടെ സ്‌കൂളുകളിലും ഇത് എളുപ്പം സാധിക്കാവുന്നതേ ഉള്ളൂ . ഒരു ഗെയിം കളിക്കുന്നതുപോലെ ലെവലുകൾ തണ്ടു മുന്നേറാവുന്ന ചരിത്രാന്വേഷണം കുട്ടികൾക്ക് എളുപ്പം ബോധിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു . ഇത് വായിക്കുന്ന അധ്യാപകർ ഒട്ടും താമസിക്കാതെ തന്നെ ഇക്കാര്യം പരിഗണിക്കും എന്ന് കരുതട്ടെ .
https://www.globalxplorer.org/ എന്നതാണ് വിലാസം

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ