സർപ്പം വരുന്നു , തിരികെ ഏദനിലേയ്ക്ക് !

സർപ്പം വരുന്നു , തിരികെ ഏദനിലേയ്ക്ക് ! 1

ബൈബിളിലും മറ്റ് പുരാതന സുമേറിയൻ -അക്കാഡിയൻ ലിഖിതങ്ങളിലും മറ്റും പരാമർശിക്കുന്ന വിഖ്യാതമായ ഏദൻ തോട്ടം എവിടെയാണ് എന്ന് ചിക്കിചികഞ്ഞു തപ്പിയെടുക്കാൻ പല ബിബ്ലിക്കൽ -ഗവേഷകരും ഇറങ്ങിത്തിരിച്ചിട്ടുണ്ട് . യൂഫ്രട്ടീസ് , ടൈഗ്രീസ് നദികളുടെ സാന്നിധ്യം കാരണം ഇന്നത്തെ ഇറാഖിലാകാം എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും , ഏദൻ തോട്ടം ഏഷ്യയിലേ അല്ല എന്ന് “ഗണിച്ചെടുത്ത ” ഗവേഷകരും കുറവല്ല . E.E. Callaway എന്ന ബൈബിൾ പണ്ഡിതനാണ് ഈ ആശയം ആദ്യമായി പ്രകടിപ്പിച്ചത് . വെറുതെ പറയുക മാത്രമല്ല അദ്ദേഹം സ്ഥലം” കണ്ടെത്തുക” തന്നെ ചെയ്തു. വടക്ക് പടിഞ്ഞാറൻ ഫ്ലോറിഡയിലൂടെ 180 km നീളത്തിൽ നാല് പിരിവുകളായി ഒഴുകുന്ന Apalachicola നദിയുടെ തീരമാണ് Callaway യുടെ നിർദിഷ്ട ഏദൻ . ബൈബിളിൽ പറയുന്ന ഏദൻ തോട്ടത്തിന്റെ എല്ലാ “വിശേഷങ്ങളും ” ഉൾക്കൊള്ളുന്ന സ്ഥലമാണിത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത് . ഇതൊന്നും കൂടാതെ ഭൂമിയിലെ ഏറ്റവും അപൂർവ്വ വൃക്ഷങ്ങളിൽ ഒന്നായ Florida nutmeg (Torreya taxifolia) നെ ഇവിടെ നേരത്തെ താമസിച്ചിരുന്ന Apalachicola റെഡ് ഇന്ത്യൻസ് (“People of the other side” എന്നർത്ഥം ) വിളിച്ചിരുന്ന പേര് ഗോഫർ എന്നാണ് ( നോഹ, പെട്ടകം നിർമിക്കാൻ ഉപയോഗിച്ച മരം !). ഇതിന്റെ ഇലകൾ കയ്യിലിട്ട് തിരുമ്മിയാൽ നല്ല വാസനയുള്ളതിനാൽ “മണമുള്ള ദേവദാരു ” എന്ന പേരും ഇതിനുണ്ട് . ഈ മരത്തിന്റെ ഇരുന്നൂറോളം കോപ്പികൾ നദീ തീരത്ത് ഇപ്പോഴും ഉണ്ടെങ്കിലും , ഇനിയും പിടികിട്ടാത്ത എന്തോ രോഗം കാരണം അതിൽ വെറും പത്തെണ്ണത്തിനെ “വളർച്ച” ഉള്ളൂ . അതിനാൽ ഒരമ്പത് വർഷങ്ങൾക്കകം “ഏദനിലെ ദേവദാരു ” ഭൂമിയിൽ നിന്നും വിടപറയും . അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് Apalachicola നദീതീരങ്ങളിലെ വനങ്ങൾ പല പോരാളി ട്രൂപ്പ്കളുടെയും ഒളിസങ്കേതം ആയിരുന്നു . പിന്നീട് 1836-1840 കാലങ്ങളിൽ ഇവിടുണ്ടായിരുന്ന റെഡ് ഇന്ത്യൻസ് അപ്പാടെ ഒക്ലഹാമയിലെ “ഇന്ത്യൻ ടെറിട്ടറി ” യിലേക്ക് മാറി താമസിക്കുകയും അവിടുള്ള വിവിധ വർഗ്ഗക്കാരുടെ ഇടയിൽ ലയിച്ചു ചേരുകയും ചെയ്തു .

Advertisements

ഇങ്ങനെ ഏറെ പ്രത്യേകതയുള്ള അമേരിക്കൻ ഏദൻ തോട്ടം പിന്നീടങ്ങോട്ട് സാഹസിക സഞ്ചാരികളുടെ പ്രധാന സങ്കേതമായി മാറി . ഇതിനകത്തുള്ള Garden of Eden Trail (3.75 miles) എന്ന കാനനപാത സഞ്ചാരികളുടെ മനം നിറയ്ക്കും . നദീതീരങ്ങളിലൂടെയും , ഇടതൂർന്ന വനങ്ങളിലൂടെയും വളഞ്ഞും തിരിഞ്ഞും , ഉയർന്നും താണും മുന്നേറുന്ന പാത Alum Bluff (135 feet) എന്ന ജിയോളജിക്കൽ ഫോർമേഷൻ വരെ ചെന്നെത്തും . ഫോസിൽ ഗവേഷകരുടെ ഇഷ്ടസങ്കേതമാണ് ഇത് .

ആ കഥ ഇവിടെ നിൽക്കട്ടെ . ഏദനിൽ പാമ്പുണ്ടോ എന്നതാണ് ചോദ്യം . അമേരിക്കൻ ഏദനിൽ അനേകതരം പാമ്പുകൾ ഉണ്ട് . വിഷമുള്ളതും ഇല്ലാത്തതും . ഇക്കൂട്ടത്തിൽ ഏദനിൽ നിന്നും പുറത്താക്കപ്പെട്ട പാമ്പാണ് Eastern indigo snake (Drymarchon couperi). നല്ല ഭാരവും , വണ്ണവും , ഉള്ള ഈ ഇരുണ്ട നീല നിറമുള്ള നാഗം അമേരിക്കൻ പാമ്പുകളിലെ ഏറ്റവും നീളം കൂടിയ ഇനങ്ങളിൽ ഒന്നുമാണ് . വിഷമില്ലാത്ത ഇൻഡിഗോ നാഗം ഇരയെ കടിച്ചെടുത്ത് നിലത്തോ പാറയിലോ തല്ലി പതം വരുത്തിയാണ് ഭക്ഷിക്കുന്നത് . കൂടാതെ മറ്റ് പാമ്പുകളെ തിന്നുന്ന (ophiophagy) സ്വഭാവവും ഇവയ്ക്കുണ്ട് . കൊടുംവിഷമുള്ള വടക്കേ അമേരിക്കൻ റാറ്റിൽ സ്നേക്കിനെ വരെ തരംകിട്ടിയാൽ ആശാൻ വിഴുങ്ങും ! ഗോഫർ ആമകളുടെ മാളങ്ങളിൽ കയറി ഒളിച്ചിരിക്കുന്നതിനാൽ ഇവറ്റകളെ ഫ്ളോറിഡക്കാർ ഗോഫർ സ്നേക്ക് എന്നാണ് വിളിക്കുന്നത് . എന്താണ് ഇവറ്റകൾ ഏദനിൽ നിന്നും പുറത്താകാൻ കാരണം ? മനുഷ്യൻ തന്നെ !

പൊതുവെ സ്വസ്ഥതയും ശാന്തതയും , തണലും ഒക്കെ ഇഷ്ട്ടപെടുന്ന ഇൻഡിഗോ നാഗങ്ങൾ കാട്ടിൽ ആളനക്കം കൂടിയപ്പോൾ നാട്ടിലിറങ്ങി . ഫലമോ വിഷമില്ലാത്തതിനാൽ അറിയുന്നവർ വളർത്താൻ പിടിക്കുകയും അറിയാത്തവർ നിറവും നീളവും കണ്ട് തല്ലിക്കൊല്ലുകയും ചെയ്തു . അവസാനം ഗവേഷകർക്ക് പഠിക്കാൻ ഒരു സ്പെസിമെൻ കിട്ടാൻ വളർത്തുന്നവരുടെ അടുക്കൽ പോയി യാചിക്കേണ്ടി വന്നു . തൊണ്ണൂറുകളിൽ വന്യതയിൽ ഒരോരൊറ്റ ഇൻഡിഗോ പാമ്പിനെ പോലും ആരും കണ്ടില്ല ! എന്തായാലും പരിസ്ഥിതിപ്രവർത്തകരും , ഗവേഷകരും , നാട്ടുകാരും കൂടി ഇൻഡിഗോ പാമ്പുകളെ പെറ്റുപെരുകുവാൻ സഹായിച്ചു . അവസാനം ഈ കഴിഞ്ഞ ദിവസം തങ്ങൾ വളർത്തി വലുതാക്കിയ ഒരു പാമ്പിനെ ഗവേഷകർ തിരികെ ഏദനിൽ ഇഴയാൻ വിട്ടു . ഈ ഒരു വർഷം കൊണ്ട് കൂടുതൽ പാമ്പുകളെ വളർത്തി കാട്ടിലേക്ക് പറഞ്ഞു വിടണം എന്നാണ് പ്രവർത്തകർ കരുതുന്നത് . എന്തായാലും സർപ്പം വീണ്ടും ഏദനിൽ എത്തിക്കഴിഞ്ഞു !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ