സൂര്യനെ നേര്‍വഴിക്ക് കൊണ്ടുവന്ന ഒരു ഗ്രാമത്തിന്‍റെ കഥ

സൂര്യനെ നേര്‍വഴിക്ക് കൊണ്ടുവന്ന ഒരു ഗ്രാമത്തിന്‍റെ കഥ 1

വടക്കൻ ഇറ്റലിയിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ് Viganella. പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comune) ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് താമസിക്കുന്നത് . ഒരു സാധാരണ ഇറ്റാലിയന്‍ ഗ്രാമത്തിനുള്ള എല്ലാ പ്രത്യേകതകളും , സൗകര്യങ്ങളും Viganella ക്ക് ഉണ്ടായിരുന്നു ; ഒന്നൊഴിച്ച് ! എന്താണെന്നോ ? സൂര്യപ്രകാശം !!!! ങേ ! ഇങ്ങനെയൊരു സ്ഥലമോ എന്ന് ചിന്തിച്ചേക്കാം . പക്ഷെ സത്യമാണ് , പക്ഷെ ഈ പ്രകാശമില്ലായ്മ്മ എപ്പോഴുമില്ല . വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ആണ് പ്രശനം. സൂര്യഗ്രഹണം പോലെ ഒരു ഭീമന്‍ നിഴല്‍ വന്ന് ഈ ഗ്രാമത്തെ മൂടും . ഇത് ഉണ്ടാക്കുന്നതോ , ചുറ്റുമുള്ള മലകളും ! ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ സൂര്യനെ മറയ്ക്കുന്നതാണ് പ്രശനം . ശീതകാലം തുടങ്ങുമ്പോള്‍ ആണ് ഈ ഗതികേട് ആരംഭിക്കുന്നത് . നവംബർ പതിനൊന്നിന് അസ്തമിക്കുന്ന സൂര്യനെ ഇവർ പിന്നീട് കാണുന്നത് ഏകദേശം എണ്‍പത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫെബ്രുവരി രണ്ടിനാണ് ! അത്രയും നാള്‍ പകല്‍ എന്ന് വെച്ചാല്‍ ഒരു ഇരുണ്ട സന്ധ്യ ആണ് ഇവര്‍ക്ക് . നേരിട്ടുള്ള സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ അത്രയും ദിവസത്തെ ജീവിതം ബുദ്ധിമുട്ട് തന്നെ ആയിരുന്നു. വൈറ്റമിന്‍ D യുടെ അഭാവം ഉണ്ടാകുമോ എന്ന് പേടിച്ച് കഴിയുന്ന ദിവസങ്ങളിലെല്ലാം മല മുകളിലേക്ക് വണ്ടിയോടിച്ചു കയറ്റി സൂര്യപ്രകാശം കൊള്ളുന്നത്‌ ഇവര്‍ ഒരു ശീലമാക്കി മാറ്റി . ഇതിനൊന്നും കഴിയാത്ത ആളുകള്‍ അവിടെ നിന്നും മാറി താമസിക്കുവാനും തുടങ്ങി. ഇങ്ങനെ പോയാല്‍ ഗ്രാമം വിജനമാകും എന്നൊരു അവസ്ഥ വന്നപ്പോള്‍ ഇതിനൊരു പരിഹാരം കാണണം എന്ന തീരുമാനത്തില്‍ അവര്‍ എത്തി . അവസാനം ഒരു നിര്‍ദ്ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി . മലക്ക് അപ്പുറത്ത് നിന്നും ഒളിച്ചു നിന്ന് ചിരിച്ചു കാണിക്കുന്ന സൂര്യനെ സൂത്രത്തില്‍ ഗ്രാമത്തിലേക്ക് കൊണ്ടുവരുക ! എങ്ങിനെയെന്നോ ? മല മുകളില്‍ കൂറ്റന്‍ ദര്‍പ്പണങ്ങള്‍ വെക്കുക . അവ പകല്‍ സമയം സൂര്യപ്രകാശം ഗ്രാമത്തിലേക്ക് പ്രതിഫലിപ്പിക്കും .
അങ്ങിനെ ആ കണ്ണാടിയുടെ നിര്‍മ്മാണം ആരംഭിച്ചു .ഈ ഭീമൻ കണ്ണാടി എപ്പോഴും സൂര്യനെ അനുഗമിച്ച് കറങ്ങി കൊണ്ടേ ഇരിക്കും (heliostat). 8 m വീതിയും 5 m ഉയരവും ഉള്ള ഈ കണ്ണാടിയിൽ സ്റ്റീലിന്റെ 14 ഷീറ്റുകൾ ആണ് ഉള്ളത്. രണ്ടായിരത്തി ആറ് ഡിസംബറില്‍ (17) ഗ്രാമവാസികള്‍ ഈ കമ്പ്യൂട്ടര്‍ നിയന്ത്രിതദര്‍പ്പണം ഉത്ഘാടനം ചെയ്തു . ദിവസം ആറ് മണിക്കൂറാണ് കണ്ണാടി ഗ്രാമത്തിലേക്ക് പ്രകാശം ചൊരിയുന്നത് എല്ലായിടത്തും വെളിച്ചം ലഭിക്കുന്നില്ലെങ്കിലും പള്ളിയും പ്രധാന തെരിവും പ്രകാശ മയമാക്കാൻ ഇതിന് സാധിക്കും .Giacomo Bonzani എന്ന ആര്‍ക്കിടെക് റ്റ് ആണ് ഇത് രൂപകല്‍പ്പന ചെയ്തത് . Emilio Barlocco ആയിരുന്നു എഞ്ചിനീയര്‍ . ആകെ ചെലവ് ഒരുലക്ഷം യൂറോ . നഷ്ടപെട്ട ദിനങ്ങൾ തിരികെ കിട്ടി എന്നാണ് ഗ്രാമവാസികൾ ഇപ്പോൾ പറയുന്നത് . എല്ലാ വര്‍ഷവും ഡിസംബര്‍ 17 “day of the light” ആയി ആഘോഷിക്കുകയാണ് ഇവര്‍ ഇപ്പോള്‍ .

Advertisements

ഇതേ അവസ്ഥ തന്നെയാണ് നോര്‍വയിലെ Rjukan ഗ്രാമവാസികള്‍ക്കും ഉണ്ടായിരുന്നത് . അവര്‍ക്കാകട്ടെ ഏകദേശം ആറു മാസം ആയിരുന്നു വെളിച്ചമില്ലാതെ തള്ളി നീക്കെണ്ടിയിരുന്നത് . അപ്പോഴാണ്‌ മുകളില്‍ വിവരിച്ച ഇറ്റാലിയന്‍ വിജയഗാഥ ഇവര്‍ കേട്ടത് . പിന്നെ ഒട്ടും അമാന്തിച്ചില്ല , അവരും ഘടിപ്പിച്ചു ഒരു കൂറ്റന്‍ ദര്‍പ്പണം . ഇതിനാല്‍ ഏകദേശം 600 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഇപ്പോള്‍ സൂര്യപ്രകാശം എത്തുന്നുണ്ട് . 2013 ഒക്ടോബറില്‍ ആണ് ഇത് പൂര്‍ത്തിയായത് . എന്തായാലും സൂര്യനെ “കയ്യിലാക്കിയതിന്റെ ” ആഹ്ലാദത്തില്‍ ആണ് ഇരു ഗ്രാമങ്ങളും ഇപ്പോള്‍ !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ