ലോകത്തിലെ ആദ്യ അനലോഗ് കമ്പ്യൂട്ടര്‍ !

ലോകത്തിലെ ആദ്യ അനലോഗ് കമ്പ്യൂട്ടര്‍ ! 1

വര്ഷം 1900, ഒക്ടോബര്‍ മാസം . സ്ഥലം ഈജിയന്‍ കടലിന്‍റെ തെക്കേ അറ്റത്തുള്ള Antikythera എന്ന ദ്വീപ് . കടലിനടിയില്‍ നിന്നും ലഭിക്കുന്ന സ്പോന്‍ജുകള്‍ (Sponge) മുങ്ങിയെടുക്കുന്ന സ്ഥലമാണ് ഈ ദ്വീപിന്‍റെ പരിസരത്തുള്ള കടല്‍ ഭാഗങ്ങള്‍ എല്ലാം തന്നെ . ശരീരം മുഴുവനും തുളകളും രണ്ടറ്റവും തുറന്ന കുഴലുകളും (pores and channels) ഉള്ള ഒരു ബഹുകൊശജീവി ആണ് സ്പോഞ്ച് . (നമ്മള്‍ കാറും പാത്രങ്ങളും തുടയ്കാന്‍ ഉപയോഗിക്കുന്ന സ്പോന്ജ് പോലെ തന്നെ ). ഇതുകാരണം ഇതിന്‍റെ ശരീരതിനുള്ളിലൂടെ ജലം കയറി ഇറങ്ങും . പക്ഷെ എല്ലാ സ്പോഞ്ച് വര്‍ഗ്ഗങ്ങളും നാം കരുതുന്നതുപോലെ പഞ്ഞി പോലെ ഒന്നുമല്ല ഇരിക്കുന്നത് . പക്ഷെ രണ്ടു സ്പീഷീസില്‍ പെട്ട സ്പോഞ്ച്ജീവികള്‍ (Hippospongia and Spongia) മയമുള്ളതും അതിനാല്‍ തന്നെ മനുഷ്യന് ഉപകാരപ്രദവും ആണ് . ഗ്രീക്കുകാരും റോമാക്കാരും ഇത് ദേഹം ഉരച്ചു കഴുകുവാനും , ജലം ശുദ്ധീകരിക്കാനുള്ള ഫില്‍ട്ടര്‍ ആയും , സൈനിക ഹെല്‍മറ്റിനുള്ളില്‍ ‘സുഖം ‘ വരുത്തുവാനും മറ്റും ഉപയോഗിച്ചിരുന്നു .

Advertisements

എന്തായാലും ഇത്തരം സ്പോഞ്ചുകളെ കടലില്‍ നിന്നും മുങ്ങിയെടുക്കുന്ന കപ്പലിലെ ക്യാപ്റ്റന്‍ ആയിരുന്നു ദിമിത്രിയോസ് (Captain Dimitrios Kondos). അദ്ദേഹവും അനുയായികളും 1900 ലെ ഒക്ടോബര്‍ മാസത്തില്‍ ഈജിയന്‍ കടലിലെ ഗ്രീക്ക് അധീനതയില്‍ ഉല Antikythera ദ്വീപിനടുത്ത് ഇത്തരം സ്പോഞ്ച് ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ആണ് ആ ഭാഗത്ത്‌ പഴയ ഒരു കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് . നാല്‍പ്പത്തി അഞ്ച് മീറ്ററോളം താഴ്ചയില്‍ ആയിരുന്നു അത് . പക്ഷെ ശക്തിയേറിയ കൊടുങ്കാറ്റ് അടിച്ചതോടെ അവര്‍ മടങ്ങി . എന്നാല്‍ പിന്നീട് തിരിച്ച് വന്ന ദിമിത്രിയോസ്, ഗ്രീക്ക് നാവികപ്പടയുടെ സഹായത്തോടെ കപ്പലിന്‍റെ ഭാഗങ്ങള്‍ ഓരോന്നായി തപ്പിയെടുക്കാന്‍ തുടങ്ങി . 1901 മധ്യത്തോടെ പലതരം ശില്‍പ്പങ്ങളും പാത്രങ്ങളും നാണയങ്ങളും മറ്റും അവിടെ നിന്നും ലഭിച്ചു തുടങ്ങി . അക്കൂട്ടത്തില്‍ ഒന്നാണ് “the philosopher” എന്ന പ്രതിമ .

“Youth of Antikythera (Ephebe)” എന്നറിയപ്പെടുന്ന പൂര്‍ണ്ണകായ പ്രതിമയും കൂട്ടത്തില്‍ പല ഗ്രീക്ക് ദേവന്മ്മാരുടെ പ്രതിമകളും കൂടി പിന്നീട് ലഭിച്ചു. ( ഇതെല്ലാം ഏതന്‍സിലെ National Archaeological മ്യൂസിയത്തില്‍ ഇരിപ്പുണ്ട് ). 1902 ല്‍ ഇങ്ങനെ കിട്ടിയ ശില്‍പ്പങ്ങളും മറ്റു വസ്തുക്കളും പഠിക്കവെ Spyridon Valerios Stais എന്ന ഗവേഷകന്‍ വളരെ രസകരമായ ഒരു കാര്യം ശ്രദ്ധിച്ചു . കടലില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ കൂട്ടത്തില്‍ വിചിത്രമായ ഒരു “ഉപകരണം ” കൂടി ഉണ്ട് ! ദ്രവിച്ച് തീരാറായ , കട്ടികൂടിയ ഒരു ചെമ്പ് പ്ലേറ്റ് . അതില്‍ കൊയിനെ ഗ്രീക്കില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു . അതിനോടെ ചേര്‍ന്ന് ഒരു ഗിയര്‍ വീലും ഘടിപ്പിച്ചിട്ടുണ്ട് . ഉടന്‍ തന്നെ ഇതിന്‍റെ ബാക്കി ഭാഗങ്ങള്‍ കൂടി അദ്ദേഹം കണ്ടെടുത്തു . ആകെ 82 കഷ്ണങ്ങള്‍ ! എല്ലാം കൂടി ചേര്‍ത്ത് വായിച്ചപ്പോള്‍ സ്റെയിസിനു കാര്യം പിടികിട്ടി ഇതൊരു ജ്യോതിശാസ്ത്ര ഘടികാരം ആണ് ! പക്ഷെ കൂടുതല്‍ ഒന്നും മനസ്സില്‍ ആയില്ല . പിന്നീട് ആരും ഇതിനെ പറ്റി അന്വേഷിച്ചതും ഇല്ല .

പിന്നീട് 1971 ല്‍ Derek J. de Solla Price, Charalampos Karakalos എന്നീ രണ്ടു ഗ്രീക്ക് ശാസ്ത്രഞ്ഞര്‍ ഈ 82 പീസുകളുടെയും എക്സ് റേ / ഗാമ റേ (X-ray and gamma-ray) ഫോട്ടോകള്‍ എടുത്തു . 1974 ല്‍ 70 പേജുകള്‍ ഉള്ള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു . അതനുസരിച്ച് ക്രിസ്തുവിനും ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ആണ് ഈ ഉപകരണം നിര്‍മ്മിക്കപ്പെട്ടത് . ഗ്രീസില്‍ അന്ന് ഉണ്ടായിരുന്ന സകല ഗണിത -ജ്യോതി ശാസ്ത്ര അറിവുകളുടെയും ആകെ തുക ആണ് ഈ ഉപകരണം . ഇത് ഉപയോഗിച്ച് അന്ന് അറിയപ്പെട്ടിരുന്ന ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനവും ദിശയും അറിയുവാന്‍ സാധിക്കും ! സൂര്യ ഗ്രഹണം ചന്ദ്ര ഗ്രഹണം തുടങ്ങിയ കാര്യങ്ങളും ഇതില്‍ വിഷ്വലൈസ് ചെയ്യാന്‍ പറ്റും ! ചുരുക്കത്തില്‍ ആദ്യത്തെ അനലോഗ് കമ്പ്യൂട്ടര്‍ എന്ന് വേണമെങ്കില്‍ Antikythera mechanism എന്ന് ഇന്നറിയപ്പെടുന്ന ഈ ഉപകരണത്തെ വിളിക്കാം എന്ന് ചിലര്‍ കരുതുന്നു . ഇത് Antikythera ദ്വീപില്‍ നിന്നും റോമന്‍ പടയാളികള്‍ മോഷ്ടിച്ചതാകാന്‍ ആണ് വഴി എന്ന് ചിലര്‍ കരുതുന്നു . ജൂലിയസ് സീസറുടെ വിജയാഘോഷയാത്രക്ക് (triumphal parade) കൊഴുപ്പ് കൂട്ടാന്‍ ഗ്രീക്കില്‍ നിന്നുള്ള പ്രതിമകളും കലാരൂപങ്ങളും കൊണ്ടുപോയ കൂട്ടത്തില്‍ ഇതും അടിച്ചു മാറ്റിയതാവാം എന്നാണ് കരുതപ്പെടുന്നത് . ഇതില്‍ കാണിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ആകാശ “സംഭവങ്ങളുടെ ” കാലഗണനയും ഇന്നത്തെ രീതിയില്‍ വെച്ച് നോക്കുമ്പോള്‍ തെറ്റാണ് . പക്ഷെ ഈ മെക്കാനിസം ഉണ്ടാക്കിയ കാലവും അന്നത്തെ പരിജ്ഞാനവും വെച്ച് അളന്നാല്‍ ഇതൊരു ലോകാത്ഭുതം തന്നെ ആണ് ! ആര്‍ക്കിമേടീസ് മുതലുള്ള മിക്ക ഗ്രീക്ക് സയന്റ്റിസ്റ്റുകളുടെയും മേല്‍ ഇതിന്‍റെ പ്രിതൃത്വം ആരോപിക്കപ്പെടുന്നുണ്ട് . ( ഇതിന്‍റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ ഒരു പോസ്റ്റ്‌ പോര എന്നതിനാല്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നു ) . ഗ്രീക്ക് സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ഇപ്പോള്‍ (2015) ഈജിയന്‍ കടലില്‍ ഈ ഉപകരണത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട് . ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് ഈ രണ്ടു സൈറ്റുകള്‍ ധാരാളം ആണ് >> www.antikytheramechanism.gr , www.cnccookbook.com/CCOrreryNotes.html

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ