ഇന്തോനേഷ്യന്‍ മലയും അതിനുള്ളിലെ പിരമിഡും

ഇന്തോനേഷ്യന്‍ മലയും അതിനുള്ളിലെ പിരമിഡും 1

കൂറ്റന്‍ പാറകള്‍ കൊണ്ട് ഉണ്ടാക്കിയ നിര്‍മ്മിതികളെ ആണ് megalithic എന്ന് വിളിക്കുന്നത്‌ . ഈജിപ്ത്തിലെ പിരമിഡുകള്‍ ഇത്തരം നിര്‍മ്മിതികള്‍ ആണ്. എന്നാല്‍ ഈജിപ്ഷ്യന്‍ പിരമിഡുകളുടെ മാഹാത്മ്യം ഇന്‍ഡോനേഷ്യ തട്ടിയെടുക്കുമോ എന്നാണ് ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. Gunung Padang എന്ന കൂറ്റന്‍ മെഗാലിതിക് സൈറ്റ് കണ്ടുപിടിച്ചതോടു കൂടിയാണ് ഈസംശയം ഉടലെടുത്തത് . കാരണം മറ്റൊന്നുമല്ല, താഴെക്കാണുന്ന , നൂറുമീറ്ററോളം ഉയരമുള്ള മലയുടെ ഉള്ളില്‍ ഒരുകൂറ്റന്‍ പിരമിഡ് മറഞ്ഞിരിപ്പുണ്ട്‌ എന്ന ചില ചരിത്ര ഗവേഷകരുടെ അവകാശവാദം ആണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിഒരുക്കിയത്.

Advertisements

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ആണ് സമുദ്രനിരപ്പില്‍ നിന്നും 885 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന Gunung Padang നിലകൊള്ളുന്നത്. 1914 മുതല്‍ ഈസ്ഥലത്തെ കുറിച്ച് അറിവ്കിട്ടിയെങ്കിലും ഗവേഷകര്‍ ഈ മലയെ കൂടുതല്‍ പഠിക്കുവാന്‍ തുടങ്ങിയത് അടുത്തകാലത്ത്‌ ആണ് . ഈ കുന്നിനു ചുറ്റും മുകളിലേക്ക് അനേകം പടവുകള്‍ ഉണ്ട്. കുറച്ചു പടവുകള്‍ക്കു ശേഷം ഒരുചെറിയ നിരപ്പ് ..പിന്നെയും പടവുകള്‍ … പിന്നെയും നിരപ്പ്…..അങ്ങിനെ ഏകദേശം നാനൂറോളം പടവുകള്‍ നൂറു മീറ്ററോളം ഉയരംവരെ ഉണ്ട്. പടവുകള്‍ എല്ലാം തന്നെ അഗ്ന്നിപര്‍വ്വതജന്യ ശിലകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് (Andesite). എന്നാല്‍പ്രാദേശിക Sundanese ഗോത്രകാരുടെ വിശ്വാസം എന്തെന്നാല്‍, ഈ പടവുകള്‍ ആയിരത്തി നാനൂറുകളില്‍ സിലിവങ്കി രാജാവ് ( King Siliwangi) ഒറ്റരാത്രി കൊണ്ട് ഒരുകൊട്ടാരം നിര്‍മ്മിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ അവശിഷ്ടങ്ങള്‍ ആണ് ഇതെന്നാണ് . അകലെയുള്ള, ഇവരുടെ വിശുദ്ധ മലയും, അഗ്നിപര്‍വ്വതവും ആയ Mount Gede ക്ക് അഭിമുഖമായി ആണ് പടവുകള്‍നിര്‍മ്മിച്ചിരിക്കുന്നത് . അതില്‍ നിന്നും ഇവിടെയുള്ളനിര്‍മ്മിതി ആരാധനക്കായി ആണ് നിര്‍മ്മിക്കപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു.

എന്നാല്‍ 2012 ല്‍ Dr Danny Hilman ഇവിടെ പര്യവേഷണം തുടങ്ങിയതോടെ ഇവിടം ലോകശ്രദ്ധ ആകര്‍ഷിച്ചു. ഈ കുന്നുനുള്ളില്‍ പിരമിഡിനു സമാനമായ ഒരു കൂറ്റന്‍പ്രാചീന നിര്‍മ്മിതി ഉണ്ട് എന്ന കണ്ടെത്തല്‍ ആയിരുന്നു ഏവരെയും ഞെട്ടിച്ചത്. കൂടുതല്‍ ഞെട്ടാന്‍ മറ്റൊരു കാരണവും കൂടെ ഉണ്ടായിരുന്നു. ഈ പിരമിഡിനു ചുരുങ്ങിയത് 9000 വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നുള്ള കാര്‍ബണ്‍ ഡെറ്റിംഗ് റിസള്‍ട്ട് ആയിരുന്നു അത്! . കാരണം ഏറ്റവും പഴയ ഈജിപ്ഷ്യന്‍ പിരമഡിന് അയ്യായിരംവര്‍ഷമേ പഴക്കം ഉള്ളൂ. കുന്നുനുള്ളില്‍ “എന്തോ” ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അതിന്‍റെകാലപ്പഴക്കത്തിന്റെ കാര്യത്തില്‍ ഗവേഷകര്‍ ഭിന്നാഭിപ്രായക്കാരാണ്.

പല കാലഘട്ടങ്ങളായി നിര്‍മ്മിച്ച ഈപിരമിഡിന്റെ ആദ്യഭാഗങ്ങള്‍ക്ക് 12,500 വര്‍ഷങ്ങള്‍ വരെ പഴക്കം ഉണ്ടെന്ന് Hilman അവകാശപ്പെടുന്നുണ്ട്. പിരമിഡിന്റെ ഒരുവശത്ത് അഞ്ച് തട്ടുകള്‍ ആണ് ഉള്ളതെങ്കില്‍ മറുവശത്ത് ചെറിയ നൂറോളം തട്ടുകള്‍ ആണ് ഉള്ളത് . വശങ്ങളിലെ ഇത്തരം തട്ടുകള്‍ക്ക് പെറുവിലെപ്രശസ്തമായ മാച്ചുപിച്ചുവിലെ തട്ടുകളോടുള്ള സാമ്യം ഏവരെയും അത്ഭുതപ്പെടുത്തുന്നു. മാത്രവുമല്ല അകത്ത് പല മുറികളും ടണലുകളും നിലവറകളും ഉള്ളതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. Danny Hilman ന്‍റെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ മനുഷ്യചരിത്രം തീര്‍ച്ചയായും തിരുത്തി എഴുതേണ്ടിവരും !

കഥയുടെ മറുവശം

കുറച്ചു കൂടുതല്‍ ഉള്ള വര്‍ഷങ്ങളുടെ കണക്കുകള്‍ മറ്റു ഗവേഷകര്‍ക്ക്‌ അത്രഎളുപ്പം ദാഹിക്കാവുന്ന ഒന്നല്ല. കാര്‍ബണ്‍ കാലഗണനയില്‍ തെറ്റ് പറ്റിയിരിക്കാം എന്നാണ് അവരുടെ അനുമാനം. 12,500 വര്‍ഷങ്ങള്‍ പഴക്കം കിട്ടിയത് നിലത്ത്നിന്നും ഏതാനും മീറ്ററുകള്‍ താഴേക്കു കുഴിച്ചു കിട്ടിയ കല്ലുകളില്‍ നിന്നാണ്. ഇത് ചരിത്രാതീതകാലത്തെഏതെങ്കിലും ലാവഒഴുക്കില്‍ രൂപപ്പെട്ടതാവം ( പിരമിഡ് നിര്‍മ്മിക്കുന്നതിനും മുന്‍പ്) എന്നാണ് മറുവാദം. കുന്നിനുള്ളില്‍ അറകള്‍ ഉള്ളതായി കാണപ്പെട്ടത് ഒഴുകിതീര്‍ന്ന പഴയ ലാവ ടണലുകള്‍ ആവാം . കുന്നിന്‍റെ വശങ്ങളില്‍ ഉള്ള തട്ടുകള്‍ മനുഷ്യനിര്‍മ്മിതമാവാം എന്നാല്‍ കുന്ന് അങ്ങിനെ ആകണമെന്നില്ല. ഈ സ്ഥലത്ത് നിന്നും 7000 വര്‍ഷങ്ങള്‍ പഴക്കമുള്ള , എല്ലുകള്‍ കൊണ്ടുള്ള ആയുധങ്ങള്‍ കണ്ടുകിട്ടിയതുംഹില്മാന്റെ വാദത്തിനു എതിരാണ്. ഇവിടെയുള്ളവര്‍ക്ക് 7000 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇത്തരം”കുറഞ്ഞ” ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ 9000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് അവര്‍എങ്ങിനെ ഒരുപിരമിഡ് നിര്‍മ്മിക്കും എന്നാണ് മറുചോദ്യം( ചിലരുടെ മനസ്സില്‍ ഇപ്പോള്‍ പറക്കുംതളിക, ഏലിയന്‍സ് മുതലായവ എത്തികാണും ). പക്ഷെ, വാദവും മറുവാദവും കൊഴുക്കുന്നതിനിടെ നാട്ടുകാര്‍ ഇവിടുത്തെ ഗവേഷങ്ങള്‍ക്ക് എതിരായി വന്നത് കാര്യങ്ങള്‍ സത്യമാണോ എന്ന് അറിയുവാന്‍ തടസമായി. കുന്ന് കുഴിച്ചുള്ള പഠനങ്ങള്‍ കുന്നിനെ നശിപ്പിക്കും എന്നും അത് മണ്ണിടിച്ചിലിന് കാരണമാകും എന്നും ആണ് അവര്‍ പറയുന്നത്. എന്തായാലും ഇപ്പോള്‍ ഇവിടുത്തെ സകല ‘പണികളും” സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അതായത് സത്യം അറിയുവാന്‍ നാം ഇനിയും കാത്തിരിക്കണം.

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ