എണ്‍പത്തിനാല് കിലോമീറ്റര്‍ നീളത്തിലും അറുപത്തിയാറു കിലോമീറ്റര്‍ വീതിയിലും പരന്നു കിടക്കുന്ന അതിവിശാലമായ ജല മൈതാനം ! …. കമഴ്ത്തിവെച്ച കറിക്കലം പോലെ അങ്ങും ഇങ്ങും കാണുന്നത് കൂറ്റന്‍ ഹിപ്പോകളുടെ തലകളാണ് ….. ഇതിനിടയിലൂടെ പാപ്പിറസ് കൊതുമ്പു വള്ളത്തില്‍ ചാടിമറിയുന്ന മീനുകളെ പിടിക്കുവാന്‍ ചില കറുത്ത മുഖങ്ങള്‍ ! ….. അവിടവിടെയായി കാണുന്ന പച്ചപ്പൊട്ടുകള്‍ ചരിത്രമുറങ്ങുന്ന ദ്വീപുകളാണ് ….. അങ്ങകലെ നിന്നും കാതുകളില്‍ വന്നു വീഴുന്ന ഇരമ്പല്‍ പ്രസവ വേദനയെടുക്കുന്ന പെണ്കൊടിയുടേതായി തോന്നുവെങ്കില്‍ സുഹൃത്തേ നിങ്ങളുടെ അനുമാനം ശരിയാണ് !…… നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ കാണുന്ന ഈ വിശാലമായ തടാകം ഒരു മഹാനദിക്ക് ജന്മ്മം കൊടുക്കുകയാണ് ! ഇതാണ് റ്റാന തടാകം . എത്യോപ്യന്‍ ഗിരിമടക്കുകളില് നീണ്ടു നിവര്‍ന്നു കിടന്ന് ഇവള് ജന്മ്മം കൊടുക്കുന്നത് നീല നൈല്‍ നദിക്കാണ് …. മഹത്തായ നൈല്‍ നദിയിലേക്ക് ഏറ്റവും കൂടുതല്‍ ജലം തള്ളിക്കയറ്റുന്ന , ഭീമന് ബ്ലൂ നൈലിന് !
കൂറ്റന്‍ മലനിരകളുടെ സാന്നിധ്യം കൊണ്ട് ഉത്തരാഫ്രിക്കയിലെ മറ്റു രാജ്യങ്ങളില്‍ നിന്നും ഭാഷ കൊണ്ടും , മതം കൊണ്ടും , സംസ്കാരം കൊണ്ടും വേറിട്ട് നല്ക്കുന്ന , എത്യോപ്യയിലെ ഏറ്റവും വലിയ തടാകമാണ് Lake Tana. ഏകദേശം മൂവായിരം ചതുരശ്ര കിലോമീറ്റര്‍ ജല വിസ്താരമുള്ള ഈ തടാകം അവസാനിക്കുന്നത് Blue Nile Falls എന്ന കൂറ്റന്‍ വെള്ളചാട്ടത്തിലാണ്. അവിടെ നിന്നാണ് നൈല്‍ നദിയിലേക്ക് ഏറ്റവും കൂടുതല്‍ ജലം കൊടുക്കുന്ന നൈലിന്റെ പ്രധാന പോഷക നദിയായ നീല നൈല്‍ പിറവിയെടുക്കുന്നത് . നദിക്കും തടാകത്തിനും ഇടയില്‍ ഉള്ള ഈ ജലപാതം കാരണം റ്റാന തടാകത്തിലെ ആവാസവ്യവസ്ഥ നൈലില്‍ നിന്നും ഏറെ വ്യത്യസ്തമാണ് . ഇവിടെയുള്ള മത്സ്യങ്ങളില്‍ എണ്‍പത് ശതമാനവും ലോകത്ത് ഇവിടെ മാത്രം കാണപ്പെടുന്നവയാണ് എന്ന് പറയുമ്പോള്‍ ഈ വ്യത്യസ്തത എത്ര മാത്രം ഉണ്ട് എന്ന് നമ്മുക്ക് ബോധ്യമാവും . പക്ഷെ ഈ പറഞ്ഞതൊന്നുമല്ല ഈ തടാകത്തിനെ വ്യത്യസ്തനാക്കുന്നത് . തടാകത്തില്‍ അവിടെയും ഇവിടെയും ആയി പൊന്തി കിടക്കുന്ന നാല്‍പ്പതോളം ദ്വീപുകള്‍ ആണ് ഈ ജല സംഭരണിയുടെ പ്രധാന ശ്രദ്ധാ കേന്ദ്രം . നാല്‍പ്പതോളം എന്ന് പറയാന്‍ കാരണം തടാകത്തില്‍ ജലപ്പരപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഈ ദ്വീപുകളുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കും എന്നതുകൊണ്ട് ആണ് . തടാകത്തിന്റെ താഴ്ച്ച 15 മീറ്റര്‍ ആണ് .
ഭൂമിശാസ്ത്രം
അഞ്ചു മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഒരു അഗ്നിപര്‍വ്വത വിസ്ഫോടനത്തില്‍ , അന്നുണ്ടായിരുന്ന ഒട്ടനവധി നദികളുടെ മാര്‍ഗം അടഞ്ഞാണ് റ്റാന തടാകം പിറവിയെടുത്തത് . ഇന്ന് ഏഴോളം വന്‍ നദികളും നാല്‍പ്പതോളം ചെറു നദികളും ഇവിടെയ്ക്ക് ഒഴുകിയെത്തുന്നുണ്ട് . പക്ഷെ പലവിധ കാരണങ്ങളാല്‍ കഴിഞ്ഞ നാനൂറു വര്‍ഷങ്ങള്‍ക്കിടയില്‍ തടാകത്തിലെ ജലനിരപ്പ് ഏകദേശം ആറു അടിയോളം താണ്പോയിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു . പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇങ്ങോട്ട് ഈ തടാകം കണ്ട വിവധ യാത്രികരുടെ വിവരണങ്ങളില്‍ നിന്നും ആണ് പ്രധാനമായും ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് . തടാകം ആദ്യം കണ്ടവര്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദ്വീപുകള്‍ പിന്നീട് വന്നവര്‍ രേഖപ്പെടുത്തിയിരുന്നു .
നിധികള്‍ ഒളിപ്പിച്ച ദ്വീപുകള്‍
തടാകത്തിലെ നാല്‍പ്പതോളം ദ്വീപുകളില്‍ ഏകദേശം പത്തോളം എണ്ണം ഐതിഹ്യങ്ങള്‍ പേറുന്നതും , ചരിത്ര പ്രാധാന്യം ഉള്ളവയും ആണ് . ഇങ്ങനെയുള്ള തടാകവും ദ്വീപുകളും ഭൂമിയില്‍ തന്നെ അപൂര്‍വ്വമാണ് . മിക്ക ദ്വീപുകളിലും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഉള്ള അതി പുരാതനങ്ങളായ ആശ്രമങ്ങള്‍ ആണ് നിലവില്‍ ഉള്ളത് . അവയില്‍ ചിലതില്‍ ബൈബിളിന്റെ Amharic ഭാഷയിലുള്ള അതി പുരാതന കോപ്പികള്‍ ഉണ്ട് . (എത്യോപ്യയിലെ Amharic ഭാഷ , അറബിക് കഴിഞ്ഞാല്‍ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പുരാതന സെമിറ്റിക് ഭാഷയാണ് ). വേറെ ചില ദ്വീപുകളിലെ ആശ്രമങ്ങളില്‍ എത്യോപ്യയിലെ പഴയ ചക്രവര്‍ത്തിമാരെ അടക്കം ചെയ്തിട്ടുണ്ട് . പണ്ടുണ്ടായിരുന്ന വൈദേശിക ആക്രമണങ്ങളില്‍ നിന്നും മതപരമായ രേഖകള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് തടാക മധ്യത്തിലെ ഒറ്റപ്പെട്ട ദ്വീപുകളില്‍ ഇത്തരം ആശ്രമങ്ങള്‍ രൂപം കൊണ്ടത് എന്നാണ് അനുമാനം .
വിശ്വാസങ്ങള്‍ – ഐതിഹ്യങ്ങള്‍
തടാകത്തിലെ ഏറ്റവും പ്രശസ്തവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ദ്വീപ് ആണ് Tana Qirqos. ഇവിടെയുള്ള ഒരു വലിയ പാറമേല്‍ യേശുക്രിസ്തുവിന്റെ മാതാവ് മറിയം , ഈജിപ്തില്‍ നിന്നുള്ള തിരിച്ചുവരവില്‍ വിശ്രമിച്ചിരുന്നു എന്നാണ് എത്യോപ്യന്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് . മാത്രവുമല്ല എത്യോപ്യന്‍ ക്രൈസ്തവതയ്ക്ക് അടിത്തറ പാകിയ Frumentius നെ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ് എന്നാണ് വിശ്വാസം . ഇതിനും പുറമേ ബൈബിളില്‍ വിവരിച്ചിരിക്കുന്ന വാഗ്ദാന പേടകം (Ark of the Covenant) , ക്രിസ്തുവിന്റെ ജീവിത കാലത്തിനു മുന്‍പും പിന്‍പും (400 BC to AD 400) ഇവിടെ സൂക്ഷിച്ചിരുന്നു എന്നും ഇവര്‍ കരുതുന്നു . അതി വിശുദ്ധമായി കരുതുന്ന ഈ ദ്വീപിലേക്ക് പ്രവേശനം പ്രയാസമാണ് . എത്യോപ്യന്‍ സഭയിലെ ചില സന്യാസികള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ ഉള്ളത് . ഡാഗ ( Daga Island) എന്ന മറ്റൊരു ദ്വീപില്‍ ആണ് പഴയ എത്യോപ്യന്‍ ചക്രവര്‍ത്തിമാരെ അടക്കം ചെയ്തിരിക്കുന്നത് . Mitraha ദ്വീപില്‍ പഴയ പള്ളികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം . ഇന്ന് നാലായിരത്തോളംആളുകള് താമസിക്കുന്ന Dek Island ആണ് തടാകത്തിലെ ഏറ്റവും വലിയ ദ്വീപ് . ഇവിടെയുള്ള പള്ളികള്‍ 1866 കളില്‍ പ്രസിദ്ധനായ അസീറിയന്‍ പുരാവസ്തു പണ്ഡിതനായ Hormuzd Rassam സന്ദര്‍ശിച്ചിരുന്നു . ( ഇദ്ദേഹമാണ് പ്രസിദ്ധമായ ഗില്‍ഗമേഷിന്റെ കഥയടങ്ങുന്ന ശിലാ ഫലകം കണ്ടെടുത്തത് ) . ഈ ദ്വീപില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച Narga Selassie (“Trinity of the Rest”) എന്ന ദേവാലയം അകത്തെ ചിത്രങ്ങള്‍ കൊണ്ട് വിശ്വപ്രസിദ്ധമാണ് . എല്ലാ ദ്വീപുകളിലും കൂടി ആകെ ഇരുപതോളം ആശ്രമങ്ങള്‍ ഉണ്ട് .
Tankwa എന്ന പാപ്പിറസ് വള്ളം !
റ്റാന തടാകത്തില്‍ സഞ്ചാരികളുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് പാപ്പിറസ് ചെടിയുടെ തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച റ്റാങ്ക്വ എന്ന വള്ളം ആണ് . അറ്റം കൂര്‍ത്ത് വീതി കുറഞ്ഞ ഇത്തരം വള്ളത്തില്‍ ഇരുന്നാണ് നാട്ടുകാര്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്തുന്നത് . ഏതാനും മണികൂറുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുക്കാവുന്ന ഇത്തരം ചെടി വള്ളങ്ങള്‍ ഏതാനും മാസങ്ങള്‍ മാത്രമേ നിലനില്‍ക്കൂ ! നാലായിരം കൊല്ലങ്ങളായി ഉത്തരാഫ്രിക്കയില്‍ ഇത്തരം വള്ളങ്ങള്‍ ഉപയോഗത്തില്‍ ഉണ്ട് . തടാകപ്പരപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും സാവധാനത്തില്‍ നീങ്ങുന്ന റ്റാങ്ക്വ വള്ളങ്ങളുടെ കാഴ്ച , നമ്മുടെ ചിന്താമണ്ഡലത്തെ ഒറ്റയടിക്ക് അനേകായിരം വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് കൊണ്ടുപോകും .
റ്റാന എന്ന പരിസ്ഥിതി മണ്ഡലം
മുന്‍പ് പറഞ്ഞതുപോലെ നൈല്‍ നദിയുമായി നേരിട്ട് ബന്ധം ഇല്ലാത്തതിനാല്‍ (നീല നൈല്‍ ജലപാതം കാരണം ) ഇവിടെയുള്ള ജലജീവികളില്‍ ഭൂരിഭാഗവും ഇവിടെ മാത്രം കാണപ്പെടുന്ന ഏന്ഡമിക് വര്‍ഗ്ഗങ്ങള്‍ ആണ് . അതായത് ബ്ലൂ നൈല്‍ ജലപാതത്തിനു മുകളില്‍ ഒരു ജൈവ വ്യവസ്ഥയും താഴെ തികച്ചും വ്യത്യസ്തമായ മറ്റൊന്നും ആണ് നിലവില്‍ ഉള്ളത് . ഒരു മീറ്ററോളം നീളം വെയ്ക്കുന്ന Labeobarbus barb മീനുകള്‍ ഇവിടെ ധാരാളം ഉണ്ട് . ബാര്‍ബുകളും നൈല്‍ തിലാപ്പിയയുടെ ഉപ വര്‍ഗ്ഗമായ റ്റാന തിലാപ്പിയയും ആണ് ഇവിടെ നിന്നും ലഭിക്കുന്ന പ്രധാന രുചികരമായ മീന്‍ വര്‍ഗ്ഗങ്ങള്‍ . വര്‍ഷം തോറും 1,454 ടണ്‍ മീനുകളാണ് ഇവിടെ നിന്നും ലഭ്യമാവുന്നത് എന്നാണ് കണക്ക് ! പെലിക്കനും, ചേരക്കൊഴികളും ഉള്‍പ്പടെ അനേകായിരം ജലപ്പക്ഷികളുടെ പറുദീസാ കൂടെയാണ് ഈ വിശാല തടാകം . ഹിപ്പോകള്‍ ധാരാളം ഉണ്ടെങ്കിലും ഒരൊറ്റ ചീങ്കണ്ണി പോലും ഇല്ല !
തടാകവുമായൊരു ഇന്ത്യന്‍ ബന്ധം
ബ്ലൂ നൈല്‍ ജലപാതത്തിനു താഴെ കുറേ മാറി 1626 ല്‍ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പാലമുണ്ട് . ഇന്ത്യയിലും എത്യോപ്യയിലും മിഷനറി ആയി പ്രവര്‍ത്തിച്ച Manuel de Almeida യുടെ കൂടെ ഇന്ത്യയില്‍ നിന്നും അവിടെ എത്തിയ ഒരു ഭാരതീയന് ആണ് ആ പാലം അവിടെ പണി കഴിപ്പിച്ചത് . എത്യോപ്യന്‍ പാത്രിയാര്‍ക്കീസ് ആയിരുന്ന Afonso Mendes ന്റെ ഡയറിയില്‍ ആളുടെ പേര് ഉണ്ടെങ്കിലും വായിക്കാന്‍ തക്ക വ്യക്തമല്ല .
ബ്ലൂ നൈലില്‍ സുഡാന്റെ അതിര്‍ത്തിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറി എത്യോപ്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കൂറ്റന്‍ ഗ്രാവിറ്റി ഡാം ആണ് Grand Ethiopian Renaissance Dam. നൈലിലെയ്ക്കുള്ള നീരൊഴുക്ക് ഗണ്യമായ തോതില്‍ നിയന്ത്രിക്കുന്ന ഈ ഡാമിന്റെ നിര്‍മ്മാണത്തിനെതിരെ ഈജിപ്ത് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ സുഡാന് പോലുള്ള അയല്‍രാജ്യങ്ങള്‍ ഡാമിനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. 2011 നിര്‍മ്മാണം ആരംഭിച്ച ഇത് 2017 ല്‍ പൂര്‍ത്തിയാകും എന്ന് കരുതുന്നു .
കറുത്ത ജെറുസലേം-Lalibela
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എത്യോപ്യ ഭരിച്ചിരുന്ന രാജാവാണ് Gebre Mesqel Lalibela. തന്റെ ചെറുപ്പകാലത്ത് എന്നോ ജെറുസലേം സന്ദർശിച്ച അദ്ദേഹം പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും അവിടേക്ക് പോകാൻ ശ്രമിച്ചു എങ്കിലും ജെറുസലേമിനെ ചൊല്ലിയുള്ള തർക്കങ്ങളും യുദ്ധങ്ങളും കാരണം അതിന് കഴിഞ്ഞില്ല . ഇതിൽ മനം മടുത്ത രാജാവ് തുടരെ തുടരെ താൻ ചെറുപ്പത്തിൽ കണ്ട വിശുദ്ധ നാടിനെ ഉറക്കത്തിൽ ദർശിക്കുവാൻ തുടങ്ങി . അവസാനം അദ്ദേഹം ഒരു തീരുമാനത്തിൽ എത്തി . ജെരുസലെമിന്റെ ഒരു ചെറു പതിപ്പ് തന്റെ രാജ്യത്ത് നിർമ്മിക്കുക ! അങ്ങിനെ യുദ്ധങ്ങളില്ലാത്ത ഒരു ചെറു ജെറുസലേം കറുത്ത ആഫ്രിക്കയിൽ അദ്ദേഹം നിർമ്മിക്കുവാൻ തുടങ്ങി . താൻ ബാല്യ കാലത്ത് കണ്ട പട്ടണത്തിന്റെ അതെ മാതൃക പുനർ നിർമ്മിക്കുവാനാണ് രാജാവ് ശ്രമിച്ചത് . അങ്ങിനെ വിജനമായ ഒരു സ്ഥലത്ത് ജറുസലേം രീതിയിലുള്ള പള്ളികൾ പണിയുവാൻ ആരംഭിച്ചു . അവിടെ തന്നെ ഉള്ള കല്ലുകളിൽ തന്നെ കൊത്തിയാണ് എല്ലാം തന്നെ നിർമ്മിച്ചത് . അതായത് പള്ളികളെല്ലാം ഒറ്റ കല്ലിൽ (monolithic rock-cut churches) തീർത്തവയായിരുന്നു ! രാജാവിന്റെ അതേ പേരിൽ തന്നെ അറിയപ്പെടുന്ന ( Lalibela) ഈ സ്ഥലം ഇന്ന് എത്യോപ്യയിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമാണ് . UNESCO യുടെ World Heritage Site ആയ ഇവിടെ ഇന്ന് ഒറ്റകല്ലിൽ തീർത്ത പതിനൊന്ന് പള്ളികളാണ് അവശേഷിക്കുന്നത് . ചിത്രത്തിൽ കാണുന്ന കുരിശിന്റെ ആകൃതിയിൽ ഉള്ള Church of Saint George ആണ് ഏറ്റവും പ്രശസ്തം. Lalibela യും Lake Tana യും തമ്മില്‍ 190km ദൂര വ്യത്യാസം ഉണ്ട് .