ദി കോംഗോ

ദി കോംഗോ 1

പുറത്തേക്ക് തള്ളി ഒഴുക്കുന്ന ജലത്തിന്‍റെ അളവ് നോക്കിയാല്‍ ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് സയര്‍ (Zaire River) എന്നും വിളിപ്പേരുള്ള കോംഗോ . ഭൂമിയിലെ ഏറ്റവും ആഴമുള്ള നദി (220 m) എന്ന ബഹുമതിക്ക് അര്‍ഹനായ കോംഗോ , നീളത്തില്‍ നൈലിന് പിറകില്‍ ആഫ്രിക്കയില്‍ രണ്ടാമനും (4,700 km ) ലോകത്ത് ഒന്‍പതാമത്തെ നദിയും ആണ് . സാംബിയയുടെ അതിര്‍ത്തികളില്‍ നിന്നും പ്രയാണം ആരംഭിച്ച് ആദ്യം വടക്കോട്ടും പിന്നെ തെക്കോട്ടും ഗതി മാറി ഒഴുകി അവസാനം അറ്റ്‌ലാന്‍റ്റിക്ക് സമുദ്രത്തിന്‍റെ മടിത്തട്ടില്‍ ലയിക്കുന്നതിനു മുന്‍പ് കോംഗോ രണ്ടു പ്രാവിശ്യം ഭൂമധ്യരേഖ മറികടക്കുന്നുണ്ട് . നാല് മില്ല്യന്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോംഗോ നദീ തടം (Congo Basin) ആഫ്രിക്കയുടെ മൊത്തം കരഭൂമിയുടെ പതിമൂന്നു ശതമാനത്തോളം വരും ! സെക്കണ്ടില്‍ 1.2 മില്ല്യന്‍ കുബിക് അടി ജലം പമ്പ് ചെയ്യുന്ന ഈ ഭീമന്‍ നദിക്കു ചിലയിടങ്ങളില്‍ പത്തു മൈല്‍ വരെ വീതിയുണ്ട് . നദിയുടെ ഏകദേശം 650 മൈല്‍ ദൂരത്തോളം എല്ലാക്കാലവും ഗതാഗതയോഗ്യമാണ് . അപൂര്‍വ്വവും വിവിധങ്ങളുമായ മനുഷ്യ വര്‍ഗ്ഗങ്ങളും , വന്യജീവികളും , വൈവിധ്യമാര്‍ന്ന ഭൂവിഭാഗങ്ങളും , ഇരുമ്പും , കോപ്പറും , യുറേനിയവും , ഡയമണ്ടും വിളയുന്ന മണ്ണും അകമ്പടിയായുള്ള കോംഗോ , അനേകം സംസ്കാരങ്ങളെയും പട്ടണങ്ങളെയും തഴുകിയും , ശിക്ഷിച്ചും ആണ് തന്‍റെ പ്രയാണത്തിലെ ഓരോ അളവും പൂര്‍ത്തിയാക്കുന്നത് . 1390 ല്‍ തുടങ്ങി ഒരു നീണ്ട കാലത്തോളം ഈ നദീ തടം ഭരിച്ചിരുന്ന മാണികോംഗോകളുടെ (Manikongo) കോംഗോ സാമ്രാജ്യത്തില്‍ നിന്നുമാണ് ഈ മഹാനദി പേര് കടം കൊണ്ടത്‌ . എന്നാല്‍ ഇപ്പോഴാകട്ടെ രണ്ടു രാജ്യങ്ങള്‍ ഈ നദിയില്‍ നിന്നും പേര് കടം കൊണ്ടിരിക്കുന്നു , Republic of the Congo യും പിന്നെ Democratic Republic of the Congo യും ! ഭൂമദ്ധ്യരേഖക്ക് മുകളിലും താഴെയും ആയുള്ള നദിയുടെ ഒഴുക്ക് കാരണം , ഇത് കടന്നു പോകുന്ന ഏതെങ്കിലും ഒരു ഭാഗത്ത്‌ എപ്പോഴും മഴക്കാലമായിരിക്കും . അതിനാല്‍ തന്നെ കോംഗോ നദിയിലെ നീരൊഴുക്ക് ഏറെക്കുറെ സ്ഥിരമാണ് .

Advertisements

ദി കോംഗോ 2

കോംഗോ മഴക്കാടുകള്‍

ആമസോണ്‍ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍ ആണ് കോംഗോ നദീ തീരത്തുള്ളത് . സാവന്നകളും , പുല്‍മേടുകളും , ഇടതൂര്‍ന്ന നിബിഡ വനങ്ങളും ചേര്‍ന്ന ഒരു അത്ഭുത ഭൂമിയാണ്‌ കോംഗോ നദി നമ്മുക്കായി ഒരുക്കിയിരിക്കുന്നത് . കുറിയ മനുഷ്യരായ പിഗ്മികള്‍ ഉള്‍പ്പടെ നൂറുകണക്കിന് മനുഷ്യ ഗോത്രങ്ങള്‍ അധിവസിക്കുന്ന കോംഗോ നദീ തടത്തില്‍ ആയിരക്കണക്കിന് വര്‍ഗ്ഗങ്ങളില്‍ പെട്ട പക്ഷി മൃഗാദികള്‍ അലഞ്ഞു തിരിയുന്നു . ആറു രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഈ വന സാമ്രാജ്യം അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയിലെ മൃഗശാലയാണ് . ലോകത്ത് വന നശീകരണ തോത് ഏറ്റവും കുറവുള്ള മഴക്കാടുകള്‍ ആണ് കോംഗോയിലെത് എന്ന അറിവ് നമ്മെ ആശ്ചര്യപ്പെടുത്തും ! ഒരേ സമയം സീബ്രയെയും ജിരാഫിനെയും അനുസ്മരിപ്പിക്കുന്ന ഒകാപി (okapi) , ബോണോബോ ( bonobo) എന്ന കുള്ളന്‍ ചിമ്പാന്‍സി , മ്ബുലു (mbulu) എന്ന ആഫ്രിക്കന്‍ മയില്‍ തുടങ്ങിയ ജീവ വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ഇവിടെ മാത്രമേ ഉള്ളൂ . ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്കോംഗോയിലെ ചതുപ്പ് നിറഞ്ഞ കൊടും വനങ്ങങ്ങള്‍ (Central Congolian lowland forests) ഉയരം കുറഞ്ഞ forest elephants ന്‍റെ വിഹാര കേന്ദ്രങ്ങള്‍ ആണ് . ബോണോബയും , ബ്രസാസ് കുരങ്ങും (De Brazza’s monkey), മാന്ഗബെയും (crested mangabey ), ലോ ലാന്‍ഡ് ഗോറില്ലയും (lowland gorilla) ഇരുള്‍ മൂടിയ വനങ്ങളുടെ വൃക്ഷത്തലപ്പുകളെ സജീവവും ശബ്ദമുഖരിതവും ആക്കുന്നു . മനുഷ്യന്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള സലോന്ഗാ കുരങ്ങുകള്‍ (Dryas monkey) ആകെ ഇരുന്നുറെണ്ണത്തില്‍ കൂടുതല്‍ ഈ നദീ തടത്തില്‍ അവശേഷിച്ചിട്ടില്ല !

ദി കോംഗോ 3
ലോകത്തില്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരികളില്‍ രണ്ടാം സ്ഥാനത്താണ് Kinshasa യും Brazzaville യും കോംഗോ നദിയിലെ Malebo Pool ന്‍റെഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഈരണ്ടു തലസ്ഥാനങ്ങള്‍ തമ്മില്‍ ദൂരം വെറും 1.6 km ആണ്. ( ഒന്നാം സ്ഥാനം റോമും വത്തികാനും) .

The heart of darkness

കോംഗോ നദീ തടത്തെ “ഇരുളിന്‍റെ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത്‌ ഇംഗ്ലീഷ് എഴുത്തുകാരന്‍ ജോസഫ് കോൺറാഡ്  ആണ് . നദിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഡതകളും , നട്ടുച്ചക്കും സൂര്യപ്രകാശം ഭൂമിയില്‍ പതിയ്ക്കാത്തത്ര മേല്ക്കാടുകള്‍ നിറഞ്ഞ ഘോര വനങ്ങളും , വിചിത്രാചാരങ്ങളുള്ള അപൂര്‍വ്വ ഗോത്ര മനുഷ്യരും , നദിയെയും കാടിനേയും ചുറ്റിപ്പറ്റിയുള്ള അവരുടെ മാന്ത്രിക കഥകളും ആവാം ഇങ്ങനെ വിശേഷിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . ഇതേ നദിയിലൂടെയാണ് ഡേവിഡ് ലിവിംഗ്സ്റ്റണിനെ തേടി സ്റാന്‍ലി തന്‍റെ വിഖ്യാതമായ ആഫ്രിക്കന്‍ പര്യടനം നടത്തിയത് .

നദിയുടെ ചരിത്രം – തുടക്കവും , ഒഴുക്കും , ഒടുക്കവും

Advertisements

പതിനായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്നേ തന്നെ കോംഗോ നദീ തീരത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി ആണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് . ബാന്‍ടു (Bantu ) സംസാരിക്കുന്ന ജനതകള്‍ ഏകദേശം രണ്ടായിരം വര്‍ഷങ്ങളായി കോംഗോ നദീതീരത്ത് മീന്‍പിടിച്ചും വേട്ടയാടിയും ജീവിക്കുന്നുണ്ട് . പിന്നീട് 1300 കളില്‍ കോംഗോ സാമ്രാജ്യം സ്ഥാപിതമായി . 1482 ല്‍ പോര്‍ച്ചുഗീസ് പര്യവേഷകനായ ഡിയാഗോ കാം ആണ് ഈ ഇരുണ്ട സാമ്രാജ്യം വെള്ളക്കാര്‍ക്ക് കാണിച്ചു കൊടുത്തത് . പക്ഷെ അവസാനത്തെ 220 മൈലുകളില്‍ മുപ്പത്തിരണ്ടോളം ജലപാതങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന കോംഗോ നദി പിന്നീടുള്ള മുന്നൂറോളം വര്‍ഷങ്ങള്‍ കാര്യമായ പര്യവേഷങ്ങള്‍ക്ക് വിലങ്ങു തടിയായി നിന്നു . ആയിരത്തിയെണ്ണൂറുകളില്‍ പോര്‍ച്ചുഗീസുകാര്‍ കാറ്റെൻഗ മേഖലയില്‍ ചെമ്പു ഖനനത്തിനായി എത്തിയപ്പോള്‍ അറബികള്‍ ആനക്കൊമ്പിനും അടിമകള്‍ക്കുമായി ഇരുണ്ട ഘോര വനങ്ങള്‍ കയറിയിറങ്ങി . 1871 ല്‍ സ്കോട്ടിഷ് മിഷനറി ആയിരുന്ന ഡേവിഡ് ലിവിംഗ്സ്റ്റന്‍ (David Livingstone) കോംഗോയുടെ പ്രാരംഭ പോഷക നദികളായ ലുവാപുലയും ( Luapula)യുംലുവാലബയും  ( Lualaba) യും സന്ദര്‍ശിച്ചു . അദ്ദേഹം ഇത് നൈല്‍ നദിയുടെ ഉത്ഭവ കേന്ദ്രമായി തെറ്റിദ്ധരിക്കുകയും ചെയ്തു . പിന്നീട് അദ്ദേഹത്തെ തിരഞ്ഞ് പിറകെ എത്തിയ സ്റാന്‍ലി (Henry Morton Stanley) ഈ തെറ്റിദ്ധാരണ നീക്കം ചെയ്തു .

ദി കോംഗോ 4

പ്രത്യേകിച്ചൊരു ഉത്ഭവ സ്ഥാനം കോംഗോക്ക് പറയുവാന്‍ സാധിക്കില്ലെങ്കിലും , ടാങ്കനിക്ക (Lake Tanganyika) തടാകവും , മേരു (Mweru) തടാകവും പിന്നെ സാംബിയായിലെ ചമ്പേഷി (Chambeshi)  നദിയും ആണ് ഇതിന്‍റെ പ്രഭവ സ്ഥാനങ്ങളായി പൊതുവേ കരുതപ്പെടുന്നത് . ടാങ്കനിക്ക തടാകത്തില്‍ നിന്നും ഒരു ആമയെപ്പോലെ സാവധാനം സാവന്നാ മേടുകല്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന കോംഗോ , പതുക്കെ പതുക്കെ വിസ്താരം വര്‍ദ്ധിപ്പിക്കുന്നതായി നമ്മുക്ക് കാണാം . പിന്നീട് അസാമാന്യ വേഗത കൈവരിക്കുന്ന നദിയെ “നരകത്തിന്‍റെ വാതിലില്‍ ” (“Gates of Hell” or “Portes d’Enfer” ) വെച്ച് കൂറ്റന്‍ പാറക്കെട്ടുകള്‍ എതിരിടുന്നു . 75 മൈലോളം നീളത്തില്‍ കോംഗോയെ നേരിടുന്ന ഈ പാറക്കെട്ട് നദിക്കു ഒരു രൗദ്ര ഭാവം കൈവരുത്തുന്നു . പിന്നീട് ലുവാലബാ  എന്ന കൂറ്റന്‍ മഴക്കാടുകളിലെക്കാണ് നദി പ്രവേശിക്കുന്നത് . കൊടും കാട്ടിലേക്ക് പ്രവേശിക്കുന്ന കോംഗോ പിന്നീട് വളരെ ശാന്തനായി കാണപ്പെടുന്നു . അനേകം പക്ഷി മൃഗ ജീവജാലങ്ങള്‍ക്ക് ജീവ സ്രോതസായി മാറുന്ന കോംഗോ ഇതിനിടയില്‍ രണ്ടു വട്ടം ഭൂമധ്യ രേഖ മറികടക്കുന്നുണ്ട് .

പിന്നീട് Stanley Falls ലെ കൂറ്റന്‍ പാറമടക്കുകളെ നേരിടുമ്പോള്‍ നദി,  അപ്പര്‍ കോംഗോ എന്ന പേരില്‍ നിന്നും മധ്യ കോംഗോ ആയി മാറുന്നു . പിന്നീട് അങ്ങോട്ട്‌ ആയിരം മൈലോളം നദി ഗതാഗതയോഗ്യമാണ് . ഇവിടെ Democratic Republic of Congo യിലെ കിസൻഗാനി  നഗരത്തിന് ജന്മം കൊടുത്ത ശേഷം കോംഗോ നദി അമ്പതു മൈല്‍ നീളമുള്ള Stanley Pool (Malebo Pool) എന്ന തടാകത്തിലേക്ക് പ്രവേശിക്കുന്നു . ഇവിടെ നദി ഏറെക്കുറെ നിശ്ചലമായി ആണ് നില കൊള്ളുന്നത്‌ . തടാകത്തിന്റെ ഒരു വശത്ത് കിൻഷാസ  നഗരവും മറുവശത്ത് ബ്രസവിൽ  പട്ടണവും സ്ഥിതി ചെയ്യുന്നു . അവിടെ നിന്നും പിന്നീട് 220 മൈലുകളോളം നദിയുടെ ഉയരം കുറഞ്ഞു കുറഞ്ഞു വരുന്നു . പല മടക്കുകളായി , ഘട്ടങ്ങളായി കിടക്കുന്ന Livingstone Falls ആണ് ഇതിന് കാരണം . ഇവിടെ തന്നെ 32 ഓളം ചെറു വെള്ളച്ചാട്ടങ്ങള്‍ ഉണ്ട് . പിന്നീട് മ്യുആണ്ട  എന്ന ചെറുപട്ടണത്തില്‍ വെച്ച് അറ്റ് ലാന്ട്ടിക് സമുദ്രത്തില്‍ ലയിക്കുന്നത് വരെയുള്ള നൂറു മൈലുകള്‍ ജല ഗതാഗതയോഗ്യമാണ് . ഇത്രയും ദൂരം സഞ്ചരിച്ചെത്തിയ ഈ മഹാ നദി , Central African Republic, Cameroon, Angola, Zambia, Democratic Republic of the Congo,Republic of the Congo, Equatorial ഗിനി  Gabon എന്നീ രാജ്യങ്ങളിലെ മില്ല്യന്‍ കണക്കിന് ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള സര്‍വ്വതും നല്‍കിയിട്ടാണ് , അവയുടെ അവശിഷ്ടങ്ങളും പേറി സമുദ്രത്തില്‍ തന്‍റെ യാത്ര അവസാനിപ്പിക്കുന്നത് !കോംഗോയിലെ. Boyoma വെള്ളച്ചാട്ടം നമ്മുടെ വാഴച്ചാല്‍ ജലപാതം പോലെ ഒന്നാണ് . അഞ്ചു മീറ്ററോളം ഉയരമുള്ള ഏഴു മടക്കുകളായാണ് ജലം അടുക്കുകളായി , ഘട്ടം ഘട്ടം ആയി താഴേക്കു ഒഴുകുന്നത്‌ .പക്ഷെ രസമിതാണ് , ആദ്യത്തെ മടക്കും ഏഴാമത്തേതും തമ്മില്‍ ഏകദേശം നൂറു കിലോമീറ്ററോളം ദൂരം ഉണ്ട് ! ഗതാഗത യോഗ്യമല്ലാത്ത ഇവിടെ , വഗേന്യ (Wagenya )വര്‍ഗ്ഗക്കാര്‍ മീന്‍ പിടിക്കുന്നത്‌ വളരെ വിചിത്രമായ ഒരു രീതിയിലാണ്.

ജലത്തിനടിയിലെ പാറകളിലെ കുഴികളില്‍ വലിയ തടി കാലുകള്‍ നാട്ടി അവ തമ്മില്‍ മുകളില്‍ വെച്ച് ബന്ധിക്കും . ഇതുപോലെ അനേകം കാലുകള്‍ ഇവര്‍ നാട്ടും . ഇവയില്‍ നിന്നും മീനുകളെ പിടിക്കുവാനുള്ള വലിയ കൂടുകള്‍ വെള്ളത്തിനടിയിലേക്ക്‌ കെട്ടിയിടും . ( ഇത് നമ്മുടെ നാട്ടിലെ മീന്‍ കൂടുകളെ പോലെയിരിക്കുമെങ്കിലും വലിപ്പത്തിലും ആകൃതിയിലും വലിയ വ്യത്യാസമുണ്ട് ) തീരെ ചെറുതും വളരെ വലുതുമായ മീനുകള്‍ ഇതില്‍ കുടുങ്ങുവാറുണ്ട് . ഒരു കുടുംബം തലമുറകളായി ഒരേ സ്ഥലത്ത് തന്നെ ആയിരിക്കും കൂട് ഇടുന്നത് ! അതായതു വെള്ളച്ചാട്ടത്തിനു മീതെ നാട്ടിയിരിക്കുന്ന കമ്പുകള്‍ കുടുംബ സ്വത്ത് ആണെന്ന് സാരം !!!

ദി കോംഗോ 5

ഇനി നമ്മിൽ ചിലർക്ക് കൂടുതൽ താല്പര്യമുളവാക്കുന്ന ഒരു വിഷയത്തിലേക്ക് വരാം . പക്ഷെ ഒരു കാര്യം പറയാം …. ഇനി നിങ്ങൾ അറിയാൻപോകുന്ന കാര്യങ്ങൾ വെറും കേട്ടുകേൾവികൾ മാത്രമാണ് .

സീഡോ സയൻസിൽ വിശ്വസിക്കുന്നവർ അതായത് തങ്ങൾ പറയുന്നതൊക്കെ ശാസ്ത്രീയമാണെന്ന് പറയുകയും എന്നാൽ അതിന് തക്ക തെളിവുകൾ നൽകാതിരിക്കുകയും ചെയ്യുന്നവർ , പിന്നെ ക്രിപ്റ്റോ സൂവോളജിയിൽ വിശ്വസിക്കുന്നവർ , അതായത് മണ്മറഞ്ഞു പോയ ദിനോസറുകൾ അടക്കം പല ജീവികളും ഇപ്പോഴും ഭൂമിയിൽ പലയിടത്തും ജീവിച്ചിരിക്കുന്നു എന്ന് കരുതുന്നവർ , ഈ പറഞ്ഞ രണ്ടുകൂട്ടരും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് , അതായത് ഈ കോംഗോ നദീതടത്തിൽ ദിനോസറിന്റേതിന് സമാനമായ രൂപ ഭാവങ്ങളോട് കൂടിയ ഒരു ജീവി ഇപ്പോഴും ഉണ്ട് എന്ന് . ഈ ജീവിയുടെ പ്രാദേശിക നാമം മൊകേലെ ഇബമ്പേ എന്നാണ് . അതായത് നദിയെ തടഞ്ഞു നിർത്തുന്നവൻ എന്നാണ് അർഥം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വേട്ടക്കാരനായ കാൾ ഹഗെൻ ബെക്കാണ് ഈ ജീവിയെപ്പറ്റി ആദ്യമായി പുറംലോകത്തിന് റിപ്പോർട്ട് നൽകിയത് . അന്ന് മുതൽ ഇന്നുവരെ ഈ ജീവിയെ തപ്പി നിരവധി സംഘങ്ങൾ കോംഗോയിൽ പര്യവേഷണം നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല . ഇനി ഇതുപോലുള്ള മറ്റൊരു ജീവിയുടെ പേര് “കോംഗോമാറ്റൊ ” എന്നാണ് . അതായത് വഞ്ചികൾ തകർക്കുന്നവൻ . പൗരാണിക പറക്കും ഉരഗങ്ങളായ ടെറോസോറുകളുടെ ഘടനയാണ് ഇവറ്റയ്ക്ക് . പണ്ട് കാലത്തെ പല യാത്രികരും പര്യവേഷകരും ഇതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും , വലിയൊരു കടവാതിലിനെ ഇവർ തെറ്റിദ്ധരിച്ചതാകാം എന്നാണ് ആധുനിക മതം .

ഇങ്ങനെ കോംഗോ വിശേഷങ്ങൾ അറിഞ്ഞാലും പറഞ്ഞാലും തീരില്ല . അതെ ആഫ്രിക്ക ഒരത്ഭുതം തന്നെയാണ് !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ