Tupaia- ക്യാപ്റ്റൻ കുക്കിൻറെ വഴികാട്ടി

Tupaia- ക്യാപ്റ്റൻ കുക്കിൻറെ വഴികാട്ടി 1

പസഫിക്കിന്റെ ഒത്തനടുക്കുള്ള ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപ് സമൂഹങ്ങളിലെ സൊസൈറ്റി ഐലൻഡുകളിൽ വലിപ്പത്തിൽ രണ്ടാമനാണ് Raiatea. പസഫിക്കിലെ മെസപ്പെട്ടോമിയ ആണ് ഈ ദ്വീപ് . കാരണം , അമേരിക്കൻ ദ്വീപ് സംസ്ഥാനമായ ഹവായി , പിന്നെ ഓസ്‌ട്രേലിയ , ന്യൂസിലൻഡ്‌ തുടങ്ങിയ സ്ഥലങ്ങളിലെ ആദിമഗോത്രങ്ങൾ ഇവിടെ നിന്നാണ് ഉത്ഭവിച്ചത് . ഇവിടെ നിന്നാണ് ന്യൂസിലൻഡിലെ പ്രശസ്തരായ മൗറികളുടെ പൂർവ്വികർ ചെറിയ തടിവള്ളങ്ങളിൽ വർഷങ്ങൾ കടലിലൂടെ അലഞ്ഞുതിരിഞ്ഞു പല ദ്വീപുകളിലും കയറിയിറങ്ങി , അവർ ഇന്ന് താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചേർന്നത് . നൂറ്റാണ്ടുകൾ പിന്നിട്ടപ്പോഴും കുടിയേറിയെത്തിയവരുടെ പിൻഗാമികളുടെ മനസ്സിൽ അവരുടെ സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമ്മകൾ ഒരു തുരുത്ത് പോലെ അവശേഷിച്ചിരുന്നു . അമേരിക്കൻ ഭാഗത്തേയ്ക്ക് പോയവർ തങ്ങളുടെ പൂർവദേശത്തിന്റെ പേര് തന്നെ കുടിയേറിയ ദ്വീപുകൾക്കു നൽകി . അതെ Raiatea ദ്വീപിന്റെ പ്രാചീന നാമം ഹവായി എന്നായിരുന്നു !

Advertisements

എന്നാൽ ന്യൂസിലൻഡിൽ മൗറികളുടെ ഇടയിൽ ഹവായി കാലക്രമേണ ഹവായിക്കി ആയി . സങ്കൽപ്പങ്ങളും സ്വപ്നങ്ങളും കൂട്ടിയിണക്കി അതൊരു സ്വർഗ്ഗീയ ഭൂമിയായി മാറി . മൗറികളുടെ വിശ്വാസത്തിൽ ഹവായിക്കി സ്വർഗ്ഗമാണ് . ഭൂമിയിലെ ആദ്യ മൗറി ജനിച്ച വീണ സ്ഥലം . ഒരു മൗറി മരിച്ചാലും ആത്മാവ് പോകുന്നത് ഹവായിക്കിലേയ്ക്ക് തന്നെയായിരിക്കും ! അങ്ങിനെ വീണ്ടും പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഒരു മൗരി പുരോഹിതൻ ഒരു പ്രവചനം നടത്തി . ഒരു നാൾ ഹവായിക്കിയിൽ നിന്നും ഒരാൾ വലിയ നൗകയിൽ കയറി വരും . ആയാൾ നമ്മുടെ ഭാഷയായിരിക്കും സംസാരിക്കുക . ആയാൾ എത്തിക്കഴിഞ്ഞാൽ തങ്ങളുടെ നാട് മറ്റൊരു സ്വർഗ്ഗമായി മാറും !
മൗറികൾ ഈ പ്രവചന കഥ തലമുറകളോളം കൈമാറി കൂറ്റൻ നൗകയിൽ കയറി വരുന്ന സ്വർഗീയ മനുഷ്യനെ കാത്തിരുന്നു . അങ്ങിനെ ഒരുനാൾ ന്യൂസിലൻഡിന്റെ തീരത്ത് ഒരു കൂറ്റൻ നൗക പ്രത്യക്ഷപ്പെട്ടു ! സാക്ഷാൽ ജെയിംസ് കുക്ക് ! മാവോറികളുടെ ഭാഷ അദ്ദേഹത്തിന് അറിയുമായിരുന്നില്ല . പക്ഷെ കൂടെ കരയിലിറങ്ങിയ മറ്റൊരാളെ മൗറികൾ ശ്രദ്ധിച്ചു . ആയാൾ തങ്ങളെപ്പോലിരിക്കുന്നു . എവിടെനിന്നും വരുന്നു എന്ന ചോദ്യത്തിന് ആയാൾ പറഞ്ഞ ഉത്തരം അവരെ ഞെട്ടിച്ചു ! ……. ഹവായി !

പ്രവചനം ഫലവത്തായി . ഹവായിക്കിയിൽ നിന്നും കൂറ്റൻ നൗകയിൽ തങ്ങളുടെ ഭാഷ സംസാരിക്കുന്ന ഒരാൾ എത്തിക്കഴിഞ്ഞു ! എത്തിയ ആളുടെ പേര് തുപ്പായിയ എന്നായിരുന്നു . ജെയിംസ് കുക്കിന്റെ കൂടെ ഉണ്ടായിരുന്ന സസ്യഗവേഷകനായ ജോസഫ് ബാങ്ക്സ് ആണ് Raiatea ദ്വീപിൽ നിന്നും Tupaia യെ കണ്ടെത്തി കൂടെ കൂട്ടിയത് . റൈറ്റിയ ദ്വീപിലെ ഒരു ചെറു കടലോരഗ്രാമത്തിൽ 1725 ലാണ് Tupaia ജനിച്ചത് . വളർന്നപ്പോൾ അവരുടെ ഇടയിലെ അറിയപ്പെടുന്ന പുരോഹിതനായി (ariori) മാറി Tupaia . അസാമാന്യ ഓർമ്മശക്തി ഉണ്ടായിരുന്ന അദ്ദേഹം നക്ഷത്രങ്ങളുടെ സ്ഥാനം വെച്ച് പസഫിക്കിലെ ദ്വീപുകളുടെ സ്ഥാനവും മറ്റും കണക്കുകൂട്ടി . അന്നറിയപ്പെട്ടിരുന്ന ദ്വീപുകളുടെ സ്ഥാനം , വലിപ്പം, ഭൂപ്രകൃതി , അവിടുത്തെ ഗോത്രത്തലവന്റെ പേര് , ജീവിതരീതി, ആഹാര-വസ്ത്ര വിശേഷങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന് മനഃപാഠമായിരുന്നു ! 1763 ൽ ബോറ -ബോറ ദ്വീപിലെ ആളുകൾ Raiatea ദ്വീപ് ആക്രമിച്ചതോടെ സാരമായ പരിക്കുകൾ പറ്റിയ Tupaia, അവിടം വിട്ട് Tahiti ദ്വീപിൽ അഭയം പ്രാപിച്ചു . Tupaia യുടെ അസാമാന്യ കഴിവുകളിൽ ആകൃഷ്ടനായ ദ്വീപ് തലവൻ Amo, അദ്ദേഹത്തെ പ്രധാനപുരോഹിതനും തൻ്റെ ഉപേദശകനുമായി നിയമിച്ചു . ന്യൂസിലൻഡിലെ എഴുത്തുകാരിയും ആന്ത്രോപോളജിസ്റ്റും ആയിരുന്ന Dame Mary Anne Salmond പറയുന്നത് ദ്വീപിലെ രാജ്ഞിയായിരുന്ന Purea ക്ക് തുപ്പായിയയുമായി പ്രണയമുണ്ടായിരുന്നു എന്നാണ് . ആ കാലയളവിൽ Samuel Wallis തുടങ്ങി ഒട്ടേറെ നാവികർ ദ്വീപിൽ എത്തുകയും അവരോടൊക്കെ Tupaia സൗഹൃദം സ്ഥാപിക്കുകയും ചെയ്തു .

അങ്ങിനെ 1769 ലാണ് ക്യാപ്റ്റൻ ജെയിംസ് കുക്ക് തൻ്റെ ഒന്നാം പര്യവേഷണയാത്രയോടനുബന്ധിച്ച് ദ്വീപിൽ എത്തിച്ചേർന്നത് . Tupaia യുടെ കഴിവുകളിൽ ആകൃഷ്ടനായ, കുക്കിന്റെ ബോട്ടണിസ്റ് Joseph Banks മായി Tupaia സൗഹൃദം സ്ഥാപിച്ചു . അങ്ങിനെയിരിക്കെ 1769 ജൂൺ മൂന്നിന് ഒരു ചരിത്രസംഭവത്തിനും ദ്വീപ് സാക്ഷിയായി . സൂര്യന് മുന്നിലൂടെ ശുക്രഗ്രഹം കടന്നുപോകുന്ന അപൂർവ ദൃശ്യം (1769 Transit of Venus) കപ്പിലിലേയും ദ്വീപിലെയും ആളുകൾ അത്ഭുതത്തോടെ നിരീക്ഷിച്ചു , കൂട്ടിന് Tupaia വക കമന്ററിയും ! സത്യത്തിൽ ഈ രംഗം കാണാൻതന്നെയാണ് കുക്കും കൂട്ടരും ദ്വീപിൽ എത്തിയത് തന്നെ . അവർ ഒരു താല്കാലിക നിരീക്ഷണമേടയും അവിടെ സ്ഥാപിച്ചിരുന്നു . സൂര്യന് മുന്നിലൂടെ ഒരു കറുത്ത തളിക നീങ്ങുന്നത് പോലെ തോന്നി എന്നാണ് രേഖകളിൽ കാണുന്നത് . അന്ന് കണ്ട ദൃശ്യം നല്ലൊരു ചിത്രകാരനായിരുന്ന Tupaia, പകർത്തിയടുത്തെങ്കിലും അത് പിന്നീടെവിടെയോ നഷ്ടപ്പെട്ടു . അടുത്തമാസം തൻ്റെ സ്വന്തം ദ്വീപായ Raiatea യിൽ തിരികെ എത്തിയ Tupaia ജൂലൈയിൽ തന്നെ കുക്കിന്റെ പ്രശസ്തയായ കപ്പൽ എൻഡവറിൽ (Endeavour) കയറിക്കൂടി . ജോസഫ് ബാങ്ക്സിന്റെ നിർദേശപ്രകാരമാണ് കുക്ക് Tupaia യെ തന്റെ ടീമിൽ എടുത്തത് . 3,200 km ആരത്തിൽ പസഫിക്കിലെ 130 ദ്വീപുകളുടെ സ്ഥാനവും 74 എണ്ണത്തിന്റെ പേരും ഒരു ചാർട്ടിൽ വരച്ചുകാണിച്ച് Tupaia കുക്കിനെ അത്ഭുതപ്പെടുത്തി . ഇംഗ്ലണ്ടിൽ ചെന്നാൽ തനിക്ക് കൂടുതൽ പരിഗണ ലഭിക്കും എന്ന് തുപ്പായിയ കണക്കുകൂട്ടി . എന്നാൽ ക്യാപ്റ്റൻ കുക്ക് , തുപ്പായിയയുടെ കഴിവുകളെ അംഗീകരിച്ചെങ്കിലും അതിനെ തീരെ ആശ്രയിക്കാതെ തന്റെ സ്വന്തം അറിവുകൾ വെച്ചാണ് പര്യവേഷണം തുടർന്നത് . എന്തായാലും അദ്ദേഹത്തിന്റെ കഴിവുകൾ ടീമിന് ഏറെ പ്രയയോജനപ്പെട്ടു എന്ന് കുക്ക് സമ്മതിക്കുന്നുണ്ട് .
കുക്കിനൊപ്പം ന്യൂസിലണ്ടിലെത്തിയ Tupaia യെ മാവോറികൾ അത്ഭുതത്തോടെയും ബഹുമാനത്തോടെയും വരവേറ്റു . അവർ അദ്ദേഹത്തിന് അനേകം സമ്മാനങ്ങൾ നൽകി . 1770 നവംബറിൽ Batavia യിൽ അറ്റകുറ്റപ്പണികൾക്കായി കപ്പൽ അടുപ്പിച്ചു കഴിഞ്ഞപ്പോൾ Tupaia ക്ക് മലേറിയ പിടികൂടി . ഇംഗ്ലണ്ടിൽ ചെല്ലണം എന്നുള്ള ആഗ്രഹം അവശേഷിപ്പിച്ച് അദ്ദേഹം അവിടെ വെച്ച് തൻ്റെ യാത്ര എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു . ക്യാപ്റ്റൻ കുക്ക് തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചിട്ടു ……

“He was a Shrewd, Sensible, Ingenious Man, but proud and obstinate which often made his situation on board both disagreeable to himself and those about him, and tended much to promote the deceases that put a period to his life.” (O’Sullivan, Dan (2008). In search of Captain Cook. I.B. Taurus. p. 150).

1773 ൽ വീണ്ടും തിരികെ ന്യൂസിലാൻഡിൽ എത്തിയ കുക്കിന്റെ കപ്പൽ കണ്ട് മാവോറികൾ “Tupaia! Tupaia!” എന്ന് ആർപ്പുവിളിച്ചതു കണ്ട് കുക്ക് ഇങ്ങനെയെഴുതി

“…the Name of Tupia was at that time so popular among them that it would be no wonder if at this time it is known over the great part of New Zealand.” (Wiki)

NB : Tupaia വരച്ചതിൽ ഇന്നവശേഷിക്കുന്ന പത്ത് ചിത്രങ്ങളിൽ ഒന്നാണ് ഇവിടെ കാണുന്നത് . Joseph Banks നു ഒരു മാവോറി സമ്മാനങ്ങൾ കൈമാറുന്നു .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ