ഡോ സത്യഭാമ ദാസ് ബിജുവും പന്നിമൂക്കന്‍ തവളയും

ഡോ സത്യഭാമ ദാസ് ബിജുവും പന്നിമൂക്കന്‍ തവളയും 1

മലയാളി ആയതുകൊണ്ട് മാത്രം മലയാളികള്‍ അറിയാത്ത ചിലര്‍ നമ്മുടെ ഇടയില്‍ ഉണ്ട് . അങ്ങിനെ ഒരാളെയും അദ്ദേഹത്തിന്‍റെ ഒട്ടനവധി കണ്ടുപിടുത്തങ്ങളില്‍ ഒന്നും ആണ് നാം ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്. ആളുടെ പേര് സത്യഭാമദാസ് ബിജു (Sathyabhama Das Biju). ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ Department of Environmental Studies ല്‍ പ്രൊഫസറായി ജോലി നോക്കുന്നു . പ്രശസ്ത ഉഭയജീവി ഗവേഷകനായ ഡോ.എസ്.ഡി.ബിജു 1999 ല്‍ കോട്ടയം ജില്ലയില്‍ ഒരിടത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്നും ആണ് വിചിത്ര രൂപവും ഭാവവും ഉള്ള ഒരു തവളയെ കണ്ടെത്തിയത് . കണ്ടു പിടിക്കപ്പെട്ട തവളയുടെ രൂപം മാത്രമായിരുന്നില്ല പ്രത്യേകത . പുതിയ ഒരു തവള കുടുംബം ആയിരുന്നു ലോകത്തിന് മുന്നില്‍ ഡോ . ബിജു പരിചയപ്പെടുത്തിയത് . 1926 ശേഷം ശാത്രലോകം കണ്ടെത്തിയ ആദ്യ തവള ഫാമിലി കൂടെ ആയിരുന്നു ഇത് . Nasikabatrachus sahyadrensis (‘നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌” ) എന്ന പുതിയ “മലയാളി ” തവളയെ കണ്ടെത്തിയ വിവരം 2003 ല്‍ നേച്ചര്‍ ജേര്‍ണലിലൂടെ ആണ് ലോകം അറിഞ്ഞത് . പിന്നീട്‌ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന്‌ ഇതേയിനം തവളയെ കണ്ടുകിട്ടി. ബ്രസ്സല്‍സില്‍ ഫ്രീയൂണിവേഴ്‌സിറ്റിയിലെ പരിണാമജൈവശാസ്‌ത്രജ്ഞനായ ഡോ.ബോസ്സയറ്റിനൊപ്പം പുതിയ തവളയുടെ ജനിതക സവിശേഷത പഠിച്ചപ്പോഴാണ്‌, താന്‍ കണ്ടെത്തിയിരിക്കുന്നത്‌ ഒരു സാധാരണ തവളയെയല്ല എന്ന്‌ ഡോ.ബിജുവിന്‌ ബോധ്യമായത്‌. #Nasikabatrachidae എന്ന തവള കുടുംബത്തില്‍ (#family) ആണ് ഇപ്പോള്‍ ഈ ജീവിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇതിന് പാതാള തവള എന്നും പേരുണ്ട് (Info by Jolly George )

Advertisements

ഊതനിറവും ചെറുകാലുകളും ചീര്‍ത്ത ശരീരവുമുള്ള ‘നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌’ എന്ന തവളയ്‌ക്ക്‌ വെറും മൂന്നിഞ്ച്‌ നീളമേയുള്ളൂ. എന്നാല്‍ 13 കോടി വര്‍ഷത്തെ പരിണാമകഥ ഡിഎന്‍എ യില്‍ പേറി നടക്കുന്ന മൂക്കന്‍ തവളയെ, ‘ജീവിക്കുന്ന ഫോസില്‍’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ആ തവളയുടെ ജനിതകബന്ധുക്കള്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സെയ്‌ഷെല്‍ ദ്വീപിലാണുള്ളതെന്നത് ഗവേഷകരെ അമ്പരപ്പിച്ചു. ‘സൂഗ്ലോസ്സിഡെ’യെന്ന ആ തവളവര്‍ഗവും സാഹ്യാദ്രേന്‍സിസും ഏതാണ്ട്‌ 13 കോടിവര്‍ഷം മുമ്പാണ്‌ വേര്‍പിരിഞ്ഞതെന്നും പഠനങ്ങള്‍ സൂചന നല്‍കി. ദിനോസറുകള്‍ ഭൂമിയില്‍ വിഹരിച്ചിരുന്ന ആ കാലം മുതല്‍, ഡോ.ബിജു കണ്ടെത്തിയ തവളവര്‍ഗം വലിയ മാറ്റമൊന്നും കൂടാതെ നിലനിന്നു. ഒരുകാലത്ത് ഇന്ത്യയും സെയ്‌ഷെല്‍ ദ്വീപുകളും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളവുകൂടിയായി മൂക്കന്‍ തവളയുടെ കണ്ടെത്തല്‍ . ഇപ്പോഴിതാ ഡോ.ബിജുവും സംഘവും മൂക്കന്‍ തവളയുടെ കൂടുതല്‍ വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ചെറിയൊരു സമയത്തേക്ക് ഇണചേരാനായി മാത്രമേ ഇവ പുറത്തിറങ്ങാറുള്ളൂ. വര്‍ഷത്തില്‍ ബാക്കി സമയം മുഴുവന്‍ ഇവ മണ്ണിന്നടിയിലാണ് കഴിയുക (അണ്ടര്‍ഗ്രൗണ്ടിലായതിനാലാണ് ഈ കക്ഷികളെ അധികമാരും കാണാത്തത്). കത്രികപോലെ മൂര്‍ച്ചയേറിയ വിരലുകള്‍കൊണ്ട് 12 അടി താഴ്ച്ച വരെ മണ്ണ് കുഴിച്ചെത്താന്‍ ഇവറ്റകള്‍ക്കാകുമത്രേ! . പലരും ഈ തവളയെ കണ്ടിട്ടുണ്ടാകാം. പക്ഷേ, ആരും അതിനെപ്പറ്റി പഠിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല`-നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. `ഈ തവള അങ്ങനെ പുറത്തിറങ്ങാറില്ല. മണ്‍സൂണ്‍ കാലത്ത്‌ വെറും രണ്ടാഴ്‌ച മാത്രമാണ്‌ ഇവയെ പുറത്തുകാണുക. അതു കഴിഞ്ഞാല്‍ ഇവ മുങ്ങും`. അതുകൊണ്ടാവാം ശാസ്‌ത്രത്തിന്റെ കണ്ണില്‍പ്പെടാതെ ഇത്രകാലവും ഈ തവളയ്‌ക്ക്‌ കഴിയാന്‍ സാധിച്ചിട്ടുണ്ടാവുക. ഡോ.ബിജുവിന്റെ കണ്ടെത്തലിനെ ‘അസാധാരണം’ എന്ന്‌ വിശേഷിപ്പിക്കാന്‍ ലോകമാധ്യമങ്ങള്‍ മത്സരിച്ചതിന്‌ കാരണം മറ്റൊന്നല്ല.

മണ്ണിനടിയില്‍ നിന്നു തന്നെ ഉച്ചത്തില്‍ വിളിച്ച് ഇണകളെ ആണ്‍തവളകള്‍ ആകര്‍ഷിക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇണകളെ ആകര്‍ഷിക്കാന്‍ മൂക്കന്‍ തവളകള്‍ പൊഴിക്കുന്ന സംഗീതം ആദ്യമായി റിക്കോര്‍ഡ് ചെയ്യാനും ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇടുക്കിയില്‍ കുളമാവിനടുത്ത് മേത്തോട്ടിയില്‍നിന്നാണ് മൂക്കന്‍ തവളയുടെ സംഗീതം റിക്കോര്‍ഡ് ചെയ്തത് (PLUS ONE ജേര്‍ണലില്‍ ഇതെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണുക : http://goo.gl/xz6AOk,പന്നി മൂക്കന്‍ തവളയുടെ സംഗീതവീഡിയോ >> http://goo.gl/iFQ0OW ) . 2003 ഇൽ ഈ വാർത്ത അമേരിക്കയിലെ മാദ്ധ്യമങ്ങളിൽ (റ്റി വി, പത്രം) നിറഞ്ഞു നിന്നിരുന്നു. 2003 നവംബര്‍ 2 ന് മാതൃഭൂമി പത്രം മാത്രമാണ് കേരളത്തില്‍ ഇത് അന്ന് റിപ്പോര്‍ട്ട് ചെയ്തത് .

International Union for Conservation of Nature’s ന്‍റെ റെഡ് ഡേറ്റ (#reddata) ബുക്കില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ കൂട്ടത്തില്‍ ആണ് പന്നിമൂക്കന്‍ തവളകളുടെ സ്ഥാനം . ഇടുക്കിയിലെ കുളമാവ് ഡാമിന്റെ പരിസരങ്ങളില്‍ ഡോ . ബിജു തന്നെ നടത്തിയ ഗവേഷണങ്ങളില്‍ (2008–2012) നിന്നും തെളിയുന്നത് മണ്‍സൂണ്‍ മഴക്കാലത്ത് നമ്മള്‍ നടത്തുന്ന ‘ തവള പിടുത്തം ‘ തന്നെയാണ് ഈ അപൂര്‍വ്വ ജീവിയുടെ വംശനാശത്തിന് കാരണം . താന്‍ മരിക്കുന്നതിനു മുന്‍പ് തന്നെ ഈ തവള വര്‍ഗ്ഗം നാമാവിശേഷമാകും എന്നാണ് ഡോ . ബിജുവിന്‍റെ ഇപ്പോഴത്തെ ഭയം .

“I am worried about my #frog. The pattern is very alarming and it’s possible that it will go #extinct in my lifetime, before my death”

കടപ്പാട്

Advertisements

ഈ ആര്‍ട്ടിക്കിള്‍ ആദ്യം എഴുതിയത് മാതൃഭൂമിയിലെ ജോസഫ് ആന്റണി  ആണ് . അതില്‍ അത്യാവശ്യം മാറ്റങ്ങള്‍ വരുത്തുകയും പുതിയ കുറച്ചു വിവരങ്ങള്‍ ചേര്‍ക്കുകയും മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത് . അതിനായി റെഫര്‍ ചെയ്ത ലിങ്ക് >> http://goo.gl/cxQb7X .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ