YouTube Content Provider
* Blogger * Translator * Traveler

മനുഷ്യനിൽ നിന്നും റോഡിൽ നിന്നും ഏറ്റവും അകലെ !

by Julius Manuel
73 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

ഞാനൊക്കെ പഠിച്ചിരുന്ന സമയത്ത് സ്‌കൂളിൽ നിന്ന് ടൂറിന് പോകുക എന്നാൽ ഒന്നുകിൽ ഊട്ടിക്ക് , അല്ലെങ്കിൽ കൊടൈക്കനാലിന് , അതുമല്ലെങ്കിൽ കന്യാകുമാരിക്ക്‌ . കടപ്പുറത്തു നിന്നും രണ്ടു രൂപയ്ക്കു കിട്ടുന്ന വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് ഒരു ട്രോഫി പോലെ വീട്ടിലെ ഷോകെയ്‌സിൽ ഉണ്ടായിരുന്നു . പിന്നീട് വളർന്ന് കാലിനിടയിൽ ബൈക്ക് എത്തിയപ്പോൾ പോകാൻ പ്രത്യേകിച്ച് ലക്ഷ്യമൊന്നും വേണ്ടന്നായി . ഏറ്റുമാനൂർ ചന്തയിൽ മീൻ മേടിക്കാൻ പോയ മകൻ ഒരാഴ്ച കഴിഞ്ഞു പറമ്പിക്കുളം പോയി വന്നപ്പോഴൊന്നും വീട്ടുകാർ ഞെട്ടിയില്ല . പോകുന്ന വഴി എവിടുന്നെങ്കിലും ഒരു ബൂത്തിൽ കയറി കാര്യം പറഞ്ഞാൽ പപ്പയ്ക്ക് തൃപ്തിയാകുമായിരുന്നു . കൂട്ടിന് രാജേഷ് ശിവനെന്ന വഷളൻ നായര് ചെറുക്കനും ( കക്ഷി അറിയപ്പെടുന്ന അദ്ധ്യാപകനായതിനാൽ ടാഗുന്നില്ല ). ആനക്കൂട്ടം കണ്ടാൽ എണ്ണമെടുക്കാതെ പോകില്ലെന്ന പ്രത്യേക രോഗത്തിനടിമയായിരുന്ന രാജേഷ് ഇത്തരം പല അവിചാരിത യാത്രകളിലും എന്റെ സഹചാരിയായിരുന്നു . അതൊക്കെ ഒരു കാലം ….

പക്ഷെ ഞാൻ പറയാനുദ്ദേശിക്കുന്നത് ഇതൊന്നുമല്ല . എവിടേക്കാണ് നാം യാത്ര പോകുന്നത് ? എല്ലാവരും മീശപ്പുലിമല കയറി , അതുകൊണ്ട് ഞാനും പോയി എന്നതാണ് ലൈൻ . കാശ്മീരും , വടക്കേ ഇന്ത്യയും ,വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഷെരീഫിനെയും (ഷെരീഫ് ചുങ്കത്തറ) ഹുസൈനെയും (Hussain Nellikkal) പോലുള്ളവർ യാത്രചെയ്ത് മലയാളികളെ പരിചയപ്പെടുത്തിയതിനാൽ കുറേപ്പേർ ആ വഴിക്കും പോകുന്നു . ഇവിടെ അമേരിക്കയിലും ഉണ്ട് വമ്പൻ ട്രാവൽ ഗ്രൂപ്പുകൾ. ആരെങ്കിലും എവിടെങ്കിലും പോയി ഒരു യാത്രാവിവരണം എഴുതിയാൽ പിന്നെ അങ്ങോട്ട് ആളുകളുടെ ഒഴുക്കാണ് . മലയാളികളുടെ കാര്യമാണെങ്കിൽ പറയേണ്ട . ഫ്ലോറിഡ മല്ലൂസ് ആദ്യം ട്രിപ്പ് പോകുക ബഹാമസിനായിരുക്കും . അവിടെയൊരു ചുക്കും കാണാനില്ല . പക്ഷെ യാത്ര ചെയ്യുന്ന ക്രൂയിസ് ഷിപ്പിലെ “കലാപരിപാടികളാണ് ” മുഖ്യ ഇനം . ഈയിടെയായി കണ്ടു വരുന്ന മറ്റൊരു രോഗം , കല്യാണം മെക്സിക്കോയിലോ , ബെലീസിലോ , ബഹാമാസിലോ അല്ലെങ്കിൽ ഹവായിലോ വെച്ച് നടത്തുക എന്നതാണ് . പറഞ്ഞു വരുന്നത് നാം എപ്പോഴും ഒഴുക്കിന് പിറകെയാണ് . എന്നാൽ വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സഞ്ചാരികുടുംബത്തെയാണ് ഇവിടെ നാം പരിചയപ്പെടാൻ പോകുന്നത് .

ഫ്ലോറിഡയിലെ Wakulla കൗണ്ടിയിൽ താമസിക്കുന്ന , ഗവേഷകരും സഞ്ചാരപ്രിയരുമായ ദമ്പതികളാണ് റിയാനും , റെബേക്കയും (Ryan, 45, Rebecca, 44). അവർക്ക്‌ ഒന്പതുവയസ്സുള്ള ഒരു മകളും ഉണ്ട് (Sklya). വർഷങ്ങൾക്ക് മുൻപ് മയാമിയിലെ ഒരു ബീച്ചിലൂടെ നടന്നപ്പോഴാണ് റിയാന് ആകെ ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടത് . ബീച്ച് ആകെ ജനനിബിഡം . ഒച്ചയും ബഹളവും . ഭൂമിയിലുള്ള സകല മനുഷ്യരും അന്ന് ബീച്ചിലെത്തിയതായി റിയാന് തോന്നി . ആകെ ഭ്രാന്ത് പിടിച്ച് വീട്ടിലെത്തിയ റിയാൻ റെബേക്കയോട് പറഞ്ഞു . ഇനി യാത്ര പോകുമ്പോൾ ആരുമില്ലാത്ത എവിടേക്കെങ്കിലും പോകണം . തിരക്ക് എനിക്ക് അലർജി ആയി തുടങ്ങി . എങ്കിൽ ചന്ദ്രനിൽ പോകേണ്ടി വരും . റെബേക്ക കളിയാക്കി . പക്ഷെ റിയാൻ ഓർമ്മിപ്പിച്ചു , നാം അലാസ്കക്ക് പോയത് ഓർമ്മയില്ലേ എന്ത് ശാന്തവും സുന്ദരവുമായിരുന്നു . അതുപോലുള്ള ഏതെങ്കിലും സ്ഥലം , അതാണ് ഞാൻ ഉദ്യേശിച്ചത് . അങ്ങിനെ ഒരു സ്ഥലം ഈ ഫ്ലോറിഡയിൽ ഉണ്ടാവുമോ ? മനുഷ്യനിൽ നിന്ന് ഏറെ അകന്നോരു സ്ഥലം ? “റിമോട്ടെസ്റ്റ് പ്ലേസ് ” എന്നാണ് റിയാൻ ഉദ്യേശിച്ചത് . ജീവനുള്ള GIS ഗുരു ആയ റെബേക്ക (geographic information system) ആ വെല്ലുവിളി ഏറ്റെടുത്തു . ഗൂഗിൾ എർത്തും മാപ്പുകളും വെച്ചൊരു പിടി പിടിച്ചു . ഹ്യുമൻ സെറ്റിൽമെന്റുകളിൽ നിന്നും റോഡുകളിൽ നിന്നും (നടപ്പാതയും) ഏറ്റവും അകന്നിരിക്കുന്ന സ്ഥലം , അതായിരുന്നു “റിമോട്ടെസ്റ്റ് പ്ലേസ്” എന്നതിന് ആ ദമ്പതികൾ കൊടുത്ത നിർവചനം . ഏറെ പ്രയാസപ്പെട്ടെങ്കിലും റെബേക്ക അത്തരമൊരു സ്ഥലം ഫ്ലോറിഡയിൽ കണ്ടെത്തി ! കൂറ്റൻ ചതുപ്പ് നിലമായ എവർ ഗ്ലെഡ്‌ ദേശീയോദ്യാനത്തിലെ Marjory Stoneman Douglas Wilderness ആണ് സ്ഥലം . തൊട്ടടുത്ത റോഡിൽ നിന്നും മനുഷ്യവാസ മേഖലയിൽ നിന്നും കുറഞ്ഞത് പതിനേഴ് മൈൽ മാറിയാണ് ആ സ്ഥലമുള്ളത് . കൂട്ടുകാരൻ സ്റ്റീവ് ജോൺസനോടൊപ്പം ചതുപ്പുനിലങ്ങളിലൂടെ മുപ്പത് മണിക്കൂർ ബോട്ടോടിച്ച് അവർ അവിടെ എത്തുക തന്നെ ചെയ്തു ! അന്ന് അവരുടെ മകളുടെ പ്രായം വെറും പത്തുമാസം ! (30 December 2009).

സ്വന്തമായി ചാർട്ട് ചെയ്ത് “കണ്ടെത്തിയ ” , ഫ്ലോറിഡയിലെ റിമോട്ടെസ്റ്റ് പ്ലേസിൽ എത്തിയ അവരുടെ വികാരം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു . അന്നവർ ഒരു തീരുമാനത്തിലെത്തി . അന്പത് അമേരിക്കൻ സംസ്ഥാനങ്ങളിളെയും ” റിമോട്ടെസ്റ്റ് പ്ലേസ് ” കണ്ടെത്തി അവിടെയെല്ലാം പോകണം ! . അസാധ്യമെന്നു ഒറ്റ നിരീക്ഷണത്തിൽ തോന്നിയേക്കാമെങ്കിലും ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞുമൊത്ത് അൻപതിൽ മുപ്പതിമൂന്നെണ്ണവും കവർ ചെയ്തു എന്ന് കേട്ടാൽ നാം ഞെട്ടും ! ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നും അവർ ചില ഡേറ്റകൾ നമ്മുക്ക് നൽകുന്നു . അമേരിക്കയിലെ റിമോട്ടെസ്റ്റ് സ്ഥലങ്ങളുടെ ശരാശരി വിദൂരത , തൊട്ടടുത്ത റോഡിൽ നിന്നും ഏകദേശം 6.8 മൈലുകൾ ആണ് . എന്നാൽ നേരിട്ട് വഴികൾ ഇല്ലാത്തതിനാൽ അവിടെ ചെന്നെത്താൻ ചിലപ്പോൾ ദിവസങ്ങൾ എടുത്തേക്കാം . പക്ഷെ ഇതുവരെ ആരും ചെല്ലാത്ത ഒരു സ്ഥലം പോലും അവർക്ക് കണ്ടെത്താനായില്ല . പോയ മൂന്നിൽ രണ്ടു സ്ഥലങ്ങളിലും മൊബൈൽ കവറേജ് ഉണ്ടായിരുന്നു . തൊട്ടടുത്ത റോഡിൽ നിന്നും ഏകദേശം 21.7 മൈലുകൾ അകലെ സ്ഥിതി ചെയ്യുന്ന Yellowstone National Park ലെ ഒരു പോയിൻറ്റാണ് അമേരിക്കയിലെ ഏറ്റവും റിമോട്ടെസ്റ്റ് പ്ലേസ് ( ഇതുവരെ ). ഒരാഴ്ച നടന്നാലേ ഇവിടെ എത്തിച്ചേരൂ !

എന്തായാലും കാര്യങ്ങൾ കുറെ യാത്രകൾ കൊണ്ട് തീർക്കാനല്ല ഇവർ ഉദ്യേശിക്കുന്നത് . Project Remote എന്നൊരു മിഷന് തന്നെ അവർ രൂപം കൊടുത്തു . ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും , ജില്ലകളിലെയും റിമോട്ടെസ്റ്റ് പ്ലേസ് കണ്ടെത്തുകയാണ് ഉദ്യേശം . തൽക്കാലം അമേരിക്കയിലെ സകല വിദൂര സ്ഥലങ്ങളും മാപ് ചെയ്ത ശേഷമേ പുറത്തെ കാര്യങ്ങൾ ആലോചിക്കുന്നുള്ളു .

ഇതാണ് സൈറ്റ് >>http://remotefootprints.org/

All pictures courtesy of Ryan and Rebecca Means and Project Remote

ഇതുപോലെ സഞ്ചാരത്തിന് വ്യത്യസ്തത കലർത്താൻ നമ്മുക്കും കഴിയും . . ഇന്ത്യയിലെ റിമോട്ടെസ്റ് പ്ലേസുകൾ കണ്ടെത്തി പോകാൻ ആർക്കെങ്കിലുമൊക്കെ പറ്റും .

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More