ഇന്‍കാ സാമ്രാജ്യം

ഇന്‍കാ സാമ്രാജ്യം 1

പെറുവിന്റെയും ബോളീവിയയുടെയും ഇടയില്‍ വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന Titicaca തടാകം. ദക്ഷിണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഈ ഭീമന്‍ തടാകത്തില്‍ അനേകം ചെറു ദ്വീപുകള്‍ ഉണ്ട് . അതിലൊന്നാണ് Taquile ദ്വീപ് . അവിടെയിപ്പോള്‍ ഒരു ആഘോഷം നടക്കുകയാണ് . “fiesta of Santiago” എന്നാണ് അതിന്‍റെ സ്പാനിഷ് നാമം . അതായത് വിശുദ്ധ ജെയിംസിന്‍റെ (യോഹന്നാന്‍ ) പെരുന്നാള്‍ . വിവിധ രീതികളില്‍ കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇതില്‍ പങ്കെടുക്കുന്നവരും , ഇത് നേതൃത്വം കൊടുക്കുന്ന റോമന്‍ കത്തോലിക്കാ പുരോഹിതനും നില്‍ക്കുന്നത് . അവര്‍ സംസാരിക്കുന്നതാകട്ടെ Quechuan എന്ന പുരാതന ഭാഷയിലും ! ഇവരുടെ ആഘോഷവും ആചാരങ്ങളും കണ്ടു നില്‍ക്കുന്ന ഒരാള്‍ക്ക്‌ ഒരു കാര്യം മനസ്സില്‍ ആകും , ഇവര്‍ അനുവര്‍ത്തിക്കുന്നത് ശരിയായ കത്തോലിക്കാ ആചാരരീതികള്‍ അല്ലെന്ന്‍ ! എന്താണ് ഇങ്ങനെ എന്ന് ഈ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ മാറ്റി നിര്‍ത്തി ചോദിച്ചാല്‍ അയാള്‍ പറയും …. ” കാരണം ഞങ്ങള്‍ ഇന്‍കകള്‍ ആണ് ! ”

Advertisements

“അനന്ത വിശാലമായി പരന്നുകിടക്കുന്ന ഈ തടാകത്തില്‍ നിന്നാണ് ഞങ്ങളുടെ ദേവന്‍ Viracocha ഉയര്‍ന്ന് വന്നതും , ഈ ദ്വീപില്‍ വെച്ചാണ് ഈ ലോകത്തുള്ള മനുഷ്യരെ മുഴുവനും സൃഷ്ടിച്ചതും ! ”

ആരാണ് ഈ ഇന്‍കകള്‍ ? ഇവര്‍ പുരാതന അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്രാജ്യം പടുത്തുയര്‍ത്തിയവര്‍ ആണ് . സ്വന്തമായി ഒരു ഭാഷയും സംസ്ക്കാരവും മതവും എല്ലാം ഉണ്ടായിരുന്നവര്‍ ആണ് . അപ്പോള്‍ ഇന്നിവര്‍ എവിടെ ? അവര്‍ ഇവിടെ തന്നെയുണ്ട്‌ …. വിശാലമായി പടര്‍ന്ന് പരന്നൊഴുകുന്ന സ്പാനിഷ് സംസ്ക്കാരത്തില്‍ അവിടെയും ഇവിടെയുമുള്ള ചെറു തുരുത്തുകളില്‍ !

പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള ഇന്കകളുടെ ചരിത്രം ഏറെക്കുറെ നമ്മുക്ക് അറിയാം . പക്ഷെ അതിന് മുന്‍പ് ഉള്ളവ വാമൊഴിയായി പറഞ്ഞു പകര്‍ന്നു വന്നതും പിന്നെ ഊഹാപോഹങ്ങളും ആണ് . ക്രിസ്തുവിനു ശേഷം ഏതാണ്ട് ആയിരത്തി ഇരുന്നൂറുകളില്‍ ആണ് എഴുതപ്പെട്ട ഇന്‍കാ ചരിത്രം ആരംഭിക്കുന്നത് . ആ സമയത്ത് Manco Capac എന്നൊരു വീര പുരുഷന്‍ ഇന്കകളുടെ ഇടയില്‍ നിന്നും ഉദയം ചെയ്തു . ചിതറി പാര്‍ത്തിരുന്ന ഇന്കകളെ ഒരുമിപ്പിച്ച് ഒരു കുടക്കീഴില്‍ ആക്കിയ മാന്കോ , Cusco എന്ന പ്രദേശം ആക്രമിച്ച് കീഴടക്കി തന്‍റെ തലസ്ഥാനമാക്കി . അങ്ങിനെ Manco Capac ഇന്‍കാ സാമ്രാജ്യ സ്ഥാപകന്‍ ആയി . ഇദ്ദേഹം Ayar Manco എന്നും അറിയപ്പെട്ടു . പിന്നീട് നഗരമായി മാറിയ Cusco യിലെ ആദ്യ വീട് മാന്കോ സ്വന്തം കൈയ്യാല്‍ തന്നെയാണ് പണിതത് എന്നാണ് ഇന്കകളുടെ വിശ്വാസം . 1400 AD വരെയുള്ള കാലങ്ങളില്‍ ഇന്‍കകള്‍ Cusco നഗരത്തിലേക്ക് വന്നു ചേര്‍ന്നുകൊണ്ടിരുന്നു . അങ്ങിനെ Cusco എല്ലാ ഇന്കകളുടെയും നഗരമായി മാറി . ഇക്കാലങ്ങളില്‍ മറ്റൊരക്രമത്തിനും മുതിരാതെ സ്വന്തം കാര്യങ്ങള്‍ മാത്രമാണ് ഇവര്‍ നോക്കിയിരുന്നത് . മറ്റുള്ള രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കുന്നതില്‍ ആ സമയത്ത് ഇന്‍കകള്‍ ഒട്ടും തല്‍പ്പരര്‍ ആയിരുന്നില്ല . എന്നാല്‍ Sapa Inca (paramount leader) എന്നറിയപ്പെട്ടിരുന്ന Pachacuti-Cusi Yupanqui (ഭൂമി വിറപ്പിക്കുന്നവന്‍ ) അധികാരത്തില്‍ വന്നതോട് കൂടി കാര്യങ്ങള്‍ മാറി മറിഞ്ഞു . അദ്ദേഹം ഇതര വര്‍ഗ്ഗക്കാരെ ആക്രമിച്ച് കീഴടക്കി അവരുടെ പ്രദേശങ്ങള്‍ ഇന്‍കാ സാമ്രാജ്യത്തോട് ചേര്‍ക്കുവാന്‍ ആരംഭിച്ചു . ഇദ്ദേഹമാണ് സമുദ്ര നിരപ്പില്‍ നിന്നും 2,430 മീറ്റര്‍ ഉയരത്തില്‍ ലോക പ്രശസ്തമായ മാച്ചു പിച്ചു (Machu Picchu) എന്ന കാര്‍ഷിക നഗരം പണി കഴിപ്പിച്ചത് (AD 1450). ( ആരുമറിയാതെ കിടന്നിരുന്ന , മല മുകളിലെ ഈ വിസ്മയം അമേരിക്കന്‍ ചരിത്ര ഗവേഷകനായ Hiram Bingham ആണ് 1911 ല്‍ വീണ്ടും ലോകത്തിനു മുന്‍പില്‍ തുറന്ന് കാട്ടിയത് ). ഇദ്ദേഹം രാജ്യത്തെ നാല് പ്രവിശ്യകളായി തിരിക്കുകയും , അവ ഭരിക്കുവാന്‍ ഓരോ ഗവര്‍ണ്ണര്‍മ്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു .

വളരെ വ്യത്യസ്തമായ ആക്രമണ രീതികളാണ് ഇക്കാലത്ത് ഇന്‍കകള്‍ അവലംബിച്ചിരുന്നത് . ശത്രു രാജ്യങ്ങളിലേക്ക് അനേകം ചാരന്മ്മാരെ വിട്ട് അവരുടെ സമ്പൂര്‍ണ്ണ ചരിത്രം പഠിക്കും . എന്നിട്ട് ചിലത് ആക്രമിച്ച് കീഴടക്കും , ചില നേതാക്കന്മ്മാര്‍ക്ക് വില പിടിപ്പുള്ള സാധനകള്‍ കൊടുത്ത് രാജ്യം ചുളുവില്‍ അടിച്ചു മാറ്റും ! മറ്റു ചിലത് ഭീഷണിപ്പെടുത്തി സ്വന്തമാക്കും . ഇങ്ങനെ കീഴടക്കപ്പെട്ടവര്‍ക്ക് അവരുടെ രാജ്യം തുടര്‍ന്നും ഭരിക്കുവാന്‍ അവകാശം ഉണ്ട് . പക്ഷെ അടുത്ത ഭരണാധികാരിയായ മകനെ പഠിക്കുവാന്‍ ഇന്‍കാ തലസ്ഥാനമായ Cusco നഗരത്തിലേക്ക് പറഞ്ഞു വിടണം . അവിടെ അവനെ ഇന്‍കാ രീതികളും ആചാരങ്ങളും ഭാഷയും പഠിപ്പിക്കും . മിടുക്കനെങ്കില്‍ ഒരു ഇന്‍കാ രാജകുമാരിയെ തന്നെ കല്യാണം കഴിപ്പിച്ചു കൊടുക്കും . തങ്ങള്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ഇന്‍കാ സംസ്കാരം വ്യാപിപ്പിക്കുവാന്‍ ഇവര്‍ കൈക്കൊണ്ട ചില “അതി ബുദ്ധികളില്‍ ” ഒന്നാണിത് !

Cusi Yupanqui നു ശേഷം അധികാരത്തില്‍ വന്ന മകനായ Tupac Inca Yupanqui ഉം സാമ്രാജ്യം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് . ഇദ്ദേഹത്തിന്‍റെ മകനായ Huayna Capac ന്‍റെ കാലത്ത് ഇന്‍കാ സാമ്രാജ്യം അതിന്‍റെ പരമകോടിയില്‍ എത്തി (1493 AD). ഇന്നത്തെ ഇക്വഡോറും , കൊളംബിയയും പെറുവും, ബൊളീവിയയും , ചിലെ യുടെ ചില ഭാഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇവരുടെ സാമ്രാജ്യം! അങ്ങിനെ ഇരിക്കെ 1526 ല്‍ അവിചാരിതമായത് സംഭവിച്ചു ! Francisco Pizarro യുടെ നേതൃത്വത്തില്‍ സ്പയിന്‍കാര്‍ ഇന്‍കാ സാമ്രാജ്യത്തില്‍ കാലു കുത്തി ! ഇതിനിടക്ക്‌ Huayna Capac പ്ലേഗ് ( ചിലര്‍ വസൂരി എന്നും പറയുന്നു ) മരിച്ചു . ഇന്കകളുടെ ഇടയില്‍ ഇല്ലാതിരുന്ന വസൂരിയുടെ അണുക്കള്‍ സ്പാനിഷ് അധിനിവേശക്കാര്‍ ഇവര്‍ക്ക് ആദ്യമായി കൊടുത്ത ” സമ്മാനങ്ങളില്‍ ‘ ഒന്നായിരുന്നു ! ഇതിനിടെ സ്പെയിനിലേക്ക് തിരിച്ച് പോയ പിസാറോ , ഇസബെല്ലാ രാജ്ഞിയുടെ കയ്യില്‍ നിന്നും ഇന്‍കാ സാമ്രാജ്യം “കീഴടക്കാനുള്ള ” അനുമതി ഔദ്യോഗികമായി സമ്പാദിച്ചു കഴിഞ്ഞിരുന്നു ! ആ സമയത്ത് ഇന്‍കകള്‍ക്കിടയില്‍ തകര്‍ച്ചയുടെ ” ലക്ഷണങ്ങള്‍ ‘ പ്രത്യക്ഷപ്പെട്ടു തുടങ്ങി . മരിച്ച് പോയ Huayna Capac ന്‍റെ മക്കള്‍ അധികാരത്തിനായി കലാപം തുടങ്ങിക്കഴിഞ്ഞിരുന്നു ( 1532).

Advertisements

ഇതിനിടയിലൂടെ ഇന്‍കാ സാമ്രാജ്യത്തില്‍ കടന്നു കൂടിയ വസൂരി “പ്രജകളില്‍ മുക്കാല്‍ പങ്കും ആളുകളെയും ബാധിച്ചിരുന്നു . ഫ്രാന്‍സിസ്ക്കോ പിസാറോക്ക് അധികം മിനക്കടെണ്ടി വന്നില്ല എന്ന് സാരം ! 168 ആളുകളും 27 കുതിരകളുമായി വിശാലമായ ഇന്‍കാ സാമ്രാജ്യത്തില്‍ കാലെടുത്തു വെച്ച പിസാറോക്ക് പക്ഷെ ചില കാര്യങ്ങളില്‍ മുന്‍‌തൂക്കം ഉണ്ടായിരുന്നു . നൂറ്റാണ്ടുകളായി സ്പെയിന്‍ എന്ന രാജ്യം ആര്‍ജ്ജിച്ച യുദ്ധ തന്ത്രങ്ങള്‍ അദ്ദേഹത്തെ ഒരുപാട് സഹായിച്ചു . മാത്രവുമല്ല ഇന്‍കാ സാമ്രാജ്യത്തിലെ ചെറു രാജ്യങ്ങള്‍ “സ്വാതന്ത്ര്യം ” മോഹിച്ചു നില്‍ക്കുന്ന സമയം കൂടി ആയിരുന്നു അത് . പിസാറോ, ഇന്‍കാ സാമ്രാജ്യത്തിന്‍റെ ഒരറ്റം പതുക്കെപ്പതുക്കെ വിഴുങ്ങുന്ന സമയത്ത് , ഇന്‍കാ രാജാക്കന്മ്മാര്‍ തമ്മിലുള്ള അടിപിടി അവസാനിച്ചിരുന്നു .Huayna Capac ന്‍റെ മക്കളില്‍ ഒരുവനായ Atahualpa ആണ് അവസാനം വിജയിച്ചത് ( അദ്ദേഹത്തിന്‍റെ സൈന്യത്തില്‍ ആ സമയത്ത് ഏകദേശം 80,000 യോദ്ധാക്കള്‍ ഉണ്ടായിരുന്നു ! ). തക്കം നോക്കിയിരുന്ന പിസാറോ തന്‍റെ വിശ്വസ്തരായ കുറച്ചു അനുചരരെയും കൂട്ടി Atahualpa നെ കാണുവാന്‍ ചെന്നു . തങ്ങളെ അനുസരിക്കണമെന്നും Atahualpa ക്രിസ്തുമതത്തിലേക്ക് മാറണമെന്നും പിസാറോ “നല്ല ഭാഷയില്‍ ” പറഞ്ഞെങ്കിലും പരിഭാഷയില്‍ ഉള്ള കൃത്യത കുറവ് കാരണം Atahualpa ക്ക് കാര്യങ്ങള്‍ നേരെ ചൊവ്വേ മനസ്സിലായില്ല എന്നാണ് ഗവേഷകര്‍ കരുതുന്നത് . എന്തായാലും ഇന്‍കാ രാജാവിന്‍റെ പെരുമാറ്റം പിസാറോക്ക് അപമാനമായി തോന്നുകയാണ് ഉണ്ടായത് . പിന്നീടുണ്ടായ Cajamarca യുദ്ധത്തില്‍ പിസാറോ Atahualpa യെ തടവുകാരനായി പിടിച്ചതോടെ ( November 16, 1532) ഔദ്യോഗിക ഇന്‍കാ സാമ്രാജ്യത്തിനു അന്ത്യമായി .

താന്‍ കിടക്കുന്ന മുറി നിറക്കാനുള്ള സ്വര്‍ണ്ണവും അതിന്‍റെ ഇരട്ടി വെള്ളിയും Atahualpa പിസാറോക്ക് നല്‍കിയെങ്കിലും അദ്ദേഹത്തെ വിട്ടയച്ചില്ല . ഇതിനിടക്ക്‌ Atahualpa യുടെ ശത്രുവും സഹോദരനുമായ Huáscar വധിക്കപ്പെട്ടത് Atahualpa യുടെ രഹസ്യ ഉത്തരവിന്‍ പ്രകാരമാണെന്നും പറഞ്ഞ് അദ്ദേഹത്തെ 1533 ആഗസ്റ്റ്‌ മാസത്തില്‍ സ്പെയിന്‍കാര്‍ വധിച്ചു . പിന്നീട് Atahualpa യുടെ മറ്റൊരു സഹോദരനായ Manco Inca Yupanqui യെ അധികാരത്തില്‍ പ്രതിഷ്ടിച്ചു . ആദ്യം കുറച്ചു നാള്‍ മാന്കോ സ്പാനിഷുകാരുടെ “പാവ ” ആയി അഭിനയിച്ചുവെങ്കിലും അവസാനം പൊറുതി മുട്ടി അവരുമായി ഇടഞ്ഞു . പക്ഷെ നിരന്തര കലഹങ്ങള്‍ക്കൊടുവില്‍ അവസാനം അദ്ദേഹത്തിന് Vilcabamba മലനിരകളിലേക്ക് ഓടിപ്പോകേണ്ടി വന്നു . അവിടെ 36 വര്‍ഷങ്ങള്‍ മാന്കൊയും മക്കളും ” പ്രവാസി ” ഗവന്‍മെണ്റ്റിനെ നയിച്ചു . പക്ഷെ 1572 ല്‍ മാന്കൊയുടെ മകനും, അവസാന ഇന്‍കാ ഭരണാധികാരിയും ആയിരുന്ന Túpac Amaru വധിക്കപ്പെട്ടതോട് കൂടി ഇന്‍കാ ഭരണം എന്നന്നേക്കുമായി അവസാനിച്ചു .

സ്പെയിന്കാരെക്കാള്‍ കൂടുതല്‍ ഇന്കകളെ കൊന്നൊടുക്കിയത് അവര്‍ കൊണ്ടുവന്ന വസൂരി പോലുള്ള രോഗങ്ങളായിരുന്നു എന്നതാണ് വാസ്തവം . സ്പാനിഷുകാര്‍ സാമ്രാജ്യം തച്ചുടച്ചപ്പോള്‍ , വസൂരി പ്രജകളെ കൊന്നൊടുക്കി . സ്പാനിഷ് അധിനിവേശത്തിന് മുന്‍പുള്ള ഇന്കകളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നമ്മുക്ക് ലഭ്യമാകാത്തതിനു പല കാരണങ്ങള്‍ ഉണ്ട് . അവരുടെ ഭാഷ ആയ Quechua ക്ക് ഒരു ലിപി ഉണ്ടായിരുന്നില്ല . അതുകൊണ്ട് “എഴുതപ്പെട്ട ” ചരിത്രം ലഭ്യമല്ല . ഇവരുടെ നഗരങ്ങളും കൃഷിയിടങ്ങളും മറ്റും നിരന്തര യുദ്ധങ്ങളുടെ ഫലമായി തീര്‍ത്തും നാമാവിശേഷമായി . സാംസ്കാരിക അധിനിവേശത്തിന്റെ ഭാഗമായി സ്പാനിഷുകാര്‍ അതിന് മുന്‍കൈ എടുത്തിരിക്കാം . എന്നാല്‍ ചില കാര്യങ്ങള്‍ കാലത്തെയും അതി ജീവിക്കും ….. ഇന്ന് Taquile ദ്വീപിലെ ഇന്‍കകളുടെ മുദ്രാ വാക്യം ഇതാണ് ……

” ama sua, ama llulla, ama qhilla…”

“do not steal, do not lie, do not be lazy”

ചില ഇന്‍കാ വസ്തുതകള്‍ ചുരുക്കത്തില്‍ …

1 .ഇന്ന് Quechua ഭാഷ സംസാരിക്കുന്ന എട്ട് മില്ല്യന്‍ ആളുകള്‍ ദക്ഷിണ അമേരിക്കയില്‍ ഉണ്ട് .

2 . ഇന്‍കാ രാജാവായിരുന്ന Sapa Inca, സൂര്യദേവനായ Inti യുടെ മകന്‍ ആണെന്നാണ്‌ സങ്കല്‍പ്പം.

3. ഇന്‍കാ എന്നാല്‍ അധികാരി എന്നാണ് അര്‍ഥം .

4 . ഇന്‍കകള്‍ അവരുടെ സാമ്രാജ്യത്തെ വിളിച്ചിരുന്നത്‌ Tahuantinsuyu എന്നാണ് ( നാല് പ്രവിശ്യകളുടെ നാട് )

5. ഇവര്‍ നരബലികള്‍ നടത്തിയിരുന്നു ( ശുശുക്കള്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു )

6. മരണമടഞ്ഞവരെ മമ്മിഫൈ ചെയ്യുന്ന രീതി ഇവര്‍ക്കുണ്ടായിരുന്നു .

കൂടുതല്‍ വായനക്ക് …

1 . www.ancient.eu/Inca_Civilization
2. www.crystalinks.com/inca_civilization.html
3. www.ushistory.org/civ/11c.asp

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ