Starlight Tourism

Starlight Tourism 1

താഴോട്ട് വായിക്കാനുള്ള രസത്തിന് ആദ്യമേതന്നെ പറയാം …. ചിത്രത്തിൽ ഉള്ളത് ചന്ദ്രനുമല്ല, സൂര്യനുമല്ല ; ശുക്രനാണ് !

കഴിഞ്ഞ ദിവസം( 12 Feb 2018)  ഒരു റെഡ് ഇന്ത്യൻ വനിതയുമായി സംവദിച്ചുകൊണ്ടിരുന്നപ്പോൾ ( അവർ അടുത്തുവന്നപ്പോൾ മുതൽ ഞാൻ മൊബൈലിൽ കുത്തിക്കൊണ്ടൊരിക്കുകയായിരുന്നു ) ആ സ്ത്രീ എന്നോടൊരു ചോദ്യം ചോദിച്ചു . നിങ്ങളെന്നാണ് ഒന്ന് മുകളിലേക്ക് നോക്കുക ? ഒരൽപ്പം നീരസത്തോടെ ഞാൻ ചോദിച്ചു , നിങ്ങളെന്താണ് ഉദ്യേശിക്കുന്നത് ? അവർ പറഞ്ഞു തുടങ്ങി …. നിനക്കറിയാമോ ഞാൻ ഹവായി ദ്വീപുകളിലാണ് ജനിച്ചു വളർന്നത് . കുന്നുകളും , അരുവികളും , പഴങ്ങളും , നല്ല സുന്ദരൻ മഴയും ! … അവരുടെ മുഖം വിടർന്നു .. കണ്ണുകൾ തിളങ്ങി . ഞങ്ങളുടെ പാരമ്പര്യമനുസരിച്ച് ഒരേ കുടുംബക്കാർ ഒരുമിച്ച് ഒരേ ഗ്രാമത്തിലാണ് താമസിക്കുക . എന്ന് വെച്ചാൽ ഒരു ഗ്രാമത്തിൽ ഒരു കുടുബക്കാർ മാത്രമേ കാണൂ . രാത്രിയാകുമ്പോഴാണ് രസം . വലിയൊരു തീക്കുണ്ഡമുണ്ടാക്കി ഞങ്ങളെല്ലാവരും അതിനു ചുറ്റും കൂടും . ആദ്യമേ പാട്ടുകളും ഡാൻസുമൊക്കെയാണ് . പിന്നെ പിന്നെ തീയണഞ്ഞു തുടങ്ങും . അവസാനം ഇരുട്ട് ! പിന്നെ പതുക്കെ നമ്മുടെ കണ്ണുകൾ നിലാവെളിച്ചത്തിൽ കണ്ടു തുടങ്ങും . അപ്പോൾ പ്രായമുള്ളവർ സംസാരിച്ചു തുടങ്ങും . പഴയ കഥകളും ചരിത്രവും പാരമ്പര്യവുമൊക്കെ . അപ്പോഴൊക്കെ അവർ പറയുന്ന ഒരു കാര്യമുണ്ട് . ഈ ഇരുട്ടിൽ നമ്മുക്ക് അങ്ങോട്ടും ഇങ്ങോട്ടും കാണാനാവില്ല , പക്ഷെ മുകളിലേക്ക് നോക്കൂ നമുക്കീ പ്രപഞ്ചം മുഴുവനും കാണാം ! കാരണവർമ്മാർ ഞങ്ങൾ കുട്ടികളെ അടുത്തുള്ള കുന്നിലേക്ക് കൂട്ടിക്കൊണ്ട് പോകും , എന്നിട്ട് ആകാശം കാണിച്ചുതരും . അവർക്കറിയാവുന്ന നക്ഷത്രങ്ങളും മറ്റും നമ്മെ ചൂണ്ടിക്കാണിക്കും . എന്നിട്ട് പറയും , ഞങ്ങൾ പകൽ മുഴുവനും കടലിൽ കഴിയുമായിരുന്നു . മീൻപിടുത്തവും , ദ്വീപുകളിലെ ആടുകൃഷിയും . രാത്രിയായാൽ ഇതുപോലെ ഏതെങ്കിലും കുന്നിൻചെരുവിൽ ആകാശം കണ്ട് കഥകൾ പറഞ്ഞു കിടക്കും .

Advertisements

സ്ത്രീ തുടർന്നു . നിനക്കറിയുമോ വെളിച്ചം അധികമായാൽ അതൊരു ട്രാപ്പാണ് . പകൽ വെളിച്ചത്തിൽ നാം നമ്മുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും കണ്ട് ജീവിതചക്രത്തിൽ കിടന്ന് കറങ്ങും . നിനക്കാവിശ്യമുള്ളതിനേക്കാൾ കൂടുതൽ ആവശ്യമില്ലാത്തതാണ് കാണുന്നത് . എന്നാൽ രാത്രിയിൽ നീയൊന്നു മുകളിലേക്ക് നോക്കൂ . ബൾബുകളുടെ വെളിച്ചത്തിൽ നിനക്കൊന്നും കാണാനാവില്ല , ഇതൊന്നുമില്ലാത്തിടത്ത് പോകാനാവുമോ ? പക്ഷെ പോയാൽ നിന്റെ ജീവിതം മാറും നീ ലോകം കാണും , ആകാശവും ! ഓർക്കുക നമ്മുടെ ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ളത് ആകാശവും പിന്നെ കടലുമാണ് . ഇത് രണ്ടും നിനക്കാസ്വദിക്കാനായില്ലെങ്കിൽ ഒരിക്കലും ഇത് രണ്ടും കാണാത്ത പന്നിക്ക് സമാനമാണ് നാമൊക്കെ ! ഇനി പറ .. നീയെന്നാണ് മുകളിലേക്ക് നോക്കുക ? ഇത്രയും പ്രസ്താവിച്ച് അവർ നടന്നകന്നു .” വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ” !!! ഞാൻ ഓർത്തു .

മൈലുകൾ അകലെ വാസ്കോഡഗാമയുടെ പോർട്ടുഗൽ രാജ്യം . തലസ്ഥാനമായ ലിസ്ബണിൽ നിന്നും രണ്ടുമണിക്കൂർ ഡ്രൈവ് ചെയ്‌താൽ Algarve എന്നൊരു സുന്ദരൻ ഗ്രാമത്തിലെത്തിച്ചേരും . Alqueva തടകാതീരത്താണ് ഇത് സ്ഥിതിചെയ്യുന്നത് . വർഷത്തിൽ 286 ദിവസങ്ങളും തെളിഞ്ഞ ആകാശമുള്ള ഈ സ്ഥലം ഇന്ന് ലോക ടൂറിസം ഭൂപടത്തിൽ പ്രത്യകസ്ഥാനം കൈവരിച്ചുകഴിഞ്ഞു . കുന്നും , മലയും കാണാനല്ല ആളുകൾ ഇവിടെ എത്തുന്നത് , മറിച്ച് ആകാശം കാണാനാണ് ! ലോകത്തിൽ ആദ്യമായി Starlight ടൂറിസം നടപ്പാക്കിയ സ്ഥലമാണ് Algarve .

UNESCO, UNWTO , IAC തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ Starlight Foundation ആണ് Starlight Tourism Destination എന്ന പദവി ഒരു സ്ഥലത്തിന് നൽകുന്നത് . അന്തരീക്ഷ ഘടന, പ്രകാശമലിനീകരണ തോത് , വർഷത്തിൽ കിട്ടാവുന്ന തെളിഞ്ഞ രാത്രികളുടെ എണ്ണം, ടൂറിസ്റ്റുകൾക്ക് എത്തിച്ചേരാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഈ പദവിക്ക് ഒരു സ്ഥലം അർഹമാകുക . കൂടാതെ Dark Sky Reserve എന്ന പദവിയും കൂടി അൾഗാർ ഗ്രാമത്തിന് ലഭിച്ചിട്ടുണ്ട് . വാനനിരീക്ഷണം പ്രോത്സാഹിപ്പിക്കാൻ International Dark-Sky Association (IDA) എന്ന സംഘടനയാണ് ഈ പദവി കൊടുക്കുന്നത് . 52 ഡിഗ്രി സൗത്ത് ഡിക്ലൈനേഷൻ വരെയുള്ള ആകാശകാഴ്ചകൾ ഇവിടെ നമ്മുക്ക് നിരീക്ഷിക്കാനാവും . രാത്രിയാണ് അൾഗാർ ഉണരുക . തെളിഞ്ഞ ആകാശകാഴ്ചകൾ നമ്മെ പരിചയപ്പെടുത്താൻ ഗൈഡുകൾ തയ്യാറായി നിൽപ്പുണ്ടാവും . സൂപ്പർ മൂൺ തുടങ്ങിയ ദിവസങ്ങളിൽ പ്രത്യേക ക്യാംപുകൾ ഉണ്ടാവും(Dark Sky Party) . കുതിരപ്പുറത്തും തടാകത്തിലൂടെ ചെറുവള്ളങ്ങളിലും (night-canoeing) നമ്മുക്ക് വാനനിരീക്ഷണം നടത്താം . ഇതെല്ലാം കഴിഞ്ഞു ഒരു ചെറു രാത്രിസവാരിയും (stargazing walks) കൂടി ചെയ്താണ് സന്ദർശകർ വെളുപ്പിനെ ഹോട്ടലുകളിലേക്ക് മടങ്ങുന്നത് . മെയ് , ജൂൺ , ജൂലായ് മാസങ്ങളിലാണ് ആക്ഷാശഗംഗ ഏറ്റവും വ്യക്തമായി ഇവിടെ പ്രത്യക്ഷപ്പെടുന്നത് .

എന്നാൽ ഇതിന്റെയെല്ലാം പിറകിൽ നടന്നുപോരുന്ന മറ്റൊരു പ്രഫഷണൽ വർക്കുണ്ട്, Astrophotography . പോർട്ടുഗൽ സ്വദേശിയായ Miguel Claro ആണ് ഈ ഫോട്ടോഗ്രാഫി മേഖലയിലെ മിശിഹാ . അദ്ദേഹം കൂടി മുൻകൈ എടുത്താണ് Algarve റിസർവ് രൂപകൽപ്പന ചെയ്തത് തന്നെ . വാനനിരീക്ഷണവും , ആസ്ട്രോഫോട്ടോഗ്രാഫിയും പ്രോത്സാഹിപ്പിക്കുവാൻ എന്ത് കടന്നകയ്യും ചെയ്യാൻ തായാറാണ് ഇദ്ദേഹം . Skyscapes രീതിയിലാണ് ഇദ്ദേഹം ഫോട്ടോകൾ എടുക്കുക . അതായത് മലകളുടെയോ , തടാകങ്ങളുടെയോ , മരങ്ങളുടെയോ , മൃഗങ്ങളുടെയോ ചിത്രങ്ങളുടെ പിറകിലായി ആകാശകാഴ്ചകൾ ചിത്രീകരിക്കുകയാണ് അദ്ദേഹത്തിന്റെ ശൈലി . ഇന്ന് നാം നെറ്റിൽ കാണുന്ന ഒട്ടുമിക്ക സ്കൈസ്കേപ്പ് ചിത്രങ്ങളും മിഗ്വെൽ ക്ലാരോയുടെ സംഭാവനയാണ് . Dark Sky Alqueva Reserve ന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം . www.miguelclaro.com എന്ന സൈറ്റിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ നമ്മുടെ കണ്ണുകൾക്ക് നല്ലൊരു ഇരയാണ് .
മുകളിൽക്കാണുന്ന വീനസ് ഗ്രഹത്തിന്റെ ചിത്രവും അതിന്റെ ജലത്തിലെ പ്രതിഫലനവും വടക്കൻ അയർലണ്ടിലെ Causeway തീരത്തുനിന്നും മിഗ്വെൽ ക്ലാരോ പകർത്തിയതാണ് .

[contentcards url=”www.miguelclaro.com ” target=”_blank”]

മനുഷ്യന്റെ ഒരു പൊതു സ്വഭാവമനുസരിച്ച് എന്നോട്; നീയെന്നാണ് മുകളിലേക്ക് നോക്കുക എന്ന് ആക്രോശിച്ച ഹവായിയൻ തള്ളയുടെ നാട്ടിൽ ഇത്തരം വല്ല സെറ്റപ്പും ഉണ്ടോ എന്ന് ഞാൻ നെറ്റിലൊന്ന് തപ്പി . രാത്രിയിൽ കടൽക്കരയിൽ മാനത്തോട്ട് നോക്കിയിരിക്കുന്ന ജനവർഗ്ഗമുള്ള നാടല്ലേ , അങ്ങിനെ ഒരെണ്ണം കാണണമല്ലോ ഹും . ഇല്ലെങ്കിൽ തള്ള വരുമ്പോൾ അതുംപറഞ്ഞു പൊളിക്കാം ( മലയാളീഡാ !). പക്ഷെ സംഭവം പൊളിഞ്ഞു . ഹവായി ദ്വീപുകളിലെ Big Island എന്ന ഒരു ദ്വീപുമുഴുവനും പഹയന്മാർ ഇതിനായി നീക്കിവെച്ചിരിക്കുകയാണ് !

Advertisements

===========================================

അങ്ങിനെ ഫേസ്ബുക്കിൽ രാത്രി ആകാശത്തോട്ട് വായുംപൊളിച്ചിരിക്കേണ്ട ആവശ്യകതെയെപ്പറ്റി നല്ലൊരു പോസ്റ്റും ഇട്ട് ഞാൻ വെളിയിലേക്കിറങ്ങി . ഏഭ്യൻമ്മാർ ! അയൽവക്കത്തുള്ളവർ മുഴുവനും വെളിയിൽ ലൈറ്റ് ഇട്ടിരിക്കുകയാണ് . മുടിഞ്ഞ ലൈറ്റ് പൊലൂഷൻ ! എങ്കിലും കഷ്ട്ടപ്പെട്ടു മുകളിലേക്കൊന്ന് നോക്കി . നല്ല വിശാലമായ ആകാശം . പക്ഷെ വിചാരിച്ചപോലെയല്ല . നിറയെ ചുവന്ന ബൾബുകൾ തലങ്ങും വിലങ്ങും നീങ്ങുന്നു . ഒരു വശത്ത് മയാമി അന്താരാഷ്ട്ര വിമാനത്താവളം , മറുവശത്ത് ഫോർട്ട് ലോഡർഡെയിൽ അന്താരാഷ്ട്ര വിമാനത്താവളം, നേരെ മുൻപിൽ വിമാന പരിശീലന കേന്ദ്രം , അതിനും പിറകിൽ മിലിട്ടറി ബേസ് . ആകാശത്ത് വിമാനമേതാ , പറക്കും തളികയേതാ എന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥ ! തൊണ്ണൂറാം വയസിലും നട്ടപ്പാതിരയ്ക്ക് എക്സർസയ്‌സ് ചെയ്യുന്ന അയൽവക്കത്തെ മദാമതള്ളക്കു ഗുഡ് നൈറ്റ് പറഞ്ഞുകൊണ്ട് ജൂലിയസ് മാനുവൽ സൈനിങ്‌ ഓഫ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ