Fjords- കടലില്‍നിന്നുത്ഭവിക്കുന്ന നദികള്‍!

Fjords- കടലില്‍നിന്നുത്ഭവിക്കുന്ന നദികള്‍! 1

ഹിമയുഗത്തില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ധാരാളം ഹിമാനികള്‍ രൂപപ്പെട്ടിരുന്നു . മലമുകളില്‍ നിന്നും മണ്ണിനെയും പാറകളെയും തള്ളിനീക്കി സ്വാഭാവികമായ U – ആകൃതിയില്‍ താഴ്വാരങ്ങളിടയിലൂടെ വളഞ്ഞും തിരിഞ്ഞും അവ കടലിലേയ്ക്ക് ഒഴുകിയിറങ്ങി . എന്നാല്‍ ഹിമയുഗാന്ത്യത്തില്‍ ഉരുത്തിരിഞ്ഞ വര്‍ധിതതാപനിലയില്‍ ഇവ മെഴുകുതിരിപോലെ ഉരുകി കടലില്‍ ലയിച്ചു . പക്ഷെ താഴ്വരകള്‍ക്കിടയില്‍ ഇവയുണ്ടാക്കിയെടുത്ത പടുകൂറ്റന്‍ വിടവുകളിലേക്ക് പുതുതായി ഒഴുകിയെത്തിയത് സമുദ്രജലമായിരുന്നു ! അങ്ങിനെ കടലില്‍ നിന്നുത്ഭവിച്ച് , കടലിനേക്കാള്‍ ആഴമുള്ള നദികളായ ഫ്യോര്‍ഡുകള്‍ രൂപം കൊണ്ടു .

Advertisements

Fjords- കടലില്‍നിന്നുത്ഭവിക്കുന്ന നദികള്‍! 2

വന്മതിലിനെ ഓര്‍മ്മിപ്പിക്കുന്ന ചെങ്കുത്തായ കൂറ്റന്‍ ഭിത്തികള്‍ , അതിലേക്ക് കുത്തനെ വീഴുന്ന അസഖ്യം ജലപാതങ്ങള്‍ , ഒട്ടകപക്ഷിയുടെ കഴുത്തുപോലെ നീണ്ടു മെലിഞ്ഞ അഴിമുഖം, Skerries എന്ന് വിളിക്കുന്ന പാറകള്‍ നിറഞ്ഞ ചെറുതരുത്തുകള്‍ , സമീപത്തുള്ള കടലിനേക്കാള്‍ ആഴമുള്ള , പവിഴപ്പുറ്റുകള്‍ (cold-water reefs) നിറഞ്ഞ, വീതികുറഞ്ഞ , കനത്ത സമ്മര്‍ദമുള്ള അടിത്തട്ട് , ഇവയൊക്കെയാണ് ഒരു ഫ്യോര്‍ഡിന്റെ വിശേഷങ്ങള്‍ . കാനഡ , അലാസ്ക്ക , നോര്‍വേ , ഗ്രീന്ലാന്ഡ്, പിന്നെ അങ്ങ് താഴെ ചിലി തുടങ്ങിയിടങ്ങളിലൊക്കെ അസഖ്യം ഫ്യോര്‍ഡുകള്‍ നിലവിലുണ്ട് . ഇതില്‍ നോര്‍വീജിയന്‍ ഫ്യോര്‍ഡുകളാണ് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് . വേനല്‍ക്കാലത്ത് മഞ്ഞുരുകിയിറങ്ങുന്നതിനാല്‍ ഫ്യോര്‍ഡുകളിലെ ജലവിതാനം കടലിനേക്കാള്‍ ഉയരുകയും തന്മ്മൂലം കടലിലേക്കുള്ള ജല സമ്മര്‍ദം വര്‍ദ്ധിക്കുകയും ചെയ്യും . അഴിമുഖങ്ങളില്‍ ഇതിനാല്‍ തന്നെ കൂറ്റന്‍ ജലച്ചുഴികള്‍ ( Maelstrom) രൂപം കൊള്ളാറുമുണ്ട് . നോര്‍വയിലെ Saltstraumen എന്ന കടലിടുക്കിലെ കൂറ്റന്‍ ജലച്ചുഴി ഭൂമിയിലെതന്നെ എറ്റവും വലിപ്പം കൂടിയവയില്‍ ഒന്നാണ് . Skjerstad Fjord ന്റെ അഴിമുഖതാണ് ഇത് സ്ഥിതിചെയ്യുന്നത് .

ഗ്രീന്‍ലാന്‍ഡില്‍ കരയിലേയ്ക്ക് മൂന്നൂറ്റിയന്പത് മീറ്ററോളം തള്ളിക്കയറി കിടക്കുന്ന Scoresby Sund ആണ് ഭൂമിയിലെ ഏറ്റവും നീളം കൂടിയ ഫ്യോര്‍ഡ്. 1,933 m താഴ്ചയുള്ള Skelton എന്ന അന്ട്ടാര്‍ക്കന്‍ ഫ്യോര്‍ഡ് സത്യത്തില്‍ പാതാളത്തിന് സമാനമാണ് . ഇത്തരം കടുകട്ടിയായ ഭൂപ്രകൃതി കാരണം ഫ്യോര്‍ഡുകളുടെ അടിതട്ടുകളെക്കുറിച്ചുള്ള അറിവുകള്‍ ഇന്നും പരിമിതമാണ് . ആര്‍ട്ടിക്കില്‍, ബെലൂഗ തിമിംഗലങ്ങളുടെ ദേഹത്ത് മാപിനികള്‍ ഘടിപ്പിച്ചാണ് ഫ്യോര്‍ഡുകളെക്കുറിച്ച് പഠിക്കുന്നത് (http://news.bbc.co.uk/1/hi/sci/tech/2683797.stm) .

Epishelf lake എന്ന അപൂര്‍വ്വ പരിസ്ഥിതി മണ്ഡലം

ഫ്യോര്‍ഡിലെ ഉപ്പുജലതിനുമുകളിലേക്ക് മഞ്ഞുമലകളില്‍ നിന്നുള്ള ശുദ്ധജലം ഒഴുകിയിറങ്ങുന്നു എന്ന് കരുതുക . ഇവയോഴുകിപ്പോകാതെ കൂറ്റന്‍ ഐസ് ബ്ലോക്കുകള്‍ തടയുകയും , ശുദ്ധജലവിതാനത്തിനു മുകളില്‍ ഐസ് പാളികളില്‍ ഒരു മൂടിപോലെ വന്നു നിറയുകയും ചെയ്‌താല്‍ എപിഷെല്‍ഫ് എന്ന അത്യപൂര്‍വ്വ പരിസ്ഥിതി മേഖല ജന്മമെടുക്കുകയായി . സാന്ദ്രതകൂടിയ ഉപ്പുവെള്ളം അടിത്തട്ടിലും അതിനുമുകളില്‍ ഉപ്പുജലവുമായി കൂടിക്കലരാതെ മഞ്ഞുരുകിയ ശുദ്ധജലവും അതിനും മുകളില്‍ അടപ്പുപോലെ നേര്‍ത്ത ഐസ് പാളികളും .. ഇതാണ് എപിഷെല്‍ഫ് എന്ന അത്ഭുതം . Limnocalanus macrurus പോലുള്ള പ്ലാങ്ക്ടണുകള്‍ ഈസിയായി അടിത്തട്ടിലെ കടല്‍ വെള്ളത്തിലും മേല്‍ത്തട്ടിലെ ശുദ്ധജലത്തിലും മാറിമാറി സഞ്ചരിക്കും ! (http://www.cen.ulaval.ca/warwickvincent/PDFfiles/147.pdf) . രണ്ടായിരാമാണ്ടില്‍ കാനഡയിലെ Disraeli Fiord ലെ ഒരു എപിഷെല്‍ഫ് തടാകം , ഒരു വിള്ളല്‍ രൂപപ്പെട്ടതിനാല്‍ അപ്പാടെ അറ്റ്ലാന്ട്ടിക് സമുദ്രത്തിലേക്ക് ഒഴുകിപ്പോയി ( http://www.cen.ulaval.ca/warwickvincent/PDFfiles/175.pdf). നയാഗ്രാ ജലപാതതിലൂടെ രണ്ടാഴ്ച ഒഴുകിപോകുന്നത്ര ശുദ്ധജലമാണത്രെ അന്ന് കടലിലേയ്ക്ക് ചാടിയത് !

വരാന്‍പോകുന്ന കൂറ്റന്‍ ഫ്യോര്‍ഡു സുനാമി !

അതെ, ഫ്യോര്‍ഡ് സുനാമിയും ഉണ്ടാക്കും ! നോര്‍വയിലെ Åkerneset എന്ന പര്‍വ്വതമാണ് കാരണക്കാരന്‍ . ഈ മലയില്‍ രൂപപ്പെട്ട ഒരു കൂറ്റന്‍ വിടവാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം . ഈ മല അപ്പാടെ ഇടിഞ്ഞ് തൊട്ടു താഴെയുള്ള അഗാതമായ ഫ്യോര്‍ഡിലേക്ക് വീഴും എന്നാണു പ്രവചനം . അങ്ങിനെ സംഭവിച്ചാല്‍ ഇടുങ്ങിയ ചാലുകളും ചെങ്കുത്തായ ഭിത്തികളും ഉള്ള ഫ്യോര്‍ഡില്‍ കൂറ്റന്‍ തിരമാലകളുണ്ടാവുകയും തല്ഫലമായുള്ള മലവെള്ളപ്പാച്ചിലില്‍ സമീപഗ്രാമങ്ങള്‍ അപ്പാടെ തുടച്ചു നീക്കപ്പെടുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത് . ഇത്തരമൊന്നു 1934 ല്‍ Tafjord ല്‍ ഉണ്ടായിട്ടുമുണ്ട്‌ . അന്ന് 62 മീറ്ററോളം ഉയര്‍ന്നുപോങ്ങിയ തിരമാലകളില്‍ നാല്പ്പത്തൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു . നോര്‍വീജിയന്‍ സിനിമയായ “Bolgen” (Norwegian for “Wave”) ഇതിനെ ആസ്പദമാക്കിയെടുത്ത ഒരു സുന്ദരന്‍ മൂവിയാണ് . ഉടന്‍തന്നെ ഹോളിവുഡില്‍ നിന്നും അത്തരമൊന്നു പ്രതീക്ഷിക്കാം .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ