പറന്ന് പറന്ന് … പറക്കാതായവർ !

പറന്ന് പറന്ന് ... പറക്കാതായവർ ! 1

ഓഷ്യാനോഗ്രാഫി എന്ന സമുദ്രവിജ്ഞാനശാസ്ത്രത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ചലഞ്ചർ പര്യവേഷണസംഘം 1873 ഒക്ടോബറിൽ അറ്റ്ലാൻറ്റിക്കിലെ ഏറ്റവും ഒറ്റപ്പെട്ടതും വിജനവുമായ ഒരു ദ്വീപിൽ എത്തിച്ചേർന്നു . Nachtglas എന്ന് ഡച്ചുകാർ വിളിച്ചിരുന്ന ഒരു ദ്വീപായിരുന്നു അത് . ഡച്ചുകാരുൾപ്പടെ പലരും ആ ദ്വീപ് അകലെനിന്നും കണ്ടിരുന്നുവെങ്കിലും ദുർഘടമായ ഭൂപ്രകൃതികാരണം മിക്കസംഘങ്ങളും അവിടെ ഇറങ്ങിയിരുന്നില്ല . വീതികുറഞ്ഞ ബീച്ചുകളും ചെങ്കുത്തായ കുന്നുകളും , ഉള്ളിലുള്ള നിബിഡവനങ്ങളും കപ്പൽയാത്രികരെ ആ ദ്വീപിൽ നിന്നും അകറ്റിനിർത്തി . എന്നാൽ പ്രകൃതിയൊരുക്കിയ ഈ വൻമതിലിനുള്ളിൽ മനുഷ്യന് പിടിതരാതെ ഒരു ചെറുപക്ഷിവർഗ്ഗം ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയത് ചലഞ്ചർ സംഘമാണ് . ഇരുണ്ടനിറമുണ്ടായിരുന്ന , പറക്കാൻ കഴിവില്ലാത്ത ആ പക്ഷിയുടെ ഒരു രൂപരേഖ അവർ തങ്ങളുടെ നോട്ടുകളിൽ കുറിച്ചിട്ടു . എന്നാൽ അടുത്തുള്ള ദ്വീപുകളിലെ സീൽവേട്ടക്കാർക്ക് ഈ പക്ഷിയെപ്പറ്റി നേരത്തെ തന്നെ അറിവുണ്ടായിരുന്നു . എങ്കിലും തീരംവഴി ചുറ്റിപോകുമെന്നല്ലാതെ അവരും ഈ ദ്വീപിൽ കാലുത്തിയിരുന്നില്ല . അൻപതുകൊല്ലങ്ങൾക്കു ശേഷമാണ് മറ്റൊരുകൂട്ടം ഗവേഷകർ ഇവിടെയെത്തി പക്ഷികളെ വീണ്ടും മുഖാമുഖം കണ്ടത് . എത്തിപ്പെടാനുള്ള പ്രയാസം കാരണം ദ്വീപിന് അപ്പോഴൊരു പേര് വീണിരുന്നു …. Inaccessible Island !

Advertisements

അതുവരെയും പുറംലോകത്തിന് പിടിതരാതെ ഇൻആക്സസിബിൾ ദ്വീപിലെ ഇരുണ്ടവനങ്ങളിൽ കഴിഞ്ഞിരുന്ന പറക്കാപറവയെ നാം ഇന്ന് പേരിട്ട് വിളിക്കുന്നത് ഇൻആക്സസിബിൾ ഐലൻഡ് റെയിൽ എന്നാണ് . ഇന്ന് ഭൂമിയിലെ ഏറ്റവും ചെറിയ പറക്കാപക്ഷിയാണ്‌ ഇത് . ഇവറ്റകൾ എങ്ങിനെ ഇവിടെ എത്തി? , എങ്ങിനെ നിലനിന്നു ? എന്തുകൊണ്ട് പറക്കുന്നില്ല ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചികഞ്ഞു നോക്കുന്നത് രസകരമാണ് . ഈ പക്ഷികൾ ഉൾപ്പെടുന്ന റെയിൽ അഥവാ റാലിഡെ (Rallidae) കുടുംബത്തിൽ തന്നെയാണ് നമ്മുടെ പാടങ്ങളിൽ കതിരുകൾക്കിടയിലൂടെ ഓടിച്ചാടി നടക്കുന്ന ജലപക്ഷികളായ കുളക്കോഴി, പാട്ടക്കോഴി, നീലക്കോഴി, ചെങ്കോഴി തുടങ്ങിയവയൊക്കെ !! ഇവയെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും , പൊതുവെ ഇവർ പറക്കാൻ അത്ര പോര . നടന്ന് ഇരപിടിക്കുന്നതിലാണ് ശ്രദ്ധകൂടുതൽ . ഇരുട്ട് , ചതുപ്പ് ഇവയോടാണ് കൂടുതൽ ആഭിമുഖ്യം . അന്റാർട്ടിക്ക ഒഴികെയുള്ള സകല വൻകരകളിലും റെയിലുകൾ ചിക്കിചികഞ്ഞു നടപ്പുണ്ട് .

റെയിലുകളുടെ മുൻഗാമികൾ അൻപത്താറു മില്യൺ വർഷങ്ങൾക്ക് മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നതായി ഫോസിൽ റെക്കോർഡുകൾ ( Aletornis nobilis – http://fossilworks.org/bridge.pl?a=taxonInfo&taxon_no=174018, http://eol.org/pages/42332445/overview ) സൂചിപ്പിക്കുന്നു . നിലത്ത് തപ്പിനടക്കാനുള്ള ഇഷ്ടം കാരണം ഈ കുടുംബത്തിലെ എല്ലാവരുടെയും കൊക്ക് (Beak ) കട്ടികൂടിയതും , അത്യാവശ്യം നീണ്ടതും ആയിരിക്കും . കൂടാതെ ആണും പെണ്ണും തമ്മിൽ പറയത്തക്ക രൂപവ്യത്യാസമൊന്നും ഉണ്ടാവുകയുമില്ല . ചിറകുകൾ ചെറുതും , കുറിയതും ആണ് . ഇവയുടെ ഫോസിലുകളെ പഴക്കം അനുസരിച്ച് അടുക്കിവെച്ചാൽ ഒരുകാര്യം മനസിലാകും . ഇവയുടെ സകല പൂർവികരും ആദ്യമൊക്കെ നീണ്ടയാത്ര നടത്തിയിരുന്നവരാണ് . ഇന്നും ദേശാന്തരഗമനം നടത്തുന്ന റെയിൽ വർഗ്ഗങ്ങളുണ്ടുതാനും . എന്നാൽ ഇവറ്റകളുടെ ശരീരഘടന ഇതിന് യോജിച്ചതായിരുന്നില്ല . അതിനാൽ തന്നെ യാത്രക്കിടെ കൂട്ടം തെറ്റി പലസ്ഥലങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥ (Vagrancy) ഇവർക്കിടയിൽ ഉണ്ടായിരുന്നു . ഇതുതന്നെയാണ് ഭൂമിയിലെ വാസയോഗ്യമായ സകലവൻകരകളിലും ദ്വീപുകളിലും ഇവയുടെ കുടുംബാഗങ്ങൾ എത്തിചേരാൻ കാരണം എന്ന് അനുമാനിക്കപ്പെടുന്നു .

കൂട്ടംതെറ്റി ഒറ്റപ്പെട്ട ദ്വീപുകളിൽ എത്തിചേർന്നവയ്ക്ക് ഭക്ഷണത്തിനായി പിന്നെ പറക്കേണ്ടി വന്നില്ല . മുൻപ് പറഞ്ഞ ഇൻആക്സസിബിൾ ദ്വീപിലും , ഇവറ്റകളുടെ വർഗ്ഗങ്ങൾ കൂടുതലുള്ള ന്യൂസിലാൻഡ് പരിസരങ്ങളിലും ഇവർക്ക് ഭീഷണിയായി മറ്റൊരു ഇരപിടിയൻ ജീവിപോലും ഉണ്ടായിരുന്നുമില്ല . ചുരുക്കത്തിൽ ഒറ്റപ്പെട്ട ദ്വീപുകളിൽ എത്തിപ്പെട്ടവയ്ക്ക് അവിടെത്തന്നെ ശല്യമില്ലാതെ പറക്കാതെ തന്നെ നൂറ്റാണ്ടുകളോളം കഴിഞ്ഞുകൂടാൻ പറ്റി . ദ്വീപുകളിലെ പരിമിത സ്രോതസ്സുകളിൽ കഴിഞ്ഞുകൂടാൻ പറക്കലിനാവിശ്യമായ അധികഊർജ്ജം ലാഭിക്കുകയും വേണമായിരുന്നു . പാരലൽ ഇവോലൂഷന് ഉദാഹരണമായി ആണ് പലരും ഇത് ചൂണ്ടിക്കാണിക്കുന്നത് . ചരിത്രാതീതകാലത്തെ നൂറ്റമ്പതോളം റെയിൽ വർഗ്ഗങ്ങളിൽ അവസാനം കുറ്റിയറ്റുപോയവ കൂടുതലും പറക്കാൻ ശേഷിയില്ലാതിരുന്നവയായിരുന്നു ! അവയൊക്കെ ജീവിച്ചിരുന്നതോ പസഫിക് – അറ്റ്ലാൻറ്റിക് വിജന – വിദൂര ദ്വീപുകളിലും . ചുരുക്കത്തിൽ വൻകരകളിലെ വിശാലതയിൽ ജീവിച്ചവർ പറക്കൽ തുടർന്നു , ദ്വീപുനിവാസികൾ മടിയന്മാരായി മാറുകയും ചെയ്തു . 125,000 വർഷങ്ങൾകൊണ്ടാണ് ഹവായിയൻ ദ്വീപായ ലായ്സാനിലെ Laysan റെയിലിന് പറക്കൽ കഴിവ് നഷ്ടമായത് . എങ്കിലും ഒരുമീറ്റർ വരെ ചാടുവാൻ ബാലൻസിങ്ങിനായി ഇവ ചിറകുകൾ ഉപയോഗിച്ചിരുന്നു . ദ്വീപിൽ മനുഷ്യരോടൊപ്പം എത്തിയ മുയലുകൾ ഇവറ്റകളുടെ ആഹാരസ്രോതസുകൾ കയ്യടക്കിയതോട് കൂടി രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ഇവ നാമാവശേഷമായി . ഈ പക്ഷിയുടെ , 1923 ൽ എടുത്ത ഒരു ഫുട്ടേജ് ആണ് താഴെ ചേർത്തിരിക്കുന്നത് . മൺമറിഞ്ഞുപോയ ഒരു സഹജീവിയുടെ വീഡിയോ നമ്മുക്കുണ്ടാക്കുന്ന വികാരം മറ്റൊന്നാണ് . പസഫിക്കിലെ Wake ദ്വീപിലുണ്ടായിരുന്ന മറ്റൊരു റെയിൽ വംശത്തെ, രണ്ടാം ലോകമഹായുദ്ധകാലത്ത് ദ്വീപിൽ പെട്ടുപോയ ജാപ്പനീസ് പട്ടാളം മുഴുവനോടെ തിന്നുതീർത്തുകളഞ്ഞു . നൂറ്റാണ്ടുകളോളം ഭീഷണികളിലാതെ കഴിഞ്ഞുകൂടിയിരുന്ന ഇവറ്റകൾ കുടിയേറ്റക്കാരുടെ (മനുഷ്യനും , മൃഗങ്ങളും ) വരവോടെ പല ദ്വീപുകളിൽ നിന്നും പാടെ അപ്രത്യക്ഷമായി . മൗറീഷ്യസിൽ ഉണ്ടായിരുന്ന Leguatia gigantea എന്ന റെയിലിന് ഒന്നരമീറ്ററോളം ഉയരം ഉണ്ടായിരുന്നു . ഗുവാം ദ്വീപുകളിലെ റെയിലുകൾക്കു ഭീഷണിയായത് Brown tree snake ദ്വീപിൽ എത്തിയതാണ് . ഇന്ന് മൃഗശാലയിൽ മാത്രമാണ് ഗുവാം റെയിലുകൾ ഉള്ളത് .

NB : ഇത് വായിക്കുമ്പോൾ ന്യായമായും ഉണ്ടാവുന്ന സംശയം , എന്തുകൊണ്ടാണ് മൗറീഷ്യസിലെ ടോഡോ പക്ഷികളെപ്പറ്റി പറയാതിരുന്നത് എന്നാവും. കാരണം ടോഡോ ഒരു റെയിൽ അല്ല , അവ നമ്മുടെ പ്രാവുകളുടെ ബന്ധുവാണ് ! ഇനി ന്യൂസിലൻഡിലെ കിവി ആണ് . ക്ഷമിക്കണം അവയും റെയിൽ വർഗ്ഗമല്ല . ഒരുകാര്യം കൂടി , പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഇൻആക്സസിബിൾ ദ്വീപിനടുത്തുള്ള Tristan da Cunha യിലെ മനുഷ്യരാണ് ഭൂമിയിൽ ഏറ്റവും ഒറ്റപ്പെട്ട് ജീവിക്കുന്നവർ എന്ന് ഖ്യാതിയുള്ളവർ .

Image : Brian Gratwicke.https://www.flickr.com/photos/briangratwicke/7100333775

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ