Tangier- ജലസമാധി കാത്തിരിക്കുന്ന ദ്വീപ്

Tangier- ജലസമാധി കാത്തിരിക്കുന്ന ദ്വീപ് 1

ഈ കാണുന്ന ചിത്രം , ഒരമ്പത് കൊല്ലങ്ങൾ കഴിഞ്ഞെടുത്താൽ വെറും വെള്ളം മാത്രമായിരിക്കും കാണുക ! അമേരിക്കയിലെ വിർജീനിയയിൽ Chesapeake ഉൾക്കടലിലാണ് Tangier ദ്വീപിന്റെ സ്ഥാനം . ആയിരത്തിയെണ്ണൂറ് കാലഘട്ടം മുതലിങ്ങോട്ട് നോക്കിയാൽ ദ്വീപിന്റെ കരഭാഗത്തിന്റെ ഏതാണ്ട് എഴുപതുശതമാനവും കടലെടുത്തു പോയി എന്ന് കാണാം ! ദ്വീപ് മുങ്ങുന്നതാണോ , കടലുപൊങ്ങുന്നതാണോ എന്ന് ഗവേഷകർ തർക്കത്തിലാണെങ്കിലും കടൽനിരപ്പുയരുന്നു എന്ന വാദത്തിനാണ് പരക്കെ അംഗീകാരം . ഇപ്പോൾ അവശേഷിക്കുന്ന 3.2 km2 കരഭാഗത്ത് ഏതാണ്ട് എഴുന്നൂറോളം പേർ താമസിക്കുന്നുണ്ട് . മറൈൻ ബയോളജിസ്റ്റായ David Schulte , ഈ ദ്വീപിനെ കുറിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ പ്രബന്ധത്തിലാണ് ഏറിയാൽ അമ്പത് കൊല്ലങ്ങൾ ആയുർദൈഘ്യം മാത്രമേ ദ്വീപിനുള്ളൂ എന്ന് കണ്ടെത്തിയത് . ആഗോളതാപനമെന്ന് നാമും കടലിന്റെ തെർമൽ എക്സ്പാൻഷൻ എന്ന് മറൈൻ ബയോളജിസ്റ്റുകളും പറയുന്ന പ്രതിഭാസം തന്നെയാണ് ദ്വീപ് മുങ്ങാൻ കാരണമെന്ന് ഡേവിഡ് പറയുന്നു . ന്യൂയോർക്കിലെ പ്രശസ്തമായ ലോങ്ങ് ഐലൻഡും ഇതേ പാതയിലാണെന്നാണ് ഡേവിഡ് പറയുന്നത് .

Advertisements

Pocomoke എന്ന റെഡ് ഇന്ത്യൻ വിഭാഗം നൂറ്റാണ്ടുകൾക്ക് മുൻപ് Tangier ദ്വീപിൽ താമസമുറപ്പിച്ചിരുന്നു . മീനും, ഞണ്ടും , കക്കയും പിടിച്ചു ജീവിച്ചിരുന്ന ഇവർ കാലക്രമേണ ഇവിടെനിന്നും മാറുകയും മറ്റ് റെഡ് ഇന്ത്യൻ ഗോത്രങ്ങൾക്കിടയിൽ ലയിച്ചു ചേരുകയും ചെയ്തു . പിന്നീട് 1770 കളിൽ കുടിയേറ്റക്കാരായ കൃഷിക്കാർ ഇവിടെയെത്തിയെങ്കിലും അവരും ക്രമേണ കടൽവിഭവങ്ങൾ ശേഖരിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു . ഒറ്റപ്പെട്ട് കിടന്ന ദ്വീപിൽ ഒരു സംസ്കാരം ഉരുത്തിരിഞ്ഞു വന്നു എന്ന് മാത്രമല്ല സാധാരണ അമേരിക്കൻ ഇഗ്ളീഷിൽ നിന്നും വ്യത്യസ്തമായ ഉച്ചാരണവും പദങ്ങളുമുള്ള ഒരു ഭാഷകൂടി രൂപപ്പെട്ടു വന്നു എന്നതും കൗതുകകരമാണ് . ഭാഷാപണ്ഡിതനായ David Shores പറയുന്നത് അമേരിക്കൻ ഇഗ്ളീഷിലെ ബ്രിട്ടീഷ് ഇഗ്ളീഷാണ് ഇതെന്നാണ് ! പക്ഷെ കാലങ്ങൾ കഴിഞ്ഞിട്ടും പഴയ Pocomoke ഇന്ത്യാക്കാരുടെ പ്രേതം ഇപ്പോഴും ദ്വീപിലാകമാനം നിറഞ്ഞു നിൽക്കുന്നുണ്ട് . മണ്ണിലെവിടെ കുഴിച്ചാലും അവരുടെ പഴയ ആയുധങ്ങളും കുന്തമുനകളും ഉയർന്നുവരും ! തീരങ്ങളിലാകട്ടെ അവർ വേട്ടയാടിപ്പിടിച്ച കടൽജീവികളുടെ ഷെല്ലുകൾ പലയിടത്തും കുന്നുപോലെ ഇപ്പോഴും കൂടിക്കിടക്കുന്നത് (oyster midden) കാണാം. ദ്വീപിലെ മറ്റൊരു രസകരമായ കാര്യം , ഇവിടുത്തെ പകുതിയിലധികം പേരുടെയും സർ നെയിം Crockett എന്നാണ് എന്നതാണ് !

കാര്യമിങ്ങനൊക്കെയാണെങ്കിലും ഗ്ലോബൽ വാമിങ്ങിലൊന്നും ദ്വീപുനിവാസികൾ വിശ്വസിക്കുന്നില്ല എന്നത് മറ്റൊരു വസ്തുത . 1960 കളിൽ അമേരിക്കൻ പട്ടാളം ദ്വീപിലൊരുഭാഗം ഏറ്റെടുത്ത് നടത്തിയ രഹസ്യ പരീക്ഷണങ്ങളാണ് ദ്വീപിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണം എന്നാണ് മിക്കവാറും വിശ്വസിക്കുന്നത് . ഇറോഷൻ വാദികളും , ആഗോളതാപനവാദികളും പരസ്പ്പരം ചേരിതിരിഞ്ഞു ചർച്ചകൾ നടത്തുമ്പോഴും കടൽ ആരുമറിയാതെ കയറിവരുന്നുണ്ട് എന്നതാണ് വസ്തുത ! ഇപ്പോൾ അവശേഷിക്കുന്ന 740 ഏക്കറിൽ എൺപത് ഏക്കറിൽ മാത്രമാണ് വാസയോഗ്യമായുള്ളത് . പോരാഞ്ഞതിന് വർഷം ഒൻപത് ഏക്കർ എന്ന കണക്കിൽ കടലെടുക്കുന്നുമുണ്ട് . ദ്വീപിന്റെ ദയനീയസ്ഥിതി കാണിച്ച് CNN തയ്യാറാക്കിയ ഡോക്യൂമെന്ററിക്ക് ശേഷം പ്രസിഡണ്ട് ട്രംപ് ഗവർണറെ വിളിച്ച് ചർച്ച നടത്തുകയും , കടൽഭിത്തി നിർമ്മാണം , പുറമെ നിന്ന് മണ്ണുകൊണ്ടിറക്കൽ തുടങ്ങിയ പദ്ധതികൾ തുടങ്ങൽ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് . പക്ഷെ ഇതേ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന Poplar ദ്വീപിൽ കാണിച്ചതുപോലെ , കടലിൽനിന്ന് ചെളിയെടുത്ത് ദ്വീപ് പുനർനിർമ്മിക്കുന്ന പണി ഇവിടെ നടപ്പിലാവില്ല എന്നാണ് ഗവേഷകർ പറയുന്നത് . എന്തായാലും കാത്തിരുന്ന് കാണാം , അത്രതന്നെ !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ