Folie à deux- നമ്മുക്കെല്ലാം ഒരേ ഭ്രാന്ത്

Folie à deux- നമ്മുക്കെല്ലാം ഒരേ ഭ്രാന്ത് 1

ഉർസുലയും , സബീനയും ( Ursula and Sabina Eriksson) ഇരട്ടസോദരികൾ ആയിരുന്നു . 2008 മെയ് പതിനേഴിന് ലിവർപൂളിലെ ഒരു ബസിൽ കയറിയ ഇവർ തുടക്കത്തിൽ ശാന്തരായി തന്നെയാണ് കാണപ്പെട്ടത് . ഒരു സർവീസ് സ്റ്റേഷനിൽ നിർത്തിയ ബസിൽനിന്ന് ഇറങ്ങിയ ഇവരെ പിന്നീട് യാത്ര തുടരാൻ ഡ്രൈവർ അനുവദിച്ചില്ല . അസാധാരണമായ പെരുമാറ്റവും , പിടിവിടാതെ കൈയ്യിൽ മുറുകെ പിടിച്ചിരുന്ന ബാഗുകളുമായിരുന്നു സംശയത്തിന് കാരണം . ബസ് അവരെ കൂടാതെ തന്നെ യാത്ര തുടർന്നു . പിന്നീട് ഇവർ പ്രത്യക്ഷപ്പെട്ടത് പ്രശസ്തമായ M6 മോട്ടോർ വേയിൽ ആയിരുന്നു . ഇരുവരും ഭ്രാന്തുപിടിച്ചതുപോലെ ഓടുകയായിരുന്നു . തലങ്ങും വിലങ്ങും ഓടിയ ഇവർ അപകടങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു . പോലീസ് എത്തിയ ശേഷവും ഇവർ ഓട്ടം തുടർന്നു . അവസാനം അവസാനം ഉർസുലയുടെ കാലിൽക്കൂടി ഒരു ബെൻസ് ലോറി കയറിയിറങ്ങി പോകുന്നതുവരെ അത് തുടർന്നു . സബീനയുടെ തല ഏതോ വണ്ടിയിലിടിച്ച് അവർ ബോധരഹിതയായി . എന്നാൽ ബോധം തിരികെ കിട്ടിയ അവർ തൽക്ഷണം പൊലീസുകാരെ ആക്രമിച്ചു . അവസാനം സബീനയെ പോലീസുകാർ ഒരു വിധം കീഴ്‌പ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു . പിന്നീട് കോടതിയിൽ നിന്നും പുറത്തിറങ്ങിയ സബീന , ഇന്നും അജ്ഞാതമായ ഏതോ കാരണത്താൽ Glenn Hollinshead എന്നൊരാളെ ആക്രമിച്ചു കൊലപ്പെടുത്തി . അവിടെ നിന്നും ഓടിയ അവർ ഒരു പാലത്തിൽ നിന്നും മറ്റൊരു റോഡിലേക്ക് ചാടിയെങ്കിലും പോലീസ് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു . കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട അവർ അഞ്ചുവർഷത്തെ ശിക്ഷക്ക് ശേഷം 2011 ൽ പരോളിൽ പുറത്തിറങ്ങിയിരുന്നു .

Advertisements

എന്താണ് ഇവരുടെ ഈ അസാധാരണ പെരുമാറ്റത്തിന് കാരണം ? എന്തോ കണ്ട് പേടിച്ചോടി , അല്ലെങ്കിൽ അക്രമണകാരികളിൽ നിന്നും രക്ഷപെടാൻ ഓടി എന്നുള്ള കാരണങ്ങളൊക്കെ കോടതി തള്ളിയിരുന്നു . സമൂഹത്തിന് വിപത്താകാൻ സാധ്യതയുള്ള എന്തോ മാനസികരോഗമാണ് എന്നാണ് കോടതിയുടെ നിലപാട് . ഗവേഷകർ ഇതിനെ Folie à deux എന്ന് ഫ്രഞ്ചിലും shared psychosis എന്ന് ഇഗ്ളീഷിലും പറയും . ഒരേ ഭ്രാന്തിന്റെ അവസ്ഥ രണ്ടുപേരിൽ യാതൊരു വ്യത്യാസവും കൂടാതെ കാണപ്പെടുന്ന സാഹചര്യമാണിത് . ഇതിന് അടിമപ്പെട്ട രണ്ടുപേരും സമാന സാഹചര്യങ്ങളിൽ സമാന്തരമായി തന്നെ പ്രതികരിക്കും .

എന്നാൽ ഇത്തരം അവസ്ഥ ഒരുകൂട്ടം ആളുകൾ പ്രകടിപ്പിച്ച സാഹചര്യങ്ങൾ ചരിത്രത്തിൽ ഉടനീളമുണ്ട് . ഇതിനെ Collective Psychosis എന്ന് പറയും . ഈക്കഴിഞ്ഞ ദിവസങ്ങളിൽ മെക്സിക്കോയിൽ Collective Psychosis എന്ന് പറയാവുന്ന ഒരു സംഭവം നടന്നു . കഴിഞ്ഞ ആഴ്ച സെപ്റ്റംബർ പത്തൊൻപത്തിന് (2017) ഉണ്ടായ ഭൂമികുലുക്കത്തിൽ ഇടിഞ്ഞു വീണ ഒരു സ്‌കൂൾ കെട്ടിടമാണ് (Rébsamen school ) രംഗം . അനേകം കുട്ടികൾ മരിക്കുകയും മറ്റുചിലർ സാരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്ത കെട്ടിടത്തിൽ ഇനിയും കുട്ടികൾ കുടുങ്ങി കിടപ്പുണ്ട് എന്ന വാർത്ത പരന്നു . പത്രപ്രവർത്തകരും , ടെലിവിഷൻ ക്യാമെറകളും , രാഷ്ട്രീയക്കാരും അങ്ങോട്ട് കുതിച്ചെത്തി . രക്ഷാപ്രവർത്തനത്തിനായി സ്ഥലം മുഴുവനും പോലീസ് ബ്ലോക്ക് ചെയ്തിരുന്നു . കോമ്പൗണ്ടിൽ നിന്നും പുറത്തു വരുന്ന രക്ഷാപ്രവർത്തകർ മാത്രമായിരുന്നു , അകത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള ഏക വഴി . ഇതിനിടയിൽ കുറച്ചു കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ട് എന്ന വാർത്ത പരന്നു . പക്ഷെ പിന്നീട് ഒരുകുട്ടി മാത്രമാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു . കോൺക്രീറ്റ് കൂനകൾക്കിടയിൽ നിന്നും ശബ്ദം കേൾക്കാമെന്നും പേര് ചോദിച്ചപ്പോൾ Frida Sofia എന്നാണ് പറഞ്ഞതെന്നുമായിരുന്നു പത്രപ്രവർത്തകർ പറഞ്ഞത് . രാജ്യമെങ്ങും ഉണർന്നു . പള്ളികളിൽ സോഫിയയ്ക്ക് വേണ്ടിയുള്ള മണികൾ മുഴങ്ങി . പുറത്ത് തടിച്ചു കൂടിയ ജനം കൂട്ടപ്രാർത്ഥനകളിൽ മുഴുകി . ഇതിനിടയിൽ ജനക്കൂട്ടം അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ പറഞ്ഞു പെരുപ്പിക്കാൻ തുടങ്ങി . പത്രപ്രവർത്തകർ ജനങ്ങൾക്കിടയിൽ നിന്നും സോഫിയയുടെ വിവരങ്ങൾ ശേഖരിച്ചു . റോയിട്ടർ ലേഖകൻ പലരുമായും ഇൻറ്റർവ്യൂകൾ നടത്തി . പക്ഷെ സ്‌കൂൾ രേഖകൾ പരിശോധിച്ച പോലീസുകാർ ഞെട്ടി . ഫ്രിഡ സോഫിയ എന്ന പേര് ലിസ്റ്റിൽ ഇല്ല ! #FridaSofia ഇതിനകം ട്വിറ്ററിൽ ട്രൻഡായി മാറിയിരുന്നു . ഇനിയും മിസ് ആയിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കൾ പോലീസിനെ ഉടൻ ബന്ധപ്പെടണം എന്ന് സകലവിധ മീഡിയകളും വഴി അറിയിച്ചിട്ടും ആരും വന്നില്ല . അവസാനം അൻപത്തെട്ടു വയസുള്ള ഒരു സ്ത്രീയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർക്ക് കിട്ടി . രാജ്യത്തെ ഏറ്റവും വലിയ ടിവി നെറ്റ് വർക്ക്‌ ആയ Televisa കാര്യങ്ങളുടെ നിജ സ്ഥിതി മനസിലായതോട് കൂടി ഇങ്ങനെ റിപ്പോർട്ട് ചെയ്തു . Frida Sofia എന്ന പെൺകുട്ടി വെറും സങ്കല്പം മാത്രമാണ് !

ആരാണീ കഥ ചമച്ചതെന്നോ , ഇല്ലാത്ത പെൺകുട്ടിക്ക് പേരിട്ടതാരാണെന്നോ ഇപ്പോഴും അറിയില്ല . എന്നാൽ Collective Psychosis എന്ന സാധനം ഏതാണ്ടിതുപോലിരിക്കും . നമ്മുടെ നാട്ടിലെ പല സംഭവങ്ങളും ഏതാണ്ടിതുപോലാണ് . ഒന്നവലോകനം ചെയ്‌താൽ Collective Psychosis ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന ജനസമൂഹമാണ് നാം മലയാളികൾ . ശരിയല്ലേ ?

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ