ഇന്‍ഫിനിറ്റി കുളങ്ങളെ കുറിച്ച്

ഇന്‍ഫിനിറ്റി കുളങ്ങളെ കുറിച്ച് 1

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വിലയേറിയ കസിനോ ആണ് സിംഗപ്പൂരിലെ Marina Bay Sands Hotel. അതിന്റെ ഏറ്റവും മുകളിലത്തെ നിലയായ സ്കൈ പാർക്കിൽ (Skypark) നിന്നുള്ള ഒരു ദൃശ്യമാണ് ഈ ചിത്രത്തിൽ കാണുന്നത് ! മാനം മുട്ടെ ഉയരത്തിൽ തുളുമ്പി നിറഞ്ഞൊഴുകുന്ന ഒരു ജലായശയം ! അതിൽ നീന്തി രസിക്കുന്ന ടൂറിസ്റ്റുകൾ …. ഇപ്പോൾ താഴെ പോകും എന്ന രീതിയിൽ അതിന്റെ അരികിൽ നിന്നും വിശാലമായ നഗരം വീക്ഷിക്കുന്ന ആളുകൾ ! ഒരു ഫോട്ടോഷോപ്പ് ട്രിക്ക് അല്ലേ എന്ന് നാം ചിന്തിച്ചു പോയേക്കാമെങ്കിലും സത്യം അതല്ല ! Infinity edge pool എന്ന് പേര് ചൊല്ലി വിളിക്കുന്ന എന്ജിനീയറിംഗ് നിർമ്മിതിയാണ്‌ നാം കാണുന്നത് ! ഒരു സാധാരണ നീന്തൽ കുളത്തെക്കാൾ എന്ത് പ്രത്യേകതയാണ് Infinity edge pool ന് ഉള്ളത് ? ഒന്നാമത്തെ പ്രത്യേകത നാം ഇവിടെ കാണുന്ന ഈ മായകാഴ്ച തന്നെയാണ് . ഒരു സാധാരണ കുളത്തിന് ഈ “അനുഭൂതി ” സൃഷ്ടിക്കുവാൻ സാധിക്കില്ല . പിന്നെ എങ്ങിനെയാണ് അനന്ത വിശാലതയിലേക്ക്‌ അലിഞ്ഞ് ചേരുന്ന ഈ സ്പെഷ്യൽ എഫെക്റ്റ് ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം . നാം കാണുന്ന സാധാരണ നീന്തൽ കുളങ്ങളിൽ ഒക്കെയും നിശ്ചലമായ ജലവിതാനം ആണ് ഉള്ളത് . അതിൽ ഒരു പുതുമ സൃഷ്ടിക്കുവാൻ ചിലർ ” നിറഞ്ഞൊഴുകുന്ന ” (deck level pool or overflow pool) കുളങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി . നിറഞ്ഞൊഴുകുന്ന ജലം, കുളത്തിന്റെ അതേ ഉയരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു അരിപ്പയിലേക്ക് വീഴുകയാണ് ചെയ്യുന്നത് ( നമ്മുടെ കുളിമുറിയിലെ വെള്ളം, മുറിയുടെ മൂലയ്ക്കുള്ള അരിപ്പയിൽ (Mesh ) ഒഴുകി വീഴുന്നത് പോലെ ). എന്നാൽ കടലിനോടു ചേർന്നും , ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിൽ ആകാശത്തോട് മുട്ടിയുരുമ്മിയും നീന്തൽ കുളങ്ങൾ നിർമ്മിച്ചപ്പോൾ മറ്റൊരാശയം പൂവിട്ടു . നീന്തൽ കുളത്തിന്റെ അരിക് കടലിനോടും ആകാശത്തിനോടും ചേർന്ന് നിന്നാൽ …. നീന്തൽ കുളത്തിന് ഒരു അരിക് ഇല്ലാതായാൽ ….. കുളത്തിൽ നീന്തുന്നവർ കടലിൽ നീന്തുന്നതായി തോന്നും !! ജലം ഒഴുകി ആകാശത്തിൽ ചേരുന്നതായി തോന്നും !!! അപ്പോൾ ഈ അരിക് എങ്ങിനെ ഇല്ലാതാകും എന്നായി ചിന്ത . മുൻപ് പറഞ്ഞ , “കവിഞ്ഞൊഴുകുന്ന ” overflow pool നു അരികില്ല . കാരണം അരികിൽ കൂടെ ജലം പുറത്തേക്ക് ഒഴുകുകയാണെല്ലോ ! പക്ഷെ അത് കഴിഞ്ഞ് ജലം ഒഴുകിയിറങ്ങുന്ന അരിപ്പ വെച്ചിട്ടുണ്ട് . അപ്പോൾ അത് കാഴ്ച്ചയെ തടസപ്പെടുത്തും എന്ന് മനസ്സിൽ ആയി . കവിഞ്ഞൊഴുകുന്ന ജലത്തിന്റെ അതെ ഉയരത്തിൽ മറ്റൊന്നും കാണാൻ പാടില്ല . അപ്പോൾ അടുത്ത ആശയം ഉദിച്ചു . അരികിലുള്ള തടയണയുടെ (weir) മുകളിലൂടെ കവിഞ്ഞൊഴുകുന്ന ജലം അരിപ്പയിലേക്ക് പോകേണ്ട , പകരം കുറച്ചു താഴെ മറ്റൊരു ചെറു കുളത്തിലേക്ക്‌ പോയാലോ (catch basin) ! (അവിടെ നിന്നും ജലം തിരികെ പമ്പ് ചെയ്തു കയറ്റുകയും ആവാം ). അങ്ങിനെ ആയാൽ നീന്തുന്നവർക്കു കുളത്തിന്റെ അരിക് ദൃശ്യമാവുകയുമില്ല , ജലം അനന്തമായ കടലിലെക്കോ ആകാശത്തെക്കോ ലയിച്ച് ചേരുന്ന പ്രതീതി ഉളവാകുകയും ചെയ്യും ! (ആദ്യത്തെ കമ്മന്റ് ചിത്രം നോക്കിയാൽ കാര്യം പിടികിട്ടും ) അരികില്ലാതെ അന്തന്തമായി ” പരന്നൊഴുകുന്ന ” ഇത്തരം കുളങ്ങൾക്കു പറയുന്ന പേരാണ് Infinity edge pool എന്നത് . ലോകത്തിലെ ഏറ്റവും നീളമേറിയ Infinity edge pool ആണ് ചിത്രത്തിൽ കാണുന്ന Marina Bay Sands Hotel ലെ മട്ടുപ്പാവിലെ നീന്തൽ കുളം ! കവിഞ്ഞൊഴുകുന്ന ഇതിന്റെ അരികിന് 146 മീറ്റർ ആണ് നീളം . നിലത്തു നിന്നും 191 മീറ്റർ ഉയരത്തിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് .

Advertisements

ഇൻഫിനിറ്റി പൂളിന് negative edge, zero edge,infinity pool, disappearing edge, vanishing edge pool എന്നിങ്ങനെ അനേകം പേരുകൾ ഉണ്ട് . ഇതിന്റെ ഏറ്റവും വലിയ പോരായ്മ്മ , ഇത് നിർമ്മിക്കുവാനുള്ള ഭീമമായ ചെലവ് തന്നെ ആണ് . മാത്രവുമല്ല നാം ഉദ്യേശിക്കുന്ന എഫക്റ്റ് കിട്ടണമെങ്കിൽ കടൽ തീരത്തോ , ബഹുനില കെട്ടിടങ്ങളുടെ മുകളിലോ ആണ് ഇത് പണിയേണ്ടത് . വനത്തിനുള്ളിലെ ചില റിസോർട്ടുകളിലും ഇത് നിർമ്മിച്ചിട്ടുണ്ട് ( negative edge) . ചുറ്റുവട്ടവുമായി ലയിക്കുവാൻ , പരിസരങ്ങളിലെ നിറം തന്നെ കുളത്തിന് നല്കുകയും വേണം ( കാട്ടിനുള്ളിൽ പച്ച , മലമുകളിൽ നീല …). 1600 കളിൽ പാരിസിലെ Palace of Versailles ൽ നിർമ്മിച്ച “Stag Fountain” ആണ് എല്ലാ ഇൻഫിനിറ്റി പൂളുകളുടെയും അമ്മ . ഇത്തരം പൂളുകൾ മനുഷ്യൻ മാത്രമല്ല , പ്രകൃതിയും നിർമ്മിച്ചിട്ടുണ്ട് . പ്രശസ്തമായ വിക്ടോറിയ ജലപാതത്തിന് മുകളിലെ ഡെവിൽസ് പൂൾ ഇതിന് ഉദാഹരണമാണ് . ലാവോസിലെ Tat Kuang Si (Luang Prabang) ജലപാതവും ഇത്തരം ഒന്നാണ് . കടൽതീരങ്ങളിലെ പാറയിടുക്കുകളിൽ കടൽ വെള്ളം കെട്ടി നിന്ന് ഉണ്ടാവുന്ന ചില റ്റൈട് പൂളുകളും (Tide pool) നാച്ചുറൽ ഇൻഫിനിറ്റി കുളങ്ങൾ ആണ് ( ഉദാ : North Narrabeen Tidal Pool – Sydney). ഇവയുടെ എല്ലാം ചിത്രങ്ങൾ കമ്മന്റ് ആയി ഇട്ടിട്ടുണ്ട് .
***************
വയനാട്ടിലെ വൈത്തിരിയിൽ ഉള്ള Patels റിസോർട്ടിലെ ഇൻഫിനിറ്റി പൂൾ ( സുഹൃത്ത് Alex Varghese തന്നത് ) കമ്മന്റ്സിൽ ഉണ്ട് ) . കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി >>> https://goo.gl/73RUXq
****************
അടിക്കുറിപ്പ് :
=======
ഇതുപോലെ മറ്റൊരു തരം രസകരമായ കുളമുണ്ട് . Endless Pool എന്നാണ് അതിനെ വിളിക്കുക . ഇത്തരം കുളത്തിൽ ശക്തമായ ഒഴുക്ക് ഉണ്ടാവും . അതിന്റെ വേഗത നമ്മുക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം . ‘treadmill for swimmers’ എന്നാണ് ഇത്തരം കുളങ്ങളെ രസകരമായി വിളിക്കാറ് . treadmill ഒരു സ്ഥലത്ത് തന്നെ “നിന്ന് ” നടക്കാൻ നമ്മെ സഹായിക്കുമ്പോൾ, Endless Pool ശക്തമായ എതിരോഴുക്ക് സൃഷ്ടിച്ച് ഒരു സ്ഥലത്ത് തന്നെ “കിടന്നു കൊണ്ട് ” നീന്താൻ സഹായിക്കുന്നു !!!

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ