Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
YouTube Content Provider
* Blogger * Translator * Traveler

ഇന്നും തുടരുന്ന ഓക്ക് ഐലണ്ട് നിധി വേട്ട

by Julius Manuel
76 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

1795 ലെ ഒരു രാത്രി . കാനഡയിലെ Nova Scotia യിലെ കടല്‍ തീരം . Daniel McGinnis എന്ന ചെറുപ്പകാരന്‍ (18) തന്‍റെ ഫിഷിംഗ് ബോട്ടില്‍ ഏകനായി ഇരിക്കുകയാണ് . എങ്ങും ഇരുട്ട് തന്നെ . തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ഡാനിയേല്‍ ആ കാഴ്ച്ച കണ്ടത് ! അങ്ങ് എതിര്‍ വശത്ത് കടലില്‍ നിന്നും ഒരു വെളിച്ചം ! ഇടക്ക് മിന്നുന്നുണ്ടോ എന്നൊരു സംശയം . അതെ അത് അനങ്ങുന്നുണ്ട് . തൊട്ടടുത്തുള്ള ഒരു ചെറു ദ്വീപില്‍ നിന്നാണ് ആ വെളിച്ചം വരുന്നത് . ആരോ പന്തമോ റാന്തലോ മറ്റോ കത്തിച്ച് പിടിച്ചിട്ടുണ്ട് . ആ തുരുത്തില്‍ ആരും താമസിക്കുന്നില്ല എന്ന് ഡാനിനു അറിയാം . പിന്നെ ആരാണ് ? പക്ഷെ ഇപ്പോള്‍ അങ്ങോട്ട്‌ പോകുന്നത് ബുദ്ധിയല്ല . വെളുക്കട്ടെ എന്നിട്ട് നോക്കാം എന്നുറച്ച് വീട്ടിലേക്ക് തിരിച്ചു .അറിയാനുള്ള ആകാംക്ഷ മൂലം അതിരാവിലെ തന്നെ ആ ചെറുപ്പകാരന്‍ ദ്വീപിലേക്ക് തിരിച്ചു . താന്‍ സ്ഥിരമായി ബോട്ടില്‍ പോകുമ്പോള്‍ കാണാറുള്ള ഓക്ക് മരത്തിന്‍റെ അടുക്കല്‍ നിന്നാണ് രാത്രിയില്‍ വെളിച്ചം വന്നതെന്ന് ഡാനിനു അറിയാമായിരുന്നു . അവിടെ ചെന്നപ്പോള്‍ ആദ്യം പ്രത്യേകിച്ചൊന്നും കണ്ടില്ല . പക്ഷെ മരത്തിന്‍റെ തൊലി ഇളകിയിട്ടുണ്ട്‌ . സൂക്ഷിച്ചു നോക്കിയപ്പോള്‍ കയറിട്ടു വലിച്ചതാണ് എന്ന് മനസ്സില്‍ ആയി . മുകളിലേക്ക് നോക്കിയപ്പോള്‍ ചിത്രം പൂര്‍ണ്ണമായി . കപ്പിയും കയറും കൊളുത്തുമൊക്കെ അവിടെ തന്നെ ഉണ്ട് . എന്തോ വലിച്ചു കയറ്റാനോ അല്ലെങ്കില്‍ ഇറക്കാനോ ശ്രമിച്ചതാണ് . തൊട്ടടുത്ത്‌ സാമാന്യം വലിപ്പമുള്ള ഒരു കുഴി കൂടി കണ്ടപ്പോള്‍ ഡാനിയേലിന്റെ തലക്കുള്ളിലൂടെ മിന്നല്‍ പിണര്‍ പാഞ്ഞു ! അമ്മ പറഞ്ഞു തന്ന കടല്‍ കൊള്ളക്കാരുടെ കഥകള്‍ കണ്‍മുന്നിലൂടെ മിന്നി മറഞ്ഞു . ഇവിടെ ആരോ കൊള്ളമുതല്‍ കുഴിച്ചിട്ടിട്ടുണ്ട് ! അതറിയാവുന്ന ആരോ തലേ രാത്രിയില്‍ അതെടുക്കാന്‍ ശ്രമിച്ചതാണ് !

പിന്നെ ഒട്ടും താമസിച്ചില്ല നേരെ വീട്ടിലേക്ക് കുതിച്ചു . തന്‍റെ ഏറ്റവും അടുത്ത രണ്ടു കൂട്ടുകാരോട് വിവരങ്ങള്‍ ധരിപ്പിച്ചു . സംഭവം കേട്ട അവര്‍ കുഴിക്കുവാന്‍ ആവശ്യമായ ഉപകരണങ്ങളും എടുത്തുകൊണ്ടു ഡാനിയേലിനെയും കൂട്ടി വീണ്ടും ദ്വീപില്‍ എത്തി . അവര്‍ കണ്ട കുഴിക്ക് ഏകദേശം അഞ്ചു മീറ്ററോളം വ്യാസം ഉണ്ടായിരുന്നു . തലേന്ന് ആരൊക്കെയോ കിളക്കുകയും ഇറങ്ങുകയും കയറുകയും ചെയ്തതിന്‍റെ പാടുകള്‍ ദ്രിശ്യമായിരുന്നു . രണ്ടും കല്‍പ്പിച്ചു അവര്‍ കുഴിയിലേക്കിറങ്ങി . അവിടെ നിന്നും വീണ്ടും ഒന്നര മീറ്ററോളം അവര്‍ വീണ്ടും കുഴിച്ചു . അപ്പോള്‍ ഒരു പാവുകല്ല്‌ ( flagstones) ദ്രിശ്യമായി. നിധി കുഴിച്ചിട്ടവര്‍ സ്ഥാപിച്ച സ്ലാബ് ആണ് ! ആവേശ പൂര്‍വ്വം അത് തകര്‍ത്തു വീണ്ടും കുഴിച്ചു . മൂന്ന് മീറ്ററോളം ചെന്നപ്പോള്‍ അതാ വിറകുതടികള്‍ അടുക്കി വെച്ചിരിക്കുന്നു ! വര്‍ഷങ്ങള്‍ക്ക്‌ ശേഷം വന്ന് വീണ്ടും നിധി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ കുഴിക്കുന്ന ദിശ ശരിയാണോ എന്നറിയാന്‍ കൊള്ളക്കാര്‍ ചെയ്യുന്ന ഒരു പണി ആണിത് . അത്ര എളുപ്പം ദ്രവിക്കാത്ത ഡ്രിഫ്റ്റ് വുഡ് ആണ് ഇതിനു ഉപയോഗിക്കുന്നത് . ശ്രദ്ധാപൂര്‍വ്വം അതെല്ലാം മാറ്റിയ ശേഷം വീണ്ടും കുഴിക്കല്‍ തുടര്‍ന്നു . ആറാം മീറ്ററിലും ഒന്‍പതാം മീറ്ററിലും വീണ്ടും മരക്കുറ്റികള്‍ പ്രത്യക്ഷപ്പെട്ടു ! (കൃത്യമായ ഇടവേളകള്‍ ! ) . പക്ഷെ ഇനിയും താക്കണമെങ്കില്‍ തങ്ങളുടെ കയ്യില്‍ ഉള്ള ഉപകരണങ്ങള്‍ മതിയാവില്ല എന്നും കൂടുതല്‍ പണം ആവശ്യമാണ്‌ എന്നും അവര്‍ക്ക് മനസ്സില്‍ ആയി . ഈ വിവരം ആരോടും പറയരുതെന്നും പണവും ഉപകരണങ്ങളും ആളുകളും കൂട്ടി വീണ്ടും ഇവിടെ എത്തും എന്ന് പ്രതിജ്ഞ ചെയ്ത ശേഷം ആ കൂട്ടുകാര്‍ അവിടം വിട്ടു .

വീണ്ടും എട്ട് ഒന്‍പതു വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അവര്‍ അവിടേക്ക് വീണ്ടും എത്തിയത് . ഇത്തവണ കൂടെ Simeon Lynds എന്ന ബിസിനസുകാരനും ഉണ്ടായിരുന്നു . പ്രാദേശിക ലേബര്‍ ഓഫീസിന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ ആവേശപൂര്‍വ്വം കുഴിക്കല്‍ വീണ്ടും ആരംഭിച്ചു . ഇവരുടെ കൂട്ടിന് Onslow Company എന്നൊരു ഗ്രൂപ്പും എത്തി . ഇത്തവണ ആദ്യ ഘട്ടത്തില്‍ പതിനെട്ടു മീറ്റര്‍ വരെ കുഴിച്ചു . പഴയതുപോലെ മൂന്നു മീറ്റര്‍ ഇടവിട് ഇടവിട്ട്‌ അടുക്കി വെച്ച മരക്കുറ്റികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേ ഇരുന്നു ! 21 മീറ്റര്‍ കഴിഞ്ഞപ്പോള്‍ വലിയ ഒരു ഓക്കുമര പലക കണ്ടു. ചുണ്ണാമ്പു പശ കൊണ്ട് അത് ഉറപ്പിച്ചിരുന്നു . 24ആം മീറ്ററിലും ഇത് ആവര്‍ത്തിച്ചു . ആളുകളുടെ താല്‍പ്പര്യം കുറഞ്ഞു തുടങ്ങി . പക്ഷെ 27.4 മീറ്റര്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ വേറൊരു തലത്തില്‍ എത്തി ! രഹസ്യ ലിഖിതം അടങ്ങിയ ഒരു കല്ല്‌ അവിടെ നിന്നും ലഭിച്ചു ! അതോടെ ഏതോ ഒരു വന്‍ കൊള്ള മുതലിന്റെ മുകളില്‍ ആണ് തങ്ങള്‍ നില്‍ക്കുന്നത് എന്ന് അവര്‍ക്ക് തോന്നി തുടങ്ങി .ഡാനിയേലിന്റെ കൂട്ടുകാരില്‍ ഒരുവനായിരുന്ന ജോണ്‍ സ്മിത്ത് , ആ കല്ലില്‍ എഴുതിയിരുന്ന രഹസ്യ ഭാഷ ഡിക്രിപ്റ്റ് ചെയ്യിച്ചു . അതില്‍ എഴുതിയിരുന്നത് ഇങ്ങനെ ആയിരുന്നു . ” നാല്‍പ്പതു അടി താഴ്ചയില്‍ രണ്ടു മില്ല്യന്‍ പൌണ്ട്സ് കുഴിച്ചിട്ടിട്ടുണ്ട് ! ” (Forty Feet Below Two Million Pounds Are Buried) . രാത്രിയായത്തോടെ അന്നെത്തെ കുഴിക്കല്‍ ഉപേക്ഷിച്ചു സംഘം മടങ്ങി . പിറ്റേന്ന് ഞായര്‍ ആയിരുന്നു . തിങ്കളാഴ്ച ആവേശ പൂര്‍വ്വം ദ്വീപിലെത്തിയ അവര്‍ കണ്ടത് നിരാശാജനകമായ ഒരു കാഴ്ച്ച ആയിരുന്നു . തങ്ങള്‍ കുഴിച്ച കുഴി മുഴുവനും കടല്‍ വെള്ളം കയറി നിറഞ്ഞിരിക്കുന്നു ! ഏകദേശം പത്തു മീറ്റര്‍ താഴ്ച്ച വരെ ജലം നിറഞ്ഞിട്ടുണ്ട്‌ . വെള്ളം ഏതുവഴി വന്നു എന്ന് മാത്രം മനസ്സില്‍ ആയില്ല . വെള്ളം വറ്റിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു . അതോടെ ആ ഉദ്യമം പരാജയപ്പെട്ടു . ഒരു വര്‍ഷത്തിനു ശേഷം ശ്രമം പുനരാരംഭിച്ച സ്മിത്ത് , ഇത്തവണ പഴയ കുഴിക്കടുത്തു മറ്റൊരു ടണല്‍ നിര്‍മ്മിച്ച്‌ ജലം അതിലേക്കു ഒഴുക്കാന്‍ ശ്രമിച്ചു . പക്ഷെ 33.5 മീറ്റര്‍ എത്തിയപ്പോഴേക്കും പുതിയ ടണല്‍ ഇടിയുകയും രണ്ടിലും ജലം വീണ്ടും നിറയുകയും ചെയ്തു . ജോലിക്കാര്‍ കഷ്ടിച്ചാണ് രക്ഷപെട്ടത് . അതോടെ പ്രകൃതി തനിക്കു എതിരാണെന്ന് മനസ്സിലാക്കിയ സ്മിത്ത് തന്‍റെ ശ്രമം എന്നന്നേക്കുമായി ഉപേക്ഷിച്ചു .

അനേക വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1849 ല്‍ Truro Company എന്നൊരു ഗ്രൂപ്പ് നിധി കണ്ടെത്തല്‍ പുനരാരംഭിച്ചു . 26 മീറ്റര്‍ വരെ വിജയകരമായി കുഴിച്ചെങ്കിലും വീണ്ടും ടണലില്‍ ജലം നിറഞ്ഞു തുടര്‍ പര്യവേഷണം അസാധ്യമാക്കി . 1861 ല്‍ ഈ ദൗത്യം പിന്നീട് ഏറ്റെടുത്തത് Oak Island Association ആണ് . ആപ്പോഴേക്കും ഈ കുഴിക്ക് ആളുകള്‍ “Money Pit” എന്ന പേര് നല്‍കിയിരുന്നു . അസോസിയേഷന്‍കാരുടെ കുഴിക്കലില്‍ ആണ് ഈ കുഴിയുടെ ചരിത്രത്തിലെ എറ്റവും വലിയ അപകടം സംഭവിച്ചത് . കുഴിയുടെ അടിവശം താഴേക്കു ഇടിഞ്ഞ് തകര്‍ന്നു വീണു ! ഇതൊരു ട്രാപ് ആണ് എന്നാണ് ” നിധി വിദഗ്ദര്‍ ” പറയുന്നത്‌ . നമ്മള്‍ ആനയെ പിടിക്കാന്‍ വേണ്ടി പണ്ട് വെച്ചിരുന്ന വാരിക്കുഴി പോലെ ഒന്ന് . പക്ഷെ ഇത് ഭൂമിക്കടിയില്‍ ആണെന്ന് മാത്രം ! വലിയ കുഴിയുടെ നടുവില്‍ പലക കഷ്ണങ്ങളും മരക്കുറ്റികളും കുറുകെ വെച്ച് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി നിധിപ്പെട്ടികള്‍ അതില്‍ വെയ്ക്കും . ഇതറിയാതെ നിധി എടുക്കാന്‍ ഇറങ്ങുന്നവര്‍ നിധിയോടൊപ്പം കൂറ്റന്‍ ഗര്‍ത്തത്തിലേക്ക് പതിക്കും ! അങ്ങിനെ എങ്കില്‍ ഈ പേടകങ്ങളും താഴേക്കു പോയി കാണും എന്ന് ചിലര്‍ സംശയിച്ചു . ഉദ്യമത്തില്‍ നിന്നും പിന്‍മാറണോ എന്ന് സംശയിച്ചു നിന്ന സമയത്താണ് പമ്പിംഗ് എഞ്ചിന്റെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടത് . ഓക്ക് ഐലണ്ട് എന്നറിയപ്പെടുന്ന ആ ദ്വീപിലെ ആദ്യത്തെ “നരബലി ” ! അതോടെ Oak Island Association കെട്ടു കെട്ടി (1864).

പിന്നീട് അങ്ങോട്ട്‌ പര്യവേഷക സംഘങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നു . പക്ഷെ ഒന്നും ഫലം കണ്ടില്ല . അതിനിടക്ക് 1897 ല്‍ മറ്റൊരാള്‍ നിധി ഖനനതിനിടയില്‍ അപകടത്തില്‍പെട്ടതോടെ മരണം രണ്ടായി . 1909 ല്‍ പിന്നീട് അമേരിക്കന്‍ പ്രസിഡണ്ട് ആയ റൂസ്‌വെല്‍റ്റും (Franklin Roosevelt ) നിധി തപ്പി ഇവിടെ എത്തിയിരുന്നു . 1931 ല്‍ William Chappell ആണ് ഓക്ക് ഐലണ്ട് നിധി പര്യവേഷണത്തില്‍ ശ്രദ്ധേയമായ ഒരു കാല്‍ വെപ്പ് നടത്തുന്നത് . അദ്ദേഹം , ആദ്യ കുഴിയില്‍ നിന്നും കുറച്ചു തെക്ക് പടിഞ്ഞാറ് മാറി അമ്പതു മീറ്റര്‍ താഴ്ചയില്‍ മറ്റൊരു ടണല്‍ കുഴിച്ചു . ( ഇത് ഇപ്പോള്‍ Borehole 10-x എന്നാണ് അറിയപ്പെടുന്നത് ). 39 m കുഴിച്ചപ്പോള്‍ കുറച്ചു മണ്‍കലങ്ങളും ചില ആയുധങ്ങളും ചാപ്പലിനു കിട്ടിയിരുന്നു . പക്ഷെ ഇതൊക്കെ 1795 ലെ ഡാനിയേലിന്റെ കണ്ടുപിടുത്തത്തിന് മുന്‍പ് നടന്ന നിധി വേട്ടകളുടെ ശേഷിപ്പുകള്‍ ആവാം എന്നാണ് വിദഗ്ദമതം . 1965 ല്‍ Robert Dunfield ഉം കുടുംബവും 70 ടണ്ണിന്റെ കൂറ്റന്‍ ക്രെയിന്‍ ദ്വീപില്‍ എത്തിച്ച് കുഴിക്കല്‍ തുടര്‍ന്നെങ്കിലും നാല് തൊഴിലാളികളുടെ അപകട മരണങ്ങളില്‍ ആണ് അത് അവസാനിച്ചത്‌ ! 1967 ല്‍ Triton Alliance Ltd എന്ന കമ്പനി കുഴിയുടെ അടിയില്‍ ക്യാമെറ എത്തിച്ചെങ്കിലും വെളിച്ചത്തിന്‍റെ അപര്യാപ്ത്തത മൂലം പ്രയോജനപ്പെട്ടില്ല .

ഇതിനിടെ Oak Island നിധിയെപ്പറ്റി അനേകം കഥകള്‍ രൂപപ്പെട്ടിരുന്നു . അന്യഗ്രഹജീവികള്‍ , കടല്‍ കൊള്ളക്കാരായ ക്യാപ്ടന്‍ കിഡ് (William Kidd), Edward Teach (Blackbeard) എന്നിവര്‍ , അമേരിക്കന്‍ വിപ്ലവകാലത്തെ ബ്രിട്ടീഷ് ട്രൂപ്പുകള്‍ , ഫ്രീ മേസണ്‍സ് , Knights Templar , വൈക്കിങ്ങുകള്‍ തുടങ്ങിയവര്‍ക്കൊക്കെ ഇനിയും കണ്ടെടുക്കാത്ത ഈ നിധിയുടെ പ്രിതൃത്വം പലരും ആരോപിച്ചു . ബൈബിളിലെ വാഗ്ദാന പേടകം ഇവിടെയാണ്‌ ഉള്ളതെന്ന് പോലുമുള്ള കഥകള്‍ പ്രചാരത്തിലായി . ഓസ്ട്രിയന്‍ രാജ്ഞിയായിരുന്ന Marie Antoinette യുടെ രത്നങ്ങള്‍ ഇവിടെയാണ്‌ ഉള്ളതെന്ന കഥക്കും വ്യാപകമായ അംഗീകാരം ലഭിച്ചു . ഇതിനിടെ ഷേക്സ്പിയറിനും കിട്ടി ഒരു പണി ! ഷേക്സ്പിയര്‍ എഴുതിയ കൃതികള്‍ ഒക്കെയും Francis Bacon എഴുതിയതാണെന്നത്തിനുള്ള തെളിവുകളും രേഖകളും ഇവിടെ (https://en.wikipedia.org/…/Baconian_theory_of_Shakespeare_a…) കുഴിച്ചിട്ടിരിക്കുകാണെന്നും ഉള്ള കഥകളും പ്രചരിച്ചു . മറ്റൊരു രസകരമായ ആരോപണം , ഈ നിധിക്കുഴിയില്‍ ഒരു ചെറു കപ്പല്‍ കുത്തനെ കുഴിച്ചിട്ടിരിക്കുകയാണ് എന്നതാണ് ! ഓരോ മൂന്ന് മീറ്ററുകള്‍ കൂടുമ്പോഴും കാണുന്ന തടിപ്പലകകള്‍ തുഴക്കാര്‍ ഇരിക്കുന്ന പടികള്‍ ആണത്രേ ! എന്നാല്‍ ശരിക്കും നിധി ഉണ്ടെന്നും എന്നാല്‍ അടുത്തുള്ള മറ്റേതോ സ്ഥലത്ത് ആവാം എന്നും ഒരു അഭിപ്രായം ഉണ്ട് . കാരണം കുഴിയില്‍ നിന്നും കണ്ടെടുത്ത ലിഖിതം തന്നെ . ആരെങ്കിലും ഇവിടെ നിധി ഉണ്ട് എന്ന് എഴുതി ഇടുമോ എന്നാണ് ചോദ്യം . ഓക്ക് ഐലന്‍ഡില്‍ നിധി ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറ്റി ശരിക്കുള്ള സ്ഥലം മറയ്ക്കാനുള്ള അടവായി ആണ് ചിലര്‍ ഇതിനെ കാണുന്നത് . ഏഴ് പേര്‍ ഈ ദ്വീപില്‍ മരിച്ചാല്‍ മാത്രമേ നിധി പ്രത്യക്ഷപ്പെടൂ എന്ന് വിചാരിക്കുന്ന ചില മന്ത്രവാദികളും ഉണ്ട് ( ഇതുവരെ ആറു പേര്‍ ആണ് ഇവിടെ മരിച്ചിട്ടുള്ളത് ) . ഇതിനായി ആരെയും ബലി കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ഥിക്കാം . ഇതൊരു സ്വാഭാവിക പ്രകൃതി തുരങ്കം മാത്രമാണെന്ന് ചിലര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും നിധി ഇല്ലെന്നു പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല .

ഇങ്ങനൊക്കെ ആണെങ്കിലും വെറും നൂറ്റിനാല്‍പ്പത് ഏക്കര്‍ മാത്രമുള്ള ഈ ചെറു തുരുത്തിലെക്കുള്ള മനുഷ്യന്‍റെ പ്രയാണം തീര്‍ന്നു എന്ന് വിചാരിക്കാന്‍ വരട്ടെ ! Rick Lagina , Marty Lagina എന്ന് പേരുകളുള്ള രണ്ടു സഹോദരന്മ്മാര്‍ ഇപ്പോള്‍ ഈ ദ്വീപിന്റെ ഭൂരിഭാഗവും വില കൊടുത്തു വാങ്ങിയിരിക്കുകയാണ് (2006). ഇവര്‍ ഇപ്പോള്‍ ഇവിടം കുഴിക്കുവാനുള്ള Treasure Trove License നേടിയിട്ടുണ്ട് (www.facebook.com/OakIslandTreasure) .

 

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More