പ്രശസ്തനായ സ്പാനിഷ് യാത്രികനാണ് Juan Ponce de León. പ്യൂട്ടോറിക്കോയുടെ (Puerto Rico) ആദ്യ ഗവര്‍ണ്ണറും ആയിരുന്നു ജുവാന്‍ ഡിലിയോന് . എന്നാല്‍ 1512 ല്‍ സാക്ഷാല്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ മകനായ ഡീഗോ കൊളംബസുമായുള്ള (Diego Columbus) നിയമ പോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തിന് പ്യൂട്ടോറിക്കോയുടെ മേലുള്ള അധികാരം നഷ്ടമായി . അതോടെ കൂടുതല്‍ വടക്കുള്ള പുതിയ ദ്വീപുകള്‍ കണ്ടുപിടിക്കാം എന്നുള്ള ആഗ്രഹം കൂടുതലായി വന്നു തുടങ്ങി . അങ്ങിനെയിരിക്കെയാണ് പ്യൂട്ടോറിക്കയിലെ ആദിമനിവാസികളില്‍ നിന്നും പുതിയൊരു ദ്വീപിനെ കുറിച്ചുള്ള വിവരണം അദ്ദേഹം കേട്ടത് . ബിമിനി (Bimini) എന്ന് പേരുള്ള ആ ദ്വീപില്‍ ധാരാളം സ്വര്‍ണ്ണവും പിന്നെ നിത്യ യൗവ്വനം നല്കുന്ന ഒരു നീരുറവയും ( Fountain of Youth) ഉണ്ടത്രേ ! അക്കാലത്തെ പര്യവേഷകര്ക്കിടയിലെ ഒരു തര്‍ക്കവിഷയം ആയിരുന്നു നിത്യ യൗവനം പ്രധാനം ചെയ്യുന്ന അത്ഭുത ഉറവ . പക്ഷെ അത് എവിടെയാണ് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും തിട്ടമുണ്ടായിരുന്നില്ല . ( നിത്യയൗവന ഉറവ ഉണ്ടെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്ന സ്ഥലങ്ങളില്‍ നമ്മുടെ കൊല്ലവും ഉള്‍പ്പെടും ! The Travels of Sir John Mandeville) .
എന്തായാലും ബിമിനി കണ്ടുപിടിക്കാന്‍ പുറപ്പെട്ട ജുവാന്‍ ഡിലിയോന് മറ്റൊരു വമ്പന്‍ ദ്വീപിന്റെ മുന്നിലാണ് ചെന്ന് പെട്ടത് . ഈസ്റ്റര്‍ കാലമായതിനാല്‍ കണ്ടു പിടിച്ച “ദ്വീപിന് ” അദ്ദേഹം La Florida എന്ന് പേര് നല്കി . സ്പെയിനില്‍ ഈസ്റ്റര്‍ പൂക്കാലമാണ് . സ്പാനിഷില്‍ Pascua Florida (Festival of Flowers) എന്നാണ് ഈസ്റ്റര്‍ അറിയപ്പെടുന്നത് . പക്ഷെ സത്യത്തില്‍ അദ്ദേഹം കണ്ടുപിടിച്ചത് ഒരു ദ്വീപ് ആയിരുന്നില്ല , മറിച്ച് അമേരിക്കന്‍ വന്‍കരയുടെ ഭാഗമായ ഇന്നത്തെ ഫ്ലോറിഡ ആയിരുന്നു !. മയാമി ബീച്ചിനു വീണ്ടും തെക്ക് മാറി എവിടെയോ ആണ് അന്ന് അദ്ദേഹം ഇറങ്ങിയത് എന്ന് കരുതപ്പെടുന്നു . സത്യത്തില്‍ അദ്ദേഹം കണ്ടുപിടിക്കാന്‍ പുറപ്പെട്ട ബിമിനി എന്ന ദ്വീപ് മയാമി ബീച്ചില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ കിഴക്ക് മാറി ആയിരുന്നു .
1 .ബിമിനി റോഡ്
റെഡ് ഇന്ത്യാക്കാരുടെ മനസ്സില്‍ ബിമിനി ദ്വീപ് അനേകം ദേവതകള്‍ വിലസുന്ന മനോഹര ഭൂമിയാണ് . അതിനാല്‍ തന്നെ അവര്‍ക്ക് ഈ ദ്വീപില്‍ ഉള്ളതെല്ലാം ദൈവികമാണ് എന്ന അഭിപ്രായവും ഉണ്ടായിരുന്നു . അതെന്തായാലും ശരി , പ്രകൃതി ഒരുക്കിയ അനേകം അത്ഭുതങ്ങള്‍ നമ്മുക്ക് ഈ ദ്വീപില്‍ ഇന്നും കാണുവാന്‍ സാധിക്കും . അതിലൊന്നാണ് ബിമിനി ഭിത്തി എന്നും ബിമിനി പാലം എന്നും അറിയപ്പെടുന്ന കടലിനടിയിലെ വിസ്മയം . കടലിനടിയില്‍ ഒരു കിലോമീറ്റര്‍ താഴെ നീളത്തില്‍ നല്ല ഒന്നാം തരം ഭിത്തി ! ജ്യോമട്രിയിലെ എല്ലാ ആകൃതിയിലുമുള്ള ലൈം സ്റ്റോണ്‍ കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മാണം ! കല്ലുകള്‍ നല്ല ചെത്തി മിനുക്കി പാകപ്പെടുത്തി അടുക്കി വെച്ചിരിക്കുകയാണ് . ഭിത്തിയാണോ പാലമാണോ എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല . പ്രകൃതി നിര്‍മ്മിച്ചതാണോ , അതോ മനുഷ്യനോ ഏലിയനോ ആണോ എന്ന് ചോദിച്ചാലും ഉത്തരം തഥൈവ . പര്യവേഷകരും ബുദ്ധിജീവികളും ചേരി തിരിഞ്ഞ് തര്‍ക്കത്തിലാണ് . രസമെന്താണെന്ന് വെച്ചാല്‍ മുകളില്‍ കാണുന്ന ഒരു വരി കല്ലുകള്‍ക്ക് കീഴെ അതോ പോലെ വേറെയും പല വരി കല്ലുകള്‍ ഉണ്ട് എന്നുള്ളതാണ് . അമേരിക്കന്‍ രാമസേതു എന്ന് വിളിക്കാവുന്ന ബിമിനി പാലം മുങ്ങിപ്പോയ അറ്റ്ലാന്റ്റിസ് നഗരമോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്കാരത്തിന്റെ അവശിഷ്ടമോ ആകാം എന്നും കരുതുന്നവര്‍ ഉണ്ട് . Fountain of Youth ഇവിടെ ആയിരുന്നു എന്നും ചിലര്‍ കരുതുന്നു ! ലോക പ്രശസ്ത സ്രാവ് ഗവേഷണ കേന്ദ്രമായ Bimini Biological Field Station (Shark Lab) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് .

വടക്കന്‍ ബിമിനിയില്‍ The Healing Hole എന്നറിയപ്പെടുന്ന ഒരു ചതുപ്പ് നിലമുണ്ട് . ഇവിടെ ധാരാളം ഭൌമാന്തരടണലുകള് ഉണ്ട് . ഇതില്‍ ചിലത് ഭൂമിക്കടി വഴി സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു . വേലിയേറ്റ സമയത്ത് കടലില്‍ നിന്നുള്ള മര്‍ദത്താല്‍ ഈ ടണലുകളിലെ ധാധു സംപുഷ്ട്ടമായ ജലം പുറത്തേക്ക് ചീറ്റും . ഇതില്‍ കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറും എന്ന് ദ്വീപുകാര്‍ കരുതുന്നു . ഇതാവാം ആളുകള്‍ തെറ്റിദ്ധരിച്ച ഫൌണ്ടന് ഓഫ് യൂത്ത് !!!!
2. Florida Keys
ഫ്ലോറിഡയുടെ തെക്കേ അറ്റമാണ് ഫ്ലോറിഡ കീയ്സ് എന്നറിയപ്പെടുന്നത് . മാലപോലെ സമുദ്രത്തിലേക്ക് നീണ്ട് കിടക്കുന്ന അനേകം ചെറുദ്വീപുകള്‍ ആണ് കീയ്സ് . ചെറു ദ്വീപിനു സ്പാനിഷില്‍ cayo എന്നാണ് പറയുന്നത് അതില്‍ നിന്നാണ് കീയ്സ് എന്ന പേര് ഈ ദ്വീപ് സമൂഹങ്ങള്‍ക്ക് ലഭിച്ചത് . മാലപോലെ നീണ്ടു കിടക്കുന്നതാണെങ്കിലും ആദ്യ കാലങ്ങളില്‍ ബോട്ടുകളില്‍ മാത്രമായിരുന്നു ഇവിടെ എത്തി ചേരാന്‍ സാധിച്ചിരുന്നത് . ആഴം കുറഞ്ഞ സമുദ്രവും അനേകം ദ്വീപുകളുടെ സാന്നിധ്യവും കാരണം ധാരാളം കപ്പലുകള്‍ ഇവിടെ അപകടങ്ങളില്‍ പെട്ടിരുന്നു . എന്നാല്‍ ഇന്ന് കഥമാറി . ആളുകള്‍ താമസിക്കുന്ന എല്ലാ ദ്വീപുകളേയും ബന്ധിപ്പിച്ച് 204 കിലോമീറ്റര്‍ നീളത്തില്‍ U.S. 1 എന്ന ദേശീയപാതയുടെ ഭാഗമായ Overseas Highway കടന്നു പോകുന്നുണ്ട് . എണ്ണിയാല്‍ ഓടുങ്ങാത്തത്ര പാലങ്ങള്‍ നിര്‍മ്മിച്ചാണ് അവര്‍ ഇത് സാധ്യമാക്കിയത് .
ഫ്ലോറിഡ കീയ്സിന്റെ താഴത്തെ അറ്റമായ Key West ല്‍ നിന്നും ക്യൂബന്‍ തീരത്തേക്ക് വെറും നൂറ്റി നാല്‍പ്പതു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ . അതിപുരാതന കാലഘട്ടത്തിലെ ഭീമാകാരനായ ഒരു കോറല്‍ റീഫിന്റെ (coral reef) ഭാഗങ്ങളാണ് ഇന്ന് പല ദ്വീപുകളായി തല ഉയര്‍ത്തി നില്‍ക്കുന്നത് . ഇത് ഉണ്ടായ സമയത്ത് സമുദ്രജല വിതാനം ഇപ്പോഴത്തെക്കാളും വളരെ ഉയര്‍ന്നതായിരുന്നു . പിന്നീട് ജലവിതാനം കുറഞ്ഞപ്പോള്‍ ഉയര്‍ന്ന ഭാഗങ്ങള്‍ ജലത്തിന് മുകളിലാവുകയും ദ്വീപുകളായി രൂപാന്തരപ്പെടുകയും ചെയ്തു . അതായത് ദ്വീപുകളെല്ലാം തന്നെ കടലിനടിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടുകിടക്കുന്ന ഒരൊറ്റ പവിഴപ്പുറ്റാണ് !
3 . Eaglehawk Neck
ടാസ്മാനിയയില്‍ സ്ഥിതി ചെയ്യുന്ന കടലിനടിയിലെ ഈ പാലം പക്ഷെ വേലിയിറക്ക സമയത്ത് തെളിഞ്ഞു വരും . ബിമിനി റോഡ് പോലെ തന്നെ അടുക്കി വെച്ചിരിക്കുന്ന ലൈം സ്റ്റോണ്‍ കല്ലുകളാണ് ഇവിടെയും ഉള്ളത് .
നമ്മുടെ രാമസേതു ഉള്‍പ്പടെ ഇത്തരം വിചിത്രമായ കടല്‍ നിര്‍മ്മിതികള്‍ അനേകമുണ്ട് ഭൂമിയില്‍ . സാധാരണ കേള്‍ക്കാന്‍ സാധ്യത ഇല്ലാത്ത മൂന്നെണ്ണം പരിചയപ്പെടുത്തി എന്നേ ഉള്ളൂ .