Darien scheme -ദുരന്തമായിമാറിയ കോളനി സ്വപ്നം !

Darien scheme -ദുരന്തമായിമാറിയ കോളനി സ്വപ്നം ! 1

ഇരുപത് മില്യൺ വർഷങ്ങൾക്ക് മുൻപാണ് ഈ കഥയുടെ തുടക്കം . അമേരിക്കയുടെ പിടലി എന്നറിയപ്പെടുന്ന പനാമ കടലിടുക്കിന്റെ സ്ഥാനത്ത് അന്ന് വിശാലമായ കടൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് .ഇന്ന് കാണുന്ന ദ്വീപുകളോ തള്ളിനിൽക്കുന്ന കരഭാഗങ്ങളോ ഇല്ലാത്ത വിശാലമായ കടൽപ്പരപ്പുമാത്രം ! ഇന്നത്തെ അറ്റ്ലാൻറ്റിക് , പസഫിക് സമുദ്രങ്ങൾ യാതൊരു പിണക്കവും കൂടാതെ ആലിംഗബദ്ധരായി കിടന്നിരുന്ന കാലം . പക്ഷെ അതങ്ങിനെ അധികകാലം നീണ്ടുനിന്നില്ല . കടലിനടിയിൽ അസ്വസ്ഥതകൾ ഉരുണ്ടുകൂടി . കരീബിയൻ പ്ലേറ്റ് , പസഫിക് പ്ലെറ്റിനു മുകളിലേക്ക് നിരങ്ങിക്കയറാൻ തുടങ്ങി . കിട്ടിയ വിടവുകളിലൂടെ ഭൂമിക്കടിയിലെ താപോർജ്ജം പുറത്തേക്ക് വമിക്കാൻ വെമ്പൽകൊണ്ടു . തൽഫലമായി അനേകം അഗ്നിപർവ്വതങ്ങൾ ജന്മമെടുത്തു ! കടൽത്തട്ടുകൾ ഉയർന്നുവന്നു ദ്വീപുകളായി രൂപപ്പെട്ടു . കടലിനടിയിൽ നിന്നും അഗ്നിപർവ്വതങ്ങൾ വിസർജ്ജിച്ച മണ്ണും പൊടിയും ചാരവുമൊക്കെ ദ്വീപുകൾക്കിടയിൽ അടിഞ്ഞു കൂടി . കൂട്ടത്തിൽ സമുദ്രം ഒഴുക്കികൊണ്ടിട്ട അവശിഷ്ടങ്ങൾ കൂടി അടിഞ്ഞതോടെ പുതിയൊരു കരഭാഗം പ്രത്യക്ഷപ്പെട്ടു ! അഞ്ച് മില്യൺ വർഷങ്ങളെടുത്തു രൂപപ്പെട്ട ഈ ചെറു തുരുത്ത് ഭൂമിയെന്ന ചെറുഗ്രഹത്തിന്റെ ഭാവിനിർണ്ണയത്തിൽ പ്രധാന പങ്കാളിയായി മാറി . മൂന്ന് മില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് പനാമൻ കടലിടുക്ക് അല്ലെങ്കിൽ ഇസ്ത്മസ് (isth·mus – കോയിനെ ഗ്രീക്കിൽ അർഥം കഴുത്ത് ) ഇന്ന് കാണുന്ന സ്ഥിതിയിൽ എത്തിച്ചേർന്നത് . ഇതുവഴി ഉണ്ടായിരുന്ന വഴി അടഞ്ഞതോടു കൂടി അറ്റ്ലാൻറ്റിക് സമുദ്രത്തിലെ ഒഴുക്ക് പതുക്കെ വടക്കോട്ട്‌ നീങ്ങാൻ തുടങ്ങി . അങ്ങിനെ ഭൂമിയുടെ ഇന്നത്തെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കാളിയായ ഗൾഫ് സ്ട്രീം രൂപമെടുത്തു . പസഫിക്കുമായുള്ള ബന്ധത്തിൽ വിള്ളൽ സംഭവിച്ചതോട് കൂടി അറ്റ്ലാന്റിക് ജലം കൂടുതൽ ഉപ്പുരസമുള്ളതായി മാറി .

Advertisements

അതുവരെ ബന്ധമില്ലാതെ കിടന്നിരുന്ന കരഭാഗങ്ങൾ യോജിച്ചതോടുകൂടി മൃഗങ്ങൾ പുതിയമേച്ചിൽപുറങ്ങൾ തേടി അങ്ങോട്ടും ഇങ്ങോട്ടും കടന്നുതുടങ്ങി . അങ്ങിനെ The Great American Interchange എന്ന മൃഗങ്ങളുടെയും , മരങ്ങളുടെയും കുടിയേറ്റം ആരംഭിച്ചു . അതോടുകൂടി വടക്ക് -തെക്കൻ അമേരിക്കൻ ഭൂവിഭാഗങ്ങളുടെ ആകമാന പരിസ്ഥിയും പതുക്കെ മാറിത്തുടങ്ങി . ഇരുഭാഗത്തേയും ജീവികൾ ഇടകലരുന്ന പനാമൻ ഭൂവിഭാഗം ജൈവവൈവിധ്യത്താൽ നിറഞ്ഞുകവിഞ്ഞു . ഇന്ന് കാണുന്ന ആയിരത്തോളം വിവിധ പക്ഷിവർഗ്ഗങ്ങൾ ഇതിനുദാഹരണമാണ് . പതുക്കെ പതുക്കെ വിവിധമനുഷ്യഗോത്രങ്ങളും ഇവിടെ വന്ന് താമസമുറപ്പിച്ചു . അങ്ങിനെ കാലമേറെക്കഴിഞ്ഞു . സ്വസ്ഥം …. സുന്ദരം !

സ്പാനിഷ് പര്യവേഷകനായിരുന്ന Vasco Núñez de Balboa കരീബിയൻ കടലിലൂടെ യാത്രചെയ്യുന്ന സമയത്താണ് (1513) ദ്വീപുകളിലെ തദ്ദേശീയരിൽ നിന്നും ഈ ഭൂവിഭാഗത്തെപ്പറ്റി ആദ്യം കേൾക്കുന്നത് . 1519 ൽ ചെറുതോണികളിൽ ഈ കടലിടുക്കിലൂടെ കടന്നു പസഫിക് തീരത്തെത്തിയ അദ്ദേഹം അവിടെ റെഡ്ഇന്ത്യൻ ഗോത്രക്കാരുടെ സെറ്റിൽമെന്റുകൾക്കരികെ പനാമാ ടൗൺ സ്ഥാപിച്ചു . പിന്നീട് പെറൂവിയൻ ഭൂവിഭാഗങ്ങൾ കൂടി കണ്ടുപിടിക്കപ്പെട്ടതോടു കൂടി ഈ പനാമ സെറ്റിൽമെന്റ് ഒരു വാണിജ്യകേന്ദ്രമായി മാറി . പക്ഷെ ഇതറിഞ്ഞു അവിടെയെത്തിയ വെൽഷ് ( ഇ൦ഗ്ലൻഡ് കാരൻ ഇഗ്ളീഷ് , വെയിൽസ് കാരൻ വെൽഷ് ) നാവികനായിരുന്ന Sir Henry Morgan , 1671 ൽ ഈ നഗരം തകർത്തുകളഞ്ഞു . Panamá Viejo എന്നറിയപ്പെടുന്ന ഈ പഴയ നഗരം ഇന്ന് UNESCO World Heritage Site ആണ് . പിന്നീട് നാട്ടുകാർ കുറച്ചു കിലോമീറ്ററുകൾ മാറി പുതിയ പനാമാ ടൗൺ സ്ഥാപിച്ചു . Cuna Indians ആയിരുന്നു ഇവിടെത്തെ തദ്ദേശവാസികൾ . മറ്റൊരു വെയിൽസ് നാവികനായിരുന്ന Lionel Wafer, നാല് വർഷങ്ങൾ ഇവിടെ (1680-1684 ) ഇവരോടൊത്ത് ജീവിച്ചിരുന്നു .

പ്ലോട്ട് തൽക്കാലം പനാമൻ ഭൂമിയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ അറ്റ്ലാൻറ്റിക്കിന്റെ മറുകരയിലേക്കു മാറ്റാം . സ്കോട്ട്ലാൻഡ് ആണ് രംഗം . ഇഗ്ളീഷുകാർ ലോകമെമ്പാടും പോയി കോളനികൾ സ്ഥാപിക്കുന്നതും അവിടം ഭരിക്കുന്നതും വ്യാപാരം നടത്തുന്നതുമൊക്കെ വെറും കാഴ്ച്ചക്കാരായി കണ്ടുനിൽക്കേണ്ട ഗതികേടിലായിരുന്നു സ്‌കോട്ടിഷ് ജനത . തങ്ങൾക്കും ഇതുപോലൊക്കെ ചെയ്തുകൂട്ടണം എന്ന ആഗ്രഹം മിക്ക സ്കോട്ട്ലൻഡുകാർക്കും ഉണ്ടായിരുന്നു . പുതുതായി കണ്ടെത്തിയ അമേരിക്കൻ വൻകരയാണ് അവരിൽ ആവശമുണർത്തിയത് . അമേരിക്കൻ വൻകരയിലെ ആദ്യ സ്‌കോട്ടിഷ് കോളനി നോവാ സ്കോഷ്യയിൽ (1621- Nova Scotia) ആയിരുന്നു . പ്ലാനിങ്ങിൽ ഉണ്ടായ തകരാർ മൂലവും പിടിച്ചുനിൽക്കാൻ കെൽപ്പുള്ള കുടിയേറ്റക്കാരുടെ അഭാവവും ഫുഡ് സപ്ലൈ യഥാവിധം എത്തിക്കാൻ കഴിയാതിരുന്നതും കാരണം ആ കോളനി അധികനാൾ നീണ്ടുനിന്നില്ല . പിന്നീട് Cape Breton (1625), East New Jersey (1683), Stuarts Town, Carolina (1684) തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കുടിയേറ്റം പരീക്ഷിച്ചെങ്കിലും അതെല്ലാം വിവിധകാരണങ്ങളാൽ പരാജയപ്പെട്ടു . അങ്ങിനെ നിരാശയിലാണ്ട സ്‌കോട്ടിഷ് ജനതക്കിടയിലേക്ക് പുതിയൊരു ആശയവുമായി ഒരാൾ എത്തി . സ്‌കോട്ടിഷ് വ്യാപാരിയും , ബാങ്ക് ഓഫ് ഇ൦ഗ്ലണ്ടിന്റെ സ്ഥാപകരിൽ ഒരാളും ആയിരുന്ന William Paterson ആയിരുന്നു അത് . കരീബിയൻ കടലിന്റെ തെക്കേ അറ്റത്തുള്ള ഡാരിയൻ ഉൽക്കടലിനു സമീപം ഒരു സ്‌കോട്ടിഷ് കോളനി സ്ഥാപിച്ചാൽ (ഇന്നത്തെ പനാമ ) , സ്കോട്ട്ലാന്ഡിന് അറ്റ്ലാൻറ്റിക്കിനും , പസഫിക്കിനും ഇടയിലുള്ള സകലവിധ വ്യാപാരങ്ങളും നിയന്ത്രിക്കാനാവും എന്നായിരുന്നു പാറ്റേഴ്സന്റെ ആശയം . ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബദലായി സ്ഥാപിച്ച Company of Scotland വഴി ഇതിനുള്ള പണം സമാഹരിക്കുവാനും , ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഉള്ളതുപോലെ കമ്പനി ഓഫ് സ്കോട്ട്ലൻഡിനു അമേരിക്കൻ സ്‌കോട്ടിഷ് വ്യാപാരത്തിന്റെ കുത്തക നേടിയെടുക്കുവാനും പാറ്റേഴ്സൺ ശ്രമിച്ചു . ആദ്യമൊക്കെ ഇഗ്ളീഷുകാരും ഡച്ചുകാരും പങ്കാളികളായിരുന്ന കമ്പനി ഓഫ് സ്കോട്ട്ലൻഡിൽ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭീഷണികാരണം അവരൊക്കെ പിന്നീട് പിന്മാറുകയാണ് ഉണ്ടായത് . തങ്ങളുടെ മേൽക്കോയ്‌മ തകരുമോ എന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭയമായിരുന്നു ഇതിനു കാരണം . അവസാനം Darien scheme എന്ന് പേരിട്ട ഈ കുടിയേറ്റ -വ്യാപാര യജ്ഞത്തിൽ സ്കോട്ട്ലൻഡുകാർ മാത്രം അവശേഷിച്ചു . എങ്കിലും സ്‌കോട്ടിഷ് ജനതയിൽ ആവേശം തിരുകിക്കയറ്റി ഡാരിയൻ സ്‌കീമിലേക്കു പണമെത്തിക്കുവാൻ പാറ്റേഴ്സന് സാധിച്ചു . യാത്രയുടെ ഉപദേഷ്ടാവായി മുൻപ് പരാമർശിച്ച , Cuna ഇന്ത്യൻസിന്റെ കൂടെ കഴിഞ്ഞ Lionel Wafer ഉം എത്തിയതോടെ കാര്യങ്ങൾ ഏതാണ്ട് പൂർത്തിയായി .

അങ്ങിനെ , 1698 ജൂലൈ പന്ത്രണ്ടിന് 1,200 റോളം വരുന്ന കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ട് അഞ്ചു കപ്പലുകൾ സ്‌കോട്ടിഷ് തുറമുഖമായ Leith ൽ നിന്നും യാത്രതിരിച്ചു . ഇഗ്ളീഷ് പടക്കപ്പലുകളുടെ കണ്ണുവെട്ടിച്ചുകൊണ്ടായിരുന്നു അവരുടെ യാത്ര . വേണ്ടവിധം ഒരുങ്ങാതെ , മാസങ്ങൾ നീളുന്ന കടൽയാത്രയെപ്പറ്റി ബോധമില്ലാതെയാണ് പലരും കപ്പുകളിൽ കയറിക്കൂടിയത് . കൂട്ടത്തിൽ പാറ്റേഴ്സണും , ഭാര്യയും , മകനും ഉണ്ടായിരുന്നു ! പനിയും കടൽച്ചൊരുക്കും , മറ്റു രോഗങ്ങളും അവരുടെ യാത്ര നരകതുല്യമാക്കി മാറ്റി . അവസാനം നവംബർ മൂന്നിന് അവർ ഡാരിയൻ ഉൾക്കടലിൽ നങ്കൂരമിട്ടു . ആവേശത്തോടുകൂടി കരയിലേക്കിറങ്ങിയ അവർ തങ്ങളുടെ പുതിയ പ്രവിശ്യയ്ക്ക് Caledonia എന്ന് പേരിട്ടു വിളിച്ചു . തങ്ങൾ സ്ഥാപിച്ച സെറ്റിൽമെന്റിനെ പുതിയ സ്‌കോട്ടിഷ് തലസ്ഥാനമായി കരുതി New Edinburgh എന്നും നാമകരണം ചെയ്തു . കോളനിയുടെ രക്ഷക്കായി ചുറ്റും അമ്പതു പീരങ്കികൾ ഘടിപ്പിച്ച St Andrew കോട്ടയും അവർ പണികഴിപ്പിച്ചു . കടലോളം വെള്ളമുള്ളടത്താണ് കോട്ട നിർമ്മിച്ചതെങ്കിലും എള്ളോളം കുടിവെള്ളം പരിസരത്തുപോലും ഇല്ല എന്ന സത്യം വളരെ വൈകിയാണ് അവർ തിരിച്ചറിഞ്ഞത് . ശാന്തമായി കാണപ്പെട്ട അഴിമുഖം , വേലിയേറ്റ -ഇറക്ക സമയങ്ങളിൽ കപ്പലുകളെ തകർത്തുകളയുന്ന രീതിയിലേക്ക് മാറുമെന്നും അവർ തിരിച്ചറിഞ്ഞു . കാടുവെട്ടിത്തെളിച്ചു കൃഷിതുടങ്ങിയതോടു കൂടി എല്ലാം വിചാരിച്ചത് പോലെ ഭംഗിയായി തന്നെ നടക്കുന്നു എന്ന് പലരും കത്തുകൾ എഴുതി കപ്പലുകളിൽ തിരികെ സ്കോട്ട്ലൻഡിലേക്ക് അയച്ചത് കൂടുതൽ വലിയ ദുരന്തം പിന്നീട് ഉണ്ടാക്കി . എന്നാൽ കൊതുകുകൾ നിറഞ്ഞ മധ്യഅമേരിക്കൻ കാടുകളിൽ അതിജീവിക്കുവാൻ സ്‌കോട്ടിഷ് ജനതയ്ക്ക് ആയില്ല . ദേശവാസികളായ Cuna Indians ഇവരെ വരവേറ്റത് സന്തോഷത്തോടെ ആയിരുന്നെങ്കിലും പടർന്നു പിടിച്ച പകർച്ചവ്യാധികളെ എങ്ങിനെ നേരിടണമെന്ന് അവർക്കൊരുരൂപവും ഉണ്ടായിരുന്നില്ല ! പത്തുപേർ വരെ മരണമടഞ്ഞ ദിവസങ്ങൾ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് അവിടുത്തെ ഭീകരാവസ്ഥ നമ്മുക്ക് പിടികിട്ടൂ !

ഇതിനിടെ സ്പെയിൻ, തങ്ങളുടെ മേൽക്കോയ്‌മക്കും , സാമ്രാജ്യത്തിനും ഭീഷണിയായി അമേരിക്കൻ വൻകരയുടെ ഒത്തനടുക്ക് ഒരു സ്‌കോട്ടിഷ് കോളനി രൂപംകൊണ്ടവിവരം മണത്തറിഞ്ഞു ! ഒരു സ്പാനിഷ് ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ ഇഗ്ളീഷ് സൈന്യമോ കപ്പലുകളോ കോളനിക്കാരുടെ സഹായത്തിന് എത്തിയില്ല . സ്പാനിഷ് പടയെ ആവശ്യമില്ലാതെ പിണക്കേണ്ട എന്ന നിർദേശവും ഇഗ്ളീഷ് സൈന്യത്തിന് ലഭിച്ചിരുന്നു . (സ്‌കോട്ടിഷ് ജനതയ്ക്ക് ഇഗ്ളീഷുകാരോടുള്ള ചരിത്രപരമായ വെറുപ്പിന്റെ ഒരു കാരണം കൂടിയാണിത് ) . ആക്രമണം പേടിച്ച് കപ്പലുകൾ ഒന്നും തന്നെയും പനാമൻ തീരങ്ങളിൽ എത്താതിരുന്നത് കോളനിക്കാർക്കു വൻതിരിച്ചടിയായി മാറി . കൃഷിചെയ്തെടുത്ത പച്ചക്കറികളും നെയ്തെടുത്ത തുണികളും വിറ്റ് മരുന്നുകളും മറ്റു ആവശ്യസാധനകളും മേടിക്കാം എന്ന പ്രതീക്ഷയാണ് ഇവിടെ തകർന്നടിഞ്ഞത് . സ്പാനിഷുകാരെ പേടിച്ച് റെഡ് ഇന്ത്യൻസും സ്ഥലം കാലിയാക്കിയതോടുകൂടി ഫലത്തിൽ കോളനി തികച്ചും ഒറ്റപ്പെട്ടു ! അവസാനം സ്ഥാപിച്ച് കൃത്യം എട്ടുമാസങ്ങൾക്ക് ശേഷം 1699 ജൂലൈയിൽ കോളനി ഉപേക്ഷിക്കുവാൻ തീരുമാനമായി . ഒരുതരത്തിലും കപ്പലിൽ കയറ്റാൻ സാധിക്കാതിരുന്ന, മൃതപ്രായനായ ആറുപേരെ വിധിക്ക് വിട്ടിട്ട് അവശേഷിക്കുന്നവർ കപ്പലുകളുടെ പണികൾ തീർത്ത് തങ്ങളുടെ സ്വപ്നഭൂമിയിൽ നിന്നും വിടപറഞ്ഞു . മരണം കപ്പലുകളിലും തുടർന്നുകൊണ്ടിരുന്നു . ആയിരത്തി ഇരുന്നൂറുപേരിൽ ഇപ്പോൾ അവശേഷിക്കുന്നത് ഏതാണ്ട് മൂന്നൂറിൽ താഴെ ആളുകൾ മാത്രം . പാറ്റേഴ്സന്റെ ഭാര്യയും മകനും കോളനിയിൽ വെച്ചുതന്നെ മരണമടഞ്ഞിരുന്നു . അദ്ദേഹം രോഗംപിടിച്ച് അനങ്ങാനാവാത്ത അവസ്ഥയിൽ ആയിരുന്നു കപ്പലിൽ കിടന്നിരുന്നത് . പല കരീബിയൻ തുറമുഖങ്ങളിലും കപ്പലുകൾ നങ്കൂരമിട്ടെങ്കിലും ആരും ഇവരെ സഹായിക്കാൻ കൂട്ടാക്കിയില്ല .

Advertisements

ഇവർ കോളനി വിട്ടശേഷമാണ് സ്കോട്ട്ലൻഡിൽ നിന്നും ഇവർക്കുള്ള ഭക്ഷണ – വസ്ത്ര ശേഖരവുമായി മുന്നൂറോളം ആളുകളെയും വഹിച്ചുകൊണ്ട് വേറെ രണ്ടു കപ്പലുകൾ കോളനി തീരത്ത് എത്തിയത് ! തകർന്നുകിടക്കുന്ന കോളനിയും നാനൂറോളം ശവക്കല്ലറകളുമാണ് അവരെ അവിടെ വരവേറ്റത് ! പക്ഷെ ദുരന്തം അവരെയും വെറുതെ വിട്ടില്ല . കപ്പലുകളിൽ ഒന്നിന് തീപിടിച്ചതോടു കൂടി എല്ലാവരും കൂടി മറ്റേ കപ്പലിലേക്ക് മാറേണ്ടി വന്നു . ജനം തിങ്ങിനിറഞ്ഞ രണ്ടാംകപ്പലിൽ അതോടുകൂടി പകർച്ചവ്യാധികൾ തലപൊക്കിത്തുടങ്ങി . പഴയതുപോലെ ഒരൊറ്റ കരീബിയൻ ദ്വീപുകളിലും അവർക്ക് കപ്പലടുപ്പിക്കാൻ സാധിച്ചില്ല . സ്പാനിഷ് സാന്നിധ്യം തന്നെയായിരുന്നു കാരണം . മരണം പിടികൂടിയ ആ കപ്പലുകളും വിധിയെ ശപിച്ചുകൊണ്ട് തിരികെ പോയി .

ഇതിനിടെ കോളനിയിൽ നിന്നും ആദ്യം അയച്ചിരുന്ന കത്തുകൾ സ്കോട്ട്ലൻഡിൽ എത്തിയിരുന്നു . എല്ലാം നന്നായി നടക്കുന്നു എന്ന് കേട്ടതോടെ കൂടുതൽ പേർ കോളനിയിലേക്ക് വരുവാൻ തയാറായി . ഇപ്രാവശ്യം ആയിരത്തോളം പേരാണ് വിവിധ കപ്പലുകളിൽ തങ്ങളുടെ പുതിയ കോളനിയിലേക്ക് ചേക്കേറാൻ തയ്യാറായി കയറിക്കൂടിയത് . ഇവരെയും സ്വീകരിക്കാൻ കോളനിയിൽ ശവക്കല്ലറകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് . കാര്യമറിയാതെ വിരണ്ടുപോയെങ്കിലും എത്തിപ്പെട്ടു പോയതിനാൽ കോളനി എങ്ങിനെയും പുനരുദ്ധരിച്ചെടുക്കാം എന്നവർ കണക്കുകൂട്ടി . പക്ഷെ അവസാനം നിനച്ചിരിക്കാതെ സ്പാനിഷ് ആക്രമണം ഉണ്ടായി . പിടിച്ചുനിൽക്കാൻ ശേഷിയില്ലാതെ വന്നപ്പോൾ തങ്ങൾ ജീവനുംകൊണ്ട് ഇവിടെ നിന്ന് പൊയ്ക്കൊള്ളാം എന്ന കരാറിൽ ധാരണയായതോടുകൂടി അവശേഷിച്ചവരെ കപ്പലിൽ തിരികെ പോകുവാൻ സ്പാനിഷുകാർ അനുവദിച്ചു . അങ്ങിനെ ദുരന്തം മാത്രം വിതച്ച , സ്കോട്ട്ലാന്ഡിന്റെ അമേരിക്കൻ കുടിയേറ്റ വ്യാമോഹത്തിന് വിരാമമായി .

പരാജയകാരണമായി സ്കോട്ട്ലൻഡുകാർ അന്നും ഇന്നും കുറ്റം പറയുന്നത് ഇഗ്ളീഷുകാരെ തന്നെയാണ് ! പഴയ കോളനിയും കോട്ടയുമൊക്കെ ഇന്ന് ചരിത്ര – വിനോദസഞ്ചാരകേന്ദ്രങ്ങളാണ് . ഈ സ്ഥലത്തെക്കുറിച്ച് ജോൺ കീറ്റ്സ് എഴുതിയ വരികൾ കൂടി വായിച്ച് നമ്മുക്കവസാനിപ്പിക്കാം ..

Much have I travell’d in the realms of gold,
And many goodly states and kingdoms seen;
Round many western islands have I been
Which bards in fealty to Apollo hold.
Oft of one wide expanse had I been told
That deep-brow’d Homer ruled as his demesne;
Yet did I never breathe its pure serene
Till I heard Chapman speak out loud and bold:
Then felt I like some watcher of the skies
When a new planet swims into his ken;
Or like stout Cortez when with eagle eyes
He star’d at the Pacific—and all his men
Look’d at each other with a wild surmise—
Silent, upon a peak in Darien.

Related Post :ഡാരിയൻ-വിടവ്

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ