സോഷ്യൽ ആനിമൽ എന്ന് വീമ്പളിക്കുന്ന മനുഷ്യൻ യഥാർത്ഥത്തിൽ ഒരു സോഷ്യൽ ജീവി തന്നെ ആണോ എന്ന് ചിലരുടെ പെരുമാറ്റം കണ്ടാൽ നമ്മുക്ക് സംശയം തോന്നിയേക്കാം . സത്യത്തിൽ യഥാർത്ഥ സാമൂഹിക ജീവിതം എന്താണെന്ന് നാം ചില ജീവികളെ നോക്കി പഠിക്കേണ്ടിയിരിക്കുന്നു. നല്ലൊരു സോഷ്യൽ ലൈഫിന് ഉടമയായ ഒരു പക്ഷിയെ നമ്മുക്കൊന്ന് പരിചയപ്പെടാം .
Sociable weaver (Philetairus socius) എന്ന കുരുവി , പറവ ലോകത്തെ ഒരു അത്ഭുതമാണ് ! തെക്കേ ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലാണ് (South Africa, Namibia, Botswana) ഇവറ്റകളുടെ വാസം . സാമൂഹിക ജീവിതം നയിക്കുന്ന ഇവറ്റകളുടെ ഒരു കൂട്ടത്തില്‍ നൂറിൽ പരം അംഗങ്ങള്‍ വരെ ഉണ്ടാകാം.
ഇവ കൂട് ഉണ്ടാക്കുന്നത് ഒറ്റക്കല്ല , തനിക്കു വേണ്ടി മാത്രവും അല്ല , തങ്ങളുടെ വര്‍ഗ്ഗത്തിലെ പക്ഷികള്‍ക്ക് വേണ്ടി മാത്രവും അല്ല ! ഒരൊറ്റ തലമുറയ്ക്ക് വേണ്ടിയും അല്ല ! അത്ഭുതം തോന്നുന്നുണ്ടോ ? ഇത്തരം സ്വഭാവം ഉള്ള മറ്റൊരു പക്ഷി വര്‍ഗ്ഗമില്ല . ഇവര്‍ ഉണ്ടാക്കുന്ന കൂട് ആണ് ഏറ്റവും വലിയ അത്ഭുതം !
സോഷ്യബിള്‍ വീവറിനു കൂട് വെക്കാന്‍ ഉയരമുള്ള എന്തെങ്കിലും കിട്ടിയാല്‍ മതി . അത് മരമോ , വൈദ്യുത പോസ്റ്റോ , തൂണോ അങ്ങിനെ എന്തായാലും പ്രശനമല്ല . പക്ഷെ ഇവര്‍ ഉണ്ടാക്കുന്ന കൂടിന്റെ വലിപ്പം അതിശയിപ്പിക്കുന്നതാണ് . മറ്റൊരു പക്ഷിക്കും ഇത്രയും വലിയ കൂട് ഉണ്ടാകാനുള്ള കെല്‍പ്പില്ല . അകലെ നിന്നും നോക്കിയാല്‍ ഒരു വലിയ വൈക്കോല്‍ തുറു (haystack) ആകാശത്ത് തൂങ്ങികിടക്കുകയാണ് എന്നെ തോന്നൂ ! ഈ കൂട്ടില്‍ നൂറുകണക്കിന് ജോടികള്‍ക്ക് സുഖമായി പാര്‍ക്കാം . വാതിലുകള്‍ എല്ലാം കൂടിന്റെ അടിഭാഗതാണ് .
നൂറു വര്‍ഷങ്ങള്‍ വരെ പല തലമുറ പക്ഷികള്‍ ഉപയോഗിച്ചു പോരുന്ന കൂടുകള്‍ വരെ നിലവിലുണ്ട് . മറ്റ് പക്ഷികള്‍ പ്രജനന കാലത്ത് മാത്രം കൂടുകൂട്ടുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ വീവര്‍ പക്ഷികള്‍ തലമുറകളോളം തങ്ങളുടെ കൂട് സംരക്ഷിക്കുന്നു . പുറത്തു പതിനാറ് ഡിഗ്രീ ചൂട് ഉണ്ടാകുമ്പോള്‍ ഇവയുടെ അറകളില്‍ അതിന്റെ പകുതി താപനിലയെ ഉണ്ടാവൂ . ഏറ്റവും നടുഭാഗത്തുള്ള കൂടുകളില്‍ ആണ് ഇവര്‍ രാത്രി കഴിച്ചു കൂട്ടുന്നത് . പകല്‍ മറ്റു കൂടുകളിലേക്ക് മാറും . കലഹാരിയില്‍ കാണപ്പെടുന്ന pygmy falcon പോലുള്ള പക്ഷികളും സോഷ്യബിള്‍ വീവറിന്റെ കൂട്ടില്‍ തന്നെയാണ് ജീവിക്കുന്നത് . തങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൂട്ടില്‍ മറ്റു പക്ഷികള്‍ വസിക്കുന്നതിനോട് സോഷ്യബിള്‍ വീവറിന് യാതൊരു പരിഭവവും ഇല്ല . കാരണം മറ്റൊന്നും അല്ല , എണ്ണം കൂടുമ്പോള്‍ ശത്രുക്കളുടെ സാന്നിധ്യം എളുപ്പം തിരിച്ചറിയാന്‍ കഴിയും കാരണം വിവിധ പക്ഷി വര്‍ഗ്ഗങ്ങള്‍ പല രീതിയില്‍ പല രീതിയില്‍ ആണല്ലോ ശത്രുക്കളെ തിരിച്ചറിയുന്നത് . മാത്രവുമല്ല അവര്‍ എവിടെനിന്നും ആഹാരം സമ്പാദിക്കുന്നു എന്ന അറിവും വീവറിനു പ്രയോജനം ചെയ്യും .
പക്ഷെ പക്ഷികള്‍ മാത്രമല്ല ഇവരുടെ കൂടുകള്‍ സന്ദര്‍ശിക്കുവാന്‍ എത്തുന്നത് . ബൂംസ്ലാന്ഗ് പാമ്പുകളും (The boomslang is a large, venomous snake in the family Colubridae) കേപ് കോബ്രകളും (The Cape cobra (Naja nivea), also called the yellow cobra is a moderate-sized, highly venomous species of cobra) ഇടയ്ക്കിടെ ഇവരുടെ കൂടുകള്‍ സന്ദര്‍ശിക്കാറുണ്ട്. മുട്ടകളും ,മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളും ആണ് ഇവരുടെ ലക്ഷ്യം . പക്ഷെ കൂട്ടായ ആക്രമണങ്ങളിലൂടെ ഈ പക്ഷികൾ ശത്രുക്കളെ തുരത്തി ഓടിക്കും . പെണ്വീവറുകള് രണ്ടു മുതല്‍ ആറു മുട്ടകള്‍ വീതം ഇടും . ഇവ രണ്ടാഴ്ചകള്‍ കൊണ്ട് വിരിയുകയും ചെയ്യും . പെണ്ണുങ്ങളും ആണുങ്ങളും മറ്റു സോഹോദരീ സഹോദരന്മ്മാരും അടുത്ത് കൂട്ടിലെ കിളികളും എല്ലാവരും കൂടി ഒരുമിച്ചാണ് കുട്ടികളെ പരിരക്ഷിക്കുന്നത് .
ഇപ്പോള്‍ മാറിയ കാലത്തിനനുസരിച്ച് ഈ പക്ഷികളും മാറി തുടങ്ങിയിരിക്കുന്നു . കൂടുകൂട്ടാന്‍ മരങ്ങള്‍ കുറഞ്ഞപ്പോള്‍ മനുഷ്യ നിര്‍മ്മിത സ്തൂപങ്ങളിലേക്ക് ഇവ മാറി കഴിഞ്ഞു . ഇലക്ട്രിക് പോസ്റ്റുകള്‍ ആണ് ഇവര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം !