Vostok: Lake Under Antarctic Ice

Vostok: Lake Under Antarctic Ice 1

റഷ്യൻ പര്യവേഷകനും സയന്റിസ്റ്റും ആയിരുന്ന Peter Kropotkin ആണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിശാലമായ അന്റാർട്ടിക്കൻ മഞ്ഞുമരുഭൂമിയുടെ അടിത്തട്ടിൽ ശുദ്ധജലം കുടുങ്ങിക്കിടപ്പുണ്ടാവാം എന്നൊരു സംശയം ആദ്യമായി പ്രകടിപ്പിച്ചത് . കിലോമീറ്ററുകൾ ഘനമുള്ള മഞ്ഞുപാളികൾ ചെലുത്തുന്ന അസാമാന്യ മർദ്ദം , അടിത്തട്ടിലെ താപനില ഉയർത്തിയേക്കാമെന്നും അതുവഴി ഉരുകുന്ന ഐസ് പാളികൾ ശുദ്ധജലരൂപത്തിൽ അവിടെത്തന്നെ കുടുങ്ങിക്കിടന്നേക്കാമെന്നും ആയിരുന്നു പീറ്റർ സംശയിച്ചത് . വർഷങ്ങൾക്ക് ശേഷം മറ്റൊരു റഷ്യൻ പര്യവേഷകനായ Andrey Kapitsa , കിഴക്കൻ അന്റാർട്ടിക്കിൽ ഒരിടത്ത് മഞ്ഞിനടിയിൽ ഒരു തടാകം തന്നെ കാണാൻ സാധ്യത ഉണ്ട് എന്ന് സംശയം പ്രകടിപ്പിച്ചു . പിന്നീട് നടന്ന ഒട്ടേറെ ഗവേഷണങ്ങളിൽ നിന്നും കിട്ടിയ ഡേറ്റകൾ പ്രത്യേകിച്ച് റഡാർ , സാറ്റലൈറ്റ് ഇമേജുകളിൽനിന്നും കിട്ടിയ മിനുസമേറിയ , പരന്ന ഐസ് പ്രതലത്തിന്റെ ചിത്രങ്ങൾ , അങ്ങ് താഴെയുള്ള ശുദ്ധജലസംഭരിണിയിലേക്ക് വിരൽ ചൂണ്ടി . അവസാനം തൊണ്ണൂറുകളിൽ , സംഭരണശേഷിയിൽ ഭൂമിയിലെ ആറാമത്തെ വലിയതടാകം അന്റാർട്ടിക് ഐസ് പാളികൾക്കടിയിൽ സ്ഥിതിചെയ്യുന്നു എന്ന് ഗവേഷകർ സ്ഥിരീകരിച്ചു . ആർട്ടിക്കിലെ മഞ്ഞുപ്രതലത്തിൽ നിന്നും നാല് കിലോമീറ്റർ താഴെയാണ് റഷ്യൻ ഭാഷയിൽ കിഴക്ക് എന്നർത്ഥമുള്ള Vostok ഭൂഗർഭതടാകം സ്ഥിതിചെയ്യുന്നത് . ഇതിന് മുകളിൽ നിർമ്മിച്ചിട്ടുള്ള റഷ്യൻ അന്റാർട്ടിക് പര്യവേഷണകേന്ദ്രമായ Vostok നിലയത്തിന്റെ പേര് തന്നെ തടാകത്തിനും ലഭിക്കുകയായിരുന്നു . 230 കിലോമീറ്റർ നീളവും 50 km വീതിയും 800 മീറ്ററോളം ആഴവുമുള്ള വോസ്‌റ്റോക് , പ്രതലവിസ്തീർണ്ണത്തിൽ ഭൂമിയിലെ പതിനാറാമത്തെ വലിയ തടാകമാണ് .

Advertisements

ഭൂമിക്കടിയിൽ നിന്നും ചെറിയൊരു ദ്വീപുപോലെ ഉയർന്നുനിൽക്കുന്ന ഒരു ഭാഗം തടാകത്തെ രണ്ടു ഭാഗങ്ങളായി വേർതിരിക്കുന്നുണ്ട് . ഇതിനെ ഒരു ദ്വീപായി കരുതാമെങ്കിൽ ഭൗമോപരിതലത്തിലെ ഒരു തടാകത്തിലുള്ള സകലതും മറ്റൊരു രൂപത്തിൽ വോസ്‌റ്റോക്കിലും ഉണ്ട് എന്ന് സമർത്ഥിക്കാം . ചെറിയ തോതിൽ തിരകളും ഇവിടുള്ളതായി ഫ്രഞ്ച് ഗവേഷകർ പറയുന്നു . ഇത്രയും താഴെ സ്ഥിതിചെയ്യുന്ന ഈ തടാകത്തിലേക്ക് ഡ്രിൽ ചെയ്ത് മാപിനികൾ ഇറക്കി ജലം കളക്റ്റ് ചെയ്ത് ഗവേഷകർ എന്താണ് പഠിക്കുന്നത് എന്നറിയുമോ ? അങ്ങകലെ വ്യാഴത്തിന്റെയും , ശനിയുടെയും പ്രജകളായ യൂറോപ്പയുടെയും , എൻസിലേഡസിന്റെയും പ്രതലങ്ങളും Vostok തടാകത്തിന്റെ പ്രതലങ്ങളും ഒഒരേപോലെ തന്നെ മിനുസമുള്ളതും പരന്നതും ആയി തന്നെയാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത് . എന്നുവെച്ചാൽ രണ്ടു ഉപഗ്രഹങ്ങളുടെ അകത്തും ദ്രാവകരൂപത്തിൽ എന്തോ കുടുങ്ങിക്കിടപ്പുണ്ട് എന്നർത്ഥം !. വോസ്‌റ്റോക്കിലെ പോലെ അതും ജലമെങ്കിൽ , ഇത്തരം സങ്കീർണ്ണമായ ചുറ്റുപാടിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുവാൻ ഭൂമിയിൽ ഇതുപോലൊരു സ്ഥലം വേറെയില്ല . വോസ്‌റ്റോക്കിൽ ജീവനുണ്ടെങ്കിൽ ഒരു പക്ഷെ അവിടെയും കണ്ടേക്കാം !

Vostok തടാകത്തിൽ ജീവനുണ്ടോ ? തീർച്ചയായും ഉണ്ട് . ഡ്രിൽ ചെയ്ത് ആദ്യമൊക്കെ കിട്ടിയ സാമ്പിളുകൾ പഠനയോഗ്യമല്ലായിരുന്നു . ഡ്രിൽ മുനകൾ തണുത്തുറഞ്ഞു പോകാതിരിക്കുവാൻ ഉപയോഗിച്ച ആന്റിഫ്രീസ് ഏജന്റുകൾ , ലഭിച്ച സാമ്പിളുകളിലും കലർന്നതാണ് കാരണം . എന്നാൽ പിന്നീട് ശ്രദ്ധയോടെ വേർതിരിച്ചെടുത്ത സാമ്പിളുകളിൽ ഗവേഷകർ ജീവന്റെ തുടിപ്പുകൾ കണ്ടെത്തി . ഈ തടാകത്തിന് ഇൻലൈറ്റോ ഔട്ട് ലെറ്റോ ഇല്ല . എന്നാൽ ഒരുഭാഗത്തെ ജലം ഭൂമിക്കടിയിൽനിന്നുള്ള ജിയോതെർമ്മൽ റേഡിയേഷൻ മൂലം ചൂടാവുകയും , മറുഭാഗത്ത് വീണ്ടും ഐസ് ആയിതീരുകയും ചെയ്യുന്നുണ്ട് എന്നാണ് ബ്രിട്ടീഷ് ഗവേഷകർ കരുതുന്നുണ്ട് . ഇതിനാൽ ഒരുപക്ഷെ പതിനായിരക്കണക്കിന് വർഷങ്ങൾകൊണ്ട് തടാകത്തിലെ മുഴുവൻ ജലവും പുതിയതായി മാറിയേക്കാം എന്നാണ് അനുമാനം . മുൻപ് പറഞ്ഞ ജിയോതെർമൽ വികിരണങ്ങളും (generated by molten rock beneath the surface) പാറകളിലെ ധാതുക്കളുടെ സാന്നിധ്യവും ജീവൻറെ ഇന്ധനമായി പ്രവർത്തിക്കും എന്നതിനാൽ സൂര്യപ്രകാശത്തിന്റെ അസാന്നിധ്യത്തിലും വോസ്‌റ്റോക്കിൽ ജീവൻ നിലനിൽക്കും എന്ന് അവർ കണക്കുകൂട്ടി . ആദ്യമൊക്കെ മൈക്രോബുകളെ മാത്രം കിട്ടിയിരുന്നു എങ്കിൽ പിന്നീട് കുമിളുകളെയും (Fungi ) Eukaryotes കളെയും (the first organisms with true nuclei) തുടങ്ങി ഇപ്പോൾ 3,500 തരം വിവിധ മൈക്രോലൈഫുകളെവരെ (extremophiles) ഗവേഷകർ തടാകജലത്തിൽ നിന്നും വേർതിരിച്ചു കണ്ടെത്തിയിട്ടുണ്ട് .

പതിനഞ്ചുമില്യൺ വർഷങ്ങൾ പഴക്കം അനുമാനിക്കപ്പെടുന്ന തടാകം പണ്ടൊരിക്കൽ ഒരു ഭൗമോപരിതലതടാകം തന്നെയായിരുന്നു എന്ന് ചിലർ കരുതുന്നു . തടാകത്തിൽ നിന്നും കിട്ടിയ സെഡിമെൻറുകൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത് എന്നാണവർ കരുതുന്നത് . പിന്നീട് മഞ്ഞിനാൽ മൂടപ്പെട്ടുവെങ്കിലും ജിയോതെർമൽ റേഡിയേഷൻ കാരണം വീണ്ടും ജലമായി മാറിയതാകാം എന്നുമാണ് കരുതപ്പെടുന്നത് . ഇതിനടുത്തായി കണ്ടെത്തിയ മറ്റു രണ്ടു ചെറുതടാകങ്ങളുമായി ഭൂഗർഭനദികൾ വഴി വോസ്‌റ്റോക് ബന്ധപ്പെട്ടിട്ടുണ്ടോ, അതുമല്ല കടലുമായിത്തന്നെ നേരിയബന്ധമെങ്കിലും ഉണ്ടോ എന്നുള്ളതൊക്കെ ഇനിയും പഠനവിധേയമാക്കാനുള്ള വിഷയങ്ങളാണ് . മീനുകളെ ആശ്രയിച്ചു ജീവിക്കുന്ന ചില സൂക്ഷ്മജീവികളെ ലഭിച്ചതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ