അബദ്ധത്തില്‍ ഉണ്ടായ ഒരു തടാകം !

അബദ്ധത്തില്‍ ഉണ്ടായ ഒരു തടാകം ! 1

മനുഷ്യനല്ലേ… അബദ്ധം പറ്റും . പക്ഷെ ആ അബദ്ധത്തില്‍ നിന്ന് ഉണ്ടായത് രണ്ടു നദികളും ഒരു കൂറ്റന്‍ തടാകവും ആണെങ്കിലോ ? സംഭവം നടന്നത് 1905 ല്‍ അമേരിക്കയില്‍ ആണ് . തെക്കന്‍ കാലിഫോര്‍ണിയന്‍ ഭാഗങ്ങളില്‍ ചരിത്രാതീത കാലത്ത് ഒരു ഭീമന്‍ തടാകം ഉണ്ടായിരുന്നു . Cahuilla എന്നാണ് ഇപ്പോള്‍ അതിന്‍റെ വിളിപ്പേര് . ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ പില്‍ക്കാലത്ത്‌ അത് വറ്റിപ്പോയി . അത് നിലനിന്നിരുന്ന സ്ഥലത്ത് ഒരു വലിയ വരണ്ട സമതലം രൂപപ്പെട്ടു . ഈ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴെയായിരുന്നു (ചാവുകടല്‍ പോലെ ). ഇതും ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഇന്ന് Sonoran മരുഭൂമിയുടെ ഭാഗങ്ങള്‍ ആണ് . വറ്റിവരണ്ട Cahuilla തടാകത്തിനു ചുറ്റും ഇമ്പീരിയല്‍ താഴ് വര ( Imperial Valley) രൂപപ്പെട്ടു . ഉപ്പു പാടങ്ങള്‍ ധാരാളം ഉണ്ടായിരുന്ന അവിടെ ഖനനത്തിനായി ആളുകള്‍ എത്തി തുടങ്ങി . ക്രമേണ അവിടം നല്ലൊരു ജനവാസ കേന്ദ്രമായി രൂപപ്പെട്ടു . പക്ഷെ ജലത്തിന്‍റെ അഭാവം ഒരു പ്രശ്നം തന്നെ ആയിരുന്നു . അത് പരിഹരിക്കുവാന്‍ ഗവര്‍മെന്റ് ഒരു കമ്പനിയെ ഏല്‍പ്പിച്ചു , ( California Development Company). കമ്പനിയിലെ എന്ജിനീയര്‍മ്മാര്‍ കാര്യങ്ങള്‍ കൂലംകഷ്ണമായി പഠിച്ച് ഒരു തീരുമാനത്തില്‍ എത്തി . ദൂരെ മാറി ഒഴുകുന്ന കൊളോറാഡോ നദിയില്‍ നിന്നും ( Colorado River ) ഒരു കനാല്‍ നിര്‍മ്മിച്ച്‌ ജലം ഇമ്പീരിയല്‍ താഴ് വരയില്‍ എത്തിക്കുക . ഐഡിയ കൊള്ളാം ! പണി ഉടന്‍ തന്നെ ആരംഭിച്ചു .

Advertisements

അങ്ങിനെ അലമൊ കനാല്‍ (Alamo Canal) എന്ന ആദ്യത്തെ വെള്ളചാല്‍ വെട്ടി (84 km) . സംഗതി തരക്കേടില്ലായിരുന്നു . കൊളോറാഡോ നദി അലമോയില്‍ കൂടി കുതിച്ചോഴുകി ഇമ്പീരിയല്‍ താഴ് വരയില്‍ എത്താന്‍ തുടങ്ങി . അപ്പോള്‍ പുതിയൊരു പ്രശ്നം നേരിട്ടു . നദിയില്‍ നിന്നുള്ള എക്കലും ചെളിയും അലമോയില്‍ അടിഞ്ഞു കൂടി നീരൊഴുക്ക് കുറഞ്ഞു . ഉടന്‍തന്നെ അതിന് സമാന്തരമായി വെട്ടി അടുത്ത കനാല്‍ ! പേര് ന്യൂ റിവര്‍ (New River, 125 km) . സംഗതി ജോര്‍ ! ഇരു കനാലുകള്‍ വഴിയും കൊളോറാഡോ നദിയിലെ അധിക ജലം ഇമ്പീരിയല്‍ താഴ് വരയില്‍ എത്തി തുടങ്ങി .

പക്ഷെ അപ്പോളാണ് ഈ കഥയില്‍ വിചാരിക്കാതെ ഒരു അതിഥി എത്തിച്ചേര്‍ന്നത് . കനത്ത മഞ്ഞു വീഴ്ചയും അതിനെ തുടര്‍ന്ന് ഭീകര വെള്ളപ്പൊക്കവും ! കൊളോറാഡോ നദി തനി സ്വരൂപം കാട്ടി തുടങ്ങിയത് അപ്പോഴാണ്‌ . കുത്തിയോലിച്ചെത്തിയ ജലം മുഴുവനും ഇരു കനാലുകള്‍ വഴിയും നിറഞ്ഞോഴുകുവാന്‍ തുടങ്ങി ! ഇത് തടയാനുള്ള “പണികള്‍ ” പലത് നോക്കിയെങ്കിലും കാര്യങ്ങള്‍ സ്വല്‍പ്പം വൈകിയിരുന്നു . ഒഴുകിയെത്തിയ ജലം കൊണ്ട് ഇമ്പീരിയല്‍ താഴ് വര നിറഞ്ഞു . രണ്ടു കൊല്ലമാണ് നദി ഗതി മാറി ഇങ്ങനെ ഒഴുകിയത് ! എന്തിനധികം പറയുന്നു, പഴയ Cahuilla തടാകത്തിന്റെ സ്ഥാനത് പുതിയ ഒരു കൂറ്റന്‍ തടാകം തന്നെ അവിടെ രൂപപ്പെട്ടു . അതാണ്‌ സാല്‍ടന്‍ തടാകം ! വലുപ്പത്തിന്റെ ഗാംഭീര്യം കൊണ്ട് സാല്‍ടന്‍ കടല്‍ എന്നാണ് വിളിക്കുന്നത്‌ ! ( Salton Sea ) . പഴയ ഉപ്പുപാടങ്ങളുടെ മുകളിലേക്കാണ് ഈ ജലം മുഴുവനും ഇരച്ചു കയറിയത് . ഫലമോ , തല്‍ഫലമായി രൂപമെടുത്ത സാല്‍ടന്‍ തടാകത്തിലെ ജലത്തിന് ഒടുക്കത്തെ ഉപ്പുരസം !

മെക്കയും, ബോംബെ ബീച്ചും !!
====================

ഉപ്പു പാടത്തെ തൊഴിലാളികള്‍ തടാകതീരത്ത് റിസോര്‍ട്ടുകളും ബീച്ചുകളും പണിത് പുതിയ ജീവിത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി . പക്ഷെ മീന്‍ പിടുത്തക്കാര്‍ക്ക് നിരാശയായിരുന്നു ഫലം . തടാകത്തിലെ ഉപ്പുരസം മത്സ്യ പ്രജനനത്തെ ബാധിച്ചതാണ് കാരണം (ആകെയുള്ളത് തിലോപ്പിയ മാത്രം ആണ് ) . 910 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള സാല്‍ടന്‍ തടാകം കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തടാകം ആണ് . തടാകത്തിലെ ഉപ്പുരസം (44 g/L) പസഫിക് സമുദ്രതിനേക്കാള്‍ കൂടുതല്‍ ആണ് (35 g/L) . അതാകട്ടെ ഓരോ വര്‍ഷവും കൂടി വരുകയും ആണ് . ഇതിന്‍റെ തീരത്തും അടുത്തും കിടക്കുന്ന രണ്ടു സ്ഥലങ്ങള്‍ നമ്മുക്ക് കൌതുകം പകരുന്നവയാണ് . ഒന്ന് ; തടാകതീരത്തുള്ള ഒരു ബീച്ച് ആണ്. പേര് ബോംബെ ബീച്ച് ! (Bombay Beach, 33°21′03″N 115°43′47″W). സമുദ്ര നിരപ്പില്‍ നിന്നും 223 അടി താഴെയുള്ള ഈ സ്ഥലത്ത് താമസിക്കുന്നവര്‍ ആണ് അമേരിക്കയില്‍ ഏറ്റവും താഴ്ന്ന സ്ഥലത്തെ നിവാസികള്‍ ! കുറച്ചു ഉള്ളിലോട്ടു കയറിയാണ് അടുത്ത സ്ഥലം. പേര് മെക്ക ! (Mecca, 33°34′18″N 116°04′38″W) .

ഇപ്പോള്‍ Salton Sea യുടെ കാര്യം അനുദിനം വഷളായി വരുകയാണ് . ഒന്ന് കാലിഫോര്‍ണിയയെ മുഴുവനും ബാധിച്ചിരിക്കുന്ന ജല ക്ഷാമം തടാകതെയും സാരമായി ബാധിച്ചു . ജലം കുറയുന്നതിനാല്‍ ഉപ്പുരസം കൂടിവരുന്നു . Alamo Canal വഴിയും ന്യൂ നദി വഴിയും വരുന്ന ജലം സംവഹിക്കുന്നത് അഗ്രിക്കള്‍ച്ചറല്‍ അവശിഷ്ടങ്ങള്‍ ആണ് . അത് തടാകത്തെ കൂടുതല്‍ വിഷമയം ആക്കുന്നു . ആളുകള്‍ തടാക തീരം വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് . താമസിയാതെ വിജനമാകുന്ന തടാകതീരങ്ങളും വിഷമയമായ ഒറ്റപെട്ട തടാകവും മറ്റെന്തെകിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം !!!!

Advertisements

“Into the Wild” എന്ന ഹോളിവുഡ് ചിത്രത്തില്‍ മുകളില്‍ വിവരിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഏറെക്കുറെ ചിത്രീകരിച്ചിട്ടുണ്ട്

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ