ചവറ്റുകുട്ടയിൽ നിന്നെത്തിയ ചാവേർ !

ചവറ്റുകുട്ടയിൽ നിന്നെത്തിയ ചാവേർ ! 1

ധൂമകേതുവിന്റെകൂടെയൊരു യാത്ര

നല്ല തണുപ്പ് . എന്റെ രക്തമെല്ലാം കട്ടപിടിച്ചിരിക്കുന്നു ! കാലങ്ങളായുള്ള ഏകാന്ത യാത്ര മനസിനെയും മരവിപ്പിച്ചിരിക്കുന്നു . ഒന്ന് സംസാരിക്കാൻ അരികിലാരുമില്ല . ആരെക്കെയോ അതുവഴിയും ഇതുവഴിയുമായി പോകുന്നുണ്ട് . ആരും നിൽക്കാറില്ല , എല്ലാവരും ധൃതിപിടിച്ച് ഓടുകയാണ് . എന്നെ സംബന്ധിച്ച് മരണത്തിലേ ഈ ഓട്ടം അവസാനിക്കൂ . അല്ല എല്ലാവരും അങ്ങിനെ തന്നെ ! ഞാനും ഒരു നീണ്ട സഞ്ചാരത്തിലാണ് ഇപ്പോൾ ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു . എന്നാലും എനിക്കെന്നോട് തന്നെ പുച്ഛമാണ് . കാരണം ഞാനീലോകത്തിലെ അവശിഷ്ടമാണ് . എന്തെങ്കിലും ഉണ്ടാക്കിക്കഴിയുമ്പോൾ മിച്ചം വരുന്ന സാധനം . ആർക്കും വേണ്ടാതെ ദൂരെയെറിയുന്ന വസ്തു ! എവിടെയെങ്കിലും പോയി ഒടുങ്ങുന്നതുവരെ ഞാനീയോട്ടം തുടരും . ക്ഷമിക്കണം ഞാനാരാണെന്ന് പറഞ്ഞില്ലല്ലോ !

Advertisements

I AM A COMET !

നിങ്ങൾ മലയാളികൾ ധൂമകേതുവെന്നും , വാൽനക്ഷത്രമെന്നുമൊക്കെ വിളിക്കും . പക്ഷെ ഇപ്പോൾ ഞാനതൊന്നുമല്ല . തണുത്തുറഞ്ഞ വെറുമൊരു പാറ മാത്രം ! എന്റെയുള്ളിൽ ധാരാളം അറകളുണ്ട് . അതിനുള്ളിൽ ജലവും , മറ്റു വാതകങ്ങളും തണുത്തുറഞ്ഞു കുടുങ്ങിക്കിടക്കുകയാണ് . ഇതിൽ കാർബൺ ഡൈ ഓക്സൈഡും , മീഥേനും , അമോണിയയും ഉണ്ട് . ഇപ്പോൾ ഞാൻ സൂര്യനിൽ നിന്നും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ് . എൻ്റെ തൊലിയെന്ന് പറയുന്നത് ദേഹത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയാണ് . കൂടാതെ ഞാൻ കറുത്തിട്ടാണ് , നിങ്ങളുടെ കരിയേക്കാൾ കറുത്ത നിറമാണ് എന്റേത് . നിങ്ങൾ ജീവിക്കുന്ന സൗരയൂഥം ആദ്യം സ്വയം കറങ്ങുന്ന ഒരു പൊടിക്കൂട്ടം മാത്രമായിരുന്നു . നിങ്ങൾ മനുഷ്യന്റെ സ്വഭാവം തന്നെയായിരുന്നു ആ പൊടിക്കൂട്ടത്തിനും ഉണ്ടായിരുന്നത് . ഒരുമിച്ച് നിൽക്കില്ല . അതിനകത്തുണ്ടായിരുന്ന വലിപ്പമുള്ള കേമൻമ്മാർ ഞങ്ങളെപ്പോലുള്ള കുഞ്ഞൻമ്മാരെ വലിച്ചടുപ്പിച്ച് കൂട്ടത്തിലാക്കി അവരുടെ പരിധിയിലിട്ടു കറക്കാൻ തുടങ്ങി . ഇവരെല്ലാം ചേർന്ന് ഓരോരോ പിണ്ഡങ്ങളായി മാറി ! അങ്ങനെയൊക്കെയാണ് നിങ്ങളുടെ ഭൂമിയൊക്കെ ഉണ്ടായത് ! കൂട്ടത്തിൽ കേമൻമ്മാർ അഹംഭാവികളായ വ്യാഴവും ശനിയുമൊക്കെയാണ് , അറിയുമോ നിങ്ങൾക്ക് ? ഇപ്പോഴും ഞങ്ങളെപ്പോലുള്ളവർക്ക് അവരെ പേടിയാണ് . എന്റെ എത്രയെത്ര കൂട്ടുകാരെയാണ് അവർ വിഴുങ്ങിയിരിക്കുന്നത് ! പോട്ടെ ദേഷ്യം കൊണ്ട് പറഞ്ഞുപോയതാണ് . ബാക്കി പറയാം . ചിലരൊക്കെ ഒരുമിച്ച് നിന്ന് ഗ്രഹമായി മാറി , വേറെ ചിലരൊക്കെ അവരെ തൊഴുത് അവരുടെ കൂടെ ചുറ്റിപ്പറ്റി നിന്ന് ഉപഗ്രഹങ്ങളായി . പക്ഷെ ഇതൊലൊന്നും പെടാതെ മാറി നിന്ന ഒരുകൂട്ടം പാറകളുണ്ട് . അതാണ് ഞങ്ങൾ ! ധൂമകേതുക്കൾ ! നിങ്ങളുടെ ശാസ്ത്രജ്ഞൻമാർ പറയുന്നത് ഞങ്ങൾ മിച്ചം വന്നവരാണത്രെ ! സൗരയൂഥത്തിലെ മാലിന്യമാണത്രെ ഞങ്ങൾ ! പക്ഷെ നിങ്ങളുടെ ഗ്രഹത്തിൽ ജീവൻ കൊണ്ടിട്ടത് ഞങ്ങളുടെ കൂട്ടത്തിലാരോ ആണെന്ന് പറയുന്നവരും ഉണ്ട് കേട്ടോ ! പക്ഷെ ദിനോസറുകളെ കൊന്നത് ഞങ്ങളിരൊരാളാണെന്നും ചിലർ പറഞ്ഞു നടക്കുന്നു . ആവോ ! എനിക്കറിയില്ല .

നിങ്ങളറിഞ്ഞോ ഈയിടെ ഞങ്ങളുടെ കൂട്ടത്തിൽപ്പെടാത്ത ഒരുത്തൻ നമ്മുടെ സൗരയൂഥത്തിൽ ഞുഴഞ്ഞുകയറിയിട്ടുണ്ട് ! Oumuamua എന്ന വായിൽകൊള്ളാത്ത പേരാണ് അവനുള്ളത്‌ . ആയാൾ സൗരയൂഥത്തിന്റെ പുറത്തുനിന്നെവിടെനിന്നോ വന്നതാ . ആദ്യം വിചാരിച്ചു എന്നെപ്പോലെ തലയും വാലുമൊക്കെയുള്ള ഒരുത്തനാണെന്ന് ! പിന്നെ മനസിലായി അവൻ വെറും പാറ മാത്രം ! ഛിന്നഗ്രഹം ! നിങ്ങൾ പേടിക്കേണ്ട അവൻ ഇപ്പോൾ നിങ്ങളിൽനിന്നും അകന്നാണ് പോകുന്നത് . അതുപോട്ടെ ഇനി ഞങ്ങളെക്കുറിച്ച് പറയാം . നിങ്ങളെപ്പോലെ ഞങ്ങളും നമ്മുടെ തലൈവൻ സൂര്യന് ചുറ്റും കറങ്ങുന്നവരാണ് . അറിയാമല്ലോ എല്ലാം ചലിച്ചുകൊണ്ടാണ് ഇരിക്കുന്നത് .ഞങ്ങളുടെ കറക്കം ഒരുവട്ടമൊന്ന് പൂർത്തിയാകാൻ ചിലപ്പോൾ നൂറ്റാണ്ടുകൾ എടുക്കും ! കാരണം ഞങ്ങൾ വരുന്നത് വളരെയകലെനിന്നാണ് . ചിലപ്പോൾ സൗരയൂഥത്തിന്റെ അതിർത്തിക്കടുത്തുനിന്ന് ! പ്രധാനമായും രണ്ടു സ്ഥലങ്ങളിലാണ് ഞങ്ങളെ കൂടുതലായും കാണാൻ പറ്റുക . കൈപ്പർ വലയമെന്നും , ഊർട്ട് മേഘേമെന്നും അവയെ നിങ്ങളുടെ ഗ്രഹത്തിൽ വിളിക്കും . ഞങ്ങളിൽ നാലായിരം പേരെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് . പക്ഷെ ട്രില്യൺ കണക്കിന് എന്റെ സഹോദരങ്ങൾ അങ്ങ് ഊർട്ട് മേഘത്തിലും കൈപ്പർ വലയത്തിലുമായി കിടന്ന് നട്ടം തിരിയുന്നുണ്ട് . ഞങ്ങൾ ദീർഘവൃത്താകൃതിയിലാണ് സൂര്യനെ ചുറ്റുക . നിങ്ങളുടെ നടുവിരലിൽ ഒരു റബർബാൻഡ്‌ ഇട്ടിട്ട് മറ്റേ കൈകൊണ്ട് അതൊന്ന് വലിച്ചു പിടിച്ചേ , ഏതാണ്ട് അതുപോലെ . നിങ്ങളുടെ വിരലിന്റെ സ്ഥാനത്താണ് നമ്മുടെ സൂര്യൻ ! നിങ്ങളുടെ മറ്റേ കയ്യുടെ സ്ഥാനത്താണ്‌ ഊർട്ട് മേഘം !. സൗരയൂഥത്തിലെ മാലിന്യക്കൂമ്പാരം എന്നറിയപ്പെടുന്ന ഊർട്ട് മേഘത്തിൽ (മലിന ഹിമം) എന്നെപ്പോലെ എത്രപേരുണ്ട് എന്ന് ആർക്കും അറിയില്ല . മുൻപ് പറഞ്ഞല്ലോ നിർമ്മാണം കഴിഞ്ഞു മിച്ചം വന്ന എന്നപോലുള്ളവരുടെ കോളനിയാണ് ഊർട്ട് മേഘം ! ഗോളാകൃതിയിലുള്ള ഈ ഊർട്ട് മേഘം അപ്പാടെ സൂര്യനെ വലംവെക്കുന്നുണ്ട് , വേറെ വഴിയില്ലല്ലോ . ഇതിനിടക്ക് ചില ബാഹ്യശക്തികളുടെ ഇടപെടൽ കാരണം അവിടെ നിന്നും തെറിച്ച് പുറത്ത് ചാടുന്ന ചിലർ നേരെ സൂര്യനെ ലക്ഷ്യമാക്കിയിങ്ങ് പോരും ! അവരാണ് ഞങ്ങൾ ധൂമകേതുക്കൾ !

ഇങ്ങനെ ഊർട്ട് മേഘത്തിൽ നിന്നും പുറത്തുചാടിയ ഈ ഞാൻ ഇപ്പോൾ നിങ്ങളുടെ ഭൂമിക്കടുത്തുകൂടിയാണ് സൂര്യന്റെ അടുത്തേക്ക് പോകാൻ വരുന്നത് . ഞാൻ വരുന്നത് നിങ്ങളും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ നാല്പ്പതിനായിരം ഇരട്ടിദൂരത്തുനിന്നും ആണ് ! അതായത് ഞാനവിടെനിന്നും പുറപ്പെട്ട ശേഷം നിങ്ങളുടെ പൂർവികരും നിങ്ങളുംകൂടി പതിനായിരം തവണയെങ്കിലും സൂര്യനുചുറ്റും കറങ്ങിയിട്ടുണ്ടാവും ! എന്നെപ്പോലെ ഊർട്ട് മേഘത്തിൽ നിന്നും വരുന്നവരൊക്കെ ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ടാണ് സൂര്യനെ ഒന്ന് ചുറ്റുന്നത് . എന്നാൽ കൈപ്പർ വലയത്തിൽ നിന്നും പുറത്തുചാടി വരുന്നവർക്ക് ഇരുന്നൂറിൽ താഴെ വർഷങ്ങൾകൊണ്ട് ഈ പണി ഒരുവട്ടം പൂർത്തിയാക്കാം . നിങ്ങളുടെ നാട്ടിൽ പ്രശസ്തനായ ഹാലിയുടെ ധൂമഹേതുവൊക്കെ കൈപ്പർ വലയത്തിൽ നിന്നും ചാടിയതാണ് എന്ന് മനസ്സിലായില്ലേ . ഈ ഹാലി ഇനി എത്രവട്ടം നിങ്ങളുടെ അടുത്ത എത്തുമെന്ന് പറയാനൊന്നും പറ്റില്ല . ഓരോതവണയും അവൻ്റെ ശരീരത്തിലെ ചെറിയൊരുഭാഗം സൂര്യൻ കത്തിച്ചു കളയുന്നുണ്ട് . കൂടാതെ വരുന്ന വഴി അഹങ്കാരിയായ വ്യാഴത്തിന്റെ അരികിലെങ്ങാനും പെട്ടാൽ പിന്നെ പറയേണ്ടല്ലോ . എന്റെ കൂട്ടുകാരനായിരുന്ന ഷുമാക്കർ -ലെവിയെ അവനങ്ങനെ ചിതറിച്ച് കറക്കിയ ശേഷം വിഴുങ്ങിയതാണ് .

ഞങ്ങൾ പണ്ടുമുതലേ ഭൂമിയിലുള്ളവർക്ക് ഉത്തരംകിട്ടാചോദ്യമായിരുന്നു . ഞങ്ങൾ വരുമ്പോഴെക്കെ അപകടങ്ങൾ വന്നേക്കാം എന്നൊക്കെ നിങ്ങളുടെ മുതുമുത്തച്ഛൻമ്മാർ കരുതിയിരുന്നു . അല്ല , ചിലപ്പോഴൊക്കെ അങ്ങിനെ സംഭവിച്ചും കാണണം . നിങ്ങൾക്കറിയാമോ അഥർവ വേദത്തിൽ ഞങ്ങളിൽനിന്ന് രക്ഷിക്കാനുള്ള മന്ത്രം വരെയുണ്ട് ! നിങ്ങളുടെ പൂർവികർ ഗുഹാചിത്രങ്ങളിലൊക്കെ ഞങ്ങളുടെ വരവ് വരച്ച് ചേർത്തിട്ടുണ്ട് . ഇതൊക്കെ ഞാൻ സ്വയം പുകഴ്‍ത്താൻ പറയുന്നതല്ല , സത്യമാണ് ! അല്ല , നിൽക്ക് !!! ഒരു നിമിഷം ! ……..

എനിക്ക് ചൂട് തോന്നുന്നു ! എന്താണ് സംഭവിക്കുന്നത് ? എന്റെ തൊലിയുരുകുന്നു ! എന്റെ വേഗത കൂടുകയാണ് ! ഉം പിടികിട്ടി … ഞാൻ സൂര്യനോട് കൂടുതൽ അടുക്കുകയാണ് . എൻ്റെ സ്ഥിതികോർജ്ജം കൂടുതൽ വേഗത്തിൽ ഗതികോർജ്ജമായി മാറിത്തുടങ്ങി . അകത്തുള്ള വാതക തന്മമാത്രകൾ കൂടുതൽ ഊർജ്ജം കിട്ടി തുള്ളിച്ചാടുന്നു ! എൻ്റെ കേന്ദ്രത്തിന് ഇപ്പോൾ ഇരുപത് കിലോമീറ്റർ വ്യാസമാണ് ഉള്ളത് . ഇത് ഞങ്ങളുടെ കൂട്ടത്തിലെ ചെറിയ വലിപ്പമാണ് . കേന്ദ്ര ന്യൂക്ലിയസ് പ്രകാശത്തെ തീരെ പ്രതിഫലിപ്പിക്കില്ല , അതാണ് ഞാൻ എന്റെ നിറം കരിയേക്കാൾ കറുത്തിട്ടാണ്‌ എന്നാദ്യമേ പറഞ്ഞത് . എന്റെ ന്യൂക്ലിയസിൽ ഇരുമ്പും . നിക്കലും , മഗ്നീഷ്യവും , കാർബണും , വെള്ളവും , അമോണിയയും , മീഥേനും ഒക്കെയുണ്ട് ! ഇതെല്ലാം ഇതുവരെ തണുത്തുറഞ്ഞാണ് കിടന്നിരുന്നത് . എന്നാൽ ഇപ്പോൾ കളി മാറി . സൂര്യകിരണങ്ങളും സൗരവാതവുമാണ് ഇപ്പോൾ വില്ലൻമാർ . ഇവരണ്ടും എൻ്റെ ശരീരത്തിൽ നേരിട്ടടിക്കുന്നുണ്ട് ഇപ്പോൾ . സൗരവാതം നേരത്തെ തന്നെയുണ്ടായിരുന്നു പക്ഷെ ഇത്രയ്ക്കു തീവ്രമായിരുന്നില്ല . മൂലകങ്ങളൊക്കെ ബാഷ്പപീകരിച്ച് ചെറിയൊരു ആവരണംപോലെ എന്നെ പൊതിഞ്ഞിരിക്കുന്നു ഇപ്പോൾ . കോമ എന്നാണ് ഈ വാതകാവരണത്തെ വിളിക്കുന്നത് . കേട്ടാൽ ഞെട്ടരുത് , ലക്ഷക്കണക്കിന്‌ കിലോമീറ്റർ വ്യാസമാണ് ഇതിനുള്ളത് ! അതെ ഞാൻ നീരുവന്ന് വീർക്കാൻ തുടങ്ങിയിരിക്കുന്നു . പക്ഷെ സൂര്യൻറെ പ്രകാശം കാരണം നിങ്ങൾക്കത് കാണാനാവില്ല . ഇതിനെ ധൂമകേതുവിന്റെ അന്തരീക്ഷമെന്നൊക്കെ ചിലർ വിളിക്കാറുണ്ട് . നിങ്ങൾക്കറിയുമോ സെക്കൻഡിൽ കുറഞ്ഞത് 8 കി.മീ. വേഗത്തിൽ എന്നിൽ നിന്നും ഹൈഡ്രജൻ ബഹിർഗമിക്കുന്നുണ്ട് . പക്ഷെ എന്നോടുള്ള ഇഷ്ടം കാരണം എന്നെ വിട്ടു പോകാതെ കോമയെ പൊതിഞ്ഞു ഒരു ആവരണംപോലെ അവ ഇപ്പോഴും കൂടെയുണ്ട് . ഹൈഡ്രജൻ മേഘം എന്നൊക്കെ വേണമെങ്കിൽ പറയാം .

Advertisements

ഇതിനിടയിൽ മറ്റൊരു കാര്യം പറയട്ടെ . ഞങ്ങളുടെ അടുത്തേക്ക് ചില വാഹനങ്ങളൊക്കെ പറത്തിവിട്ട് ഞങ്ങളെപ്പറ്റി പഠിക്കുവാൻ നിങ്ങൾ ശ്രമിക്കുന്നുണ്ട് എന്നൊക്കെ അറിഞ്ഞു . ഞങ്ങൾ ആദിമുതലേ ഉള്ളതിനാൽ ഞങ്ങളെപ്പറ്റി പഠിച്ചാൽ നിങ്ങളുടെ തുടക്കം പിടികിട്ടും എന്നൊക്കെയാണ് പറയുന്നത്. സത്യത്തിൽ ആദ്യമെന്താണ് സംഭവിച്ചത് എന്നൊന്നും എനിക്കോർമ്മയില്ല. ഞാൻ തീരെ കുഞ്ഞല്ലായിരുന്നോ ! റോസേറ്റാ എന്നൊരു വാഹനം എന്റെയൊരു സഹോദരന്റെ അടുക്കലേക്ക് നിങ്ങൾ പറഞ്ഞുവിട്ടിരുന്നു എന്ന് കേട്ടു . എന്നിട്ടെന്തായി അവൻ അതിനേം കൊണ്ട് പോയില്ലേ ? അഹങ്കാരം മൂത്ത് നിങ്ങൾ മനുഷ്യർ തന്നെ ഇവിടെ വന്ന് ഇറങ്ങിയേക്കാം എന്നൊന്നും വിചാരിക്കേണ്ട . ഞങ്ങൾക്ക് ഗുരുത്വകര്ഷണം തീരെയില്ല . നിങ്ങളെ മാറോട് ചേർത്തുവെയ്ക്കാനുള്ള ത്രാണിയില്ല എന്ന് സാരം . വന്നിറങ്ങിയാൽ ആദ്യമേതന്നെ നിലം ചേർത്ത് സ്ക്രൂ ചെയ്തേക്കണം . പിന്നെ എങ്ങിനെയും പിടിച്ചുനിൽക്കാം . ഇതൊരു ഔദാര്യമായി കണ്ടാൽ മതി .

അതേ ഒരു കാര്യം ! ഞാൻ വിയർക്കാൻ തുടങ്ങിയിരിക്കുന്നു ! സൂര്യനിലേക്ക് ഇനി ഏതാണ്ട് ഇരുപത്തിഅഞ്ചുകോടി കിലോമീറ്ററുകളും കൂടെയുണ്ട് . എനിക്ക് വാല് കിളിർക്കാൻ തുടങ്ങിയിരിക്കുന്നു ! എൻ്റെ പോക്ക് സൂര്യന്റെ അടുത്തേക്കെങ്കിൽ അതിനു നേരെ വിപരീദദിശയിലാണ് വാല് കിളിർത്ത് വരുന്നത് . എന്റെ ദേഹത്തുനിന്നും പറിഞ്ഞുപോകുന്ന പൊടിപടലങ്ങളാണ് ലക്ഷക്കണക്കിന് കിലോമീറ്റർ നീളത്തിൽ വാലായി എന്റെ പിറകെ നീണ്ടുകിടക്കുന്നത് ! ഒന്നല്ല പല വാലുകളുണ്ട് എനിക്കിപ്പോൾ ! പൊടിപടലം കൊണ്ടുണ്ടായ ധൂളീവാൽ, പിന്നെ അയോണീകൃത വാതകങ്ങളാൽ നിർമ്മിതമായ പ്ലാസ്മാവാൽ . രണ്ടും രണ്ടായിട്ടാണ് കാണപ്പെടുക . ആദ്യത്തേതിന് വെള്ള നിറവും പിന്നെ കുറച്ച് വളഞ്ഞിട്ടുമാണ് ഉണ്ടാവുക , രണ്ടാമത്തേതിന് നീലനിറമാണ് പൊതുവെ ഉള്ളത് . പക്ഷെ ഭൂമിയിൽ നിന്നും നോക്കിയാൽ ഇവ രണ്ടും ഒന്നായിട്ടാവും ചിലപ്പോൾ നിങ്ങൾ കാണുക . ആദ്യത്തേത് തിളങ്ങുന്നത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചാണെങ്കിൽ രണ്ടാമത്തേത് അയോണീകരിച്ച വാതകങ്ങളുടെ തിളക്കം മൂലമാണ് . ഹെയ്ൽ ബോപ്പ് എന്ന സഹോദരകേതുവിന്‌ സോഡിയം കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു മൂന്നാം വാലും ഉണ്ടായിരുന്നു . നോക്ക് , ഞാനിപ്പോൾ ജീവനുള്ള ഒരു മൃഗമായി മാറിയിട്ടുണ്ട് . എനിക്ക് തലയും ശരീരവും വാലുമൊക്കെ ആയല്ലോ .

ഞങ്ങൾ നിങ്ങളെ കടന്ന് പോയാൽ ഞങ്ങളുടേതായ ചിലതൊക്കെ ആകാശത്ത് കളഞ്ഞിട്ടാണ് പോകാറ് . അറിഞ്ഞോണ്ട് ചെയ്യുന്നതല്ല , ഈ ഓട്ടത്തിനിടെ അറിയാതെ കൊഴിഞ്ഞുപോകുന്നതാണ് . അവ സഞ്ചരിക്കുന്ന സ്ഥലങ്ങൾവഴി നിങ്ങളുടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉൽക്കാവർഷം (meteor shower) അഥവാ കൊള്ളിമീന്‍വര്‍ഷം സംഭവിക്കുന്നത് .ഒക്ടോബറിലെ ഒറിയോൺ ഉൽക്കാവർഷത്തിനു കാരണം ഹാലിചേട്ടൻ ഇട്ടിട്ടുപോയ പാറക്കഷ്ണങ്ങൾ ആണ്. കൂട്ടത്തിൽ പറഞ്ഞന്നേ ഉളളൂ . ഞങ്ങൾ സൂര്യനെച്ചുറ്റി തിരികെ പോകുമ്പോൾ വാല് ഞങ്ങളുടെ മുന്നിൽ ആവും ഉണ്ടാവുക ! . കാരണം അപ്പോൾ സൗരവാതം പിറകിൽനിന്നാണല്ലോ വരുന്നത് . അകന്നു പോകുമ്പോൾ നേരത്തെ പറഞ്ഞതിന്റെയെല്ലാം വിപരീതമാവും സംഭവിക്കുക . വാല് ചുരുങ്ങും . നീരുവന്ന് വീർത്ത മുഖമായ കോമ, അസുഖമെല്ലാം മാറി ചുരുങ്ങും , പിന്നെ എല്ലാം തണുത്തുറഞ്ഞു പഴയ അവസ്ഥയിൽ എത്തിച്ചേരും . പക്ഷെ അപ്പോഴേക്കും എന്റെ ശരീരത്തിൽ നിന്നും ചിലതൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാവും . അങ്ങിനെ വീണ്ടും പഴയ കേതുവാക്കാകുന്നതൊക്കെ സ്വപ്‍നം കണ്ടിരുന്ന എനിക്ക് വിധിച്ചത് പക്ഷെ മറ്റൊന്നാണ് !

ഭൂമിയിൽ വർഷം 1908. ഞാൻ ഭൂമിയോട് വളരെ അടുത്താണ് നീങ്ങിക്കൊണ്ടിരുന്നത് . ഇതുപോലെ പല ഗ്രഹങ്ങളുടെയും , ഉപഗ്രഹങ്ങളുടെയും , ചിന്നഗ്രഹങ്ങളുടെയും അരികിലൂടെ ഞാൻ ഊളിയിട്ടു നീങ്ങിയിട്ടുണ്ട് . അപ്പോഴൊക്കെ എനിക്കാവശ്യമായ ഊർജം ഒരു “തള്ള് ” രൂപത്തിൽ തന്ന് അവരുടെയൊക്കെ ഗുരുത്വാകര്‍ഷണ ബലം എന്നെ സഹായിച്ചിട്ടുണ്ട് . ഇത്തരം “തള്ള് ” ആണ് എന്നെ ഊര്‍ട്ട്‌ പടലത്തില്‍ നിന്നും പുറത്ത് ചാടിച്ചത് , ഇതേ “തള്ള് ” തന്നെ എൻ്റെ പലകൂട്ടുകാരെയും സൗരയൂഥത്തിന് വെളിയിലേക്കും ചാടിച്ചിട്ടുണ്ട് . പക്ഷെ ഇവിടെ എനിക്ക് പിഴച്ചു . ശരിയായ വേഗത , ശരിയായ കോൺ , ശരിയായ സമയം ! ഞാൻ നേരെ നിങ്ങളുടെ ഭൂമിയിലേക്ക് മൂക്കും കുത്തി വീണു ! എന്നെ പറഞ്ഞാൽ മതി , നിങ്ങളെയൊക്കെ ഒന്ന് കാണാൻ കണ്ടമാനം ഒന്നടുത്ത് നോക്കിയതാണ് . വ്യാഴത്തെ വരെ പറ്റിച്ച എന്നെ നിങ്ങളുടെ കുഞ്ഞൻ ഭൂമി പറ്റിച്ചു . തീക്കൊളളിയായ ഞാൻ തീയിലേക്ക് വീണ അവസ്ഥയാണ് ഭൂമിയുടെ അന്തരീക്ഷം എനിക്ക് സമ്മാനിച്ചത് . ചൂടും തീയും സഹിക്കവയ്യാതെ അവസാനം ഞാൻ റഷ്യയിലെ തുൻഗസ്ക കോർണിഫെറസ് വനത്തിന്‌ എട്ട് കിലോമീറ്റർ മുകളിൽ വെച്ച് അനേകകഷ്ണങ്ങളായി പൊട്ടിച്ചിതറി ! അന്ന് ജൂൺ മുപ്പതായിരുന്നു . ചിതറിയ കഷ്ണങ്ങൾ എവിടെയൊക്കെ വീണു എന്നെനിക്ക് അറിയില്ല . രണ്ടായിരം ചതുരശ്രകിലോമീറ്റർ വിസ്താരത്തിൽ ഉണ്ടായിരുന്ന എൺപത് മില്യൺ മരങ്ങളും അനേകായിരം റെയിൻ ഡിയറുകളും ഈ പൊട്ടിത്തെറിയിൽ നശിപ്പിക്കപ്പെട്ടതായി ആണ് പറയപ്പെടുന്നത് . എന്നേക്കാൾ വലിയ ഒരു ധൂമകേതു ആയിരുന്നു ഈ സ്ഥാനത്തെങ്കിൽ ഇത് വായിക്കുവാൻ ഇന്ന് നിങ്ങൾ ഉണ്ടാകുമായിരുന്നില്ല .

അല്ല , ഇപ്പോൾ ഞാനെവിടെ എന്ന് നിങ്ങൾക്ക് അറിയേണ്ടേ ? തുൻഗസ്ക വനത്തിനുള്ളിലെ Cheko എന്ന തടാകത്തിനടിയിൽ ഒരു ചെറുകഷ്ണം പാറയായി ഞാനിന്നും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട് . പക്ഷെ ആരും എന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല . ഇടിയുടെ ആഘാതത്തിൽ ഞാനങ്ങു താഴേക്ക് ആണ്ടുപോയി . എങ്കിലും ഭൂമിയിലെ വിവരങ്ങളൊക്കെ ഞാൻ അറിയുന്നുണ്ട് . അതുകൊണ്ടാണല്ലോ ഷൂമാക്കർ -ലെവിയും , റൊസേറ്റയും ഒക്കെ ഞാൻ നിങ്ങളോടു ഇപ്പോൾ വിളമ്പിയത് . എനിക്കൊരു പേര് ഇതുവരെ നിങ്ങൾ ഇട്ടിട്ടില്ല . ഊർട്ട് എന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നും പതിനായിരക്കണക്കിന് വർഷങ്ങൾ സഞ്ചരിച്ച് ഈ ഭൂമിയിൽ ഒരു ചാവേർ കണക്കെ ഇടിച്ചിറങ്ങിയ എന്നെ ഞാൻ തന്നെ വിളിക്കുന്നത് ചവറ്റുകുട്ടയിൽ നിന്നെത്തിയ ചാവേർ എന്നാണ് ! എന്താ ശരിയല്ലേ ?

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ